മിഷനറി ആവേശമാണ് ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നത് (MJYR118)
മിഷനറി ആവേശമാണ് ജീസസ് യൂത്തിനെ വ്യത്യസ്തമാക്കുന്നത്
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
ഞാൻ പഠിച്ച ഗ്രാമീണ സ്കൂളിലെ ഹെഡ്മാസ്റ്ററെക്കുറിച്ചുള്ള രസകരമായ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. ഒരു ദിവസം ക്ലാസിൽ സാറിന്റെ ഈ കമന്റ് ഇതായിരുന്നു. “എടാ, പറഞ്ഞാൽ കേൾക്കുന്ന കുട്ടികളുള്ള കുടുംബം മുടിയും.” കുട്ടികൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ മിണ്ടാതിരുന്നു. എന്നാൽ ആത്മവിശ്വാസമുള്ള ഒരു കുട്ടി നിശബ്ദത ഭേദിച്ചു, “പക്ഷേ സർ, നമ്മൾ മൂത്തവരെ അനുസരിക്കേണ്ടേ?” “അല്ലെടാ, പറഞ്ഞാൽ കേട്ടാൽ പോരാ, അറിഞ്ഞു ചെയ്യണം.”
ഒരു കത്തോലിക്കന്റെ വിളിയും ദൗത്യവും എന്താണ്? സാധാരണ കത്തോലിക്കന്റെ കടമ, ആരോ രസകരമായി പറഞ്ഞതുപോലെ, "പ്രാർത്ഥിക്കുക, പണം കൊടുക്കുക, പറയുന്നത് കേൾക്കുക.” എന്നതായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ അൽമായ ദൗത്യത്തിനായുള്ള ശക്തമായ ആഹ്വാനമാണ് നൽകിയത്. സമീപകാല പാപ്പമാരും ഇത് ആവർത്തിച്ചു. സ്നാനമേറ്റ ഓരോ വ്യക്തിയും ഒരു മിഷനറിയാണ്. നിയമങ്ങൾ പാലിക്കുന്നതിലല്ല, മറിച്ച് ആത്മാവിനാൽ പ്രചോദിതരായി തങ്ങളുടെ അതുല്യമായ വിളി നിറവേറ്റുക എന്നതിലാണ് ഈ പുത്തൻ ഊന്നൽ. ഇത് തന്നെയാണ് ജീസസ് യൂത്ത് മുന്നേറ്റത്തിലെ പ്രധാന ശ്രദ്ധയും. ഈ മുന്നേറ്റത്തെ ഏറെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.
ഈ മിഷനറി ആവേശം ഒരു ക്ലാസിൽ നിന്നും മറ്റും കിട്ടുന്നതല്ല. മറിച്ച് ഒരു പ്രത്യേക ചുറ്റുപാടിലും സംസ്കാരത്തിലും വേരൂന്നി വളരുന്നതാണ്. ജറെമിയ സൂചിപ്പിക്കുന്നത് പോലെ, ഇത് ഉള്ളിൽ എഴുതപ്പെടുന്നതാണ് പലരും കരുതുന്നപോലെ പഠിപ്പിച്ച് നൽകാവുന്നതല്ല: “എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും . . . കർത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയൽക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല.” (31:33,34) തീർച്ചയായും പരിശുദ്ധാത്മാവിന്റെ കടന്നുവരവ് ഒരു സമൂല പരിവർത്തനം വരുത്തി അങ്ങനെ ഭയചികിതരായിരുന്ന ശിഷ്യന്മാർ “ലോകത്തെ തലകീഴ് മറിച്ചവരായി” മാറി. (അപ്പ.പ്രവ. 17:6)
വിലപ്പെട്ടവരും അമൂല്യരുമായി കാണാനാകുക
പല മുതിർന്നവരുടെയും ഒരു രീതി മറ്റുള്ളവരെ, പ്രത്യേകിച്ച് യുവാക്കളെ ഉപദേശിക്കുക എന്നതാണ്. ‘അവർ പക്വത ഇല്ലാത്തവർ, നമ്മുടെ ദൗത്യം അവരെ നന്നാക്കുക’ എന്നൊരു മനോഭാവം. ഒരു സിസ്റ്റർ ആവേശത്തോടെ എന്നോട് സൂചിപ്പിച്ചു: “മുന്നേറ്റത്തിൽ നിങ്ങൾ ചെറുപ്പക്കാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയും നന്നാക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്.” ഞാൻ ഉള്ളിൽ പറഞ്ഞു, “പ്രധാന പോയിന്റ് വിട്ടുപോയി.” അവരുടെ അനന്യതയും സ്നേഹ യോഗ്യതയും കണ്ടെത്താനും സ്വന്തവിളി കണ്ടെത്തി ആത്മവിശ്വാസത്തോടെ അത് പിന്തുടരാനും സഹായിക്കുകയാണ് ഇവിടത്തെ ഊന്നൽ. നല്ല ജെ-വൈ കൂട്ടായ്മകളിൽ അധ്യാപനത്തിനല്ല പ്രധാന ശ്രദ്ധ. മറിച്ച് നല്ല ബന്ധങ്ങൾക്കും സ്വയം കണ്ടെത്തലിനും ദൗത്യ നിറവിന്റെ ആഘോഷത്തിനുമാണ്. ഇത് അവരുടെ ജീവിതത്തിന് പുതിയൊരു അർത്ഥവും ആവേശവും നൽകും.
