എല്ലാം ഒരുമിപ്പിച്ചുനിർത്തുന്ന മൂലക്കല്ലാകുക. അതാണ് നമ്മുടെ വിളി. (MJYR128)
എല്ലാം ഒരുമിപ്പിച്ചുനിർത്തുന്ന മൂലക്കല്ലാകുക. അതാണ് നമ്മുടെ വിളി.
(By Dr. Edward Edezhath - Published in Kairos Malayalam in 2026)
ആ പ്രദേശത്തെ ജീസസ് യൂത്ത് കൂട്ടായ്മ വളർത്തേണ്ടതെങ്ങനെ എന്നതായിരുന്നു അന്നത്തെ ഞങ്ങളുടെ ചർച്ച. കുറച്ച് മാസങ്ങൾക്ക് മുൻപ് അവിടത്തെ നേതാക്കളെല്ലാം ഒത്തുകൂടി നേതൃകൂട്ടായ്മകൾ ഉണ്ടാക്കി. ആ ക്ലസ്റ്ററുകൾ ആവേശത്തോടെ ഒത്തുകൂടാനും തുടങ്ങി. എന്നാൽ രണ്ട് മീറ്റിംഗുകൾക്ക് ശേഷം, മിക്കവർക്കും താൽപ്പര്യം നഷ്ടപ്പെട്ടു. അവിടത്തെ ലീഡർ അനു പറഞ്ഞവസാനിപ്പിച്ചു, "ഇപ്പോൾ ഞങ്ങൾ ഏതാണ്ട് തുടങ്ങിയ അടുത്തുതന്നെ എത്തിയിരിക്കുന്നു. ഇനി എന്താ ചെയ്യുക?”
എന്റെ ചിന്ത ഇങ്ങനെയായിരുന്നു, ഇത് പുതിയ പ്രശ്നമൊന്നും അല്ലല്ലോ? എല്ലാ ഗ്രൂപ്പും മിനിസ്ട്രിയും നേരിടുന്ന പ്രധാന വെല്ലുവിളി. മറിച്ച്, ഏറെനാൾ തുടർന്നവരോട് യുവാക്കൾ ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്, “താങ്കൾ ഇത്രയുംനാൾ പിടിച്ചു നിന്നതെങ്ങനെ? ഈ സജീവ തുടർച്ചയുടെ രഹസ്യമെന്താണ്?”
എന്താണ് കൂട്ടായ്മകളുടെ തകർച്ചയ്ക് ഒരു പ്രതിവിധി?
ഒരു മുൻകാല ഓർമ്മ. 1986 ജൂൺ മുതലാണ് ജെ-വൈ കോളേജ് ഗ്രൂപ്പുകൾ വളർത്താൻ വ്യക്തമായ ശ്രമങ്ങൾ തുടങ്ങിയത്. കൂടെക്കൂടെ കഴിയുന്നത്ര കോളേജുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒന്നിച്ച് കൊണ്ടുവന്ന് അവർക്ക് പരിശീലനവും പ്രോത്സാഹനവും നൽകുക എന്നതായിരുന്നു ആദ്യ പടി. ആ വാരാന്ത്യ പരിശീലനങ്ങളുടെ സമാപനത്തിൽ അവരെ ദൗത്യ ബോധത്തോടെ പറഞ്ഞയക്കേണ്ട ദൗത്യം എനിക്കായിരുന്നു. ഈ കുട്ടികളാണ് തിരിച്ചുപോയി തങ്ങളുടെ സ്ഥാപനങ്ങളെ യേശുവിനായി മാറ്റി മറിക്കാൻ പോകുന്നവർ.
ചില സ്ഥാപനങ്ങളിൽ നിന്ന് കുറെ കുട്ടികളുണ്ടാകും, കുറെ സ്ഥലങ്ങളിൽ നിന്ന് ചിലപ്പോൾ ഒന്നോ രണ്ടോ പേരും. ആദ്യം തന്നെ ഒരിടത്തുനിന്ന് പത്തിലധികം വിദ്യാർത്ഥികൾ വന്നിരിക്കുന്നവരോട് കൈ ഉയർത്താൻ ഞാൻ പറയും. അവർ ആവേശ പൂർവ്വം കരമുയർത്തും. പിന്നെ അഞ്ചിൽ കൂടുതൽ, രണ്ടിൽ കൂടുതൽ, അവസാനം ഏക പ്രതിനിധികളോട് കരമുയർത്താൻ പറയും. ഒട്ടും ആത്മവിശ്വാസമില്ലാതെ അവർ കരമുയർത്തും.
