യുവത്വനിറവിൽ തീക്ഷ്ണതയോടെ: യുവജന രൂപീകരണത്തിന്റെ വെല്ലുവിളികൾ (MJYR127)
യുവത്വനിറവിൽ തീക്ഷ്ണതയോടെ: യുവജന രൂപീകരണത്തിന്റെ വെല്ലുവിളികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2026)
സിസ്റ്റർ മരിയെറ്റയുടെ തീക്ഷ്ണത സമ്മതിക്കാതെ വയ്യ. എന്നെ പലപ്രാവശ്യം വിളിച്ചു. ഇടവകയിലെ കുറെ യുവാക്കളെ ഒരു ജനപ്രിയ ധ്യാന കേന്ദ്രത്തിൽ കൊണ്ടുപോകണം. ചെറുപ്പക്കാർ വലിയ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നു. സിസ്റ്റർ അവരുമായി നല്ല ബന്ധത്തിലാണ്. പല കാര്യങ്ങളും ശ്രമിച്ചു നോക്കി. പക്ഷേ വലിയ ഫലമൊന്നും കണ്ടില്ല. ധ്യാന കേന്ദ്രത്തിലെ ഒരു അനുഭവം അവരിൽ സ്ഥായിയായ മാറ്റമുണ്ടാക്കും എന്നൊരു പ്രതീക്ഷയിലാണ് സിസ്റ്റർ ഇപ്പോൾ.
അങ്ങനെ ഒറ്റയടിക്ക് പരിഹരിക്കാവുന്ന ഒന്നാണോ ഇന്നത്തെ യുവജന പ്രശ്നങ്ങൾ? എന്റെ ചിന്ത ആ വഴിക്കാണ്. ഇടവകയിൽ ഇതിന് മുൻപും യുവജന ധ്യാനങ്ങൾ നടത്തിയതും അനേകർ ധ്യാനകേന്ദ്രങ്ങളിൽ പോയതും ഞാൻ ഓർത്തു. വലിയ മാറ്റമൊന്നും വന്നില്ല. പക്ഷേ ആ കന്യാസ്ത്രീയുടെ ശുദ്ധ മനസ്സിനെ എങ്ങനെ തള്ളിപ്പറയും? അതുമല്ല, ചിലരെങ്കിലും ഒരു ധ്യാനത്തിലൂടെ വലിയ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെട്ടിട്ടുമുണ്ട്. പക്ഷേ എന്റെ നിശബ്ദത തീർച്ചയായും അവരെ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കും.
എന്നാൽ എനിക്ക് വ്യക്തമായ മറ്റൊരു വഴി നിർദ്ദേശിക്കാനുണ്ടോ? യുവജനങ്ങളിലെ മാറ്റം ഞാൻ കണ്ടിട്ടുണ്ട്. വളരെ കുത്തഴിഞ്ഞ സാഹചര്യങ്ങളിൽ നിന്നുള്ള യുവാക്കൾ പോലും – ജീവനിറവിൽ വരുന്നതും വളരുന്നതും നേതൃത്വ ദൗത്യം ഏറ്റെടുക്കുന്നതും ചുറ്റുമുള്ളവർക്ക് പ്രത്യാശ നൽകുന്നതും ഒക്കെ കണ്ടിട്ടുണ്ട്. ചില അവ്യക്തമായ പടികൾ ഞാൻ ശ്രദ്ധിക്കുന്നുമുണ്ട്. എന്നിരുന്നാലും, ഇന്നത്തെ യുവാക്കളുടെ വെല്ലുവിളികൾക്ക് കൃത്യമായ ഒരു പരിഹാരം എനിക്കുണ്ടെന്ന് ഞാൻ അവകാശപ്പെടില്ല.
