ദൈവരാജ്യ “ഇക്കിഗായ്”. അതാകണം ജീസസ് യൂത്ത് (MJYR098)
ദൈവരാജ്യ “ഇക്കിഗായ്”. അതാകണം ജീസസ് യൂത്ത്
(By Dr. Edward Edezhath - Published in Kairos Malayalam in 2023)
കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ ജീസസ് യൂത്ത് പിക്നിക് ആയിരുന്നു. ഇവിടത്തെ ജെ-വൈ കൂട്ടായ്മ എല്ലാ മാസവും ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു പൊതു സ്ഥലത്ത് വിനോദത്തിനായി ഒന്നിച്ചു കൂടുന്നു. സാധിക്കുന്നവരെല്ലാം കൂട്ടുകാരെയും അവരുടെ കുടുംബങ്ങളെയും ഒക്കെ ക്ഷണിക്കുന്നു. പലസ്ഥലങ്ങളിൽ നിന്നും വിവിധ പശ്ചാത്തലങ്ങളിൽ നിന്നും ഒക്കെയുള്ള എല്ലാവരും ഒന്നിച്ചു കൂടുo. എല്ലാവർക്കും പരിചയപ്പെടാനും ഏറെ സംസാരിക്കാനും പറ്റിയ സമയം. ധാരാളം കുട്ടികളും ചെറുപ്പക്കാരും എത്തുന്നതുകൊണ്ട് കുറെ കളികളും വിനോദങ്ങളും ഒക്കെ ഉണ്ട്. പിന്നെ നല്ല ഭക്ഷണം. കൂട്ടത്തിൽ ഭക്ഷണം തുടങ്ങുമ്പോഴും അവസാനവും ചെറിയൊരു പ്രാർത്ഥനയും.
പക്ഷേ ഇതൊന്ന് തുടങ്ങിയെടുക്കാൻ ഏറെ പാടുപെട്ടു. പലർക്കും ജീസസ് യൂത്ത് എന്നാൽ പ്രാർത്ഥനയും ധ്യാനവും വചന പഠനവും മാത്രമാണ്. വിനോദങ്ങളും ഒത്തുകൂടലുകളും ഒക്കെ ഒരുതരം അധികപ്പറ്റ്. ഏതായാലും മാസംതോറും ഉള്ള ജീസസ് യൂത്ത് പിക്നിക്ക് തുടങ്ങിക്കഴിഞ്ഞപ്പോൾ അതിൻറെ ഫലം എല്ലാവരും കാണാൻ തുടങ്ങി. കൂട്ടായ്മയിൽ ഉള്ളവർ പരസ്പരം കൂടുതൽ അറിയാനും, മറ്റ് അനേകരുമായി ഒന്ന് ബന്ധപ്പെടാനും, എല്ലാവരുടെയും കുടുംബങ്ങൾ മാസത്തിൽ ഒരിക്കലെങ്കിലും ഒന്നിച്ചു വരാനും കുട്ടികൾക്കും ചെറുപ്പക്കാർക്കും ഒക്കെ നമ്മുടെ സാമീപ്യത്തിൽ തന്നെ ഒന്ന് തിമിർക്കാനും ഒക്കെ അവസരം വേണ്ടേ?പിന്നെ സുവിശേഷവൽക്കരണം. അത് പലപ്പോഴും ക്ലാസ്സുകളിൽ ഒതുങ്ങാറാണല്ലോ പതിവ്. എന്നാൽ ആക്രൈസ്തവരെയും, നമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരെയും ക്രിസ്തീയതയുടെ സുന്ദര മുഖം കാണിക്കാൻ ഇതല്ലാതെ വേറെ എന്താണ് വഴി? അങ്ങനെ അതിൽ കുറച്ചു പേർക്കെങ്കിലും ജീസസ് യൂത്തുമായി അടുക്കാൻ ഇത് ആദ്യ പടി ആകുകയും ചെയ്യുന്നു.
യേശുവിൻറെ ജീവിതമാണ് മാതൃക
കഥയും കവിതയും വചനവും എല്ലാം യേശു തന്റെ പഠനങ്ങളിൽ ക്രമീകരിച്ചതു പോലെ തന്റെ ജീവിതത്തിൽ യാത്രയും വിരുന്നും ആഘോഷങ്ങളും സുഹൃദ്ബന്ധങ്ങളും എല്ലാം യേശു കൂട്ടി ചേർത്തു. ഈശോ ചെയ്തതു പോലെ ഈ സാംസ്കാരിക ചേരുവകൾ വേണ്ടരീതിയിൽ വിശ്വാസ ജീവിതവും കൂട്ടായ്മയും ഒക്കെയായി കൂട്ടിച്ചേർക്കുകയാണ് നമ്മുടെയും വഴി.
