ഉജ്ജ്വല സഭാപങ്കാളിത്തത്തിന്റെ ചെറു കവാടമാകണം ജീസസ് യൂത്ത് (MJYR061)

 ഉജ്ജ്വല സഭാപങ്കാളിത്തത്തിന്റെ ചെറു കവാടമാകണം ജീസസ് യൂത്ത് 

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

1977 - 79 കാലയളവിലാണ് എറണാകുളത്തെ ഞങ്ങളുടെ യുവജന കൂട്ടായ്മ ഏറെ സജീവമായത്. അക്കാലത്തെ നല്ല ഒരോർമ മാർസലീനോ അച്ചന്റെ സന്ദർശനങ്ങളും അതൊടൊത്തുള്ള പഠന കൂട്ടായ്മകളുമാണ്. ഏറെ പ്രഘോഷണ യാത്രകൾ പതിവാക്കിയ അച്ചൻ താമസ സ്ഥലമായ ആലുവായിൽ വരുന്ന സമയം ഞങ്ങളെ നേരത്തെ തന്നെ അറിയീക്കും. ഒന്നോ രണ്ടോ ദിവസത്തെ വിചിന്തനത്തിനായി സെൻറ് ആൽബർട്ട്സ് കോളേജിന്റെ പിന്നിലെ പയസ്-X ഹോസ്‌റ്റലിലോ പട്ടണത്തിലെ മറ്റേതെങ്കിലും സ്ഥാപനത്തിലോ ഞങ്ങളുടെ കൂട്ടായ്മയിലെ  25 - 30 ചെറുപ്പക്കാർ ഒത്തുകൂടും. ബൈബിൾ പഠനം, വരദാനങ്ങളുടെ പരിശീലനം, സഭാ സംബന്ധിയായ വിഷയങ്ങൾ തുടങ്ങിയവയാകും മാർസലിനോ അച്ചൻ പ്രതിപാദിക്കുക. കരിസ്മാറ്റിക് വിഷയങ്ങൾക്കൊപ്പം ലയോളയിലെ ഇഗ്നീഷയാസിന്റെ വിവേചനാ രീതിയും, വിശുദ്ധ ഫ്രാൻസിസിന്റെ പാതയും, കർമ്മലീത്ത ആദ്ധ്യാത്മികതയും രണ്ടാ൦ വത്തിക്കാൻ കൗൺസിലിന്റെ ചിന്തകളും ഒക്കെ അച്ചൻ പരിചയപ്പെടുത്തുമായിരുന്നത് കത്തോലിക്കാ സഭയുടെ അതിശയകരമായ ആഴവും പരപ്പും യുവപരിചിതമായ നവശൈലിയിൽ കണ്ടെത്തുന്നതിന് ഇടയാക്കി.

എസെക്കിയേലിന്റെ അരുവി 

"കെട്ടിക്കിടക്കുന്ന വെള്ളം  താമസിയാതെ ദുർഗന്ധം വമിപ്പിക്കും" ചലനസജ്ജമായ ഒരു യുവജന മുന്നേറ്റമാകേണ്ടതിനെ കുറിച്ച് ജീനോ അച്ചൻ ആവർത്തിക്കുമായിരുന്ന വാക്കുകൾ. വിശ്വാസ ജീവിതം കെട്ടിക്കിടക്കാതെ ആഴവും പരപ്പും തേടുന്ന ഒന്നാകുക എന്നത് വ്യക്തി ജീവിതത്തിലും കൂട്ടായ്മയിലും ഏറെ പ്രധാനം തന്നെ. അതിന് ഏറ്റം നല്ല വഴി അതിനായി സഭയിൽ ലഭ്യമായ സുന്ദര സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ അവബോധവും തുടരുന്ന മാർഗ്ഗ നിർദ്ദേശവും തന്നെ. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ അടിസ്ഥാന സമീപനവും അതുതന്നെയാകണം. 

