സുന്ദരമായ ഓർമകളാകട്ടെ യുവാക്കൾക്കുള്ള നമ്മുടെ സമ്മാനം (MJYR063)

സുന്ദരമായ ഓർമകളാകട്ടെ യുവാക്കൾക്കുള്ള നമ്മുടെ സമ്മാനം 

(By Dr. Edward Edezhath - Published in Kairos Malayalam in 2021)

ആർട് മിനിസ്ട്രി ടീമിൻറെ ആദ്യ ഒത്തുചേരൽ കൈനകരി ചവറ ഭവനിലായിരുന്നു. വഴി നോക്കി ഗൂഗിളിൽ പരതിയപ്പോൾ "വഴി കാണുന്നില്ല" എന്നാണു പറയുന്നത്. പിന്നെയാണ് കാര്യം പിടികിട്ടിയത്,  കാറിൽ പകുതി വഴി ചെന്നിട്ട് ബോട്ടിൽ കയറി വേണം കായൽ കടക്കാൻ. കോവിഡ് ലോക്ക്ഡൗൺ കഴിഞ്ഞ് ഈ കോഓർഡിനേറ്റിംഗ് ടീം ആദ്യമായി കൂടുകയാണ്. എത്തിപ്പെടാൻ പ്രയാസമുള്ള ഇവിടെത്തന്നെ വേണമായിരുന്നോ ഈ മീറ്റിംഗ്? - ഞാൻ മനസ്സിൽ  ചോദിച്ചതാണ്. പക്ഷെ, അങ്ങോട്ടുള്ള എന്റെ യാത്ര രസകരമായി എന്നു മാത്രമല്ല അവിസ്മരണീയവുമായി. ആ ചെറുപ്പക്കാർ എന്തേ ആ സ്ഥലം തപ്പിയെടുത്തു എന്ന് അപ്പോൾ എനിക്കു മനസ്സിലായി. അതിൽ പങ്കെടുത്തവരാരും ആ ആദ്യ ഒത്തുചേരൽ പെട്ടെന്ന് മറക്കില്ല.

കാത്തു സൂക്ഷിക്കാവുന്ന നല്ല ഓർമ്മകൾ 

മലയാറ്റൂരിനടുത്ത് കുട്ടികളുടെ ക്യാമ്പ്. എങ്ങനെ ക്ലാസ് അവതരിപ്പിക്കണം എന്ന് ചാക്കോച്ചൻ വിവരിച്ചു തന്നു. "പുതിയ കുട്ടികൾക്കാണ്, അവരുമായി കാട്ടിനുള്ളിലെ അരുവിയുടെ ചാലിലൂടെ നടന്നു വേണം സംസാരിക്കാൻ. ഇടയ്ക്ക് പാറയിൽ ഇരുന്നാൽ കുട്ടികൾ ചുറ്റും കൂടിക്കോളും. ക്ലാസ് ഏതാണ്ട് കഴിയുമ്പോൾ പിന്നെ മലകയറാ0". ശിഷ്യത്വത്തെക്കുറിച്ചുള്ള വ്യത്യസ്ഥമായ ആ സെഷൻ ഞാൻ മറന്നിട്ടില്ല. ആ കുട്ടികളും മറന്നുകാണാൻ വഴിയില്ല.   

കോപ്പിയടിക്കാനോ ആവർത്തിക്കാനോ കഴിയാത്തതാണ് മിക്ക ജീസസ് യൂത്ത് പരിപാടികളും. അവയോരോന്നും രൂപപ്പെടുന്നത് കുറെ സ്വപ്നം കാണലും പ്ലാനിങ്ങും പ്രാർത്ഥന നിറയുന്ന ഒരുക്കവും ഒക്കെ കടന്ന് ഒരു ധ്യാനമോ പരിശീലനമോ ആയി ഒതുങ്ങാതെ പങ്കെടുത്തവർക്കും അതുമായി ബന്ധപ്പെട്ട ഏവർക്കും സുന്ദരമായ ഓർമ്മകൾ സമ്മാനിക്കുന്ന ദിനങ്ങളായി തീർന്നുകൊണ്ടാണ്. ഉദാഹരണത്തിന്. ഒരു വേനൽ അവധി അടുത്തപ്പോൾ ഒരു ചെറിയ ആശയവുമായി ആലീസും മേരിയും എന്നെ സമീപിച്ചു. ഈ അവധിക്ക് കുട്ടികൾക്കുവേണ്ടി എന്തെകിലും ചെയ്യണം. കുറച്ചു ചർച്ചകളും ഒരുക്കങ്ങളും പിന്നിട്ടപ്പോൾ ഏറെ പുതുമയുള്ള ഒരു സുന്ദരമായ ക്യാമ്പിന്റെ രൂപരേഖയായി. പല പ്രായങ്ങളിലുള്ളവർ സമാന്തരമായി ഒത്തുചേരുന്ന, കളികളും, കഴിവു വളർത്തലും, വിശ്വാസ രൂപീകരണവും ഒത്തുചേരുന്ന കുറെ ദിനങ്ങൾ. ധാരാളം ചെറുപ്പക്കാർ അണിയറയിലും നേതൃനിരയിലും പങ്കാളികളായി. വ്യത്യസ്തവും സംഭവബഹുലവുമായ രണ്ടാഴ്ച കടന്നുപോയതു മാത്രമല്ല എല്ലാവര്ക്കും ജ്വലിക്കുന്ന ഓർമ്മകളും അത് സമ്മാനിച്ചു.