അവരോട് ഞാൻ പറയാറുള്ളത് ഇതാണ്, ഈ ഏക പ്രതിനിധികളിലാണ് എന്റെ എല്ലാ പ്രതീക്ഷയും. ഒരിടത്തുനിന്ന് പത്തുപേരുണ്ടെങ്കിൽ ഓരോരുത്തരും ചിന്തിക്കും മറ്റുള്ളവരെല്ലാം വേണ്ടത് ചെയ്തുകൊള്ളും, കൂടിയാൽ പത്തു ശതമാനം മാത്രം ഞാൻ പരിശ്രമിച്ചാൽ മതിയാകും. എന്നാൽ ഒരാൾ മാത്രമുള്ളപ്പോൾ അയ്യാൾക്ക് ഒന്ന് തീർച്ചയാണ്, ഞാൻ പ്രവർത്തിച്ചില്ലെങ്കിൽ അവിടെ ഒന്നും നടക്കില്ല. അതുകൊണ്ടുതന്നെ അയ്യാൾ ഏറെ തീക്ഷ്ണതയോടെ ദൈവരാജ്യ പ്രവർത്തനം നടത്തും. അധികം പേർ വന്നിട്ടുള്ള കോളേജുകളിൽ ചിലപ്പോൾ ഒന്നും നടക്കില്ല. സാധാരണ അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിക്കും. മറ്റാരെയും നോക്കാതെ ഓരോരുത്തരും പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്ന എന്റെ സന്ദേശം അവർ സ്വീകരിക്കുകയും ചെയ്യും.
ഒരർത്ഥത്തിൽ ജീസസ് യൂത്തിലെ വലിയ അത്ഭുതം, ആഴമുള്ള ഉത്തരവാദിത്വത്തോടെ പ്രവർത്തന നിരതരാകുന്ന സാധാരണക്കാരുടെ വർദ്ധിച്ചുവരുന്ന എണ്ണമാണ്. ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിന്, അവർക്ക് മറ്റാരെയും നോക്കാൻ കഴിയില്ലെന്നും, കർത്താവിലേക്ക് മാത്രം ശ്രദ്ധിച്ച് പൂർണ്ണഹൃദയത്തോടെ ഞാൻ എന്റെ പങ്ക് നിർവഹിക്കണമെന്ന് ഏറെ ബോധ്യമുള്ളവരാണ് അവർ. അതിശയകരമെന്നു പറയട്ടെ, വലിയ കഴിവുള്ള പലരിലും ഇല്ലാത്ത ഈ ബോധ്യം അനേക സാധാരണക്കാരിൽ കാണപ്പെടുന്നു. ഇതല്ലെങ്കിൽ മറ്റെന്താണ് ദൈവാത്മാവിന്റെ വലിയ പ്രവർത്തനം?
മൂലക്കല്ലാകാനുള്ള വിളി
ബൈബിളിലെ ശ്രദ്ധേയമായ ഒരു വാക്ചിത്രമാണ് മൂലക്കല്ല്, അതായത് ഒരു വലിയ റോമൻ കമാനത്തിലെ ഏറ്റവും മുകളിലെ പ്രധാന കല്ല്. ഏറെ ആകർഷകമാണ് ഈ രൂപകം. റോമൻ വാസ്തുശിൽപ ശൈലിയിൽ കുമ്മായവും സിമന്റും ഒന്നുമില്ലാതെ വലിയ കല്ലുകൾ അടുക്കി ഏറ്റം മുകളിലെ മൂലക്കല്ല് വച്ച് മുഴുവൻ സൗധത്തെയും ഉറപ്പിക്കും. അതിന് ഇളക്കം തട്ടിയാൽ എല്ലാം തകരും. ഇത് പ്രത്യേകം ശ്രദ്ധേയമാണ്! മറ്റൊരു പ്രയോഗം ‘അടിസ്ഥാന ശില’ എന്നതാണ്, പക്ഷേ അത് കുറച്ച് വ്യത്യസ്തമാണ്.
