സുന്ദര സ്തുതിയുടെ പരിശീലനക്കളരി (MJYR068)
സുന്ദര സ്തുതിയുടെ പരിശീലനക്കളരി
ആ പ്രഥമ ദൗത്യത്തിനുള്ള ഒരുക്കവേദിയാകണം ജീസസ് യൂത്ത്
(By Dr. Edward Edezhath - Published in Kairos Malayalam in 2021)
"പൊതുവേ നമ്മൾ പ്രാർത്ഥിക്കാൻ പോകുന്നത് എന്തെങ്കിലും കാര്യങ്ങൾ കിട്ടാനല്ലേ? എന്നാൽ നമ്മൾ ഇവിടെ ഒത്തുകൂടുന്നത് ദൈവത്തിൽ ആനന്ദിക്കാനും അവിടത്തെ സ്തുതിക്കാനുമാണ്". പ്രാർത്ഥനാ ഗ്രൂപ്പിൽ എങ്ങനെ പങ്കെടുക്കണം എന്ന് മാർസലീനോ അച്ചൻ നിർദ്ദേശം നൽകുകയായിരുന്നു. സ്വർഗ്ഗീയ ജീവിതത്തിന്റെ മുന്നനുഭവവും അതിനുള്ള ഒരു പരിശീലനവും കൂടെയാണ് സ്തുതിയുടെ കൂട്ടായ്മ.
അത് ഏറെ പുതുമയുള്ള ഒരനുഭവമായിരുന്നു. ദൈവത്തിൽ ആനന്ദിക്കണം, കർത്താവിനെ സ്തുതിക്കണം എന്നൊക്കെ പ്രസംഗങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ ഒരു ശീലം വളർത്തുന്ന ഒരു സൗഹൃദ കൂട്ടായ്മ ഒരു പുതു തുടക്കമായി. അതിനു മുൻപ് പ്രാർത്ഥന മിക്കവാറും 'എണ്ണം തികയ്കലും' കാര്യങ്ങൾ നേടിയെടുക്കലും ഒക്കെ ആയിരുന്നു. ദൈവ സാന്നിധ്യം ഒരാഘോഷമാക്കുന്ന, സ്തുതിയുടെ ജീവിത മാതൃകകൾ നേരിൽ കാണുന്ന ഒരു സൗഹൃദ കൂട്ടായ്‌മയാണ് ആഴ്ചതോറുമുള്ള ആ യുവജന ഒത്തുചേരൽ എനിക്ക് സമ്മാനിച്ചത്. ഇവിടെ പ്രത്യേകം എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നത് മുൻപറഞ്ഞ വൈദികൻ എപ്രകാരം ഒരു കൂട്ടായ്മയുടെ പശ്ചാത്തലത്തിൽ സ്തുതിയുടെ ശീലം പരിശീലിപ്പിച്ചു എന്നതിനെക്കുറിച്ചാണ്.ഒരു പുത്തൻ ആനന്ദത്തിന്റെ സംസ്കാരം
എൻ്റെ ഓർമ്മയിൽ യുവാക്കൾക്കായുള്ള ആദ്യ നവീകരണ ധ്യാനം 1976 സെപ്റ്റംബറിൽ കളമശേരിയിൽ കോളേജ് ഹോസ്റ്റലിൽ വച്ചയായിരുന്നു. ഏറെ ഗാനങ്ങൾ രചിച്ചിട്ടുള്ള ജോസഫ് മനക്കിൽ അവിടെ ഹോസ്റ്റൽ വാർഡൻ ആയിരുന്നതിനാൽ അദ്ദേഹവും പരിപാടിയിൽ പങ്കെടുത്തു. ഏറെ വ്യത്യസ്തമായിരുന്ന ഗാനങ്ങളിലാണ് അദ്ദേഹത്തെ അതിശയിപ്പിച്ചത്. ഓരോ ക്ലാസിനും മുൻപ് ധ്യാനം നയിച്ചിരുന്ന മാർസലീനോ അച്ചൻ ആനന്ദവും ആഘോഷവും നിറയുന്ന ഇംഗ്ലീഷ് ഗാനങ്ങൾ ഞങ്ങളെ പഠിക്കുമായിരുന്നു. പരമ്പരാഗത പള്ളിപ്പാട്ടിന്റെ രീതികളേ ആയിരുന്നില്ല അവയ്ക്ക്. ഏതായാലും ആ പരിപാടി അവസാനിക്കുന്നതിനു മുൻപുതന്നെ മനക്കിൽ അച്ചൻ ആ ശൈലിയിൽ ചില മലയാളം പാട്ടുകൾ രചിച്ചു കഴിഞ്ഞിരുന്നു. അത് പുതു തലമുറ മലയാളം നവീകരണ ഗാനങ്ങളുടെ തുടക്കവുമായി.
