ലളിതസുന്ദരമായി യേശുവിലേയ്ക്ക് തിരിയുക, ഇതാണ് ജീസസ് യൂത്തിൽ പ്രാർത്ഥനയുടെ മർമ്മം (MJYR124)

 ലളിതസുന്ദരമായി യേശുവിലേയ്ക്ക് തിരിയുക, ഇതാണ് ജീസസ് യൂത്തിൽ പ്രാർത്ഥനയുടെ മർമ്മം 

(By Dr. Edward Edezhath - Published in Kairos Malayalam in 2026)

സിബിൻ തൻറെ ആദ്യ ദൈവാനുഭവം വിവരിച്ചു. ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്നതിനാൽ, പ്രാർത്ഥനയും ആത്മീയതയും എനിക്ക് പുത്തനല്ല, പക്ഷേ, യൗവനത്തിൻറെ ഒരു ഇരുണ്ട കാലമുണ്ടല്ലോ, ആ സമയത്ത് എല്ലാം നഷ്ടമായി എന്ന് തോന്നിയ ഒരു സമയമുണ്ടായി. ദൈവ പരിപാലനയിൽ,  ഒരു കൂട്ടം നല്ല ചെറുപ്പക്കാരെ കാണാൻ ഇടയായി. ആ കൂട്ടായ്മയിൽ അവരുടെ പ്രാർത്ഥന എന്നെ അത്ഭുതപ്പെടുത്തി, കർത്താവിനോടുള്ള ഒരു സാധാരണ രീതിയിലുള്ള സംഭാഷണം. ഒരു സ്നേഹിതനോട് നമ്മൾ കുശലം പറയില്ലേ? അതുപോലെയാണ് അവർ കർത്താവിനോട് സംസാരിച്ചത്.

ഇത് കൊള്ളാമല്ലോ. എനിക്കും അതുപോലെ ഒന്ന് പ്രാർത്ഥിക്കാനായിരുന്നെങ്കിൽ! കർത്താവുമായി അത്തരം ഒരു ബന്ധം തേടിയാണ് സിബിൻ ആ ഗ്രൂപ്പിൽ വരാൻ തുടങ്ങിയത്. സാവധാനം ജീവിതം അടിമുടി മാറുന്ന ഒരു യാത്രയുടെ തുടക്കമായി.

ജീസസ് യൂത്തിൽ പ്രാർത്ഥന ഏതാണ്ട് ഇങ്ങനെയാണ്, ചിട്ടകൾക്കും  നിർബന്ധ രീതിക്കും അപ്പുറം ലാളിത്യത്തോടെ ഹൃദയം കർത്താവിലേയ്ക്ക് തിരിയുന്ന അനുഭവം.

മുന്നേറ്റത്തിന്റെ ഹൃദയഭാഗം 

“ഈ ചെറുപ്പക്കാർ നല്ല പ്രാർത്ഥനക്കാരാണ് അതാണ് എനിക്ക് ജീസസ് യൂത്തിനെ വലിയ ഇഷ്ടം.” ഒരു സിസ്റ്ററിന്റെ ഈ പരാമർശം കേട്ടപ്പോൾ സന്തോഷിക്കണോ അതോ അസ്വസ്ഥനാകണമോ എന്നായി എന്റെ സംശയം. സന്തോഷത്തിനു കാരണം അവർ ആ യുവാക്കളെ സ്നേഹിക്കുകയും അവരുടെ ആഴവും ആത്മാർത്ഥതയും മനസ്സിലാക്കുകയും ചെയ്തു. മറിച്ച് അസ്വസ്ഥതയോ? ജീസസ് യൂത്തിനെ ധാരാളം പ്രാർത്ഥിച്ചുകൂട്ടുന്ന ഒരു കൂട്ടം യുവാക്കളായി മാത്രം മനസ്സിലാക്കിയാൽ, സുപ്രധാനമായ എന്തൊക്കെയോ ഇതിൽ പെടാതെ പോകും. 

