ജീസസ് യൂത്ത് 85–ന്റെ ആവേശവും വർണപൊലിമയും (MJYR122)
ജീസസ് യൂത്ത് 85–ന്റെ ആവേശവും വർണപൊലിമയും
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
കഴിഞ്ഞയിടെ ഹൂസ്റ്റണിലെ വി. ആഞ്ചലാ മെറിച്ചി പള്ളിയങ്കണത്തിൽ വച്ച് ജോസിയേയും ഭാര്യയേയും കാണാനിടയായി. കുറച്ചേറെ ജീസസ് യൂത്ത് സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ പഴയ ഓർമ്മകളെല്ലാം അയവിറക്കാൻ തുടങ്ങി. ജോസിയാണ് ജീസസ് യൂത്ത് ’85 നു മുന്നോടിയായി ക്രിസ്മസ് കാർഡ് തയ്യാറാക്കിയത്. സംസാരത്തിനിടെ ആ കാർഡിന്റെ ഒരു പകർപ്പ് ഫോണിൽ ഞാൻ കാണിച്ചു. എല്ലാവർക്കും അതിശയമായി.
ജോസിക്ക് ഏറെ ഓർമ്മകൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു, വലിയ തിരക്കിന്റെ ഒപ്പം ദൈവാനുഗ്രഹ നിറവിന്റെ ആ സുന്ദര ദിനങ്ങൾ. മുന്നേറ്റത്തിന്റെ ആരംഭം മുതലുള്ള പല രേഖകളും ഞാൻ ഓൺലൈനായി സൂക്ഷിച്ചിട്ടുണ്ട് എന്നു കേട്ടപ്പോൾ ചിലർക്ക് ഒരാഗ്രഹം: “ജീസസ് യൂത്ത് തുടങ്ങിയ കാലത്തെ രേഖകൾ ഒന്ന് കാണാൻ പറ്റുമോ? നിങ്ങളൊക്കെ ചെയ്തതെല്ലാം അറിയാൻ പറ്റിയാൽ നന്നായിരുന്നു.” ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.
എന്ന് ഞങ്ങൾ കുറച്ചുപേർ അനുവിന്റെ വീട്ടിൽ ഒത്തുചേർന്ന് എന്റെ ഡിജിറ്റൽ ശേഖരങ്ങൾ തുറന്ന്, ജീസസ് യൂത്ത് 85 ന്റെ ഓർമകളിലൂടെ ഒരിക്കൽ കൂടെ യാത്രയായി. കുറേ ചോദ്യങ്ങൾ, പിന്നെ ഏറെ ആവേശവും സന്തോഷവും. പുതുതലമുറയ്ക്ക് മുന്നേറ്റ വേരുകളെകുറിച്ച് ഉൾക്കാഴ്ച പകർന്നതിനൊപ്പം ആ ദിനങ്ങൾ അനശ്വരമാക്കിയ കുറെ നല്ലവരെയും അവരുടെ വലിയ സംഭാവനകളും ഒന്നുകൂടെ ഓർക്കാനുള്ള നല്ലൊരവസരം കൂടെയായി ആ സായാഹ്നം.
നാഴിക കല്ലുകൾ 1976 മുതൽ
ഞാൻ സൂക്ഷിക്കുന്ന അനേക രേഖകളിൽ ഒന്ന് “ജെവൈ മൈൽസ്റ്റോൺസ് “ എന്ന പേരിൽ 1976 മുതൽ ജീസസ് യൂത്ത് മുന്നേറ്റവുമായി ബന്ധപ്പെട്ട് ഓരോ വർഷവും നടന്ന പ്രധാന സംഭവങ്ങളുടെയും അതുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടെയും ഒരു ലിസ്റ്റ് ആണ്. അതിൽ തുടങ്ങി ഞങ്ങളുടെ അന്നത്തെ ചർച്ച. മുന്നേറ്റത്തിൽ വളരെ ചെറുതായി തുടങ്ങിയ പലതിന്റെയും വളർച്ച കാണിക്കുന്ന ഒരു രേഖാചിത്രം കൂടെയായിരുന്നു അത്.
