മത്സരങ്ങൾ ഒരുക്കാൻ ജീസസ് യൂത്തിന് താല്പര്യമില്ലാത്തതെന്തേ? (MJYR064)

 മത്സരങ്ങൾ ഒരുക്കാൻ ജീസസ് യൂത്തിന് താല്പര്യമില്ലാത്തതെന്തേ?

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

ക്ലാസ്സിന്റെ ഇടവേളയിൽ ഒരാൾ കൈയുയർത്തി, "എന്തുകൊണ്ടാണ് നമ്മൾ മത്സരങ്ങൾ നടത്താൻ മടിക്കുന്നത്?" കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കാൻ 'കിഡ്‌സ് കമ്പാനിയൻസ്' എന്ന പേരിൽ യുവാക്കൾക്കുള്ള ജീസസ് യൂത്ത് പരിശീലനത്തിനിടെ ആയിരുന്നു ഇത്. കുട്ടികൾക്കൊപ്പമുള്ള പ്രവർത്തനങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ ചില 'സ്കില്ലുകൾ' രൂപപ്പെടുത്തേണ്ടതിനെക്കുറിച്ചായി ചർച്ച. അങ്ങനെയുള്ള കഴിവുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിനിടെ അതിനുള്ള എളുപ്പവഴി മത്സരങ്ങളാകാമല്ലോ എന്നൊരു ചിന്ത ഉയർന്നു. "മത്സരങ്ങൾക്ക് പരിമിതി ഏറെയുണ്ട്. പലപ്പോഴും ഏറെ ഹാനികരവുമാകാം." എൻ്റെ ഈ പരാമർശമാണ് മുൻപു സൂചിപ്പിച്ച ചോദ്യത്തിനു കാരണമായത്.

മത്സരങ്ങൾ മാത്രമാണ് പലർക്കും യുവജന ശുശ്രൂഷ 

ഒരു ഇടവക കമ്മറ്റിയിൽ വന്ന ചർച്ച, "ഈ വരുന്ന യുവജന ദിനം എങ്ങനെ ആഘോഷിക്കണം?" യുവാക്കളെ വിളിച്ചു കൂട്ടി അവർക്ക് ഒരു ക്ലാസ്സ്, പിന്നെ കുറച്ച് മത്സരങ്ങൾ. ക്ലാസ്സിന് അവർക്ക് താല്പര്യം കാണില്ല, പക്ഷേ മത്സരങ്ങൾ ഉള്ളതുകൊണ്ട് കുറേപേർ വരും. എന്തെല്ലാം മത്സരങ്ങൾ? പാട്ട്, നൃത്തം, പെയിന്റിങ്, മെമ്മറി സ്കിൽ, പിന്നെ കായിക മത്സരങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്നവർക്ക് നല്ല സമ്മാനങ്ങളും വേണം.

എവിടെയും യുവജനങ്ങൾക്കായി വളരെ നന്നായി ചെയ്യാവുന്ന പ്രവർത്തന സമീപനമാണ് മേൽ പറഞ്ഞത്. ചില ഇടവകകളോ ക്ളബുളോ ഒക്കെ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം തിരഞ്ഞെടുത്ത് അത് വിപുലമായി നടത്താറുമുണ്ട്. അപ്പോൾ ഒരു ചോദ്യം ഉയരാം, എന്തുകൊണ്ടാകാം എല്ലാവരും യുവജന പ്രവർത്തനങ്ങൾ മത്സരങ്ങളിൽ ഒതുക്കുന്നത്?

യുവാക്കളെ കൊണ്ടുവരാൻ എളുപ്പവഴി. കഴിവുള്ളവർ സമ്മാനം നേടാൻ, മറ്റുള്ളവർ മത്സരം കാണാൻ ഒത്തുചേരും, രസകരമായവ ഒരുക്കിയാൽ കൂടുതൽ പേരെത്തും 

കഴിവുള്ളവരെ കണ്ടെത്താനും വളർത്താനും. അങ്ങനെ എത്രയോ പേർ കഴിവുകളിൽ ഔന്നത്യം നേടിയിരിക്കുന്നു. മത്സരങ്ങളുടെ വലിയ സമ്മർദ്ദത്തിലേ ചിലരുടെ വലിയ സാദ്ധ്യതകൾ വെളിവാകൂ. ഇന്ന് മാധ്യമങ്ങളിൽ ഇവ സ്ഥാനം പിടിക്കുന്നതിനും കാരണം ഇതു തന്നെ.

എളുപ്പത്തിൽ സംഘടിപ്പിക്കാം. ഒരു ചെറിയ ടീ൦ വിചാരിച്ചാൽ വലിയ ചെലവില്ലാതെ ഒരു ദിവസത്തെ മത്സരങ്ങൾ ഒരുക്കാം.