എന്റെ മനസ്സിൽ അവർ ദൗത്യപ്രതിബദ്ധതയുള്ള ആനന്ദപ്രസരിപ്പുള്ള പ്രാർത്ഥനയുടെ ആഴമുള്ള യുവത്വമാകണം. ആത്മാവിൽ സജീവരായി ഇറങ്ങി പുറപ്പെടുന്ന വ്യക്തികളും കൂട്ടായ്മകളും. സിബിന് ഏറെ പ്രചോദനമായത് അതാണ്. ജീസസ് യൂത്ത് കടന്നു ചെല്ലുമ്പോൾ മറ്റുള്ളവരെ സ്പർശിക്കുന്നതും അതുതന്നെ. പ്രാർഥനയ്ക്കായുള്ള പ്രാർഥനയല്ല മറിച്ച് ദൗത്യ പ്രതിബദ്ധത  സന്തോഷ സ്നേഹനിർഭര സേവനം തുടന്തിയവയ്ക്കുള്ള ഒരു നീരുറവ.  

പ്രാർത്ഥനയിൽ വൈവിധ്യം 

പ്രാർത്ഥനയോടുള്ള ജീസസ് യൂത്തിലെ പ്രത്യേക സമീപനം തിരിച്ചറിയാൻ അതിന്റെ വിവിധ ആവിഷ്കാരങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. എങ്ങനെയൊക്കെയാണ് ഒരാൾ ഹൃദയം കർത്താവിലേയ്ക്ക് തിരിക്കുന്നത്?

o വ്യക്തിപരമായി, തനിയെ പ്രശാന്ത നിമിഷങ്ങൾ കണ്ടെത്തി  

o കൂട്ടായ്മയിൽ, വിശ്വാസ നിറവുള്ള ഒരു സൗഹൃദ വേദിയിൽ 

o ദൗത്യ വഴിയിൽ, കടന്നുചെന്ന് അന്യരുടെ ആവശ്യങ്ങൾ കാണുമ്പോൾ 

ഡേവിഡിന്റെ കാര്യം ഞാനോർക്കുന്നു: നല്ലൊരു ജീസസ് യൂത്ത്, പിന്നെ ഇടവക ട്രസ്റ്റി, മറ്റു പലരും ഓഫീസിൽ കാണുമെങ്കിലും ഇദ്ദേഹത്തോടാണു  പലരും ഉള്ളുതുറക്കുന്നത് പിന്നെ പ്രാർത്ഥന ചോദിക്കും, ചിലപ്പോൾ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കും. 

ആഴ്ചതോറും ഒത്തുകൂടി പങ്കുവെച്ച് പ്രാർത്ഥിക്കുന്ന ഒരു ചെറു സമൂഹത്തിന്റെ ഭാഗമാണ് ഡേവിഡ് എന്ന് മറ്റുള്ളവർക്കറിയാം. അയ്യാളുടെ രീതികളും ഇടപെടലുകളും വ്യത്യസ്തമാണ്. “ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ രീതി.” കർത്താവുമായി ഹൃദ്യമായ ബന്ധമുള്ള ഒരാളെ തിരിച്ചറിയാൻ മറ്റുള്ളവർക്ക് അധിക സമയം വേണ്ട.

ഇങ്ങനെ ഒരു പ്രാർത്ഥന ത്രയം ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നു: വ്യക്തിപരമായ ആന്തരീകത, കൂട്ടായ്മയിലെ പ്രാർത്ഥന, ആത്മാവ് നയിക്കുന്ന ദൗത്യം – ഇവ പരസ്പരം പോഷിപ്പിക്കുകയും ചെയ്യുന്നു.

ഒരു പതിവു ചടങ്ങായി തീരരുത് 

ജോസഫ് ആദ്യമായി ഒരു ജീസസ് യൂത്ത് ചെറു സമൂഹത്തിന്റെ ഭാഗമായപ്പോൾ അവരുടെ പാട്ടുകളാണ് അയ്യാളെ ഏറെ ആകർഷിച്ചത്. സാവധാനം അവിടെ പാട്ടല്ലാതെ മറ്റൊന്നുമില്ല എന്ന് തോന്നിയപ്പോൾ അയ്യാൾ അസ്വസ്ഥനായി. അയ്യാളുടെ വാക്കുകൾ, “ഞാൻ തേടിയത് ചിന്തകളും ഹൃദയവും ഒത്തുവരുന്ന പ്രാർത്ഥനയാണ്. അത് സ്വയം പ്രേരിതമാകണം ഒപ്പം ഒരു ക്രമവും വേണം.” 