ആ വർഷം ജൂണിൽ കേരളത്തിൽ രണ്ടു ധ്യാനങ്ങൾ നടന്നു. പിന്നെ കൊച്ചിയിൽ സെന്റ് തെരേസാസ് ഗ്രൂപ്പ് എന്ന പേരിൽ ഒരു പ്രാർത്ഥനാ സമൂഹത്തിനു തുടക്കവുമായി. ആ ഓണക്കാലത്ത് കാളമശ്ശേരി സെന്റ് പോൾസ് കോളേജ് ഹോസ്റ്റലിൽ കുറച്ചു വൈദികരും കുറെ വിദ്യാർത്ഥികളും ഒരു ധ്യാനത്തിൽ പങ്കെടുത്തു.
1976 ലെ ആ തുടക്കം തുടർന്നുള്ള ഓരോ വർഷവും കേരളാ തലത്തിൽ പല പടികളിലൂടെ തുടർന്നു, അതോടൊപ്പം സ്നേഹബന്ധങ്ങളുടെ ഒരു നല്ല ശൃംഖലയും. എന്റെ കസിൻ സ്റ്റെഫനി വഴിയാണ് ആ ജൂൺ മാസത്തിലെ ധ്യാനത്തിനിടെ ആലിസ്കുട്ടിയെ ഞാൻ കണ്ടുമുട്ടിയത്. തുടർന്ന് പല ഒത്തുചേരലുകളിലും മാർസലിനോ അച്ചന്റെ വലിയ പിന്തുണ ഉണ്ടായിരുന്നു. ആ യാത്ര പിന്നീട് വലിയൊരു മുന്നേറ്റ പ്രയാണമായി.
ഞങ്ങൾ പരിശോധിച്ച രേഖകളിൽ 1977 ലെ ഒരു ഫോട്ടോ ഉണ്ടായിരുന്നു — തലേ വർഷത്തെ കാളമശ്ശേരി ധ്യാനത്തിന്റെ ഫോളോ-അപ്പ് മീറ്റിംഗ്. അതിലെ യുവാക്കളുടെ വസ്ത്രധാരണമാണ് ചിലർ ശ്രദ്ധിച്ചത്. ഇതായാലും ആ ഫോട്ടോയിലെ ചില മുഖങ്ങൾ തുടർന്നുള്ള മുന്നേറ്റ യാത്രയിലെ പ്രധാനികളായി.
ഏഴ് വർഷത്തെ ഒരുക്കം
അടുത്ത പ്രധാന കാൽവയ്പ് 1978 ൽ. ആ ഫെബ്രുവരിൽ കേരളത്തിലെ നവീകരണ ശൃംഖലയ്ക്ക് നേതൃത്വം രൂപീകൃതമായി, കെഎസ്ടി. ദേശീയ ചെയർമാൻ ഫാ. ഫിയോയുടെ നിർദേശപ്രകാരം ആദ്യത്തെ വലിയ യുവജന സമ്മേളനം ആ ഡിസംബറിൽ നടന്നു. അതിന്റെ പിങ്ക് നിറത്തിലുള്ള ബ്രോഷറും ബാഡ്ജുകളും നോക്കിയായിരുന്നു തുടർ സംഭാഷണം. ഒരു ആദ്യ കേരളതല യുവജന സമിതി, പിന്നെ വിവിധ കേന്ദ്രങ്ങളിൽ യുവാക്കളെ ഒത്തുകൂട്ടി ചർച്ചായോഗങ്ങൾ, തുടർ ഒരുക്കങ്ങൾ. ഓണക്കാലത്ത് കൊച്ചിയിൽ അഞ്ച് വലിയ ഒരുക്ക ധ്യാനങ്ങൾ. വർഷാവസാനം 800 ഓളം പേർ തേവര എസ്എച്ച് കോളേജിൽ ഒത്തുകൂടി.