എങ്ങനെയെന്ന് അറിയാത്ത കർഷകൻ
വളർച്ചയെ സൂചിപ്പിക്കുന്ന യേശുവിന്റെ ഉപമകൾ ഏറെ ഉൾക്കാഴ്ച നിറഞ്ഞതാണ്. മർക്കോസ് 4:26 ലും തുടർന്നുള്ള വാക്യങ്ങളിലും യുവാക്കൾക്ക് സ്വയം കണ്ടെത്താനും മറ്റുള്ളവരോടൊപ്പം വളരാനും സാധിക്കുന്ന ഒരു സാഹചര്യം എങ്ങനെ കെട്ടിപ്പടുക്കാനാകും എന്നതിന് ചില സൂചനകൾ ഞാൻ വായിച്ചെടുക്കാറുണ്ട്. അവിടെ ഒരു കർഷകൻ വിത്ത് വിതച്ച് ക്ഷമയോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു. വളർച്ച എങ്ങനെ സംഭവിക്കുന്നു എന്ന് ഒട്ടും മനസ്സിലാക്കാതെതന്നെ സൗമ്യമായി നിരീക്ഷിക്കുന്നു, പിന്നീട് ഫലവും വിളവെടുപ്പും കാണുന്ന സംഭവബഹുലമായ ഒരു കഥ. ഒന്നോർത്താൽ ഈ ഭാഗം ഏറെ പാഠങ്ങൾ ഉൾക്കൊള്ളുന്നു.
1970 കളിൽ സിസ്റ്റർ സാർത്തോ, SD യുടെ തീക്ഷ്ണത എന്റെ ഓർമ്മയിൽ തെളിഞ്ഞു. ഏറെ പ്രതിബദ്ധതയും, സ്ഥിരോത്സാഹവും, ആത്മാവിലുള്ള ആശ്രയബോധവും നിറഞ്ഞ ആ രീതി ഏറെ ഫലം കൊയ്തു. നഗരത്തിൽ നിന്ന് ദൂരെ വൈപ്പിൻ ദ്വീപിലെ ഒരു ഗ്രാമീണ ഇടവക. യുവാക്കളോടൊത്ത് പ്രവർത്തിക്കാൻ നല്ല കഴിവും കാര്യക്ഷമതയും വേണമെന്നാണല്ലോ വയ്പ്പ്. എന്നാൽ സി. സാർത്തോ ഒരു സാധാരണ വ്യക്തി. പകരം, അവർക്ക് യുവാക്കളോട് നല്ല സ്നേഹമുണ്ടായിരുന്നു, യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രശ്നങ്ങൾ അടുത്തറിഞ്ഞ് ഇടപഴകി. പിന്നെ തന്റെ പരിമിതികൾ മനസ്സിലാക്കി സഹായം തേടാൻ മടിയും ഇല്ലായിരുന്നു. അങ്ങനെയാണ് എന്റെ പക്കൽ വന്നതും നിരന്തരം നിർദ്ദേശങ്ങൾ തേടിയതും. പിന്നെ നിരവധി യുവാക്കളെ നഗരത്തിലെ ഞങ്ങളുടെ ഗ്രൂപ്പിലേക്ക് കൊണ്ടുവരാനും തുടങ്ങി. വർഷങ്ങൾ നീണ്ട സ്ഥിരോത്സാഹം, അത് ഫലമണിഞ്ഞു.
യുവാക്കൾക്ക് സഹായം നൽകുന്നത് രണ്ടുതലത്തിൽ ആകണമെന്ന് തോന്നുന്നു: ഓരോ മരങ്ങൾ നട്ട് വളർത്തുന്നതും വയലിൽ വിത്തു വിതച്ച് പരിപാലിക്കുന്നതും പോലെ. അതായത് വ്യക്തിപരമായ വളർച്ചയും സമൂഹ വിശ്വാസ രൂപീകരണവും തമ്മിലുള്ള ഒരു ബാലൻസിങ്. ഒരാളുടെ ആന്തരിക ജീവിതത്തോടുള്ള അടുപ്പവും ശ്രദ്ധയും അത്യാവശ്യമാണ്. എന്നാൽ അത് ഒരു വ്യക്തിയെ ഉള്ളിലേക്ക് വലിയാനും വികാരങ്ങളിലും ആത്മപരിശോധനയിലും മാത്രം മുഴുകാനും ഇടയാക്കിയാൽ, അത് ദോഷകരമാകും. അതിനാൽ, താൻ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയിൽ, സംഘർഷങ്ങളെയും വൈവിധ്യങ്ങളെയും അഭിമുഖീകരിച്ച്, മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കാൻ മുൻകൈ എടുക്കുന്ന ഒരാളായി ഒരു യുവാവിനെയും യുവതിയെയും രൂപപ്പെടുത്തുക അത്യാവശ്യമാണ്. യുവജന പ്രവർത്തനത്തിൽ ഈ വ്യക്തിപര-സാമൂഹിക തുലനം ഒഴിവാക്കാനാകില്ല.