ഇപറഞ്ഞത് പ്രാർത്ഥന കൂട്ടായ്മയെക്കുറിച്ചായിരുന്നു, പക്ഷേ വ്യക്തിപരമായ പ്രാർഥനയ്ക്കും ഇത് ബാധകമാണ്. ഹൃദ്യവും ആനന്ദകരവുമായ ബാഹ്യരൂപത്തോടൊപ്പം വേണ്ടവണ്ണം ക്രമമുള്ള ഒരു ഉൾക്കാമ്പും പ്രാർഥനയ്ക്ക് വേണ്ടേ? ഒരു ജെ-വൈ കൂട്ടായ്മയിൽ വരുന്ന ഒരാൾ മിക്കവാറും ശ്രദ്ധിക്കുക പ്രാർഥനയിലുള്ള ഹൃദ്യതയും സന്തോഷവും പങ്കാളിത്തവും ഒക്കെയാകും എന്നാൽ അതിന് താഴെ വേണ്ട ക്രമത്തോടെ പടിപടിയായി മുന്നേറുന്ന സമ്പൂർണമായ മറ്റൊന്നുകൂടെയുണ്ട്. 

അങ്ങനെയെങ്കിൽ, പ്രാർത്ഥനയെക്കുറിച്ചുള്ള ചില സ്ഥാനം തെറ്റിയ  പ്രതീക്ഷകൾ സൂചിപ്പിക്കുന്നത് നല്ലതല്ലേ?  

അനുഭവത്തിന് പുറകേ: ശാന്തിയും സന്തോഷവും പ്രാർത്ഥനയുടെ ഫലം തന്നെ. എന്നാൽ ആവേശവും വികാര തീവ്രതയും തേടുകയും  കൃത്രിമമായി ഉണ്ടാക്കുകയും ചെയ്യുന്നത് വഴി തെറ്റിക്കും. ദൈവ സാന്നിദ്ധ്യമാണ് അല്ലാതെ വികാര അനുഭൂതിയല്ല പ്രാർത്ഥന.  

ചിട്ടയും ക്രമവും മാത്രം ലക്ഷ്യമാക്കുക: ഒരു താളപ്പിശകുമില്ലാതെ ഇപ്പോഴും പദ്ധതിയനുസരിച്ച്  മുന്നേറുന്നതല്ല ജീവിതം. പ്രാർത്ഥനയും വ്യത്യസ്തമല്ല. വിരസത, പലവിചാരം, ഉത്സാഹരാഹിത്യം എന്നിവയൊക്കെ ആ യാത്രയുടെ ഭാഗം തന്നെ. ഇതിനർത്ഥം എല്ലാ ചൈതന്യവും പോയി എന്നല്ല.  

പരമപരിശുദ്ധ സമയം മാത്രം പ്രതീക്ഷിക്കുക: യേശു പ്രാർത്ഥിക്കുന്ന രണ്ടുപേരെ താരതമ്യം ചെയ്യുന്നു: തന്റെ വിശുദ്ധിയിൽ ആത്മവിശ്വാസത്തോടെ അഹങ്കരിക്കുന്ന പ്രീശനും, ഏറെ സന്ദേഹത്തോടെ ഹൃദയമുയർത്തുന്ന അനുതാപിയും.  കർത്താവ് അഭിനന്ദിക്കുന്നത് ആ കലുഷിത മാനസനെയാണ്.  

കർതൃ സാമീപ്യം കാണുക 

സങ്കീർത്തകന്റെ വാക്കുകളിൽ, "കർത്താവ് എപ്പോഴും എന്റെ കൺമുമ്പിൽ ഉണ്ട്” (16:8). അവിടുന്ന് അടുത്തുണ്ട്, എന്നിലുണ്ട് എന്ന ശാന്തമായ അവബോധം, അത് ആശ്വാസകരമാണ് ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതും. ഇത് പ്രാർത്ഥനയുടെ പൂന്തോട്ടത്തിൽ എല്ലാം നട്ടുവളർത്തുന്ന മണ്ണിനടിയിലെ അരുവി പോലെയാണ്. ഈ സാന്നിധ്യത്തിൽ വേരുപായിച്ച് വളരാൻ ഒരു ജീസസ് യൂത്തിന്റെ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്:  

1. സുന്ദരമായ എന്തെങ്കിലും: ഒരു ഗാനം, നല്ല വീഡിയോ, ഒരു ചിത്രം, നല്ല പ്രകൃതി ദൃശ്യം – ഇങ്ങനെ എന്തെങ്കിലും എന്റെ ഉള്ളിനെ ഉണർത്തുണം.   

