തീർത്തും അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര (MJYR129)
തീർത്തും അപ്രതീക്ഷിതമായ ഒരു പ്രേഷിത യാത്ര
ഓർമയും ഉൾക്കാഴ്ചയും ചേർത്ത് വാക്പ്രപഞ്ചം തീർക്കാനാണ് എന്റെ വിളി
(By Dr. Edward Edezhath - Published in Kairos Malayalam in 2026)
"ഞാൻ പ്രാർത്ഥിക്കുമ്പോൾ, ഒരു പേനയാണ് കാണുന്നത്. കർത്താവ് താങ്കളെ എഴുതാനായി വിളിക്കുന്നു.” 1986-ൽ ജീസസ് യൂത്ത് നേത്രുനിര മുഴുവൻ പങ്കെടുത്ത ഒരു ധ്യാനത്തിനിടെ അവിടത്തെ ഒരു കൗൺസിലർ എനിക്ക് നൽകിയ സന്ദേശം. ദൈവം ആഗ്രഹിക്കുന്നെങ്കിൽ അത് നടക്കട്ടെ, എന്ന് മാത്രം ഞാൻ ഉള്ളിൽ പറഞ്ഞു. ഇന്ന്, നാല് പതിറ്റാണ്ട് കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം ഞാൻ തിരിച്ചറിയുന്നു, പടിപടിയായി ആ വഴിയിൽ ഞാൻ ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു.
എഴുത്തിന്റെ വഴിയിലെ ആദ്യ ചുവടുകൾ
ഒരു കോളേജ് അദ്ധ്യാപകൻ എന്ന നിലയിൽ വായനയും കുറിപ്പുകൾ തയ്യാറാക്കലും ഒക്കെ എനിക്ക് അന്യമായിരുന്നില്ല. പിന്നെ, ഏതെങ്കിലും മാസികകൾ ആവശ്യപ്പെട്ടാൽ തരുന്ന വിഷയം അനുസരിച്ച് എന്തെങ്കിലും എഴുതുകയും ചെയ്യുമായിരുന്നു. എന്നാൽ എന്റെ കുറിപ്പുകൾ ജീസസ് യൂത്ത് ദർശനവുമായി ബന്ധപ്പെടുത്തണം എന്ന ചിന്ത എങ്ങനെയോ ഉണ്ടായിരുന്നില്ല.
1993 ലാണ് അതിന് ഒരു വഴിത്തിരിവുണ്ടായത്. കേരള മെത്രാൻ സമിതിയുടെ പി-ഓ-സി വിളിച്ചുചേർത്ത യുവജന മുന്നേറ്റങ്ങളുടെ ഒരു നേതൃസമ്മേളനത്തിൽ എന്ന് ആദ്യമായി ജീസസ് യൂത്തിനും ക്ഷണം കിട്ടി. ആദ്യ ദിവസം തന്നെ ഒരു നിർദ്ദേശവും ഉണ്ടായി, പിറ്റേദിവസം ഓരോ ഗ്രൂപ്പും തങ്ങളുടെ ദർശനം എഴുതി അവതരിപ്പിക്കണം. എന്റെ കൂട്ടുകൾ ആ ഉത്തരവാദിത്വം എന്റെ തലയിൽ വച്ചു, "എന്തെങ്കിലും ചുരുക്കത്തിൽ എഴുതി നാളെ ഒന്ന് അവതരിപ്പിക്കണം കേട്ടോ.” അങ്ങനെ അന്നുരാത്രി ഒരു പേജ് നീളുന്ന ജീസസ് യൂത്ത് ദർശനരേഖ എങ്ങനെയോ ഒരുകണക്കിന് തയ്യാറാക്കി, പിറ്റേന്ന് അവിടെ അവതരിപ്പിച്ചു. അത് മുന്നേറ്റത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു.
പിന്നെ ജീസസ് യൂത്തിനെ സംബന്ധിച്ച് ഏത് ദർശനരേഖ വേണ്ടിവന്നാലും അത് തയ്യാറാകാനുള്ള ഉത്തരവാദിത്വം എനിക്കായി, ചിലപ്പോൾ മെത്രാൻ സമിതിക്ക്, പിന്നെ ദേശീയ അന്തർദ്ദേശീയ വേദികളിൽ, ചില ജേർണലുകളിൽ, കോൺഫറൻസുകളുടെ സമാപന പ്രസ്താവന, അങ്ങനെ പലതും.
