സംസ്കാരങ്ങൾ കൈകോർക്കുന്ന കൂട്ടായ്മകൾ എത്ര രസകരം! (MJYR067)
സംസ്കാരങ്ങൾ കൈകോർക്കുന്ന കൂട്ടായ്മകൾ എത്ര രസകരം!
ജെ-വൈ മിഷനറി സമീപനത്തിന്റെ സുപ്രധാന ചേരുവയാണ് സാംസ്‌കാരിക വൈവിധ്യം.
(By Dr. Edward Edezhath - Published in Kairos Malayalam in 2021)
"നിങ്ങളുടെ ഗ്രൂപ്പിൽ എല്ലാ തരക്കാരുമുണ്ട്. നഗര നാട്ടിന്പുറ വ്യത്യാസമില്ലാതെ, ഇംഗ്ലീഷും മലയാളവും പറയുന്ന, പരിഷ്കാരികളും സാധാരണക്കാരും വിദ്യാഭ്യാസത്തിൽ മുന്പന്തിയിലുള്ളവരും അതില്ലാത്തവരും, എല്ലാത്തരക്കാരും ഇവിടെ ഒത്തുവരുന്നു. പാട്ടുകളും അതുപോലെ, പാശ്ചാത്യ ഗാനങ്ങളും നാട്ടിലെ പാട്ടുകളും." യുവജന സംഘാടനത്തിന്റെ ആദ്യകാലങ്ങളിൽ അത് കണ്ടു പഠിക്കാൻ മദ്രാസിൽ നിന്നുവന്ന മാനുവലിന് ഇതെല്ലാം അതിശയകരമായിരുന്നു. അവിടെ നാടൻ തമിഴ് യുവാക്കളും പട്ടണങ്ങളിലെ യുവജനങ്ങളും വ്യത്യസ്ഥ ഗ്രൂപ്പുകളിൽ ഒത്തുകൂടിയതു മാത്രമല്ല, പാട്ടുകളും ശൈലികളും എല്ലാം സമാന്തര പാതയിലായിരുന്നു. വിചിത്രമെന്നു പറയട്ടെ, സാംസ്കാരിക തനിമയിൽ ഊന്നിയ ഗ്രൂപ്പുകൾ ക്രമേണ അപ്രത്യക്ഷമായി, എന്നാൽ ജീസസ് യൂത്ത് അതിൻ്റെ സാംസ്കാരിക കണ്ടുമുട്ടലിൻറെ സമീപനത്തിൽനിന്ന് ഊർജ്ജം ഉൾകൊണ്ട് ഇന്നും വളരുന്നു.
വൈവിധ്യമാർന്ന ഉൾച്ചേരലിന്റെ ദീർഘവും സങ്കീർണതയാർന്നതുമായ യാത്ര തുടരാനാണ് നാനാത്വങ്ങളുടെ പിതാവ് നമ്മെ ക്ഷണിക്കുന്നത്. അതോടൊപ്പം ഇക്കാലത്ത് എല്ലാദിക്കിലും ഈ സമീപനം ഒഴിച്ചുകൂടാനാവാത്തതുമായിരിക്കുന്നു എന്ന് നാമെല്ലാം അറിയുകയുംചെയ്യുന്നു.
എന്താണ് സാംസ്കാരിക വൈവിധ്യങ്ങളുടെ ഉൾച്ചേർക്കൽ?