ജോൺപോൾ രണ്ടാമൻ പാപ്പ ആൽമായരുടെ ജീവിതത്തെയും ദൗത്യത്തെയും കുറിച്ച് പരാമർശിക്കുമ്പോൾ എടുത്തുപറയുന്ന ഒരു കാര്യമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയ ഉതപ്പ് വിശ്വാസവും ജീവിതവും തമ്മിലുള്ള പിളർപ്പാണ്. അതായത്, ദേവാലയത്തിലും പ്രാർത്ഥനാ ഗ്രൂപ്പിലും ഉള്ള ജീവിതവുമായി ജോലി കുടുംബം ആഘോഷങ്ങൾ വിനോദം തുടങ്ങിയവയ്ക്ക് ഒരു ബന്ധവും ഇല്ലാതായി തീരുന്നു. വിശ്വാസവും സുവിശേഷവും ജീവിതത്തിൻറെ എല്ലാ മേഖലകളുമായി എങ്ങനെ ബന്ധപ്പെടുത്താനാകും എന്ന് യേശു കാണിച്ചു തന്നു. അതുതന്നെയാണ് ജീസസ് യൂത്ത് വഴിയും. യേശുവിൻറെ കാലത്ത് ഭക്ഷണവും ഒത്തുകൂടലും യാത്രകളും വിരുന്നുകളും ഒക്കെ ജീവിതത്തിലെ രസകരമായ കാര്യങ്ങൾ ആയിരുന്നതുപോലെ ഇന്ന് പാർട്ടിയും പിക്നിക്കും വിനോദ യാത്രകളും കുടുംബ ആഘോഷങ്ങളും സൗഹൃദ വേദികളും ഒക്കെയാണ് നാം വിശ്വാസ ജീവിതവുമായി കൂട്ടിച്ചേർക്കേണ്ടത്. ഈ സുന്ദരകാര്യങ്ങൾ എങ്ങനെ നന്നായി ഇടകലർത്താനാകുമോ അത്രയധികം സുവിശേഷവൽക്കരണവും ആളുകൾക്ക് ക്രൈസ്തവ ജീവിതത്തിലേക്ക് കടന്നു വരാനുള്ള സാധ്യതയും വർദ്ധിക്കുകയും ചെയ്യും.
നിറവുള്ള ജീവിതം
ജീസസ് യൂത്ത് ജീവിത ദർശനത്തിന്റെ ഒരു വഴിത്തിരിവായിരുന്നു 1982 ജനുവരി മാസം കേരളത്തിലെ എല്ലാ യുവജന നേതാക്കൾക്കും വേണ്ടി എറണാകുളത്ത് മഞ്ഞുമ്മൽ വച്ച് നടത്തിയ സ്വയാവബോധ പരിശീലനം. “ഞാൻ വന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ആണ്” എന്ന യേശുവിൻറെ വാക്കുകളിൽ അധിഷ്ഠിതമായ ഒരു രൂപീകരണം. ദൈവത്തിൻറെ സുന്ദരസൃഷ്ടിയായി ഞാൻ എന്നെ തന്നെ കണ്ടെത്തണം, എൻറെ കഴിവുകളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ് അംഗീകരിച്ച് ഞാൻ കൂട്ടായ്മയിൽ അവയെല്ലാം ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം, പുഞ്ചിരിയുടെയും ആഘോഷത്തിന്റെയും ഒക്കെ ഒരു ആധ്യാത്മികത നമ്മുടെ ഇടയിൽ വളരണം, ഇത്തരം ചിന്തകൾ നമ്മുടെ ഇടയിൽ വളർന്നുവന്നത് ആ പരിശീലനം മുതലാണ്.
തുടർന്നുവന്ന ഫസ്റ്റ് ലൈൻ ഗ്രൂപ്പിലെ ചിന്തകളെല്ലാം ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു. ഇതേ തുടർന്ന് നല്ല പല പ്രായോഗിക തുടക്കങ്ങളും ഉണ്ടായി. എൻറെ കഴിവുകളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ നല്ലതാണെന്നും കർത്താവ് സമ്മാനിച്ച ഇവയെല്ലാം ഏറ്റവും ഭംഗിയായി ഉപയോഗിച്ച് വളരാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്ന ചിന്തയും നമ്മുടെ ഇടയിൽ അനേക മിനിസ്ട്രികൾ വളർന്നുവരാൻ ഇടയാക്കി.
