ചെറുതാകുന്ന ലോകവും വിശാലമാകുന്ന ഹൃദയങ്ങളും - അതാണ് ജെ-വൈ ശൃംഖല (MJYR119)
ചെറുതാകുന്ന ലോകവും വിശാലമാകുന്ന ഹൃദയങ്ങളും - അതാണ് ജെ-വൈ ശൃംഖല
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
കെമിസ്ട്രി വിഭാഗത്തിലെ എന്റെ സഹപ്രവർത്തകൻ ഒരു പ്രബന്ധാവതരണത്തിനായി ഓസ്‌ട്രേലിയയ്ക് പോകാൻ ഒരുങ്ങുകയായിരുന്നു. വഴിയിൽ മറ്റു ചില നഗരങ്ങളിൽ തങ്ങേണ്ടതുണ്ടായിരുന്നു. ഭാര്യയും കുട്ടികളും ചേർന്ന് ആ ഇടങ്ങൾ കാണാൻ ചെറിയ പ്ലാനും. മടിച്ചുമടിച്ചാണ് അദ്ദേഹം എന്നെ സമീപിച്ചത്. “ആ രാജ്യങ്ങളിൽ ആരെയെങ്കിലും പരിചയമുണ്ടോ?” “തീർച്ചയായും എനിക്ക് അവിടെ ജീസസ് യൂത്ത് സുഹൃത്തുക്കളുണ്ട്,” ഞാൻ മറുപടി നൽകി. സിംഗപ്പൂരിലും ഓസ്‌ട്രേലിയയിലും മറ്റ് സ്ഥലങ്ങളിലുമുള്ള എന്റെ ജെവൈ സുഹൃത്തുക്കളുമായി ഞാൻ അദ്ദേഹത്തെ ബന്ധപ്പെടുത്തി. അവിടെ എത്തിയപ്പോൾ, അദ്ദേഹത്തെ അവർ ഊഷ്മളമായി സ്വാഗതം ചെയ്തു, ചുറ്റിനടന്ന് കാണിക്കുകയും ഒക്കെ ചെയ്തു. ഈ ജീസസ് യൂത്ത് സുഹൃത്തുക്കളുടെ ഊഷ്മളമായ സ്വീകരണവും അടുത്ത ബന്ധങ്ങളും അദ്ദേഹത്തിന് ഏറെ അതിശയകരമായിരുന്നു. തിരിച്ചെത്തിയ ശേഷം, ജീസസ് യൂത്ത് എന്ന ഈ അത്ഭുത ശൃംഖലയെ പറ്റി പറയാൻ അദ്ദേഹത്തിന് നൂറ് നാവായിരുന്നു.
ജീസസ് യൂത്തിലുള്ളവർക്ക് ഈ അടുപ്പവും കുടുംബസമാനമായ ബന്ധവും ഒക്കെ സാധാരണമാണ്. മറ്റുള്ളവരുടെ പ്രതികരണം കാണുമ്പോഴാണ് ഇതിന്റെ വലിയ പ്രത്യേകത തിരിച്ചറിയുക. ദക്ഷിണേന്ത്യയിൽ ചെറിയ രീതിയിൽ ആരംഭിച്ച ഈ ചെറു മുള, ഇന്ന് എല്ലാ പ്രധാന രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വ്യാപനത്തിനിടയിൽ നേത്ക്കൾക്കിടയിലെ അടുത്ത ബന്ധവും ഹൃദ്യമായ ഇടപെടലുകളും ഈ ശ്രുഖലയെ വ്യത്യസ്തമാക്കുന്നു. അതിനുമപ്പുറം ആതിഥ്യമര്യാദയും സേവന സന്നദ്ധതയും ഉള്ള ഒരു സംസ്കാരം അതിന്റെ തനിമയാണ്. ഈ സൗഹൃദത്തിന്റെയും ഔദാര്യത്തിന്റെയും ഒരു ചെറിയ ഗുണഭോക്താവായി എന്റെ സുഹൃത്ത്.
