ഫ്രാൻസിസ്കൻ മിനിമലിസം: ഇത്തിരികൊണ്ട് ജീവിച്ച് ഒത്തിരി സന്തോഷം പകരുക (MJYR131)

 ഫ്രാൻസിസ്കൻ മിനിമലിസം: ഇത്തിരികൊണ്ട് ജീവിച്ച് ഒത്തിരി സന്തോഷം പകരുക 

(By Dr. Edward Edezhath, for Malayalam Kairos in 2026)

അസ്സീസി ഫ്രാൻസിസിനെ ഏറെ സ്നേഹിച്ചവളാണ് ക്ലാര. പ്രണയമെന്ന രീതിയിലല്ല, മറിച്ച് ആ വാക്കിന്റെ ആഴമേറിയ അർത്ഥത്തിൽ. പ്രകാശം ചൊരിയുന്ന എന്തോ ചിലതെല്ലാം അവൾ ആ വിശുദ്ധനിൽ ദർശിച്ചു. അവയെ പിന്തുടരാൻ അവൾ തന്റെ ജീവിതം സമർപ്പിച്ചു. അതവൾ ലളിതമായി പറഞ്ഞുവച്ചത് ഇങ്ങനെയാണ്: "നാം സ്നേഹിക്കുന്നതെന്തോ നമ്മൾ അതായി തീരും; നാം ആരെ സ്നേഹിക്കുന്നുവോ അവരാണ് നമ്മെ രൂപപ്പെടുത്തുന്നത്.” 


ക്ലാരയ്ക്ക് ബെർണാദോൺ കുടുംബത്തെ നന്നായി അറിയാമായിരുന്നു. അവളും  ആ  ചെറിയ അസ്സിസി പട്ടണത്തിൽ തന്നെയാണ് വളർന്നത്. സുഖലോലുപതയിൽ വളർന്ന്  ധനികനും ആദരണീയനും ഒക്കെ ആകേണ്ടവനായ ഫ്രാൻസിസ് അതെല്ലാം കൈവെടിഞ്ഞ് പിതാവിന്റെ പേരും, എല്ലാ ലൗകിക സുരക്ഷിതത്വവും ഉപേക്ഷിച്ച് ക്രിസ്തുവിന്റെ ദാരിദ്ര്യം സ്വീകരിച്ചപ്പോൾ അവൾ അമ്പരന്നു. പക്ഷേ പിന്നീട് അവളും ആ വഴി പിന്തുടർന്നു.

ഫ്രാൻസിസ് ക്രിസ്തുവിനെ ആഴത്തിൽ സ്നേഹിച്ചു, എല്ലാ വിധത്തിലും അവനെപ്പോലെ ആകാൻ ആഗ്രഹിച്ചു. യേശുവിന്റെ ജീവിതരീതിയുടെ കാതലായി താൻ കണ്ട ലാളിത്യം സ്വീകരിക്കുന്നതിലും ചെറിയ കാര്യങ്ങൾ കൊണ്ട് സംതൃപ്തനാകുന്നതിലും ആഴമായ സന്തോഷം ഫ്രാൻസിസ് കണ്ടെത്തി. ഇന്ന് നാം അതിനെ “മിനിമലിസം” എന്നാണ് വിളിക്കുന്നത്. അവന് അതിനോട് വിവരണാതീതമായ ഒരു ആകർഷണം ഉണ്ടായിരുന്നു. ഫ്രാൻസിസിന്റെ ഈ മാതൃക അനേകരെ ഏറെ ആകർഷിച്ചു, ക്ലാരയെയും അവളുടെ സഹോദരിയെയും മറ്റ് ധാരാളം പേരെയും. അനേകർ എല്ലാം കൈവെടിഞ്ഞ് ആ ലാളിത്യത്തിന്റെ പാത പിന്തുടർന്നു. അത് ലോകത്തെ തന്നെയും മാറ്റി. ഇന്ന് 800-ലധികം വർഷങ്ങൾക്ക് പിന്നിടുമ്പോൾ  ഒരു പ്രധാന ചോദ്യം ഇതാണ്: ഫ്രാൻസിസ് ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?

