പഴമയും പുതുമയും സമന്വയിപ്പിക്കുക, അതൊരു കലയാണ് (MJYR121)

 പഴമയും പുതുമയും സമന്വയിപ്പിക്കുക, അതൊരു കലയാണ്  

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

വർഷങ്ങൾക്ക് മുമ്പ് എന്റെ മൂത്ത മകൻ വിവാഹത്തിന് ഒരുങ്ങിയപ്പോൾ അവന്റെ ആഗ്രഹം ഇതായിരുന്നു, ചടങ്ങുകളെല്ലാം പരമ്പരാഗത രീതിയിൽ വേണം. അവൻ നല്ലൊരു ലത്തീൻ ഗായകസംഘത്തെ  കണ്ടെത്തി, ശാന്തമായ ഒരു പള്ളിയിൽ എല്ലാം ക്രമീകരിച്ചു. ചടങ്ങിന്റെ പാട്ടുപുസ്തകം എത്തിയപ്പോൾ ഞാൻ ഒന്ന് കണ്ണോടിച്ചു നോക്കി. എല്ലാം ലത്തീൻ ഗാനങ്ങൾ. പക്ഷേ അതിൽ കുറെ തെറ്റുകൾ ഉണ്ടായിരുന്നു. ഞാൻ അവ തിരുത്താനും  തുടങ്ങി. എനിക്ക് പഴയ ലത്തീൻ ആരാധനാ ക്രമം സുപരിചിതമാണ് എന്നത് അവനെ ആശ്ചര്യപ്പെടുത്തി. “ജീസസ് യൂത്തിന് ലത്തീൻ പാട്ടുകൾ അറിയാമോ?” അവന്റെ പ്രതികരണത്തിൽ എനിക്ക് അത്ഭുതമില്ലായിരുന്നു. കരിസ്മാറ്റിക് ആത്മീയതയിലുള്ള എന്റെ പശ്ചാത്തലം കണക്കിലെടുത്ത്, ഞാൻ ലത്തീൻ പാട്ടുകൾ പോലെയുള്ള പഴയ രീതികളെ വിലമതിക്കുമെന്ന് അവൻ പ്രതീക്ഷിച്ചില്ല. 

യുവാക്കൾ പഴയതിനെയെല്ലാം തള്ളിപ്പറയുന്ന ഒരു യുഗത്തിലാണ് ഞാൻ വളർന്നുവന്നത്. മറ്റു പല മേഖലയിലും എന്നപോലെ ആദ്ധ്യാത്മിക കാര്യങ്ങളിലും സ്വാതന്ത്ര്യത്തിനും പുതുമയ്ക്കുമായിരുന്നു ഊന്നൽ. രണ്ടാം വത്തിക്കാൻ കൗൺസിൽ ഈ സമീപനത്തിന് ഏറെ പ്രോത്സാഹനം നൽകി. അതിനിടെ കടന്നുവന്ന കരിസ്മാറ്റിക് നവീകരണം ദൈവാത്മാവിന്റെ പ്രവർത്തനത്തിന് ഊന്നാൽ നൽകിയതിനൊപ്പം അനുഭവവേദ്യമായ പ്രാർത്ഥനാ രൂപങ്ങൾ യുവജനങ്ങളെ പരിചയപ്പെടുത്തി. അച്ചടിച്ച ജപങ്ങൾ തിരസ്കരിച്ചതിനൊപ്പം സ്വയംപ്രേരിത പ്രാർത്ഥന, ജനപങ്കാളിത്തം വളർത്തുന്ന ബലിയർപ്പണം, സൗഹൃദ വേദികളായ പ്രാർത്ഥനാ ഗ്രൂപ്പുകൾ, കളിയും ചിരിയും ഒക്കെ സംയോജിപ്പിച്ച വിശ്വാസ പരിശീലനം തുടങ്ങിയ പുതുവഴികൾ ആദ്ധ്യാത്മിക മേഖലയെ മാറ്റിമറിച്ചു. പരമ്പരാഗത രീതികളെയും ആചാരാനുഷ്ഠാനങ്ങളെയും തിരസ്കരിക്കാൻ ആഗ്രഹിച്ച ഇളം തലമുറയ്ക്ക് ഇതെല്ലാം സ്വാതന്ത്ര്യത്തിന്റെ കുളിർ കാറ്റായിരുന്നു. അതോടൊപ്പം ആരാധനാ ക്രമത്തിൽ അമിത സ്വാതന്ത്ര്യം എടുക്കുന്ന ആളുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ അനേകർക്ക് ഏറെ അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു.  

