യുവാക്കൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും? (MJYR065)

 യുവാക്കൾ അവരുടെ സംശയങ്ങൾ എവിടെ ചോദിക്കും? 

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

"അവന്റെ ചോദ്യങ്ങൾ ചിലത് കുറച്ച് കടുപ്പമാണ്. എപ്പോഴെങ്കിലും കുറച്ച് സമയം തരാമോ?" സുമ കുറച്ചു കാലമായി ആ ചെറുപ്പക്കാരനെ വിശ്വാസ വളർച്ചയിൽ സഹായിക്കുന്നു. ഇപ്പോൾ  അയാളുടെ സംശയ നിവാരണമാണ് വിഷയം. പക്ഷെ ഒട്ടും പരിചയമില്ലാത്ത എന്നോട് അയ്യാൾ മനസു തുറക്കുമോ? എൻ്റെ സന്ദേഹം അതായിരുന്നു. ഞങ്ങൾ മൂന്നുപേരുമായി ഒരു സൂ൦-കോൾ സുമ ഒരുക്കിയതുകൊണ്ട് ആ പ്രശ്‍നം മറികടന്നു.

സംശയങ്ങൾ വളർച്ചയുടെ സൂചന 

ബോധ്യങ്ങളും സംശയങ്ങളും ഒപ്പം സന്തോഷവും സംഘർഷവും എല്ലാം ഇടകലരുന്നൊരു തീർത്ഥാടനമാണല്ലോ വിശ്വാസ ജീവിതം. ഇളം തലമുറയിൽ അനേകർക്ക്, പ്രത്യേകിച്ച് തുടക്കക്കാർക്ക് ധാരാളം അവ്യക്തതകളുണ്ട്. ഈ സംശയങ്ങളെ അവഗണിക്കുന്നതും, അതിനുമപ്പുറം അവഹേളനത്തോടെ ആ ചോദ്യങ്ങളോട് പ്രതികരിക്കുന്നതും തീർത്തും ഹൃദയ ശൂന്യതയാണ്.  മറിച്ച്, യുവാക്കളുടെ ചോദ്യങ്ങൾ ഉയർത്താനും സംശയ നിവാരണം ലഭിക്കാനും ഉതകുന്ന സൗഹൃദ വേദികളല്ലേ ഇന്ന് അത്യാവശ്യം?

വി. ജോൺ പോൾ പാപ്പാ യുക്തിയും വിശ്വാസവും എന്ന ചാക്രിക ലേഖനത്തിൽ ചോദ്യങ്ങൾ ഉയരുന്നതിന്റെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. ചെറുപ്രായം മുതലേ പാരമ്പര്യങ്ങളും വിശ്വാസങ്ങളും കുട്ടി സ്വീകരിക്കുന്നു. എന്നാൽ ഒരു സമയമെത്തും അവയെല്ലാം പുതുതായി ഒന്നു നോക്കിക്കാണാനും ചോദ്യങ്ങൾ ഉയർത്തി പരിശോധിച്ച് സ്വന്തമാക്കാനും. "വ്യക്തിപരമായ വളർച്ചയും പക്വതയും സൂചിപ്പിക്കുന്നത് ഒരു വിമർശനാത്മക അന്വേഷണ പ്രക്രിയയിലൂടെ മുൻപറഞ്ഞ കാര്യങ്ങളെ പറ്റി സംശയിക്കാനും അവലോകനം ചെയ്യാനും സാധിച്ചിട്ടുണ്ട്  എന്നതാണ്" (# 31) അങ്ങനെയെങ്കിൽ "എൻ്റെ കൂട്ടുകാരിൽ പലരും പള്ളിയിൽ പോകുന്നില്ല, എങ്കിലും അവർക്ക് ഒരു പ്രശ്നവുമില്ല; പിന്നെ ഞാനതിനു പോകണം?" എന്ന് ഒരു യുവാവ് ചോദിക്കുമ്പോൾ അവൻ്റെ പക്വത പ്രാപിക്കാനുള്ള തീക്ഷ്ണമായ  താത്പര്യമല്ലേ ഞാൻ തിരിച്ചറിയേണ്ടത്? അതിനു മുൻപിൽ എൻ്റെ ചെറു സംഭാവന സഹാനുഭൂതിയോടെയുള്ള പ്രതികരണവും സാധ്യമായ ചെറു സഹായവുമാകണം.

