തീർത്തും അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര (MJYR129)
തീർത്തും അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര ഓർമയും ഉൾക്കാഴ്ചയും ചേർത്ത് വാക്പ്രപഞ്ചം തീർക്കാനാണ് എന്റെ വിളി (By Dr. Edward Edezhath - Published in Kairos Malayalam in 2026) "ഞാൻ പ്രാർത്ഥിക്കുമ്പോൾ, ഒരു പേനയാണ് കാണുന്നത്. കർത്താവ് താങ്കളെ എഴുതാനായി വിളിക്കുന്നു.” 1986-ൽ ജീസസ് യൂത്ത് നേത്രുനിര മുഴുവൻ പങ്കെടുത്ത ഒരു ധ്യാനത്തിനിടെ അവിടത്തെ ഒരു കൗൺസിലർ എനിക്ക് നൽകിയ സന്ദേശം. ദൈവം ആഗ്രഹിക്കുന്നെങ്കിൽ അത് നടക്കട്ടെ, എന്ന് മാത്രം ഞാൻ ഉള്ളിൽ പറഞ്ഞു. ഇന്ന്, നാല് പതിറ്റാണ്ട് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം ഞാൻ തിരിച്ചറിയുന്നു, പടിപടിയായി ആ വഴിയിൽ ഞാൻ ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു. എഴുത്തിന്റെ വഴിയിലെ ആദ്യ ചുവടുകൾ ഒരു കോളേജ് അദ്ധ്യാപകൻ എന്ന നിലയിൽ വായനയും കുറിപ്പുകൾ തയ്യാറാക്കലും ഒക്കെ എനിക്ക് അന്യമായിരുന്നില്ല. പിന്നെ, ഏതെങ്കിലും മാസികകൾ ആവശ്യപ്പെട്ടാൽ തരുന്ന വിഷയം അനുസരിച്ച് എന്തെങ്കിലും എഴുതുകയും ചെയ്യുമായിരുന്നു. എന്നാൽ എന്റെ കുറിപ്പുകൾ ജീസസ് യൂത്ത് ദർശനവുമായി ബന്ധപ്പെടുത്തണം എന്ന ചിന്ത എങ്ങനെയോ ഉണ്ടായിരുന്നില്ല. 1993 ലാണ് അതിന് ഒരു വ...