മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

 മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍

*കാറ്റ്‌ അതിനിഷടമുള്ളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു'' യോഹ 3:8

(By Dr. Edward Edezhath - Published in Kairos Malayalam in 2017)

1978 മെയ്മാസത്തിലെ ഒരു രാത്രി. സമയം 10 മണികഴിഞ്ഞുകാണും. തൃശ്ശൂര്‍ ബസ്റ്റാന്റിൽ ഞാൻ പോകേണ്ടവഴിക്കുള്ള അവസാന ബസ്സും പോയിക്കഴിഞ്ഞ്‌ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്നു. മൂന്നു മാസം മുന്‍പ്‌ രൂപീകരിച്ച കേരള കത്തോലിക്കാ നവീകരണത്തിന്റെ അഡ്വൈസറി ബോര്‍ഡിന്റെ ആദ്യമീറ്റിങ്ങില്‍ പങ്കെടുക്കാന്‍, യാത്രചെയ്തു വലിയ പരിചയമില്ലാത്ത, ഞാന്‍ അവിടെ എത്തിയപ്പോള്‍ ആ സമയമായി. രണ്ടാം വര്‍ഷ ബിഏ്ക്കു പഠിക്കുന്ന എനിക്ക്‌ അതെല്ലാം പുത്തനനുഭവം. കെഎസ്ടി സെക്രട്ടറി സിസ്റ്റര്‍ ക്ലിയോപാട്ര എഴുതിയയച്ച പോസ്റ്റ്‌ കാര്‍ഡില്‍ മീറ്റിങ്ങ്‌ തൃശ്ശൂര്‍ അടുത്ത്‌ നടത്തറയിലുള്ള മഡോണ സെന്ററില്‍ എത്തേണ്ട വഴി പറഞ്ഞിരുന്നു. പക്ഷേ ക്ലാസുകഴിഞ്ഞ്‌ ആലുവായിൽ നിന്ന്‌ അവിടെ എത്തിയപ്പോള്‍ സ്റ്റാന്റ്‌ വിജനം. വിദ്യാര്‍ത്ഥിയായ എനിക്ക്‌ ഓട്ടോറിക്ഷാ കൂലി താങ്ങാനാവാത്തതും. “കാലത്ത്‌ ആറുമണിക്ക്‌ ആദ്യബസ്സുണ്ട്‌”. പെട്ടികടക്കാരൻ സ്നേഹപൂര്‍വ്വം വിവരങ്ങള്‍ നൽകി. കാര്യങ്ങൾക്ക്‌ ഒരു തീരുമാനമായപ്പോള്‍ സന്തോഷമായി. അങ്ങനെ ആദ്യമായി അപരിചിതമായ ഒരു നാട്ടിൽ ബസ്സ്റ്റാന്റില്‍ ഉറങ്ങിയ അനുഭവമായി.

പക്ഷേ അതൊരു തുടക്കം മാത്രം. പിറ്റേദിവസത്തെ നീണ്ട പ്രാര്‍ത്ഥനയിലും ചര്‍ച്ചയിലും ഒരു ചരിത്ര തീരുമാനമുണ്ടായി. ബാലാരിഷ്ടതകള്‍ മാറാത്ത കേരള നവീകരണം ഏറെ സന്ദേഹത്തോടെയാണെങ്കിലും ആദ്യമായി ഒരു വലിയ സമ്മേളനം നടത്താന്‍ തീരുമാനിക്കുന്നു. ഏറേ ചര്‍ച്ചയ്ക്കു ശേഷം ആദ്യ യൂത്ത്‌ കണ്വെന്‍ഷന്‍ ഡിസംബര്‍ മാസം ഏറണാകുളത്ത്‌ എന്ന്‌ ഏതാണ്ട്‌ തീരുമാനവുമായി. ഒരു കണ്ടീഷന്‍, കണ്‍വീനറായ ഞാന്‍ ആ യുവജന സമ്മേളനത്തിന്‌ നൂറുപേരെങ്കിലും ഉണ്ടാകും എന്ന്‌ ഉറപ്പുവരുത്തണം. ഞാന്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ യുവാക്കളുടെ താല്പര്യം ആരായണം. യാത്രാചിലവിലേയ്ക്ക്‌ ആഡ്വാന്‍സായി അഞ്ഞൂറു രൂപയും പിന്നീട്‌ എനിക്കു കൈമാറി. ആ ജൂണ്‍ മാസം യുവജനങ്ങളുമായി ചര്‍ച്ചകള്‍ക്കായി തിരക്കിട്ടയാത്രയായിരുന്നു. മുതിര്‍ന്നവര്‍ ഒരുക്കിതന്ന പ്ലാനനുസരിച്ച്‌ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ യുവജനളെ ഒന്നിച്ചുകൂട്ടി. അവരുമായി ഒന്നിച്ചിരുന്നു. ഫലം അത്ഭുതാവഹമായിരുന്നു.

