ചർച്ചാ കൂട്ടായ്മകളാണ് ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നത് (MJYR058)

 ചർച്ചാ കൂട്ടായ്മകളാണ് ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നത് 

(By Dr. Edward Edezhath - Published in Kairos Malayalam in 2020)

"പാപ്പയുടെ പുതിയ ചാക്രിക ലേഖനം വരുന്നു. ഞങ്ങൾ കുറേപേർ ദിവസവും ഒന്നിച്ചുവരാം, ചേട്ടൻ പഠിക്കാൻ ഞങ്ങളെ സഹായിക്കാമോ?" അന്നുതന്നെ ഒരു പ്ലാൻ തയ്യാറായി. 30 ദിവസത്തേയ്ക്ക് ദിവസവും അതിരാവിലെ സൂമിൽ ഒത്തുചേരും. പക്ഷെ ഞാൻ ഒരു നിർദ്ദേശം വച്ചു, ഞാൻ ക്ലാസെടുക്കാനൊന്നും പോകുന്നില്ല മറിച്ച് എന്റേത് ഒരു സജീവ സാന്നിധ്യം മാത്രമാകും.  ദിവസവും ഒരാൾ പഠനഭാഗം അവതരിപ്പിക്കണം, പിറ്റേ ദിവസം ഒന്നിച്ചുവന്ന് എല്ലാവരും ആ ഭാഗം ചർച്ച ചെയ്യാം. കഴിവു കുറവും കൂടുതലും ഒന്നും പരിഗണിക്കാതെ ഒരു പോലെ എല്ലാവരും അവതരണം നടത്തണം ചർച്ചകളിൽ പങ്കെടുക്കുകയും വേണം. നല്ലൊരു പഠന-രൂപീകരണ യാത്രയുടെ തുടക്കമായി.

എന്താണ് ഇപ്രകാരമുള്ള ചർച്ചാ കൂട്ടായ്മയുടെ ഗുണം? ഉയർച്ച-താഴ്ചകളില്ലാതെ എല്ലാവരും പരസ്പര പരിഗണയോടെ ഒത്തുചേരുന്നു. ഏറെ ശ്രദ്ധയോടെ പരസ്പരം കേൾക്കുന്നു, എല്ലാവരും സംസാരിക്കുന്നു.  അധികാര ഭാവം പ്രകടിപ്പിക്കാൻ പൊതുവെ അവസരമില്ലാത്ത ഇത്തരം ചുറ്റുപാടുകളിൽ എല്ലാവരുടെയും ആത്മാഭിമാനവും ആത്മവിശ്വാസവും വളരുന്നു. ഇത്തരം ഗ്രൂപ്പുകളിൽ നിന്ന് നല്ല നേതൃത്വവും പുത്തൻ ആശയങ്ങളും പുതു കാൽവയ്പുകളും ഉണ്ടാകുകയും ചെയ്യുന്നു.

ഇതിൽ ഏറ്റം പ്രധാന കാര്യം ഈ സമീപനം ഓരോ വ്യക്തിയിലും വരുത്തുന്ന പരിണാമവും അതിലൂടെ നടക്കുന്ന നല്ല ക്രിസ്തീയ കൂട്ടായ്മയുടെ കെട്ടിപ്പടുക്കലുമാണ്. പഠനങ്ങളിലൂടെ, പ്രത്യേകിച്ച് വചന വിചിന്തനത്തിലൂടെയുള്ള ആശയ രൂപിയ്ക്കണം പ്രധാനപ്പെട്ടതാണ്. പക്ഷെ, മാതൃകയും ശൈലികളുമാണല്ലോ വിശ്വാസരൂപീകരണത്തിൽ ഏറ്റം പ്രധാനം. ചർച്ച കൂട്ടായ്മകളിലെ പരിഗണനയുടെ, പരസ്പര ശ്രദ്ധയുടെ ശൈലി ഓരോ വ്യക്തിക്കും ദൈവ മകൻ/ മകൾ എന്ന വലിയ യാഥാർഥ്യം ജീവിതാനുഭവമാക്കാൻ വഴി തെളിക്കുന്നു. സാവധാനത്തിൽ മറ്റാർക്കുമില്ലാത്ത എൻ്റെ കഴിവും പ്രത്യേകതയും തിരിച്ചറിയാൻ സാധിക്കുന്നു. ഈ വരദാന തിരിച്ചറിവ് വിശ്വാസ വളർച്ചയ്ക്കും സാക്ഷ്യ ജീവിതത്തിനും സുപ്രധാനമാണല്ലോ. ഇങ്ങനെ വ്യത്യസ്തത അംഗീകരിക്കുന്ന ഒന്നിച്ചുവരവ് യഥാർത്ഥ കൂട്ടായ്മയും വളർത്തും.