എൻ്റെ ഓർമയിൽ ഓടിയെത്തുക സ്‌കൂൾ കാലഘട്ടത്തിനുശേഷമുള്ള എൻ്റെ അസ്വസ്ഥമായ ചോദ്യംചെയ്യലിന്റെ സമയമാണ്. ഭാഗ്യവശാൽ ചിലരെങ്കിലും എന്നെ ശ്രദ്ധിക്കാൻ തയ്യാറായി, പ്രത്യേകിച്ച് എൻ്റെ ഇടവകയിലെ ഒരു മുതിർന്ന വൈദിക വിദ്യാർത്ഥി. വായിക്കാൻ പുസ്തകങ്ങൾ നൽകിയും, ക്ഷമയോടെ ചോദ്യങ്ങൾ ശ്രദ്ധിച്ച് ഉത്തരം നൽകിയും അദ്ദേഹം എന്നെ സഹായിച്ചു. പിന്നീട് പണ്ഡിതനും ഒപ്പം സൗമ്യ പ്രകൃതിക്കാരനുമായ തൻ്റെ റെക്ടർ അച്ചനെ പരിചയപ്പെടുത്തി. എൻ്റെ കുറെ അവ്യക്തതകളാണ് ആദ്യ കണ്ടുമുട്ടലിൽ തന്നെ എനിക്ക് അദ്ദേഹത്തോട് പറയാനുണ്ടായിരുന്നത്. എൻ്റെ ചോദ്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം കേട്ടശേഷം  കീശയിൽ നിന്ന് ശാന്തമായി തന്റെ ജപമാല കയ്യിലെടുത്ത് ഡൊമിനിക്ക് അച്ചൻ പറഞ്ഞത് ഞാൻ എന്നും ഓർക്കും, "എഡ്ഡി, അസ്വസ്ഥതകളും സംശയങ്ങളും മനസ്സിൽ നിറയുമ്പോൾ ഞാൻ ജപമാല ചൊല്ലും". എങ്ങനെയോ ആ വലിയ മനുഷ്യന്റെ ആത്മാർത്ഥതയും വിശ്വാസ ദൃഢതയും എനിക്ക് വലിയൊരു മാറ്റത്തിന്റെ സ്പര്ശനമായിരുന്നു. ഈ സ്പാനിഷ് കർമലീത്താ വൈദികൻ തന്നെയാണ് തുടർന്നുള്ള എൻ്റെ വിശ്വാസ മുന്നേറ്റത്തിനു ശക്തി പകർന്ന കരിസ്മാറ്റിക് നവീകരണ ജീവിതവുമായി ബന്ധപ്പെടുത്തിയതും. 

യുവജന ക്ലാസുകൾക്കിടെ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോദ്യോത്തര വേളകൾ. ജ്യോതിർഭവനിൽ കുറച്ചു നാൾക്കുമുൻപ് ഇപ്രകാരം സംശയനിവാരണത്തിനായി  ഞാൻ ക്ലാസ് നിർത്തി.  പിന്നെ ഒരു ചോദ്യ പ്രളയമായിരുന്നു. എല്ലാം കഴിഞ്ഞ് ചായയ്‌ക്കായി പിരിയുമ്പോഴും കുറെ പേർ ചുറ്റും കൂടി. "ഇത്തരം ചോദ്യങ്ങക്കായി ഒരിക്കലും സമയം കിട്ടാറില്ല," അതിനിടെ പറയുന്നതു കേട്ടു.   

യുവജനങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നിഷേധിച്ചാലുണ്ടാകുന്ന ദുരന്തത്തെ പറ്റി ഫ്രാൻസിസ് പാപ്പ സൂചിപ്പിക്കുന്നുണ്ട്. "എപ്പോഴും പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന, വിനയം നഷ്ടപ്പെട്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതാവുന്ന, ചോദ്യങ്ങൾ അനുവദിക്കാത്ത ഒരു സഭ യൗവ്വനം നഷ്ടപ്പെട്ടതായിത്തീരും. അത് ഒരു മ്യൂസിയം ആയി മാറും. അപ്പോൾ യുവജനങ്ങളുടെ സ്വപ്നങ്ങളോട് പ്രത്യുത്തരിക്കാൻ സഭയ്ക്ക് എങ്ങനെ കഴിയും? സുവിശേഷത്തിന്റെ സത്യം സഭയ്ക്ക് സ്വന്തമായുണ്ട്. എങ്കിലും അവൾ അത് പൂർണമായി മനസിലാക്കിയിട്ടുണ്ടെന്ന് അതിന് അർത്ഥമില്ല. ആ അക്ഷയനിധി കൈവശമാക്കുന്നതിൽ സഭ വളർന്നുകൊണ്ടിരിക്കുക അത്യാവശ്യമാണ്." (ക്രിസ്തു ജീവിക്കുന്നു, 41) 

അതെത്രയോ ശരിയാണത്! അവരുടെ ചോദ്യങ്ങൾ പലപ്പോഴും ഒരു വലിയ സഹായം തന്നെയാണ്. എന്റെ ബോധ്യങ്ങളെ ഒന്ന് പുനർ പരിശോധിക്കാനും ഒരു കൂട്ടായ്മായിലാണെങ്കിൽ മറ്റുള്ളവരെ വളർത്താനും തീർച്ചയായും അത് ഇടവരുത്തും.

