പുതുസമൂഹ സൃഷ്ടിക്കായുള്ള സ്വപ്നം കാണലും സംഘാത ശ്രമവും (MJYR069)
പുതുസമൂഹ സൃഷ്ടിക്കായുള്ള സ്വപ്നം കാണലും സംഘാത ശ്രമവും
'അങ്ങയുടെ രാജ്യം വരേണമേ' എന്ന പ്രാർത്ഥന ജീവിക്കുകയാണ് ജെ-വൈ ദൗത്യം
(By Dr. Edward Edezhath - Published in Kairos Malayalam in 2021)
ബുധനാഴ്ച് സന്ധ്യാ മീറ്റിംഗുകൾ ഒരുസമയത്ത് എറണാകുളം ജീസസ് യൂത്തിന് വലിയ പ്രചോദനവും പ്രവർത്തന സന്നദ്ധതയും നൽകി. ആറുമണിക്ക് ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പുകഴിഞ്ഞു ആറരയോടെ എല്ലാ ആഴ്ചയും സാധിക്കുന്ന കുറെ പേർ പട്ടണത്തിലെ ജീവിതവും സംസ്കാരവും എങ്ങനെ സുവിശേഷ ചൈതന്യത്താൻ സ്വാധീനിക്കാനാകും എന്ന് പങ്കുവയ്ക്കാൻ ഒന്നിച്ചു കൂടുമായിരുന്നു. പല വർഷങ്ങളിൽ പലവിധ പദ്ധതികൾ ഇവിടെ ഉരുത്തിരിഞ്ഞു. 'സിറ്റി എലൈവ്', 'കോളനി ഔട്ട്റീച്ച്', 'പീസ്-ഓൺ-എർത്ത്', 'സിറ്റി-ഫോർ-ലൈഫ്', 'ഗ്രെയ്‌സ് ലാൻറ്' എന്നിങ്ങനെ വിവിധ കാലയളവിൽ സാമൂഹ്യ പ്രതിബദ്ധതയുടെ രസകരമായ എത്രയോ ജെ-വൈ സംരംഭങ്ങൾ.
ഒരു സാമ്പിൾ ഓർമ പങ്കുവയ്ക്കട്ടെ: ആറരയോടെ ബാബു, ജെയിംസ്, ഡൊമിനിക്, രൂപേഷ്, ഷാജി, തുടങ്ങി ഒരുകൂട്ടം സജീവ ജീസസ് യൂത്ത് ഒത്തുകൂടുന്നു. ചെറിയൊരു പ്രാർത്ഥന. പിന്നെ ചിതറിയ ചിന്തകളും അനുഭവങ്ങളും ഓരോരുത്തരായി പങ്കുവയ്ക്കുന്നു. അവധി ദിനങ്ങളിൽ പാർക്കിലെ ഒത്തുചേരലുകൾ, അതുകണ്ട് അടുത്തു കൂട്ടുന്ന യുവാക്കൾ, അങ്ങനെ തുടങ്ങുന്ന പുതു സൗഹൃദങ്ങൾ. മറ്റൊരാളുടെ അനുഭവങ്ങൾ രാത്രികാലങ്ങളിൽ കടത്തിണ്ണകളിൽ തങ്ങുന്ന യാചകരുമായി ബന്ധപ്പെട്ടായിരുന്നു. വേറൊരാൾക്ക് പറയാനുള്ളത് അനുദിനമെന്നോണം ചരക്കുകലോറികളിൽ അതിരാവിലെ എത്തുന്ന മയക്കു മരുന്ന് പാഴ്‌സലുകളെ കുറിച്ചായിരുന്നു. ഗ്രാമങ്ങളിലെ യുവജന ക്ലബ്ബ്കളെ ഒന്നിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മറ്റൊരാൾ. ഈ ചിന്തകൾ സാവധാനം ചില പ്ലാനുകളായി. ഇതിനിടെയെല്ലാം ആവർത്തിച്ചു കേൾക്കുന്ന ഒരുദ്ധരണി ഉണ്ടായിരുന്നു, 'യേശുവിന് ഈ വലിയ പട്ടണത്തെ കുറിച്ച് ആവേശകരമായ ഭാവി പദ്ധതിയുണ്ട്'.മാറ്റങ്ങൾക്കായുള്ള തീക്ഷ്ണ ദാഹം
