പതിവുകൾ പൊളിക്കാം, കൂട്ടായ്മ വളർത്താം — അതാണ് ജെ-വൈ (MJYR133)

 പതിവുകൾ പൊളിക്കാം, കൂട്ടായ്മ വളർത്താം — അതാണ് ജെ-വൈ

നമുക്കു വേണ്ടത് വെറും പതിവു മീറ്റിംഗുകളല്ല; ഒരിക്കൽ മാത്രം എന്നോണമുള്ള ഒത്തുചേരലുകളാണ്.

(By Dr. Edward Edezhath, for Malayalam Kairos in 2026)

ജീസസ് യൂത്ത് കൂട്ടായ്മകൾക്ക് ആളുകളെ ആഴത്തിൽ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. ഒരു ചർച്ചായോഗമോ പ്രാർത്ഥനാക്കൂട്ടായ്മയോ, എന്തിന്, ഒരു ഓൺലൈൻ മീറ്റിംഗ് പോലും പുതിയ വഴികൾ തുറന്നേക്കാം. അതുകൊണ്ട് അവയുടെ രേഖകൾ സൂക്ഷിക്കുന്നതും കുറിപ്പുകൾ എടുക്കുന്നതും നല്ലതാണ്. ഇസ്രായേൽ ജനം അങ്ങനെ ചെയ്തിരുന്നു; കർത്താവ് വൻകാര്യങ്ങൾ ചെയ്ത സന്ദർഭങ്ങൾ ഓർത്തെടുക്കാൻ അപ്പസ്തോലന്മാരും ആഗ്രഹിച്ചു. അതുകൊണ്ടാണ് ഒത്തുചേരലുകളെ ഇത്ര ലാഘവത്തോടെ കാണുമ്പോൾ എനിക്കു വിഷമം തോന്നുന്നത്. സംഘാടകർക്ക് ദർശനവും ധാരണയും ഒരുക്കവും ഇല്ലാത്തതുകൊണ്ട് മനോഹരമായ അവസരങ്ങൾ പാഴാകുന്നതു കാണുമ്പോൾ എങ്ങനെ വേദനിക്കാതിരിക്കും?

ഈയിടെ രണ്ടു സോണുകളിലെ ജെ.വൈ. അംഗങ്ങൾ ഒന്നിച്ചുകൂടി. ഒട്ടേറെ സജീവ  അംഗങ്ങളും കുറേ യുവാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ഞാനവിടെ ചെന്നത്. പക്ഷേ മീറ്റിംഗ് മുന്നോട്ടു പോകുംതോറും നേതൃത്വം നൽകിയവരുടെ ശ്രദ്ധക്കുറവ് വ്യക്തമായി. സ്വാഗതമോ പരിചയപ്പെടുത്തലോ ഒന്നുമില്ലാതെ പെട്ടെന്നങ്ങു തുടങ്ങി. ഒരു പങ്കുവയ്ക്കലിന് 15 മിനിറ്റ് കൊടുത്തെങ്കിലും ആ  പ്രസംഗകൻ 45 മിനിറ്റ് സംസാരിച്ചു. പിന്നെ രണ്ടുമൂന്നു പേർ വരാനിരിക്കുന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചു വിവരിച്ചു. അതു കഴിഞ്ഞ് കുറച്ചു പാട്ടുകൾ, പതിവുപോലൊരു പ്രാർത്ഥന, പിന്നെ ഫോട്ടോ എടുപ്പ് — മീറ്റിംഗ് തീർന്നു. ഏതാണ്ട് രണ്ടര മണിക്കൂറിന്റെ വലിയൊരു അവസരം അപ്പാടെ നഷ്ടമായി. പിന്നെ കൂട്ടായ്മയും ഭക്ഷണവും. പലർക്കും അതിൽ സന്തോഷമായി; അതിനു മുമ്പു സഹിച്ച മുഷിപ്പും പീഡനവും ആരും ഓർത്തതുമില്ല.

