ഇവിടെ കാറ്റ് വഴിയോടു മന്ത്രിക്കുന്നു (MJYR134)

ഇവിടെ കാറ്റ് വഴിയോടു മന്ത്രിക്കുന്നു  

നല്ല ജീസസ് യൂത്ത് കൂട്ടായ്മകളിൽ എങ്ങനെയാണ് ആത്മാവിന്റെ വരദാനങ്ങളും സംഘടനാ സംവിധാനങ്ങളും കൈകോർക്കുന്നത്? 

(By Dr. Edward Edezhath, for Kairos Malayalam in 2016)

ഞങ്ങളുടെ കമ്മിറ്റഡ് ഗ്രൂപ്പ് മീറ്റിങ്ങുകൾ ചൊവ്വാഴ്ചകളിൽ ആയിരുന്നു. അതിന്റെ തുടക്കം രസകരമായിരുന്നു. ബുധനാഴ്ചകളിലെ പ്രാർത്ഥനാഗ്രൂപ്പ് ഏറെ സജീവമായി മുന്നേറുന്ന സമയം. അവിടെ പല മിനിസ്ട്രികളും തുടങ്ങി. അതിലൂടെ നേതൃത്വത്തിലേയ്ക്ക് കടന്നുവരുന്ന അനേകരെ മറ്റൊരു ദിവസം ഒന്നിച്ചുകൂട്ടണം എന്ന നിർദ്ദേശവും ഉയർന്നു വന്നു.

അതിനിടെ ഗ്രൂപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ ഒരാശയം വ്യക്തമായി കേട്ടു. ലോകത്തിൽ നാം വിടുത്തെ സാന്നിധ്യമാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. കോർ ഗ്രൂപ്പ് അതേക്കുറിച്ചു ചർച്ചചെയ്തു, പ്രാർത്ഥിച്ചു, എന്നിട്ട് ഒരു ചുവടുവച്ചു. പതിവായി ഒത്തുകൂടി പങ്കുവച്ചു വളരാനും കൂട്ടായ്മയിൽ ദൈവഹിതം അന്വേഷിക്കാനും താൽപര്യമുള്ളവരെ ഞങ്ങൾ ക്ഷണിച്ചു. ഇരുപതോളം ചെറുപ്പക്കാർ ചൊവ്വാഴ്ചകളിൽ ഒത്തുകൂടാൻ തുടങ്ങി.


രണ്ട് ആത്മീയ വഴികളും അവയുടെ ഇടയിലുള്ള പിരിമുറുക്കവും തുടക്കം മുതലേ പ്രകടമായിരുന്നു. പലരും തങ്ങൾക്കു കിട്ടിയ പ്രചോദനങ്ങളും സ്വപ്നങ്ങളും, ആവേശത്തോടെ പങ്കുവക്കുമായിരുന്നു. മീറ്റിങ്ങുകൾ മിക്കവാറും ഏറെ ചൈതന്യം നിറഞ്ഞതുമായിരുന്നു. എന്നാൽ ആവേശത്തിന് അപ്പുറം കാര്യങ്ങൾക്ക് വ്യകതതയും തുടർച്ചയും വേണം എന്ന് നിർബന്ധമുള്ള വേറൊരു കൂട്ടർ  “നമ്മൾ ഒരുപാടു കാര്യങ്ങൾ പറയുന്നു, അത് പ്രവർത്തിയിൽ എത്തുന്നില്ല” എന്നു വിമർശിക്കുമായിരുന്നു. ആവേശവും ചിട്ടയും തമ്മിലുള്ള ഈ ഏറ്റുമുട്ടൽ കൂട്ടായ്മയെ ഇടയ്ക്ക് സംഘർഷഭരിതമായിരുന്നു. ഞങ്ങളിൽ ചിലരുടെ വെല്ലുവിളി എങ്ങനെ ഈ രണ്ട് വഴികളെയും ഒന്നിച്ചുകൊണ്ടുവന്ന് ദൈവാത്മ പ്രചോദനങ്ങളെ പ്രായോഗിക പടികളായി  മാറ്റാം എന്നതായിരുന്നു.

അങ്ങനെ പല നല്ല സംരംഭങ്ങളും അവിടെ രൂപപ്പെട്ടു: ശനിയാഴ്ചകളിലെ മാധ്യസ്ഥ്യപ്രാർത്ഥനാ ഗ്രൂപ്പ്, സ്ഥിരമായ ചേരി സന്ദർശനം, ഇടവകകളിലെ യുവജന സംഗമങ്ങൾ, അങ്ങനെ പലതും. ഏറെ ആലോചനകൾക്കു ശേഷം ഞങ്ങൾ “ലൈഫ് ഇൻ ദ സ്പിരിറ്റ്” സെമിനാറുകളും തുടങ്ങി. 