ഇല്ലിമുളം കാടുകൾ - ഒരു കടയിൽ ഒരുമയോടെ
മുള നട്ടുവളർത്തുക എന്റെ ഭാര്യയുടെ വലിയ ഇഷ്ടങ്ങളിൽ ഒന്നാണ്. അങ്ങനെ പുരയിടത്തിൽ കുറെ തരം മുളകൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്,
മുളംകാടുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുമയോടെ ഉയരത്തിൽ പൊങ്ങി നിൽക്കുന്ന ഈ മരങ്ങൾ ഓരോന്നായി എടുത്താൽ വലിയ ഉറപ്പൊന്നും ഉള്ളതല്ല. പക്ഷേ മണ്ണിനടിയിൽ വേരുകളും മുകളിൽ ചില്ലകളും ശൃംഖല തീർക്കുന്നതിനാൽ ശക്തമായ കാറ്റിന് പോലും അവയെ വീഴ്ത്താൻ കഴിയാത്തവിധം അവ തലയുയർത്തി നിൽക്കുന്നു. മറ്റ് കൂറ്റൻ മരങ്ങൾ കാലവർഷ കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചേക്കാം, പക്ഷേ ഈ മുളങ്കാടുകൾ അതിനിടയിലും തലയുയർത്തി നിൽക്കും.
എന്റെ ഹൈസ്കൂൾ കാലം കഴിഞ്ഞ് ഏറെ താമസിയാതെ സംഭവിച്ച ഒരു നല്ല കാര്യം ഞാൻ ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടുന്ന ഒരു നല്ല പ്രാർത്ഥനാ കൂട്ടായ്മയുടെ ഭാഗമായി എന്നതാണ്. ഒരു ബുധനാഴ്ച പോലും മുടങ്ങാതിരിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. എല്ലാവരും തമ്മിലുള്ള നല്ലൊരു ബന്ധവും ദൈവഹിതം തേടാനും ദൈവസ്തുതിയുടെ ഒരു ജീവിതം കെട്ടിപ്പടുക്കാനും അവരുടെ തീക്ഷ്ണതയും ഒക്കെ എന്റെ ആത്മീയ വളർച്ചയ്ക്ക് വലിയൊരു സഹായമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ ഒത്തുചേരലുകൾ ഒഴിവാക്കുക വലിയ നഷ്ടമായി തോന്നിയിരുന്നത്.
രണ്ട് വർഷത്തിന് ശേഷം, മറ്റ് യുവജന ഗ്രൂപ്പുകളുമായി ബന്ധപ്പെടാനുള്ള നല്ലൊരു അവസരം ലഭിച്ചപ്പോൾ, ഞങ്ങൾ എല്ലാവരും ഏറെ ആവേശഭരിതരായിരുന്നു. മറ്റ് ഗ്രൂപ്പുകളിലെ യുവാകളോട് ഒത്തുകൂടാനും സഹകരിക്കാനും താൽപ്പര്യമുണ്ടോ എന്ന് അന്വേഷിക്കാൻ വിവിധ ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്തത് ഞാനായിരുന്നു. എന്നാൽ സ്വപ്നങ്ങൾ മെനയാനും ആശയങ്ങൾ രൂപീകരിക്കാനും അതിനു പുറകിൽ വേണ്ട എല്ലാ സഹായങ്ങൾ ചെയ്യാനും എന്റെ കൂട്ടായ്മയിലെ ഔദാര്യമതികളായ അനേകരുണ്ടായിരുന്നു. ഒരു ഹൃദ്യമായ കൂട്ടായ്മയിൽ വേരൂന്നിയേ നന്മയുടെ വലിയ ഒരു ശൃംഖല പണിയാനാകൂ എന്ന് പരിശുദ്ധാത്മാവ് പഠിപ്പിക്കുകയായിരുന്നു.
കുറച്ച് മാസങ്ങളും വർഷങ്ങളും കൊണ്ട് യുവ നേതാക്കളുടെയും ഗ്രൂപ്പുകളുടെയും ഒരു ശൃംഖല രൂപപ്പെട്ടു വളർന്നു. പിന്നീട് ഈ മുളങ്കാടിന് ഒരു പേരും ലഭിച്ചു - ജീസസ് യൂത്ത് മുന്നേറ്റം.