ഇതിനിടെ ചിലരെങ്കിലും എന്നെ കളിയാക്കുമായിരുന്നു, "താങ്കളുടെ എഴുത്ത് സഭാ രേഖകൾ പോലെയാണ്, വായിക്കാൻ ഏറെ വിരസവുമാണ്." അതും എന്നെ സഹായിച്ചു. വേണ്ടതുപോലെ സ്വീകരിക്കാനായാൽ വിമർശനവും സഹായകരമാകുമല്ലോ.
അടുത്ത വഴിത്തിരിവ് വന്നത് 2015 ലാണ്. മലയാളം കൈറോസിന്റെ ചീഫ് എഡിറ്റർ ചാക്കോച്ചൻ വിളിച്ചു, മുന്നേറ്റത്തിന്റെ ദർശനത്തെക്കുറിച്ച് മാസികയിൽ ഒന്നെഴുതാമോ? അങ്ങനെ ജീസസ് യൂത്ത് ചരിത്രസ്മരണകളും ദർശനചിന്തകളും ഇടകലരുന്ന ഒരു പംക്തി അവിടെ ആരംഭിച്ചു. 2016 ൽ കൈറോസ് ഗ്ലോബൽ ആരംഭിച്ചപ്പോൾ, ഇംഗ്ലീഷ് പതിപ്പിനായി സമാനമായ എന്തെങ്കിലും ചെയ്യണമെന്ന് ചാക്കോച്ചൻ വീണ്ടും നിർദ്ദേശിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ പിന്നെ ഇത് വേണ്ടിവരില്ല എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ മാസാമാസം വിളി വന്നുകൊണ്ടിരുന്നു, അതിന് പ്രതികരണമായി എന്റെ എഴുത്തും. വർഷങ്ങൾ കടന്നുപോയി. ഏതായാലും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
തുറന്ന കാതും അന്വേഷിക്കുന്ന മനസ്സും
ജീസസ് യൂത്തിൽ എനിക്ക് പ്രധാന ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിലും നേത്രുനിരയിലെ പലരും വിവിധ ടീമുകളും ഒന്ന് “ഒന്നിച്ചിരിക്കാൻ” ഇടയ്ക്കിടെ വരാറുണ്ട്, അല്ലെങ്കിൽ വിളിക്കാറുണ്ട്. ആ ചർച്ചാ വേളകളിൽ ആദ്യ പടി ശ്രദ്ദാപൂർവ്വം അവരെ കേൾക്കുക എന്നതാണ്, ജീസസ് യൂത്ത് വിശേഷങ്ങൾ, ചില വെല്ലുവിളികൾ, നിർദ്ദേശങ്ങൾ ഒക്കെയാകും പൊതുവെ വിഷയം. പിന്നെ ഞാൻ എന്റെ ഉൾക്കാഴ്ചകൾ പങ്കിടും. ഈ സംഭാഷണ വേദികളാണ് എന്റെ പ്രധാന പഠന വിചിന്തന അവസരങ്ങൾ. ദൈവാത്മാവ് മുന്നേറ്റത്തിലൂടെ ചെയ്യുന്ന പുതുകാര്യങ്ങൾ ഞാൻ കാണുന്നത് ഇതിനിടെയാണ്. അതോടൊപ്പം എന്റെ നവീകരണ യാത്രയുടെ തുടക്കം മുതലുള്ള വിവിധ അനുഭവങ്ങളുമായി ഇന്നത്തെ കാര്യങ്ങളെ ഒന്ന് തട്ടിച്ചു നോക്കി ഉൾക്കാഴ്ചകൾ പങ്കുവയ്ക്കാനും ഞാൻ ശ്രമിക്കും.