ഓർമകളല്ലേ വളർത്തുന്നതും തളർത്തുന്നതും 

ഓർമകളുടെ തലത്തിൽ സൗഖ്യം വേണം എന്ന ഒരു പുത്തൻ ആശയം നവീകരണാനുഭവത്തിൽ വന്നതോടെ കേട്ടു തുടങ്ങി. സ്നേഹ ജീവിതത്തിന് ദൈവം നമ്മെ സൃഷ്ടിച്ചു പക്ഷെ ലോകത്തിലെ  പാപസാന്നിധ്യം നമ്മെ മുറിവേൽപ്പിച്ചു. അറിഞ്ഞോ മനസിലാക്കാതെയോ ഒക്കെ ഈ മുറിവുകൾ നമ്മെ പിടിച്ചുലയ്ക്കുന്നു. ഈ ഭൂതകാല ക്ഷതങ്ങളുടെ വരിഞ്ഞുമുറുക്കലിൽ നിന്ന് ഒരു വിടുതലാണ് ആന്തരീകസൗഖ്യം സൂചിപ്പിക്കുന്നത്. ഈ ചിന്ത ഒന്ന് മനസിലാക്കാനും വിചിന്തനം നടത്തി പ്രാർത്ഥിക്കാനും ആവശ്യമെങ്കിൽ ആരോടെങ്കിലും ഒന്നു തുറന്നു പറയാനുമെല്ലാം അങ്ങനെ നമ്മുടെ മിക്ക പരിപാടികളിലും അവസരമൊരുങ്ങുന്നു.  

ജീസസ് യൂത്ത് പരിപാടികളിൽ പാപവും  മുറിപ്പെടുത്തുന്ന ഓർമകളും വരുത്തി വയ്ക്കുന്ന ബന്ധനങ്ങൾ അഴിക്കാൻ ഓരോരുത്തർക്കും സഹായം ലഭിക്കുന്നു. ഇവയാണല്ലോ യുവത്വത്തിന്റെ എല്ലാ നന്മയും കാർന്നു തിന്നുന്ന അർബ്ബുദമായി ഓരോരുത്തരെയും നശിപ്പിക്കുന്നത്. പക്ഷെ സൗഖ്യപ്രാര്ഥനയിൽ മാത്രം കാര്യങ്ങൾ  അവസാനിപ്പിക്കാതെ ഏറെ മുന്നോട്ടു പോകാൻ നമുക്കാകും. ഗതകാല സ്മരണകളുടെ സൗഖ്യം ആദ്യ പടി മാത്രമാണ്. പകരം സുന്ദര അനുഭവങ്ങളും അവ ബാക്കിവയ്ക്കുന്ന നല്ല ഓർമ്മകളും സമ്മാനിക്കുന്ന ഇടങ്ങളാകണം ജീസസ് യൂത്ത് കൂട്ടായ്മകൾ. 