നല്ല ബബ്ലിസിറ്റി. പല ചെറു പ്രസ്ഥാനങ്ങളും അറിയപ്പെടാൻ ഇടവരുന്നത് മത്സരങ്ങൾ വഴിയാണ്. എന്തെങ്കിലുമെല്ലാം നടക്കുന്നുണ്ടെന്ന് ഒരു തോന്നൽ ഉണ്ടാക്കാനും അതുകൊണ്ട് സാധിക്കും 

രസകരവും സംഭവ ബഹുലവും ആകാൻ. ഒത്തുകൂടാലോ, യാത്രയോ ഒക്കെ സന്തോഷകരമാക്കാൻ അതിനു പറ്റിയ മത്സരങ്ങൾ കെണ്ടെത്തി നടത്തിയാൽ മതി.

മത്സരങ്ങൾ കുഴപ്പമാകുന്നത് എങ്ങനെ? 

ഞങ്ങളുടെ സൺഡേ സ്‌കൂളിൽ മത്സരങ്ങൾ വലിയ സംഭവമായിരുന്നു. ധാരാളം പേര് അതിൽ പങ്കെടുക്കും, കാണാനും ഏറെ പേർ എത്തുമായിരുന്നു. പിന്നെ അതൊരു ചടങ്ങായി, ആർക്കും വലിയ താല്പര്യവും ഇല്ലാതായി. അത് തുടർന്നുകൊണ്ടുപോകുക വലിയ ഭാരമായി. ഒരു ചോദ്യം, മത്സരങ്ങൾ ശല്യമായി തീരുന്നത് എങ്ങനെയാണ്?

വിഘടിപ്പിക്കും, നിരാശിതരാക്കും. ഒന്നു രണ്ടു നല്ല ഗായകരെ കണ്ടെത്താൻ എത്രപേർക്കാണ് നാം നഷ്ടബോധം ഉണ്ടാക്കുന്നത്! കുട്ടികളിൽ തിരസ്കരണം, നിരാശ എന്നിവയുടെ  പ്രത്യാഘാതത്തെ കുറിച്ച് ഇന്ന് നാമെല്ലാം ബോധവാന്മാരാണല്ലോ.

ഇടുങ്ങിയ മാനദണ്ഡങ്ങൾ. പ്രസംഗ മത്സരത്തിൽ വിജയിയെ കണ്ടെത്താൻ നാം ചില നിബന്ധനകൾ വയ്ക്കും, അങ്ങനെ നാം പറയാതെ പറയുന്നത് നല്ല ആശയവിനിമയം ഇങ്ങനെയാണ് എന്നല്ലേ? ലളിതമായ പല രീതികളെയും നാം ഇല്ലാതാക്കും, കൂട്ടത്തിൽ പല നല്ല കഴിവുകളും  നഷ്ടമാകും.

അനന്യതയുടെ സൗന്ദര്യം മറക്കും. ഓരോരുത്തരും വ്യത്യസ്ഥരും വിശിഷ്ടരുമാണല്ലോ. കുട്ടികളുടെ വൈവിധ്യമാർന്ന അറിവുനേടുന്ന രീതികളെ കുറിച്ച് ഇന്ന് ചർച്ചകൾ വർദ്ധിക്കുന്നു. നാമെല്ലാം 'ഭിന്നശേഷി' കൊണ്ട് അനുഗ്രഹീതനാണ്. ഈ ദൈവീക അത്ഭുതം മൂടിവെയ്ക്കാനല്ലേ മത്സരങ്ങൾ ഇടയാക്കുന്നത്?

മാത്സര്യ സംസ്കാരം വളർത്തുന്നു. 'ആരോഗ്യകരമായ മത്സരം' എന്നൊക്കെ ഭംഗിവാക്കു പറയുമെങ്കിലും ആയെങ്കിലും തോല്പിക്കുന്നതിൽ ആരോഗ്യകരമായി ഒന്നുമില്ല. എൻ്റെ വിജയവും അപരന്റെ പരാജയവും ഉറപ്പുവരുത്തുന്നതിലുപരി ജീവിതം എല്ലാവരുമായി കൈകോർത്ത് സന്തോഷവും ഫലദായകത്വവും സാധ്യമാക്കുകയാണ് ആരോഗ്യകരമായ രീതി.  കൂട്ടായ്മ, സഹകരണം, സഹാനുഭൂതി എന്നിവയിലൂന്നിയ ഒരു വിഭിന്ന സംസ്കാര നിർമ്മിതിയല്ലേ നമ്മുടെ ദൗത്യം?

സ്നേഹം, അനുകമ്പ, കൂട്ടായ്മ എന്നിവയ്ക്കു തുരങ്കം വയ്ക്കും. 'വൈവിധ്യമാർന്ന ദാനങ്ങൾ, ശുശ്രൂഷകൾ, പ്രവർത്തികൾ എന്നിവ പൊതു നന്മയ്ക്കായി' (1കോറി.12:4-7) ഒത്തുചേരുന്നതല്ലേ സ്നേഹസമൂഹ നിർമ്മിതി? മറ്റുള്ളവരുടെ പ്രത്യേക കഴിവുകൾ കണ്ടറിഞ്ഞു എൻ്റെ പോരായ്മയിൽ അപരനെ ആശ്രയിച്ചാണല്ലോ നാഥൻ സ്വപ്നം കണ്ട പുതു സമൂഹം പണിയുക. ഇതിനെല്ലാം കടകവിരുദ്ധമല്ലേ മത്സരം?