പട്ടണത്തിലെ അറിയപ്പെടുന്ന ഒരു പൊതു യുവജനപ്രസ്ഥാനം 'മാഡ്' (MAD) എന്നാണ് അറിയപ്പെട്ടത്. പക്ഷെ അതിൻ്റെ പൂർണരുപമാകട്ടെ ഒരു മാറ്റമുണ്ടാക്കുക (Make a difference) എന്നതായിരുന്നു. ഞങ്ങളുടെ കൂട്ടായ്മയിലെ ഇഷ്ടഗാനം 'ഈ ലോകം കീഴ്മേൽ മറിക്കുന്നത് അങ്ങേ ആത്മാവാണ്' (Is what's turning the world upside down) എന്നർത്ഥമാക്കുന്നതായിരുന്നു. അതിലെ സൂചനയോ ബൈബിളിലെ ആദിമ ക്രിസ്ത്യാനികളെ കുറിച്ചുള്ള പരാമർശവും, "ലോകത്തെ തലകീഴ് മറിച്ചവർ ഇതാ ഇവിടെയും വന്നിരിക്കുന്നു" (അപ്പ. പ്രവ. 17:6). അപ്പോൾ മാറ്റം ഉള്ളിൽ തുടങ്ങി ചുറ്റുമുള്ള സമൂഹത്തിൽ എത്തണ്ടേ?
ചുറ്റുപാടുമുള്ള സാഹചര്യങ്ങളിൽ ഏറെ മാറ്റത്തിനായുള്ള തീഷണാഭിലാഷം പേറുന്നവരാണ് ഒട്ടുമുക്കാൽ യുവാക്കളും. അനീതി, അഴിമതി, വിവേചനം, ദാരിദ്ര്യം എന്നിവയെല്ലാം മാറി ഒരു നല്ല നാളയെ സ്വപ്നം കാണുന്നവരാണവർ. അവർ രോഷാകുലരാകുന്നതും ചിലരെങ്കിലും തീവ്ര നിലപാടുള്ള കൂട്ടുകെട്ടുകളിൽ എത്തുന്നതും മുൻ പറഞ്ഞതിന്റെ തുടർച്ചയായാണ്. അനേക യുവാക്കളുടെ വലിയ നിരാശ ഇന്നത്തെ സഭ യേശുവിന്റെ മാതൃക മറന്ന് അതിഭക്തിയിലും പ്രാർത്ഥനയിലും ഒതുങ്ങി കൂടുന്നതിലുമാണ്.
സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ട് ഭയന്ന് തങ്ങളുടെ ചെറു ഭക്ത സമൂഹങ്ങളിൽ ഒതുങ്ങാനുള്ള യുവജനങ്ങളുടെ പ്രലോഭനത്തെ ഫ്രാൻസിസ് പാപ്പാ നിശിതമായി വിമർശിക്കുന്നു. "ചിലപ്പോൾ അക്രമവും സ്വാർത്ഥതയും നിറഞ്ഞ ലോകത്തെ കണ്ടുകൊണ്ട് ചെറിയ ഗ്രൂപ്പുകളിലേയ്ക്കു പിന്മാറാൻ യുവാക്കൾക്ക് പ്രലോഭനമുണ്ടാകാം. . . . തങ്ങൾ സാഹോദര്യവും സ്നേഹവും അനുഭവിച്ചറിയുന്നുവെന്ന് അവർക്ക് തോന്നാമെങ്കിലും അവരുടെ ചെറിയ ഗ്രൂപ്പ് അവരുടെ തന്നെ അഹത്തിന്റെ വ്യാപനം മാത്രമായിത്തത്തീരുന്നു." ഇടവക ശുശ്രൂഷയും മതാദ്ധ്യാപനവും ഒക്കെയായി അല്മായ ശുശ്രൂഷ ഒതുക്കുന്നതിനെയും പാപ്പാ വിമർശിക്കുന്നു. "അല്മായ വിളി സർവോപരി കുടുംബത്തിലെ പരസ്നേഹത്തിലേയ്ക്കും സാമൂഹികവും രാഷ്ട്രീയവുമായ പരസ്നേഹത്തിലേയ്ക്കും നയിക്കുന്നതാണെന്ന വസ്തുത അവർ മറക്കുന്നു. അത് ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുവാനുള്ള വസ്തുനിഷ്ഠവും വിശ്വാസാധിഷ്ഠിതവുമായ സമർപ്പണമാണ്." (ക്രിസ്തു ജീവിക്കുന്നു, 168)