ഒരർത്ഥത്തിൽ, ജീസസ് യൂത്ത് 85 എന്ന ചരിത്ര സമ്മേളനം, ഏകദേശം ഏഴ് വർഷത്തെ അന്വേഷണത്തിന്റെയും വിചിന്തനത്തിന്റെയും അതോടൊപ്പം ഒരുകൂട്ടം യുവാക്കളും മുതിർന്നവരും ഒരുമിച്ചു നടത്തിയ സിനഡൽ യാത്രയുടെയും പരിസമാപ്തിയായിരുന്നു. ഫസ്റ്റ് ലൈൻ ഗ്രൂപ്പാണ് ആ സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്. ഒരു കാര്യത്തിൽ ആ ഗ്രൂപ്പിൽ വ്യക്തമായ അഭിപ്രായ സമന്വയം ഉണ്ടായിരുന്നു: ഇക്കാലത്ത് യുവാക്കൾ ഒത്തുകൂടുമ്പോൾ അവിടെ ഉണ്ടാകേണ്ട സംസ്കാരവും സമീപനവും കരിസ്മാറ്റിക് ധ്യാനങ്ങളിലും ഇടവക യുവജന പരിപാടികളിലും ഉള്ളതിൽ നിന്ന് വ്യത്യസ്തമായിരിക്കണം. മറ്റിടങ്ങളിൽ മുതിർന്നവർ യുവാക്കളോട് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്നു, അമിതമായ ഭാഷണവും നീണ്ട പ്രാർത്ഥനാ ശുശ്രൂഷകളും യുവാക്കളെ മനം മടുപ്പിക്കുന്നു. മറ്റൊരു സമീപനം സാധ്യമാണ് എന്ന ചിന്ത ആ കൂട്ടായ്മയിൽ വളർന്നു. പരിശുദ്ധാത്മാവിന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ കണ്ടെത്തി.
1982-ൽ, വിവിധ ഗ്രൂപ്പുകളിലെ നേതാക്കളെ വിളിച്ചു കൂട്ടിയപ്പോൾ ഫാ. ജീനോ അവരെ ഒരു പുതിയ പാതയിലേക്ക് വെല്ലുവിളിച്ചു: പ്രസംഗത്തിലൂടെയല്ല, മറിച്ച് വിചിന്തനവും ചെറു ഗ്രൂപ്പുകളിലെ പങ്കുവയ്ക്കലും വഴി ആഴത്തിലുള്ള സ്വയം കണ്ടെത്തലിലേക്ക് യുവാക്കളെ നയിക്കുക. ഓരോരുത്തരും വിലപ്പെട്ടവനും അതുല്യനുമാണ്. ആ കണ്ടെത്തലിന് സഹായിക്കുന്ന ആഴത്തിലുള്ള സ്വീകാര്യതയുടെയും പ്രോത്സാഹനത്തിന്റെയും ഒരു സംസ്കാരം സൃഷ്ടിക്കുക. ദൈവത്തിന്റെ സുന്ദര സൃഷ്ടിയാണ് ഞാൻ എന്ന് തിരിച്ചറിയാനും ആ ബോധ്യത്തിൽ വളരാനും അത് സഹായകമാകും. മറ്റൊന്നുകൂടെ. വിദഗ്ദ്ധർ എന്ന് കരുതപ്പെടുന്നവരിൽ നിന്നുള്ള അമിതമായ നിർദ്ദേശങ്ങളും ഇടപെടലും ക്രമേണ ഈ സംസ്കാരത്തെ ദുർബലപ്പെടുത്തുമെന്നും, ആത്യന്തികമായി ദൗത്യബോധ്യം നഷ്ടപ്പെടുത്തുമെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു. വ്യത്യസ്തയാർന്ന ഒരു യാത്രയായി തീർന്നു അത്.
