ജീസസ് യൂത്ത്: സാധാരണത്വത്തിന്റെ ലളിതശൈലി (MJYR123)

  ജീസസ് യൂത്ത്: സാധാരണത്വത്തിന്റെ ലളിതശൈലി   

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ, ഏറെക്കാലമായി ജീസസ് യൂത്ത് സജീവമാണ്, പക്ഷേ ശൈലിയിൽ ലളിതവും ഏറെ ശാന്തവും. ക്യാമ്പസിലുള്ള നിരവധി ക്ലബ്ബുകൾ ആകർഷകമായും സ്മാർട്ടായും തങ്ങളുടെ സാന്നിധ്യമറിയിക്കുമ്പോൾ വലിയ പരസ്യമൊന്നും കൂടാതെ ജെ-വൈ അവരുടെ കാര്യങ്ങളുമായി മുന്നേറുന്നു. ആഴ്ചതോറും കാമ്പസിന്റെ ഒരു മൂലയിൽ ഒതുങ്ങിയ ഒരു ഹോസ്റ്റൽ മുറിയിൽ അവർ ഒത്തുകൂടും. വ്യക്തിബന്ധങ്ങൾ വളർത്തി കുട്ടികളെ ആകർഷിക്കും പ്രാർഥനകൂട്ടായ്മയും വചന പഠനവും ഒക്കെയായി അവരെ വളർച്ചയിലേയ്ക്ക് നടത്തും, ആശുപത്രികളും അഗതി മന്ദിരങ്ങളും സന്ദർശിക്കും. ചുരുക്കത്തിൽ എല്ലാം സുന്ദരം ഒപ്പം  ലളിതവും. 

എന്നാൽ കോളേജിൽ ജീസസ് യൂത്ത് ശ്രദ്ധിക്കപ്പെടുന്ന ചില സമയങ്ങളുണ്ട്. എവിടെയെങ്കിലും ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ, അവരുടെ തീക്ഷ്ണത എല്ലാവരും അറിയും. വസ്ത്രങ്ങൾ, ഭക്ഷണ പാക്കറ്റുകൾ,  മറ്റു നിത്യോപയോഗ സാധനങ്ങൾ ഒക്കെ അവർ ശേഖരിക്കും. പിന്നെ കുട്ടികൾക്കായി പുസ്തകങ്ങൾ, എഴുത്ത് സാമഗ്രികൾ ഒക്കെ കണ്ടെത്തും.  മറ്റൊരു സമയം ക്രിസ്മസ് കാലമാണ്. ആ ദിവസങ്ങളിൽ  ക്യാമ്പസ് നിറമാർന്നു സജീവമാകും. രസകരമായ പല പരിപാടികളും തിരുപ്പിറവി അവതരണങ്ങളും ചില കൊച്ചു മത്സരങ്ങളും സന്ദേശം പങ്കുവയ്ക്കലും ഒക്കെയായി അതൊരു മേളമാകും. അതിന് ചുക്കാൻ പിടിക്കുന്നതോ ജീസസ് യൂത്തും.