ഈ കാലത്ത് പലയിടത്തും രാഷ്ട്രീയ പാർട്ടികൾ ഒഴിച്ച് പൊതു സമൂഹത്തിൽ ക്രിയാത്മക ഇടപെടലിന് യുവജനങ്ങൾക്ക് വേദികളില്ല എന്നത് ഏറെ ശോചനീയമാണ്. അവിടത്തെ മൂല്യ ശോഷണം പലരെയും മനം മടുപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കുറെ യുവാക്കൾക്കെങ്കിലും പ്രതിബദ്ധതയുടെ ഒരു പുതുമാനം കാണാൻ ജീസസ് യൂത്ത് സഹായിച്ചു എന്നത് വലിയൊരു കാര്യമാണ്. ആദ്ധ്യാത്മികതയെ അതിഭക്തിയായി മാത്രം കാണുകയും പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള മാർഗ്ഗമായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്ന രീതി മാറി പ്രതിബദ്ധതയോടെ "അയക്കപ്പെടുന്ന' സമീപനം അനേക യുവാക്കൾ ജീസസ് യൂത്തിൽ കണ്ടെത്തി. സമൂഹത്തിലെ വെല്ലുവിളികളെ ചർച്ചാ വിഷയമാക്കി കൂട്ടായ്മയിൽ പ്രാർത്ഥനാ ചൈതന്യത്തോടെ ഇറങ്ങി പുറപ്പെടാൻ മുന്നേറ്റം അവർക്ക് വേദിയൊരുക്കി എന്നത് ഒരു ചെറിയ കാര്യമല്ല.
അങ്ങയുടെ രാജ്യം വരണമേ!
കോവിഡ് അനന്തര മാറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഓൺലൈൻ ചർച്ചാ വേദികൾ സജീവമായതാണല്ലോ. ഈ ദിവസങ്ങളിൽ പല രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ജീസസ് യൂത്ത് അംഗങ്ങൾ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ പങ്കുവയ്ക്കാൻ വിവിധ വേദികളിൽ ഒന്നിച്ചു വരുന്നുണ്ട്. "ചുറ്റുപാടും വളരുന്ന അന്ധകാരത്തിനു നടുവിൽ കടന്നു ചെല്ലാനും അവിടെ ചലനം സൃഷ്ടിക്കാനും വേണ്ടിയുള്ള സഭയുടെ ആഹ്വാനത്തിന് നമുക്കെങ്ങനെ പ്രത്യുത്തരം നൽകാനാകും?" ഇതാണ് പലപ്പോഴും അവിടെ ഉയരുന്ന പ്രധാന ചോദ്യം. ഈ വിഷയം പ്രതിപാദിക്കുന്ന സഭാ പഠനങ്ങളുടെ പരിചയപ്പെടലായിരുന്നു ആദ്യപടി. എൻറെ അറിവിൽ നാലു ഗ്രൂപ്പുകൾ ജോൺ പോൾ രണ്ടാമൻ പപ്പയുടെ "അല്മായ വിശ്വാസികൾ" വിശദമായി പഠിച്ചു, മറ്റൊരു ഗ്രൂപ്പ് ഫ്രാൻസിസ് പാപ്പായുടെ "നാം സോദരർ" എന്ന ഗ്രന്ഥവും. മുൻപ് സൂചിപ്പിച്ച ബുധനാഴ്ച സായാഹ്ന ചർച്ചാ വേദി ഇന്ന് വിവിധ തലങ്ങളിൽ തുടരുന്നു.
