കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

 കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ 

ജീസസ് യൂത്തിന് എന്തു ചെയ്യാനാകും? 

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

കഴിഞ്ഞ ദിവസം, ഒരു യാത്രയ്ക്കിടെ, എന്റെ മകൾ അവളുടെ സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങൾ പറയാൻ തുടങ്ങി. "മിക്കവരുടെയും അവസ്ഥ ഏറെ സങ്കടകരമാണ്, പലരും ഏറെ വിഷമിക്കുന്നു," അവൾ തുടർന്നു. "ചില ദമ്പതികൾ ഇതിനകം ബന്ധം പിരിഞ്ഞു, മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശത്തിനായി എങ്ങോട്ട് തിരിയണമെന്ന് അറിയില്ല. അവരെ ഒന്ന് സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും നിർദ്ദേശിക്കാമോ?" 


ഞാൻ ഒന്ന് രണ്ട് വൈദികരെയും കൗൺസിലർമാരെയും പറ്റി സൂചിപ്പിച്ചു. പക്ഷേ അവൾക്ക് അതത്ര തൃപ്തിയായില്ല. "അവരെ കേൾക്കാനും സഹായിക്കാനുമായി അവർക്ക് അടുപ്പം തോന്നുന്ന ആരെങ്കിലും വേണം. ഒരുപക്ഷേ വൈദികൻ, കൗൺസലർ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു മുൻവിധി ഉണ്ടാകും, അതിന് പകരം അവരെ സഹായിക്കാൻ തയ്യാറുള്ള സാധാരണക്കാർ ഉണ്ടാകില്ലേ?” ആ ചോദ്യം എന്റെ മനസ്സിൽ തുടർന്നു.

ഏറെ മാറ്റങ്ങൾ വരുന്നൊരു കാലം 

1988-ൽ ഞാൻ ആദ്യമായി ഫ്രാൻസിലെ തെയ്സെ സന്ദർശിച്ചു, ചർച്ചകൾക്കിടെ അവിടെ കേട്ട കാര്യങ്ങൾ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു കുടുംബ ബന്ധങ്ങൾ തകരുന്നു. “ഇന്ത്യയിലോ?” അവർ ചോദിച്ചപ്പോൾ ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു, "വിവാഹമോചനം, എന്റെ അറിവിൽ ഒന്നുപോലും ഇല്ല.” 

എന്നാൽ ഇന്നത്തെ അവസ്ഥയോ? നല്ല ക്രിസ്തീയ കുടുംബങ്ങളിൽ പോലും വലിയ സംഘർഷവും അതേ തുടർന്നുള്ള വേർപിരിയലും വർദ്ധിക്കുന്നു. എന്തുകൊണ്ട്? സമൂഹവും അതിന്റെ മൂല്യങ്ങളും ഏറെ മാറിയിരിക്കുന്നു. 

- പലരുടേയും ചോദ്യം “മനം മടുപ്പിക്കുന്ന ദാമ്പത്യ ബന്ധങ്ങളിൽ  “എല്ലാം സഹിച്ച്” എന്തിന് ജീവിതം നശിപ്പിക്കണം?” 

- സ്ത്രീകളുടെ വർദ്ധിച്ച ആത്മവിശ്വാസവുമായി പൊരുത്തപ്പെടാൻ പല പുരുഷന്മാരും തയ്യാറല്ലെന്ന് ചിലർ ആവലാതിപ്പെടുന്നു.

- പിന്നെ ജീവിത വേഗം അനുദിനം വർദ്ധിക്കുന്നു. ജോലിയും കുടുംബ ബന്ധങ്ങളും കുട്ടികളുടെ കാര്യങ്ങളും മറ്റുസമ്മർദ്ദങ്ങളും എല്ലാം കൂടെ ഒരു സാധാരണ വ്യക്തിക്ക് താങ്ങാനാവാത്ത ഭാരമാകുന്നു. മറ്റു ബന്ധുക്കളുടെ പിന്തുണയും ഇല്ലാതാകുന്നു.

പല വേദികളിലും ഇന്നത്തെ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നു. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ എങ്ങനെ അവരെ  സഹായിക്കാനാകും എന്നുകൂടെ നാം ചിന്തിക്കേണ്ടേ? 

ഇന്നുള്ള സഹായങ്ങൾ പര്യാപ്തമാണോ?   

ഒന്നു ചിന്തിച്ചാൽ, വെല്ലുവിളി നേരിടുന്ന കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ  സഭയും സമൂഹവുമെല്ലാം കുറെയെല്ലാം ശ്രമിക്കുന്നുണ്ട്. വിവാഹ ഒരുക്ക കോഴ്സുകകളും, കുടുംബ വളർച്ചാ സെമിനാറുകളും, കുട്ടികളെ വളർത്താൻ നിർദ്ദേശങ്ങളും മാധ്യമങ്ങളിൽ നിറയുന്ന സദുപദേശങ്ങളും എല്ലാം ഈ വഴിക്കുള്ള ഏറെ നല്ല സഹായങ്ങൾ തന്നെ. 