2. ദൈവവചനം: യേശുവിന്റെ വാക്കുകൾ ചെയ്തികൾ കഥകൾ തുടങ്ങി വചന പ്രകാശം ഉള്ളിലെ മൂടൽ ഒന്ന് മായിച്ചു അവിടുത്തെ മുഖം ഒന്ന് തിളങ്ങാൻ സഹായിക്കും.  

3. ശരീരം ഉണർന്ന് പ്രാർത്ഥിക്കണം: ഗ്രൂപ്പിലോ തനിയേയോ ഒക്കെ ആണെങ്കിലും ഉചിത ഭാവവും ചലനങ്ങളും ചേഷ്ടകളും ഒക്കെ പ്രാർത്ഥനയിൽ ആത്മ ചലനത്തിന്റെ പുതു പാത തുറക്കും.  

4. സ്വതന്ത്ര സ്തുതി: ചെറു പ്രകരണങ്ങളിൽ ഉള്ളിലെ സ്നേഹം, കൃതജ്ഞത, സ്വയ സമർപ്പണം ഒക്കെ ഏറ്റുപറയുക, പിന്നെ ഈണത്തിൽ പാടുക ഇതൊക്കെ ആഴങ്ങൾ തേടാൻ സഹായിക്കും.

5. ആത്മാവിൽ പാടുക പ്രാർത്ഥിക്കുക: വാക്കുകൾക്ക് അപ്പുറം ആത്മാവ് നൽകുന്ന ഈണങ്ങളിലും സ്വരങ്ങളിലും ഒക്കെ ഹൃദയം ഉയർത്താൻ, ഒന്നിച്ച് പ്രാർത്ഥിക്കാൻ സാധിക്കുക ഏറെ നല്ലതാണ്.

6. ശ്രവിച്ച് പ്രത്യുതരിക്കുക: എന്റെ സംസാരത്തിനും അപ്പുറം ആത്മ പ്രേരണയ്ക്ക് ചെവിയോർത്ത് പ്രത്യുതരിക്കുക കൂടെയാണ് പ്രാർത്ഥന.     

7. കൈകോർക്കുക - കർത്താവിനോടും മറ്റുള്ളവരോടും: കർത്താവും മറ്റുള്ളവരും ഒരു ക്രിസ്തുശിഷ്യന് ഇപ്പോഴും സമീപസ്ഥരാണ്. തനിയെ ആണെങ്കിലും, ഒപ്പം കൂട്ടായ്മയിലും ഇരുഭാഗങ്ങളിലേക്കുമുള്ള ഈ തിരിയൽ സ്നേഹത്തിൽ വേരൂന്നി പ്രാർത്ഥന വഴിയെ മുന്നേറാൻ സഹായിക്കും.  

അവസാനമായി,

സമീപത്തുള്ള യേശുവിനെ ദർശിച്ച് ഹൃദയം ആ സാന്നിദ്ധ്യത്തിലേയ്ക്ക് അടുക്കുന്നതാണ് ജീസസ് യൂത്തിലെ പ്രാർഥനാ വഴി. ഇത് ലളിതമാണ് ഒപ്പം സുന്ദരമായ ഒരു ക്രമം അതിനുണ്ട്; അവിടെ ഏറെ സ്വാതന്ത്ര്യമുണ്ട് ഒപ്പം നാം ഏവരുമായി സ്നേഹത്തിൽ ഒന്നിക്കുന്നു; സന്തോഷം അതിന്റെ മുഖമുദ്രയാണ് ഒപ്പം ദിവ്യ സാന്നിദ്ധ്യത്തിന്റെ ആഴവും. വ്യത്യസ്തതകളുടെ സുന്ദരമായ  ഒത്തുചേരൽ ഈ പ്രാർത്ഥന ഏറെ വ്യത്യസ്തമാക്കുന്നു, എന്റെ ഉള്ളം ആഴങ്ങൾ തേടാൻ അത് ഇടയാക്കുന്നു, മറ്റുള്ളവരുമായി എന്നെ സ്നേഹത്തിൽ അടുപ്പിക്കുന്നു, ദൗത്യബോധത്തോടെ ക്രിസ്തു സാക്ഷിയായി എന്നെ പ്രറഞ്ഞയക്കുന്നു. ഇവിടെ ലാളിത്യം ആഴക്കുറവല്ല, മറിച്ച് ആത്മ പ്രേരണയുടെയും, സ്നേഹ പ്രതിബദ്ധതയുടെയും ദൗത്യ തീക്ഷ്ണതയുടെയും നിറ ശ്രോതസ്സന്ന്.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)