ജീസസ് യൂത്തിനെ നാമിന്ന് കാണുന്നത് വിരസമായ ഒരു ആധ്യാത്മികതയുടെ വേദിയായല്ല, മറിച്ച് ക്രിസ്തീയ സന്തോഷത്തിന്റെയും ക്രിയാത്മകതയുടെയും നിറവും പ്രസരിപ്പും ദൃശ്യമാകുന്ന ഒരു സുന്ദര ഇടമായാണ്. അതുകൊണ്ടുതന്നെ യുവജനങ്ങൾക്ക് ഈ വേദി ആകർഷകമാണ്. അതോടൊപ്പം അതിലേക്ക് കടന്നുവരുന്നവർക്ക് സ്വയം കണ്ടെത്താനും എല്ലാ നന്മകളും പ്രകാശിതമാകാനും വഴി തുറക്കുകയും ചെയ്യുന്നു.
ഇഷ്ടങ്ങൾ - കഴിവുകൾ - ദൗത്യം - തൊഴിൽ
കർത്താവിൽ എല്ലാം നവീകരിക്കപ്പെടുന്നു (വെളി 21:5) കർത്താവിൽ ആയിരിക്കുന്നവൻ ഒരു പുതിയ സൃഷ്ടിയാണ് (2 കോറി 5:17) എന്നൊക്കെ പറയുമ്പോൾ ജപ്പാനീസ് ഭാഷയിലെ ഇക്കിഗായി (ikigai = അർത്ഥസമ്പുഷ്ട ജീവിതം) എന്ന ആശയമാണ് മനസ്സിൽ വരുന്നത്. ഈ ചിന്തയിൽ ജീവിതത്തിലെ പ്രധാന നാല് മേഖലകൾ ഒന്നിച്ചു വരുമ്പോഴാണ് സന്തോഷവും അർത്ഥപൂർണ്ണമായ ഒരു ജീവിതവും സാധ്യമായി തീരുന്നത്. ഇവ വേറിട്ട് കിടന്നാൽ ജീവിതം വികലമായിത്തീരും. എന്താണ് ഈ മേഖലകൾ? ആദ്യതലം എൻറെ ഇഷ്ടങ്ങളും താല്പര്യങ്ങളും, അടുത്തത് കഴിവുകളും നൈപുണ്യങ്ങളും, മൂന്നാമത്തെത് ഞാൻ എൻറെ ചുറ്റുപാടുമുള്ള ലോകത്തിൽ അനുഷ്ഠിക്കുന്ന ദൗത്യങ്ങൾ, അടുത്തത് എൻറെ തൊഴിൽ. ഇവ നാലും വേണ്ട രീതിയിൽ കൈകോർക്കുമ്പോൾ ജീവിതം അർത്ഥപൂർണ്ണമായി തീരും.
“കലാപരമായ കാര്യങ്ങളിലാണ് എൻറെ താൽപര്യo. അവിടെയാണ് എൻറെ എല്ലാ സ്വപ്നങ്ങളും. എന്നാൽ ഞാൻ ചെയ്യുന്ന ഓഫീസ് ജോലിയുമായി ഇതിന് യാതൊരു ബന്ധവുമില്ല. എൻറെ സമയo മുഴുവനും അത് അപഹരിക്കുകയും ചെയ്യുന്നു. എനിക്ക് ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല.” ഒരു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞുവച്ചത് പോലെ എത്രയോ പേർക്ക് ജീവിത സംഘർഷങ്ങൾ പങ്കുവയ്ക്കാനുണ്ടാകും! എന്നാൽ ഒരു പടി കൂടി കടന്ന് എന്റെ പ്രാർത്ഥന ഉള്ളിൽ ഉണർത്തുന്ന പ്രചോദനങ്ങൾ എൻറെ ജീവിതമേഖലകളുമായി ഒട്ടും ബന്ധപ്പെടുന്നില്ലെങ്കിൽ ഞാൻ അനുഭവിക്കുന്ന സംഘർഷം. അപ്പോൾ എൻറെ ആധ്യാത്മിക യാത്ര വിരസമായ ഒരു ചടങ്ങ് പോലെ ആയിത്തീരും. പലരുടെയും ജീവിതത്തിൽ അവരുടെ വിശ്വാസവും പ്രാർത്ഥനയും അവരുടെ കഴിവുകളും സ്വപ്നങ്ങളും ഒക്കെയായി യാതൊരു ബന്ധവുമില്ലാതെ പോകുന്നു. അങ്ങനെ അവരുടെ ആന്തരീക ജീവിതം ഏറെ ശുഷ്കമാകുകയും ചെയ്യുന്നു.