ഒരു പ്രധാന കാര്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. യുവത്വ വികസനത്തിന് ഏറെ നൈപുണ്യമുള്ള വിദഗ്ദ്ധർ വേണമെന്നില്ല. ചിലപ്പോൾ അത്തരം ഒരു ഇമേജ് തടസ്സമായി മാറിയേക്കാം. സ്നേഹം, അംഗീകരിക്കാനുള്ള സന്നദ്ധത, മാറ്റത്തിനായുള്ള തുറന്ന മനസ്സ് എന്നീ ലളിത സമീപനങ്ങൾക്ക് പകരം മുൻപ് വിജയിച്ച അനുഭവങ്ങളെയും മുന്തിയ സാങ്കേതിക വിദ്യകളെയും ആശ്രയിക്കാന്നുള്ള പ്രലോഭനം വിദഗ്ദ്ധരെ വഴിപിഴപ്പിക്കാൻ ഇടയുണ്ട്. അതുകൊണ്ടാണ് ഞാൻ സി. സാർത്തോയെ എടുത്തുകാണിച്ചത്. ഒരു നല്ല യുവജന പ്രവർത്തക എന്താകണം എന്നത്തിന് മാതൃകയല്ല അവർ. സിസ്റ്റർ ഒരു പ്രത്യേക വഴിയും പിന്ചെന്നില്ല. പക്ഷേ തന്റെ വലിയ ഹൃദയം അവരെ സ്ഥിരോത്സാഹിയാക്കി. യുവാക്കളെ ഒത്തുകൂട്ടി, വ്യക്തിപരമായി ശ്രദ്ധിച്ചു, വേണ്ട സമയത്ത് ശരിയായ സഹായം എത്തിച്ചു. അക്ഷീണ പരിശ്രമം നല്ല ഫലങ്ങൾ കൊയ്തു. പതിറ്റാണ്ടുകൾ പിന്നിട്ട്, ഇന്ന്, അവരിൽ പലരും അനേക ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ പോലും വീക്ഷണവും വിവേകവുമുള്ള നല്ല നേതാക്കളായി തുടരുന്നു. ഈ വലിയ വിളവ് ആ എളിയ സിസ്റ്ററിന്റെ കരവിരുതല്ലേ?
യുവത്വം പലപ്പോഴും യുവാക്കളിൽ പാഴാക്കപ്പെടുന്നു.
അടുത്തിടെ, ഞാൻ ഒരു ജീസസ് യൂത്ത് മേഖല സന്ദർശിച്ചു, വിവിധ ഗ്രൂപ്പുകളുമായി ഒന്നിച്ചിരുന്നു. നല്ല കുടുംബ ഗ്രൂപ്പുകൾ; കുട്ടികളുടെ സർഗ്ഗാത്മകത നന്നായിരുന്നു; ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ ചോദ്യങ്ങൾ; പക്ഷേ ഇടയ്ക്ക് ഞാൻ അസ്വസ്ഥനായി, ഇവിടുത്തെ യുവാക്കൾ എവിടെ? ഒടുവിൽ, അവരും ഒത്തുകൂടി, അവരോടൊപ്പമുള്ള സമയം നിരവധി ചിന്തകൾക്ക് വഴിവയ്ക്കുകയും ചെയ്തു.
