യുവാക്കൾക്ക് ഊഷ്മളസന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം (MJYR070)
യുവാക്കൾക്ക് ഊഷ്മളസന്തോഷം പകരുന്ന ഇടങ്ങൾ ഒരുങ്ങണം
(By Dr. Edward Edezhath - Published in Kairos Malayalam in 2021)
കുട്ടികളികളിൽ ചിലത് നാം മറക്കില്ലല്ലോ. അവധിക്കാലത്ത് കളിവീടുണ്ടാക്കി അയൽപക്കത്തെ കൂട്ടുകാരുമായി ഒത്തുകൂടുന്നതായിരുന്നു എനിക്കിഷ്ടപ്പെട്ട വിനോദം. പറമ്പിൽ എവിടെയെങ്കിലും കുറ്റികളും ഓലയും ഒക്കെ ഉപയോഗിച്ച് ഒരു രണ്ടു മുറി വീട് ഒരുക്കുമായിരുന്നു. ഭംഗിയായി അലങ്കരിച്ചു അയൽപക്കത്തെ കുട്ടികളുമായി അവിടെ ഒത്തുകൂടും. ഒന്നിച്ചുകൂടി ഭക്ഷണം കഴിച്ചും കളികളിൽ മുഴുകിയും സൊറ പറഞ്ഞും ഒക്കെ ചിലവഴിച്ച ദിനങ്ങൾ അവിസ്മരണീയം തന്നെ.
വർഷങ്ങൾക്കുശേഷം യുവജന പരിശീലനങ്ങൾക്ക് ഇടയിലും ഈ വിനോദം ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പാലക്കാട് മേഴ്സി കോളേജിൽ വെച്ച് നടന്ന ഒരു പരിപാടി ഓർക്കുന്നു. ആ ത്രിദിന സെമിനാറിൻറെ ആദ്യ ദിനത്തിൽ തന്നെ 10 പേരുള്ള ചെറു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ആ വലിയ ഹാളിലെ ഓരോ മൂല നൽകി. ഓരോ ഗ്രൂപ്പും സ്വന്ത ഇടങ്ങൾ മരച്ചില്ലകളും ചിത്രങ്ങളുമൊക്കെ വച്ച് ഏറെ സുന്ദരമായി അലങ്കരിച്ചു. തുടർന്നുള്ള സെമിനാറിനിടെ അവിടെ ചർച്ചകൾക്കായി ഒത്തുകൂടാനും ചായയും കടിയും ആസ്വദിക്കാനും ചുമ്മാ സൊറ പറഞ്ഞ് ഇരിക്കാനും ഒക്കെയായി ആ സ്ഥലം ഉപയോഗിച്ചു. ആ സെമിനാറിലെ ഒരു സുന്ദര അനുഭവം ഗ്രൂപ്പുകളുടെ ആ സ്വകാര്യ സ്ഥലത്തുള്ള ഒത്തു കൂടലായിരുന്നു.യുവജനങ്ങൾക്ക് ഒത്തുകൂടാൻ ഒരിടം വേണം
ജീസസ് യാത്ര ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഏറെ രസകരമായ ഒരു യുവജന കത്തോലിക്ക വിദ്യാർത്ഥി ഗ്രൂപ്പിൻറെ ഭാഗമായിരുന്നു ഞാൻ. ഫ്രാൻസിസ്കൻ വൈദികരുടെ സഹായത്തോടെ കൊച്ചിയിലെ ഒരു കോൺവെന്റിലാണ് ഞങ്ങൾ ഒത്തുകൂടിയിരുന്നത്. ധാരാളം രസകരമായ പ്രവർത്തനങ്ങളുള്ള ഒരു സജീവ യുവജന കൂട്ടായ്മയായിരുന്നു അത്. അവിടെയും ഞങ്ങൾക്ക് ഒത്തുകൂടാൻ ഒരു മുറിയുണ്ടായിരുന്നു. കുറെ പുസ്തകങ്ങളും രസകരമായ അലങ്കാരവും ഒക്കെ ഒന്നിച്ച ആ മുറിയിൽ ഏതാണ്ട് എല്ലാ സായാഹ്നങ്ങളിലും ചെറുപ്പക്കാർ ഒന്നിച്ചു കൂടുമായിരുന്നു. പലപ്പോഴും പുതിയ കൂട്ടുകാരെ കൊണ്ടുവരാനും പരിചയപ്പെടുത്താനും ആ മുറി ഉപകരിച്ചു.