ഭയമോ രോഷമോ അല്ല, സ്നേഹമാകണം 

ഗ്രൂപ്പുകളിൽ പലപ്പോഴും യുവാക്കൾക്ക് ചോദിക്കാൻ മടിയാണ്, നല്ല കുഞ്ഞാടിന്റെ മുഖംമൂടി ധരിക്കാനാണ് അവർക്കിഷ്ടം. അവർക്ക് ധൈര്യവും തുറവിയും ഉണ്ടാകാനും, 'ഞാൻ അതിനോട് യോജിക്കുന്നില്ല' എന്നു പറഞ്ഞ് ഒന്ന് കൈപൊക്കാനുള്ള ആത്മവിശ്വാസം പകരാനും ആരെങ്കിലും കുറച്ചൊന്നു സഹായിക്കേണ്ടിവരും. വൈദഗ്ദ്ധ്യവും അധികാരവും അവരെ വിരട്ടിയോടിക്കും. അങ്ങനെ സംഭവിച്ചാൽ സാവധാനം പലരും ആ പ്രദേശംതന്നെ വിട്ടുപോകുകയും ചെയ്യും.   

ജീസസ് യൂത്തിൽ ചോദ്യങ്ങൾ ഉയർത്താൻ ഏറ്റം സൗകര്യപ്രദമായ വേദികൾ ചർച്ചാ ഗ്രൂപ്പുകളും ടീ൦ ഒത്തുചേരലുകളുമാണ്. പല പരിപാടികൾക്കിടയിലും ഓരോ ക്ലസ്സിനു ശേഷവും അപ്രകാരമുള്ള ഗ്രൂപ്പുകളുണ്ട്. എന്നാൽ, ഈ അവസരങ്ങളിൽ സംശയങ്ങൾ ഉന്നയിക്കുമ്പോൾ അതിനോട് എങ്ങനെയാണ് നാം പ്രതികരിക്കേണ്ടത്?

"സംസാരിക്കുന്നത് ഭയത്തിൽനിന്നോ കോപത്തിൽനിന്നോ ആകരുത്!" ഗ്രൂപ് ചർച്ചയെക്കുറിച്ചുള്ള ഈ നിർദ്ദേശം എനിക്ക് വളരെ പ്രധാനമെന്ന് തോന്നിയിട്ടുണ്ട്. യുവാക്കൾ ചിലപ്പോൾ ഒരു തമാശയ്‌ക്കോ അല്ലെങ്കിൽ ശ്രദ്ധ തിരിക്കാനോ വേണ്ടി ചില ചോദ്യങ്ങൾ ഉന്നയിക്കും. അതിനോട് സന്തോഷത്തോടെ പ്രതികരിക്കുക. ഭയം, നീരസം എന്നീ രണ്ട് വികാരങ്ങൾ ചിലപ്പോൾ ഉയർന്നേക്കാം. ചോദ്യകർത്താക്കളോ അത് നേരിടുന്നവരോ ഇങ്ങനെ പ്രതികരിക്കാം. എന്നാൽ സ്നേഹവും പരസ്പര തുറവിയുമാണ് ചർച്ചകൾ സമ്പന്നമാക്കുക. എന്താണ് തൻ്റെ ആവശ്യമെന്ന് ചിലപ്പോൾ ചോദ്യകർത്താവിനു തന്നെ വലിയ വ്യക്തതയുണ്ടാകില്ല. സഹാനുഭൂതിയോടെയുള്ള ചില  സ്നേഹാന്വേഷണങ്ങൾ അയാളിലെ ചില അടിസ്ഥാന ആഗ്രഹങ്ങൾ വെളിവാകാനും തുടർന്നുള്ള വിശ്വാസ സഹയാത്ര എളുപ്പമാക്കാനും ഇടയാക്കും. 

യേശു തന്നെ നല്ല മാതൃക 

സുവിശേഷങ്ങളിൽ ആവർത്തിച്ചു കാണുന്നത് കർത്താവ് ചോദ്യങ്ങളെ താല്പര്യപൂർവ്വം സ്വാഗതംചെയ്യുക മാത്രമല്ല തുടർ ചോദ്യങ്ങൾ ഉണർത്തുകയും ചെയ്യുന്നുണ്ട് എന്നതാണ്. ചിലർ രഹസ്യമായി, ശിഷ്യർ കൂട്ടായ്മയിൽ മറ്റുള്ളവർ പൊതുവേദിയിൽ ഒക്കെ അവിടുത്തോട് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. യേശുവോ, ചിലപ്പോൾ കൃത്യം ഉത്തരം നൽകി, അല്ലെങ്കിൽ മറുചോദ്യം ചോദിച്ചു, പക്ഷെ എപ്പോഴും അവയെ താല്പര്യത്തോടെ  അവയെ സ്വാഗതം ചെയ്തു.

