ആത്മീയ ശീലങ്ങൾ വളര്‍ത്തുന്നതിലാകണം നമ്മുടെ ശ്രദ്ധ (MJYR079)

 ആത്മീയ ശീലങ്ങൾ വളര്‍ത്തുന്നതിലാകണം നമ്മുടെ ശ്രദ്ധ 

(By Dr. Edward Edezhath - Published in Kairos Malayalam in 2022)

കഴിഞ്ഞ ദിവസം പ്രാർത്ഥനാ ഗ്രൂപ്പിലെ ഒരു സന്ദേശം ഇതായിരുന്നു: “നിങ്ങളിൽ നല്ല ശീലങ്ങൾ ഞാന്‍ വളര്‍ത്തുന്നു; നിങ്ങളുടെ സ്വഭാവം ഞാന്‍ രൂപപ്പെടുത്തുന്നു. ഈ വഴിയേ നടക്കുക, സ്വർഗ്ഗീയ ആനന്ദത്തിനായി ഞാൻ നിങ്ങളെ ഒരുക്കും.” തുടർന്ന് ഗലാത്യർ 3:27-നെക്കുറിച്ചായി ഗ്രൂപ്പിലെ ചര്‍ച്ച. 'ക്രിസ്തുവിനെ ധരിക്കുക' എന്ന അപ്പസ്തോലന്‍റെ ആഹ്വാനമാണ് പ്രധാന ശ്രദ്ധാ കേന്ദ്രമായത്. ആദ്യം പങ്കുവച്ച സംഗീത വിവരിച്ചത് കല്യാണ പാർട്ടിക്കുള്ള തയ്യാറെടുപ്പാണ്. "ഒരുങ്ങി കണ്ണാടിയിലേക്ക് നോക്കുമ്പോൾ, ഒരു തോന്നലുണ്ട്‌, ഞാൻ സുന്ദരിയാണല്ലോ." ക്രിസ്തുവിന്‍റെ രീതികള്‍ ഞാന്‍ സ്വീകരിക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന ആത്മാഭിമാനം അതില്‍ എത്രയോ അധികമാണ്.  തുടര്‍ന്ന്‍ കൂട്ടായ്മയിലെ മറ്റുള്ളവര്‍ ഓരോരുത്തരായി അവരുടെ ജീവിതത്തിൽ പടിപടിയായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി, ചിലര്‍ ഏറെ ശ്രമിച്ചിട്ടും മാറ്റാനാവാത്ത തഴക്കങ്ങളെക്കുറിച്ചും. 

ശീലങ്ങള്‍ പിന്നെ ജീവിതശൈലിയാകും

ഈ പങ്കുവയ്ക്കലുകള്‍ കേട്ടപ്പോൾ എന്‍റെ ചിന്ത   ശീലങ്ങൾ വളര്‍ത്താന്‍ മുന്നേറ്റത്തില്‍ നല്‍കേണ്ട ഊന്നലിനെക്കുറിച്ചായിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു മുന്പ് ജീസസ് യൂത്തിന്‍റെ ദര്‍ശന രൂപീകരണ ചര്‍ച്ചകള്‍ക്കിടെ വ്യക്തികള്‍ക്ക് നല്‍കേണ്ട “ഫോളോ-അപ്പിനെ” സംബന്ധിച്ച് ഏറെ ചിന്തകള്‍ ഉണ്ടായി. യുവാക്കള്‍ക്ക് യേശുവില്‍ വളരാന്‍ ഒരു ധ്യാനമോ കുറേ ക്ലാസ്സുകളോ പോരാ. ഒരു ധ്യാനം വരുത്തുന്ന വലിയ മാറ്റത്തിനുശേഷം മിക്കവരും ജീവിത വ്യഗ്രതകളില്‍ വീണുപോകുന്നത് സാധാരണ അനുഭവമാണ്. ഈ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ മുന്നേറ്റ ദര്‍ശനം ചെറുപ്പക്കാരുടെ ജീവിത ശൈലി മാറ്റുന്നതിനെ പറ്റിയായിരുന്നു. ഓരോരുത്തരുടെയും സാഹചര്യങ്ങളില്‍ അവര്‍ക്ക് വ്യക്തിപരമായ അനുധാവനവും കൂട്ടായ്മയുടെ പിന്‍ബലവും ഉറപ്പാക്കിയാണ് ഇത് സാധിക്കേണ്ടത്. 