പെൻഡുലം ഒരറ്റത്ത് എത്തിയാൽ പിന്നെ മറുവശത്തേയ്ക്ക് പോകണമല്ലോ. ഒരു തലമുറ പാരമ്പര്യത്തെ നിരസിക്കുമ്പോൾ, അടുത്തത് അതിനെ താൽപര്യപൂർവ്വം സ്വീകരിക്കും. ആത്മീയതയിലും സമാനമായ എന്തോ സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും പഴമയിലേക്കുള്ള ഒരു മടക്കം ഞാൻ കാണുന്നു. ജപമാല കഴുത്തിൽ അണിയുന്ന, മുട്ടുകുത്തി കുർബാന സ്വീകരിക്കുന്ന, കാനോന നമസ്കാരം ഇഷ്ടപ്പെട്ടു ചൊല്ലുന്ന അങ്ങനെ പ്രാരമ്പര്യ രീതികളിലേക്ക് മടക്കം ആഗ്രഹിക്കുന്ന അനേക യുവ ജനങ്ങളെ  ഇന്ന് കാണാം. കുർബാനയുടെ പരിപാവനത കുറക്കാതിരിക്കാൻ അതിനിടെ അടുത്തു നിൽക്കുന്നവർക്ക് സമാധാനം ആശംസിക്കാൻ പോലും ചിലർ മടിക്കുന്നു.  

കഴിഞ്ഞയിടെ ഇപ്രകാരം ഒരു കുർബാനയ്ക്കിടെ മുതിർന്നവർ പുഞ്ചിരിയോടെ പരസ്പരം സമാധാനം ആശംസിക്കുമ്പോൾ പലചെറുപ്പക്കാരും ഏറെ ഭക്തിയോടെ കൈകൂപ്പി മാത്രം നിൽക്കുന്നത് കണ്ടു. ദിവ്യബലിക്ക് ശേഷം, എന്റെ സുഹൃത്ത് ജോസഫ് ഏറെ സന്തോഷത്തോടെ പറഞ്ഞു, "ഇന്നത്തെ യുവാക്കളുടെ  വിശ്വാസ തീക്ഷ്ണത എത്ര ആവേശകരമാണല്ലേ? ഒട്ടും മായം ചേർക്കാത്ത ഒരു ക്രിസ്തീയതയാണ് അവർ ആഗ്രഹിക്കുന്നത്.” എന്നാൽ ഇതിനോടുള്ള എന്റെ പ്രതികരണം മറിച്ചായിരുന്നു. “ഈ മനോഭാവം അതത്ര ലളിതമാണോ എന്ന് ഞാൻ സംശയിക്കുന്നു.” ഏതായാലും അതൊരു നീണ്ട ചർച്ചയുടെ തുടക്കമായിരുന്നു. 

മിഷനറി മനോഭാവം

ഞാൻ ജോസഫിനോട് പറഞ്ഞു, പുതുമയോ പഴമയോ ഏതാണ് മെച്ചം എന്ന് തർക്കിച്ചിട്ട് വലിയ കാര്യമില്ല. എന്റെ താല്പര്യം ജീസസ് യൂത്തിൽ നമുക്ക് വേണ്ട മനോഭാവത്തെ കുറിച്ചാണ്. മുന്നേറ്റത്തിലെ ഒരു നല്ല കത്തോലിക്കാ മിഷനറി ശിഷ്യർ ഇതിനെ എങ്ങനെ സമീപിക്കണം? തീർച്ചയായും ഒരു മധ്യമാർഗ്ഗമാണ് നല്ലത്. അതായത് പഴമയുടെയും നവീകരണത്തിന്റെയും സന്തോഷകരമായ ഒരു സമന്വയം. ഇത് വെറും ഒരു താത്വിക വിഷയമല്ല, മറിച്ച് ജീവിതത്തിലും മറ്റ് ദൈനംദിന വേദികളിലും ജീസസ് യൂത്ത് അഭിമുഖീകരിക്കുന്ന ഒരു സുപ്രധാന വെല്ലുവിളിയാണ് ഈ സമന്വയം. 

