ജീസസ് യൂത്ത് 85: ഒരു സ്വപ്ന സാക്ഷാത്ക്കാരവും ഭാവിയുടെ ഉകവിത്തും (MJYR059)
ജീസസ് യൂത്ത് 85: ഒരു സ്വപ്ന സാക്ഷാത്ക്കാരവും ഭാവിയുടെ ഉകവിത്തും
(By Dr. Edward Edezhath - Published in Kairos Malayalam in 2020)
കഴിഞ്ഞ മാസം കേരള താലന്ത് മിനിസ്‌ട്രികളുടെ നേതൃത്വം ഒത്തുചേർന്നപ്പോൾ ഇനി എങ്ങനെ മുന്നേറണം എന്നതിനെപ്പറ്റി ചിന്തകൾ പങ്കുവയ്ക്കാൻ എന്നോടാവശ്യപ്പെട്ടു. സംഗീതം, കല, നാടക, മാധ്യമ മേഖലകളിലെ ജീസസ് യൂത്ത് പ്രവർത്തകർ കുറെ നാളായി സജീവമായി മുന്നേറുന്നു. 'ഇനി എന്ത്?' എന്നൊരു ചോദ്യവുമായാണ് ഇപ്പോൾ അവർ ഒത്തുകൂടിയത്. ഒരു കാര്യം ഞാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്, ഏതൊരു പ്രവർത്തനവും കുറച്ചുനാൾ സജീവമായി മുന്നേറും. പിന്നെ ഒരു മാന്ദ്യവും അവ്യക്തതയും ഉണ്ടാകും. എല്ലാ ആവേശവും നഷ്ടപ്പെട്ട് പ്രവർത്തനങ്ങൾ ഫലരഹിതമാകുന്നു എന്നുതോന്നുന്ന ആ ഘട്ടം ഒന്ന് ശാന്തമായിരുന്നു ദർശന വ്യക്തത ഉണ്ടാക്കാനുള്ള സമയമാണ്.
ത്യശൂർ വിമല കോളേജിൽ 1985 ലെ ആദ്യപകുതിയിൽ ഒരു സന്ധ്യാവേളയിലെ ഒത്തുചേരലിന്റെ ഓർമകളാണ് ഞാൻ അവരുമായി പങ്കുവച്ചത്. വർഷാവസാന സമ്മേളന പ്രോഗ്രാം തീരുമാനിക്കാൻ 6 പേരാണ് അന്ന് ഒത്തുചേർന്നത്. പ്രോഗ്രാം കോഓർഡിനേറ്റർ ജോസ് ജേക്കബും അംഗങ്ങളായ ഫാ. ജോസ് പാലാട്ടി, സി. ക്ലിയോപാട്ര, ആലീസ്കുട്ടി, കൺവീനറായ ഞാനും ഞങ്ങളുടെ സൗകര്യങ്ങൾ ഒരുക്കാൻ സി. ക്രിസലോഗയും. മാസങ്ങളായി 'ഫസ്റ്റ് ലൈൻ' ഗ്രൂപ്പിൽ ഉരുത്തിരിഞ്ഞ അനേക നിർദ്ദേശങ്ങളുമായാണ് ഞങ്ങൾ ഒത്തുവന്നത്. പ്രോഗ്രാമിന് ഒരു പേര്, വിഷയങ്ങൾ, പ്രോഗ്രാം രീതികൾ, ഒരുക്കങ്ങൾ അങ്ങനെ പലതും. ആദ്യമേ തന്നെ പേരിനെ കുറിച്ചുള്ള ചർച്ചയായി. പെട്ടന്നായിരുന്നു പാലാട്ടി അച്ചന്റെ ഇടപെടൽ, 'ജീസസ് യൂത്ത് എയ്റ്റി ഫൈവ്' എന്നു വിളിച്ചാലോ? ഒരു മാർച്ചിങ്ങ് ഗാനം പോലെ ചെറുപ്പക്കാർക്ക് 'റ്റാൻറ്ററാറ, റ്റാൻറ്ററാറ' എന്ന് താളത്തിൽ പറയാനും പറ്റും'. എല്ലാവരും പൊട്ടിച്ചിരിച്ചു, അത് അംഗീകരിക്കുകയും ചെയ്തു. എൻ്റെ ചെറിയ നോട്ടുപുസ്തകത്തിൽ ഞാൻ ഉടൻ കുറിച്ചു എന്നിട്ട് എല്ലാവരുമായി പങ്കുവച്ചു. 'എങ്കിൽ ആദ്യദിവസം 'യൂത്ത് വേൾഡ് 85' രണ്ടാ൦ ദിവസം 'ജീസസ് വേൾഡ് 85' അവസാനം 'ജീസസ് യൂത്ത് 85'; ആദ്യം ചുറ്റുപാടും നോക്കുക, പിന്നെ കർത്താവിന്റെ പ്ലാനുകൾക്ക് ചെവിയോർക്കുക അവസാനം നമ്മുടെ ഇന്നത്തെ ദൗത്യം കൈയ്യേൽക്കുക'. എന്നോടോപ്പമിരുന്ന യുവനേതാക്കളോട് ഞാൻ പറഞ്ഞത് ഈ പടികൾ ആ കോൺഫറൻസിന്റെ മാത്രമല്ല പിന്നീട് ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ തുടരുന്ന ദര്ശനത്തിന്റെ തന്നെ മൂലക്കല്ലുകളായി. അതിനെ തുടർന്നുണ്ടായ ചർച്ചകൾ കൃത്യമായ ഒരു ഭാവി പദ്ധതിക്ക് അടിത്തറയായി.ഒരു നീണ്ട യാത്രയുടെ പരിസമാപ്തി
