നല്ല ജീസസ് യൂത്തിന്റെ ചില തീവ്ര പ്രലോഭനങ്ങൾ (MJYR062)

നല്ല ജീസസ് യൂത്തിന്റെ ചില തീവ്ര പ്രലോഭനങ്ങൾ 

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

"ജോൺ പോൾ രണ്ടാമൻ പാപ്പാ അല്മായ ദൗത്യത്തെക്കുറിച്ച് പറയുമ്പോൾ ആധുനീക കത്തോലിക്കർ മറികടക്കാൻ വിഷമിക്കുന്ന രണ്ടു സുപ്രധാന പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായത്തിൽ എന്തായിരിക്കും ആ പ്രലോഭനങ്ങൾ?" പല പഠന വേദികളിലും ആമുഖ ചർച്ചയ്ക്കായി ഞാൻ മുന്നോട്ടുവയ്ക്കുന്ന ഒരു ചോദ്യമാണിത്. 

എന്റെ ചോദ്യത്തിനു  മറുപടിയായി പല ആധുനിക പ്രശ്നങ്ങളും അവർ ഉന്നയിക്കും. സുഖസൗകര്യങ്ങൾക്കായുള്ള മനുഷ്യരുടെ ആർത്തി, ചിലർ അധികാര തൃഷ്ണയെ പറ്റി സൂചിപ്പിക്കും, വളരുന്ന ലൈംഗിക ദുർനടത്തം, അങ്ങനെ പലതും. ചർച്ച തുടരുന്നതിനിടെ ഞാൻ പാപ്പയുടെ "അല്മായ വിശ്വാസികൾ" തുറന്ന് ഖണ്ഡിക - 2 വായിക്കും. ഒന്നാമത്, "സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചുമതലകൾ നിറവേറ്റുന്നതിന് വീഴ്ചവരുംവിധം സഭാപരമായ ശുശ്രൂഷകളും ചുമതലകളും ഏറ്റെടുക്കുവാനുള്ള തീക്ഷ്ണമായ പ്രലോഭനം", പിന്നെ "ജീവിതവും വിശ്വാസവും തമ്മിലുള്ള അകൽച്ച ന്യായീകരിക്കാനുള്ള പ്രലോഭനം".

പലപ്പോഴും പാപ്പയുടെ ഈ വാക്കുകളുടെ ആഴവും പ്രാധാന്യവും പലർക്കും മനസിലാകാതെ പോകാറുണ്ട്. അദ്ദേഹം തുടരുന്നു,   നമുക്ക് സമാന്തരമായി മുന്നേറുന്ന രണ്ടു ജീവിതങ്ങൾ പാടില്ല, ഒരു വശത്ത് 'ആദ്ധ്യാത്മിക ജീവിതം", മറുവശത്ത് "ലൗകിക ജീവിതം". വിശ്വാസവും അവരുടെ അനുദിന ജീവിതവും തമ്മിലുള്ള ഈ പിളർപ്പ് ഇക്കാലത്തെ ഏറ്റവും ഗുരുതരമായ തെറ്റുകളിലൊന്നാണ്" (# 59). ചുരുക്കത്തിൽ വേണ്ടരീതിയിൽ സംയോജിപ്പിക്കപ്പെട്ട ഒരു സുന്ദര ജീവിതമാണ് നമ്മുടെ ആധ്യാത്മിക ലക്ഷ്യം.  