ജീസസ് യൂത്ത് മുന്നേറ്റത്തിലുള്ള പലതരം കൂട്ടായ്മകൾ ചെറുപ്പക്കാർക്ക് ഉള്ളുതുറക്കാനും ചോദ്യങ്ങളുയർത്താനും ചിലപ്പോൾ തർക്കിക്കാനും അനുയോജ്യമായ ഇടങ്ങളാണ്. ഊഷ്മളതയും പരസ്പര അംഗീകാരവും അനുഭവേദ്യമാകുന്ന ഈ ചുറ്റുപാടിൽ വിശ്വാസ ബോധ്യങ്ങൾ വളർത്താനും "ആഴം ആഴത്തെ വിളിക്കുന്ന" അനുഭവം ഉണ്ടാകാനും ഇടയാകും. പക്ഷെ, ഇവിടെ വൈദഗ്ധ്യമുള്ളവർ ഇല്ലെങ്കിലോ? അപ്പോൾ ഏറെ എളിമയിൽ കർത്താവിന്റെ സഹായത്തിലും ആത്മാവിന്റെ നയിക്കലിലും നാം ആശ്രയിക്കേണ്ടിവരും.

ഒരു വിധത്തിൽ ഇങ്ങനെയുള്ള വെല്ലുവിളികൾ സ്വാഗതം ചെയ്യുന്ന മനോഭാവം ആന്തരീക സ്വാതന്ത്ര്യവും വിശ്വാസ വളർച്ചയും ഉറപ്പുവരുത്തുക മാത്രമല്ല വൈവിധ്യമാർന്ന വ്യക്തിഗത വരദാന വളർച്ചയ്ക്കും അതിലൂടെ മിഷനറി കാൽവായ്പുകൾ മുളയെടുക്കാനുള്ള ഒരു നല്ല പശ്ചാത്തലം കൂടെ ആയിത്തീരുന്നു. ഫ്രാൻസിൽ പാപ്പയുടെ വാക്കുകളിൽ "ഇടുങ്ങിയ മുൻധാരണകൾ മാറ്റിവയ്ക്കാനും യുവാക്കളെ ശ്രദ്ധാപൂർവം കേൾക്കാനും ശ്രമികുമ്പോൾ ഈ തുറവ് സഭയെ സമ്പന്നയാക്കുന്നു. എന്തെന്നാൽ അത് യുവജനങ്ങളെ തങ്ങളുടെ സംഭാവനകൾ സമൂഹത്തിനു നൽകാൻ അനുവദിക്കുന്നു" (ക്രി.ജീ. 65).

ചോദ്യങ്ങളെക്കുറിച്ചുള്ള ഈ ചർച്ച തുടങ്ങിയത് ഒരു സൂ൦-കോളും പിന്നെ ജ്യോതിർഭവൻ ചർച്ചയും ഒക്കെ സൂചിപ്പിച്ചാണ്. ഇത്തരം സംവാദങ്ങൾ ഞാൻ പൊതുവെ തുടങ്ങുക ഒരു സൗഹൃദ സല്ലാപത്തോടെയാണ്. സാവധാനം അവ്യക്തതകളും ചോദ്യങ്ങളും ഉയർന്നുവരും. അവിടെ എൻ്റെ ദൗത്യം  എന്താകണം? സൗമ്യമായി എന്നിലെ ദൈവാത്മ സാന്നിദ്ധ്യം ആ ചോദ്യകർത്താവിനുള്ളിലെ ക്രിസ്തു സാന്നിദ്ധ്യം തൊട്ടുണർത്താൻ അനുവദിക്കുക. അപ്പോൾ പ്രകാശം ഉദയം ചെയ്യും, അനുയോജ്യമായ പരിഹാരം പ്രകാശിതമാകുകയും ചെയ്യും. തീർച്ചയായും ഇത് സാധ്യമാണ്, കാരണം "കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു". ഇത് സാധ്യമാക്കുന്ന വലിയ വിളവെടുപ്പോ? ആ സുഹൃത്തിന്റെ ഉള്ളിലും എൻ്റെ ഹൃദയത്തിലും ആത്മാവ് ഉണർത്തുന്ന നിറസന്തോഷം തന്നെ.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)