എണ്ണമറ്റ ഭാവങ്ങളും എണ്ണിത്തീരാത്ത മുഖങ്ങളുമുള്ള കത്തോലിക്കാ സഭയെ ഒന്നു ശ്രദ്ധിക്കാനും അതിൻ്റെ സൗന്ദര്യം അനുഭവിച്ച് ഒരു പ്രേമബന്ധം വളർത്താനും ഇന്നത്തെ ഒരു സാധാരണ യുവത്വത്തിന് അത്ര എളുപ്പമല്ല. വികൃതമായ ചേഷ്ടകളേ മിക്കവരുടെയും കണ്ണിൽ പെടുകയുമുള്ളൂ. പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന  അധികാര പ്രമത്തതയ്ക്കും അർത്ഥശൂന്യമെന്ന് തോന്നുന്ന പഴഞ്ചൻ ആചാരങ്ങൾക്കും ചുറ്റും പ്രകടമാകുന്ന അന്ത വിശ്വാസങ്ങൾക്കും സാമ്പത്തിനോടുള്ള ആർത്തിക്കും അപ്പുറം സഭയിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ശങ്കിക്കുന്നവരായി തീരുന്നു പൊതുസമൂഹത്തിലെ  വലിയൊരു വിഭാഗം യുവാക്കൾ. 

ചിലപ്പോൾ ഞാൻ ഓർക്കും, ഇടവക ജീവിതത്തിൽ ഞാൻ എന്നും ഏറെ സജീവമായിരുന്നിട്ടു പോലും, സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമയത്ത് സഭയെ കുറിച്ച് എൻ്റെ ചിന്തയും ഇങ്ങനെയൊക്ക തന്നെയായിരുന്നു,. എന്നിൽ വന്ന മാറ്റം ആദ്യം വളരെ ലളിതമായിരുന്നു, എസെക്കിയേൽ കണ്ട ആ നീർച്ചാലിന്റെ ചെറുതുടക്കം പോലെ (47:1). ആകർഷകമായ പ്രഘോഷണം വരുത്തിയ ഒരു ആത്മസ്പർശം. പിന്നെ ഊഷ്മളമായ ഒരു സ്നേഹകൂട്ടായ്മ. തുടർന്ന് പടിപടിയായി എന്നിലെ ആത്മപ്രവാഹം ആഴപ്പെടുത്താനും വളർച്ചയുടെ സുന്ദര പാത ചൂണ്ടിക്കാണിച്ചുതരാനും പ്രാപ്തിയുള്ള ചില സഹയാത്രികർ. അപ്രകാരം ഞങ്ങളിൽ കുറെ പേരെ സഹായിച്ചു മുന്നോട്ടു വഴികാണിക്കാൻ മാർസലീനോ അച്ചനും ഡൊമിനിക്ക് അച്ചനും ഒക്കെ കൃത്യതയോടെ ഇടപെട്ടു. ഞങ്ങൾക്കൊക്കെ പരിചിതമായിരുന്നതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരു വീക്ഷണ കോണിൽ നിന്ന് കത്തോലിക്കാ സഭയെ പരിചയപ്പെടുത്തണം എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നെന്നു തോന്നുന്നു. ഏതായാലും, ദിവ്യമായൊരു കണ്ടുമുട്ടലിലൂടെ ആത്മാവിനോടൊപ്പം വഴിയാത്ര തുടങ്ങുക സജീവ ക്രൈസ്തവ ജീവിതത്തിന്റെ തുടക്കമാണ്. എന്നാൽ സഭയെ നവനൂതനമായി കണ്ടെത്തുകയാണ് പക്വവും ഫലസമ്പുഷ്ടവുമായ ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിന്റെ തുടർച്ച. ജീസസ് യൂത്ത് ലക്ഷ്യം വയ്ക്കുന്നതും മറ്റൊന്നല്ല.