ഏറെ അസ്വസ്ഥതയുടെ ഒരു കാലം 

ഈയിടെ ഫ്രാൻസിസിനെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് വീണ്ടും ഒരവസരം  കിട്ടി. ഈയ്യിടെ ഞാൻ വീണ്ടും പഠനത്തിലാണ്, ദൈവശാസ്ത്രത്തിൽ ഒരു എംഎ പ്രോഗ്രാം. അതിന്റെ ഭാഗമായി മധ്യയുഗത്തിലെ സഭയെക്കുറിച്ചുള്ള പഠനവും ഉണ്ടായി. കഴിഞ്ഞ സെമിസ്റ്ററിൽ ഞാൻ കൂടുതൽ പഠിച്ചത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിലെ മെന്റിക്കന്റ് അല്ലെങ്കിൽ  ഭിക്ഷാടക സമൂഹങ്ങളെ കുറിച്ചായിരുന്നു. 

ആ കാലഘട്ടം ഏറെ കലുഷിതമായിരുന്നു. സഭയും നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയി. ആദ്ധ്യാത്മിക നേതാക്കളുടെ ആഡംബര ഭ്രമവും സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പരക്കംപാച്ചിലും ഏറെ വിമർശിക്കപ്പെട്ടു. ശക്തമായി വളർന്നുവന്ന അൽബിജെൻസിയൻ പാഷണ്ഡതയും മറ്റും കൂടുതൽ ആദ്ധ്യാത്മികം എന്ന് പൊതുജനം കരുതി. വേറൊരു വശത്ത് ഇസ്‌ലാമിന്റെ അതിവേഗ വ്യാപനം ദീർഘകാല സംഘർഷത്തിന് വഴിതുറന്നു, അത് കുരിശുയുദ്ധങ്ങളിൽ കലാശിച്ചു. ചുരുക്കത്തിൽ, ആ കാലഘട്ടം ഏറെ ആശയക്കുഴപ്പങ്ങളുടെ സമയമായിരുന്നു.

യഥാർത്ഥ നവീകരണം ആഗ്രഹിച്ച പാപ്പാമാർ അന്നുണ്ടായിരുന്നു. ഈ ലക്ഷ്യത്തോടെ ഇന്നസെന്റ് മൂന്നാമൻ പാപ്പ നാലാം ലാറ്ററൻ കൗൺസിൽ വിളിച്ചുകൂട്ടി. അതോടൊപ്പം കുരിശു യുദ്ധത്തിനായി സൈന്യങ്ങളെയും അയച്ചു.  അബദ്ധ പഠനങ്ങൾക്കെതിരെ ധ്യാന പരമ്പരകൾ സംഘടിപ്പിച്ചു. എന്നാൽ ഈ കൗൺസിലുകൾക്കും സംഘടിത ശ്രമങ്ങൾക്കും ചെയ്യാൻ കഴിയാഞ്ഞത് താഴെത്തട്ടിലുള്ള ഏറെ എളിയ രണ്ട് ചെറു മുന്നേറ്റങ്ങൾ നേടിയെടുത്തു.

ഒരു മുന്നേറ്റം വിശുദ്ധ ഡൊമിനിക്കിൽ നിന്നാണ് വന്നത്, അദ്ദേഹത്തിന്റെ പ്രഭാഷക സന്യാസസംഘം ഡൊമിനിക്കൻസ് എന്ന് അറിയപ്പെടുന്നു. മറ്റൊന്ന്, ജീസസ് യൂത്തിൽ നാം പ്രത്യേക മധ്യസ്ഥനായി ആദരിക്കുന്ന വി. ഫ്രാൻസിസിൽ നിന്നായിരുന്നു.   ആ “പൊവെറെല്ലോയും”  (ചെറിയ ദരിദ്രൻ) അവന്റെ ചുറ്റും ഒത്തുകൂടിയ ആനന്ദ നിർഭരരായ ചെറുസഹോദരരും ആരും പ്രതീക്ഷിക്കാതിരുന്ന ഒരു ആദ്ധ്യാത്മിക വിപ്ലവം സാധ്യമാക്കി. അവർ ചരിത്രം തിരുത്തിക്കുറിച്ചു. 