കോളേജ് അധികാരികൾക്ക് ഈ ഗ്രൂപ്പിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. പുതിയ കുട്ടികൾ വന്ന് ക്യാമ്പസ് പരിചയപ്പെടുന്ന ആദ്യ ദിനങ്ങളിൽ അവർ ജെ.വൈയെ എടുത്തുകാണിക്കും. ക്യാമ്പസ് ക്ലബ്ബുകളുടെ പട്ടികയിൽ ജെ-വൈക്ക് പ്രധാന സ്ഥാനമുണ്ട്. എങ്ങനെയെങ്കിലും കൂടുതൽ വിദ്യാർത്ഥികൾ ഈ വഴി വരണം എന്നാണ് കോളേജ് അധികാരികളുടെ താല്പര്യം. പക്ഷേ ജെ-വൈ കുട്ടികൾക്ക് തനതായ ഒരു സാവകാശമുണ്ട്. ഈ മുന്നേറ്റo "വലുതും തിളക്കമുള്ളതുമാക്കി" മാറ്റാൻ ചില അംഗങ്ങൾ ആവേശപൂർവ്വം ശ്രമിച്ചാലും, ഒരു ഗ്രൂപ്പ് എന്ന നിലയിലും മുന്നേറ്റ ശൈലിയിലും ജീസസ് യൂത്തിന് തനതായ ഒരു താളമുണ്ട്. അതിനെ കൂടുതൽ ചിട്ടയും കാര്യക്ഷമതയും ഒക്കെയുള്ളതാക്കാൻ നോക്കിയാലോ? അത് മറ്റെന്തോ ഒന്നായി മാറും. ഏറെ പ്രത്യേകതകളുള്ള എന്തിനെയും നമ്മൾ കൂടിയ ശ്രദ്ധയോടെ സമീപിക്കും. ജീസസ് യൂത്തും അതുപോലെ തന്നെയാണ്. കൂടുതൽ സദ്ധാരണത്വത്തെ പുൽകുന്ന അസാധാരണത്വം. ഈ പ്രത്യേകതയുടെ സ്രോതസ്സോ, പരിശുദ്ധാത്മാവും.

എന്താണീ സുസാധാരണത്വം?

പല ഇടങ്ങളിലും ഇന്ന് കേൾക്കുന്ന ഒരാശയമാണ്  "മൈൻഡ്ഫുൾനെസ്" അതായത്, ഉയർന്ന അവബോധത്തോടെ വ്യാപാരിക്കുക. ഒരു വിധത്തിൽ ഇത് ഏറെ ക്രിസ്തീയമായ ഒരു ജീവിത സമീപനം ആക്കാം. ദൈവസാന്നിദ്ധ്യ ബോധം, ആത്മാവിന്റെ നിശ്വസനം അടുത്തറിയൽ എല്ലാം നമ്മെ ഈ അവബോധത്തിൽ വളർത്തും. സങ്കീർത്തനം 131 ഇത് നന്നായി അവതരിപ്പിക്കുന്നു. വൻപു പറയൽ  ഒട്ടുമില്ലാതെ, ശാന്തഹൃദയത്തോടെ കർത്താവിൽ പൂർണമായി ആശ്രയമർപ്പിക്കുന്ന ഒരു മനോഭാവം. അവിടെ വൻകാര്യങ്ങൾ സംഭവിച്ചാൽ അത് അവിടുത്തെ വലിയ ഔദാര്യം മാത്രം. 

ഈ ലാളിത്യവും കർത്താവിലുള്ള വേരൂന്നലുമാണ് ജീസസ് യൂത്തിനെ സുസാധാരണമാക്കുന്നത്. ഒരുദ്ധരണി കേട്ടുകാണും, “അൽഭുതകരവും അസാധാരണവുമായതിനെ നാം പ്രശംസിക്കും, പക്ഷേ സാധാരണമായത് നാം ചേർത്തു നിർത്തും.” ഈ സാധാരണത്വം ഞാൻ സൂചിപ്പിച്ച കോളേജ് ഗ്രൂപ്പിനെ വ്യത്യസ്ഥമാക്കി. അവരുടെ ലാളിത്യവും എളിമയും, ഒപ്പം ഊഷ്മളതയും തീക്ഷ്ണതയും അവരെ ഏറെ പ്രിയങ്കരരാക്കി. 