മുറിപ്പെടുത്തുന്ന ഓർമ്മകൾ നമ്മിൽ വെറുപ്പും ദേഷ്യവും നിരാശയും ഒക്കെ വളർത്തുമ്പൾ സ്നേഹവും സന്തോഷവും നിറയുന്ന അനുഭവങ്ങൾ ഒരാളിൽ പ്രസന്നതയും ആത്മവിശ്വാസവും വളർത്തി നന്മയിൽ മുന്നേറാനുള്ള ആവേശം കൊണ്ട് നിറയ്ക്കും. അതുകൊണ്ടാണ് കഴിഞ്ഞകാല വിഷമങ്ങളിൽ നിന്നുള്ള മോചനം ഒരു പടി മാത്രമാണെന്ന് പറഞ്ഞത്.  തുടർന്ന് വളരാനും മുന്നേറാനും ശക്തിപകരുന്ന ജ്വലിക്കുന്ന ഓർമ്മകൾ ഒരാൾക്ക് സമ്മാനിക്കണം. തീർച്ചയായും മുന്നേറ്റത്തിലെ സമ്പന്നമായ കൂട്ടായ്മയുടെ ജീവിതം ഇങ്ങനെ രസകരവും  ജീവിതം മാറ്റിമറിക്കുന്നതുമായ നല്ല ഓർമ്മകൾ സമ്മാനിക്കാനല്ലെങ്കിൽ മറ്റെന്തിനാണ്?

ചെറുപ്പക്കാർക്ക് നല്ല ഓർമ്മകൾ  സമ്മാനിക്കാൻ 

ഓരോ ആളും ഒരായിരം ഓർമ്മകളുടെ നിധികൂമ്പാരമാണല്ലോ. ഇവിടെ നമ്മുടെ ചിന്ത ജീസസ് യൂത്ത് കൂട്ടായ്മകളിലൂടെ ചെറുപ്പക്കാർക്ക് എപ്രകാരം സുന്ദരമായ ഓർമ്മകൾ സമ്മാനിക്കാമെന്നാണ്. എളുപ്പത്തിൽ മനസ്സിൽ നിന്നു പോകാത്ത നല്ല അനുഭവങ്ങൾ സാധ്യമാക്കുന്ന ചില സമീപനങ്ങൾ എന്തൊക്കെയാണ്? 

1. സൗഹൃദം. "എനിക്ക് ഏറെ അംഗീകാരം തന്ന, ഞാൻ നല്ല കൂട്ടുകാരെ കണ്ടെത്തിയ ആ ഒരു കൂട്ടായ്‌മ എന്നെ ഏറെ മാറ്റി." സൗഹൃദം നിറയുന്ന അത്തരം ഗ്രൂപ്പുകളിലെ പങ്കാളിത്തം നമ്മുടെ ജീവിതം സമ്പന്നമാക്കും.

2. സുന്ദരമായവ. നല്ല സംഗീതം, സുന്ദര മാധ്യമ സൃഷ്ടികൾ, മനോഹര സ്റ്റേജ് ഒരുക്കങ്ങൾ എന്നിങ്ങനെ ഒരു ജീസസ് യൂത്ത് പരിപാടി ഏറെ ആകർഷകവും മറക്കാനാവാത്തതുമാക്കുന്ന എത്ര കാര്യങ്ങൾ!

3. കളിതമാശകൾ. പൊട്ടിച്ചിരിയും കളികളും ഒന്നിക്കുന്ന 'ഐസ് ബ്രെക്കിങ്ങിൽ' തുടങ്ങി ഇടവേളകളിലും വൈകുന്നേരങ്ങളിലും ഗെയിമുകളിൽ തുടരുന്ന വിനോദ വേളകൾ ജെ-വൈ പരിശീലനങ്ങളെ വ്യത്യസ്തമാക്കുന്നു. കുട്ടികാലത്തെ കളിക്കളം വിട്ടിട്ട് ആദ്യമായിട്ടാകും പലരും ശിശുക്കളെ പോലെ ആകുന്നത്.

4. യാത്രകൾ. പലതരം യാത്രകളാണ് ജീസസ് യൂത്തിൽ. പ്രത്യേക സ്ഥലങ്ങളിലാണ് കുറെ ഒത്തുചേരലുകൾ. അവിടെ എത്തുന്നത് രസകരമാണ്. പിന്നെ വിനോദ സഞ്ചാരങ്ങൾ, തീർഥാടനങ്ങൾ, അതിനുമൊക്ക അപ്പുറം മിഷൻ യാത്രകളും സന്ദർശനങ്ങളും. യേശുവും ധാരാളം രസകരമായ യാത്രകൾ നടത്തിയതായി ശിഷ്യന്മാർ ഓർത്തു പറയുന്നു.