വിശ്വസ്തതയുടെ രണ്ട് വഴികൾ

ഡൊമിനിക്കും ഫ്രാൻസിസും, ഒപ്പം അവരുടെ രണ്ടു വഴികളും  അതിശയകരമാംവിധം ഫലപ്രദമായിരുന്നു, ഇരുവരും യൂറോപ്പിനെയും സഭയെയും വഴി തിരിച്ചു വിട്ടു. എന്നാൽ അവർ ചെയ്തിരുന്നത് ഒരേ കാര്യമായിരുന്നില്ല. ഡൊമിനിക് സഭയുടെ ഘടനകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു വിശുദ്ധ വൈദികനായിരുന്നു. അദ്ദേഹത്തിന്റെ ഭിക്ഷുക്കൾ ലളിതമായി ജീവിക്കുകയും അനായാസേന യാത്ര ചെയ്യുകയും ചെയ്തു. ഒപ്പം ഒരു പുതു ശൈലിയിൽ അവർ സഭയുടെ ഔദ്യോഗിക പഠന വക്താക്കളായി. 

ഇതിൽ നിന്നും ഏറെ വ്യത്യസ്തമായി ഫ്രാൻസിസ് ഒരു വൈദികനായിരുന്നില്ല, ഔദ്യോഗികമായ ഏതെങ്കിലും അർത്ഥത്തിൽ സഭയുടെ സ്ഥാപനഘടനയുടെ ഭാഗവുമായിരുന്നില്ല. അവനെ നയിച്ചത് അധികാരമോ ഔദ്യോഗികതയോ അല്ല  മറിച്ച് ഉള്ളിൽ നിന്ന് രൂപമെടുത്ത സുവിശേഷ ചൈതന്യവും ക്രിസ്തുവുമായുള്ള കണ്ടുമുട്ടലുമായിരുന്നു. അവൻ ദാരിദ്ര്യത്തിലേക്ക് യുക്തിസഹചമായി എത്തിയതല്ല. ക്രിസ്തു തന്നോട് അത് ആവശ്യപ്പെടുന്നതായി അവൻ കേട്ടു; തന്റെ ജീവിതം മുഴുവനും കൊണ്ട് അവൻ  അതിന് പ്രത്യുത്തരം നൽകി.

1209-ൽ ഫ്രാൻസിസും കൂട്ടാളി ബെർണാഡും അസ്സീസിയിലെ വിശുദ്ധ നിക്കോളാസിന്റെ പള്ളിയിൽ പോയി പ്രാർത്ഥിച്ചു, ദൈവേഷ്ടം വെളിവാക്കണമെന്ന് യാചിച്ചു. ഫ്രാൻസിസ് ബൈബിൾ തുറന്നപ്പോൾ ആദ്യം കണ്ട ഭാഗം മത്തായി 19:21 ആയിരുന്നു: "നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക, അപ്പോൾ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും." ഇത് തനിക്കുള്ള വ്യക്തിപരമായ വിളിയാണെന്ന് അവൻ ഉടനെ തിരിച്ചറിഞ്ഞു, അതിനെ അക്ഷരാർത്ഥത്തിൽ പിന്തുടരാൻ തീരുമാനിച്ചു.

അവന്റെ വിപ്ലവകരമായ സാക്ഷ്യം കാട്ടുതീ പോലെ പടർന്നു, എണ്ണമറ്റ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തി. അത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ഇടവകകളിലും രൂപതകളിലും, സർവകലാശാലകളിൽ പോലും നവീകരണത്തിന് തിരികൊളുത്തി. കൗൺസിലുകളും പരിഷ്കാരങ്ങളും പ്രഭാഷണങ്ങളും എല്ലാം അക്കാലത്തെ വെല്ലുവിളികളെ വ്യത്യസ്ത വിധങ്ങളിൽ അഭിസംബോധന ചെയ്യാൻ സഹായിച്ചു. എന്നാൽ ഫ്രാൻസിസിന്റെയും അവന്റെ ചെറു  സഹോദരങ്ങളുടെയും ജീവിതത്തേക്കാൾ ബോധ്യം പകരാൻ പോരുന്ന ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അവരുടെ സന്തോഷ നിറവുള്ള സാക്ഷ്യത്തിലൂടെ ഫ്രാൻസിസിസും കൂട്ടരും കർത്താവിനോടുള്ള ആഴമായ സ്നേഹവും ക്രിസ്തുവിന്റെ ലാളിത്യവും ദാരിദ്ര്യവും ശാരീരികമായി തന്നെ ദൃശ്യമാക്കി.