അടുത്ത പ്രധാന രേഖ 1981 ലേതായിരുന്നു. മുന്നേറ്റ ദർശനത്തിന്റെ ആദ്യ കരടുരേഖ എന്നുപറയാം. കേരളത്തെ 14 സോനുകളായി തിരിച്ച് അവയ്ക്ക് നേതൃത്വം, കേരളതല സംവിധാനം, ശ്രദ്ധിക്കേണ്ട മേഖലകൾ വേണ്ട പരിശീലനങ്ങൾ ഒക്കെ ആ രേഖയിൽ ഉണ്ട്. “അതിലേക്ക് നയിച്ചത് എന്താണ്?” ആരോ ചോദിച്ചു. അടുത്ത വർഷം നടന്ന ഒരു വലിയ ദേശീയ കരിസ്മാറ്റിക്ക് കൺവെൻഷനും അതിന് സന്നദ്ധ പ്രവർത്തകരെ ഒരുക്കാൻ ഫാ. ജിനോ നൽകിയ നിർദ്ദേശങ്ങളും ഞാൻ വിവരിച്ചു. അച്ചന്റെ വാക്കുകളിൽ “നല്ല ഒരു യുവ ടീം, വ്യക്തമായ ദർശനം ലക്ഷ്യബോധമുള്ള പ്രവർത്തനം ഒക്കെ വേണം യുവാക്കൾ വേരുറച്ചു വളരാൻ”. ആ ചിന്തയെ തുടർന്ന് നിരവധി ചർച്ചാ മീറ്റിംഗുകളിൽ ചിന്തകളും ആത്മ പ്രചോദനങ്ങളും പങ്കുവച്ച് പടിപടിയായി ആ ദർശന രേഖ തയ്യാറായി. അത് കെഎസ്ടിക്ക് സമരിപ്പിക്കുകയും ചെയ്തു.
ഫസ്റ്റ് ലൈൻ ഗ്രൂപ്പ്
അടുത്തത് ഒരു പഴയ ഫോട്ടോ — ഫസ്റ്റ് ലൈൻ ഗ്രൂപ്പിന്റെ. അവരായിരുന്നു “ജീസസ് യൂത്ത് 85” ന്റെ മുഖ്യശില്പികൾ. 1982 ലെ രണ്ട് വലിയ നേതൃത്വ പരിശീലനങ്ങൾ, വിഷയം സ്വയവബോധം. ജൂലൈയിലെ പരിപാടി ഒരുക്കിയ 18 പേർ എല്ലാ മാസവും കേരളത്തിന്റെ ഒരു മുൻനിര എന്നോണം ഒത്തുകൂടാൻ തുടങ്ങി, ഒരു ടീമിനേക്കാൾ ഒരു കുടുംബം പോലെ. ആ ലാളിത്യവും സ്നേഹവും തീക്ഷ്ണതയും സാവധാനം ഒരു മുന്നേറ്റ സംസ്കാരമായി.
ആ സ്ഥിര-കൂട്ടായ്മ എല്ലാ സോണുകളിലും നിന്ന് ഒന്നിച്ച് വന്ന് തങ്ങൾ നേതൃത്വം നൽകിയ പ്രവർത്തങ്ങൾ പങ്കുവെച്ചു. ഒപ്പം കേരളത്തിൽ എമ്പാടും പക്വതയും കഴിവും ഉള്ള നേതൃത്വം രൂപപ്പെടുത്താൻ സ്വയവബോധത്തിൽ ഊന്നിയ നേതൃപരിശീലനത്തിനും ഫസ്റ്റ് ലൈൻ ശ്രദ്ധിച്ചു. വർഷങ്ങൾ നീണ്ട ആ കൂട്ടായ്മാ പ്രയാണമാണ് 85 ലെ വലിയ സമ്മേളനത്തിൽ എത്തിയത്.
ഒരു പാപ്പ പകർന്ന ആവേശം
ആഗോള സഭയിലെ വലിയ വേലിയേറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനായത് ജീസസ് യൂത്തിന്റെ ഗതി നിർണയിക്കുന്നതിൽ സുപ്രധാന കാരണമായി. 1978-ൽ, ഞങ്ങൾ ആദ്യ സമ്മേളനതിന് ഒരുങ്ങുന്നതിനിടെ ഒരു പുതിയ പാപ്പ സ്ഥാനമേറ്റു — എന്നും യുവാക്കളുടെ ആവേശമായ ജോൺ പോൾ രണ്ടാമൻ പാപ്പ. അദ്ദേഹത്തിന്റെ വാക്കുകളും ശൈലിയും ഒക്കെ ഞങ്ങളുടെ എല്ലാ ചിന്തകളുടെയും അടിത്തറയായിരുന്നു.
അദ്ദേഹം 1985 അന്താരാഷ്ട്ര യുവജന വർഷമായി പ്രഖ്യാപിച്ചത് വലിയൊരു വഴിത്തിരിവായി. അങ്ങനെ യുവാക്കൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി. യുവാക്കളുടെ ഭാവിയും, പ്രതീക്ഷയും വെല്ലുവിളികളും ഒക്കെ എല്ലാ വേദികളിലും ചർച്ചയായി. ഞങ്ങളുടെ ശൃംഖലയും അതിൽ ആവേശ പൂർവ്വം പങ്കുകാരായി.