എന്താണ് ഈ സ്തുതി ഗീതങ്ങളുടെ പ്രത്യേകത? അവ സാധാരണ ദേവാലയ ഗീതങ്ങളല്ല, മറിച്ച് യുവത്വ ക്രിയാത്മകതയും ആനന്ദവും തിരതല്ലുന്ന വരികളും ഈണങ്ങളും. പലതും ബൈബിളിലെ അതേ വാചകങ്ങൾ. അതിനാൽ തന്നെ അത്തരം രണ്ടു മൂന്ന് പാട്ടുകൾ പാടുന്നതോടെ ഏറെ ആന്തരിക സ്വാതന്ത്ര്യവും സന്തോഷവും കൈവരുകയും ഹൃദയം കർത്താവിനെ സ്തുതിക്കാൻ തുടങ്ങുകയും ചെയ്യും. എന്തിനേറെ പറയുന്നു, ചുമ്മാ ഇത്തരം ഗാനങ്ങൾ പാടി നടക്കുന്നതോ, ഒത്തു കൂടി പാടുന്നതോ ഒക്കെ തന്നെ സുന്ദരമായ സ്തുതിയായി തീരുകയും ചെയ്യും.
കൂട്ടായ്‌മയിൽ ഉപയോഗിക്കാൻ പരിശീലിച്ച മറ്റൊന്നാണ് “സ്വതന്ത്ര സ്തുതി”. "കേൾക്കാൻ മാത്രം വേണ്ട ശബ്ദത്തിൽ ഹ്രസ്വമായ സ്തുതിയുടെ പ്രകരണങ്ങൾ കർത്തൃനാമത്തിന്റെ ഏറ്റുപറച്ചിൽ ഒക്കെയാണ് സ്വതന്ത്ര സ്തുതി. ദൈവമേ മഹത്വം, ആരാധന, അങ്ങെത്ര നല്ലവൻ! തുടങ്ങി ഒന്നിച്ചുള്ള ആനന്ദത്തിന്റെ ഏറ്റുപറച്ചിലാണത്". ശാന്തമായി സന്തോഷത്തോടും സ്നേഹത്തോടും കൂടെ വേണം സ്തുതികളർപ്പിക്കാൻ. ഒന്നു പരിചയിച്ചാൽ ദൈവസാന്നിദ്ധ്യത്തിന്റെ പടികൾ കയറാൻ ഏറെ സഹായിക്കുന്ന ഒന്നാണിത്.
ഇനിയും മറ്റൊന്ന് സ്വയംപ്രേരിത പ്രാർത്ഥന തന്നെ. കർത്താവ് ആരെന്ന് ഏറ്റുപറഞ്ഞുകൊണ്ട് അല്ലെങ്കിൽ എനിക്ക് നൽകിയ നന്മകൾ വിവരിക്കുന്ന ഹ്രസ്വ പ്രാര്ഥനകളാണ് ഇവ. നവീകരണ അനുഭവത്തിനു മുൻപ് ഇത് ഒട്ടും പരിചിതമായിരുന്നില്ലെങ്കിലും ഒരു ചെറു പ്രോത്സാഹനത്തോടെ യുവജനങ്ങൾ പെട്ടെന്ന് ഇപ്രകാരം ലളിതമായി ഏറെ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നതായി കണ്ടു.
സ്തുതിയുടെ ശീലങ്ങൾ പഠിക്കുന്നതിൽ ഞങ്ങൾ പിന്നെ പരിചയപ്പെട്ടത് 'ആത്മാവിൽ പാടാനും' 'സ്വതന്ത്ര ഗാനാലാപം' നടത്താനുമാണ്. കർത്താവ് ഹൃദയത്തിൽ ആനന്ദത്തിന്റെ ഈണം ഉണർത്തുന്നു. അത് നാം മറ്റുള്ളവരുമായി ഒന്നുചേർന്ന് സ്വതന്ത്രമായി പാടുമ്പോൾ അത് വലിയ സന്തോഷത്തിന്റെയും ആത്മീയ വളർച്ചയുടെയും അനുഭവമാകുന്നു. ഒന്നു തുടങ്ങാൻ പലർക്കും പ്രയാസമുണ്ടാകുമെങ്കിലും ഇങ്ങനെ പാടാൻ തുറവിയുള്ള ഒരു കൂട്ടായ്മയിൽ ഒത്തുചേരുമ്പോൾ അത് എളുപ്പമായിത്തീരുന്നു.