5. കണ്ടുമുട്ടലിന്റെ അവസരങ്ങൾ. പ്രശാന്തമായ വിചിന്തന വേളകളിലാണ് നാം സ്വയം കണ്ടെത്തുന്നതും ആഴമുള്ള ക്രിസ്താനുഭവത്തിലേയ്ക് നയിക്കപ്പെടുന്നതും. അത് ഒരിക്കലും മറക്കാത്ത നിമിഷങ്ങളുമാകുന്നു. പലരും പറയുന്നത് കേട്ടിട്ടുണ്ട്, "കളികളും, ചർച്ചകളും, ക്‌ളാസുകളും ഒക്കെ കഴിഞ്ഞ് ആരാധനയുടെ ശാന്തതയിലാണ് എന്നെ ആകെ മാറ്റിയ ആ സ്പർശനം എനിക്കുണ്ടായത്"

6. സ്നേഹ സമൂഹത്തിൽ ഉൾച്ചേരുക. ഞങ്ങളുടെ 'കഞ്ഞി കൂട്ടായ്മകൾ' ഏറെ അവിസ്മരനീയവും ഒപ്പം ഞങ്ങളെയെല്ലാം രൂപപ്പെടുത്തുന്നതും ആയിരുന്നു. ഒരു ഔപചാരികതയുമില്ലാതെ ഇടയ്ക്കിടെ കുറേപ്പേർ ഒത്തുകൂടും. വിശേഷങ്ങൾ അറിയാൻ, എന്തെങ്കിലും ഒക്കെ ആഘോഷിക്കാൻ പിന്നെ ഒരു ചെറു ഭക്ഷണവും. നമുക്കെല്ലാം പങ്കുപറ്റാൻ ഏതെങ്കിലും ഒരു കൂട്ടായ്മ വേണ്ടേ?

7. അർഥവത്തായ പ്രാർത്ഥനയും ദിവ്യകാരുണ്യവും. ജീസസ് യൂത്ത് കൂട്ടായ്മകളെ ഏറെ വ്യത്യസ്തമാക്കുന്നത് മനസ്സിൽ നിന്നു മായാത്ത ചില പ്രാർത്ഥനാ വേളകളും സുന്ദരമായ പരിശുദ്ധ കുർബാനയുടെ അവസരങ്ങളുമാണ്.

8. കാരുണ്യ പ്രവൃത്തികൾ. ഞാൻ വളർന്ന യുവജന കൂട്ടായ്മയിലെ വലിയ കാര്യങ്ങളായിരുന്നു ആഴ്ചതോറുമുണ്ടായിരുന്ന കോളനി സന്ദർശനം. റൈജു മുൻകൈ എടുത്തു സംഘടിപ്പിച്ച ‘വർക്ക് ക്യാമ്പുകൾ’ എത്രയോ യുവാക്കളെ മാറ്റി മറിച്ചു. സേവനം ചെയ്യുന്ന അവസരങ്ങളും പാവങ്ങൾക്കൊപ്പം ചെലവഴിക്കുന്ന സമയവും നമ്മുടെ ജീവിതത്തിലെ  സ്വയംസമർപ്പണത്തിന്റെ അവിസ്മരണീയ സംഭവങ്ങളാകും.

ഓർമ്മകൾ ഒരു ക്രിസ്തുശിഷ്യന്  വളരെ പ്രധാനപെട്ടതാണ്.  ഈജിപ്തിൽ നിന്നു ദൈവം തങ്ങളെ മോചിപ്പിച്ച വലിയ രക്ഷാകര പ്രവർത്തിയുടെ ഓർമ്മ ഇസ്രായേൽ ജനം തലമുറ തലമുറയായി കൈമാറി സജീവമായി സൂക്ഷിച്ചു. യേശുനാഥനും "എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ" എന്നാണ് ശിഷ്യരോടു നിർദ്ദേശിച്ചത്.  ജീസസ് യൂത്ത് മുന്നേറ്റത്തിൽ നാം പരിശ്രമിക്കുന്നതും വിവിധ രീതികളിൽ സുന്ദരമായ  ഓർമ്മകൾ വളർന്നുവരുന്ന തലമുറയ്ക്  സമ്മാനിച്ച് അവരുടെ വിശ്വാസ ജീവിതത്തിനും മിഷനറി പ്രവർത്തന ത്തിനും ഉറച്ച അടിത്തറ ഒരുക്കാനാണ്.

 

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)