വന്നവരെ അഭിവാദ്യം ചെയ്യാനോ സ്വാഗതം ചെയ്യാനോ, “ഞാനും ഇതിന്റെ ഭാഗമാണ്” എന്ന് അവർക്കു തോന്നിപ്പിക്കാനോ ആരും ശ്രമിച്ചില്ല. ഞാനായിരുന്നെങ്കിൽ എല്ലാവരോടും ചുറ്റും നോക്കാനും അടുത്തിരിക്കുന്ന ഏതാനും പേരോടു സംസാരിക്കാനും എന്തെങ്കിലും പങ്കുവയ്ക്കാനും പറയുമായിരുന്നു. പകരം, കുറച്ചുപേരുടെ ഏകപക്ഷീയ സംസാരം സമയത്തിന്റെ ഏറിയ പങ്കും കൊണ്ടുപോയി; ചിലർ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു. പ്രാർത്ഥനാസമയം മറ്റൊരു പീഡനമായിരുന്നു. ഉപകരണങ്ങളും പാട്ടുകാരും ആവശ്യത്തിന് ഉണ്ടായിരുന്നു; തങ്ങൾ നന്നായി ചെയ്തെന്ന് അവർ കരുതുകയും ചെയ്തു. പക്ഷേ അതൊരു പ്രകടനം മാത്രമായിരുന്നു. മൂന്നോ നാലോ പേർ വീണ്ടും വീണ്ടും പ്രാർത്ഥിച്ചു; ബാക്കിയുള്ളവർ കണ്ണടച്ച് ക്ഷമയോടെ ഇരുന്നു. അത്തരം “ധ്യാനശൈലി-പ്രാർത്ഥന” ആളുകളെ മനസ്സു തുറക്കാൻ സഹായിക്കില്ല; ഒരു കൂട്ടായ്മാബോധത്തിലേക്കു നയിക്കുകയുമില്ല. പങ്കുവയ്ക്കലും ചർച്ചയും പ്രാർത്ഥനയും ഇടകലർത്തി എല്ലാവരെയും പങ്കാളികളാക്കാൻ അറിഞ്ഞിരുന്നെങ്കിൽ! അതേ കൂട്ടായ്മ വളർത്തൂ.

കുറേ ചെറുപ്പക്കാരും അവിടെ ഉണ്ടായിരുന്നു; അവരിൽ ചിലർ ആദ്യമായി വന്നവരും. സങ്കടകരമെന്നു പറയട്ടെ, ആരും അവരെ സ്വാഗതം ചെയ്യുകയോ പരിചയപ്പെടുത്തുകയോ ചെയ്തില്ല. എല്ലാവർക്കും തങ്ങൾ ഇതിന്റെ ഭാഗമാണെന്നു തോന്നിപ്പിക്കാനും, ജീസസ് യൂത്ത് എന്തെല്ലാമാകാം എന്ന് അവർക്കു കണ്ടെത്താൻ സഹായിക്കാനും, പുതിയ ഉണർവും തീക്ഷ്ണതയും ദർശനവുമായി ആഴമായ പ്രചോദനത്തോടെ അവരെ പറഞ്ഞയയ്ക്കാനും പറ്റിയ മനോഹരമായ ഒരവസരമായിരുന്നു അത്. പകരം, അത് ഫലമില്ലാത്ത മറ്റൊരു പതിവു മീറ്റിംഗായി ഒതുങ്ങി.

എന്തുകൊണ്ടാണ് ഒരു മീറ്റിംഗ് മുഷിപ്പൻ പതിവായി മാറുന്നത്?

നേതാവിന്റെ ആവേശം അത് വ്യത്യാസ്ഥമാക്കും: ഒരാളുടെയെങ്കിലും ഉത്സാഹവും ആവേശവുമാണ് ഒരു കൂട്ടായ്മയുടെ ഉപ്പും പുളിമാവും. പ്രേഷിത തീക്ഷ്ണതയോടെ കൂടുതൽ പേർ വരുമ്പോൾ മീറ്റിംഗ് തീ പടരുന്ന ഒരനുഭവമായി മാറും. ഞങ്ങളുടെ ബുധനാഴ്ച കൂട്ടായ്മ മുടങ്ങരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ എല്ലാ തിങ്കളാഴ്ചയും ഞങ്ങളിൽ ഏതാനും പേർ ഒരു മണിക്കൂർ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുകയും ചർച്ച ചെയ്യുകയും പ്ലാനിടുകയും ചെയ്തിരുന്നു. ബുധനാഴ്ചകളിൽ മറ്റുള്ളവർ എത്തുന്നതിനു മുമ്പേ ചിലർ നേരത്തേ വന്ന് പ്രാർത്ഥനയിൽ ഒരുങ്ങുമായിരുന്നു. സംശയം വേണ്ട, ഓരോ മീറ്റിംഗും ഒരു പ്രത്യേക അനുഭവമായി. പുതിയ ആളുകൾ വന്നു, അവരെ സ്വാഗതം ചെയ്തു; പുതിയ പാട്ടുകൾ പരിചയപ്പെടുത്തി; ആത്മാവ് നയിച്ചതനുസരിച്ച് മീറ്റിംഗ് അപ്രതീക്ഷിതമായ വഴികളിലേക്കു തിരിഞ്ഞു. മീറ്റിംഗ് കഴിഞ്ഞുള്ള കുശലം പറച്ചിലുകൾ പലപ്പോഴും പ്രേഷിത സംരംഭങ്ങളായി വളർന്നു.