എന്റെ പഴമ്പുരാണങ്ങൾക്ക് മിക്കവാറും ഒരു ക്രമമുണ്ട്. എന്റെ ഈ യാത്ര ആരംഭിച്ചത് 1976-ൽ നവീകരണ പരിപാടിയിൽ പങ്കെടുത്ത് ഒരു പ്രാർത്ഥനാ കൂട്ടായ്മയുടെ ഭാഗമായതോടെയാണ്. നല്ല കുറെ കൂട്ടുകാരൊന്നിച്ച് ദൈവാത്മ പ്രേരണയിൽ അനേക പരീക്ഷണങ്ങൾക്ക് അത് വേദിയായി. സജീവ കൂട്ടായ്മയും വചന വിചിന്തനവും സുന്ദര വരദാന ശൈലിയും മിനിസ്ട്രികളും പാവങ്ങളോടുള്ള പ്രതിബദ്ധതയും ഒക്കെ പരിശീലിക്കാൻ അത് ഞങ്ങളെ സഹായിച്ചു. പിന്നെ 1978-ൽ, കേരള കരിസ്മാറ്റിക് ഏകോപന ശ്രമങ്ങൾക്കൊപ്പം യുവാക്കളെ ഒത്തുകൂട്ടാനും ശ്രമം തുടങ്ങി. ഒരു യുവജന ശൃംഖലയും കേരളതല സമ്മേളനവും മറ്റൊരു വലിയ തുടക്കമായി. തുടർന്നുള്ള നാഴികക്കല്ലുകൾ - 1981-ൽ ഇതിനെല്ലാം ഒരു ദർശന വ്യക്തത, 1982-ൽ ഫസ്റ്റ് ലൈൻ എന്ന നേതൃത്വ ഗ്രൂപ്പിന്റെ രൂപീകരണം, ഒടുവിൽ അന്താരാഷ്ട്ര യുവജന വർഷത്തിൽ നടന്ന ജീസസ് യൂത്ത് '85 എന്നറിയപ്പെടുന്ന ഏറെ പ്രധാന സമ്മേളനം. ഈ ചുവടുവയ്പ്പുകൾ എന്നെ നിരവധി പാഠങ്ങൾ പഠിപ്പിച്ചു. ഒരു വിധത്തിൽ ഇന്നത്തെ നേതാക്കളോടൊപ്പമുള്ള ചർച്ചകളിൽ ഈ കഴിഞ്ഞ യാത്രാ വഴികൾ ഒരു പുതു വെളിച്ചത്തിൽ കാണാനും ഇന്നത്തെ അനുഭവങ്ങൾക്ക് വേറിട്ട മാനങ്ങൾ തേടാനും കുറെക്കൂടെ വ്യക്തതയോടെ ദൈവാത്മാവിന്റെ മുന്നോട്ടുള്ള നയിക്കൽ ദർശിക്കാനും ഒക്കെ സാധിക്കാറുണ്ട്.
മുൻപറഞ്ഞ ചർച്ചാ വേളകളിൽ കതിരിടുന്ന നല്ല വിളവുകളാണ് ഓരോ മാസവും കൈറോസ് ലേഖനങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിക്കാറ്. അതിൽ പതിറ്റാണ്ടുകൾക്ക് മുന്നിലെ കഥകളും ആളുകളും ജീസസ് യൂത്ത് വേദികളും പുനരവതാരം ചെയ്യുന്നു. ഒപ്പം ഈയ്യിടെ എന്നോട് സംസാരിച്ച പലരും യഥാർത്ഥ പേരുകളിലും ചിലപ്പോൾ സാങ്കൽപ്പിക നാമങ്ങളിലും കടന്നുവരുന്നു. ഇന്നത്തെ മുന്നേറ്റത്തെയും മുപ്പത് നാല്പത് വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങളെയും ഒത്തുവയ്ക്കുമ്പോൾ അതിലൂടെ ഒരു ദർശന വ്യക്തത ഉണ്ടാകട്ടെ എന്ന ചിന്തയാണ് എനിക്ക്. അങ്ങനെ ഇന്നത്തെ ഗ്രൂപ്പുകൾക്കും അതിന്റെ നേതാക്കൾക്കും കൂടുതൽ വ്യക്തമായ ഒരു ദിശാബോധം കൈവരിക്കാൻ ആകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ഞാൻ ഇതെഴുതുന്നു രീതി
ഞാൻ സൂചിപ്പിച്ച പോലെ ഉൾക്കാഴ്ചകൾക്കും പ്രചോദനത്തിനും വേണ്ടി ഞാൻ ഏറെ ചെവിയോർക്കാറുണ്ട്. അത് വരുന്നത്? മറ്റുള്ളവരുടെ സംഭാഷണത്തിൽ നിന്ന്, പ്രാർത്ഥനയ്ക്കിടെ, യാത്രകൾക്കിടെ, അങ്ങനെ പലവിധത്തിലാകും. ആത്മാവിന്റെ ഈ പ്രചോദനങ്ങൾ എളുപ്പം വഴുതിപ്പോകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. അവ നഷ്ടപ്പെടുത്താതിരിക്കാൻ കിട്ടുന്ന ചിന്തകൾ ഫോണിൽ കുറിക്കാനും വോയ്‌സ്-ടൈപ്പ് ചെയ്യാനും ഒക്കെ ഞാൻ ശ്രമിക്കും. ചിലപ്പോൾ, നടക്കുമ്പോൾ അല്ലെങ്കിൽ പ്രാർത്ഥനയ്ക്കിടെ എന്റെ കൈ ഫോണിലേക്ക് നീങ്ങും. അതുപോലെ പ്രധാനപ്പെട്ട സംഭാഷണങ്ങൾക്ക് ശേഷമെല്ലാം എന്തെങ്കിലും ഞാൻ കുറിച്ചിടും.