ഒരു യുവജന ഗ്രൂപ്പിൽ ചെല്ലുമ്പോൾ ഞാൻ അവരെ വീക്ഷിക്കും. പിന്നെ ഒരു തരംതിരിക്കൽ നടത്തും, മിക്കവാറും മൂന്നു ഗണങ്ങളായി: പുറത്തു നിൽക്കുന്നവർ, അകത്തുള്ളവർ, ഉത്സാഹഭരിതർ. ഇതെല്ലാം അവരുടെ മാനസിക അവസ്ഥയെ പറ്റിയാണല്ലോ. അളക്കാനുള്ള എന്റെ എളുപ്പവഴി സൗമ്യമായി തുറന്ന് സംസാരിക്കാനും ഇടപഴകാനും അവരെ പ്രോത്സാഹിപ്പിക്കുക. അതിനിടെ അവരെ ശ്രദ്ധിക്കുക.
ആ ഗ്രൂപ്പിൽ ഏകദേശം ഇരുപതോളം യുവാക്കൾ ഉണ്ടായിരുന്നു. ക്രമേണ, എനിക്ക് അവരെക്കുറിച്ച് എന്താണ്ടൊരു ഗ്രാഹ്യവും കിട്ടി. മിക്കവാറും നല്ല കത്തോലിക്കർ, അതായത് അകത്തുള്ളവർ. രണ്ടോ മൂന്നോ പേർ വേലിയിൽ ഇരിക്കുന്നപോലെ. പിന്നെ ഉത്സാഹഭരിതർ രണ്ടോ മൂന്നോ പേർ. അപ്പോൾ ഒരു ചോദ്യം: ഈ മൂന്നു ഗണങ്ങൾക്ക് എന്താണ് വേണ്ടത്? ലളിതമായി പറഞ്ഞാൽ, പുറത്ത് നിൽക്കുന്നവർ ഇവിടെ വിനോദം തേടി എത്തിയവരാകും; രണ്ടാമത്തെ ഗണം എപ്പോഴും എന്നപോലെ ചില പരിപാടികൾ പ്രതീക്ഷിച്ച് വന്നവരാകും, എന്നാൽ, മൂന്നാമത്തെ കൂട്ടർ വെല്ലുവിളികൾ സ്വീകരിക്കാൻ മടിക്കാത്തവർ, എന്തെങ്കിലും പ്രവർത്തിക്കാൻ സാധ്യതയുള്ളവർ ഒക്കെയാണ്. നാമെല്ലാം പോകുന്ന ആദ്ധ്യാത്മിക കൂട്ടായ്മകളിൽ ആദ്യത്തെ കൂട്ടർ വരാൻ സാധ്യത കുറവാണ്. വല്ല കൂട്ടുകാരും പ്രേരിപ്പിച്ചാൽ അത്തരം ഉഴപ്പന്മാർ ഒന്ന് എത്തിനോക്കി എന്നിരിക്കും. നമ്മൾ സാധാരണ കാണാൻ സാധ്യതയുള്ളവർ രണ്ടാമത്തെ കൂട്ടർ തന്നെ, പറഞ്ഞാൽ കേട്ടിരിക്കുന്ന, തിരുവയ്ക്ക് എതിർവായ പറയാത്ത, മാന്യർ. വീട്ടിലും, സ്കൂളിലും, പള്ളിയിലും ഒക്കെ വലിയ കുഴപ്പം ഉണ്ടാക്കാത്തവർ. പക്ഷേ കൂടുതൽ ഒന്നും അവരിൽ നിന്ന് പ്രതീക്ഷിക്കരുത്. മൂന്നാമത്തെ കൂട്ടർ ഉണ്ടെങ്കിൽ അവർ മറ്റു രണ്ടുകൂട്ടരെയും കുറച്ചെങ്കിലും ചലിപ്പിച്ചിരിക്കും.