ഒന്നോര്‍ത്താല്‍, നമ്മളൊക്കെ കുറെ പതിവു രീതികളുടെ ആകെത്തുകയല്ലേ? ആ ശീലങ്ങളില്‍ ചിലത് നല്ലത്, മറ്റുള്ളവ മോശം. “ക്രിസ്തുവിനോപ്പം ബോധപൂര്‍വ്വമായ പ്രയാണം” അതാണല്ലോ നല്ല ക്രൈസ്തവ ജീവിതം. അല്ലെങ്കിൽ സ്വയാവബോധത്തില്‍ വളരുകയും കർത്താവിന്റെ പ്രതിച്ഛായയിലേക്ക് വളരാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സമീപനം. ഇതുമായി ബന്ധപ്പെടുത്തി മഹാത്മാഗാന്ധിയുടെ വാക്കുകള്‍  ഓർക്കുന്നത് നല്ലതാണ്, “നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകൾ വാക്കുകളാകുന്നു, വാക്കുകൾ നിങ്ങളുടെ പ്രവൃത്തികളാകുന്നു, പ്രവൃത്തികൾ ശീലങ്ങളാകുന്നു, ശീലങ്ങൾ നിങ്ങളുടെ മൂല്യങ്ങളാകുന്നു, മൂല്യങ്ങൾ നിങ്ങളുടെ ജീവിതഗതിയായിത്തീരുന്നു.” അങ്ങനെയെങ്കില്‍ നമ്മുടെ അനുദിന ജീവിതത്തില്‍ വളരേണ്ട കുറേ കൊച്ചുകൊച്ചു ശീലങ്ങള്‍ വ്യക്തിജീവിതത്തിലും കൂട്ടായ്മയിലും നാം വളര്‍ത്തേണ്ടി വരും.

മനശാസ്ത്രം സൂചിപ്പിക്കുന്ന “ഫ്ലോ സ്റ്റേറ്റ്” 

എന്താണ് ഈ ശീലങ്ങൾ? പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ “വിചാരത്താലും, വാക്കാലും, പ്രവൃത്തിയായും, ഉപേക്ഷയാലും” വന്ന വീഴ്ചകള്‍ നാം ഓര്‍ക്കാറുണ്ട്. അപ്രകാരം തന്നെ നമ്മുടെ മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ, സംഭാഷണങ്ങള്‍, വിനിമയ രീതികള്‍, നമ്മുടെ പ്രവൃത്തികള്‍ പിന്‍വാങ്ങലുകള്‍ എന്നീ തലങ്ങളിലൊക്കെ നമ്മള്‍ ശ്രദ്ധിക്കുകയും ശൈലികള്‍ രൂപപ്പെടുത്തുകയും ചെയ്യുകയല്ലേ ക്രിസ്തീയ വളര്‍ച്ച? അങ്ങനെ ചിന്തിക്കുമ്പോള്‍ ഭക്ഷിക്കുക, കുടിക്കുക, ശ്വസിക്കുക, പ്രാർത്ഥിക്കുക, വായിക്കുക, എന്നു തുടങ്ങി നമ്മുടെ ചിന്ത, സംസാരം, പ്രവൃത്തി എന്നീ മേഖലകളിലെല്ലാം നാം ശീലങ്ങള്‍ വളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടിവരും.  