മത്സരമല്ല, സ്നേഹവും സോദരാനുഭവവും ഊട്ടിവളർത്തണം 

'ചോദ്യം തെറ്റിപ്പോയി'. ശിഷ്യർ മത്സര ബുദ്ധിയോടെ "തങ്ങളിൽ വലിയവൻ ആര്?" എന്ന ചോദ്യമുയർത്തിയപ്പോൾ കർത്താവ് പ്രതികരിച്ച രീതി അതാണ്. ജീസസ് യൂത്ത് മുന്നേറ്റത്തിൽ 'മത്സരം പാടില്ല'  എന്ന് ആരും പറഞ്ഞു കാണാൻ വഴിയില്ല. എന്നാൽ, ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്ന തമാശ മത്സരങ്ങൾ ഒഴിച്ചാൽ സാമർത്ഥ്യ പരീക്ഷകൾ മുന്നേറ്റത്തിൽ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും രൂപീകരണം നൽകാനും, മത്സരങ്ങൾ ഇല്ലാതെ തന്നെ, സ്നേഹ പൂർവ്വം കൂടെ നടന്ന്, അവസരങ്ങൾ ഒരുക്കി വളർത്താനും എത്രയധികമായി ഈ മുന്നേറ്റത്തിൽ   വേദിയൊരുങ്ങുന്നു.  

മത്സരങ്ങൾക്കായി രൂപപ്പെട്ട പ്രസ്ഥാനങ്ങൾ അവ സംഘടിപ്പിക്കട്ടെ. പല ഗ്രൂപ്പുകൾക്കും അതിനപ്പുറം മറ്റെന്തു ചെയ്യാനാവും എന്ന് വ്യക്തതയും ഇല്ല. വ്യക്തിയുടെ വലിയ സാദ്ധ്യതകൾ കണ്ടെത്താനാകും എന്ന ചിന്തയോടെ സംഘടിപ്പിക്കപ്പെടുമ്പോഴും മത്സരങ്ങൾ മിക്കവാറും സ്പർദ്ധ, അസൂയ, നിരാശ, വിഭാഗിക ചിന്ത എന്നിവയൊക്കെയാണ് വളർത്തുന്നത്. അനേക ചെറുപ്പക്കാർ മത്സര സംസ്കാരത്തിനു മുന്നിൽ 'ഞാൻ വിലകെട്ടവൻ' എന്ന ചിന്തയോടെ പിൻവലിയുകയോ, 'കടം വീട്ടാൻ അവസരം വരും' എന്ന് മുറുമുറുക്കുകയോ ചെയ്യുന്നു.

ഇനി വേറൊരു ചെറു ചിന്ത, ജീസസ് യൂത്ത് വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കാറില്ലെങ്കിലും മത്സര ബുദ്ധിയോടെ പോരാടാനും നിഷേധാത്മകതയിൽ ആഴപ്പെടാനും ഇവിടെയും സാധ്യതയ്ക്ക് കുറവൊന്നുമില്ല. വെറുപ്പും വൈരാഗ്യവും അഹന്തവും ഒക്കെ വളരുന്നത് മത്സര വേദികളിൽ മാത്രമല്ലല്ലോ. അതിനുള്ള മറുമരുന്ന് സുവിശേഷ ചിന്തയിലൂന്നി ആന്തരീകതയിൽ വളരാനും, സ്നേഹ കൂട്ടായ്‌മ കെട്ടിപ്പടുക്കാനും, കറയറ്റ ദൗത്യബോധത്തിൽ അയക്കപ്പെടാനും സഹായകരമാകുന്ന നിരന്തര മാനസാന്തരവും തുടർ ഊന്നലും ഉണ്ടാകുക എന്നതു മാത്രമാണ്.

"കുട്ടികൾക്ക് നൈപുണ്യങ്ങൾ പകരാനും അവർക്കുള്ള കഴിവുകൾ വളർത്താനും എന്തിനാണ് മത്സരങ്ങൾ! തീർച്ചയായും ജീസസ് യൂത്തിന് അതിനേക്കാളും കാര്യക്ഷമമായ സമീപനങ്ങളുണ്ട്." കിഡ്‌സ് കമ്പാനിയൻസ് ഗ്രൂപ്പിലെ ചർച്ച അവസാനിച്ചത് അങ്ങനെയാണ്. കുട്ടികൾക്ക് ഇന്ന് ആവശ്യമുള്ള സ്കില്ലുകൾ അനവധിയാണ്. എന്നാൽ നല്ല രീതിയിൽ അവ പകർന്നു നൽകാൻ മത്സരങ്ങൾക്കപ്പുറം പുതുവഴികൾ കണ്ടെത്തുക എന്നതാണ് നമ്മുടെ വലിയ വെല്ലുവിളിയും ദൗത്യവും.    


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)