എത്ര സുന്ദരമായ പാത 

ഈയിടെ ജീസസ് യൂത്ത് കോറൽജൂബിലിയോടനുബന്ധിച്ച് ഏറെ രസകരമായ ക്ലസ്റ്റർ സമ്മേളനങ്ങൾ ഉണ്ടായിരുന്നു. 15 - 20 അംഗങ്ങൾ ഒന്നിച്ചുവന്ന നൂറുകണക്കിനു ക്ലസ്റ്ററുകളിലായിരുന്നു പങ്കുവയ്ക്കലുകൾ. ഞാൻ പങ്കെടുത്ത ഗ്രൂപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പ്രായത്തിലുള്ളവരും ഒത്തുചേർന്നു. ജീസസ്സ് യൂത്തിലേക്കുള്ള തങ്ങളുടെ കടന്നു വരവ് എപ്രകാരമാണ്  ജീവിതം മുഴുവനായി കീഴ്മേൽ മറിച്ചത് എന്നാണ് എല്ലാവർക്കും പറയാനുണ്ടായിരുന്നത്, ഒരു പുതു കുടുംബം, ജീവിതത്തിലൊരു പുതു ലക്‌ഷ്യം, മാറ്റം വന്ന പുതു ജീവിതരീതി. വേണ്ടരീതിയിൽ ജീവിതത്തിലെ വിവിധ മേഖലകൾ സംയോജിതമാകുന്നതിന്റെ സൂചനയല്ലേ ഇത്? ഒരാളുടെ ആദ്ധ്യാതിമക, സാമൂഹിക, കുടുംബപരമായ, കഴിവുകളുടെ എന്നുതുടങ്ങി വിവിധ മേഖലകൾ ഒന്നിച്ചുചേർന്നു  മുന്നേറുകയല്ലേ ജീസസ് യൂത്ത് വിഭാവനം ചെയ്യുന്ന വ്യക്തിത്വ വളർച്ച. 

എന്നാൽ സുന്ദരമായ പലതിന്റെയും വികലമായ അനുകരണങ്ങൾ പലപ്പോഴും  ഉണ്ടാകാമല്ലോ. കുറെ വര്ഷങ്ങള്ക്കു മുൻപ് മദ്ധ്യഭാരതത്തിലെ ഒരു പട്ടണത്തിൽ വൈദിക വിദ്യാർത്ഥികൾക്കായി ഒരു ക്‌ളാസിനായി പോയത് ഞാനോർക്കുന്നു. ജീസസ് യൂത്ത് ഇന്നത്തെപോലെ അന്ന് വ്യാപകമായിട്ടില്ല. തൊട്ടടുത്തെ കോളേജിൽ അതുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥി കൂട്ടായ്‌മയുണ്ട് എന്നവർ സൂചിപ്പിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. പിറ്റേ ദിവസം അവരെ പരിചയപ്പെട്ടപ്പോൾ, പ്രധാനമായും കളികളും, മത്സരങ്ങളും സംഘടിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് അവർ എന്ന് മനസിലാക്കി. "ഇങ്ങനെ നിങ്ങൾ ജീസസ് യൂത്ത് ഗ്രൂപ്പായി?" കോളേജിലെ ഒരാൾ കേരളത്തിൽ ചെന്നപ്പോൾ ഒരു ജീസസ് യൂത്ത് ഗ്രൂപ്പിനെ കാണാനിടയായി. ആ സജീവ കൂട്ടായ്മയിലെ സൗഹൃദവും കളികളുമാണ് അയാൾ പ്രത്യേകം ശ്രദ്ധിച്ചത്. തിരിച്ചെത്തി ആ പേരിൽ പ്രധാനമായും കളികൾക്കായി ഒരു ഗ്രൂപ്പും തുടങ്ങി. ഏതായാലും ആ പ്രസ്ഥാനം അധിക നാൾ ജീവിച്ചില്ല.

മുന്നേറ്റത്തിന്റെ തനിമയെക്കുറിച്ച് അതിന്റെ സ്റ്റാറ്റിയൂട്ട്സ് വ്യക്തമാക്കുന്നുണ്ട്. "ക്രിസ്തുവിൽ കണ്ടെത്തിയ ജീവന്റെ തികവും ആനന്ദവും ചൈതന്യവും ജീവിക്കുകയും സമകാലിക ജീവിത സാഹചര്യങ്ങളിൽ സുവിശേഷം പങ്കുവയ്ക്കുകയും ചെയ്യുന്നതിന് മുന്നേറ്റം നൽകുന്ന പ്രാമുഖ്യമാണ് ജീസസ് യൂത്ത് പ്രതിനിധാനം ചെയ്യുന്നത്". ഓരോ വ്യക്തിയും ഈശോയോടൊപ്പമുള്ള ജീവിതത്തിന്റെ സൗന്ദര്യവും ആനന്ദവും കണ്ടെത്തണം. അതിൻ്റെ ലഹരി ചോർന്നുപോകാതെ അയാൾക്ക് അത് ചുറ്റുപാടുമുള്ളവരുമായി പങ്കുവയ്ക്കാനുമാകണം.