പിന്നീട് യുവജന നവീകരണ ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ഞങ്ങൾക്ക് ഒരു പ്രാർത്ഥനാമുറി ലഭിച്ചു. പക്ഷേ അത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ലഭ്യമായിരുന്നുള്ളൂ. ആ പോരായ്മ പരിഹരിക്കാനായി ചില വീടുകൾ ഞങ്ങൾക്ക് കിട്ടി. ഷിപ്പ് യാർഡിൽ അന്ന് ജോലിചെയ്തിരുന്ന അഗസ്റ്റിൻറെ മുറി എല്ലാ ചെറുപ്പക്കാർക്കും എപ്പോഴും കടന്നുവരാവുന്ന ഒരിടമായിരുന്നു. പെൺകുട്ടികൾക്ക് കൂടാൻ മറ്റൊരു വീടും. അങ്ങനെ ഈ ഇടങ്ങളെ ചുറ്റിപ്പറ്റി നല്ലൊരു കൂട്ടായ്മ വളർന്നുവന്നു.
യേശു തൻറെ പ്രവർത്തന രീതി ക്രമീകരിച്ചത് എങ്ങനെയായിരിക്കണം? എന്തായാലും അത് യാത്രകളിലൂടെ മാത്രമല്ലായിരുന്നു. യോഹന്നാൻറെ സുവിശേഷം ആരംഭിക്കുന്നത് അവിടുന്ന് എപ്രകാരം തൻറെ ശിഷ്യന്മാരെ കൂട്ടി എന്ന് സൂചിപ്പിച്ചു കൊണ്ടാണ്. അവിടെ നമ്മൾ കേൾക്കുന്ന ആദ്യ ചോദ്യം "റബ്ബി അങ്ങു് എവിടെയാണ് വസിക്കുന്നത്". യേശു പറഞ്ഞു "വന്നു കാണുക" (യോഹ. 1:39). അവർ പോയി, കണ്ട്, അവനോടൊപ്പം വസിച്ചു. ആ മുറിയെ ചുറ്റിപ്പറ്റിയായിരിക്കണം ആദ്യശിഷ്യർ ഒരു കൂട്ടായ്മയായി വളർന്നത്.
കൂട്ടായ്‌മ വളർച്ചയ്ക്ക് തടയിടുന്നതെന്താണ്?