സഭയെ അടുത്തു കാണാൻ, വിശാലമായി അറിയാൻ 

പിന്നീട് ഫിയോഅച്ചനും ജീനോഅച്ചനും ഒക്കെ ഉപയോഗിച്ചു കേട്ട് പരിചയപ്പെട്ട ശൈലിയാണ് "സെന്തീരെ കും എക്ലേസിയ" സഭ കാണുന്നപോലെ എല്ലാം നോക്കികാണാനാവുക. പക്ഷേ എങ്ങനെയാണ് യുവാക്കളിൽ ഒരു സഭാത്മക ചിന്താഗതി രൂപപ്പെടുക? പള്ളിവാതുക്കൽ അച്ചൻ ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയൊരു പുസ്തകമോ ചിന്തോദ്ദീപകമായ ഒരു ലേഖനത്തിന്റെ ഫോട്ടോകോപ്പിയോ സമ്മാനിക്കും. ഞങ്ങളുടെ കൂട്ടായ്മയിൽ ഒരു പുസ്തക ശേഖരം സ്വന്ത ചെലവിൽ തയ്യാറാക്കി തന്നത് മാർസലീനോ അച്ചൻ തന്നെ. മേൽപറഞ്ഞ പുത്തൻ ചിന്താഗതി രൂപപ്പെടാൻ പഠനമല്ലാതെ മറ്റെന്തുവഴി. ഇന്ന് സഭയുടെ വിവിധ പ്രബോധന രേഖകൾ മുന്നേറ്റത്തിലെ ഗ്രൂപ്പുകൾ  താല്പര്യ പൂർവ്വം പഠന വിഷയമാക്കുന്നത് ഏറെ സന്തോഷകരമായ കാര്യം തന്നെ. 

1988 മുതലാണ് ഫ്രാൻസിലെ തെയ്‌സെ സമൂഹവുമായി ജീസസ് യൂത്ത് അടുത്ത ബന്ധം തുടങ്ങിയത്. ബിഷപ്പ് തോമസ് മേനാംപറമ്പിൽ പിതാവിൻ്റെ നിർബന്ധ പ്രകാരമാണ് ആ വർഷംമുതൽ മാസങ്ങൾ നീളുന്ന പരസ്പര സന്ദർശനങ്ങളും മറ്റനേക വിനിമയങ്ങളും ആരംഭിച്ചത്. സാർവത്രികതയിൽ ഊന്നിയ 'കാതോലിക്ക' സമീപനം ഹൃദയസ്ഥമാക്കാനും  വ്യത്യസ്ഥതകളെ ആദരപൂർവ്വം സമീപിക്കുന്ന സഭയുടെ എക്യൂമെനിക്കൽ മനോഭാവത്തിൽ വളരാനും ഇത് വലിയ സഹായമായി. അതുമാത്രമല്ല, നേതൃത്വത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവർ അനേക മുന്നേറ്റങ്ങളും അവയുടെ വൈവിധ്യമാർന്ന സംസ്കാര - സമീപനങ്ങളുമായി അടുത്തിടപഴകുന്നതിന്റെ ആദ്യപടിയായി '88 ൽ തുടങ്ങിയ തെയ്സെ ബന്ധം. ഇന്ന് ജീസസ് യൂത്തിന് അനേക കത്തോലിക്ക അകത്തോലിക്ക മുന്നേറ്റങ്ങളുമായി അടുത്ത ബന്ധമുണ്ട്.  