സമയം പരിമിതമാകുമ്പോൾ, വലിയ കുഴപ്പമൊന്നും ഇല്ലാത്ത ഈ രണ്ടാമത്തെ കൂട്ടർക്കായി അധികമൊന്നും ചെയ്യാനില്ല എന്നതാണ് സത്യം. അവർ ഒരു നല്ല പ്രസംഗം, വല്ല രസകരമായ പുത്തൻ ആശയങ്ങൾ ഒക്കെ മാത്രം പ്രതീക്ഷിക്കുന്നു, ക്ഷമയോടെ കേൾക്കുന്നു, വേണ്ടത് ശേഖരിച്ച് തിരിച്ചു പോകുന്നു. എന്നാൽ ഉത്സാഹഭരിതരായ കുറച്ചുപേരോടൊപ്പം ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. പരസ്പരം കേൾക്കാനും ചോദ്യങ്ങൾക്ക് ഉത്തരം പറയാനും സമയമെടുത്ത്, ആത്മാവ് നമ്മെ പുതിയ ഇടങ്ങളിലേക്ക് നയിക്കുന്നത് അവിടെ കാണാനും.
തീക്ഷ്ണതയും സ്ഥിതിരോത്സാഹവുമുള്ള യുവത്വം
യുവജനങ്ങളുമായി ഒന്നിച്ചിരിക്കുമ്പോൾ അവരിൽ ചിലരെങ്കിലും ജീസസ് യൂത്ത് ആയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കും, പേരിൽ അല്ലെങ്കിലും യഥാർത്ഥ സ്വഭാവത്തിൽ. അതായത്, ക്രിസ്തു ദൗത്യത്തിൽ വ്യക്തിപരമായി അഭിനിവേശമുള്ള, ആനന്ദം പങ്കിടുന്ന ഒരു കൂട്ടായ്മയിൽ വേരൂന്നിയ, ലോകത്തെ മാറ്റുന്നതിൽ അവരുടെ പങ്ക് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾ. ആ ഉപമയിൽ യേശു നമ്മെ ഈ വഴിക്ക് ദീർഘദൃഷ്ടിയുള്ള കർഷകരാകാൻ വിളിക്കുന്നു. സിസ്റ്റർ സാർത്തോയുടെ ക്ഷമാപൂർവ്വമായ പ്രവർത്തനം നിരവധി വിശ്വാസ ദൃഢതയും നിലനില്പുമുള്ള നേതാക്കളെ രൂപപ്പെടുത്തി. സിസ്റ്റർ മരിയെറ്റയ്ക്കും അവരുടെ യുവാക്കൾക്കും വേണ്ടിയുള്ള എന്റെ പ്രാർത്ഥന ഈ വഴിക്കാണ്, അവർക്കോ അവരുടെ ചുറ്റുമുള്ള മറ്റു ചിലർക്കോ യുവാക്കളെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടാവുകയും ആ വഴിക്കുള്ള സ്ഥിരതയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യട്ടെ എന്നാണ് എന്റെ ആഗ്രഹം. ഒരു ധ്യാനം തുടക്കമായേക്കാം, പക്ഷേ അതിന് മുൻപും പിൻപും പലതും ഉണ്ടാകണം. ഒരു കാര്യത്തിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു, അവിടെയും ഇവിടെയും പല ജീസസ് യൂത്തും അത്തരം കാഴ്ചപ്പാടോടെ പ്രവർത്തനം തുടരുന്നു.
ഞാൻ സന്ദർശിച്ച യുവജന ഗ്രൂപ്പിൽ ഞാൻ അവരെ ബോധപൂർവ്വം നിരാശപ്പെടുത്തി. ഒരു ഔപചാരിക പ്രസംഗം ഞാൻ അവിടെ നടത്തിയില്ല, പകരം ഒരു സാധാരണ സംഭാഷണം മാത്രമായി ഒതുക്കി. പിന്നീട്, അവിടെ കണ്ട ഉത്സാഹഭരിതരായ യുവാക്കളെ കണ്ടു, അവരെ ഞാൻ വ്യക്തിപരമായി പ്രോത്സാഹിപ്പിച്ചു. അവിടത്തെ മുതിർന്നവരോട് അവർക്ക് വേണ്ട പ്രോത്സാഹനവും ഒത്താശയും ചെയ്തുകൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഒപ്പം, ഞാൻ എന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ തുടരേണ്ടതുമുണ്ട്.
Comments
Post a Comment