തുടർച്ചയും മാറ്റവും ഒന്നിച്ചാലേ പക്വമായ വളർച്ച സാധ്യമാകൂ (MJYR060)
തുടർച്ചയും മാറ്റവും ഒന്നിച്ചാലേ പക്വമായ വളർച്ച സാധ്യമാകൂ
(By Dr. Edward Edezhath - Published in Kairos Malayalam in 2020)
പല നേതൃ പരിശീലന വേളയിലും ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ള ഒരു ഗ്രൂപ്പ് ആക്ടിവിറ്റി ഉണ്ട്. ഒരേ രീതിയിലുള്ളവർ ഒത്തുകൂടി നിശബ്ദമായി ചെയ്യേണ്ട ഒരു കാര്യം ഞാൻ നിർദ്ദേശിക്കും. അതിനുശേഷം അവിടെയുള്ളവരുടെ പ്രതികരണം നിരീക്ഷിക്കുക രസകരമാണ്. കുറച്ചുപേർ പെട്ടെന്നുതന്നെ മറ്റുള്ളവരെ ഒന്നിച്ചുകൂട്ടാൻ ഇറങ്ങിത്തിരിക്കും. ആരംഭശൂരത്വം കാണിക്കുന്ന അവരിൽ ചിലർക്ക് കുറച്ചുകഴിയുമ്പോൾ ആവേശം നഷ്ടപ്പെടും. വേറെ ചിലർ ആദ്യം ആലോചിച്ചു നിൽക്കുമെങ്കിലും പിന്നെ സജീവമായി കാര്യങ്ങൾ ചെയ്യും. വേറെ ചിലർ ഈ പല രീതിയിലുള്ളവരെ ഒന്നിച്ചു കൊണ്ടുവരും. ചുരുക്കത്തിൽ നമ്മിൽ പലരും നല്ല തുടക്കക്കാരാണ് പക്ഷെ തുടരാൻ മടിയാകും. വേറെചിലർ പുത്തൻ കാര്യങ്ങൾ ആരംഭിക്കാൻ കുറച്ചു പുറകോട്ടായിരിക്കുമെങ്കിലും തുടങ്ങിയത് വിശ്വസ്തതയോടെ തുടരാൻ നല്ലവരാണ്. വ്യക്തിപരമായി ഈ രണ്ടു ഗുണങ്ങളും എന്നിൽ ഉണ്ടാകുന്നത് നല്ലതല്ലേ? ഒപ്പം നമ്മുടെ കൂട്ടായ്മകൾ സജീവമാക്കാൻ ഈ പ്രവർത്തന ശൈലികളുടെ പക്വമായ ഒരു സംയോജനം ആവശ്യമായി വരും.
തുടക്കക്കാരും തുടരുന്നവരും
ഫാ. ഫിയോ 1978 ൽ കേരളാ നേതൃ സമിതിയോട് ഇവിടത്തെ യുവാക്കളെ ഒരുമിച്ചു കൂട്ടാൻ നിർദ്ദേശിക്കുമ്പോൾ രാജ്യത്തിലെ മിക്ക പട്ടണങ്ങളിലും നവീകരണ യുവജന പ്രവർത്തനങ്ങൾ ഏറെ സജീവമായിരുന്നു. പലയിടങ്ങളിലും അസൂയാവഹമായ നേതൃത്വവും പരിശീലനങ്ങളും ദൃശ്യമായിരുന്നു. പുതുതായി ആരംഭിച്ച കേരളാ സംവിധാനങ്ങൾക്ക് അത്ര വലിയ നിലവാരമൊന്നും അന്നുണ്ടായിരുന്നില്ല. പക്ഷെ ഈ പ്രവർത്തനങ്ങളെ വ്യത്യസ്തമാക്കിയത് ലളിതമായ തുടർച്ചയായിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുകൂടിയവർ ഒന്നിച്ചു നിൽക്കുകയും ചെറുതെങ്കിലും തുടങ്ങിയ പ്രവർത്തനങ്ങൾ നിർബാധം തുടരുകയും ചെയ്തു. കുറച്ചു പതിറ്റാണ്ടുകൾക്ക് ശേഷം ഒന്ന് കണ്ണോടിക്കുമ്പോൾ മറ്റു പല ഇടങ്ങളിലെ വൻ തുടക്കങ്ങളും ഒന്നും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായപ്പോഴും ലളിതവും കൃത്യമായതുടർച്ചയുള്ളതുമായ ഇവിടത്തെ പ്രവർത്തനങ്ങൾ പടർന്നു പന്തലിച്ചു വളരുന്നതു കാണാമായിരുന്നു.
