വിദഗ്ദ്ധ ശില്പികളാകാൻ വിളിക്കപ്പെട്ട ജീസസ് യൂത്ത് (MJYR120)
വിദഗ്ദ്ധ ശില്പികളാകാൻ വിളിക്കപ്പെട്ട ജീസസ് യൂത്ത്
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
എന്റെ ഇടവക പള്ളിയിലെ തിരുഹൃദയ ചിത്രീകരണം ഉയിർപ്പും പിതൃഹൃദയവും ഒക്കെ ഒത്തുചേരുന്നതാണ്. ഈ മനോഹര ശില്പവും പുതിയ പള്ളിയും ഒക്കെ രൂപകൽപ്പന ചെയ്തതോ, മുൻ ഇടവക വികാരി ഫാ. അഗസ്റ്റിനും. പിന്നീട് അദ്ദേഹത്തെ മറ്റൊരു ഇടവകയിലേക്ക് മാറ്റി. അദ്ദേഹം അവിടെയും പള്ളി പുനർനിർമ്മിച്ചു. വർഷങ്ങളായി അദ്ദേഹം നിർമാണത്തിനു നേതൃത്വം നൽകിയ ദേവാലയങ്ങൾ രൂപതയിൽ പലയിടത്തുമുണ്ട് - ഇഷ്ടികയിലും ചാന്തിലും ദർശനത്തിലും കരുപിടിപ്പിച്ച വിശ്വാസത്തിന്റെ ദൃശ്യമായ അടയാളങ്ങൾ.
മറ്റ് നിർമ്മാതാക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ, തന്റെ വീട് പുതുക്കിപ്പണിത എന്റെ സുഹൃത്തിനെ ഞാൻ ഓർക്കുന്നു. ആ അനുഭവ സമ്പത്ത് അയ്യാളെ നയിച്ചത് മറ്റൊരു ഭവന നിർമ്മാണത്തിലേക്കാണ്. അദ്ദേഹം ആ വീട് നിർമ്മിച്ച് വിറ്റു. അങ്ങനെ അപ്രതീക്ഷിതമായി ആ സ്നേഹിതൻ വീടുകൾ നിർമ്മിച്ചു തലമുറകൾക്ക് അഭയം നൽകുന്നവനായി. ഒരു പുതുദർശനമാണോ അതോ സാമ്പത്തിക ലാഭമാണോ അയ്യാളെ നയിച്ചത് എന്ന് എനിക്കറിഞ്ഞുകൂടാ.
ജീസസ് യൂത്ത് നേതൃഗുണങ്ങളിൽ പ്രഥമ സ്ഥാനത്തുണ്ടാകേണ്ട നിർമ്മാണ വൈഭവത്തെ കുറിച്ച് ഓർത്തപ്പോഴാണ് ഈ നിർമ്മാണ വിദഗ്ദർ കടന്നു വന്നത്. ചിലർ സിമന്റും കല്ലും ഉപയോഗിച്ച് പണിയുമ്പോൾ നമ്മിൽ പലരും വിശ്വാസവും ബന്ധങ്ങളും സാംസ്കാരിക ഘടകങ്ങളും ഒക്കെ കൂട്ടിച്ചേർത്തു മറ്റെന്തൊക്കെയോ പണുതുയർത്തുന്നു. ഏതായാലും ക്രിസ്തീയ വഴിയിൽ കൂട്ടായ്മകളുടെ പണുതുയർത്തൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങളെക്കാൾ പ്രധാനം തന്നെ. അത് വ്യക്തികളെയും സമൂഹങ്ങളെയും രൂപപ്പെടുത്താനുള്ള സുപ്രധാന വിളിയാണ്.
ബൈബിളിലെ ചില സൂചനകൾ
നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെടുന്ന വചന ഭാഗങ്ങൾ നമുക്ക് സുപരിചിതമാണ്. വി. പൗലോസ് കോറിന്ത്യർക്ക് എഴുതുന്നത് ഇങ്ങനെയാണ്, “എനിക്കു നൽകപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്ധ ശില്പിയെപ്പോലെ, ഞാൻ അടിസ്ഥാനമിട്ടു. മറ്റൊരുവൻ അതിൻമേൽ പണിയുകയും ചെയ്യുന്നു.” (1 കോറി 3:10) ശ്ലീഹാ തുടരുന്നു, പണുതുയർത്താൻ യേശുക്രിസ്തു അല്ലാതെ മറ്റാരു അടിത്തറ ഇല്ല. ആ അസ്ഥിവാരത്തിൽ വേണം വിശ്വാസ സമൂഹങ്ങൾ പണുതുയർത്തപ്പെടാൻ.