സംഘടനാപരമായ കടമയല്ല, പ്രേഷിത സംരംഭമാകണം: ഒരു പ്രദേശത്തെ പ്രതിബദ്ധതയുള്ളവരെല്ലാം മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടുന്ന ഒരു പരിപാടി മാത്രമായി ഹൗസ്ഹോൾഡ് മീറ്റിംഗിനെ കാണാം. ഈ സംഘടനാപരമായ, കടമ തീർക്കാനുള്ള സമീപനം ഏറെ ദോഷം ചെയ്യും; അതു മീറ്റിംഗിനെ മരവിച്ച ഒരു ചടങ്ങാക്കി മാറ്റും. സൗത്ത് ഫ്ലോറിഡയിൽ അവർ ഹൗസ്ഹോൾഡ് മീറ്റിംഗിനെ ഒരു പ്രേഷിത കാഴ്ചപ്പാടോടെ പുതുതായി രൂപപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ ഏറ്റെടുത്ത പ്രേഷിത സംരംഭങ്ങൾ പലരും പങ്കുവച്ചുകൊണ്ടാണ് കൂട്ടായ്മ തുടങ്ങുന്നത്. പിന്നെ പടിപടിയായി മുന്നോട്ടു നീങ്ങി, സന്തോഷം നിറഞ്ഞ ഒരു പ്രാർത്ഥനാ സമയത്തോടെ അവസാനിക്കുന്നു. എല്ലാറ്റിലും പ്രധാനം, ഹൗസ്ഹോൾഡ് മീറ്റിംഗ് ഇന്ന് അവർക്ക് ഒരു സംഘടനാ കടമയല്ല എന്നതാണ്. മറിച്ച്,  സ്നേഹ ബന്ധം വളർത്താനും ഫലം പുറപ്പെടുവിക്കാൻ പരസ്പരം വെല്ലുവിളിക്കാനും നല്ലൊരു അവസരം.  

ഒരു ക്രമം പിന്തുടരലല്ല, ആത്മാവിനാൽ നയിക്കപ്പെടൽ: “ഒരു ജീസസ് യൂത്ത് ഗ്രൂപ്പ് മീറ്റിംഗിന്റെ സ്റ്റെപ്പുകൾ എന്തൊക്കെയാണ്?” ഈ ചോദ്യം ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. നിർഭാഗ്യവശാൽ, പല ഗ്രൂപ്പ് ലീഡർമാരും ഈ സ്റ്റെപ്പുകൾ പഠിച്ച് യാന്ത്രികമായി പിന്തുടരുന്നു; അതു കൂട്ടായ്മയുടെ ചൈതന്യം കെടുത്തിക്കളയുന്നു. പകരം, ഒരു ജീസസ് യൂത്ത് മീറ്റിംഗ് ആത്മാവിനാൽ നയിക്കപ്പെടുന്നതാണെന്ന് പ്രകടമായി കാണാൻ കഴിയണം. അതിന്, കൂട്ടായ്മയെ നയിക്കുന്നവർ ആത്മാവിന്റെ നയിക്കലിനു തുറവിയുള്ളവരായിരിക്കണം; ഗ്രൂപ്പിലെ മറ്റുള്ളവരിലൂടെ വരുന്ന പ്രചോദനങ്ങൾ ശ്രദ്ധിക്കുന്നവരുമായിരിക്കണം. ഒരു കൂട്ടായ്മയോടുള്ള സിനഡൽ സമീപനം എന്നും ഇതിനെ വിളിക്കാം. ഒരു ജീസസ് യൂത്ത് കൂട്ടായ്മയിൽ വലിയ വ്യത്യാസം വരുത്തുന്നത് ഇതാണ്.