ജീസസ് യൂത്ത് മുന്നേറ്റത്തിൽ കാണുന്ന കാര്യക്ഷമതയുടെ ഒരു രഹസ്യം അതിൻ്റെ കൂട്ടായ്മകളിൽ ധാരാളമായുള്ള ക്രിയാത്മക തുടക്കങ്ങളും ഒപ്പം വീണുപോകാതെ അവയുടെ തുടർച്ച ഉറപ്പുവരുത്തുന്നു എന്നതുമാണ്. ഒരു പ്രസ്ഥാനം വലുതാകുമ്പോൾ പ്രത്യേകിച്ച് അത് കുറച്ചു കാലം പിന്നിടുമ്പോൾ അതിൽ തുടർച്ച ഉറപ്പുവരുത്തുന്നവരാകും കൂടുതലായും നേതൃ നിരയിലെത്തുക. ഒപ്പം പുത്തൻ തുടക്കങ്ങളെ ഭയപ്പെടുന്നവർ അവിടെ വർദ്ധിക്കും. അതോടൊപ്പം പുതു തലമുറയിൽ വലിയൊരു വിഭാഗം തുടരുന്ന പലതിനെയും താല്പര്യക്കുറവോടെ കാണുകയും ആരംഭ ശൂരത്വം മാത്രം കാണിക്കുകയും ചെയ്യും. ഇവയുടെ നല്ലൊരു തുലനമാകും അപ്പോൾ പ്രധാന വളർച്ചാ രഹസ്യം. ഒരു കാര്യം മറക്കാതിരിക്കണം, "തുടർച്ചയില്ലാത്ത മാറ്റം അലങ്കോലമാക്കും, മാറ്റങ്ങളില്ലാത്ത തുടർച്ച ഉദാസീനതയാണ്, ഏറെ ആപൽക്കരവും".മുന്നേറ്റത്തെ അടുത്തു മനസിലാക്കാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ അതിൽ പടർന്നു വളരുന്ന പല നല്ല തുടർച്ചകളും ഞാൻ നിരത്തിവയ്ക്കാറുണ്ട്. പല ശൈലികൾ, മിനിസ്ട്രികൾ, കൂട്ടായ്മകൾ, ഒക്കെയാകാം അത്. പക്വമായ ദൈവാത്മ ചലനത്തിന്റെ സൂചനകളുമാണവ. എന്നാൽ അധികം ചർച്ച ചെയ്യപ്പെടാത്ത മറ്റൊരു ജീസസ് യൂത്ത് ലിസ്റ്റുണ്ട്. കാര്യമായി തുടങ്ങി തുടരാതെ വിട്ടുകളഞ്ഞ കാര്യങ്ങൾ. അവയിൽ പലതും ഏറെ ക്രിയാത്മകവും സുന്ദരവും അത്യാവശ്യവുമായിരുന്നു, പക്ഷെ പല കാരണങ്ങളാൽ അവ ചാപിള്ളകളായിപോയി.
അവയിൽ ചിലത് ഏറെ ആവശ്യമെന്നു കണ്ട് കുറെ ആലോചിച്ച് നല്ല ഒരുക്കത്തോടെ ആരംഭിച്ചു. ഉദാഹരണത്തിന്, രണ്ടു പട്ടണങ്ങളിൽ തുടങ്ങിയ ആഴ്ചതോറുമുള്ള യുവജന കൂട്ടായ്മകൾ, കുറച്ചു പ്രാവശ്യം ഒന്നിച്ചു കൂട്ടിയതിനു ശേഷം ആളുകൾ കുറഞ്ഞു. പിന്നെ നിന്നു പോയി.
തുടർച്ചയുടെ സുപ്രധാന ചേരുവകൾ
ഒരു നല്ല കാര്യം ആരംഭിക്കുക വലിയ കാര്യമാണ്, പക്ഷെ അത് തുടരാനും വളരാനും പക്വമായ ഫലദായകത്വം ഉറപ്പുവരുത്താനുമാകുക ഒരു വലിയ കലയാണ്, അതൊരു പുണ്യമാണ്. അതിനായി ഉള്ളിൽ ഓർക്കേണ്ട കാര്യങ്ങൾ എന്താണ്?