"ചക്രം വീണ്ടും കണ്ടുപിടിക്കണമോ?” ചിലപ്പോൾ വേണ്ടിവരും
ഇത് എ-ഐയുടെ കാലം. എല്ലാ കാര്യങ്ങളിലും റെഡിമെയ്ഡ് ഉത്തരങ്ങളും പ്ലാനുകളും കിട്ടാൻ ഒരു വിഷമവുമില്ല. പലർക്കും ആരോ തയ്യാറാക്കിയ നല്ല പ്ലാനുകളും ചിട്ടകളും തുടരാനാണ് താൽപര്യം. പരിചിതമായ രീതിയിൽ മീറ്റിംഗ് കൂടുക, നമുക്ക് കിട്ടിയ രീതിയിൽ മറ്റുള്ളവർക്ക് ആശയങ്ങൾ കൊടുക്കുക. ഈ ചോദ്യം കേട്ടുകാണും, “ചക്രം എന്തിനാണ് ഇനിയും കണ്ടുപിടിക്കുന്നത്?’ മറ്റുള്ളവർ രീതികളും വഴികളും കണ്ടു പിടിച്ചിട്ടുണ്ടല്ലോ, നമ്മൾ അത് തുടർന്നാൽ പോരെ?
ഈ സമീപനത്തിന്റെ പ്രധാന പ്രശ്നം മുൻകൈ എടുക്കാനുള്ള താൽപര്യവും ദൗത്യബോധവും നശിപ്പിക്കാൻ അത് ഇടയാക്കും എന്നതു തന്നെ. “പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ചു വയ്ക്കേണ്ടത്” (ലൂക്ക 5:38) പള്ളിവാതുക്കൽ അച്ചൻ ഗ്രൂപ്പിൽ ആവർത്തിക്കുമായിരുന്നു, “ഇന്നലത്തെ ഉത്തരങ്ങൾ ഇന്നത്തെ ചോദ്യങ്ങൾ മറുപടി ആകില്ല.” എങ്ങനെയാണ് ഒരു മിഷനറി ജനിക്കുന്നത്? ഒരാൾ ചുറ്റുമുള്ള വെല്ലുവിളികൾ കണ്ട് ഹൃദയം പൂർവ്വം പരിഹാരം തേടി സുഹൃത്തുക്കൾക്കൊപ്പം കർതൃ സന്നിധിയിൽ വന്ന് ഒരു പുതു സമീപനം തിരിച്ചറിഞ്ഞ് ആവേശത്തോടെ ഇറങ്ങി പുറപ്പെടുമ്പോൾ അവിടെ ഒരു പുതു ജന്മം ഉണ്ടാകുന്നു. ഇതിനെ ഫ്രാൻസിസ് മാർപാപ്പ ഒരു സിനഡൽ പ്രക്രിയ എന്ന് വിളിച്ചു.
ജീസസ് യൂത്തിൽ, മിഷനറി ആവേശം വളരുന്നത് ഔപചാരികമായ അധ്യാപനത്തിലൂടെയോ മിഷൻ പരിശീലനത്തിലൂടെയോ അല്ല, മറിച്ച് പുതിയ പരിഹാരങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഈ സിനഡൽ തെരയലിലൂടെയാണ്. അപ്പോൾ, നമ്മൾ ചക്രം വീണ്ടും കണ്ടെത്തണമോ? അതെ, ഈ അന്വേഷണവും കണ്ടെത്തലുമാണ് ആനന്ദവും ദൗത്യബോധവും ഉണർത്തുന്നത്. ഇത് തന്നെ ജീസസ് യൂത്ത് ഡിഎൻഎ.
സന്തോഷ നിറവുള്ള മിഷനറിമാരെ രൂപപ്പെടുത്തുന്ന സമീപനങ്ങൾ
എന്തെല്ലാം തരം പരിപാടികളാണ് ജീസസ് യൂത്തിൽ! ഹ്രസ്വമായതോ ദൈർഘ്യമേറിയതോ ആകാം അത്. ചില പരിപാടികൾ ചെറു കൂട്ടായ്മകളിൽ മറ്റു ചിലത് വലിയ സമ്മേളനങ്ങളായി. ഇവയുടെ എല്ലാം ലക്ഷ്യമോ? ദൗത്യ ബോധത്തിലേയ്ക്ക് നയിക്കുക എന്നത് തന്നെ. അവിടെ മിഷൻ സംരംഭങ്ങളെ സംബന്ധിച്ച ചർച്ച ഉണ്ടായെന്നിരിക്കും, പക്ഷേ മിഷനറിമാർക്ക് രൂപം നൽകുന്നത് പഠനമോ ചർച്ചയോ അല്ല. അങ്ങനെയെങ്കിൽ, ആളുകളിൽ ദൗത്യബോധം വളർത്തുന്ന ജീസസ് യൂത്തിലെ ആ സംസ്കാരം എന്താണ്?