1985-ൽ റോമിൽ നടന്ന അന്താരാഷ്ട്ര കരിസ്മാറ്റിക് യുവജന സമ്മേളനത്തിലെ ചില ഫോട്ടോകളും ഞാൻ കൂട്ടുകാരെ കാണിച്ചു. ഇന്ത്യയിൽ നിന്ന് ഒരു ചെറു സംഘം ആ സമ്മേളനത്തിൽ പങ്കെടുത്തു, കൂട്ടത്തിൽ ഞാനും. ഫാ. ഫിയോ നേതൃത്വം നൽകിയ റോമാ സംഗമത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഒത്തുകൂടി. കുറെ നല്ല ഓർമ്മകൾ - അന്നു ഞാൻ ഒരു പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ എഴുതിയ ലേഖനവും അവരെ കാണിച്ചു, പ്രത്യേകിച്ച് കർദ്ദിനാൾ സുവനൻസും, ജോൺ പോൾ പാപ്പയും ഒക്കെ ഞങ്ങളുമായി സംവദിച്ചതിനിച്ചതിനെ പറ്റി. അവിടെ നിന്നു ലഭിച്ച ആശയങ്ങളും ആവേശവും ആ വർഷാവസാനം നടന്ന ജീസസ് യൂത്ത് 85 കോൺഫറൻസിന്റെ രൂപകല്പനയെയും ദിശയെയും ഏറെ സ്വാധീനിച്ചു.
ഒരു പേരും പിന്നെ കുറെ സംഘങ്ങളും
പല പ്ലാനിങ് കുറിപ്പുകളായിരുന്നു അടുത്തത് – ചില ചിന്തകൾ, പേരുകൾ, രേഖാചിത്രങ്ങൾ ഒക്കെ നിറഞ്ഞ പേജുകൾ. 1985 ലെ സമ്മേളനത്തിനായി ഫസ്റ്റ് ലൈൻ ഗ്രൂപ്പ് നാലു പേരുകൾ നിർദേശിച്ചു. ഒടുവിൽ, തൃശൂരിൽ വച്ച് അതിലൊന്ന് തെരഞ്ഞെടുത്തു. ജീസസ് യൂത്ത് 85 ഒരു പേരും ദർശനവും ആയി. അതിനെ ഞങ്ങൾ മൂന്ന് മുഖ്യ ഊന്നലുകളായി തിരിച്ചു. ഇന്നത്തെ യുവലോകം, യേശുവിന്റെ സ്വപ്നം, യുവജന ദൗത്യം (Youth World 85, Jesus World 85, Jesus Youth 85). ഇന്നും അതുതന്നെയല്ലേ മുന്നേറ്റത്തിന്റെ അടിസ്ഥാനങ്ങൾ?
വെട്ടും തിരുത്തും ഒക്കെയുള്ള ആദ്യ പ്രോഗ്രാം ഡ്രാഫ്റ്റും ഞങ്ങളുടെ ചർച്ചാവിഷയമായി. ഒത്തുചേരലിന്റെ ലക്ഷ്യമായി ഞങ്ങൾ കണ്ടത് നല്ല സ്വയാവബോധത്തോടെ ആവേശം പകരുന്ന കൂട്ടായ്മയിൽ ദൗത്യ സ്വപ്നങ്ങൾ മെനയാൻ വേദിയൊരുക്കുക എന്നതായിരുന്നു. അതിനായി ഏറെ ക്രിയാത്മകതയോടെ സമ്മേളനത്തിന്റെ ഓരോ ഘടകവും ശ്രദ്ധാപൂർവ്വം ഒരുക്കി. അതിലെ ഒരു സെഷൻ യേശുവിന്റെ വിവിധ മുഖങ്ങൾ ചിത്രീകരിച്ച ഒരു കടലാസ് ഉപയോഗിച്ച് ഗ്രൂപ്പ് ചർച്ച. അതിലൂടെ സ്വന്ത യേശു അനുഭവം പങ്കുവച്ച് മിഷനറി വിളി തിരിച്ചറിയാൻ നല്ലൊരവസരവും.