ശൃംഖല തീർക്കണമോ വേണ്ടയോ?
ഇക്കാലത്ത്, പലർക്കും തനിയെ പോകാനാണ് താല്പര്യം. ജീവിതം ഒരു മത്സരമാണെന്നും വിജയിക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണമെന്നും പലരും വിശ്വസിക്കുന്നു. വ്യക്തികൾ മാത്രമല്ല, അനേക കുടുംബങ്ങളും കൂട്ടായ്മ വിരോധികളാണ്. പല മാതാപിതാക്കളും കുട്ടികളോട് മറ്റുള്ളവരുമൊത്ത് സമയം പാഴാക്കരുതെന്ന് പ്രത്യേകം നിർദ്ദേശിക്കാറുണ്ട്. പലരും ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും മറ്റ് ഗ്രൂപ്പുകളുമായി മത്സരിച്ച് വിജയിക്കാനുള്ള ഒരു വഴിയായി മാത്രമാണ് അതിനെ കാണുന്നത്. അതിലും മോശം, ഏകാന്ത പാതയെ പ്രോത്സാഹിപ്പിക്കുകയും വ്യക്തിപരമായ പൂർണതയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ആത്മീയ വഴികൾ ഇന്ന് വർദ്ധിച്ചുവരുന്നു എന്നതാണ്. ഇതിന്റെയൊക്കെ പരിണിതഫലമോ? അവർക്ക് അടുത്ത സുഹൃത്തുക്കളില്ലെന്ന് പറയുന്ന ആളുകളുടെ ശതമാനം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നു. അതോടൊപ്പം ധാർമികവും മാനസികവുമായ വെല്ലുവിളികളും കൂടുന്നു.
ഇക്കാര്യത്തിൽ, ജീസസ് യൂത്ത് നല്ലൊരു വൈരുദ്ധ്യത്തിന്റെ അടയാളമാണ്. സുന്ദരമായൊരു വിപരീത സംസ്കാരം. ഒരാൾ സൂചിപ്പിച്ച പോലെ, ജീസസ് യൂത്തിൽ, ആദ്ധ്യാത്മികതയുടെ ആറ് തൂണുകളല്ല, മറിച്ച്, കൂട്ടായ്മ എന്നൊരു വലിയ തൂണും മറ്റ് അഞ്ച് ചെറുതൂണുകളും. ഈ മുന്നേറ്റത്തിൽ, ഒത്തുകൂടുന്നതിനും നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഒരു ടീം എന്ന നിലയിൽ ദൗത്യം ചെയ്യുന്നതിനും ഏറെ ഊന്നൽ ലഭിക്കുന്നു. ഒന്ന് ചിന്തിച്ചാൽ ഇതു തന്നെയായിരുന്നില്ലേ യേശുവിന്റെ ശൈലിയും? അവൻ തന്നോടൊപ്പം ആയിരിക്കാൻ ശിഷ്യരെ വിളിച്ചു. തന്റെ അനുയായികൾ മുന്തിരിവള്ളിയും ശാഖകളും പോലെ നന്നായി ബന്ധപ്പെട്ടിരിക്കണമെന്ന് ആഗ്രഹിച്ചു. സൗഹൃദ ഗ്രൂപ്പുകളിൽ പോയി സുഹൃത്തുക്കളുടെ വലിയ ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നതായിരുന്നു യേശുവിന്റെ ദൗത്യ പദ്ധതി. അവൻ പറഞ്ഞു, “പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും.” (യോഹ. 13:35)
ചിലരുടെ ചോദ്യം നിങ്ങൾ കേട്ടിരിക്കാം, എന്തിന് ബന്ധങ്ങൾ? എല്ലാവരും സ്വാർത്ഥർ. ഒറ്റയ്ക്ക് പോകുന്നതല്ലേ നല്ലത്? മറിച്ചൊന്നു ചിന്തിക്കൂ, യേശു കാണിച്ചുതന്ന ദൈവം ഒരു കൂട്ടായ്മയാണ്. അവൻ നമ്മെ സൃഷ്ടിച്ചത് പരസ്പരം ബന്ധപ്പെടാനും സഹവാസം ആസ്വദിക്കാനുമാണ്. ഇതാണ് അടിസ്ഥാന മനുഷ്യ സ്വഭാവം. ഒത്തുകൂടി ഒരുമിച്ച് ജീവിതയാത്ര ചെയ്യുമ്പോൾ നാം ആനന്ദം അനുഭവിക്കുന്നു, വളരുന്നു.