പലപ്പോഴും നമ്മുടെ ജീവിതവും പ്രവർത്തനവും ഒക്കെ ഒരേ ട്രാക്കിൽ വട്ടം ചുറ്റുന്ന ഒരു ട്രെയിൻ പോലെ ആയിത്തീരും. ചില പരിപാടികളും പരിശീലനങ്ങളും ചൈതന്യം ഇല്ലാത്ത ഉരുവിടലുകളും ഒക്കെയായി നമ്മൾ വിരസതയിൽ പുതഞ്ഞു പോകും. യുവജന ശുശ്രൂഷ ഇപ്രകാരമായാൽ മിക്ക ചെറുപ്പക്കാരും സന്തോഷവും ക്രിയാത്മകതയും നിറഞ്ഞ മറ്റിടങ്ങൾ അന്വേഷിച്ചു പോകും എന്ന കാര്യത്തിൽ സംശയമില്ല. നമുക്ക് വേണ്ടത് യുവഹൃദയങ്ങളെ ഉണർത്താൻ പോരുന്ന ആത്മ നിറവിന്റെ തുറവി ആണ്. നമ്മുടെ മുന്നേറ്റത്തിന്റെ തുടക്ക സമയങ്ങളിലെ ഫാദർ ജീനോയുടെ വാക്കുകൾ ഞാൻ ഓർക്കുന്നു. നവീകരണ യാത്രയെ കൊല്ലാനാകുന്ന ഒന്നാണ് "പ്രോഗ്രാമൈറ്റിസ്". പല രോഗങ്ങളുടേയും പേര് "ഐറ്റിസ്" ചേർത്താണല്ലോ പറയുക. "ഹെപ്പറ്റൈറ്റിസ്" പോലെ. അപ്രകാരം പ്രോഗ്രാമുകൾക്കായുള്ള തത്രപ്പാടെന്ന രോഗത്തിൽ ഒരു ക്രിസ്തീയ കൂട്ടായ്മ ഇല്ലാതാകും. ഫ്രാൻസിസ് പാപ്പായും യുവജനങ്ങളെ പഠിപ്പിച്ചു നന്നാക്കാനുള്ള അമിത ആവേശത്തിന്റെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. “പരിശീലന സമ്മേളനങ്ങളുടെ ഒരു പരമ്പര. അതിലെ പ്രഭാഷണങ്ങള്‍ . . . അതിന്റെ ഫലമായി അനേകം യുവാക്കള്‍ക്ക് മുഷിപ്പു തോന്നുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന്റെ അഗ്നിയും അവിടുത്തെ അനുഗമിക്കുന്നതിന്റെ സന്തോഷവും അവര്‍ക്കു നഷ്ടപ്പെടുന്നു. പലരും പരിപാടി ഉപേക്ഷിക്കുന്നു. മറ്റുള്ളവര്‍ ആശ നശിച്ചവരോ നിഷേധഭാവമുള്ളവരോ ആയിത്തീരുന്നു.” (ക്രിസ്തു ജീവിക്കുന്നു, 212)
സുന്ദര ഇടങ്ങൾ ഒരുക്കണം
"കർത്താവേ അങ്ങേ വാസസ്ഥലം എത്ര മനോഹരം" സങ്കീർത്തനം 84 ആരംഭിക്കുന്നത് അങ്ങനെയാണ്. യേശുശിഷ്യർ കൂട്ടായ്മ, പഠനം, പ്രാർത്ഥന എന്നിവയ്ക്കായി ഒന്നിച്ചു കൂടിയിരുന്നത് സുന്ദരമായി ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ആയിരുന്നിരിക്കണം. ഇന്ന് നമ്മുടെ ദേവാലയങ്ങളും ഏറെ സുന്ദരമാണ്. എന്നാൽ അവ കൂട്ടായ്മയ്ക്കും സ്നേസംവാദത്തിനും ഉപയോഗിക്കുന്നത് പലരെയും അസ്വസ്ഥരാക്കിയേക്കും, കാരണം അത് ആരാധനയ്ക്കായി മാത്രമായാണ് ഇന്ന് ഉദ്ദേശിച്ചിട്ടുള്ളത്. ഇന്നത്തെ വലിയൊരു ആവശ്യം യുവജനങ്ങൾക്ക് സന്തോഷത്തോടെ ഒന്നിച്ചു വരാനും പരസ്പര സാന്നിധ്യം അനുഭവിക്കാനും ദൈവാനുഭവത്തിൽ വളരാനും സുന്ദര സ്ഥലങ്ങൾ ഒരുക്കുക എന്നതാണ്.