പിന്നിൽ പ്രവർത്തിച്ച ഞങ്ങളിൽ പലർക്കും 'ജീസസ് യൂത്ത് 85' ഏതാണ്ട് 10 വർഷം നീണ്ട യാത്രയുടെ പൂർത്തീകരണമായി. 1978 ലെ ആദ്യ യുവജന സംഗമം തന്നെ പല ധ്യാനങ്ങളുടെ, ശ്രുംഖല പണിയലിന്റെ, പരിശീലനങ്ങളുടെ ഒക്കെ ഫലമായിരുന്നു. ഒരു ഏകോപന സംവിധാനവും 14 സോണുകളും ഒക്കെ അന്ന് തയ്യാറായി. അതെ തുടർന്ന് ചർച്ചകളിൽ ഉരുത്തിരിഞ്ഞ ഒരു ദര്ശന രേഖയും നേതൃ പരിശീലനവും ഒരു തുടർച്ച ഉറപ്പുവരുത്തി.
ആ 'അടിസ്ഥാന രൂപീകരണ’ വത്സരങ്ങളിലെ രണ്ട് പ്രത്യേകതകൾ, ഒന്ന്, വലിയൊരു നയിക്കപ്പെടലിന്റെ അനുഭവവും, പിന്നെ കറയില്ലാത്ത സൗഹൃദ ശ്രുംഖലയുടെ ഉരുത്തിരിയലുമായിരുന്നു. അന്നത്തെ എത്രയോ സുന്ദര സന്ദേശങ്ങൾ ഇന്നും മുന്നേറ്റത്തിന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. എറണാകുളം വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ 1981 ഒക്ടോബർ 11 ന് 175 പേർ ഒത്തുചേർന്ന ഒരു സുന്ദര കൂട്ടായ്മയിലേതായിരുന്നു അതിലൊന്ന്. എങ്ങനെ മുന്നേറണം എന്നു വിവേചിക്കാൻ അങ്ങോളമിങ്ങോളം ഒത്തുചേർന്ന വിവിധ കൂട്ടായ്മകളിൽ ഒന്നായിരുന്നു അത്. അന്നത്തെ രണ്ടു ദർശന സന്ദേശങ്ങളിലൂടെ ഇത് വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമാണെന്നും, സഭയിൽ പ്രകാശം പരത്താൻ പടിപടിയായി നയിക്കുമെന്നും ഉള്ളൊരു വ്യക്തത ഉണ്ടായി.
മറ്റൊരു വലിയ കൽവയ്പ് 1982 ജൂലൈ 25 ന് തേവര കോളേജിൽ വച്ചു നടന്ന 200 ഓളം നേതാക്കളെ ഒന്നിച്ചു ചേർത്ത പരിശീലനത്തിന്റെ അവസാനമായിരുന്നു. ആലീസ്കുട്ടിയുമായുള്ള ചർച്ചയിൽ രൂപപ്പെട്ട ഒരു ലിസ്റ്റുമായി ഒരു കുടുസു മുറിയിലിരുന്ന് ഓരോരുത്തരെ വിളിച്ച് ഒന്നിച്ചു വളരുന്ന ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ ഇഷ്ടമാണോ എന്നൊരു ചോദ്യം. ഒന്നൊഴിയാതെ 18 പേരും വ്യക്തമായി 'അതെ' എന്നു പറഞ്ഞു. വർഷങ്ങൾ തുടർന്ന 'ഫസ്റ്റ് ലൈൻ' കൂട്ടായ്മയുടെ തുടക്കമായിരുന്നു അത്. എല്ലാ മൂന്നാം വാരാന്ത്യങ്ങളിൽ ആദ്യമെല്ലാം വിദ്യാനികേതനിലും പിന്നെ തുടർച്ചയായി സ്നേഹനിലയത്തിലും കൃത്യമായി ഒന്നിച്ചുകൂടി പങ്കുവച്ച് ആ ജ്വാല എല്ലാ സോണിലുമെത്തിച്ച് യുവജനങ്ങളെ പടുത്തുയർത്തിയ കൂട്ടായ്മ. അവിടെ വിരിഞ്ഞ സ്വപ്നങ്ങളുടെ പൂർത്തീകരണമായി 'ജീസസ് യൂത്ത് 85' എന്ന ഏറെ വ്യത്യസ്തയാർന്ന യുവ സംഗമം.