ആ ഓര്‍മ്മകളില്‍ എഴുന്നുനില്ക്കുന്ന ഒരുകാര്യം അക്കാലത്തെ ജീവിത സൗകര്യങ്ങളുടെ പരിമിതിയാണ്‌. ഫോണും മൊബൈലും ഇല്ലാതിരുന്ന ഒരു കാലം. പരസ്പരം ബന്ധപ്പെടാന്‍ ആകെയുള്ള മാര്‍ഗ്ഗം എഴുത്തുകളായിരുന്നു. മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടുക ഇന്നത്തേതില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കേരളാടിസ്ഥാനത്തിലും മറ്റും ഒന്നിച്ചുവരാന്‍ ചെലവു കുറഞ്ഞ പോസ്റ്റ്‌ കാര്‍ഡുതന്നെയായിരുന്നു ഏക ആശ്രയം. മീറ്റിംങ്ങുവിളിക്കുക ഒട്ടും എളുപ്പമായിരുന്നില്ല പക്ഷേ അതിന്റെ ഒരു ഗുണം വിളിച്ച മീറ്റിംങ്ങ്‌ മാറ്റിവയ്ക്കുലും പ്രയാസമായിരുന്നു. പെട്ടെന്നു തീരുമാനങ്ങള്‍ മാറ്റാനും അതറിയിക്കാനും ഇന്നത്തെ സാങ്കേതിക വിദ്യകളുടെ മാറ്റം ഇന്നു സാധ്യമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ആളുകളും പെട്ടെന്നു തീരുമാനം മാറ്റുന്നവരും അങ്ങനെ വാഗ്ദാനങ്ങളില്‍ സ്ഥിരതയില്ലാത്തവരും ആയിത്തീര്‍ന്നോ എന്നൊരു സംശയം.

യാത്രയും അന്ന്‌ ഏറേ ദുഷ്കരം. ഒരു സൈക്കളെങ്കിലും സ്വന്തമാക്കാനാകുന്നവര്‍ ഏറെ ചുരുക്കം. മറ്റു സ്വകാര്യ വാഹനങ്ങളും അതിലുള്ള യാത്രയും ഒട്ടുമില്ല. വിരളമായ ബസ്സുകളും ബസ്‌ റൂട്ടുകളും ഒക്കെയായി ഇന്ന്‌ ഒന്നു രണ്ടു മണിക്കൂറുകൊണ്ട്‌ പോകാവുന്ന ദൂരമെത്താന്‍ അന്ന്‌ അനേക മണിക്കൂറുകൾ വേണ്ടിവന്നിരുന്നു. മുന്‍പുപറഞ്ഞ ആദ്യ സമ്മേളനത്തിന്റെ സാദ്ധ്യതയാരായാൻ യുവജന മീറ്റിങ്ങുകള്‍ കേരളത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒരുങ്ങി. കോഴിക്കോട്ടും, തൃശ്ശൂരും, പാലായിലും, കൊല്ലത്തും പിന്നെ ഞങ്ങളുടെയെല്ലാം താല്ലര്യത്തില്‍ ഏറണാകുളത്തും. ഇന്ന്‌ അതൊന്നും വലിയ ദൂരമല്ല. പക്ഷെ നാലു പതിറ്റാണ്ടു മുന്‍പ്‌ നേരത്തെ തന്നെ ഒരുങ്ങി താമസമൊരുക്കി പോകേണ്ട യാത്രകൾ.