ബൈബിളിൽ ദൈവരാജ്യ ചൈതന്യവും ശൈലിയും വ്യത്യസ്ത സംസ്കാരങ്ങളുടെ ഉൾപ്പൊരുത്തമുള്ള ഒത്തുവരായാണ് അവതരിപ്പിക്കപ്പെടുന്നത്. 'ചെന്നായയും ആട്ടിൻകുട്ടിയും, പുള്ളിപ്പുലിയും കോലാട്ടിൻകുട്ടിയും, പശുക്കിടാവും സിംഹക്കുട്ടിയും ഒത്തുകൂടി ഒരു ശിശു അവയെ നയിക്കും' (ഏശ 11:6). സാധാരണഗതിയിൽ ഒത്തുപോകാത്തവയുടെ ഈ ഉൾച്ചേരൽ ആദ്യകാലം മുതലേ ഞങ്ങളുടെ കൂട്ടായ്മകളെ വ്യതിരിക്തമാക്കി. ചെറുപ്പക്കാരും മുതിർന്നവരും, വിദ്യാർത്ഥികളും ജോലിക്കാരും, ഇംഗ്ലീഷ് മാത്രം അറിയുന്നവരും അതൊട്ടും അറിയാത്തവരും, പട്ടണവാസികളും ഗ്രാമങ്ങളിൽ നിന്നുള്ളവരും ഒക്കെ ഒരു കൂട്ടായ്മയിൽ! ഒരു ദിവസം നേതൃനിരയിലെ ഒരാളായ മേരിക്കുട്ടി എന്നെ വിളിച്ചു ചോദിച്ചു, 'എഡ്ഡി, നമ്മുടെ ഗ്രൂപ്പ് ലത്തീനോ സീറോ മലബാറോ?' സഭയിലെ വൈവിധ്യങ്ങൾ കൈകോർക്കുന്നതും വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു കാര്യം വ്യക്തമായിരുന്നു വൈവിധ്യങ്ങൾ ഉൾച്ചേരുന്ന ഒരുമയാണ് ദൈവത്തിന്റെ സുന്ദര പദ്ധതി, ആ ദർശനത്തോടെ നേതൃനിരയിലുള്ളവർ ബോധപൂർവം പ്രവർത്തിക്കുകയും ചെയ്തു.ചുറ്റുപാടും ഒന്നു കണ്ണോടിച്ചേ, വർഗ്ഗ വർണ്ണ വൈവിധ്യങ്ങൾ പല ദേശവാസികൾ ഇന്ന് നമുക്കുചുറ്റും ഇടകലരുന്നു. മുൻപൊന്നും അങ്ങനെയായിരുന്നില്ല, പക്ഷെ ഇന്ന് കുടിയേറ്റവും സംസ്കാരസങ്കലനവും ആഗോള ശൈലിയായി കഴിഞ്ഞിരിക്കുന്നു. എന്നാൽ അനേകർക്ക് ഇതെല്ലാം ഏറെ ആകുലതയ്ക്കുള്ള കാരണങ്ങളാണ്, അവരിൽ ചിലർ തങ്ങളുടെ സാംസ്കാരിക മാടങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. എന്നാൽ, മിഷനറി സഭയ്ക്കും ആത്മനിറവുള്ള ജീസസ് യൂത്തിനും ഈ പുതു പ്രവണതകൾ ആവേശകരമായ സാധ്യതകൾ തന്നെ.
ഇന്നത്തെ സാമൂഹിക മാറ്റങ്ങളോടുള്ള സഭയുടെ പ്രത്യുത്തരമാണ് സാംസ്കാരിക വൈവിധ്യം. യേശുനാഥൻ ശിഷ്യർക്ക് "പോയി എല്ലാ ജനതകളെയും ശിഷ്യപെടുത്തുവിൻ" എന്ന വെല്ലുവിളി നൽകി. ആരുടെയോ വിചിന്തനം കേട്ടു, "ഇന്ന് മുമ്പൊരിക്കലും ലഭ്യമാകാതിരുന്ന സാധ്യതകൾ നമുക്കുണ്ട്. വിവിധ ജനതകളും സംസ്കാരങ്ങളും നമ്മുടെ അയൽപക്കത്തുതന്നെ ഉണ്ട്. ക്രിസ്തുവിനെ കണ്ടുമുട്ടാനും അവനിൽ വളരാനും നാം അവരെ ഒരു സ്നേഹ സമൂഹത്തിലേക്ക് വിളിച്ചാൽ മതി." ആ തുറവിയാണ് സാംസ്‌കാരിക വൈവിധ്യം. "സുവിശേഷത്തിന്റെ സന്തോഷ"ത്തിൽ ഫ്രാൻസിസ് പാപ്പ ഇതിന് അടിവരയിടുന്നു, "ഈ പുതിയ മാര്ഗങ്ങളുടെമേൽ വെളിച്ചം വീശാനും മൂല്യങ്ങൾ പ്രചോദിപ്പിക്കാനും കഴിവുള്ള ഒരു സുവിശേഷവത്കരണമാണ് ഇപ്പോൾ ആവശ്യമായിരിക്കുന്നത്. . . നഗരങ്ങളിൽ പല സംസ്കാരങ്ങളുണ്ട്. . . പ്രയാസമുള്ള ഒരു സംവാദത്തിന്റെ സേവനത്തിലായിരിക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്." (74)
അന്യരെ സ്വാഗതം ചെയ്യാൻ നമ്മെ തടസ്സപ്പെടുത്തുന്നതെന്ത്?