ഇത് ചുമ്മാ വലയിൽ എല്ലാം ശേഖരിക്കുന്ന രീതിമാത്രം . ഇനി ലേഖന രചനയ്ക്ക് സമയമാകുമ്പോൾ അടുത്ത വെല്ലുവിളി അതിനായി ഒരു ഫോക്കസ് കണ്ടെത്തുക എന്നതാണ്. പലപ്പോഴും അതെളുപ്പമല്ല, പലപ്പോഴും ആ ദിവസങ്ങളിലെ സംഭാഷണങ്ങളിൽ പൊന്തിവന്ന എന്തെങ്കിലും ചോദ്യം ഓർമ്മയിൽ വരും. പിന്നെ ആ ചിന്ത തുടരും. സാവധാനം ഒരു രൂപരേഖ തയ്യാറാക്കും.
ലേഖനരചനയിൽ എന്റെ മുന്നിലെ ചോദ്യം ഇതാണ്: ഇക്കാണുന്ന വെല്ലുവിളിയെ ജീസസ് യൂത്ത് എങ്ങനെ സമീപിക്കും, സമീപിക്കണം? അത് പല വീക്ഷണ കോണിൽ നിന്നും ആകാമല്ലോ. അവിടെയും വലിയൊരു പ്രശ്നമുണ്ട് ഈ ചർച്ച അധികം വിരസമാകരുത്. കഴിയുന്നതും രുചികരമായി ഈ ചിന്ത വായിക്കുന്നവരുടെ മുന്നിൽ എത്തണം. ചിലപ്പോൾ അത് എളുപ്പമാണ്, മറ്റു സമയങ്ങളിൽ അത് ഏറെ ശ്രമകരവും.
പിന്നെ ഇതിനൊരു സമയപരിധിയുണ്ട്. എല്ലാ മാസവും നിശ്ചിത തീയതിയിൽ എന്റെ കയ്യിൽനിന്ന് ഒരു ലേഖനരൂപത്തിൽ അത് പോകണം. ഓഫീസിൽനിന്ന് സാജന്റെ ഓർമ്മപ്പെടുത്തൽ കൃത്യമായി എത്തും. ചിലപ്പോൾ ഒന്ന് താമസിച്ചാൽ സാജൻ ഒന്നുകൂടെ കുറിപ്പയക്കും. അതോടെ ഞാൻ അത് അയച്ചിരിക്കും.
പഠന വിചിന്തന പാഠങ്ങൾ
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജീസസ് യൂത്ത് ഇന്റർനാഷണൽ കൗൺസിൽ പുതിയ കൗൺസിലുകൾക്കും ടീമുകൾക്കും ഒരു പ്രാരംഭ പരിശീലനത്തിന് പദ്ധതിയൊരുക്കി. അതിൽ എന്നെ ഏൽപ്പിച്ച വിഷയം - ഈ സമിതികൾക്ക് മിഷനറി കൂട്ടായ്മകൾ വളർത്താൻ എങ്ങനെ സാധിക്കും? എന്റെ പല കെയ്‌റോസ് ലേഖനങ്ങളുടെ വിഷയവും അതുതന്നെ.
ഈ ടീം പരിശീലനം ഒരുക്കുന്ന ഒരു രീതിയുണ്ട്. യുകെയിൽ നിന്നുള്ള ഫെബിന ഓരോ രാജ്യത്തെയും ജെ-വൈ കൗൺസിലുമായി ബന്ധപ്പെട്ട് ഒരു തീയതി നിശ്ചയിക്കും, എന്നിട്ട് പ്രസക്തമായ ചില കെയ്‌റോസ് ലേഖനങ്ങൾ മുൻകൂട്ടി അവർക്ക് നൽകും. ആ ഗ്രൂപ്പ് സൂം മീറ്റിംഗിൽ ഒത്തുവരുമ്പോൾ ഞാൻ ഹ്രസ്വമായ ഒരാമുഖം നൽകും, തുടർന്ന് ഒരു ചർച്ചാ സമയമാണ്, അനുഭവ വിവരണങ്ങളും ചോദ്യങ്ങളും ഒക്കെയായി പൊതുവെ ഏറെ ഹൃദ്യമായ ഒരു സമയമായി തീരും അത്.