“എല്ലായിടത്തും ഞാൻ വളരെ മാന്യനാണ്, പക്ഷേ വീട്ടിൽ സംസാരിക്കുമ്പോൾ എന്റെ വേറൊരു വശം പുറത്തുവരും,” ഗ്രൂപ്പിൽ കേട്ട ഒരു പരാമര്‍ശം. “ഞാൻ ഒരു 30 മിനിറ്റ് പ്രാർത്ഥനയോടെ ദിവസം ആരംഭിക്കുകയാണെങ്കിൽ, ആ ദിനം നന്നായി പോകു൦,” മറ്റൊരാൾ പറഞ്ഞു. “ആർക്കും ഊഷ്മളമായ പുഞ്ചിരി നൽകുക എന്നത് ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ഒന്നാണ്. പറ്റുമെങ്കില്‍, ഒരു കുശലാന്വേഷണം നടത്തി ഞാന്‍ തുടങ്ങും.” ഒരു യുവതിയുടെ നല്ല ശീലം. “ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ ഞാൻ വിശ്വസ്തനായിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ എന്റെ പ്രശ്നം ഞാൻ ആളുകളെ വേഗത്തിൽ വിലയിരുത്തുകയും മിക്കവാറും നെഗറ്റീവ് രീതിയിൽ ചിന്തിക്കുകയും ചെയ്യുന്നു എന്നതാണ്.” പ്രാർത്ഥനായോഗത്തിൽ ക്രമവും കൃത്യനിഷ്ഠയും പാലിക്കുക എന്നത് മറ്റൊരാൾ വളർത്തിയെടുക്കാൻ ആഗ്രഹിച്ച ശീലമായിരുന്നു. പട്ടിക അനന്തമായി തുടരാം.

എന്നാല്‍ ഈ മേഖലകളില്‍ നാം എങ്ങനെയാണ് മുന്നേറെണ്ടത്? ഏതൊരു കഴിവും വളരാന്‍ തുടര്‍പരിശീലനം വേണം. ഒരു സംഗീതോപകരണം ഉപയോഗിക്കുന്നതോ, സ്‌പോർട്‌സ്, നൃത്തം, പാചകം എന്നിവയോ ഒക്കെ തുടക്കത്തിൽ ഏറെ സങ്കീർണ്ണവും ബുദ്ധിമുട്ടുള്ളതുമാണ്, പക്ഷേ നല്ല പരിശീലനം നമ്മെ ലളിതസുന്ദരമായ ഒരു ഘട്ടത്തിലേയ്ക്ക് നയിക്കും. ഹംഗേറിയൻ അമേരിക്കൻ മനഃശാസ്ത്രജ്ഞന്‍ മിഹാലി സിക്സെന്റ്മിഹാലി ഈ ഘട്ടത്തെ 'ഫ്ലോ സ്റ്റേറ്റ്' എന്നാണ് വിളിക്കുന്നത്. അതായത്, ഏറെ സങ്കീർണ്ണമായ ഒരു പ്രവർത്തി തീര്‍ത്തും അനായാസമായും ആസ്വാദനത്തോടെയും പൂർണ്ണ ശ്രദ്ധയോടെ ചെയ്യുന്ന ഒരവസ്ഥ. എന്നാൽ ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ സന്തോഷകരമായ “ഒഴുക്കോടെ”, എളുപ്പമുള്ള ശീലമാക്കി മാറ്റുന്നതിന് നമുക്ക് ഏറെ 'ആന്തരിക ഉത്തേജനം'  അല്ലെങ്കിൽ ‘ഉള്‍ചേദന” വേണ്ടിവരും എന്നാണ് മിഹാലി സൂചിപ്പിക്കുന്നത്. വിശുദ്ധ പൗലോസും ഇത്തരം ഒരു യാത്രയ്ക്ക് നമ്മെ വെല്ലുവിളിക്കുന്നു, "നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണ൦വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങൾക്കു സാധിക്കും." (റോമ. 12:2)

സന്തോഷ പ്രകൃതിയിലേയ്ക് നയിക്കുന്ന  ശീലങ്ങളാകണം 

ഒരാളുടെ ചോദ്യം: "ശീലങ്ങൾ വളര്‍ത്തുമ്പോള്‍, ചില വീരപുരുഷന്മാരെ അന്ധമായി അനുകരിക്കുക എന്നൊരു അപകടമില്ലേ?" ഏറെ ശരിയാണത്. "അനുകരണം ആത്മഹത്യയാണ്." എന്‍റെ പഴയ ഇടവക വികാരി മറ്റെല്ലാവരും പള്ളിയില്‍നിന്ന്‍ പോയാലും അവിടെ പ്രാര്‍ത്ഥനയില്‍ തുടരുന്ന സ്ത്രീകളെ വീടുകളിലേയ്ക് പറഞ്ഞയക്കുമായിരുന്നു, “പോയി കുടുംബത്തെ നോക്കൂ, അതാണ് ദൈവം ആഗ്രഹിക്കുന്നത്!” വികലമായ അനുകരണം എന്‍റെ ഉത്തരവാദിത്വങ്ങള്‍ മറക്കാന്‍ ഇടയാക്കും, തീര്ച്ച.