'സെനോഫോബിയ' എന്ന പദത്തിനർത്ഥം സാംസ്കാരികമായി വ്യത്യസ്ഥരായുള്ളവരോടുള്ള ഭയം വെറുപ്പ് എന്നൊക്കെയാണ്. നമ്മുടെ ആധ്യാത്മികതയെയും ഇത് കേറിപ്പിടിച്ചേക്കാം. അപ്പോൾ നാമും യേശുവിൽ കുറ്റമാരോപിക്കുന്ന ഫരിസേയരെ പോലെയാകും (മത്താ 9:11). എന്നിട്ട് ബന്ധങ്ങൾ തീർക്കുന്ന വഴികളും പാലങ്ങളും പണിയുന്നതിനെതിരെ എല്ലാ തടസ്സ വാദവും നാമുയർത്തും. വിവിധ സംസ്കാരങ്ങൾ ഉൾച്ചേരുന്ന കൂട്ടായ്മകൾ രൂപപ്പെടുത്തുന്നതിനുള്ള ചില തടസ്സ വാദങ്ങൾ എന്തൊക്കെയാകാം?
ആഴവും പക്വതയുമാണ് പ്രധാനം: "പുതിയ ആളുകളെ കൊണ്ടുവരല്ലേ! നമ്മുടെ ആധ്യാത്മിക ആഴങ്ങൾ അവർക്കില്ല." നമുക്ക് അപരിചിതമായ സംസ്കാരത്തെ ആത്മീയ ഭാഷയിൽ നാം തിരസ്കരിക്കും.
ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള സങ്കുചിത ചിന്ത: നമ്മുടെ ഗ്രൂപ്പുകൾ പലപ്പോഴും നമ്മെ പോലെയുള്ള കുറച്ചു പേർക്ക് മാത്രം പറ്റിയ പരിപാടികളും, പ്രാർത്ഥനാ രീതികളും പ്രവർത്തനങ്ങളും ഒക്കെയായി മുന്നേറും. എന്നാൽ ഒരു വിശാല ലോകത്തിനോ മറ്റാളുകൾക്കോ അവിടെ ഒരിടവും ഉണ്ടാകുകയുമില്ല.
മുൻവിധികൾ: "അവരെല്ലാം പ്രത്യേക തരം ആളുകളാണ് . . . അവർക്ക് സ്വന്തം കാര്യമേ ഉള്ളൂ . . . അവർ നിർബന്ധ ബുദ്ധിക്കാരാണ്". ചുറ്റുപാടുമുള്ള ഓരോ ജന വിഭാഗത്തെക്കുറിച്ചും നമുക്ക് ചില ചിന്തകളുണ്ട്. എല്ലാവരും സ്നേഹ പിതാവിൻ്റെ മകനും മകളും ആണെന്ന അറിവിൽ ഊന്നിയ ഒരാധ്യാത്മികത നമ്മെ വെല്ലുവിളിക്കുവോളം നാം അങ്ങനെ തുടരുകയുംചെയ്യും.
മത്സര ചിന്ത: നമ്മുടെ ആത്മീയ യാത്രയിൽ പോലും നമ്മുടെ പരിശ്രമം മുഴുവൻ നാം മറ്റുള്ളവരെക്കാൾ നല്ലവരെന്ന് തെളിയീക്കുക മാത്രമാകാം. നമ്മുടെ മിനിസ്ട്രികളും ഗ്രൂപ്പുകളും ഈ ഒരു മത്സര ചിന്തയോടെ കെട്ടിപ്പടുക്കുമ്പോൾ ഒരു തുറവിയുടെ ശൈലി ഇല്ലാതാകുകയും ചെയ്യും.
അങ്ങനെ എത്രയെത്ര 'അകറ്റുന്ന' കാര്യങ്ങൾ നമ്മുടെ കൂട്ടായ്മയിൽ സാംസ്കാരിക 'തനിമ' നിലനിർത്താൻ ഇടയാക്കുന്നു. എന്നാൽ ഭയം, നിർമമത എന്നിവയ്ക്ക് എതിർവാക്യം സംവാദമാണ്. ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ, " 'സംവാദം' എന്ന ഒറ്റ വാക്കിൽ കടന്നുചെല്ലുക, സംസാരിക്കുക, കേൾക്കുക, നോക്കുക, പരിചയപ്പെടുക, മനസിലാക്കുക, പൊതുഇടം കണ്ടെത്തുക, എന്നിവയെല്ലാം ഉൾക്കൊള്ളുന്നു" (സോദരർ സർവ്വരും, 198).