അങ്ങനെ ഞങ്ങളുടെ കൂട്ടായ്മയിൽ ആ രണ്ടു ധാരകൾ ഒന്നിക്കാനായത് നല്ല ഫലങ്ങളിലേയ്ക്ക് നയിച്ചു. ഒരു വശത്ത് ആവേശവും പ്രചോദനവും സന്തോഷവും മറുവശത്ത് ആസൂത്രണവും ഘടനയും പ്രവർത്തനങ്ങളും. ഈ കാറ്റും വഴിയും ഒന്നിച്ച് ഏറെ സദ്ഫലങ്ങൾ വിളയിച്ചു. 

പക്ഷേ ഈ സംഘർഷം തുടക്കത്തിൽ മാത്രമായിരുന്നുവോ? അല്ല. സാവധാനം ഞങ്ങളുടെ കൂട്ടായ്മ കൂടുതൽ ചിട്ടയുള്ളതായി, ശുശ്രൂഷകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ എല്ലാം ഭംഗിയായി പോകുന്നു എന്ന് തോന്നുമ്പോഴും പലർക്കും ഒരു പരാതി ഉണ്ടായിരുന്നു. “ആദ്യകാലത്തെ ആ ഉണർവും സന്തോഷവും മങ്ങിപ്പോയിരിക്കുന്നു.” ആത്മാവിന്റെ ചലനം പഴയതുപോലെ അനുഭവിക്കാനാകുന്നില്ല, പകരം വരണ്ട പ്ലാനിങ്ങും തിരക്കും മാത്രം — ചിലർക്ക് അങ്ങനെയാണു തോന്നിയത്. 

ദൈവരാജ്യ വഴിയിൽ ഈ സംഘർഷം തീർച്ചയാണ്: ഒരു വശത്ത് ആത്മപ്രചോദിതമായ തീക്ഷ്ണതയും സന്തോഷവും സ്വാതന്ത്ര്യവും; മറുവശത്ത് സംഘാടനവും ടീമുകളും പദ്ധതിമെനയലും. ഏറെ വ്യത്യസ്തമായ ഈ രണ്ട് ധാരകളെയും ബന്ധപ്പെടുത്തി കൊണ്ടുപോകുക എന്നതാണ് സുവിശേഷ വളർച്ചയുടെ ഏറ്റവും വലിയ വെല്ലുവിളി. ആത്മാവിന്റെ കാറ്റിനെയും അവ പ്രവർത്തി പഥത്തിൽ എത്തിക്കുന്ന പ്രായോഗിക പദ്ധതികളെയും ഒരുമിച്ചു ചേർത്തുപിടിക്കുക.

ആരു ജയിക്കും: കാറ്റോ വഴിയോ?

രണ്ടു ചെന്നായ്ക്കളുടെ കഥ കേട്ടിട്ടുണ്ടോ? ഒരു മുത്തച്ഛൻ കൊച്ചുമകനോടു പറഞ്ഞു: “നമ്മുടെ ഉള്ളിൽ രണ്ടു ചെന്നായ്ക്കൾ പോരടിക്കുന്നുണ്ട് — ഒന്നു ദുഷ്ടൻ, അപരൻ നല്ലവൻ.” കുട്ടിയുടെ ചോദ്യം: “ഇതിൽ ആരു ജയിക്കും?” മുത്തച്ഛന്റെ മറുപടി, “നീ ആരെ തീറ്റി പോറ്റുന്നുവോ അവൻ.” 

ഒരു ജീസസ് യൂത്ത് കൂട്ടായ്മയിലും ഇതേ ചോദ്യം ഉയരാം, ഏതു ജയിക്കും — കാരിസമോ സംഘാടനമോ? ഇവിടെ ഒരു പ്രശ്നം. നേതൃനിരയിൽ എത്തുന്നവർ മിക്കവാറും ചിട്ടയും പ്ലാനിങ്ങും ഇഷ്ടപ്പെടുന്നവരാണ്. അങ്ങനെ പതിയെപ്പതിയെ ഗ്രൂപ്പുകൾ നല്ല ഘടനയും അച്ചടക്കവുമുള്ളതായി മാറുന്നു; സ്വപ്നം കാണുന്നവരും “കൺഫ്യൂഷൻ ഉണ്ടാക്കുന്നവരും” ആരുമറിയാതെ അപ്രത്യക്ഷരാകുന്നു.