വിശ്വസ്തരായ പണിക്കാർക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നും, അശ്രദ്ധർക്ക് എല്ലാം നഷ്ടപ്പെടുമെന്നും പൗലോസ് ഓർമ്മപ്പെടുത്തുന്നു. അതിനുമപ്പുറം, ദൈവത്തിന്റെ പ്രവൃത്തിയെ സ്വാർത്ഥതയോടെ നശിപ്പിക്കുന്നവർ ന്യായവിധിയെ നേരിടേണ്ടിവരും. ഓർക്കുക, ദൈവരാജ്യ ശില്പിയാകുക എന്നത് ഒരു ആദര പദവിയും ഉത്തരവാദിത്തവുമാണ്.
ഓരോ ജീസസ് യൂത്ത് മിഷണറിയോടുമുള്ള ഈ ഉദ്ബോധനം തീർച്ചയായും ഉള്ളിൽ തട്ടുന്നതാണ്. മുന്നേറ്റത്തിന്റെ കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, നല്ല ജീസസ് യൂത്ത് നേതാക്കളുടെ സവിശേഷത അവർ ലക്ഷണമൊത്ത വിദഗ്ദ്ധ ശില്പികളാണെന്നതാണ്. കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയുമല്ല മറിച്ച് വ്യക്തികൾ, കൂട്ടായ്മകൾ, സാംസ്കാരിക ശൈലികൾ, സ്നേഹ ശൃംഖലകൾ തുടങ്ങിയവ കെട്ടിപ്പടുക്കുന്ന നൈപുണ്യമാർന്ന പണിക്കാർ.
ഒരു കഥയുടെ തുടക്കം
1978 ഒക്ടോബറിലെ ഒരോർമ്മ. ആദ്യത്തെ യുവജന സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സിസ്റ്റർ ക്ലിയോപാട്രയോടൊപ്പം ഞാൻ ഫാ. ഫിയോയെ കാണാൻ പോയി. യുവജനങ്ങളെ ഒന്നിച്ചുകൂട്ടാനുള്ള ആശയം മുന്നോട്ടുവച്ച അദ്ദേഹം അന്ന് ഡിണ്ടിഗലിൽ സന്യാസ പരിശീലനത്തിൽ ആയിരുന്നു. ഒരുക്ക പദ്ധതികൾ ശ്രവിച്ചതിനുശേഷം അദ്ദേഹം ഞങ്ങൾക്ക് ചില നിർദ്ദേശങ്ങൾ നൽകി. ഒരുവിധത്തിൽ അത് ഇന്നും പ്രസക്തമാണ്: "നിങ്ങൾ ഒട്ടേറെ യുവാക്കളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. ഇനിയിപ്പോൾ വലിയ സമ്മേളനവും നടക്കാൻ പോകുന്നു. എന്താകണം നിങ്ങളുടെ അടുത്ത ഊന്നൽ? യുവാക്കളെ പ്രാദേശികമായി കൂട്ടായ്മകളിൽ ഒത്തുകൂട്ടുക, അവയെ തമ്മിൽ ബന്ധിപ്പിക്കുക, അത്തരം ഒരു ശൃംഖല രൂപപ്പെടുത്തുക.”
അതുകഴിഞ്ഞിട്ട് നാല് പതിറ്റാണ്ടിലേറെ ആയെങ്കിലും ഇന്നും ആ ദർശനം ജീസസ് യൂത്തിന് വഴിവിളക്കാക്കുന്നു – ഓരോ പ്രദേശങ്ങളിൽ വേരുപാകുന്ന, സൗഹൃദത്തിൽ തഴച്ചുവളരുന്ന, തമ്മിൽ ശൃംഖല തീർക്കുന്ന യുവജന കൂട്ടങ്ങൾ. അതൊരിക്കലും വലിയ സംഭവ പരമ്പരകളെ കുറിച്ചല്ല; മറിച്ച് തുടർച്ച ഉറപ്പാക്കിക്കൊണ്ട് ഓരോ വ്യക്തിയെയും, കൂട്ടായ്മയെയും പണിയുക, അങ്ങനെ ഒരു പുതു സംസ്കാരത്തെയും കെട്ടിപ്പടുക്കുക എന്നതിനെക്കുറിച്ചാണ്.
