ജീസസ് യൂത്ത് യുവജനങ്ങളെ ആവേശഭരിതരാക്കുന്നത് എങ്ങനെ? (MJYR066)

 ജീസസ് യൂത്ത് യുവജനങ്ങളെ ആവേശഭരിതരാക്കുന്നത് എങ്ങനെ?

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

"ഇന്നത്തെ ചെറുപ്പക്കാരുടെ വലിയ പ്രശ്‍നം അവരിൽ ഒട്ടുമുക്കാൽ പേർക്കും ജീവിതത്തിൽ മുന്നേറാനുള്ള ഒരു ‘മോട്ടിവേഷൻ’ ഇല്ല. ഒന്നും അവർക്ക് വെല്ലുവിളിയായി തീരുന്നില്ല. അവരുടെ ജീവിതം ഒരു നിമിഷത്തിൽ നിന്ന് അടുത്തതിലേയ്ക്കു മാത്രമാണ്". വിദ്യാഭ്യാസ വിദഗ്‌ധരുടെ ഈ സമ്മേളനം ഇന്നത്തെ യുവജന പ്രശ്നങ്ങൾ ചർച്ചചെയ്യുകയായിരുന്നു. ഒരു സർക്കാർ കമ്മീഷനുവേണ്ടി പഠന റിപ്പോർട്ട് ഒരുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ക്രിസ്തീയ യുവജനം മറ്റു പല വിഭാഗങ്ങളെക്കാളും പിന്നിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും മറ്റുമൊരുക്കുന്ന പരിശീലനങ്ങൾക്ക് ഒരു കുറവും ഇല്ലെങ്കിലും യുവാക്കൾ വിരസതയോടും നിസ്സംഗതയോടും കൂടെയാണ് പ്രതികരിക്കാറ് .  ചർച്ചയ്ക്കിടെ പലരും ഉയർത്തിയ ഒരു ചോദ്യം ഇന്നത്തെ യുവാക്കളെ പ്രത്യാശാഭരിതരും പ്രചോദനനിറവുള്ളവരുമാക്കാൻ എന്ത് ചെയ്യാനാവും.

കലുഷിതമാകുന്ന യുവഹൃദയങ്ങൾ 

എൻ്റെ  ഇടവകയിൽ യുവാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ് ഞായറാഴ്ച രണ്ടാമത്തെ കുർബാന. വേദപാഠത്തിനു ശേഷം പള്ളിയിൽ ഗ്രൂപ്പു തിരിഞ്ഞാണ് അവർ നിൽക്കുക. കൊച്ചു കുട്ടികൾ ഏറെ ചുറുചുറുക്കോടെയാണ് പെരുമാറുക. കുറച്ചു മുതിർന്ന കുട്ടികളുടെ മുഖഭാവം മറ്റൊന്നാണ്: "എന്തൊരു പീഡനമാണിത്. ഇതെപ്പോൾ കഴിയും". വിരസഭാവവും  ക്ഷോഭവും നിറയുന്ന പലർക്കും പൊട്ടിത്തെറിക്കാൻ വലുതൊന്നും വേണ്ടെന്നു തോന്നും.

ക്ലാസിലും തെരുവിലും പല മീറ്റിങ്ങുകൾക്കിടയിലും ചൈതന്യം ചോർന്നുപോയ യുവജന മുഖങ്ങൾ കാണുമ്പോൾ ഉള്ളിൽ ഒരു ചോദ്യമുയരും, 'പുതുതലമുറയെ വരിഞ്ഞു മുറുക്കുന്നതെന്താണ്?' അദ്ധ്യാപകർക്കും യുവജനപ്രവർത്തകർക്കും പോലും അവരെ ഒന്നുണർത്താൻ കുറുക്കുവഴികൾ കയ്യിലില്ല എന്നതാണ് വലിയൊരു പ്രശ്‍നം.

ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ നല്ല ചൂണ്ടുപലകയാണ്,  "യുവജനങ്ങളെ അനുധാവനം ചെയ്യാൻ സമൂഹത്തിന് സുപ്രധാന പങ്കുണ്ട്. അവരെ സംഗീകരിക്കാൻ, പ്രചോദിപ്പിക്കാൻ, പ്രോത്സാഹിപ്പിക്കാൻ വെല്ലുവിളിക്കാൻ സമൂഹത്തിന് കൂട്ടുത്തരവാദിത്തമുണ്ട്." (ക്രിസ്തു ജീവിക്കുന്നു, 243)

ചെറിയൊരാശ്വാസം  

മുൻപറഞ്ഞ ചർച്ചയ്ക്കിടെ ആ വിവരങ്ങളെ ജീസസ് യൂത്ത് സാഹചര്യങ്ങളുമായി ഞാനൊന്ന് തട്ടിച്ചു നോക്കി. എന്തായാലും അതൊരു ആശ്വാസത്തിന്റെ നെടുവീർപ്പായി. ഒന്നോർത്താൽ, ഈ കോവിട് കാലത്ത് എല്ലാവരും വീടടച്ചിരിക്കേണ്ടിവരുമ്പോഴും ജീസസ് യൂത്ത് ഏറെ സജീവമാണ്. കഴിഞ്ഞ ദിവസം റൈജു വിളിച്ചു, "നാളെ എല്ലായിടങ്ങളിലും ജീസസ് യൂത്ത് കോവിഡ് മുൻനിര പോരാളികൾക്ക് നന്ദിയും ആദരവും അർപ്പിക്കുകയാണ്. ചേട്ടന്റെ പ്രദേശത്തെ ആശാവർക്കറിനും പോസ്റ്റ്മാനും ആരോഗ്യ പരിപാലന സാമഗ്രികൾ കൊടുത്ത് ആദരിക്കണം." ഈ അസമയത്ത് ഇതെല്ലാം എങ്ങനെ സ്വരുക്കൂട്ടും? പിന്നെ  ലോക്ക്ഡൗൺ കാലവും. അതൊരു പ്രശ്നമേയല്ല! ഒരു മണിക്കൂറിനുള്ളിൽ ആ രാത്രിതന്നെ ഒരു ചെറുപ്പക്കാരൻ പൊതി നിറയ്ക്കാൻ വേണ്ടതൊക്ക എത്തിച്ചു. അവരെ എന്ത് തടഞ്ഞുനിർത്താൻ! പിറ്റേന്നത്തെ വലിയ സംരംഭത്തിൽ അങ്ങനെ ഞാനും പങ്കാളിയായി, ഒപ്പം നാടിന്റെ മുക്കിലും മൂലയിലുമുള്ള അനേകരും.

ജീസസ് യൂത്ത് പല രീതിയിൽ എന്നും സജീവമാണെങ്കിലും കോവിഡ് കാലത്ത് അംഗങ്ങൾ കൂടുതൽ ആവേശഭരിതരായി എന്നുതോന്നുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ഒട്ടനവധി കോവിഡ് ശവസംസ്കാര ടീമുകൾ സോണുകളിൽ രൂപീകൃതമായി. പാപ്പയുടെ ആഹ്വാനപ്രകാരം വൈകുന്നേരങ്ങളിൽ പ്രാർത്ഥനാ കൂട്ടായ്മയിൽ നൂറുകണക്കിന് പേര് ദിവസവും ഒത്തുചേരുന്നു. പിന്നെ, 24 മണിക്കൂർ കോവിഡ് ഹെൽപ് ലൈൻ, കടലാക്രമണ ഗ്രാമങ്ങളിൽ ഭവന ശുചീകരണം, ഭക്ഷണ കിറ്റ് വിതരണം, കോവിഡ്ബാധിതർക്ക് യാത്രാ സൗകര്യം എന്ന് തുടങ്ങി ഈ പ്രശ്നകലുഷിത കാലത്തുപോലും എന്തെല്ലാമാണ് ജീസസ് യൂത്ത് ഗ്രൂപ്പുകൾ ചെയ്യുന്നത്!   

പിന്നെ ഇത് ഈ കോവിഡ് കാലത്ത് മാത്രമൊന്നുമല്ലല്ലോ. ധാരാളം ജീസസ് യൂത്ത് എപ്പോഴും എന്തെങ്കിലുമൊക്കെ പുത്തൻ കാൽവയ്പുകളുമായി കടന്നുവരുന്നത് കാണാറുണ്ട്. ഇന്നത്തെ മറ്റു സാധാരണ യുവാക്കളുമായി തട്ടിച്ചു നോക്കുമ്പോൾ എന്തു വലിയ അന്തരമാണിത്!  