ഒരാളുടെ കുസൃതി ചോദ്യം: ഈ സാധാരണത്വം എന്ന് പറയുന്നത് നാട്ടിലെ ‘ഓർഡിനറി’ ബസ്സുപോലെയാണോ? അത് നല്ലൊരു താരതമ്യമാണ്. എല്ലാവർക്കും കയറാവുന്ന സാധാരണ വാഹനം. വൻഭാവം ഇല്ലാത്ത, ലാളിത്യമുള്ള ചില മനുഷ്യരെ കണ്ടിട്ടില്ലേ? അതുപോലെ. യേശു തെരഞ്ഞെടുത്തത് ആ വഴിയാണ്, ഒരു തച്ചന്റെ തൊഴിൽ ചെയ്തു, മുക്കുവരെ സ്നേഹിതരായി സ്വീകരിച്ചു. ഇന്നും സാധാരണ അപ്പമായി കടന്നുവരുന്ന അതിശയകരമായ  ഒരു സാധാരണക്കാരൻ.

അങ്ങനെവരുമ്പോൾ നാം സൂചിപ്പിക്കുന്ന സാധാരണത്വം സ്വപ്നങ്ങളുടെയും തീക്ഷ്ണ സ്നേഹത്തിന്റെയും അഭാവമല്ല. മറിച്ച് ബോധപൂർവ്വമുള്ള താഴെയ്ക്കിറങ്ങലാണ്. വലിയ പേരുണ്ടാക്കാനും കണ്ണഞ്ചിപ്പിക്കാനും മറ്റുള്ളവർ തത്രപ്പെടുമ്പോൾ അതിൽനിന്ന് മാറി  സാധാരണ മനുഷ്യരുടെ സമീപത്തെത്താൻ അവരെ പോലെ ആകുന്നതാണ് ഈ സുസാധാരണത്വം.

വീതിയേറിയ രാജപാത  

ജോലിസ്ഥലത്തുനിന്ന് ഞാൻ വീട്ടിലേയ്ക്ക് പോകുന്ന ഒരു കുറിക്കു വഴിയുണ്ട്. സമയ ലാഭമോർത്താണ് ആ വഴി പോകുമായിരുന്നത്. പക്ഷേ ഇടുങ്ങിയ ആ വഴിയിലൂടെ ഒരു ഭരവണ്ടിയോ മറ്റോ ഇഴഞ്ഞു നീങ്ങിയാൽ എല്ലാവരും കുടുങ്ങും. ഒപ്പം അസ്വസ്ഥരാകാനും തുടങ്ങും. പല കൂട്ടായ്മകളും ഇങ്ങനെയാണ്. മറിച്ച്, വീതിയുള്ള വഴികൾ ഔദാര്യമുള്ളവകൂടെയാണ്. പലരും പല വേഗതയിലാണ് ചിന്തിക്കുന്നതും സ്നേഹിക്കുന്നതും പ്രാർത്ഥനാവഴിയേ ചരിക്കുന്നതും. ഈ വൈവിധ്യത്തെ ഹൃദയത്തിൽ സ്വീകരിക്കുന്നവർക്ക് നാം ധ്യാനിക്കുന്ന ഈ സാധാരണത്വം എളുപ്പമാണ്. അരോടുമൊത്തുകൂടുന്ന ലാളിത്യമാണ് സുസാധാരണത്വം.

ഞങ്ങളുടെ ഗ്രൂപ്പിൽ, ആരെങ്കിലും ഒരു ചിന്ത പങ്കിടുമ്പോൾ, സിനി കാര്യത്തിന്റെ കാതലിലേക്ക് വേഗത്തിൽ എത്തുo എന്നാൽ ജോൺസൺ ചോദ്യങ്ങളും എതിർപ്പുകളും ഒക്കെയായി എല്ലാം മന്ദഗതിയിലാക്കുo. ഒരു നല്ല കൂട്ടായ്മ ഇവ രണ്ടിനും ഇടം നൽകണം. ഒരു സമൂഹത്തിന്റെ ഔദാര്യവിശാലത അതിന്റെ നേതാക്കളുടെ ഹൃദയ വിശാലത കൂടെയാണ്. ഞങ്ങൾക്ക് നേതൃത്വം നൽകുന്ന ആഗസ്റ്റിൽ ഇത്തരം വ്യത്യസ്തതകൾ ഗ്രൂപ്പിൽ സംഘർഷം ഉയർത്തുമ്പോൾ ശാന്തനായി എല്ലാവരെയും ശ്രവിക്കുന്നത് കാണാറുണ്ട്. അങ്ങനെ ആരും പിന്തള്ളപ്പെടാതെ കൂട്ടായ്മ മുന്നേറുന്നു. അത്തരം ഒരു കൂട്ടായ്മയിൽ ഏവർക്കും സ്വസ്ഥതയോടെ തനത് ശൈലിയിൽ മുന്നേറാൻ സാഹചര്യം ഒരുക്കുന്നു. ഇതാണ് ഗ്രൂപ്പിൽ സുസാധാരണത്വം സാധ്യമാക്കുന്നത്.