ഇന്നത്തെ സകര്യങ്ങള്‍ അന്നില്ല എന്നു പറയുമ്പോള്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക സ്ഥിതിയും ആര്‍ക്കും തന്നെ ഇല്ലായിരുന്നു എന്നതും ഒരുകാര്യമായിരുന്നു. അതിനിടെ യുവജനങ്ങളുടെ കാര്യം പറയാനുമില്ലല്ലോ. അന്നാരംഭിച്ച യുവജന പ്രവര്‍ത്തനങ്ങള്‍ മുന്നേറിയപ്പോള്‍ യാത്രകളും മീറ്റിം്ങുകളും ഏറെ സാധാരണമായി. പക്ഷേ അതു സാദ്ധ്യമാക്കാന്‍ പുറത്തുകാണാനാവാത്ത എന്തുമാത്രം പ്രതിബദ്ധതയും പരിശ്രമവും സഹനവും ഉണ്ടായിരുന്നു എന്ന്‌ മനസിലാക്കുന്ന ചില അവസങങ്ങളുണ്ടായിരുന്നു. ഏതാണ്ടെല്ലാ  ഒന്നിച്ചുവരവും ഏറണാകുളത്ത്‌. വടക്കന്‍ കേരളത്തില്‍ നിന്ന്‌ അതിനെത്തണമെങ്കില്‍ ഒരാൾക്ക്‌ പണവും സമയവും കുറച്ചൊന്നുമല്ല വേണ്ടത്‌. വരേണ്ട യുവാക്കള്‍ മിക്കവാറും വളരെ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കാര്‍ഷിക ജോലി ചെയ്യുന്നവര്‍. കൂടുതൽ പേരും അധികം പഠിക്കാന്‍ പറ്റുന്ന പശ്ചാത്തലത്തിൽ നിന്നുള്ളവരും ആയിരുന്നില്ല എന്നോര്‍ക്കണം. ഈ ഒത്തുചേരലുകള്‍ മിക്കവാറും അന്നു ചെറുതായി തുടങ്ങിയ യുവജന ഏകോപന പ്രവര്‍ത്തനങ്ങള്ക്കുളള ചര്‍ച്ചാ സമ്മേളനങ്ങളും. അതിനാല്‍ തന്നെ ഇതിനായി വരുന്നവരെ വേണ്ട പിൻതുണ നൽകി അയയ്ക്കേണ്ടത്‌ തങ്ങളുടെ കടമയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവരുടെ കൂട്ടായ്മ മുഴുവന്‍ താല്ലര്യമെടുത്ത്‌ അവരെ പറഞ്ഞയക്കുമായിരുന്നു. ഈ യാത്രചെയ്യുന്നവരുടെ പറമ്പിലെ പണി കൂട്ടുകാരെല്ലാവരും സഹകരിച്ച്‌ ചെയ്തു തീര്‍ക്കും. യാത്രാക്കൂലി രാത്രികളിൽ ജോലി ചെയ്തുണ്ടാക്കും. ദൈവരാജ്യ പ്രവര്‍ത്തനത്തിന്റെ പുതിയൊരു മാനമായി അത്‌.