എന്താകണം നല്ല ജെ-വൈ ദർശനം?
യേശു മുന്നോട്ടുവയ്ക്കുന്ന ജീവൻറെ പൂർണ്ണത ഞാൻ ജീവിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തിൽ അതിന്റെ ശൈലിയിൽ പരിശീലിക്കാൻ സാധിക്കുന്ന ഒരു വേദിയാകണം ജീസസ് യൂത്ത്. പുതിയ വീഞ്ഞും പുത്തൻ തോൽക്കുടവും. സ്നേഹ നിറവായ ദൈവം എന്നെ സൃഷ്ടിച്ചത് ഈ ലോകത്തിൽ അനേക നന്മ പ്രവർത്തികൾ ചെയ്യാനുള്ള ആഗ്രഹവും സ്വപ്നങ്ങളും മനസ്സിൽ നിറച്ചുകൊണ്ടാണ്. അതിനുതകുന്ന ഒത്തിരി കഴിവുകളും ജീവിത സാഹചര്യങ്ങളും ഒരുക്കി ഒരു പ്രത്യേക ഭവനത്തിലും സമൂഹത്തിലും എന്നെ നിയോഗിച്ചിരിക്കുന്നു. ക്രൈസ്തവ വിളി എന്നെ സഹായിക്കേണ്ടത് ഈ സ്വപ്നങ്ങളും കഴിവുകളും എൻറെ ആധ്യാത്മികതയുമായി കൂട്ടിച്ചേർത്തുകൊണ്ട് ഉപയോഗിക്കാനാണ്. അതിന് എൻറെ കൂട്ടായ്മ നല്ലൊരു വേദിയാകണം. ഇത്തരം ഒരു വേദിയാണ് ജീസസ് യൂത്ത്.
മത്തായി 25 ലെ ഉപമയിൽ കിട്ടിയ താലന്തുകൾ വളർത്തിയവരെ യജമാനൻ അഭിനന്ദിക്കുന്നു. എന്നാൽ ഭയത്തോടു കൂടി അത് കുഴിച്ചിട്ടവരെ ശകാരിക്കുന്നു. അപ്പോൾ ഒരു ചിന്ത ചില അദ്ധ്യാത്മിക പ്രബോധനങ്ങൾ ഉണർത്തുന്ന ഭയത്തിന്റെ വഴിയിൽ എൻറെ കഴിവുകളും ഇഷ്ടങ്ങളും ഒക്കെ കുഴിച്ചുമൂടാൻ ഇടയായാൽ ദൈവത്തിന്റെ സുന്ദര പദ്ധതിയാണ് പരാജയപ്പെടുക. മറിച്ച് യേശുവും സഭയും നമ്മെ ഉദ്ബോധിപ്പിക്കുന്ന പ്രകാരം കഴിവുകളും ആഗ്രഹങ്ങളും കൂട്ടായ്മയിൽ കൈകോർത്ത് നന്മ പ്രവർത്തികൾക്കായി ഉപയോഗിച്ചാൽ ഇന്ന് നാം ജീവിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തിൽ ദൈവരാജ്യം വളരാൻ ഏറെ എളുപ്പമാകും.
ജീസസ് യൂത്തിന്റെ ‘ഇക്കിഗായി’ ക്രമീകരണത്തിൽ ദൈവാത്മ പ്രചോദനമാണ് ഹൃദയഭാഗത്ത്. ആത്മാവുണർത്തുന്ന യേശു കേന്ദ്രീകൃത ശൈലി എന്റെ ഹോബികൾ, വിനോദങ്ങൾ ജീവിതാവേശങ്ങൾ കുടുംബ-തൊഴിൽ മേഖലകൾ തുടങ്ങിയവയൊക്കെ ഒക്കെ ഒന്നുണർത്തി സമന്വയിപ്പിക്കാനും ചലിപ്പിക്കാനും തുടങ്ങുമ്പോൾ ആത്മാവിന്റെ ഫലങ്ങൾ പ്രകടമാകും. ആവഴിയിൽ ദൈവരാജ്യം വളരുകയും എന്റെ ജീവിത വിശുദ്ധി ഉറപ്പാകുകയും ചെയ്യും.
Comments
Post a Comment