ജീവനുള്ള കല്ലു കൊണ്ട് പടിപടിയായി പണിയാൻ
ദൈവാത്മാവ് സൗമ്യസുന്ദരമായ ശൈലിയിൽ വളർച്ചയുടെ നിർദ്ദിഷ്ട ഘട്ടങ്ങളിലൂടെ ആളുകളെ പണുതുയർത്തുന്നു. ആദ്യം, ഗുരുവിനെ അന്വേഷിക്കുന്നവരായി, പിന്നെ കൃപാ സ്പർശനം കിട്ടി അവനിൽ വിശ്വസിക്കുന്നവരായി, ആ സ്നേഹബന്ധം ആഴപ്പെടുമ്പോൾ, ഉത്സാഹഭരിതരായ ശിഷ്യരായി ഓരോരുത്തരും വളരുന്നു, യേശുവുമായുള്ള സഹയാത്രയുടെ ഒരു പ്രത്യേക ഘട്ടത്തിൽ അവർ അപ്പോസ്തലന്മാരായി അയയ്ക്കപ്പെടുന്നു, ലോകത്തിൽ സുവിശേഷസാക്ഷികളാകുന്ന നല്ല മിഷനറിമാർ.
എന്നാൽ ആ യാത്ര അവിടെ അവസാനിക്കുന്നില്ല. ഈ അപ്പോസ്തലന്മാരിൽ പലരും ഒരു പടി കടന്ന് ദൈവരാജ്യവും ക്രിസ്തു ശരീരവും പണിയുന്നവരായി മാറുന്നു. അവർ മറ്റുള്ളവരെ നയിക്കുന്നു, മിഷനറിമാരെ വളർത്തുന്നു, സമൂഹങ്ങൾ രൂപപ്പെടുത്തുന്നു, ഓരോ ഇടങ്ങളിലും പുതു സംസ്കാരങ്ങൾ രൂപപ്പെടുത്തുന്നു. ഇവരല്ലേ ശ്ലീഹാ എടുത്തുപറയുന്ന വിദഗ്ദ്ധ ശില്പികൾ? വലിയ ഉത്തരവാദിത്തങ്ങൾ നാഥൻ ഇവരെ ഏൽപ്പിക്കുന്നു - ദേശീയ സംരംഭങ്ങളെ ഇവർ നയിക്കുന്നു, അന്താരാഷ്ട്ര ശൃംഖലകളെ ഇവർ പ്രചോദിപ്പിക്കുന്നു, സുവിശേഷ ദൗത്യത്തിനായി ക്രിയാത്മക വേദികൾ ഇവർ രൂപകൽപ്പന ചെയ്യുന്നു.
ജീസസ് യൂത്ത് രൂപീകരണ യാത്രയുടെ അസാമാന്യ വൈഭവം ഇതാണ്: ഇത് വ്യക്തിഗത വളർച്ചയിൽ തീരുന്നില്ല, മറിച്ച് സ്വാഭാവികമായി മറ്റുള്ളവരെ പണുതുയർത്തുന്നതിലേയ്ക്ക് ഒഴുകിയെത്തുന്നു. രൂപപ്പെടുന്ന ഓരോ വ്യക്തിയും ദൈവഭവന സൗധത്തിന്റെ ജീവനുള്ള ശിലയായി മാറുന്നു, അതിനുമപ്പുറം മറ്റുള്ളവരുടെ വളർത്തുന്നവരും ആയിത്തീരുന്നു.
ആഗോളവൽക്കരണ യുഗത്തിലെ നവദർശന നിർമ്മാതാക്കൾ
ലോകപരപ്പുള്ള ബന്ധങ്ങളുടെ നവീന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിനാശകരമായ ഒരു വെല്ലുവിളിയായാണ് പലരും ഇതിനെ കാണാറ്. എന്നാൽ ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സാധ്യതയും അവസരവുമാണ്.
നല്ല കൂട്ടായ്മകൾ കെട്ടിപ്പടുക്കാൻ പ്രാവീണ്യമുള്ളവരാണ് ലക്ഷണമൊത്ത ജീസസ് യൂത്ത് നിർമ്മാതാക്കൾ. അകലങ്ങൾ ഒഴിവാക്കി ഹൃദയങ്ങളും സൗഹൃദവലയങ്ങളും ഒന്നിപ്പിക്കാൻ പുതു ഡിജിറ്റൽ അറിവുകൾ, നവ മാധ്യമങ്ങൾ, മാനേജ്മെന്റ് സങ്കേതങ്ങൾ തുടങ്ങി ആധുനിക ഉപകരണങ്ങളും രീതികളും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവർക്കറിയാം. ഒരുകാലത്ത് ദീർഘയാത്രകളും കത്തുകളും ആവശ്യമായിരുന്നിടത്ത് ഇപ്പോൾ തൽക്ഷണ സന്ദേശങ്ങൾ, വീഡിയോ കോൾ, ചാറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി കൂട്ടായ്മാ നിർമിതി എളുപ്പമായിരിക്കുന്നു. അതുമാത്രമല്ല മുൻപൊരിക്കലും ചിന്തിക്കാൻ പോലും പറ്റാതിരുന്ന വേഗത്തിലും കാര്യക്ഷമതയിലും അത് നടത്താനും കഴിയുന്നു.