സാധാരണരെ നിങ്ങൾ  ഭാഗ്യവാന്മാർ 

സുസാധാരണത്വത്തിൽ ഊന്നിയ ജീസസ് യൂത്ത് കൂട്ടായ്മകൾ നയിക്കുന്നവർ ലളിത സാധാരണ രീതികൾ സ്വീകരിക്കുന്നവരാകണം. ഒപ്പം ആഴമുള്ള സ്നേഹവും തീക്ഷ്ണോത്സാഹ ജ്വാലയും പേറുന്നവരും ആകണം. അത്തരം നല്ല ജെ-വൈയുടെ ചില പ്രത്യേകതകൾ:

• എവിടെയാണെങ്കിലും അതിൽ സന്തോഷിക്കുന്നവർ, അല്ലെങ്കിൽ അതിനെ ദൈവഹിതമായി അംഗീകരിക്കാൻ പരിശ്രമിക്കുകയെങ്കിലും ചെയ്യുന്നവർ.  

• സംഭാഷണത്തിൽ ലാളിത്യവും മനുഷ്യപ്പറ്റും ഉള്ളവർ - അവർ അധികാര ഭാവങ്ങൾ കഴിവതും ഒഴിവാക്കുo  

• ഏവരുമായി എളുപ്പത്തിൽ ബന്ധങ്ങളുണ്ടാക്കി അത് വളർത്തുന്നവർ. നിർബന്ധങ്ങൾ ഒഴിവാക്കി തുറവിയോടെ ഇടപെടുന്നവർ. 

• അവരുടെ പ്രാർത്ഥന, വരദാന ഉപയോഗം, പങ്കുവയ്ക്കൽ തുടങ്ങിയവ ലളിതസുന്ദരവും സ്വഭാവികവുമാകുo 

• ദൈനംദിന ജീവിതമാണ് അവരുടെ ദൗത്യ മേഖല - സഹപാഠികൾ, സഹപ്രവർത്തകർ, അയൽക്കാർ.  

• അവർ ചെറു കൂട്ടായ്മകളെ വിലമതിക്കുന്നു. അതിൽ  വേണ്ടത്ര ശ്രദ്ധിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്നു. 

• സന്തോഷങ്ങളിലും പ്രത്സന്ധികളിലും അവർ ദൈവസാന്നിധ്യം തിരിച്ചറിയുന്നു.  

ഒന്ന് ചിന്തിച്ചാൽ ഈ സുസാധാരണത്വത്തിന്റെ നല്ല പരിശീലക മദർ തെരേസയാണ്. ആ വിശുദ്ധിയുടെ വാക്കുകളിൽ, “സാധാരണ കാര്യങ്ങൾ അസാധാരണ ശ്രദ്ധയോടെ ചെയ്യുക.” അതുതന്നെയാകണം ജീസസ് യൂത്തിന്റെ വിശുദ്ധിയിലേക്കും ദൗത്യ പ്രതിബദ്ധതയിലേയ്ക്കുമുള്ള സുന്ദര പാത.

 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)