ശൈലി രൂപപ്പെടുക സുപ്രധാനമാണ് 

1978 ജൂൺ മാസത്തിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങൾ ഒത്തുകൂടി. അന്നത്തെ കരിസ്മാറ്റിക് സമിതിയുടെ നിർദേശ പ്രകാരം വർഷാവസാനം ഒരു കൺവെൻഷൻ വേണമോ, അതെങ്ങനെ വേണം എന്നെല്ലാം ആലോചിക്കുകയായിരുന്നു ഈ ഒത്തുചേരലുകളുടെ ലക്‌ഷ്യം. അതിനു മുൻപ് കരിസ്മാറ്റിക് സമ്മേളനങ്ങളിൽ പ്രസംഗങ്ങളും പ്രാര്ഥനയുമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ. പക്ഷെ അന്നെല്ലാം കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ സജീവമായിരുന്ന 'ഐക്കഫ്' സംഘടനയിൽ ഗ്രൂപ്ചർച്ചകൾ ഞങ്ങൾ പരിശീലിച്ചിരുന്നു. അങ്ങനെ അന്ന്  കോഴിക്കോട്ടും, തൃശൂരും, പാലായിലും, കൊല്ലത്തുമെല്ലാം യുവജനങ്ങൾ ഒത്തുകൂടിയപ്പോൾ ആദ്യത്തെ പ്രാർത്ഥനയ്ക്കും നിർദ്ദേശങ്ങൾക്കും ശേഷം ചെറു ഗ്രൂപ്പുകൾ തിരിച്ച് അവരെ ചർച്ചയ്ക്കായി വിട്ടു. അത്  കരിസ്മാറ്റിക് വേദികളിൽ ഏറെ പുതുമയായിരുന്നു, ഒരു ചെറിയ വിപ്ലവവും. പക്ഷ അത് വലിയൊരു പുത്തൻ തുടക്കമായി. ഒരു നല്ല ക്ലാസ് നൽകുക എന്ന എളുപ്പ വഴി ഉപേക്ഷിച്ചു. പകരം,  ഓരോരുത്തരും സംസാരിച്ചു, എല്ലാവരെയും പരസ്പരം ശ്രവിച്ചു. ഒരു പുതു പരിഗണനയും പങ്കാളിത്തവും അവർ അനുഭവിച്ചു.

1982 ൽ ജീനോ അച്ചൻ നടത്തിയ നാലുദിവസം നീണ്ട സ്വയാവബോധ പരിശീലനത്തിലും ഓരോ ചെറിയ ബൈബിൾ വിചിന്തനത്തിനും ശേഷം ഞങ്ങൾ ചെറു ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കലിനായി പോയി. ഈ ശൈലിയായിരുന്നു ആ വര്ഷം തന്നെ രൂപപ്പെട്ട 'ഫസ്റ്റ് ലൈൻ' കൂട്ടയ്മയുടെയും രീതി. മാസം തോറും ഞങ്ങൾ ചർച്ചകൾക്കും പരസ്പരം ശ്രവിക്കാനും ഒന്നിച്ചുവന്നു. അത് സാവധാനത്തിൽ ജീസസ് യൂത്ത് ഗ്രൂപ്പുകളുടെയും പ്രോഗ്രാമുകളുടെയും വ്യത്യസ്തതയുടെ സൂചനയും വളർച്ചയുടെ അടിത്തറയുമായി.

ചർച്ചാ കൂട്ടായ്മകളിൽ എന്താണ് സംഭവിക്കുന്നത്?

"നിങ്ങളുടെ കൂട്ടായ്മയിൽ ഞാൻ വന്ന് ക്ലാസു നയിക്കാം" അല്ലെങ്കിൽ "ഇപ്രാവശ്യം ആരെയാണ് ക്ലാസിനു വിളിക്കുക?". ഞങ്ങൾ ഒന്നിച്ചുവരാൻ തുടങ്ങിയപ്പോൾ ഈ നിർദേശങ്ങളായിരുന്നു വലിയ വെല്ലുവിളി. ഒന്നിച്ചുവരുമ്പോൾ അറിവു നൽകുന്ന, വിശ്വാസം വളർത്തുന്ന ക്ളാസുകൾ പോരെ? അത് വേണ്ടെന്നു വച്ച്  നിർബന്ധ ബുദ്ധിയോടെ മറ്റൊരു "മോഡൽ" ശ്രമിച്ചു എന്നതായിരുന്നു 'ഫസ്റ്റ് ലൈൻ' ഗ്രൂപ്പിന്റെ പ്രത്യേകത.