പക്ഷേ, ദൈവരാജ്യത്തിലേക്കുള്ള യാത്ര ഒരു മത്സരമല്ല. അവിടെ എല്ലാവരും ജയിക്കണം, കർത്താവിന്റെ പദ്ധതി വളരണം. കാറ്റോ വഴിയോ — ഒന്നും മറ്റേതിനു മീതേ മേൽക്കൈ നേടേണ്ടതില്ല. രണ്ടും കൈകോർത്തു മുന്നേറണം.

പല ജീസസ് യൂത്ത് ഗ്രൂപ്പുകളിലും പോയിരുന്ന് അവരുടെ ആകുലതകൾ ഞാൻ കേൾക്കാറുണ്ട്. ഒരു വശത്ത്, ഉള്ളിലെ അസ്വസ്ഥത പങ്കുവയ്ക്കുന്ന കുറച്ചുപേർ, ഇവിടെ എന്തോ കൂടി സംഭവിക്കേണ്ടതുണ്ട്, കൂട്ടായ്മ വഴിമുട്ടി നിൽക്കുന്നു, ഈ അസ്വസ്ഥത ആരും ശ്രവിക്കുന്നില്ല എന്നെല്ലാം തോന്നുന്നവർ.  മറുവശത്ത്, അച്ചടക്കത്തിനും ആസൂത്രണത്തിനും സിസ്റ്റങ്ങൾക്കും വിവേകപൂർണ്ണമായ പ്രവർത്തനരീതികൾക്കും വേണ്ടി വാദിക്കുന്നവർ. ഈ സംഘർഷത്തിൽ മിക്കവാറും അസ്വസ്ഥതയും ആകുലതയും പ്രകടിപ്പിക്കുന്നവർ അവഗണിക്കപ്പെടും; വ്യക്തമായ  ആസൂത്രണങ്ങളും സിസ്റ്റങ്ങളും വിജയിക്കും. യുക്തിയും ചിട്ടയും മനസ്സിലാക്കാൻ എളുപ്പമാണ്; പേരിടാൻ പോലുമാകാത്ത പ്രചോദനങ്ങൾ ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യും. 

പക്വമായ വളർച്ചയ്ക്കും ദൈവരാജ്യ നിർമ്മിതിക്കും വേറൊരു വഴി ഉണ്ടായേ തീരൂ. ഒരു പക്ഷം മറ്റേതിനെ കീഴടക്കുകയല്ല വേണ്ടത്; കാണാനാകാത്ത കാറ്റിന്റെ തള്ളലിനെയും മുന്നോട്ടുള്ള വ്യക്തമായ വഴികളെയും ഒരുപോലെ ചേർത്തുനിർത്തുകയാണ് അതിനാവശ്യം.

പ്രചോദനവും ആസൂത്രണവും — ഒരു സന്തുലനം

കേരളത്തിൽ യുവജനശുശ്രൂഷ കെട്ടിപ്പടുത്തിരുന്ന ആദ്യകാലങ്ങളിൽ, ഫാ. അഗസ്റ്റിൻ തുരുത്തിമറ്റം രണ്ടു തരം നേതാക്കളെ താരതമ്യം ചെയ്യുമായിരുന്നു: ദർശനത്തിലും പദ്ധതികളിലും ശ്രദ്ധയൂന്നുന്ന മധ്യമേഖലയിലെ നേതാക്കളും, കാരിസത്തിലും പ്രചോദനത്തിലും ഊന്നുന്ന വടക്കൻ മേഖലയിലെ നേതാക്കളും. ഈ രണ്ടുകൂട്ടരെയും ഒരുമിച്ചു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുമായിരുന്നു. 

മുന്നേറ്റത്തിനു അടിത്തറ പാകിയ 1976 മുതലുള്ള ആദ്യ പതിറ്റാണ്ടിൽ ഭാഗ്യവശാൽ, ഒത്തുകൂടാനും പരസ്പരം കേൾക്കാനും ഒരുമിച്ചു പ്രവർത്തിക്കാനും ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടി. ഫാ. അഗസ്റ്റിൻ, ഫാ. എബ്രഹാം, സി. ക്ലിയോപാട്ര, ജെയിംസ് എബ്രഹാം, വി. ടി. ജോർജ്, ആലീസുകുട്ടി തുടങ്ങിയ ഏതാനും മുതിർന്നവർക്ക് ഒരു പ്രത്യേക വരമുണ്ടായിരുന്നു: വ്യത്യസ്തരായ ആളുകൾക്കൊപ്പം നടക്കാനും, അവർക്ക് ആത്മവിശ്വാസവും വ്യക്തതയും പകരാനും, ഒരുമിച്ചിരുന്ന് ഭിന്നതകൾക്കപ്പുറം കാണാനും.