ക്രിസ്തുവാണ് പ്രപഞ്ചത്തിന്റെയും മനുഷ്യരാശിയുടെയും മൂലക്കല്ല്. അവിടന്ന് എല്ലാം ക്രമീകരിച്ച്, തകർച്ചയില്ലാതെ പിടിച്ചു നിർത്തുന്നു. നമോരൊരുത്തരും യേശുവിൽ അത്തരം മൂലക്കല്ലാകാൻ വിളി കിട്ടിയവരാണ്. ഒരു കൂട്ടായ്മയിലും ശുശ്രൂഷയിലും അത്തരം ഒരു മൂലക്കൽ ഇല്ലെങ്കിൽ ഒന്നിനു തുടർച്ച ഉണ്ടാകില്ല. ആ ഗ്രൂപ്പ് താമസിയാതെ കല്ലിൽകല്ല് ശേഷിക്കാതെ അപ്രത്യക്ഷമാകും.
അടിസ്ഥാന ശിലയുടെ അഭാവത്തിൽ ശുശ്രൂഷകൾ നശിക്കുന്നു.
ചിലപ്പോൾ നാം ആഗ്രഹിച്ചേക്കാം "വേണ്ടത് ഒരു ടീമും നേതൃത്വവുമാണ്." എന്നാൽ അവർ സേവനത്തിൽ ഊന്നിയ ഉടമസ്ഥത ഏറ്റെടുക്കുന്നില്ലെങ്കിലോ?
"നമുക്ക് വേണ്ടത് നല്ല സംവിധാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ്?” ജൂതന്മാർ പണ്ട് വീമ്പിളക്കിയതും അവരുടെ എണ്ണമറ്റ നിയമങ്ങളെക്കുറിച്ചാണ് അതുതന്നെ അവർക്ക് വലിയ തടസ്സവുമായി മാറി.
"നമുക്ക് വേണ്ടത് കൂടുതൽ ധ്യാനങ്ങളും പരിശീലനങ്ങളുമാണ്” പഠനവും രൂപീകരണവും അവയിൽത്തന്നെ ലക്ഷ്യങ്ങളായി മാറാം, പക്ഷേ യഥാർത്ഥ ആവശ്യം ദൈവരാജ്യ നിർമ്മിതിയിൽ ഏർപ്പെടുന്ന തീക്ഷ്ണമതികളെയാണ്.
"ധാരാളം പ്രാർത്ഥിക്കുക! കർത്താവ് പ്രവർത്തിക്കണം." പ്രാർത്ഥിക്കുക, തുടർന്ന് കർത്താവിന്റെ ഇഷ്ടമറിഞ്ഞ് നമ്മളും പ്രവർത്തിക്കുക.
നാം ആവർത്തിച്ച് കേൾക്കാറുള്ള മുൻ നിർദ്ദേശങ്ങൾ ദൈവരാജ്യ നിർമ്മിതിക്ക് പ്രധാന പടികൾ തന്നെ. എന്നാൽ കർത്താവ് ഭരമേൽപ്പിച്ച വിളിക്ക് പ്രത്യുത്തരം നൽകി ആഴമുള്ള ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ശിഷ്യനാണ് നല്ല മൂലക്കല്ലായി വർത്തിക്കുന്നത്. അതിന് പകരംവയ്ക്കാൻ മറ്റൊന്നുമില്ല.
ചുറ്റുപാടുമുള്ള നല്ല മാതൃകകൾ തിരിച്ചറിയുക
ലക്ഷണമൊത്ത അനേക നല്ല മൂലക്കല്ലുകളുടെ രൂപീകരണ ശാലയാണ് ജീസസ് യൂത്ത്. ബോധ്യങ്ങളും തീക്ഷ്ണതയുമുള്ള എത്രയോ പ്രേഷിതശിഷ്യരെ മുന്നേറ്റം സമൂഹത്തിലേയ്ക്ക് അയച്ചുകൊണ്ടിരിക്കുന്നു. കോളേജിൽ ചേരാൻ പടികടന്നു ചെന്ന അരുണിന്റെ സ്വപ്നം അവിടെ ഊർജ്ജസ്വലമായ ഗ്രൂപ്പ് കെട്ടിപ്പടുക്കുക എന്നതായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ അതുമാത്രമല്ല സുഹൃത്തുക്കളോടൊപ്പം, സമീപത്തുള്ള നിരവധി സ്ഥാപനങ്ങളിൽ കൂടെ അയ്യാൾ കൂട്ടായ്മകൾ തുടങ്ങി. സ്മിത പുത്തൻ നാട്ടിലേക്ക് വിമാനം കയറിയതും അത്തരം പ്രേഷിത ആവേശത്തോടെ ആയിരുന്നു. അവിടെ വളർന്നുവന്ന സജീവ ശൃംഖലയുടെ അടിത്തറ അവളായി. പലരുടേയും ആവേശം തണുത്തപ്പോഴും സ്മിത പ്രാർഥനയും ഫോൺവിളിയും ഒക്കെയായി ഏവരെയും പിടിച്ചു നിർത്തി. ജീസസ് യൂത്തിൽ ഒന്ന് കണ്ണോടിച്ചാൽ എങ്ങനെ അനേകരെ കാണാം.