യുവജന സിനഡിന് ശേഷം ഫ്രാൻസിസ് പാപ്പ എഴുതിയ അപ്പസ്തോലിക പ്രബോധനത്തിൽ ഈ മറുസമീപനം നന്നായി വിവരിക്കുന്നുണ്ട്: “കൂട്ടായ്മകളിലെ സുഹൃദ്ബന്ധവും ചർച്ചയും സാമൂഹികവും പരസ്പര ബന്ധത്തിനുതകുന്നതുമായ കഴിവുകൾ വളർത്തിയെടുക്കാൻ അവസരമൊരുക്കുന്നു. ഒരാൾ ഇവിടെ വിലയിരുത്തപ്പെടുകയോ വിധിക്കപ്പെടുകയോ ചെയ്യുന്നില്ല. വിശ്വാസം പങ്കുവയ്ക്കാനും സാക്ഷ്യം വഹിക്കുന്നതിൽ പരസ്പരം സഹായിക്കാനും ഇത്തരം സംഘ അനുഭവങ്ങൾ വലിയ മുതൽക്കൂട്ടാണ്. അങ്ങനെ യുവജനങ്ങൾക്ക് മറ്റു ചെറുപ്പക്കാരെ നയിക്കാനാവുന്നു. അതുപോലെ കൂട്ടുകാർക്കിടയിൽ യഥാർത്ഥ അപ്പസ്തോലിക പ്രവൃത്തി ചെയ്യുവാനുമാകുന്നു.” (Christus Vivit, 219) 

ജീസസ് യൂത്തിൽ ഇങ്ങനെയുള്ള ശൈലികൾ എവിടെ സഹായകരമാകും?  തുടർച്ചയോടെ ഒന്നിച്ചുവരുന്ന സെല്ലുകൾ, ചെറു സമൂഹങ്ങൾ, കൗൺസിലുകൾ, മിനിസ്ട്രി ടീമുകൾ, ചെറിയ പ്രാർത്ഥനാ കൂട്ടായ്‌മകൾ എന്നിവിടങ്ങളിൽ ഈ രീതി ഏറെ ഫലദായകമാണ്. തുടർച്ച പ്രതീക്ഷിക്കാത്ത കൺസൾട്ടേഷൻ, പ്ലാനിങ്, ഔട്ടറീച്ച് ഒത്തുചേരലുകൾക്കും പലപ്പോഴും ഈ പങ്കാളിത്ത രീതി വളരെ നല്ലതാണ്. ചർച്ചാ കൂട്ടായ്മയിൽ പ്രത്യേക വിഷയത്തെ അധികരിച്ചുള്ള ചർച്ചകളോ, ചിതറിയ ചിന്തകളോ, പ്ലാനിങ്ങോ, വിശകലനമോ, അനുഭവ പങ്കുവയ്കാലോ ഒക്കെ ആകാം. അങ്ങനെയെങ്കിൽ, ഇത്തരം അവസരങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

അത് ഒരു സൗഹൃദ കൂട്ടായ്മയാണ്. ഒരേ തലത്തിലുള്ളവർ ഒന്നിച്ചുവരുന്നതാണ് അവിടെ അഭികാമ്യം. 

പ്രാർത്ഥനയുടെ അന്തരീക്ഷവും അതോടൊപ്പം മുഖം മൂടി മാറ്റി എന്നെ ഞാനാകാൻ സഹായിക്കുന്ന കളിചിരിയുടെ സ്നേഹാന്തരീക്ഷവും തുറവിക്ക് സഹായകമാകും.

ഞാൻ അധികാരിയാണ്, നേതാവാണ്, എല്ലാം അറിവുള്ള ആളാണ് എന്നു കരുതുന്നവർ അവിടെ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മറിച്ച്‌ പ്രായത്തിലോ അനുഭവത്തിലോ മുന്നിലാണെങ്കിലും എളിമയിൽ അവരോടൊപ്പമാകാമെങ്കിൽ  ആ സാന്നിധ്യ൦ തീർച്ചയായും സഹായകമാകും. 