ജീവിതത്തിലെ എന്തിനും വലിയ ഒരു നന്മയുണ്ടല്ലോ. ഈ പരിമിതികളെല്ലാം അങ്ങനെതന്നെയായിരുന്നു, അല്ലെങ്കിൽ കുറേപേര്‍ അങ്ങനെ കാര്യങ്ങൾ മാറ്റിമറിച്ചു. ആ സാഹചര്യങ്ങളില്‍ പ്രോഗ്രാമുകളിലും പരിശീലനങ്ങളിലും ഒരു സൗകര്യവും ആരും പ്രതീക്ഷിച്ചില്ല.  എന്തെങ്കിലും ഭക്ഷണം മതി. അതു തികഞ്ഞില്ലെങ്കിലും, കുറെ താമസിച്ചാലും വലിയ പ്രശ്നമില്ല. മൈക്കോ മറ്റു സഹായ സംവിധാനങ്ങളോ മിക്കവാറും വേണ്ട. താമസത്തിനോ അനുബന്ധ ചര്യകള്‍ക്കോ പരിമിത ഒരുക്കങ്ങള്‍ മതി. ഏതെങ്കിലും പഴയ സ്കൂള്‍ കെട്ടിടത്തിലാകും മീറ്റിംങ്ങുകള്‍. താമസത്തിന്‌ ആ മുറികളും, ഉറങ്ങാനായി ഉണ്ടെങ്കില്‍ പഴയ ബെഞ്ചുകളും. ഗ്രാമങ്ങളിലാണു പരിപാടി സംഘടിപ്പിക്കുന്നതെങ്കില്‍ വെള്ളത്തിന്‌ അടുത്ത തോടും പ്രഭാതകൃത്യങ്ങള്‍ക്ക്‌ വെളിംപ്രദേശവും ഒക്കെ കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം. ഭക്ഷണം തയ്യാറാക്കാനും എല്ലാ സംവിധാനങ്ങള്‍ ഒരുക്കാനും ആരുടേയും സഹായം വേണ്ടിവരുകയുമില്ലല്ലോ.

കാലമെത്ര കടന്നുപോയി . .

കുട്ടികള്‍ പാടിനടന്ന ഒരു കളിപ്പാട്ട്‌ ഓര്ക്കുന്നു. *“ഹേ മുത്തപ്പാ, ഇതെങ്ങനെ വന്നപ്പാ, . . . പണ്ടു മുത്തപ്പന്റെ പോക്ക്‌ കാളാവണ്ടീല്‌, ഇപ്പോള്‍ മുത്തപ്പന്റെ പോക്ക്‌ മോറിസ്‌ കാറില്‌; പണ്ടു മുത്തപ്പന്റെ തീറ്റി കഞ്ഞീം ചമ്മന്തീം, ഇപ്പോള്‍ . . . കെയ്ക്കും ബിസ്ക്കറ്റും” അങ്ങനെ മുത്തപ്പന്റെ കുടി, വലി, ഡ്രസ്സ്‌ എന്നുവേണ്ട എല്ലാമെല്ലാം മാറിയിരിക്കുന്നു. ഇതു പാടിനടന്ന കാലത്ത്‌ ചിന്തിക്കാന്‍ പോലും സാദ്ധ്യമല്ലാതിരുന്ന എത്രയെത്ര കാര്യങ്ങളാണിന്ന്‌ സാധാരണക്കാരന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്‌. ഒരു മൊബൈല്‍ ഫോണ്‍ റീപ്ലേസ്‌ ചെയ്ത ഉപകരണങ്ങളുടെ ഒരു ലിസ്റ്റ്‌ ആരോ വാട്ട്സ്‌ ആപ്പില്‍ പങ്കവയ്ക്കുന്നതുകണ്ടു. കാല്ക്കുലേറ്ററും, മാപ്പും, ടോര്‍ച്ചും, മ്യൂസിക്പ്ലേയറും, ബൈബിളും, കലണ്ടറും, പ്രൊജക്ടറും തുടങ്ങി ആ ലിസ്റ്റ്‌ ചെറുതൊന്നുമല്ല. ഭാരതത്തിൽ ഇന്നുള്ള ജനസംഖ്യയുടെ ഏതാണ്ടത്രയും തന്നെ ഫോൺ കൺക്ഷന്‍ ഉണ്ട്‌ എന്നു പറയുമ്പോള്‍, ഒരു ഫോണിന്റെ ഇന്നത്തെ ഉപയോഗ സാദ്ധ്യതയും കൂട്ടിച്ചേര്‍ത്ത്‌ ചിന്തിച്ചാൾ ഈ ചെറിയകാലയളവിൽ ജീവിത ശൈലിയിൽ വന്ന അടിസ്ഥാന മാറ്റങ്ങളുടെ ചെറിയൊരു സൂചനയാകുമത്‌. മാറാത്തതൊന്നുണ്ടെങ്കിൽ അത്‌ മാറ്റം മാത്രമാണെന്ന്‌ ഗ്രീക്ക്‌ ചിന്തകന്‍ പറഞ്ഞതില്‍ ഇന്നു വന്ന പ്രധാന മാറ്റം, മുന്നോട്ടുപോകും തോറും ആ മാറ്റത്തിന്റെ ഗതിവേഗം ത്വരിതപ്പെടുന്നു എന്നതാകും.

കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ജീസസ്‌ യൂത്ത്‌ സമ്മേളനത്തില്‍ വാട്ട്സ്‌ ആപ്പിന്റെ വളരെ നല്ല ഉപയോഗം കണ്ടു. തുടക്കത്തില്‍ തന്നെ എല്ലാവരേയും ചേര്‍ത്ത്‌ “മെയ്‌ മീറ്റിംഗ്‌" എന്ന്‌ ഒരു ഗ്രൂപ്പുണ്ടാക്കി. പിന്നെ ഓരോരുത്തരുടെ കയ്യിലും ഗ്രൂപ്പു ചര്‍ച്ചയ്ക്കുള്ള ചോദ്യങ്ങളും ക്ലാസിനിടയ്ക്കുള്ള ചില നോട്ടുകളും, ചിത്രങ്ങളും എല്ലാമെല്ലാം എത്തിക്കുക എന്തെളുപ്പം. കത്തോലിക്കാ കരിസ്മാറ്റിക്‌ നവീകരനത്തിനു തുടക്കമായ “വേനീ ക്രെയാത്തോര്‍”' എന്ന പരിശുദ്ധാത്മാവിനോടുള്ള പഴയ ലത്തീൻ  ഗാനം ഒന്നു പഠിപ്പിക്കാം എന്നെനിക്കു തോന്നി. നിമിഷങ്ങള്ക്കുളളില്‍ എന്റെ ഫോണില്‍ പാട്ടും പരിഭാഷയും ഇന്റര്‍നെറ്റില്‍ കണ്ടെത്താനും അത്‌ അവിടെയുള്ളവരുടെ കയ്യിലെത്തിക്കാനും വേണ്ടിവന്നത്‌ ചെറുനിമിഷങ്ങള്‍ മാത്രം! തലേദിവസം ആ നേതൃസമ്മേളനം എങ്ങനെ വേണമെന്ന്‌ ചര്‍ച്ചചെയ്യാന്‍ ഇരുന്ന ഞങ്ങള്‍ക്കു കുറച്ചുപേര്‍ക്കൊപ്പം ആയിരക്കണക്കിനു കിലോമീറ്റര്‍ ദൂരെനിന്ന്‌ ചിലര്‍ സ്‌കൈപ്പ്‌, സൂം തുടങ്ങിയ സംവിധാനങ്ങള്‍ വഴി എല്ലാം കാണുവാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും സധിക്കുന്ന രീതിയില്‍ പങ്കുചേരുന്നു. ഇനി മറ്റൊരുകാര്യം സ്മാര്‍ട്ട്‌ ഫോണും വൈഫൈയും ഒക്കെ സാധാരണമായ പശ്ചാത്തലത്തില്‍ ഇതെല്ലാം കൂടുതലായി ഒരു സാമ്പത്തിക ചെലവും വരാതെയാണെന്നതുമാണ്‌. മാറ്റം മാറ്റം സര്‍വ്വത്ര, അവിടെയൊരു സന്തോഷത്തിന്റെ രജതരേഖയാകുന്നു ചുറ്റുപാടും നാം കാണുന്ന കുറേ നല്ല യുവാക്കള്‍.