ബൈബിളും സഭാ ചരിത്രവും പരിശോധിച്ചാൽ, ഓരോ വഴിത്തിരിവിലും മികച്ച മൂലക്കല്ലുകൾ നമുക്ക് കാണാനാകും. എന്താണ് അവരുടെ സ്ഥിരതാ രഹസ്യം? ബുദ്ധി, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സാംസ്കാരിക പശ്ചാത്തലം ഒക്കെ ആയിരുന്നോ അവരുടെ അടിത്തറ? മോശയ്ക്ക് ആത്മവിശ്വാസം കുറവായിരുന്നു, ഡേവിഡ് സ്വന്തം കുടുംബത്തിൽ അവഗണിക്കപ്പെട്ടു, ഫ്രാൻസിസ് ആത്മീയമായി സമ്പന്നമായ ഒരു വീട്ടിൽ നിന്നല്ലായിരുന്നു. ദൈവരാജ്യത്തിന്റെ ഏറ്റവും മികച്ച നിർമ്മാതാക്കൾ സാധാരണ സാഹചര്യങ്ങളിൽ നിന്നാണ് വന്നത്. എന്നിരുന്നാലും, ഒരു ഘട്ടത്തിൽ, അവർ കർത്താവിന്റെ വിളി കേട്ടു. പൂർണ്ണഹൃദയത്തോടെ പ്രതികരിച്ചു, അങ്ങനെ അവർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ഇത് അവരുടെ പരിവർത്തനത്തിലേക്ക് നയിച്ചു, അവർ അത്ഭുതകരമായ സ്ഥിരത പ്രകടമാക്കി. അവരിൽ മിക്കവർക്കും ശക്തിപകരാൻ ഒരു കൂട്ടായ്മയും തങ്ങളുടെ പുതിയ വിളിക്ക് അനുയോജ്യമായ ഒരു ജീവിതരീതിയും ഉണ്ടായിരുന്നു.
എന്തെല്ലാമാണ് ഇവർ ഒരുമിപ്പിച്ച് നിർത്തുന്നത്?
ഒരു മൂലക്കല്ല് അതിന്റെ സ്ഥാനം, ഗുരുത്വാകർഷണം, ശില്പിയുടെ കരവിരുത് ഒക്കെ കൊണ്ടാണ് ഒരു കമാനത്തിൽ മറ്റ് കല്ലുകളെ സ്ഥാനത്ത് നിർത്തുന്നത്. അതിന്റെ ഫലമോ, ഏറെ അത്ഭുതകരവും മനോഹരവും ഒക്കെയാണ്. എന്നാൽ ക്രിസ്തീയ കൂട്ടായ്മയിൽ ഈ മനുഷ്യ മൂലക്കല്ലുകളുടെ ദൗത്യമെന്താണ്?
1. ബന്ധങ്ങളുടെ താന്ത്രികൾ: അവർ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നു, അനുരഞ്ജനം വളർത്തുന്നു, ഏവരെയും പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, ഏതൊരു മീറ്റിംഗിനും ആദ്യം എത്തുന്ന അരുൺ അവസാനത്തെ വ്യക്തി പോയതിനുശേഷം മാത്രമേ പോകുകയുമുള്ളൂ.
2. തീക്ഷ്ണത പകരുന്നവർ: ഇത്തരക്കാർ ഏതൊരു ശുശ്രൂഷയുടെയും ഹൃദയതുടിപ്പാണ്. ഇവരാണ് പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പുതിയ ആശയങ്ങളും നൽകുന്നത്.
3. ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും സൂക്ഷിപ്പുകാർ: അവരുടെ സമയബോധം എടുത്തുപറയണം – കൂട്ടായ്മയുടെ ഇന്നലെകൾ ഓർക്കുകയും ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഇവരാണ്.
4. സാംസ്കാരീകത്തുടർച്ച: ഓരോ വീടിനും ഗ്രൂപ്പിനും ഒരു തനത് സംസ്കാരമുണ്ട്. അത് ആ കൂട്ടായ്മയെ വ്യത്യസ്തമാക്കുന്നു. ഗ്രൂപ്പിന്റെ ദർശനവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നല്ല നേതാവ് അത് വിവേചിക്കുകയും അതിനെ വളർത്തുകയും ചെയ്യുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ജീവനുള്ള മൂലക്കല്ലുകൾ കൂട്ടായ്മയെ സ്വന്തമെന്ന് കരുതി അതിന് ജീവനിറവ് പകരുന്നു. അവരുടെ സജീവ സാന്നിദ്ധ്യം എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കൂട്ടായ്മ വളർത്തുന്നു. ഗ്രൂപ്പിന്റെയും അതിലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർ പ്രാർത്ഥിക്കുന്നു, സഹായം എത്തിക്കുന്നു. കൂട്ടായ്മയുടെ ഇന്നലെകളും നാളെകളും ഹൃദയത്തിൽ ഏറ്റുന്ന അവർ ഉത്സാഹഭരിതരായ തുടക്കക്കാരും ഒപ്പം തുടർച്ച ഉറപ്പാക്കുന്നവരുമാണ്. ഇവരാണ് കർത്താവിന്റെ കരങ്ങളിലെ നല്ല ദൈവരാജ്യ പ്രവർത്തകർ. അങ്ങനെയുള്ളവർ ഉള്ള കൂട്ടായ്മയും മിനിസ്ട്രിയും ഏറെ അനുഗ്രഹീതം.
മൂലക്കല്ലാകുക, അത് ജന്മസിദ്ധമോ, അതോ രൂപപ്പെടുന്നതോ?
ഷേക്സ്പിയറിന്റെ പ്രസിദ്ധമായ വരികൾ: “ചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹത്വം സ്വന്തമാക്കുന്നു; ചിലരുടെ മേൽ മഹത്വം അടിച്ചേൽപ്പിക്കപ്പെടുന്നു” (Twelfth Night, Act 2, Scene 5). മറ്റൊരാൾ ഇതിനെ ഇങ്ങനെ മാറ്റി: “ചിലർ ജന്മനാ നേതാക്കളാകുന്നു; ചിലർ നേതൃത്വത്തിലേക്ക് വളരുന്നു; ചിലരുടെ മേൽ നേതൃത്വം ഏൽപ്പിക്കപ്പെടുന്നു.” ഈ രണ്ടും സുവിശേഷ സമർപ്പണമുള്ളവരെക്കുറിച്ച് യേശുനാഥൻ പറഞ്ഞ ഷണ്ഡന്മാരുടെ \ ഉപമയുമായി ഒത്തുപോകുന്നതായി തോന്നുന്നു. “ചിലർ ജന്മനാ ഷണ്ഡന്മാരാണ്; ചിലരെ മനുഷ്യർ അങ്ങനെ ആക്കിയിരിക്കുന്നു; ചിലർ സ്വർഗരാജ്യത്തിനുവേണ്ടി സ്വയം അങ്ങനെ ആയിരിക്കുന്നു” (മത്തായി 19:12).
ആരാണ് ഈ ഷണ്ഡന്മാർ? പുരാതനകാലത്ത് അവർ രാജാക്കന്മാരുടെ ഏറ്റവും വിശ്വസ്തരായ സേവകരായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായത് യജമാനന്റെ സേവനത്തിനായി ഔദാര്യപൂർവ്വം സമർപ്പിച്ചവർ.