യുവജന പ്രവർത്തന മേഖലയിൽ ഞാൻ ഇപ്പോഴും കാണുന്ന ഒരു കാര്യമുണ്ട്. ഒരു യുവാവ് ആദ്യമായി കൂട്ടായ്മയിൽ വരുമ്പോൾ ഏറെ അപകർഷതയും അവ്യക്തതയും ഒക്കെയായി അയാൾ കടന്നുവരും. പിന്നെ കുറച്ച് നാളത്തെ പങ്കാളിത്ത യാത്രയ്ക്ക് ശേഷം വലിയൊരു മാറ്റം അയാളിൽ കാണാനാകും. മറ്റുള്ളവരുമായി സഹകരിക്കാനും, ജീവിതം ആഘോഷിക്കാനും എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനും ഒക്കെ അവളും അവനും പ്രാപ്തരായി തീരുന്നു. പലപ്പോഴും അതൊരു വലിയ അത്ഭുതമായി മാറുന്നു. ക്രിസ്തീയ ചിന്തയിൽ ആ വ്യക്തി ക്രിസ്തു ഗാത്രത്തിലെ ഒരു കൈയ്യോ കാലോ ഒക്കെ ആയിത്തീർന്നു ആ ശരീരത്തിന്റെ വലിയ ദൗത്യത്തിന്റെ സജീവ പങ്കാളിയായിത്തീരുന്നു.
അതിനുമപ്പുറം വേറൊന്നുണ്ട്. അയ്യാൾ ജീവിതത്തിൽ വെല്ലുവിളികൾ നേരിടുമ്പോൾ, ദുർബലനാകുമ്പോൾ, വഴിതെറ്റിപ്പോകുമ്പോൾ ഒക്കെ ഈ ബന്ധങ്ങൾ നിർണ്ണായകമായി തീരും. ചിലപ്പോൾ കേട്ടിട്ടുള്ള ഒരു കുമ്പസാരമുണ്ട്, “ഗ്രൂപ്പിൽ ഞാൻ വളരെ സജീവമായിരുന്നു, പക്ഷേ പരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ, ഞാൻ ഏറെ വിഷമിച്ചു, എല്ലാവരിൽ നിന്നും അകലുകയും ചെയ്തു. പക്ഷേ എന്റെ സുഹൃത്തുക്കൾ എന്നെ വിട്ടില്ല. അവർ എനിക്കുവേണ്ടി പ്രാർത്ഥിച്ചു, എന്നെ അന്വേഷിച്ചു വന്നു, സ്നേഹപൂർവ്വം എന്നെ ഗ്രൂപ്പിലേക്ക് തിരികെ കൊണ്ടുവന്നു. എന്റെ ജീവൻ രക്ഷിച്ചതിന് ഞാൻ അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു.”