എങ്ങനെയാണ് അവർ ഉത്സാഹഭരിതരാകുന്നത്?

"യുവാക്കൾ ഒന്നിച്ചുവരുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത്?" എത്രയോ വർഷങ്ങൾക്കപ്പുറം ആ പ്രൊഫസർ പരിപാടികളെക്കുറിച്ച് എന്നെ ചോദ്യംചെയ്യാൻ ആരംഭിച്ചപ്പോൾ ഞാൻ കരുതി അത് വലിയ വിമര്ശനമാണെന്ന്. പിന്നെ എനിക്ക് കാര്യം മനസിലായി. ഒരു വാരാന്ത്യം കൊണ്ട് ക്ലാസിലെ ഒരു മിണ്ടാപ്രാണിയെ എങ്ങനെ ഒരു മിഷനറിയാക്കി എന്നറിയാനായിരുന്നു ആ ചോദ്യം. പ്രായോഗികമായി യുവാക്കളെ എങ്ങനെ ആവേശഭരിതരാക്കാം എന്നറിയാനുള്ള ആഗ്രഹമായിരുന്നു അതിനു പുറകിൽ.

അതെ, നാമെല്ലാം യുവജനങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്, ഉറക്കം തൂങ്ങികളാകാതെ ആവേശത്തോടും ചുറുചുറുക്കോടുംകൂടെ ഇടപെടുന്നവർ. പല ജെ-വൈ കൂട്ടങ്ങളിലും ഇപ്രകാരം ഉണർത്തുന്ന എന്തെല്ലാമോ ഉണ്ട്. അപ്രകാരം യുവാക്കൾക്ക് ആവേശം പകരുന്ന ആ പ്രത്യേക കാര്യങ്ങൾ എന്തെല്ലാമാണ്?

വഴിത്തിരിവാകുന്ന ഒരു  പ്രചോദനത്തിലാണ് തുടക്കം. ജീസസ് യൂത്ത് യാത്രയിലുള്ള സജീവ പ്രവർത്തനങ്ങള്ക്ക് അവർ ആരംഭംകുറിച്ച ഒരു  സുപ്രധാന സംഭവം വിവരിക്കാനുണ്ടാകും. ചിലർ പറയുമായിരിക്കും ഏതെങ്കിലും ഒരാൾ കൂടെയിരുന്നു, ശ്രവിച്ചു, ഒപ്പം പ്രാർത്ഥിച്ചു. അതായിരുന്നു തുടക്കം. മറ്റനേകർ  ഓർക്കുക സുവിശേഷ പശ്ചാത്തലത്തിൽ  ജീവിതം പുനര്പരിശോധിക്കാൻ ഇടയാക്കിയ ഒരു ഒത്തുചേരലും മറ്റു യുവാക്കളെ കാണാനും വ്യത്യസ്ഥ രീതിയിൽ പ്രാർത്ഥിക്കാനും ഒക്കെ ഇടനൽകിയ ആ അവസരവും സ്ഥായിയായ ഒരു മാറ്റം ഉണ്ടാക്കി.

നല്ല ഒരു പ്രവർത്തന വേദി കണ്ടെത്തുന്നു. "ഒരു ജീസസ് യൂത്ത് പരിപാടിയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അത് ഉഗ്രനായിരുന്നു" എന്ന് പറയുന്ന ഒരാൾ ഈ യാത്രയിലില്ല. ജീസസ് യൂത്ത് ഹൃദ്യമായ ഒരു പ്രാദേശീക (ഇപ്പോൾ ഓൺലൈനും) ഒത്തുകൂടലാണ്. അവിടെ ഒരാൾ പങ്കാളിയാകണം സജീവമാകണം. അവിടെ ഒത്തുകൂടി, കുറെ സംസാരിച്ച പദ്ധതിയൊരുക്കി പ്രവർത്തന മുഖരിതരാകണം.

പ്രചോദനം പകരുന്ന ചിലർ ഉണ്ടാകണം. റൈജു എന്നെ വിളിച്ചപോലെ ആവേശ നിറവുള്ള ചിലർ സന്തോഷം പകരുന്ന രീതിയിൽ മറ്റുള്ളവരെ ശല്യപ്പെടുത്തണം. അവരുടെ മാതൃക, ഊർജ്ജം പകരുന്ന സംഭാഷണം, ചെയ്തു തുടങ്ങാനുള്ള അവസരങ്ങൾ എന്നിവയൊക്കെയാണ് മനുഷ്യരെ പ്രവർത്തന വേദികളിൽ എത്തിക്കുന്നത്.