കൂട്ടായ്മയെ ഒന്നിച്ചു നിർത്താൻ ഒരു നേതാവല്ല, മറിച്ച് 'ഫെസിലിറ്റേറ്റർ' ഉണ്ടാകണം. സംസാരപ്രിയനാകാതെ, ദാസ്യഭാവത്തോടെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന ആളാകണം അത്.

അനേക കരങ്ങളാൽ ഒരു സൗധം പണിതുയർത്തുന്ന പോലെയാണ് ഇവിടെ ഒരാശയം രൂപപ്പെടുക. അതിനു പുറകിൽ പരിശുദ്ധാത്മാവാണ് പ്രധാന ശില്പി. അങ്ങനെയെങ്കിൽ ചർച്ചാ വഴികളിൽ തിരക്കുകൂട്ടാതിരിക്കുക ഏറെ പ്രധാനമാണ്.

പല തരം മനുഷ്യർ ഒത്തുചേരുമ്പോൾ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകില്ലേ? തീർച്ചയായും. ഒരു വിധത്തിൽ വ്യത്യസ്ത ചിന്തകൾ പങ്കുവച്ച് ഇവയിലെ നന്മ മറ്റുള്ളവർ തിരിച്ചറിഞ്ഞ് പുത്തൻ ആശയങ്ങൾ രൂപപ്പെടുന്ന സുന്ദര വേദിയാണ് ഇത്തരം കൂട്ടായ്മകൾ.

അസ്വസ്ഥതയുണർത്തുന്ന നിശബ്ദതയും ഒറ്റപ്പെട്ട സ്വരങ്ങളും പൊട്ടിത്തെറികളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും എല്ലാം ഈ ഗ്രൂപ്പുകളിൽ പ്രതീക്ഷിക്കണം. ഇവ നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ വലിയ വ്യക്തിത്വരൂപീകരണവും ഒപ്പം ദൈവ രാജ്യ നിര്മിതിയും സാധ്യമാകും എന്നും പ്രത്യേകം ഓർക്കണം.

പട്ടണത്തിൽ എല്ലാ ചൊവ്വാഴ്ചകളിലും ഒത്തുചേരുന്ന ഒരു യുവജന കൂട്ടായ്മയിലാണ് പങ്കുവയ്ക്കലിന്റെ, ക്രിസ്തീയ പ്രതിബദ്ധതയുടെ, ഒപ്പം മിനിസ്ട്രികൾ രൂപപ്പെടുന്നതിന്റെ ബാലപാഠങ്ങൾ ഞാൻ പഠിച്ചത്. ഏറെ വ്യത്യസ്തരായ യുവതീ യുവാക്കൾ ഉണ്ടായിരുന്ന ഗ്രൂപ്പിൽ പ്രാർത്ഥനാനുഭവങ്ങളും വചന ചിന്തകളും മിഷൻ സ്വപ്നങ്ങളും ധരാളമായി പങ്കുവയ്ക്കപ്പെട്ടു. ഈ ഗ്രൂപ്പ് ബുധനാഴ്ച കൂടുമായിരുന്ന ഞങ്ങളുടെ വലിയ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനൊപ്പം അവിടെ കൂടുമായിരുന്ന ഓരോ വ്യക്തിയുടെയും വിശ്വാസ - വ്യക്തിത്വ രൂപീകരണത്തിന്റെ പ്രധാന അടിത്തറയുമായിരുന്നു. പല നല്ല പ്രവർത്തനങ്ങളുടെ തുടക്കത്തിനും അതെല്ലാം ഇടവരുത്തി. താമസിയാതെ ജയിൽ സന്ദർശനവും, ദരിദ്ര കോളനിയിലെ പ്രവർത്തനങ്ങളും ആശുപത്രി യാത്രയും ഒക്കെ ഓരോ ഗ്രൂപ്പുകളും ഏറ്റെടുത്തു. മാത്രമല്ല അന്ന് വ്യക്തമായ യുവജന പ്രവർത്തന ശൈലികൾ ഇന്ന് ഏതാണ്ടെല്ലാ ജീസസ് യൂത്ത് കൂട്ടായ്മയുടെയും നല്ല വളർച്ചയുടെ അടിത്തറയായി തുടരുകയും ചെയ്യുന്നു. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)