പിന്നീട് കുറേപ്പർ “ഫസ്റ്റ് ലൈൻ ഗ്രൂപ്പ്” എന്നു ഞങ്ങൾ വിളിച്ച കൂട്ടായ്മയിൽ ഒത്തുകൂടാൻ തുടങ്ങി. അവിടെ തികച്ചും വ്യത്യസ്തമായ കാരിസങ്ങളും കാഴ്ചപ്പാടുകളുമുള്ളവർക്ക് ഒന്നിച്ചിരിക്കാനും, പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാനും, തുറന്നു സംസാരിക്കാനും, ആഴത്തിൽ കേൾക്കാനും, പ്രാർത്ഥിക്കാനും, മുന്നോട്ടുള്ള വഴി സൗമ്യമായി വിവേചിച്ചറിയാനും ആവശ്യത്തിനു സമയവും ഇടവും കിട്ടി. ദൂരവും തിരക്കുകളും ഉണ്ടായിരുന്നിട്ടും എല്ലാ മാസവും മൂന്നാം വാരാന്ത്യത്തിൽ ഞങ്ങൾ ഒന്നിച്ചുകൂടി — പരിശീലനത്തിനല്ല, വെറുതെ ഒരുമിച്ചായിരിക്കാൻ, ഏറെ സംസാരിക്കൻ. ആ കൂട്ടായ്മയിലെ പരസ്പരം കാണാനുള്ള സന്നദ്ധതയും, എല്ലാവരെയും മനസ്സിലാക്കാനും അവരോടു ചേർന്നുനിൽക്കാനുമുള്ള ശ്രമവും ഒക്കെ ഒരു പ്രത്യേക ദർശനത്തിനു രൂപം നൽകി. ആത്മാവ് എന്താണു ചെയ്യുന്നതെന്ന് ഞങ്ങൾ ഒരുമിച്ചു നോക്കിക്കണ്ടു; കാറ്റിന്റെ അവ്യക്തമായ മർമ്മരത്തെയും വഴിയുടെ വ്യക്തതയെയും ഒരുപോലെ ചേർത്തുപിടിച്ച്, ദൈവരാജ്യമെന്ന ദൂരെയുള്ള സ്വപ്നത്തിനു പിന്നാലെ ഞങ്ങൾ നടന്നു.

കാറ്റിനെയും വഴിയെയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം?

കുറച്ചു വർഷം മുമ്പ് ഫ്രാൻസിസ് പാപ്പാ സഭയിലെങ്ങും സിനഡാലിറ്റിക്ക് ഊന്നൽ നൽകാൻ തുടങ്ങിയപ്പോൾ, ആദ്യമെല്ലാം ആ വാക്കിന്റെ പ്രാധാന്യം എനിക്കു പിടികിട്ടിയില്ല. അപ്പോഴാണ് ഒരു അമേരിക്കൻ സർവകലാശാല സിനഡാലിറ്റിയെക്കുറിച്ച് ഒരു അക്കാദമിക് കോഴ്സ് നടത്തുന്നുണ്ടെന്നു കേട്ടത്; ഞാൻ സന്തോഷത്തോടെ ചേർന്നു. ഒരു സമൂഹമായി ഒരുമിച്ചു യാത്ര ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാക്കാൻ അതെന്നെ സഹായിച്ചു — സഭയ്ക്കു മൊത്തത്തിൽ മാത്രമല്ല, നമുക്ക് നേതൃത്വത്തിൽ വളരാനും സമൂഹം കെട്ടിപ്പടുക്കാനും മിഷൻ തുടങ്ങാനും ഒക്കെ ആ സിനഡൽ ശൈലീ വേണം.

ജീസസ് യൂത്തിന്റെ യാത്രയിലേക്കു തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു: ഒരുമിച്ചിരുന്ന്, ശ്രവിച്ച്, സംസാരിച്ച്, പ്രാർത്ഥിച്ച് ഒന്നിച്ചു വിവേചിച്ചറിയാനുള്ള ആഗ്രഹം എന്നും അവിടെ ഉണ്ടായിരുന്നു. പണ്ടു ഞങ്ങൾ അതിനെ ഒരുമിച്ചുള്ള സ്വപ്നംകാണൽ, സമൂഹസംവാദം, ഗ്രൂപ്പ് ഡിസേൺമെന്റ് എന്നോക്കെ വിളിച്ചു. ഇന്ന് അതെല്ലാം ഒറ്റ വാക്കിൽ ഒതുങ്ങുന്നു: സിനഡാലിറ്റി. അതായിരുന്നു ജീസസ് യൂത്തിന്റെ ആത്മാവ്; മുന്നേറ്റം വളർന്നതിന്റെയും പടർന്നതിന്റെയും രഹസ്യവും അതുതന്നെ.