ഒന്നിച്ചുകൂടിയാൽ കൂട്ടായ്മയാകില്ല; അതിനുള്ള ഒരു മാർഗ്ഗമാകാം 

ഈയ്യിടെ 90 വയസ്സുള്ള മേനാംപറമ്പിൽ പിതാവ് എന്റെ വീട്ടിൽ വന്നു. ഈ പ്രായത്തിലും യാത്ര ചെയ്യാനും ആളുകളെ സന്ദർശിക്കാനും സംസാരിക്കാനും അദ്ദേഹത്തിനുള്ള ഉത്സാഹം കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ബന്ധങ്ങളിലൂടെ മാത്രമേ പ്രേഷിതപ്രവർത്തനം സാധ്യമാകൂ. അതുകൊണ്ട് ഒരു പ്രേഷിതൻ ആളുകളുമായി ബന്ധപ്പെടാനും കണ്ടുമുട്ടാനും ഉള്ള  ഒരവസരവും പാഴാക്കില്ല. നല്ലൊരു പ്രേഷിതഹൃദയം വലുതോ ചെറുതോ ആയ എല്ലാത്തരം കൂടിക്കാഴ്ചകൾക്കുമായി ആകാംക്ഷയോടെ കാത്തിരിക്കും. ഹൃദയങ്ങൾ, പ്രത്യേകിച്ച് പരിശുദ്ധാത്മാവിനു തുറവിയുള്ള ഹൃദയങ്ങൾ, തമ്മിൽ കണ്ടുമുട്ടുമ്പോൾ, അവിടെ സ്നേഹത്തിന്റെ അണ പൊട്ടും, സുവിശേഷത്തിനു വഴിത്തിരിവാകുന്ന നിമിഷങ്ങളും ഉണ്ടാകാം.  

ഒരു കൂട്ടായ്മയെ യഥാർത്ഥത്തിൽ ആത്മാവു നിറഞ്ഞ അനുഭവമാക്കാൻ ജീസസ് യൂത്ത് ഉപയോഗിക്കുന്ന ഏഴു ലളിതമായ മാർഗങ്ങളുടെ ഒരു ലിസ്റ്റ് ഈയിടെ പലയിടത്തും ഞാൻ പങ്കുവച്ചു: സ്വതന്ത്ര സ്തുതി, ആത്മാവിൽ ഗാനാലാപം, പ്രചോദനങ്ങൾക്ക് ചെവിയോർത്ത് പങ്കുവയ്ക്കൽ, അങ്ങനെ ചിലത്. എങ്കിലും  സന്തോഷനിറവിൽ സ്വാതന്ത്ര്യവും സൗഹൃദവുമുള്ള ഒരു ചുറ്റുപാടിലേ ദൈവാത്മാവിന്റെ പ്രവർത്തനം എളുപ്പമാകൂ. അതുകൊണ്ടാണ് പൊതുവേ ജീസസ് യൂത്ത് ഒന്നിച്ചുവരുമ്പോൾ നാം പറയാറുള്ളത്, “ഒന്ന് ചുറ്റും കണ്ണോടിച്ച് എല്ലാവരെയും കാണൂ, ക്രിസ്തുവിന്റെ മനോഹര ഗാത്രത്തിന്റെ ഭാഗമാണ് നിങ്ങളെന്ന് അനുഭവിക്കൂ.” ഹൃദയം തുറന്ന്, ആളുകൾ പ്രസരിപ്പോടെ കൂട്ടായ്മയിലേക്ക് കടന്നുവന്നാൽ ബാക്കിയെല്ലാം ഏറെ എളുപ്പമാണ്. 