ഇതിന് ഒരു നല്ല ഉദാഹരണം ജീസസ് യൂത്ത് പ്രാർത്ഥനയുടെ രൂപീകരണ വഴിയാണ്. സഭയുടെ പ്രധാന പ്രാർത്ഥന രീതിയാണു കാനോന നമസ്കാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ, ക്രൈസ്തവ പാരമ്പര്യങ്ങളിൽ വേരൂന്നിയ പ്രാർത്ഥനാ രീതിയാണ്. അത് വേണ്ടരീതിയിൽ പരിചയപ്പെടുത്തിയാൽ യുവാക്കൾക്ക് അത് ഏറെ ആകർഷകമാണ്. ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു പ്രാർത്ഥന ശൈലിയാണ് കരിസ്മാറ്റിക് നവീകരണം മുന്നോട്ടുവച്ചത്. സ്വയംപ്രേരിത രീതികളും കൂട്ടായ്മയും ഒക്കെ ഒത്തിണങ്ങുന്ന ഈ നവീന രീതി ഒരു മിഷണറി ഉണർവ്വ് നൽകുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇതെല്ലാം ഒത്തുവരുന്ന ജെ-വൈ പ്രാർത്ഥന പഴമയും പുതുമയും ഒന്നിക്കുന്ന ഒരനുഭവം കൂടിയാണ്. 

പഴമയുടെ രീതികൾ അടുത്തറിയുന്നവർ അതിൽ ആകൃഷ്ടരാകുന്നതിന് പ്രധാന കാരണം അവയുടെ ചിട്ടയും മനോഹാരിതയുമാണ്. കാലം മാറ്റുരച്ച ആ രീതികൾ അത് നുകരുന്നവർക്ക് ആഴവും പരപ്പും പ്രദാനം ചെയ്യും. യേശുവിന്റെ വാക്കുകൾ തന്നെ അതിന് സാക്ഷ്യം: "പഴയ വീഞ്ഞ് കുടിച്ചശേഷം ആരും പുതിയത് ആഗ്രഹിക്കുന്നില്ല." (ലൂക്കാ 5:39)

എന്നാൽ പഴമയോടുള്ള താൽപര്യം നമ്മെ പഴഞ്ചൻ ആക്കരുതല്ലോ. എന്നും പുതുമയും ആനുകാലിക പ്രസക്തിയുമുള്ള സുവിശേഷം ഇക്കാലത്ത് ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണല്ലോ നമ്മുടെ വെല്ലുവിളി. ക്രിസ്തീയത പഴയ ഓർമ്മകളും ഇന്നലകളെ പറ്റിയുള്ള വീമ്പിളക്കലും അല്ല. മറിച്ച് ചുറ്റുപാടും കണ്ണോടിച്ച് ഈ കാലത്തിന്റെ സൂചനകൾ വ്യാഖ്യാനിക്കലാണ്. (ലൂക്കാ 12:56) വി. ജോൺ 23 പാപ്പ “അജ്യോർണമെന്തോ’ അല്ലെങ്കിൽ ഇന്നത്തെ മാറ്റങ്ങൾക്ക് ഒപ്പമെത്തുക എന്ന് പറഞ്ഞപ്പോൾ സൂചിപ്പിച്ചത് ഈ നവീകരണമാണ്. ക്രിസ്ത്യാനിക്ക് വേരുകൾ പ്രധാനമാണ് ഒപ്പം ഇന്നിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുന്നതും.   

നമ്മുടെ ചായ് വ്  സൂക്ഷിക്കണം 

പുതുമയും ഇന്നിന്റെ ശൈലിയുമെല്ലാം പാടെ തള്ളിപ്പറയുന്ന അനേകരെ കണ്ടിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു കത്തീഡ്രൽ ഇടവകയിലെ കൊച്ചച്ചന്റെ താല്പര്യത്തിൽ എല്ലാ ആദ്യ ഞായറാഴ്ചയും അവിടത്തെ ചെറുപ്പക്കാരുമായി സംവദിക്കാൻ പോകുമായിരുന്നു. എനിക്കൊപ്പം കുറച്ച് ജെ-വൈ സുഹൃത്തുക്കളും ഉണ്ടാകും. പരിപാടികൾ രസകരമായിരുന്നു, അവിടെ സാവധാനം നല്ലൊരു യുവജന കൂട്ടായ്മയും രൂപപ്പെട്ടു. പക്ഷേ അവിടത്തെ പ്രായമുള്ള വികാരിയച്ചൻ എന്നോട് സ്വകാര്യം പറയുമായിരുന്നു: "എഡ്ഡി, നമ്മുടെ കൊച്ചച്ചന് കുറേ ആവേശമുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ പറയാം. ഈ ചെറുപ്പക്കാരൊന്നും നന്നാകില്ല. എന്റെ നീണ്ട അനുഭവത്തിൽ നിന്ന് പറയുന്നതാണ്.” 

