യുവാക്കൾക്ക് ഊഷ്മളസന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം (MJYR070)
യുവാക്കൾക്ക് ഊഷ്മളസന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം (By Dr. Edward Edezhath - Published in Kairos Malayalam in 2021) കുട്ടികളികളിൽ ചിലത് നാം മറക്കില്ലല്ലോ. അവധിക്കാലത്ത് കളിവീടുണ്ടാക്കി അയൽപക്കത്തെ കൂട്ടുകാരുമായി ഒത്തുകൂടുന്നതായിരുന്നു എനിക്കിഷ്ടപ്പെട്ട വിനോദം. പറമ്പിൽ എവിടെയെങ്കിലും കുറ്റികളും ഓലയും ഒക്കെ ഉപയോഗിച്ച് ഒരു രണ്ടു മുറി വീട് ഒരുക്കുമായിരുന്നു. ഭംഗിയായി അലങ്കരിച്ചു അയൽപക്കത്തെ കുട്ടികളുമായി അവിടെ ഒത്തുകൂടും. ഒന്നിച്ചുകൂടി ഭക്ഷണം കഴിച്ചും കളികളിൽ മുഴുകിയും സൊറ പറഞ്ഞും ഒക്കെ ചിലവഴിച്ച ദിനങ്ങൾ അവിസ്മരണീയം തന്നെ. വർഷങ്ങൾക്കുശേഷം യുവജന പരിശീലനങ്ങൾക്ക് ഇടയിലും ഈ വിനോദം ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പാലക്കാട് മേഴ്സി കോളേജിൽ വെച്ച് നടന്ന ഒരു പരിപാടി ഓർക്കുന്നു. ആ ത്രിദിന സെമിനാറിൻറെ ആദ്യ ദിനത്തിൽ തന്നെ 10 പേരുള്ള ചെറു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ആ വലിയ ഹാളിലെ ഓരോ മൂല നൽകി. ഓരോ ഗ്രൂപ്പും സ്വന്ത ഇടങ്ങൾ മരച്ചില്ലകളും ചിത്രങ്ങളുമൊക്കെ വച്ച് ഏറെ സുന്ദരമായി അലങ്കരിച്ചു. തുടർന്നുള്ള സെമിനാറിനിടെ അവിടെ ചർച്ചകൾക്കായി ഒത്തുകൂടാനും ചായയും കടിയും ആസ്വദിക്കാനും ചുമ്മാ സൊറ പറഞ്ഞ...