എന്നാൽ ഈ ഉപകരണങ്ങൾ അവയിൽത്തന്നെ ലക്ഷ്യങ്ങളല്ല. വിശ്വാസ അടിത്തറയിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുക, സമൂഹങ്ങളെ ശക്തിപ്പെടുത്തുക, സുവിശേഷ സമ്പന്നമായ കൂട്ടായ്മാ ശൃംഖലകൾ രൂപപ്പെടുത്തുക എന്നിവയാകണം അവയുടെ ലക്ഷ്യങ്ങൾ. ഇന്നത്തെ ജീസസ് യൂത്ത് ശില്പികൾ പ്രാർത്ഥിക്കാനും നല്ല വ്യക്തിബന്ധങ്ങൾ വളർത്താനും വൈദഗ്ധ്യം നേടുന്നതിനൊപ്പം വ്യത്യസ്ത സംസ്കാരങ്ങളിൽ ഉള്ളവരെ ഒരുമിച്ചുകൊണ്ടുവരാനും നവമാധ്യമങ്ങൾ ഉപയോഗിക്കാനും കൂടെ പഠിക്കണം.
ദാനങ്ങളുടെ ഐക്യം
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ സവിശേഷതകളിലൊന്ന് വൈവിധ്യമാർന്ന ദാനങ്ങളുടെയും കഴിവുകളുടെയും ഒത്തുചേരലാണ്. സംഗീതജ്ഞർ, നാടകകൃത്തുക്കൾ, പ്രാഘോഷകർ, മധ്യസ്ഥർ, അധ്യാപകർ, സംഘാടകർ, എഴുത്തുകാർ എന്നിങ്ങനെ അനേകർ ഒരു മേശയ്ക്ക് ചുറ്റും ഒത്തുവരുന്നു.
പഴയനിയമത്തിലെ ജറുസലേം ദേവാലയ നിർമ്മാണം ഓർക്കുമല്ലോ. പരിശുദ്ധാത്മാവ് വ്യത്യസ്ത ആളുകളെ വൈവിധ്യമാർന്ന കഴിവുകളാൽ സജ്ജമാക്കി. അങ്ങനെ കരകൗശല വിദഗ്ധർ, കലാകാരന്മാർ, നേതാക്കൾ ഒക്കെ ഒരുമിച്ച് സൗന്ദര്യ മികവിന്റെയും ഹൃദയൈക്യത്തിന്റെയും പുതു സൃഷ്ടി സാധ്യമാക്കി (പുറപ്പാട് 31). അതുപോലെ, ജീസസ് യൂത്ത് ശില്പികളും വൈവിധ്യമാർന്നവരാണ്, കൂട്ടായ്മകളും ഏകരൂപമല്ലല്ലോ, സുന്ദരമായ മൊസൈക്കുകൾ പോലെ. വ്യത്യസ്ത നിറങ്ങളും രൂപങ്ങളും ഒത്തുചേർന്ന് ജീവൻ നിറഞ്ഞ ക്രിസ്തു ശരീരം എങ്ങനെ രൂപപ്പെടുത്തുന്നു.
എല്ലാ യുഗങ്ങളിലും, സഭയ്ക്ക് നല്ല ശില്പികളെ വേണം. ചിലർ ഒളിഞ്ഞിരുന്നും മറ്റുള്ളവർ പൊതുവേദിയിൽ പ്രത്യക്ഷരായും നിർമാണ വൃത്തിയിൽ മുഴുകുന്നു. അവ പരസ്പര പൂരകം എന്ന് പറയേണ്ടതില്ലല്ലോ. ചെറു കൂട്ടായ്മകളും പ്രാർത്ഥനാ ഗ്രൂപ്പുകളും വളർത്തുന്നവർ, വ്യക്തികളെ വിടാതെ പിന്തുടർന്ന് അവരെ രൂപപ്പെടുത്തുന്നവർ, അനുദിനം ഇതിനായി ഫോണിലും സൂമിലും മണിക്കൂറുകൾ മാറ്റിവെയ്ക്കുന്നവർ, സുന്ദര ചിത്രങ്ങളും ഗാനങ്ങളും ഒരുക്കി എല്ലാം ആകർഷകമാക്കുന്നവർ, കൂട്ടായ്മകൾ രസകരമാക്കാൻ ഭക്ഷണവും കളികളും തയ്യാറാക്കുന്നവർ, മടികൂടാതെ ദീർഘ യാത്ര നടത്തി സംരംഭങ്ങൾ വളർത്തുന്നവർ എങ്ങനെ എണ്ണമറ്റ നിറങ്ങളിലും താളങ്ങളിലും ആത്മാവിനൊപ്പം അനേകർ ഒന്നിച്ചാണ് ഇന്നും ദൈവരാജ്യ സൗധം പണിതുയർത്തുന്നത്.