സമ്മേളന ലോഗോ, പിന്നീട് അത് മുന്നേറ്റത്തിന്റെ മുഖമായി. ജോസ് ജേക്കബ് ആയിരുന്നു അതിനു പുറകിൽ. സമ്മേളനത്തിന് ഒരുക്കമായി പുറത്തിറങ്ങിയ കുറെ ലഘുലേഖകളിൽ മിക്കതും എന്റെ ശേഖരത്തിൽ ഉണ്ട്. പല ആമുഖ അവതരണങ്ങളും നാല് വിഷയാവതരണ രേഖകളും. അതെല്ലാം ഒരുക്കിയതും ജോസ് തന്നെ. ആ യുവാക്കൾക്ക് അതെല്ലാം പുതിയ അറിവായിരുന്നു.
ആരെല്ലാം പങ്കെടുത്തു?
കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഫോം ഏറെ പുതുമയുള്ളതായിരുന്നു. “പങ്കെടുത്തവരുടെ തൊഴിൽ, താൽപര്യങ്ങൾ, കഴിവുകൾ ഒക്കെ കാണണമോ?” അതൊക്കെ കുറിച്ച ആ കടലാസും ചർച്ചയായി. അന്നത്തെ യുവ ലോകത്തിന്റെ ഒരു നല്ല ചിത്രം അവിടെ തെളിഞ്ഞു.
ഒരു ചെറിയ സാമ്പിളിന് ചില കണക്കുകൾ, 85 ലേ കോൺഫറൻസിൽ പങ്കെടുത്തവരിൽ 216 കർഷകർ, 77 അധ്യാപകർ, 345 വിദ്യാർത്ഥികൾ, 270 തൊഴിലാളികൾ, പിന്നെ നഴ്സുമാർ, ബിസിനസുകാർ ഒക്കെ ഉണ്ടായിരുന്നു. അതനുസരിച്ചുള്ള ഒത്തുചേരലുകൾ സമ്മേളനത്തിന്റെ ഭാഗമായിരുന്നു. അവരുടെ കഴിവുകൾ സുവിശേഷവൽക്കരണ താൽപര്യങ്ങൾ എന്നിവയും ചോദിച്ചിരുന്നു. അതനുസരിച്ച് നടത്തിയ ശില്പശാലകൾ പിന്നീട് വിവിധ മിനിസ്ട്രികൾ തുടങ്ങുന്നതിന് അടിസ്ഥാനമായി. അതിലെല്ലാം മറ്റൊരു ഊന്നൽ കൂടി ഉണ്ടായിരുന്നു വിശുദ്ധിയിലെ വളർച്ചയും മിഷൻ സംരംഭങ്ങളും സാധാരണ ജീവിതവുമായി ഒത്തുപോകേണ്ടതാണ്.
പുത്തൻ അനുഭവങ്ങൾ
1985 ഡിസംബർ 26 മുതൽ 29 വരെ ആയിരുന്നു ജെവൈ കോൺഫറൻസ്. സംഘാടനം കേരള കരിസ്മാറ്റിക് നവീകരണ നേതൃത്വമായ കെഎസ്ടി. അനേക മാസങ്ങൾ നീണ്ട ഒരുക്കങ്ങളിൽ പ്രധാന ഊന്നൽ വ്യാപകമായ യുവജന പങ്കാളിത്തത്തിനും അവരുടെ ചിന്തകളും സ്വപ്നങ്ങളും പ്രകാശിതമാകുന്നതിനും ആയിരുന്നു.