ഒരു നല്ല മിഷനറി, പഴമയിൽ ശാശ്വതവും സുന്ദരവുമായത് ഇഷ്ടപ്പെടണം ഒപ്പം താൻ സേവിക്കുന്ന ആളുകളുടെ ഭാഷയും സംസ്കാരവും സ്വയത്തമാക്കണം.  അതുകൊണ്ടുതന്നെ ഒരു നല്ല ജീസസ് യൂത്ത് കത്തോലിക്കാ പാരമ്പര്യത്തിന്റെ ആഴത്തിലേക്ക് അവരുടെ കണ്ണും കാതും ഹൃദയവും തുറക്കണം, ഒപ്പം കാലഹരണപ്പെട്ട രീതികളിൽ കുടുങ്ങി പോകരുത്. ഇന്നത്തെ യുവാക്കളുടെ ജീവിതം, ഭാഷ, ശൈലി തുടങ്ങിയവയോട് രമ്യപ്പെടണം. നമ്മുടെ വിളി ലോകത്തിലായിരിക്കുക എന്നതാണ്, പക്ഷേ നാം ലൗകികരാകരുത്. ഈ ലോകം കടന്നുപോകുന്നു, എന്നാൽ ഇവിടെ ഈ കാലയളവിൽ സമൃദ്ധിയിൽ ജീവിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്, അങ്ങനെ നമ്മിലൂടെ പരിശുദ്ധാത്മാവ് ഭൂമിയുടെ മുഖം നവീകരിക്കുന്നു. യേശുവിന്റെ വാക്കുകളിൽ: "സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്ഞനും തന്റെ നിക്ഷേപത്തിൽനിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടമസ്ഥനു തുല്യൻ.” (മത്താ 13:52)

പാരമ്പര്യ വാദത്തിന്റെ പോരായ്മ അനുസ്മരിപ്പിക്കുന്ന ഒരു  ഉദ്ധരണി: "പാരമ്പര്യം മരിച്ചവരുടെ ജീവനുള്ള വിശ്വാസമാണ്; എന്നാൽ പാരമ്പര്യവാദം ജീവിച്ചിരിക്കുന്നവരുടെ മരിച്ച വിശ്വാസമാണ്. പാരമ്പര്യം ഭൂതകാലവുമായി സംവാദത്തിൽ ജീവിക്കുന്നു, എന്നാൽ നാം എവിടെയാണ്, എപ്പോഴാണ് എന്ന് മറക്കാതെ, ഒപ്പം തീരുമാനമെടുക്കേണ്ടത് നമ്മളാണു എന്നും ഓർത്തുകൊണ്ട്." പരിശുദ്ധാത്മാവ് ഓർമ്മകൾ ഉണർത്തി പാരമ്പര്യം കെട്ടിപ്പടുക്കുന്നു, അതോടൊപ്പം പുതിയതും സുന്ദരവുമായ കാര്യങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കാൻ പ്രചോദനം നൽകുകായും ചെയ്യുന്നു. ഇതുതനേയല്ലേ യഥാർത്ഥ ജീസസ് യൂത്ത് ദൗത്യവും? അതായത് രണ്ട് ലോകങ്ങളിലെയും  മികവുറ്റതെല്ലാം ഒരുമിച്ചുചേർത്തു വളർത്തുക, പഴയതും പുതിയതും  പുറത്തെടുത്ത് ക്രിസ്തുവിൽ ക്രമീകരിച്ച് ഭൂമിയുടെ മുഖം പുതുതാക്കുക.  

എന്റെ സ്നേഹിതനോട് ഞാൻ പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്, “പഴമയെ സ്നേഹിക്കാൻ മാത്രം യുവാക്കളെ വെല്ലുവിളിച്ചാൽ പോര. അതിനുമപ്പുറം ഇന്നത്തെ കാലത്തിന് അനുയോജ്യരായി ജീവിക്കാനും ഈ യുഗത്തിന്റെ ഭാഷയിൽ യേശുവിന്റെ സുവിശേഷം പങ്കുവയ്ക്കാനും കൂടെ നമ്മൾ അവരെ സജ്ജരാക്കണം.”


Comments