ഇത്തരം യുവജന ശുശ്രൂഷയെ കുറിച്ച് ഫ്രാൻസിസ് പാപ്പാ വിശദമായി പ്രതിപാദിക്കുന്നുണ്ട്. "നമ്മുടെ സ്ഥാപനങ്ങള്‍ യുവജനങ്ങള്‍ക്ക് സ്വതന്ത്രമായി ഇടപഴകുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ നല്കണം. അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ വരുകയും പോകുകയും ചെയ്യാവുന്ന സ്ഥലം, സ്വാഗതം ചെയ്യുന്നതെന്ന് തോന്നുന്ന സ്ഥലം, മറ്റു യുവാക്കളെ തീര്‍ച്ചയായും കണ്ടെത്താവുന്ന, പ്രയാസത്തിന്റെയും മനോഭംഗത്തിന്റെയും അല്ലെങ്കില്‍ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയങ്ങളില്‍ കണ്ടെത്താവുന്ന സ്ഥലം.” (ക്രി. ജീ. 218)
വിവിധ രാജ്യങ്ങളിൽ ജീസസ് യൂത്ത് വളർന്നു പടർന്നു പന്തലിച്ചതും ഇപ്രകാരമുള്ള ഒത്തുചേരലിനുള്ള ഇടങ്ങളിലൂടെയാണ്. ഇടവകകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർക്ക് ഒത്തുകൂടാനായി ഒരു പ്രത്യേക മുറി മാറ്റിവയ്ക്കുന്നു. എന്നാൽ, മുൻപ് സൂചിപ്പിച്ച ഒരു അപകടമുണ്ട്. പലപ്പോഴും കൂട്ടായ്മയ്ക്കും സന്തോഷകരമായ സ്നേഹബന്ധങ്ങളും കൂട്ടായ്മയും വളർത്തുന്നതിനും പകരമായി ഈ ഇടങ്ങൾ പഠനം, പ്രാർത്ഥന, പരിപാടികൾ ഒരുക്കൽ എന്നിവയ്ക്കായി മാത്രം മാറ്റിവയ്ക്കുന്നു എന്നതാണ്.
ഈ ഇടങ്ങൾ എപ്രകാരം ഉപയോഗിക്കണം എന്നുള്ളതിനെ കുറിച്ചും പാപ്പ വ്യക്തമായ നിർദേശങ്ങൾ നൽകുന്നുണ്ട്. “അവിടെ സൗഹൃദത്തിനു വളരാന്‍ കഴിയും, യുവതികള്‍ക്കും യുവാക്കള്‍ക്കും പരസ്പരം കണ്ടുമുട്ടാന്‍ കഴിയും. അവിടെ സംഗീതം, കളികള്‍, സ്പോര്‍ട്ട്സ് എന്നിവയില്‍ പങ്കുചേരാന്‍ കഴിയും. ധ്യാനത്തിലും പ്രാര്‍ത്ഥനയിലും പങ്കുചേരാനും പറ്റും. അത്തരം സ്ഥലങ്ങളില്‍ ഫണ്ടിന്റെ വലിയ ചെലവു കൂടാതെ പലതും നല്കാന്‍ കഴിയും.” (ക്രി. ജീ. 218)
പലപ്പോഴും ആത്മാവിൻറെ ചലനങ്ങൾ നമ്മുടെ ഹൃദയാഭിലാഷങ്ങളിൽ നിന്നും ഏറെ ദൂരെയല്ല, അത് നമ്മുടെ 'സമീപത്ത്, അധരങ്ങളിലും ഹൃദയത്തിലുമുണ്ട്' (റോമ. 10:8). യുവജനങ്ങൾക്ക് വേണ്ടത് സ്നേഹിക്കാനും സന്തോഷ സൗഹൃദം അനുഭവിക്കാനും ആകുന്ന ചെറിയ ഇടങ്ങൾ ലഭ്യമാകുക എന്നതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കടന്നുവരാനും സൗഹൃദവും സന്തോഷവും അനുഭവിക്കാനും പറ്റുന്ന സുന്ദരമായ സുരക്ഷിത ഇടങ്ങൾ ഒരുക്കാൻ നമുക്കും സാധിച്ചിരുന്നെങ്കിൽ എത്രയോ അധികം പേർ യേശുവുമായുള്ള സ്നേഹ സൗഹൃദത്തിലേയ്ക്ക് കടന്നു വരുമായിരുന്നു.
Comments
Post a Comment