ദൂരെ കാഴ്ച വേണം - നാം പലതും തുടങ്ങുന്നത് ഈ സ്ഥലത്തെ, ഇന്നത്തെ പ്രശ്ന പരിഹാരത്തിനോ ആവശ്യത്തിനോ മാത്രമാണ്. എന്നാൽ ആ കാൽവയ്പ്പിന് കൂടുതൽ വ്യാപകമായ അർത്ഥവും ആവശ്യവും കാണുമ്പോഴാണ് അതിൻ്റെ തുടർച്ചയും വ്യാപനവും സാധ്യമാകുക. വചനം ആവർത്തിക്കുന്ന ഒരാഹ്വാനമാണ് 'കണ്ണുകൾ ഉയർത്തി ചുറ്റും നോക്കുക' (ഏശയ്യാ 49:18).
വരൾച്ചയുടെ കാലത്ത് പിടിച്ചു നിൽക്കണം - എന്റെയും എൻ്റെ കൂട്ടുകാരുടെയും താല്പര്യം കുറയും, ആവർത്തന വിരസതയോ വളർച്ച ഇല്ല എന്നതൊന്നാലോ ഒക്കെ ഒരു പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഇതിനിടെ മടുപ്പു കൂടാതെ തുടരാനാകണം.
മാറ്റങ്ങൾക്കനുസരിച്ച് വളരണം - വ്യതിയാനങ്ങൾ അനിവാര്യമാണ്. ക്രിയാത്മകമായി അവയോട് പ്രതികരിക്കാൻ ദൈവാത്മ പ്രേരണയ്ക്ക് ചെവിയോർക്കണം, അതിനനുസരണമായി പ്രവർത്തനങ്ങൾ വ്യത്യാസപ്പെടുത്തണം.
വിവിധ കഴിവുകളും രീതികളും കൈകോർക്കണം - "പെട്ടെന്നു പോകണമെങ്കിൽ തനിയെ പോകുക, ദൂരെ എത്തണമെങ്കിൽ ഒന്നിച്ചുപോകുക". ഒരു നല്ല കാര്യം തുടങ്ങാൻ ചില പ്രത്യേക വരങ്ങൾ മതി, എന്നാൽ അത് തുടരാനും വളരാനും ഏറെ വ്യത്യസ്തമായ നൈപുണ്യങ്ങളും സമീപനങ്ങളും കൈകോർക്കണം. അങ്ങനെയെങ്കിൽ അഭിപ്രായ വ്യത്യാസങ്ങളും ഏറ്റുമുട്ടലുകളും പ്രധാനമല്ലേ? ഒപ്പം സഹിഷ്ണുതയും ശത്രുതകളുടെ ഒന്നിച്ചുവരവും.
അന്വേഷണവും പഠനവും ചർച്ചയും - നല്ല അതുടക്കങ്ങൾ തുടരാനും വളരാനും ചരിത്രത്തേയും മറ്റു പ്രദേശങ്ങളിലെയും മാതൃകകൾ അടുത്തറിയണം നമ്മുടെ കാര്യങ്ങൾ വിശകലന വിധേയമാക്കണം താല്പര്യമുള്ളവർ ഒന്നിച്ചുവന്ന് ചർച്ച ചെയ്യണം. ഇതിൽ നിന്നാണ് ഭാവി പ്ലാനുകൾ ഉരുത്തിരിയേണ്ടത്.
മരിക്കാൻ തയ്യാറായാലേ പുതു ജീവൻ ഉണ്ടാകൂ - ചില കാര്യങ്ങൾ അവസാനിപ്പിക്കാൻ നേതാക്കൾ മാറിക്കൊടുക്കാൻ സ്ഥലം മാറ്റി പുതുതായി തുടങ്ങാൻ ഒക്കെ ഒരു സമയമുണ്ട്. വിത്ത് നിലത്തു വീണ് അഴിയണം എങ്കിലേ ശരിയായ തുടർച്ച സാധ്യമാകൂ.
ചുരുക്കത്തിൽ ഇടതടവില്ലാത്ത മാറ്റമല്ലേ മാറ്റമില്ലാത്ത തുടർച്ച? വ്യക്തി ജീവിതത്തിലും ജീസസ് യൂത്ത് മുന്നേറ്റത്തിലും ദൈവാത്മാവിന്റെ പ്രവർത്തനവും അതുതന്നെയാണ്.
Comments
Post a Comment