മാറ്റം ഇരുതലവാള്‍ പോലെയാണ്‌, ഹിംസിക്കാനും രക്ഷിക്കാനും അതുപകരിക്കും. മാറ്റങ്ങളുടെ മുന്നില്‍ കാര്യക്ഷമമായ ജീവിതത്തിന്റെ രഹസ്യമെന്താണ്‌? ആശങ്കയും ആസക്തിയും ദൂരെമാറ്റി സന്തോഷ ജീവിതത്തിനും നല്ല ലക്ഷ്യപ്രാപ്തിക്കുമായി കരഗതമാകുന്ന നന്മകളെ അനായാസം ഉപയോഗിക്കുക എന്നതുതന്നെയല്ലേ? പക്ഷേ ആമേഖലയിൽ വലിയ ചതിക്കുഴികളില്ലേ? വനാക്രൈ ആക്രമണങ്ങള്‍ക്കും മൊബൈലും ഫേസ്ബുക്കും വരുത്തിയ വിനകള്ക്കും നേരെ കണ്ണൂടക്കാനാകുമോ? “അധാര്‍മിക മാമോനെകൊണ്ട്‌ നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിക്കവിന്‍' എന്നു പറഞ്ഞതുപോലെ പിടിച്ചുനിര്‍ത്താനാവാത്ത മാറ്റങ്ങളുടെ കറ്റില്‍ പായ ഉയര്‍ത്തിയാലേ പുതുഭൂഖണ്ഡങ്ങള്‍ കാണാനാകൂ. ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളെ, പ്രത്യേകിച്ച്‌ പുതു സങ്കേതങ്ങളുടെ കടന്നുവരവിനെ, വേണ്ടരീതിയില്‍ സ്വാഗതം ചെയ്യാനും അവ ഭാവത്മകമായി സമ്പന്ന ജീവിതത്തിന്റെ ഭാഗമാക്കാനും മൂന്നു പടികളാകാം. മുന്‍ വിധിയില്ലാതെ മാറ്റങ്ങളുടെ കണ്ണിൽ നോക്കുക; അവ എന്റെ ഉള്ളിലും ചിന്താഗതിയിലും വ്യക്തിബന്ധങ്ങളിലും വരുത്തുന്ന വ്യതിയാനങ്ങള്‍ തിരിച്ചറിയുക; ധൈര്യപൂര്‍വ്വം സാധിക്കുന്നരീതിയില്‍ അതിന്റെ കൊമ്പില്‍ കടന്നുപിടിച്ച്‌ മുകളിലേറി ലക്ഷ്യങ്ങളിലേയ്ക്കു കുതിക്കുക.

അങ്ങനെ കുറേ ചെറുപ്പക്കാര്‍ കുറച്ചെങ്കിലും മനസ്സു വയ്ക്കുന്നതുകൊണ്ടല്ലേ ജീസസ്‌ യൂത്ത്‌ പ്രസക്തിയോടെ തുടരുന്നതും അവിടെ ഏറെ പുതുമയാര്‍ന്ന സുവിശേഷവൽക്കരണ മുളകൾ പൊട്ടിപുറപ്പെടുന്നതും? ഇന്ന്‌ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്ന ഈ നന്മയുടെ ദൈവരാജ്യ നിര്‍മ്മിതി നന്നായി തുടരട്ടെ.

Comments

Popular posts from this blog

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)