സിനഡൽ ശൈലിയുടെ പടികൾ. 

പൊതുബോധ്യത്തിൽ നിന്ന് അതു തുടങ്ങുന്നു. ദൈവരാജ്യം പണിതുയർത്താൻ ആത്മാവ് പ്രവർത്തിക്കുന്നുണ്ട്; ഒന്നിച്ചുചേർക്കപ്പെട്ട പലതരം ഉപകരണങ്ങളാണു നമ്മൾ. 

അത് ഓരോ വ്യക്തിയെയും വിലമതിക്കുന്നു. ആത്മാവ് നമ്മിൽ ഓരോരുത്തരിലും വ്യത്യസ്തമായാണു പ്രവർത്തിക്കുന്നത്. 

അതിനു സമയം വേണം. പരസ്പരം ശ്രദ്ധിച്ചുകൊണ്ട്, തിരക്കില്ലാതെ ഒരുമിച്ചു ചെലവഴിക്കുന്ന സമയം — അതാണ് മിഷൻ കണ്ടെത്താനും ഫലം പുറപ്പെടുവിക്കാനുമുള്ള അടിത്തറ.

ശ്രദ്ധയും ദർശനവുമുള്ള കുറച്ചു നേതാക്കൾ. ഈ പ്രവർത്തനശൈലി വളർത്തിയെടുക്കാൻ ഓരോ സമൂഹത്തിലും അത്തരം കുറച്ച് നേതാകളെങ്കിലും വേണം. 

അപ്രതീക്ഷിത ദൈവിക ഇടപെടലിനുള്ള തുറവി. പ്രാർത്ഥനാരീതികൾ, മാനേജ്മെന്റ്-മനഃശാസ്ത്ര ടൂളുകൾ എന്നിവയ്ക്കപ്പുറം ആത്മാവിന്റെ അപ്രതീക്ഷിത ചലനങ്ങൾക്കും കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിയുന്ന പ്രചോദനങ്ങളും ചെവിയോർക്കണം. 

ഞങ്ങളുടെ കമ്മിറ്റഡ് ഗ്രൂപ്പും പിന്നീടു വന്ന ഫസ്റ്റ് ലൈനും എന്നെ ജീസസ് യൂത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുതന്ന വേദികളായിരുന്നു. വ്യക്തതയില്ലാതെ മടിച്ചുമടിച്ചുള്ള അഭിപ്രായങ്ങളും, ചെറിയ പ്രചോദനങ്ങളും നിർദ്ദേശങ്ങളും, എല്ലാറ്റിനുമുപരി ഓരോ വ്യക്തിയെയും — പങ്കുവയ്ക്കാൻ ഉത്സാഹമുള്ളവരെയും സംസാരിക്കാൻ മടിയുള്ളവരെയും — ശ്രദ്ധയോടെ കേൾക്കാന്നുള്ള തുറവിയുള്ളവരും. പിന്നെ കൂടുതൽ വ്യക്തമായ പദ്ധതികളും മെച്ചപ്പെട്ട ടീംവർക്കും അളക്കാവുന്ന ഫലങ്ങളും ഒക്കെ ആഗ്രഹിച്ച “സിസ്റ്റം ആളുകളും” ഒക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. ഏറ്റവും പ്രധാനമായത് ബോധപൂർവമായ സംവാദവും സത്യസന്ധമായ വിയോജിപ്പുമായിരുന്നു — അതും ഒരുപാടു പുഞ്ചിരിയോടെ. ആ ഓട്ടമത്സരത്തിൽ ആരും ജയിച്ചില്ല. പകരം, കർത്താവിന്റെ പ്രവൃത്തി മുന്നോട്ടു നീങ്ങി; അതിന്റ ഫലമോ? എണ്ണമറ്റ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും അവിടുത്തെ സ്നേഹം അനുഭവിച്ചറിയാൻ അവസരം കിട്ടി, ഒപ്പം അനേകർക്ക് നല്ല മിഷനറിമാരായി വളരാൻ സാധിക്കുകയും ചെയ്തു.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

ജീസസ്‌ യൂത്ത്‌ കണ്‍സല്‍ട്ടേഷനുകൾ (MJYR036)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)