ലക്ഷ്യം കൈവിട്ടാൽ 

പ്രലോഭനങ്ങൾ നിരപ്പായ വഴിയിലെ കുഴികൾ പോലെയാണ്, അല്ലെങ്കിൽ തീർത്ഥയാത്രയ്ക്കിടയിലെ ചില വഴിതെറ്റാനുള്ള സാദ്ധ്യതകൾപോലെ. അവയിൽ പെട്ടുപോയാൽ മുന്നോട്ടുള്ള യാത്ര പ്രയാസമാകും. ജീസസ് യൂത്ത് യാത്ര, അത് ഒരു വ്യക്തിയുടെതോ അല്ലെങ്കിൽ കൂട്ടായ്മയുടേതോ ഒക്കെ ആകുമ്പോഴും മുന്നേറ്റം കാണിച്ചു തരുന്ന സുന്ദര ലക്ഷ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്ന ചില കാര്യങ്ങളിൽ കണ്ണുടക്കിപോകാൻ ഇടയുണ്ട്.. ഈ താല്കാലിക ആകർഷണങ്ങൾ പലതും ഒരു പരിധിവരെ പലർക്കും വളരെ നന്നായി തോന്നുകയും ചെയ്യും. ഇങ്ങനെ 'ശ്രദ്ധ തിരിച്ചുവിടുന്ന ഏഴുകാര്യങ്ങൾ'  ഞാൻ താഴെ കുറിക്കുന്നു: 

1. ഒരു കേവല ഭക്തി പ്രസ്ഥാനമായി മുന്നേറ്റത്തെ മാറ്റുക. ഭക്താചാരങ്ങൾ വളർത്താനും പ്രാർത്ഥനകളുടെ എണ്ണം തികയ്ക്കാനും, നിയോഗങ്ങൾ നേടിയെടുക്കാനും ഒക്കെയുള്ള ഒരു വേദിയായി മാത്രം ചിലർ ജീസസ് യൂത്തിനെ തെറ്റിദ്ധരിക്കുമ്പോൾ ലക്‌ഷ്യം അവർ കൈവിട്ടുപോകുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. യേശുവുമായി ഊഷ്മള ബന്ധം വളർത്താനും ശ്രവണ പാതയിൽ വളരാനും മുന്നേറ്റം നൽകുന്ന ഊന്നലുകളെല്ലാം മറന്ന് യാന്ത്രിക ആചാരങ്ങളുടെ ഒരു ആദ്ധ്യാത്മികതയിൽ ഒതുങ്ങുന്നത് ത്രീത്വയ്ക ജീവിതത്തിന്റെ വലിയ സന്തോഷം രുചിക്കുന്നതിന് തീർച്ചയായും തടസ്സമാകും. 

2. പ്രവർത്തനപരതയുടെയും പ്ലാനിങ്ങിന്റെയും തിരക്കിൽ പെടുക. ഉള്ളിനെ മറക്കുന്ന ചെയ്തുകൂട്ടലുകൾ നമ്മെ മുരടിപ്പിക്കും. വളർച്ചയുടെ സുരക്ഷിത പാതയായി ജീസസ് യൂത്ത് കാണുന്നത് ആന്തരീക ജീവിതത്തിനുള്ള സാവകാശവും സന്തോഷം തുളുമ്പുന്ന ബന്ധങ്ങളുടെ പോഷണവുമാണ്. ഈ ആനന്ദ തീർഥാടനത്തിന്റെ സഹായികൾ മാത്രമാകണം നമ്മുടെ പ്രോഗ്രാമുകൾ.

3. യുവത്വവുമായും ഇന്നത്തെലോകവുമായും നമുക്കുള്ള ബന്ധം വിഛേദിക്കുക. പുതു മുകുളങ്ങൾ മുന്നേറ്റത്തെ പച്ചപ്പോടെ നിലനിർത്തുന്നു.  കണ്ണും കാതും കരളും ആത്മാവിന്റെ നിമന്ത്രണങ്ങൾക്കായി തുറക്കുമ്പോഴാണ് പുതു കൽവയ്പുകൾ ഉണ്ടാകുക. 'കാലത്തിന്റെ സൂചനകൾ' കണ്ട് പ്രത്യുത്തരിക്കുമ്പോഴും യുവാക്കളുടെ ജീവിതത്തോട് അടുത്തിടപഴകുമ്പോഴും ജീസസ് യൂത്ത് സജീവവും പ്രസക്തവുമാകുന്നു.