മുന്നേറ്റത്തിലെ  'ഇടവക മിനിസ്ട്രി' ആദ്യ കാലം മുതൽക്കേ പ്രാദേശീക സഭയിൽ തനതായ സാന്നിദ്ധ്യമാകാൻ ജീസസ് യൂത്തിന് എങ്ങനെ സാധിക്കും എന്ന് അന്വേഷിക്കുന്ന വേദിയാണ്. അതിൻ്റെ അടുത്ത പടി  തൊണ്ണൂറുകളുടെ ആരംഭത്തിലായിരുന്നു.   സെബാസ്റ്റിയൻ അരിക്കാട്ട് അച്ചന്റെ പ്രത്യേക താല്പര്യവും സഹായവുമാണ് കത്തോലിക്ക സഭയെക്കുറിച്ച് പഠിച്ച് സഭാ സ്നേഹത്തിൽ ആഴപ്പെടണം എന്ന വലിയൊരു ഊന്നൽ മുന്നേറ്റത്തിൽ വളരാൻ ഇടയാക്കിയത്. 1992 ലെ കോൺഫറൻസ് അങ്ങനെ സഭാ പഠനത്തിന്റെ വേറിട്ട അനുഭവമായി. ഇന്ന് ജീസസ് യൂത്തിന്റെ എല്ലാ പ്രധാന പരിശീലനങ്ങളിലും സഭയുടെ ചരിത്രവും സഭാ വിജ്ഞാനീയവും പ്രത്യേക പഠന വിഷയമാണ്.

മുന്നേറ്റത്തിന്റെ സഭയോടോത്തുള്ള വളർച്ചയ്ക്ക് എന്നും സഹായിച്ചിട്ടുള്ള ഒരു പ്രധാന സമീപനം ഓരോ സമയങ്ങളിലും പാപ്പാമാർ മുന്നോട്ടു വയ്ക്കുന്ന ഊന്നലുകൾക്ക് ഏറെ താല്പര്യപൂർവ്വം ചെവിയോർത്ത് സഹകരിക്കുന്ന രീതിയാണ്. ജോൺ പോൾ രണ്ടാമന്റെ യുവജന വർഷ പ്രഖ്യാപനമാണല്ലോ മുന്നേറ്റത്തിന്റെ പേരിനു നിദാനമായ കോൺഫറൻസിന്റെ പശ്ചാത്തലം. പാപ്പാമാരുടെ എല്ലാ ആഗോള യുവജന - കുടുംബ സമ്മേളനങ്ങളും ജീസസ് യൂത്തിന് വലിയ ആഘോഷമായിട്ടുണ്ട്. ആഘോള സഭയിലെ ജൂബിലികളും,  വിശ്വാസ വര്ഷം, കരുണയുടെ വര്ഷം തുടങ്ങിയവയുമെല്ലാം സഭാത്മക ജീവിതത്തിൽ യുവജനങ്ങൾ കൂടുതൽ ആഴപ്പെടുന്നതിനുള്ള മാർഗ്ഗമായാണ് മുന്നേറ്റം കണ്ടിട്ടുള്ളത്.

മുന്നേറ്റത്തിൽ വളർന്നുവന്നിട്ടുള്ള ആഴമുള്ള ഒരു ബോധ്യമുണ്ട്. ഓരോ യുവ ഹൃദയവും പാറയിൽ പണിതീർത്ത ഭവനം പോലെ ഉറച്ചു നിൽക്കണമെങ്കിൽ സഭയിൽ രൂപപ്പെട്ടുവന്നിട്ടുള്ള സുന്ദര വളർച്ചാ പാതയിലേയ്ക് ആകര്ഷിക്കപ്പെടണം. സാധാരണഗതിയിൽ ആവേശകരമായ ഈ തീര്ഥയാത്രയിൽനിന്ന് യുവജനങ്ങൾ ഏറെ ദൂരെയാണ്. അതവർക്ക് ഒട്ടും തന്നെ ആകർഷവുമല്ല. അതുകൊണ്ടുതന്നെ യുവസൗഹൃദ രീതിയിൽ അവർക്ക് എളുപ്പമുള്ള ഇന്നത്തെ ഭാഷയിൽ ഇത് സാദ്ധ്യമാക്കുക എന്നതാണ് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വലിയ ദൗത്യം. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)