കയ്റോസ് ലേഖനങ്ങളുടെ ഒരു നല്ല ഉപയോഗം വിവിധ ഇടങ്ങളിൽ നടക്കുന്ന സമാന പരിശീലന പരിപാടികളിലെ പഠന സഹായി ആയിട്ടാണ്. പല രാജ്യങ്ങളിലും നേത്രു പരിശീലനത്തിന് ഇതിൽ പല ലേഖനങ്ങളും കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൈറോസ് പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനസമാഹാരങ്ങൾ ഇതിന് ഏറെ സഹായിക്കുന്നുമുണ്ട്.
പതിറ്റാണ്ടുകൾ പിന്നിട്ടു വളർന്ന് ഏറെ രാജ്യങ്ങളിൽ വേരൂന്നി വളരുന്ന ജീസസ് യൂത്ത് മുന്നേറ്റം ഇതിനിടെ അനേക ഗവേഷകരുടെ പഠന വിഷയമാണ്. അവരുടെ പല ചോദ്യങ്ങൾക്കും മറുപടി അനേക ലേഖനങ്ങളിലുമുണ്ടല്ലോ. പ്രധാനമായും അവരെ മുന്നിൽ കണ്ട് അടുത്തയിടെ ഈ ലേഖനങ്ങൾ ഓൺലൈനിൽ ബ്ലോഗുകളായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇംഗ്ലീഷിലും മലയാളത്തിലും വന്ന എല്ലാ ലേഖനങ്ങളും ബ്ലോഗുകളിൽ വന്നുകഴിഞ്ഞു. അങ്ങനെ ആരെങ്കിലും ഏതെങ്കിലും ജെ-വൈ വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ അവർക്കത് നൽകാൻ ഇപ്പോൾ ഏറെ എളുപ്പമായി.
തിരിഞ്ഞുനോക്കുമ്പോൾ, അന്നത്തെ ആ ചെറിയ സന്ദേശം ഒട്ടും അസ്ഥാനത്തായില്ല എന്ന് ഞാൻ കരുതുന്നു. കർത്താവിന് ഒരു പദ്ധതി ഉണ്ടായിരുന്നു. ഇന്നതിന് കുറച്ചുകൂടെ വ്യക്തത വന്നിരിക്കുന്നു. ചർച്ചകളും ചിന്തകളും അക്ഷരങ്ങളും ഒക്കെ ഇടകലർന്ന ഈ വഴി എന്റെ ജീവിത യാത്രയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അവിടെ, ആത്മാവിന്റെ ചെറു പ്രേരണകളെ ചെവിയോർത്തു കേൾക്കാനും, ജീസസ് യൂത്തിലൂടെ അവൻ ചെയ്ത കാര്യങ്ങൾ വിലമതിക്കാനും, അവിടുന്ന് നമ്മളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയാനും ഒക്കെ അതെന്നെ പരിശീലിപ്പിക്കുന്നു. ഈ ലേഖനങ്ങൾ എത്തേണ്ടവരിലേയ്ക്കെല്ലാം എത്തിയിട്ടില്ലായിരിക്കാം. പക്ഷേ, ഒരു കാര്യം തീർച്ച, ഈ ഓർമ്മകളും ചിന്തകളും അവയിൽനിന്ന് ഉരുത്തിരിയുന്ന പാഠങ്ങളും ഇന്ന് ഏവർക്കും ലഭ്യമാണ്. ആവശ്യം വരുമ്പോൾ ആ ചരിത്രവും ദർശന വിവരണങ്ങളും വായിക്കാനും അതിൽനിന്ന് പ്രചോദനം ഉൾകൊള്ളാനും ഏവർക്കും ഇന്ന് അത് ലഭ്യമാണ്. ഇനിയും ചോദ്യങ്ങൾ ഉയരുമ്പോൾ ഉത്തരങ്ങൾ തേടിക്കണ്ടെത്താൻ ഇടങ്ങളുമായി.
Comments
Post a Comment