o ഓരോരുത്തർക്കും പ്രത്യേക ശ്രദ്ധ: ജനക്കൂട്ടത്തിലും ആചാരങ്ങളിലും വ്യക്തികൾ അപ്രത്യക്ഷമാകും. എന്നാൽ അടുത്തുചെന്ന് കണ്ട്, കേട്ട് താൽപ്പര്യപൂർവം ബന്ധം സ്ഥാപിക്കുമ്പോൾ വ്യക്തി ഉണരും, ജീവൻ വയ്ക്കും.
o സ്വാതന്ത്ര്യവും സന്തോഷവും: പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് ഈ മനോഭാവങ്ങൾ. ജെ-വൈ പശ്ചാത്തലത്തിൽ കളിയും ചിരിയും വിനോദവും ഒക്കെയായി ആളുകൾ ജീവൻ വീണ്ടെടുക്കുമ്പോൾ അത് ദൗത്യ കാൽവയ്പിനുള്ള ഏറ്റവും നല്ല അടിത്തറയായി തീരുന്നു.
o ആശ്രയിക്കേണ്ടത് അധ്യാപകരെയും പരിശീലകരെയും അല്ല: മിഷനെക്കുറിച്ച് പറയുമ്പോൾ, പോൾ ആറാമൻ പാപ്പ അധ്യാപകരിൽ നിന്ന് അകലുന്ന ആധുനിക പ്രവണതയെക്കുറിച്ച് സൂചിപ്പിക്കുന്നു. സാധാരണക്കാരെ അവരുടെ ഉൾക്കാഴ്ചകളും തീക്ഷ്ണതയും പങ്കിടാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫലപ്രദമായ മാർഗം. അത് മറ്റുള്ളവരെ ഏറെ സ്പർശിക്കുകയും ചെയ്യും.
o നോഹയുടെ പെട്ടകം പോലെ: എല്ലാ ജാതിയും തരവും ഒത്തുചേർന്നാൽ അവിടെയാകും കൂടുതൽ സ്നേഹവും രൂപീകരണവും. അതിനു കാരണം ഒരുപക്ഷേ യഥാർത്ഥ ലോകവും അങ്ങനെയായതുകൊണ്ടാകാം.
o പ്രവർത്തന ശ്രദ്ധ: ഇന്നത്തെ പ്രലോഭനം വലിയ ആശയങ്ങളിലും ഉന്നത ചിന്തകളിലും ഒതുങ്ങാനാണ്. എന്നാൽ പ്രവർത്തനത്തിന്റെ ഒരു ചെറു കാൽവയ്പെങ്കിലും പറ്റുമെങ്കിൽ, അത് ഒരുമിച്ച് ചെയ്യാനാകുമെങ്കിൽ വലിയ ദൗത്യങ്ങളുടെ ആദ്യ പടിയാകും അത്.
o കൂട്ടായ്മ കടന്നുചെല്ലൽ ഇവയ്ക്കാകണം ഊന്നൽ: ഇന്ന് ലോകം കൂടുതൽ സ്വയം കേന്ദ്രീകൃതമാകുകയാണ്. എന്നാൽ നമ്മൾ കൈകോർക്കാനും സമൂഹം കെട്ടിപ്പടുക്കാനും അന്യരുമായി അടുത്തിടപഴകാനും തയ്യാറാകുമ്പോൾ ദൈവത്തിന് നമ്മെ സുഖപ്പെടുത്താനും നന്നായി ഉപയോഗിക്കാനും സാധിക്കും.
ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ നാം കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. “സഭയുടെ ആചാരങ്ങളും, പ്രവർത്തന ശൈലിയും സമയങ്ങളും സമയവിവര പട്ടികയും ഭാഷയും സംവിധാനങ്ങളും സ്വന്തം സംരക്ഷണത്തിന് എന്നതിനേക്കാൾ ഇന്നത്തെ ലോകത്തിന്റെ സുവിശേഷവൽക്കരണത്തിനായി തിരിച്ചുവിടുന്നതിനുവേണ്ടി ഒരു പ്രേഷിതത്വ തിരഞ്ഞെടുപ്പ് അതായത്, എല്ലാം പരിവർത്തനം ചെയ്യിക്കാൻ കഴിവുള്ള പ്രേഷിതത്വ പ്രചോദനം ഞാൻ സ്വപ്നം കാണുന്നു.” (സുവി. സന്തോ, 27) ഈ 'മിഷനറി പ്രചോദനം' തീർച്ചയായും ജീസസ് യൂത്തിന്റെ ഡിഎൻഎയിലുണ്ട്. ഈ 'ഉപ്പുരസം' നഷ്ടപ്പെടാതിരിക്കാൻ നാം ജാഗ്രത പാലിക്കുകയും മിഷനറി സംസ്കാരത്തെ വളർത്തിയെടുക്കുന്ന നമ്മുടെ ലളിതമായ ജീസസ് യൂത്ത് വഴികൾ നിലനിർത്താൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യുകയും വേണം.
Comments
Post a Comment