വിളവിന്റെയും വരൾച്ചയുടെയും മാറിവരുന്ന സീസണുകൾ വ്യക്തികൾക്ക് മാത്രമല്ല കൂട്ടായ്മകൾക്കും ഉണ്ടെന്ന് തോന്നുന്നു. അതൊകൊണ്ട് തന്നെ കൂട്ടായ്മകൾക്കും, കുടുംബങ്ങൾക്ക് പോലും, ഏറെക്കാലം തനിയെ യാത്ര ചെയ്യാനാകില്ല. ഒരു ഗ്രൂപ്പ് വിശാലമായ ഒരു ശൃംഖലയുടെ ഭാഗമാകുകയും മറ്റ് കൂട്ടായ്മകളുമായി സജീവമായി ഇടപഴകുകയും ചെയ്യുമ്പോൾ, ആ വരണ്ട സമയങ്ങളെ അതിജീവിക്കുന്നത് എളുപ്പമാകും. അത്തരം പരസ്പര സഹായം എല്ലാവരുടെയും വളർച്ച ഉറപ്പാക്കുന്നു. നെറ്റ്‌വർക്കിംഗിന്റെ അടിയന്തിര ആവശ്യകതയാണിത്.
ജീസസ് യൂത്തിൽ എങ്ങനെയാണ് ശൃംഖല തീർക്കുന്നത്?
o മറ്റുള്ളവരുമായി ബന്ധപ്പെടുക, സൗഹൃദങ്ങൾ കെട്ടിപ്പടുക്കുക
o ഒരു പ്രാർത്ഥനാ ഗ്രൂപ്പിന്റെയോ ചെറു കൂട്ടായ്മയുടെയോ ഭാഗമാകുക
o ജീസസ് യൂത്ത് ശുശ്രൂഷകളിൽ, മിനിസ്ട്രികളിൽ സജീവമാകുക
o ടീമുകളും കൗൺസിലുകളും നേതാക്കളെയും ഗ്രൂപ്പുകളെയും പരസ്പരം ബന്ധിപ്പിക്കാൻ ശ്രദ്ധിക്കുക
o ജീസസ് യൂത്ത് പരിപാടികളും പിക്നിക്കുകളും പരിശീലനങ്ങളും ഒക്കെ ബന്ധങ്ങൾ വളർത്തുന്നതിന് വേദികളാക്കുക
o ഓരോ വ്യക്തികളെയും മറ്റുള്ളവരുമായി സമയം, കഴിവുകൾ, പണം തുടങ്ങിയവ പങ്കിടുന്നതിന് പ്രോത്സാഹിപ്പിക്കുക
o ഓൺലൈൻ ഗ്രൂപ്പുകളും നെറ്റ്‌വർക്കുകളും സജീവമാക്കുക
o ഓരോരുത്തരും കൂട്ടായ്മയുടെ സ്രോതസ്സായ ത്രീത്വൈക ദൈവത്തെ അറിയാനും ബന്ധത്തിലും ചൈതന്യത്തിലും വളരാനും സഹായിക്കുക
o ഓരോരുത്തരേയും സ്നേഹം, സന്തോഷം, കൂട്ടായ്മ എന്നിവ നിറയുന്ന ഒരു സംസ്കാരം ലോകത്തിൽ വളർത്താൻ പ്രചോദിപ്പിക്കുക
സ്നേഹ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വാക്കുകൾ: “സഭയെ കൂട്ടായ്മയുടെ ഭവനവും അതിനുള്ള പരിശീലന വേദിയും ആയി മാറ്റുക – ഈ പുതു സഹസ്രാബ്ദത്തിൽ ദൈവിക പദ്ധതിയോടും ലോകത്തിന്റെ ആഴമേറിയ ആഗ്രഹങ്ങളോടും പ്രത്യുത്തരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ഏറ്റെടുക്കേണ്ട വെല്ലുവിളി അതാണ്” (പുതു സഹസ്രാബ്ദത്തിലേയ്ക്ക്, 43)
സ്നേഹബന്ധങ്ങൾ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം. ദൈവത്തിന്റെ ഇഷ്ടവും അതുതന്നെ. നല്ല സുഹൃത്തുക്കൾക്കും സൗഹൃദ വേളകൾക്കുമായി ഏതറ്റംവരെയും പോകാൻ നാം തയ്യാറല്ലേ? പിന്നെ എന്തിന് അമാന്തിക്കുന്നു? ജീസസ് യൂത്ത് മുന്നേറ്റത്തോടൊപ്പം നമുക്ക് ഇറങ്ങി പുറപ്പെടാം!
Comments
Post a Comment