ഞങ്ങളുടെ മുന്നിലെ ഒരു ചോദ്യം ഇതായിരുന്നു “അധികം പ്രസംഗങ്ങൾ ഇല്ലാത്ത ഒരു യുവജന സമ്മേളനം നടത്താനാകുമോ?” ഏറെ ചർച്ചകൾക്ക് ശേഷം, ഓരോ ദിവസവും ഒരു പ്രധാന വിഷയാവതരണവും ശേഷം മുഴു സമയം ക്രിയാത്മകവും നല്ല പങ്കാളിത്തവും ഉള്ള കാര്യങ്ങൾക്കും ആയി മാറ്റിവച്ചു. വിഷയാവതരണം:
• ദിനം 1: Youth World 85 – ഫാ. ജിനോ
• ദിനം 2: Jesus World 85 – ഫാ. വെള്ളാനിക്കൽ
• ദിനം 3: Jesus Youth 85 – ആലിസ്‌കുട്ടി
ഇതിനിടയിൽ പാനൽ ചർച്ചകൾ, “സെറൻഡിപിറ്റി” വചന പഠനം, ചിത്രങ്ങൾ ഉപയോഗിച്ച് ചർച്ച, ജീവിതാവസ്ഥാ ഗ്രൂപ്പുകൾ, ദൃശ്യാവതരണങ്ങൾ, ശില്പശാലകൾ, സംഗീതം തുടങ്ങി ഏറെ പരിപാടികളായിരുന്നു. പ്രധാന ആകർഷണങ്ങളിൽ ഒന്ന് “പൊതുവേദിയിലെ ക്രൈസ്തവ സാക്ഷ്യം” എന്ന പാനൽ ചർച്ചയായിരുന്നു. അതിൽ ഒരു രാഷ്ട്രീയനേതാവ്, പ്രൊഫസർ, സാമൂഹിക പ്രവർത്തക, പൊലീസ് ഓഫീസർ എന്നിവർ പങ്കെടുത്തു. അവർ സ്വന്ത അനുഭവ വെളിച്ചത്തിൽ സംസാരിച്ചു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ആ ഏഴ് വർഷത്തെ ചിന്തകളും കണ്ടെത്തലുകളും പുതുവഴികൾ തേടിയ ആ സമ്മേളനത്തിലേയ്ക്ക് എത്തിച്ചു. അത് വർഷങ്ങളായി വളർന്നുവന്ന യുവപ്രേഷിത ശൃംഖലയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വാതായനമായി. ആത്മപ്രേരിതമായ ക്രിയാത്മകതയും, ഗാഢമായ സ്നേഹബന്ധങ്ങളും മങ്ങാത്ത മിഷണറി ആവേശവും ഒത്തു ചേർന്നാൽ വലിയ അത്ഭുതങ്ങൾ സാധ്യമാക്കും എന്നതിന് തുടരുന്ന സാക്ഷ്യമായിത്തീർന്നു ആ സമ്മേളനവും ഈ മുന്നേറ്റവും.
ജീസസ് യൂത്ത് 85 അരങ്ങേറിയത് നാലു പതിറ്റാണ്ടുകൾക്ക് മുൻപാണ്. ഭാരതത്തിലെ ഒരു സംസ്ഥാനത്തെ യുവജനങ്ങളുടെ ദൗത്യബോധം ഉണർത്തി വളർത്തുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. കാലം ഏറെ പിന്നിട്ടെങ്കിലും അന്ന് കത്തിപ്പടർന്ന ആ ജ്വാല ഇന്നും ഒട്ടും മങ്ങാതെ പതിന്മടങ്ങ് പ്രകാശത്തോടെ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നു. ഒരു രാജ്യം മുഴുവനും മാത്രമല്ല അനേക രാജ്യങ്ങളിലും വിവിധ സംസ്കാരങ്ങളിലും അതിന്റെ ചുറ്റോളങ്ങൾ ചലനം സൃഷ്ടിക്കുന്നു.
ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയുക എന്നാണല്ലോ പറയുക. ജെ വൈ 85 ന്റെ തുടർച്ച എന്ന് പറയുമ്പോൾ ഒരു പേരും ലോഗോയും ഓക്കെയാണ് മനസ്സിൽ ഓടിയെത്തുക. എന്നാൽ അതിനുമപ്പുറം ഒരടിസ്ഥാന ദർശനവും, അനേക ശൈലികളും, വിചിന്തന വിഷയങ്ങളും, ഒരു മുന്നേറ്റത്തിന്റെ ഡിഎൻഎ തന്നെയും ആ ആത്മ വിസ്ഫോടനത്തിൽ നിന്ന് ബഹിർഗമിച്ചു. ആ തീർത്ഥാടനം ഇന്നും തുടരുകയാണ്. ജീസസ് യൂത്ത് 85-ന്റെ ആവേശവും ചടുലതയും അനേക ഇടങ്ങളിലും രാജ്യങ്ങളിലും ആയിരങ്ങളുടെ സുവിശേഷ ചൈതന്യത്തിലും സ്നേഹ കൂട്ടായ്മകളിലും ഇന്നും ജീവിച്ച് ഫലമണിയുന്നു.
Comments
Post a Comment