തുടരുന്ന മാർഗ്ഗനിർദ്ദേശവും ലഭിക്കുന്നു. ജീവിതം ഒരു യാത്ര, അവിടെ മാറ്റങ്ങൾ, വളർച്ച, പുതുവെല്ലുവിളികൾ എന്നിവയൊക്ക ഉണ്ടാകും. ഈ ജീവിതമാറ്റങ്ങൾക്കിടയിൽ വിട്ടുപോകാതെ നന്മ ചെയ്യുന്നതിലുള്ള താല്പര്യം നിലനിർത്താൻ ഇവിടെ സഹായം ലഭ്യമാണ്. വ്യക്തികൾ വിചിന്തനങ്ങൾ ഒത്തുചേരലുകൾ തുടങ്ങി പലതും ആത്മാവ് നൽകിയ ജീവ നിറവ് നിലനിർത്താൻ സഹായകമാകും.  

നല്ല ഉദ്ദേശത്തോടെയെങ്കിലും ഇന്നത്തെ യുവലോകത്തെപ്പറ്റി പരിതപിക്കുന്ന ആ വിദഗ്‌ധരോടോപ്പമിരിക്കുമ്പോൾ ഈ വ്യത്യസ്ഥ ചിത്രം ഞാൻ ഓർത്തുപോയി. മനസ്സിൽ ഒരു ചോദ്യവും ഉണർന്നു.  ആവേശഭരിതരാകാനും പ്രവർത്തനങ്ങളിൽ മുന്നേറാനും സാധാരണ യുവാക്കൾക്ക് എന്ത് സഹായമാണ് ലഭിക്കുന്നത്?   മിക്ക ചെരുപ്പക്കര്ക്കും സജീവമാക്കാനും ഫലം പുറപ്പെടുവിക്കാനും അവസരങ്ങൾ ഒട്ടുമേ ലഭിക്കുന്നില്ല. ചിലർക്ക് ചില്ലറ വേദികളും സാധ്യതകളും ലഭിച്ചാലും താമസിയാതെ അത് നഷ്ടമാകും.

ഞാൻ താണ്ടിയ വഴികൾ ചിലപ്പോൾ ഓർത്തുപോകാറുണ്ട്. സ്‌കൂൾ കാലയളവിനു ശേഷം വളരെ സജീവമായ ഒരു യുവജന കൂട്ടായ്‌മയിൽ ഭാഗമായി. അവിടെ പരിശീലന വേദികളും സാമൂഹ്യ പ്രതിബദ്ധതയും ഒക്കെ ഉണ്ടായിരുന്നു. രണ്ടുമൂന്നു വര്ഷം ഇത് തുടർന്നു. പിന്നെ ഞങ്ങൾ പിരിഞ്ഞു പോയി. ഒരുകാലത്ത് ആവേശഭരിതരായി മുന്നേറിയ ആ യുവസ്നേഹിതർ വിരസ ജീവിത വഴികളിൽ കയറി, അപ്രത്യക്ഷരായി. എന്റെ ജീവിതം ഒരു നവ മാർഗ്ഗത്തിലെത്തി അത് ഇന്നും തുടരുന്നു. ഉത്സാഹം നിറയുന്ന ഒരു ക്രിസ്തീയ ശ്രുംഖലയിൽ ഞാൻ എത്തിയെന്നു മാത്രമല്ല അവിടെ ഒരു തുടർ വളർച്ച സാധ്യമാകുക കൂടെ ചെയ്തതിന് ഞാൻ ദൈവത്തിനു നന്ദിയർപ്പിക്കുന്നു. ഇന്ന് നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും സാധിക്കുന്നത്ര യുവതീയുവാക്കളെ എപ്രകാരം ജീവിത നിറവിലേയ്ക്ക് കൊണ്ടുവന്ന് ഒരു തുടർ വളർച്ചയുടെ പാതയിൽ മുന്നേറാൻ സഹായിക്കാനാകും എന്നതു തന്നെയാണ്. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)