നമ്മുടെ ചർച്ച ജീസസ് യൂത്തിൽ വളർച്ചാ വഴിയിൽ അടിത്തറയായി വർത്തിക്കുന്നരേക്കുറിച്ചാണ്. ഇവിടെയും ചിലർ തങ്ങളുടെ ജന്മസിദ്ധമായ സവിശേഷതകളാൽ സ്വാഭാവികമായി ഉത്തരവാദിത്വം ഏറ്റെടുക്കുകയും, എന്തു പരീക്ഷണങ്ങൾ വന്നാലും പതറാതെ മറ്റുള്ളവരെയും സമൂഹത്തെയും പടുത്തുയർത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റുചിലർ ചുറ്റും കാണുന്ന മിഷനറി ചൈതന്യവും മറ്റുള്ളവരുടെ മാതൃകയും നല്ല പ്രോത്സാഹനവും ഒക്കെ കൊണ്ട് ശക്തരായി വളരുന്നു. എന്നാൽ മൂന്നാമതൊരു വിഭാഗമുണ്ട്. കർത്താവ് സൂചിപ്പിക്കുന്നതുപോലെ, അവർ ദൈവരാജ്യത്തിന്റെ മഹത്വം വ്യക്തിപരമായി അനുഭവിച്ചറിയുകയും അതിൽ ആഴമായി ബോധ്യപ്പെടുകയും ചെയ്യുന്നു. അതിനുവേണ്ടി വലിയ വില കൊടുക്കാനും, ആവശ്യമെങ്കിൽ സ്വന്തം ജീവൻപോലും സമർപ്പിക്കാനും അവർ സന്നദ്ധരാകുന്നു. ചുരുക്കി പറഞ്ഞാൽ, ഈ ലോകത്തും വരാനിരിക്കുന്ന ലോകത്തും യഥാർഥത്തിൽ വിലമതിക്കപ്പെടുന്ന മൂല്യങ്ങളിലേയ്ക്കും മഹത്വത്തിലേക്കും നയിക്കുന്ന പാത ഇതുതന്നെയാണ്.
അവസാനമായി
നമ്മുടെ ചിന്ത തുടങ്ങിയത് എന്തുകൊണ്ടാണ് കൂട്ടായ്മകൾ ഇല്ലാതാകുന്നത് എന്ന ചോദ്യവുമായാണ്. പിന്നെ, ആ കാമ്പസ് പരിപാടികളുടെ സമാപനം ഞാൻ സൂചിപ്പിച്ചു. ആ വിദ്യാർത്ഥികളെ വെല്ലുവിളിച്ചപ്പോൾ അവരുടെ പ്രതികരണം ഏറെ പ്രോത്സാഹനം നൽകുന്നതായിരുന്നു. ഒരു വലിയ സ്ഥാപനത്തെ സുവിശേഷം കൊണ്ട് മാറ്റിമറിക്കാൻ പ്രത്യേകം നിയോഗിക്കപ്പെട്ടവരാണ് ഓരോരുത്തരും എന്ന ചിന്ത ഏറെ ആവേശത്തോടെയാണ് അവർ സ്വീകരിച്ചത്. ഒരു ചെറിയ കാലം കൊണ്ടുതന്നെ നാട്ടിലെ നൂറുകണക്കിന് കോളേജുകൾ ആ ചൈതന്യത്തിൽ മാറി മറിഞ്ഞു.
അപ്പോൾ ഒരു കൊച്ചു ചോദ്യം, വ്യക്തികൾക്ക് മാത്രമാണോ ഇങ്ങനെ മൂലക്കല്ലായി വർത്തിക്കാനാകുന്നത്? തീർച്ചയായും ഒരു വ്യക്തിക്കെന്നപോലെ ഒരേ ചൈതന്യത്തിൽ വേരൂന്നിയ ഒരു കൂട്ടായ്മയ്ക്ക് അതിലും വലിയ അത്ഭുതങ്ങൾ സാദ്ധ്യമാകും. അങ്ങനെ കൊടുങ്കാറ്റായി മാറിയ എത്ര ജീസസ് യൂത്ത് സ്നേഹ സമൂഹങ്ങളെ നമുക്കറിയാം! അങ്ങനെയെങ്കിൽ നമോരൊരുത്തരും, ഒപ്പം നാം ഭാഗഭാക്കാകുന്നു ചെറു സമൂഹങ്ങളും വലിയ ദൈവരാജ്യ പ്രവർത്തനങ്ങൾക്ക് അടിത്തറയാകുന്ന അതിന് ഊർജ്ജം പകരുന്ന അടിസ്ഥാന ശിലകളും മൂലക്കല്ലും ആയിത്തീരട്ടെ എന്നാണ് എന്റെ പ്രാർത്ഥന.
Comments
Post a Comment