എന്നാൽ ഫ്രാൻസിസിന്റെ പാത സംഘർഷമില്ലാതെ മുന്നേറി എന്ന് വിചാരിക്കരുത്. ഈ അതിരു കടന്ന ലാളിത്യം ശരിക്കും വിജയിക്കുമോ? സംശയങ്ങൾ പുറത്തുനിന്ന് മാത്രമല്ല, അവന്റെ ഏറ്റവും അടുത്ത ചില കൂട്ടാളികളിൽ നിന്നു പോലും ഉയർന്നു. പിന്നീട് ഗ്രിഗറി IX പാപ്പ  ആയിത്തീർന്ന, ഫ്രാൻസിസിന്റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഒരാളായ, കർദ്ദിനാൾ ഉഗോളിനോ പോലും പ്രസ്ഥാനത്തിന് കൂടുതൽ ക്രമവും ഭൗതിക സ്ഥിരതയും കൊണ്ടുവരാൻ ഏറെ ആഗ്രഹിച്ചു. സഭയുടെ സംഘടിത ഘടനയുമായി ഒത്തുപോകുന്ന രീതികൾ അവലംബിക്കണമെന്ന് പലരും വാദിച്ചു.

എന്നാൽ ഫ്രാൻസിസിന്റെ മനസ്സ് മാറ്റാൻ ഇതിനൊന്നും കഴിഞ്ഞില്ല. ലളിതമായി ജീവിക്കാനും, അനാവശ്യ ബാഹ്യഘടനകൾ ഒഴിവാക്കാനും, അങ്ങനെ  ദൈവം തന്നെ ഏൽപ്പിച്ച കാരിസത്തോട് പൂർണ്ണമായി വിശ്വസ്തനായിരിക്കാനും അവൻ തീരുമാനിച്ചുറച്ചു മുന്നേറി.

ലാളിത്യത്തിൽ വേരൂന്നി ലഘുത്വത്തിൽ ആനന്ദിക്കുക 

ഫ്രാൻസിസിന്റെ മുഖമുദ്രയായ തീവ്ര ദാരിദ്രത്തോടുള്ള പ്രതിപത്തി, മിനിമലിസം, സംഘടിതമാകാനുള്ള വിമുഖത ഇതിന്റെയെല്ലാം പ്രേരക ശ്രോതസ്സ് എന്തായിരുന്നു? ലോകത്തോടും സമൂഹത്തോടുമുള്ള വെറുപ്പിൽനിന്നാണോ ഇതെല്ലാം വന്നത്? 

ഫ്രാൻസിസ് ലോകത്തെ വെറുത്തില്ല, മറിച്ചു ദൈവം സൃഷ്ടിച്ചതെല്ലാം ഇഷ്ടപ്പെട്ടു അവയുടെ സൗന്ദര്യത്തിൽ ആനന്ദിച്ചു, അവയോടൊപ്പം ദൈവത്തെ സ്തുതിച്ചു പാടി. ക്രിസ്തീയ ചരിത്രത്തിലെ ഏറ്റം സന്തോഷവാനായ വ്യക്തികളിൽ ഒരുവനായിരുന്നു ഫ്രാൻസിസ്. ഒരർത്ഥത്തിൽ ലോകം വിട്ടുപേക്ഷിച്ച സന്യാസിയായിരുന്നില്ല ഈ വിശുദ്ധൻ. സമൂഹവും ലോകവും വിട്ടുപേക്ഷിച്ച് സന്യാസ ഭവനങ്ങളിൽ ദാരിദ്ര വ്രതത്തോടെ ജീവിച്ച താപസർ അന്നും ഏറെ ഉണ്ടായിരുന്നു. എന്നാൽ ഫ്രാൻസിസ് ജീവിച്ച പ്രതിബദ്ധതയുടെ ക്രിസ്തീയ ശൈലി ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. 