വത്തിക്കാൻ രണ്ടിന്റെയും ജെപിടൂവിൻറെയും പാതയിൽ
എഴുപതുകളുടെ പകുതിയിൽ യുവജന നവീകരണ പാതയിൽ വന്ന ഞങ്ങളിൽ പലർക്കും അന്നത്തെ ദേശീയ പരിശീലനങ്ങൾ നല്ല അടിത്തറ ഒരുക്കി. വത്തിക്കാൻ കൗൺസിലിന്റെ ആകർഷകവാക്യങ്ങളായ ആത്മാവിനോടുള്ള തുറവി, സഭയുടെ പുതു ദര്ശനം, അല്മായരുടെ ദൗത്യം, സുവിശേഷവൽക്കരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ ചിന്തകളെയും ജ്വലിപ്പിച്ചു. അതിനിടെ 1978 ൽ ഒരു സജീവ യുവജനശ്രുംഖല മെനഞ്ഞെടുക്കാൻ ഞങ്ങളെല്ലാം തത്രപ്പെടുന്നതിനിടെ ചക്രവാളത്തിൽ ഒരു നവോദയമായി യുവത്വത്തിന്റെ ഊർജസ്വലതയോടെ ജോണ് പോൾ രണ്ടാമൻ പാപ്പാ കടന്നുവന്നു. യുവജനങ്ങൾക്കെല്ലാം ഹരമായിത്തീർന്ന പാപ്പയുടെ ചിന്തകളും എഴുത്തുകളുമായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ലൈൻ ഗ്രൂപ്പിൽ പൊതുവെ ചർച്ചാവിഷയം. അങ്ങനെ അദ്ദേഹം 1985 ആഗോള യുവജന വർഷമായി പ്രഖ്യാപിച്ചപ്പോൾ ഞങ്ങളെല്ലാം അതിനെ കണ്ടത് വര്ഷങ്ങളായി രൂപപ്പെട്ട ആശയങ്ങളുടെയും സ്വപ്നങ്ങളുടെയും പൂർത്തീകരണത്തിനുള്ള ഒരു പ്രായോഗിക പടിയായിട്ടായിരുന്നു.
ജീസസ് യൂത്ത് 85 കുറെ മാനങ്ങളും അർത്ഥതലങ്ങളും ഉള്ള ഒരു പ്രധാന സംഭവമായി. നവീകരണത്തിന്റെ കേരള സേവന സമിതിയായിരുന്നു സംഘാടകർ. അതിൻറെ ചെയർമാൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എല്ലാവരെയും അതിനു ക്ഷണിക്കുക മാത്രമല്ല മെത്രാന്മാരുമായും മറ്റുനേതാക്കളുമായും ബന്ധപ്പെട്ട് അതിന്റെ കാര്യക്ഷമമായ നടത്തിപ്പ് സാധ്യമാക്കി. 14 സോണുകളുടെയും 14 സംഘാടക സമിതിയുടെയും മറ്റു ക്രിയാത്മക സംരംഭങ്ങളുടെയും നല്ല സഹകരണത്തിലും തുടർ ചർച്ചകളിലും വേരൂന്നിയ ഒരുക്ക പ്രവർത്തനങ്ങൾ ആ നാലു ദിനങ്ങൾക്കപ്പുറം മുൻപും പിൻപും വ്യാപിച്ചു നിന്ന വലിയ ദൈവാനുഭവ യാത്രയ്ക്കു വേദിയൊരുക്കി. ആ സമ്മേളന0 അപ്രതീക്ഷിതമായ പുതുമയുടെയും ആത്മ നടത്തിപ്പിന്റെയും അനുഭവവുമായി.
ജീസസ് യൂത്ത് 85 ന്റെ തിരയിളക്കം മൂന്നര പതിറ്റാണ്ടു കടന്ന് ഇന്നും തുടരുന്നു. ഒരു പേര്, ലോഗോ, ഗാനം, പുതു ദര്ശനം, യുവാക്കളെ ഒരുമിപ്പിക്കുന്ന രീതി, സമ്മേളന നടത്തിപ്പു ശൈലി, ക്രിയാത്മക ആശയങ്ങൾ അങ്ങനെ പലതും ഇന്നും വലിയ സ്വാധീനമായി തുടരുന്നു. ദൈവാത്മാവ് കൈപിടിച്ചു നടത്തിയ കഥകളും ഓർമകളും എന്നും പുതു പ്രചോദനമാണ്, അതിനാൽ തന്നെ 'ജീസസ് യൂത്ത് 85' ഇനിയും വലിയ സത്പ്രേരണയായി തുടരും.
Comments
Post a Comment