ദൈവരാജ്യം സമാഗതമായി എന്ന് അറിയിക്കാനും അതിന് കൂട്ടുപണിക്കാരെ കണ്ടെത്തി പറഞ്ഞയക്കാനുമാണ് യേശുനാഥൻ ഭൂജാതനായത്. അന്നുമുതൽ എപ്പോൾ വരെ ആ ദർശനവും അതു പ്രദാനം ചെയ്യുന്ന ആവേശവും ഓരോ കാലഘട്ടത്തിലും അനേകരുടെ ജീവിതത്തെയും പ്രവർത്തന രീതികളേയും മാറ്റിമറിക്കുന്നു. അതിന് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം ഏറെ ശക്തമാണ്: "ഈ ലോകത്തിൽ ദൈവരാജ്യം പറക്കുന്നതിനുവേണ്ടി എല്ലായിടത്തും സുവിശേഷം എത്തിക്കാനും സമാധാനവും സമത്വവും നീതിയും മനുഷ്യാവകാശങ്ങളും കരുണയും വളർത്താനും സമൂഹത്തിന്റെയും ലോകത്തിന്റെയും മധ്യേ ജീവിക്കുക എന്നത് അനിവാര്യമാണ്" പാപ്പാ തുടരുന്നു, "ചെറിയ ഗ്രൂപ്പുകളിൽനിന്ന് അപ്പുറത്തേയ്‌ക്കു പോകാനും 'എല്ലാവരും പൊതുനന്മയ്ക്കുവേണ്ടി അദ്ധ്വാനിക്കുന്ന സാമൂഹിക സൗഹൃദത്തെ' വളർത്താനും ഞാൻ യുവാക്കളോട് ആവശ്യപ്പെടുന്നു" (ക്രി. ജീ. 168,9).
ഈ മേഖലയിൽ പ്രതീക്ഷയുടെ തുരുത്തുകൾ ജീസസ് യൂത്തിൽ ധാരാളമായിട്ടുണ്ട് എന്നത് ആശ്വാസകരം തന്നെ. നമ്മുടെ വർക്ക് ക്യാമ്പുകൾ , കോളനി സന്ദർശനങ്ങൾ, ട്രൈബൽ യുവജന ഒത്തുചേരലുകൾ, ഔട്ട് റീച്ച് ചൈൽഡ് സപ്പോർട്ട്, നല്ല അയൽക്കാരൻ പദ്ധതി, പ്രളയാനന്തര പ്രവർത്തനങ്ങൾ, ഡ്രസ് കളക്ഷൻ, കോവിഡ് സാന്ത്വന പദ്ധതികൾ, അനേക അഗതി സഹായ ധന കാൽവയ്പുകൾ തുടങ്ങി തെളിഞ്ഞും മറഞ്ഞും എത്രയോ സംരംഭങ്ങൾ മുൻപ് സൂചിപ്പിച്ച രീതിയിലുള്ള ചർച്ചകളിൽ നിന്ന് ബഹിർഗമിക്കുന്നു. അടുത്തയിടെ അനേക ജീസസ് യൂത്ത് രാഷ്ട്രീയ മേഖലയിൽ സാന്നിദ്ധ്യമാകുന്നതും ഏറെ പ്രതീക്ഷനൽകുന്ന കാര്യം തന്നെ.
പാപ്പാ എടുത്തു പറയുന്ന, സഭയിൽ ഒതുങ്ങിക്കൂട്ടാനും 'പ്രാർത്ഥനാ ക്ലബ്ബുകളായി' തീരാനുമുള്ള ആ വലിയ പ്രലോഭനം മറികടക്കാൻ വചനവും സഭാ പഠനങ്ങളും ഒപ്പം വ്യക്തിപരമായും കൂട്ടായ്മായിലും ദൈവാത്മാവ് നൽകുന്ന വലിയ പ്രചോദനവും നമ്മെ സഹായിക്കട്ടെ.
Comments
Post a Comment