എൻ്റെ നവീകരണ ജീവിത യാത്രയിൽ ഞാൻ തുടക്കത്തിലേ മനസിലാക്കിയ ഒരു അനുഭവപാഠമുണ്ട്, യുവാക്കൾ ആത്മാവിന്റെ പ്രവർത്തനവും സ്തുതിയുടെ ആദ്യഫലവും ഒരു സെമിനാറിലോ ധ്യാനത്തിലോ ഒക്കെ പരിചയപ്പെടും. എന്നാൽ ദൈവസ്തുതിയുടെ സംസ്കാര സമ്പന്നതയിൽ രൂപപ്പെടാൻ അവർ ഒരു സജീവ ആത്മീയ കൂട്ടായ്മയുടെ ഭാഗമാകണം. ആ രൂപീകരണം ഒരു നീണ്ട യാത്രയാണ്, എന്നാൽ ഫലസമ്പന്നമായ യാത്ര. ആനന്ദപൂർണമായ സ്തുതിയുടെ ഒരു ശീലം ഒരാളുടെ ജീവിതത്തിൽ ഏറ്റം വലിയ സമ്പത്തായി തീരുകയും ചെയ്യും.
പ്രാർത്ഥന ആകുലതയുടേതോ അതോ സ്തുതി നിറയുന്നതോ?
ബൈബിളിൽ ദൈവസ്തുതിയുടെയും ആരാധനയുടെയും എത്രയോ ഭാഗങ്ങളാണ്! അവിടെ 200 ൽ അധികം പ്രാവശ്യം 'സ്തുതി' എന്ന വാക്കുതന്നെ ആവർത്തിക്കുന്നു. ആരാധനക്രമം പ്രത്യേകിച്ച് ദിവ്യബലി സ്തുതിയുടെ ഉന്നത ഭാവം തന്നെ. പക്ഷെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചെറുപ്രായത്തിൽ എങ്ങനെയോ പ്രാർത്ഥനയെന്നാൽ കാര്യങ്ങൾ നേടാനുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും എത്ര പ്രാവശ്യം ജപമാലയും മറ്റു പ്രാർത്ഥനകളും ആവർത്തിക്കുന്നു എന്നതുമായി ഒതുങ്ങി. ചുരുക്കത്തിൽ പ്രാര്ഥനയെന്നാൽ എന്റെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ മാത്രമായി ഒതുങ്ങി. പക്ഷേ മുൻപറഞ്ഞ പുതു തുടക്കം എൻ്റെ മനോഭാവം മാറ്റിമറിച്ചു.
കത്തോലിക്കാ മതബോധനം സ്തുതിയെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്, "ദൈവത്തെ ദൈവമായി നേരിട്ടംഗീകരിക്കുന്ന പ്രാർത്ഥനാരൂപമാണ് സ്തുതിപ്പ്. അത് ദൈവത്തെ അവിടുത്തെപ്രതിമാത്രം പ്രകീർത്തിക്കുന്നു. ദൈവം എന്തുചെയ്യുന്നു എന്നതിനപ്പുറം അവിടുന്ന് ആകുന്നു എന്ന കാരണം മുൻ നിറുത്തിയുള്ള പുകഴ്ത്തലാണത്.” (2639)
ഇതിന്റെ മറുവശം പ്രാർത്ഥന എന്ന പേരിലുള്ള നമ്മുടെ ആകുലപ്പെടലാണ്. 'നിഷേധാത്മക സ്വയം ഭാഷണത്തെക്കുറിച്ച്' ഇക്കാലത്ത് നാം ഏറെ കേൾക്കാറുണ്ട്. ജീവിതാനുഭവങ്ങൾ നമുക്ക് മാനസിക പരിക്കുകളും ആധിയും ഒക്കെ സമ്മാനിക്കുമ്പോൾ നാം മനസ്സിൽ നമ്മോടുതന്നെ സംസാരിക്കാൻ തുടങ്ങും. ഈ ആധിയും അതിചിന്തയുമാണ് ഏറെ ശാരീരിക ആന്തരിക രോഗാവസ്ഥ നമ്മിൽ സൃഷ്ടിക്കുന്നത്. തിരുവചനം പലയാവർത്തി ഇതിനെതിരായി നമുക്ക് മുന്നറിയീപ്പു തരുന്നു. നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ട (മത്താ 6:25), ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട (ഫിലി. 4:6), ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുവിൻ (1പത്രോ. 5:6). കർത്താവു നിർദ്ദേശിക്കുന്ന പരിഹാരം 'നിഷേധാത്മക സ്വയം ഭാഷണമാകുന്ന' രീതിയിലുള്ള അപേക്ഷകളല്ല, മറിച്ച് പക്ഷികളെയും ലില്ലിപ്പൂവിനെയും ഒക്കെ നോക്കാനാണ്. ആകുലതയോടെ ഇക്കാര്യങ്ങൾക്കു പുറകെ പോകുന്നതിനു പകരം എല്ലാം നന്നായി ക്രമീകരിക്കുന്ന ദൈവത്തെ സ്തുതിക്കുകയും അവിടുത്തെ ആധിപത്യം ആന്വേഷിക്കുകയുമാകും ഏറ്റം ഉചിതമായ പ്രാർത്ഥന (ലൂക്ക 12:25-34).