കൂട്ടായ്മ പണിയാൻ സാധ്യമായതെല്ലാം ചെയ്യുക

വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ ഗ്രൂപ്പിന് ഒരു പ്രവചനസന്ദേശം വീണ്ടും വീണ്ടും ലഭിച്ചു; അതു വലിയ മാറ്റവും വരുത്തി: “സ്നേഹം പടുത്തുയർത്താൻ സാധ്യമായതെല്ലാം ചെയ്യുക!” ഒരു സ്നേഹക്കൂട്ടായ്മയാകാൻ ഏതൊക്കെ മേഖലകളിൽ ചുവടുകൾ വയ്ക്കണമെന്ന് ഞങ്ങളുടെ കോർ ഗ്രൂപ്പ് അന്വേഷിക്കാൻ തുടങ്ങി. ഞങ്ങളുടെ മീറ്റിംഗുകളിൽ ധാരാളം ചിരിയും കുശലം പറച്ചിലും ഉണ്ടായി. ചിലർ പങ്കുവയ്ക്കാൻ ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചു, ജന്മദിനാശംസകൾ നേരാൻ തുടങ്ങി, ഓരോരുത്തരുടെയും  കുടുംബങ്ങളെക്കുറിച്ചറിഞ്ഞു. ഇതെല്ലാം “ഞാനും ഇതിന്റെ ഭാഗമാണ്” എന്ന തോന്നൽ എല്ലാവരിലും വളർത്തി. മാസത്തിലൊരിക്കൽ പതിവു മീറ്റിംഗ് മാറ്റിവച്ച്, ആ സമയം ഏവരുടെയും നിയോഗങ്ങൾക്കും അവരോടൊപ്പവും പ്രാർത്ഥിക്കാൻ ഉപയോഗിച്ചു. ഓരോരുത്തരുടെയും കൂടെ ചരിക്കുന്ന വ്യക്തിപരമായ അനുയാത്രയും ചെറുഗ്രൂപ്പുകളും ശക്തമായി. ഗ്രൂപ്പ് അടുപ്പമുള്ളതും സന്തോഷമുള്ളതുമായി; അതു ധാരാളം പേരെ ആകർഷിച്ചു. എല്ലാറ്റിനുമുപരി, ഒരു സമൂഹമായി പ്രാർത്ഥിക്കാനുള്ള ലളിതമായ വഴികൾ ഞങ്ങൾ പഠിച്ചു: ചിലപ്പോൾ പങ്കുവച്ചുകൊണ്ട്, പലപ്പോഴും ഓരോരുത്തർക്കും ഹൃദയത്തിലുള്ളതു പറയാൻ അവസരം നൽകിക്കൊണ്ട്, എന്നാൽ എപ്പോഴും പരസ്പരം ഹൃദയം തുറന്നുവച്ചുകൊണ്ട്.

ഈശോ ഇക്കാര്യത്തിൽ വ്യക്തത നൽകുന്നുണ്ട്: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ട്.” വലുതോ ചെറുതോ ആകട്ടെ, ക്രിസ്തുശിഷ്യരുടെ ഒരു യഥാർത്ഥ ഒത്തുചേരൽ കർത്താവിനെ അനുഭവിക്കാനുള്ള ശക്തമായ ഒരവസരമാണ്; സ്നേഹത്തിൽ വളരാനും ഇറങ്ങി പുറപ്പെടാനും  അവിടുന്നു നമ്മെ പ്രേരിപ്പിക്കുന്ന നിമിഷം. നല്ലൊരു ജീസസ് യൂത്ത് ഗ്രൂപ്പ് ഉന്മേഷവും പ്രചോദനവും പകരുന്ന ഒരു കൂട്ടായ്മയാണ്. അതു സ്വാഭാവികമായിത്തന്നെ സന്തോഷം നിറഞ്ഞ, കാന്തംപോലെ ആളുകളെ ആകർഷിക്കുന്ന ഒരു സമൂഹമായി വളരുന്നു; പ്രത്യേകിച്ചു ശ്രമിക്കാതെതന്നെ അതു മിഷന്റിയാകുന്നു. ഇങ്ങനെയാണ് ജീസസ് യൂത്ത് സഭയെയും സമൂഹത്തെയും രൂപാന്തരപ്പെടുത്തുന്ന ഒരു പ്രേഷിത മുന്നേറ്റമായി മാറുന്നത്.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

ജീസസ്‌ യൂത്ത്‌ കണ്‍സല്‍ട്ടേഷനുകൾ (MJYR036)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)