4. വ്യക്തികൾക്കും ബന്ധങ്ങൾക്കും നൽകുന്ന അതിൻ്റെ പ്രത്യേക ഊന്നൽ മറക്കുക. മറ്റുള്ളവരെ കണ്ടുമുട്ടുകയും ബന്ധങ്ങൾ വളർത്തുകയും ചെയ്യുന്നതിന്റെ വലിയ സന്തോഷം മങ്ങാൻ തുടങ്ങുമ്പോൾ ജീസസ്യൂത്ത് ജീവൻ കൈമോശം വന്ന ഒരു യാന്ത്രികസ്ഥാപനമായി അധഃപ്പതിക്കും.

5. സ്നേഹസമൂഹം കെട്ടിപ്പടുക്കുന്നതിൽ വീഴ്ചവരുത്തുക. ഏറ്റം ദുഷ്കരമായ ആദ്ധ്യാത്മിക അഭ്യാസം എന്താണ്? സ്നേഹത്തിന്റെ പാതയിൽ  വളരുകയും നിലനിൽക്കുന്ന കൂട്ടായ്മ കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതു തന്നെ. ഈ ലക്ഷ്യത്തോടെയുള്ള അനേക ചെറുപടികളാണ് യഥാർത്ഥത്തിൽ ക്രിസ്തുശരീരം പടുത്തുയർത്തുന്നത് എന്ന് നാം പലപ്പോഴും മറന്നുപോകും. 

6. പാവങ്ങളെ മറക്കുക. 'പാവങ്ങളെപ്പറ്റി ചിന്തവേണം' എന്നാണല്ലോ വചനോപദേശം. വിവിധ ആവശ്യങ്ങളാൽ വിഷമിക്കുന്നവരുടെ  അയൽക്കാരനാകുക എന്നതു മുന്നേറ്റത്തിലെ പ്രത്യേക ഊന്നലാണല്ലോ.

7. മിഷനറി ഊന്നൽ കൈവിടുക. ദൈവരാജ്യം പടുത്തുയർത്തുന്നതിന് ഓരോ വ്യക്തിക്കുമുള്ള തനതു പാത കണ്ടെത്താൻ അയാളെ പ്രത്യേകമായി സഹായിക്കുക എന്നത് മുന്നേറ്റത്തിൽ ഏറെ പ്രധാനപെട്ടതാണ്. അങ്ങനെ പുതുപുത്തൻ രീതികളും വഴികളും രൂപപ്പെടുന്നത് ജീസസ് യൂത്ത് അദ്ധ്യാത്മികതയുടെയും ജീവിത ശൈലിയുടെയും ഹൃദയഭാഗം തന്നെയാണ്.

ഈ പ്രലോഭനങ്ങളെ പറ്റി സൂചിപ്പിക്കുമ്പോൾ  മാർത്തയുടെയും മാറിയത്തിന്റെയും കഥയിൽ മർത്തയുടെ പരാതിക്ക് യേശു നൽകുന്ന പ്രത്യുത്തരം ഏറെ ഉൾക്കാഴ്ച നൽകുന്നതാണ്. ഒരു നന്മപ്രവൃത്തി ഒരു പ്രത്യേക സാഹചര്യത്തിലും പശ്ചാത്തലത്തിലും അത്ര ഉൽകൃഷ്ടമാകണമെന്നില്ല. ഏറെ നന്മയുള്ള ഒരു വലിയ കാര്യം ഒരു പ്രത്യേക ചുറ്റുപാടിൽ വലിയ ശ്രദ്ധ തിരിച്ചുവിടലോ പുരോഗതിക്ക് തടസ്സമോ ആകാം. യേശുനാഥൻ മറിയത്തെ അഭിനന്ദിക്കുന്നത് കൃത്യമായ വിവേചനത്തോടെ ആ സമയത് വേണ്ടിയിരുന്ന ഒരു നല്ല കാര്യം വ്യക്തതയോടെ  തെരഞ്ഞെടുത്തതിനാണ്. ജീസസ് യൂത്തിൻ്റെ നല്ല ലക്ഷ്യങ്ങൾ കൈമോശം വരാതെ  കൃത്യതയോടെ മുന്നേറാൻ നമുക്കും സാധിക്കട്ടെ.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)