എന്നാൽ ഒരു സത്യം അവശേഷിക്കുന്നു, ഈ ചികിത്സയ്ക്കെല്ലാം  ഏറെ മുകളിലാണ് ഇന്നത്തെ വെല്ലുവിളികൾ. ധാരാളം കുടുംബങ്ങൾ വലിയ കൊടുങ്കാറ്റിൽ ചുറ്റിത്തിരിയുന്ന ചെറുതോണി പോലെയാണ്. വലിയ സംഘർഷത്തിലും ഏകാന്തതയിലും ഒരു സഹായവും ലഭിക്കാതെ അവർ ഉഴലുന്നു. ഇതിനിടയിൽ നമുക്ക് എന്തുചെയ്യാനാകും?

ജീസസ് യൂത്ത് കുടുംബങ്ങളിലെ നൂതന ജീവിത സംസ്കാരം 

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ, എന്റെ യുവത്വം ഏറെ സുന്ദര ബന്ധങ്ങളാൽ നിറഞ്ഞതായിരുന്നു – നല്ല സൗഹൃദങ്ങൾ, ഊഷ്മളമായ കൂട്ടായ്മകൾ, ഏറെ സ്നേഹത്തോടെ കൂടെ നടന്ന മുതിർന്നവർ, അവരുടെ ഹൃദ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ. ഇതെല്ലാം ഒത്തുചേർന്ന നല്ലൊരു പ്രാർത്ഥന കൂട്ടായ്മ. വിവിധ പ്രായത്തിലും ജീവിത തുറകളിലും നിന്നുള്ള അനേകർ അവിടെ ഒന്നിച്ചു വന്നു. പിന്നെ, സ്നേഹ പൂർവ്വം സ്വാഗതമരുളിയ കുടുംബങ്ങൾ. പിന്നീടുള്ള എന്റെ കുടുംബ ജീവിതത്തിന് ഇതെല്ലാം നല്ല ഒരുക്കമായി. മാത്രമല്ല ഏത് ബുദ്ധിമുട്ടുകളിലും പിന്തുണയ്ക്കാൻ ചുറ്റും ഏറെപേർ. 

പിന്നെ വിവാഹം, എന്റെ ഭാര്യ ഓഡ്രിയുമായുള്ള ഒത്തുജീവിതം തുടങ്ങിയതിനൊപ്പം  മനോഹരമായ ഒരു കാര്യം സംഭവിച്ചു - പതിവായി ഒന്നിച്ചുകൂടുന്ന ഒരു ചെറിയ കുടുംബ കൂട്ടായ്മയിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. ഞങ്ങളായിരുന്നു ആ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം. പക്ഷേ ആ മുതിർന്ന ദമ്പതികൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കുവച്ച് ഒരുമിച്ച് വളരാൻ സഹായിക്കുകയും ചെയ്തു. കൂടെ ഒപ്പം ജോസ് പാലാട്ടി അച്ചനും ഉണ്ടായിരുന്നു, വേണ്ടപ്പോൾ ഒന്നിച്ചിരിക്കാനും സ്നേഹപൂർവ്വം പ്രോത്സാഹനം നൽകാനും. 

ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ ഇന്നും ജീസസ് യൂത്തിന് മറ്റു കുടുംബങ്ങൾക്ക് നൽകാൻ കഴിയുന്നത്? സ്നേഹവും സന്തോഷവും നിറയുന്ന ഒരു കുടുംബ സംസ്കാരവും കൂട്ടായ്മയും  അതിൽനിന്ന് ബഹിർഗമിക്കുന്ന ഒരു സേവന സന്നദ്ധതയും.  

ഒരു കൈത്താങ്ങാകാൻ നമുക്ക് എങ്ങനെ സാധിക്കും?  

ഹൃദ്യമായ സാധാരണ ബന്ധങ്ങൾ: പ്രൊഫഷണൽ കൗൺസിലിങ്ങും ആത്മീയ മാർഗ്ഗനിർദ്ദേശവും അനേകരെ  ഭയപ്പെടുത്തുന്നു. മറിച്ച് സാധാരണ ബന്ധങ്ങളിലൂടെ ചെറു പ്രോത്സാഹനങ്ങൾ സ്വീകരിക്കാൻ അവർക്ക് എളുപ്പമാണ്. വിധിക്കാതെ, നന്നാക്കാൻ ശ്രമിക്കാതെ ഒപ്പം നടക്കാൻ അവർക്ക് ആരെങ്കിലും വേണം. 

ഊഷ്മളമായ സ്വാഗതം: ജീസസ് യൂത്ത് ഗ്രൂപ്പുകൾ ഹൃദ്യമാണ് അവിടെ വ്യക്തിബന്ധങ്ങൾക്കാണ് പ്രാധാന്യം. സുന്ദരമായ ഭവനങ്ങൾ പോലെ സ്വാതന്ത്ര്യവും സന്തോഷവും നിറയുന്ന ഇടങ്ങളിലേയ്ക്ക് അവരെ സ്വാഗതം ചെയ്യണം. 