വ്യക്തിപരമായി, ആകുലപ്പെടലിൽ നിന്ന് ദൈവസ്തുതിയിലേക്ക് ഒരു വിധത്തിൽ ഏതാണ്ടെല്ലാ ദിവസവും എനിക്ക് യാത്രചെയ്യേണ്ടിവരാറുണ്ട്. പ്രാര്ഥനയ്ക്കണയുമ്പോഴും പ്രവർത്തികളിൽ ഏർപ്പെടുമ്പോഴും എൻ്റെ ആവശ്യങ്ങളും മറ്റുള്ളവരുടെ വിഷമങ്ങളും എന്നെ താഴേയ്ക്കു വലിക്കും. അപ്പോൾ ഞാൻ ഒരു ആത്മഭാഷണം തുടങ്ങും, 'ഹൃദയം കർത്താവിലേയ്ക്ക് ഉയർത്തുവിൻ . അവിടുത്തെ മഹത്വം ദർശിച്ച് സ്തുതിക്കുക. എല്ലാം ആ കരങ്ങളിൽ എത്ര മനോഹരമാണ്!'
പട്ടം പറന്നുയരുന്ന പോലെ
സുന്ദര സ്തുതിയുടെ ഉദാത്ത ഇടങ്ങളും വേളകളുമാണ് സഭയുടെ ആരാധനാക്രമവും മഹനീയ പ്രാർത്ഥനകളും. എന്നാൽ അത് എന്റെ ജീവിതത്തിലെത്തി ഒരു ശീലമാകാൻ എനിക്കു വേണ്ടത് ഒത്തുകൂടി സ്തുതിയുടെ സൗധമൊരുക്കുന്ന ഒരു ഊഷ്മള സുഹൃദ് വലയമാണ്. അവിടെയാണ് ലളിതമായും സ്വാഭാവീകതയോടെയും ബൈബിളിലും സഭാ ജീവിതത്തിലും ഉള്ള ദൈവസ്തുതിയുടെ വഴികൾ ജീവിതത്തിൽ പകർത്താൻ ഞാൻ പരിശീലനം നേടുന്നത്.
ആകുലത വലയം ചെയ്യുന്ന യുവ ഹൃദയത്തിന് നല്ല പ്രതിവിധിയാണ് സ്തുതിയുടെ പടവുകൾ കയറുക എന്നത്. എന്നാൽ ഇതിന് ക്‌ളാസുകളും വായനയും പോരാ, മനസ്സിനിണങ്ങിയവർ ഒത്തുകൂടി സ്വാതന്ത്ര്യത്തോടെ ദൈവസ്തുതിയുടെ വഴിയേ ചരിക്കുന്ന സന്തോഷാനുഭവമുണ്ടാകണം. നല്ല ജീസസ് യൂത്ത് കൂട്ടായ്മകളിൽ ഇത് സംഭവിക്കുന്നത് ഒത്തുകൂടി കുശലം പറഞ്ഞ് പാട്ടുകൾ ഒത്തുപാടി പങ്കുവച്ച് സ്തുതിക്കുന്നതിലൂടെയാണ്. എൻ്റെ ജീവിതത്തിൽ നേരത്തേതന്നെ ഇത്തരം വേദിയൊരുങ്ങിയതിനും വേണ്ട നിർദ്ദേശങ്ങൾ കിട്ടിയതിനും ഞാൻ ദൈവത്തെ ഓർത്ത് സ്തുതിക്കാറുണ്ട്. ഒരു മനോഹര പട്ടം പോലെ ആത്മീയ ജീവിത വിഹായസ്സിൽ ആന്തരീക സ്വാതന്ത്ര്യ൦ നേടി ഉയർന്നു പൊങ്ങാനും പറന്നു മുന്നേറാനും ഇത്തരം സന്തോഷ കൂട്ടായ്മകളെ വഴിയൊരുക്കൂ.
Comments
Post a Comment