ഒന്നിച്ചു ചേർക്കുന്ന സംസാരരീതി
ഈയിടെ കാനഡ ജെ-വൈ അവിടത്തെ ഗ്രൂപ്പുകൾ എങ്ങനെ കുറേക്കൂടെ സംസ്കാരങ്ങൾ ഉൾച്ചേരുന്നതാകാം എന്ന കാര്യം ചർച്ച ചെയ്യാൻ ഒത്തുകൂടി. അതിനിടെ ടിംസൺ ഒരോർമ പങ്കുവച്ചു, "ഇന്ത്യയിൽ ആയിരിക്കുമ്പോൾ ഉണ്ടായ ഒരനുഭവം, ഓൺലൈൻ ഗ്രൂപ്പിൽ വിവിധ ഭാഷക്കാരുണ്ടായിരുന്നെങ്കിലും കൂടുതൽ പേർ മലയാളികളായിരുന്നു. അതിനാൽ തന്നെ പലരും തമാശകൾ മലയാളത്തിൽ പങ്കുവയ്ക്കും. കൂടുതൽ പേർ അത് ആസ്വദിക്കും, പക്ഷെ കുറച്ചുപേർ ഒന്നും മനസിലാകാതെ നിർവ്വികരരാകേണ്ടിവരും. ഇത് കണ്ട് അനേകർക്ക് വിഷമം തോന്നി. അവസാനം അവിടത്തെ നേതൃ ടീ൦ ഇടപെട്ടു. ഒന്നുകിൽ പ്രാദേശിക ഭാഷയായ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ പാടുള്ളൂ എന്ന് കൃത്യം നിർദ്ദേശം വന്നു. തുടർന്ന് എല്ലാ ഗ്രൂപ്പുകളും ഭാഷാ ഉപയോഗം ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നെ താമസിയാതെ അത്ഭുതം സംഭവിച്ചു, പ്രാദേശിക നേതൃത്വം പെട്ടെന്ന് വളർന്നു. ഞങ്ങൾക്ക് അവിടത്തെ വംശജനായ കോർഡിനേറ്ററും ഉണ്ടായി!"
മറ്റുള്ളവരെ ഉൾകൊള്ളുന്ന രീതി ദൃശ്യമാകുന്നത് നാം മറ്റുള്ളവരുമായി ഇടപഴകുന്ന രീതിയിലാണ്. മറ്റൊരാളുടെ ഭാഷ ഉപയോഗിക്കാനുള്ള പരിശ്രമം വലിയൊരു കാൽവയ്പ് തന്നെയാണ്, എന്നാൽ നാം അതിനും അപ്പുറം പോകേണ്ടിവരും. ഒരാളെ ശ്രവിക്കുന്നതും, മറ്റൊരു സാംസ്‌കാരിക പശ്ചാത്തലത്തിലുള്ള ഒരാൾക്ക് സ്വീകരിക്കപ്പെട്ടെന്ന അനുഭവം പകരുന്നതും കൂട്ടായ്മയിൽ ഒന്നാകാൻ സഹായിക്കുന്നതും ഒക്കെ അടുത്ത പടികളാണ്. ഇത് വിപുലമായ രീതിയിൽ ഞാൻ കണ്ടത് തെയ്‌സെ സമൂഹത്തിൽ അവരുടെ ജീവിത ശൈലിയിലും പ്രാർത്ഥനയിലും ആണ്. സുവിഷേശവൽക്കരണം അവിടെ ശക്തമാണ് എന്നാൽ അത് അസഹിഷ്ണുതയുള്ളതോ വിരസമായ ഉപദേശ രീതിയോ അല്ല. പലപ്പോഴും 15 - 20 പേരടങ്ങുന്ന ഗ്രൂപ്പുകളിൽ വിവിധ ഭാഷ പറയുന്ന ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ഉള്ളവരുമുണ്ടാകും. ഒരാൾ സംസാരിക്കുമ്പോൾ പടിപടിയായി അത് വിവിധ ഭാഷകളിൽ മൊഴിമാറ്റം നടക്കും. എല്ലാവരും മനസിലാക്കി എന്ന് ഉറപ്പുവരുത്തും. നാം എളുപ്പ വഴി തേടിയേനെ. ഓരോ ഭാഷാ ഗ്രൂപ്പുകളാക്കി തിരിച്ചാൽ എത്ര എളുപ്പമായിരുന്നു! വേണ്ട! ഇതാണ് അംഗീകാരത്തിന്റെയും കൂട്ടായ്‌മ കെട്ടിപ്പടുക്കുന്നതിന്റെയും വഴി. ഇവിടെ സംസാരം സാവധാനമാകും, അധികം പറയാനാകുകയുമില്ല. എന്നാൽ ഇത് മറ്റൊരു വലിയ അനുഭവമാണ്. അത് ദൈവസ്നേഹത്തിന്റെ പുതിയൊരു പ്രകാശനമാകുകയും ചെയ്യും.
(ഈ ചിന്തകൾ തുടരണം)
Comments
Post a Comment