വിവിധ സംസ്കാരങ്ങൾ, തലമുറകൾ: എല്ലാ തരക്കാരെയും ഉൾക്കൊള്ളുന്ന നോഹയുടെ പെട്ടകം പോലെ ബഹുസ്വരതയും തലമുറകൾ തമ്മിലുള്ള ബന്ധവും വിളയുന്ന വേദികൾ വളരണം. അതുതന്നെയല്ലേ ഒരു നല്ല ജെ-വൈ കൂട്ടായ്മ?

മാറ്റങ്ങൾക്കൊപ്പം കൂടെ നടക്കണം: യുവ കുടുംബങ്ങൾ ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. സംഘർഷം നിറയുന്ന  തൊഴിലിടങ്ങൾ, ബന്ധങ്ങളിലെ പിരിമുറുക്കങ്ങൾ കുട്ടികളെ വളർത്തുന്നതിലുള്ള വെല്ലുവിളികൾ തുടങ്ങി എന്തെല്ലാം പ്രശ്നങ്ങൾ. ഇതിനിടെ ഒരു ജെ-വൈ കൂട്ടായ്മയുടെ പിന്തുണ ഏറെ ആശ്വാസകമാകും. 

സേവന സംസ്കാരം: ജീസസ് യൂത്ത് ശൈലി  ഔദാര്യത്തിന്റെ പര്യായമാണ്. കൊടുക്കുന്നതിലും സേവിക്കുന്നതിലും പരിശീലനം ലഭിച്ച കുടുംബങ്ങൾ സ്വാഭാവികമായും മറ്റുള്ളവർക്ക് വലിയ ആശ്വാസത്തിന്റെ ഉറവിടമാകും. 

വിശ്വാസത്തിൽ വേരൂന്നി, സ്വാഭാവിക പെരുമാറ്റത്തോടെ: ജെ-വൈ കുടുംബങ്ങൾ ക്രിസ്തീയതയിൽ വളരുന്നവരാണ്, എന്നാൽ ഫരിസേയ മനോഭാവം ഒഴിവാക്കി ലാളിത്യത്തോടെ ഇടപഴകുന്നവരും. അവരുടെ ജീവിതശൈലിയാണ്, ഉപദേശമല്ല, മറ്റുള്ളവരെ ആകർഷിക്കുന്നതും പ്രചോദിപ്പിക്കുന്നതും.

വിരാമമില്ലാത്ത സൗഹൃദ യാത്ര: ഒരിക്കൽ നിങ്ങൾ ജെ-വൈ ശൃംഖലയുടെ ഭാഗമായാൽ  പിന്നെ ഒരിക്കലും ഒറ്റയ്ക്കല്ല. സൗഹൃദവും ഒത്തുകൂടലും പ്രോത്സാഹനവും എന്നും തുടരും, വളരും. അതാണ് നല്ല ക്രിസ്തീയത. 

ജീസസ് യൂത്ത് കുടുംബങ്ങൾക്ക് ഒരു തുടർ ദൗത്യം  

വീണ്ടും എന്റെ മകളുടെ ചോദ്യത്തിലേക്ക്: ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ആർക്കാണ് സഹായിക്കാൻ കഴിയുക? ഞാൻ അവളോട് പറഞ്ഞു, "സന്തോഷത്തോടെ ഒപ്പം വൈകാരിക സമനിലയോടും വിശ്വാസ നിറവോടും കൂടെ ഇടപെടുന്ന ഒരു ജീസസ് യൂത്ത് കുടുംബമാണ് അത്തരം ദമ്പതികൾക്ക് ലഭിക്കാവുന്ന നല്ല പിന്തുണ." 

പരിശുദ്ധാത്മാവ് നമുക്ക് സുന്ദരമായ ഒരു സമ്മാനം നൽകിയിട്ടുണ്ട് – ഇന്നത്തെ കാലത്തിനു പറ്റിയ രീതിയിൽ തുറവിയോടും പ്രസന്നതയോടും കൂടെ ജീവിതത്തെ കാണാനും ക്രിസ്തീയ മൂല്യങ്ങളിൽ വേരൂന്നി കുടുംബജീവിതം നയിക്കാനും, അത്തരക്കാർ സ്നേഹപൂർവ്വം ഒന്നിച്ചു വളരാനുമുള്ള ഒരു വലിയ ഭാഗ്യം. ഈ സമ്മാനം നമ്മിൽ ഒതുങ്ങേണ്ടതല്ല. അസ്വസ്ഥരായ മറ്റു കുടുംബങ്ങളെ പിന്തുണയ്ക്കാൻ ജെ-വൈ കുടുംബങ്ങൾ ഹൃദയവും ഭവനവും തുറക്കുമ്പോൾ സഭയ്ക്കും ലോകത്തിനും നൽകുന്ന വലിയൊരു സംഭാവന കൂടെ ആയിത്തീരും അത്.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)