ഫ്രാൻസിസ് ലോകത്തിൽ നിന്ന് പിന്മാറിയില്ല. പകരം, ലളിതജീവിതത്തിന്റെ സന്തോഷം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സൗന്ദര്യത്തിനും സന്തോഷത്തിനും സാക്ഷ്യം വഹിക്കാൻ അവൻ ലോകത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിച്ചു. അവിടെ പ്രകാശിച്ചു അങ്ങനെ ലോകവും സംസ്കാരവും കൂടുതൽ പ്രകാശമാനമാക്കി.

ലാളിത്യത്തിലെ മിതത്വം  

യേശു ജീവിച്ചത് ഏറെ ലാളിത്യത്തിലായിരുന്നു. തന്റെ ശിഷ്യരേയും അതുപോലെ ജീവിക്കാൻ അവിടുന്ന് വെല്ലുവിളിച്ചു. ദൗത്യ ജീവിതത്തിന് ലാളിത്യം ഒരു നിർബന്ധ ഉപാധിയായി അവിടുന്ന് സൂചിപ്പിച്ചു. ശിഷ്യരെ  ദൗത്യ യാത്രയ്ക്ക്  അയക്കുമ്പോഴെല്ലാം, അനാവശ്യ ഭാരങ്ങൾ ചുമക്കുന്നതിനെതിരെ താക്കീത് ചെയ്തു. അമിതമായി സ്വരൂപിക്കുന്നതും സ്ഥാനവും മഹത്വവും തേടുന്നതും സുവിശേഷം വിളിക്കുന്നിടത്തേക്കെല്ലാം പോകാനുള്ള സ്വാതന്ത്ര്യത്തെ തടയുമെന്ന് അവന് അറിയാമായിരുന്നു.

ഫ്രാൻസിസ്, അതിനെക്കുറിച്ച് വിശകലനം ചെയ്യുകയോ സിദ്ധാന്തിക്കുകയോ ചെയ്യാതെ, ക്രിസ്തുവിന്റെ മാതൃക അനുധാവനം ചെയ്തു. സംസാരിക്കുന്നതിലും ഉപരി അവൻ ജീവിച്ചു. നാഥനെ പിന്തുടരാൻ അവൻ എല്ലാം ഉപേക്ഷിച്ചു.

ഫ്രാൻസിന്റെ ജൂബിലി വേളയിൽ ജീസസ് യൂത്തും ചെറുതാകുന്നതിന്റെ വെല്ലുവിളി ഓർക്കുന്നത് നല്ലതല്ലേ? സമ്പത്തും പദവിയും സമൃദ്ധിയും കൊണ്ട് വിശ്വാസവിജയവും ദൈവകരുണയും അളക്കുന്ന ഒരു ലോകത്ത്, ലാളിത്യത്തിന്റെയും നിസ്വാർത്ഥമായ കൊടുക്കലിന്റെയും സന്തോഷം പ്രസരിപ്പിക്കുന്ന ഒരു മിഷനറി ശൃംഘലയായി  മാറാൻ ജീസസ് യൂത്ത് വിളിക്കപ്പെട്ടില്ലേ? മുന്നേറ്റത്തിന്റെ മാർഗ്ഗദീപമായ ഫ്രാൻസിസ് ഇന്നും അതേ വെല്ലുവിളി നമ്മുടെ മുന്നിൽ ഉയർത്തുന്നു. ഒരു കാര്യത്തിൽ ജീസസ് യൂത്തിന് ഏറെ സന്തോഷിക്കാം, ലാളിത്യത്തിൽ സന്തോഷവും ഔദാര്യത്തിൽ സംതൃപ്തിയും ഉൾക്കൊള്ളുന്ന അനേകം ജീവിക്കുന്ന മാതൃകകൾ കൊണ്ട് ഈ മുന്നേറ്റവും അനുഗ്രഹീതമാണ്. അവരുടെ ജീവിത സാക്ഷ്യവും നമ്മുടെ ഗുരുവിനെയും സ്വന്ത വിശുദ്ധനെയും കൂടുതൽ ആഴത്തിലും അതിന്റെ പൂർണ്ണമായ അർത്ഥത്തിലും പിന്തുടരാൻ നമ്മെ വെല്ലുവിളിക്കുന്നു.  


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

ജീസസ്‌ യൂത്ത്‌ കണ്‍സല്‍ട്ടേഷനുകൾ (MJYR036)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)