ഒരേ അടിത്തറയിൽ വൈവിധ്യമാർന്ന്
പിൻനോക്കുമ്പോൾ, ‘78-ൽ ഫിയോ അച്ചൻ തന്ന ആ ലളിതമായ നിർദ്ദേശം നമുക്ക് തുടരുന്ന മാർഗ്ഗനിർദ്ദേശമായി മാറി. എന്നാൽ ഒരു മനസ്സോടെ കൂടുതൽ അന്നും ഇന്നും അനേകർ, സങ്കീർണമാകുന്ന വൈവിധ്യത്തോടെ, യുവാക്കളെ ആകർഷിക്കാനും, വ്യക്തികളെ വളർത്താനും കൂട്ടായ്മകൾ പണിയാനും ഉള്ള തിരക്കിലാണ്. അത്തരം യുവ സുവിശേഷവൽക്കരണ ശില്പികളെ ഒരുക്കുക, എന്നതാണല്ലോ ജീസസ് യൂത്ത് ദൗത്യത്തിന്റെ കാതലായ ഭാഗം.
ഒരു ചോദ്യം സുപ്രധാനമാണ്: ഈ പണിതുയർത്തലിന്റെ ഇന്നത്തെ അത്യാവശ്യം എന്താണ്? പ്രപഞ്ചത്തിൽ നിരന്തരം പറന്നകലുന്ന നക്ഷത്ര വ്യൂഹങ്ങളെ പോലെ, നമ്മുടെ ലോകവും നിരന്തരം വളരുന്ന ശിഥലീകരണ വെല്ലുവിളി നേരിടുന്നു. എന്നാൽ അതിന് കടകവിരുദ്ധമായി ക്രിസ്തുവിൽ എല്ലാവരും ഒന്നാകാനാണു സ്നേഹ രൂപനായ ദൈവം ആഗ്രഹിക്കുന്നത്. പരസ്പരം വിഘടിക്കുന്ന ലോകത്ത് കൂട്ടായ്മ പണിത് ഒരുമയിൽ സ്നേഹ ശൃംഖല തീർക്കാൻ ക്രിസ്തു നമ്മെ വിളിക്കുന്നു.
വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ കൂട്ടായ്മയിൽ ലഭിച്ച സന്ദേശം: “കൂട്ടായ്മയിൽ വളരാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുക.” അതിന് പ്രത്യുത്തരമായി ഞങ്ങൾ ഗ്രൂപ്പിൽ പലതും ആരംഭിച്ചു. പരസ്പര പ്രാർത്ഥനയും, മസാല ദോശ കൂട്ടായ്മയും, പിറന്നാൾ ആഘോഷവും, ക്രിസ്തുമസ് വിരുന്നും എല്ലാം. വചനവും, സേവനവും, ദിവ്യബലിയും, ഒത്തുകൂടലും, കളികളും, ഉല്ലാസവും ഒക്കെ ഉപയോഗിച്ച് വേണം നിത്യമായി നിലനിൽക്കേണ്ട ആ ഭവന നിർമ്മാണം നടത്താൻ.
നാം ആരുതന്നെ ആയാലും പ്രശ്നമില്ല. കർഷകനോ, തൊഴിലാളിയോ, കലാകാരനോ, വീട്ടമ്മയോ, വൈദികനോ, എഞ്ചിനീയറോ ആരുതന്നെ ആയാലും അനന്യരായ ദൈവരാജ്യ പണിക്കാരാക്കാൻ നമ്മുടെ ജീവിത ഇടങ്ങളിൽ നമുക്ക് ജോലി തുടങ്ങാനാകും. അത്തരം ശില്പികളാകാനുള്ള വിളി തിരിച്ചറിഞ്ഞ് കച്ചകെട്ടി ഇറങ്ങുക എന്നതുതന്നെയല്ലേ യഥാർത്ഥ ജീസസ് യൂത്ത് പ്രതിബദ്ധത?
Comments
Post a Comment