അതുല്യമായ എന്‍റെ പ്രത്യേകതകള്‍, ജീവിതദൗത്യ൦ എന്നിവയെ സംബന്ധിച്ച ശരിയായ സ്വയാവബോധം നല്ല ശീലങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന തുടക്കമാണ്. നാമെല്ലാം അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയാണ് ഗ്ലാമര്‍താരങ്ങളോടുള്ള അഭിവാഞ്ജ. ഇത് ദൂരെയുള്ള വിശുദ്ധാരോ അയൽപക്കത്തെ നേതാക്കളോ ഒക്കെ ആകാം. സ്വയം അംഗീകരിച്ച്, കർത്താവ് എനിക്ക് നൽകിയിട്ടുള്ള ചെറിയ കാര്യങ്ങൾ കെട്ടിപ്പടുത്ത് (മത്തായി 25:21), മനോഹരവും സന്തോഷകരവുമായി ഞാന്‍ കണ്ടെത്തിയവ വളര്‍ത്തുകയാണ് നല്ല ആദ്ധ്യാത്മിക ശീലങ്ങള്‍ പരിശീലിച്ചു വളരാനുള്ള ലളിതമായ വഴി.

ആന്തരികത – ബന്ധങ്ങള്‍ - ഫലദായകത്വം

"നാം ആരും ഒറ്റപ്പെട്ട തുരുത്തുകളല്ല". നല്ല ജീവിതശൈലി മെനഞ്ഞെടുക്കാന്‍ ഒരാളെ ഏറ്റം സഹായിക്കുന്ന ഘടകങ്ങളാണ് അതിനുതകുന്ന സ്നേഹകൂട്ടായ്മയും അതിന്‍റെ സംസ്കാരവും. “ജീവന്‍ അതിന്‍റെ സമൃദ്ധിയില്‍ ഉണ്ടാകാന്‍” എന്ന ജീസസ് യൂത്ത് പ്രചോദനവാക്യ൦ മുന്നെറ്റത്തില്‍ അത്തരമൊരു പിന്തുണയുടെ അന്തരീക്ഷം ഉറപ്പുവരുത്തുന്നു. ജെ-വൈ ജീവിതശൈലിയുടെ “ആറ് സ്തൂപങ്ങള്‍” ആന്തരികത, കൂട്ടായ്മ, മിഷനറി ഫലദായകത്വം എന്നീ അത്യാവശ്യ ശീലങ്ങളുടെ സന്തുലിതാവസ്ഥയുടെ സൂചനയുമാണല്ലോ.

ഒരിക്കല്‍ മുന്നേറ്റത്തെക്കുറിച്ച് രസകരമായ ഒരു പരാമര്‍ശം ഞാന്‍ കേട്ടു. “ചില കമ്പനികള്‍ക്ക് അവരുടെ മാത്രമായ ഒരു വ്യാപാര രഹസ്യമുണ്ടാകും. ജീസസ് യൂത്തിനും അപ്രകാരം അനന്യമായ ഒരു പ്രത്യേകതയുണ്ട്.”   രസകരമായ കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ യുവാക്കളെ യേശുവിലെയ്ക്ക് ആകര്‍ഷിക്കുകയും, തുടര്‍ന്ന്‍ ജീവിത ബന്ധിയായി സഭാജീവിതത്തില്‍ ഊന്നിയ ജീവിത ശൈലിയില്‍ വളര്‍ത്തുകയും ചെയ്യുന്നതാണ് പക്വമായ ജീസസ് യൂത്ത് പ്രവര്‍ത്തന രീതി. മികച്ച ശീലങ്ങൾ പഠിപ്പിക്കുന്നതല്ല സ്വയം പിടിച്ചെടുക്കുന്നതാണ്. അത് സജീവമായ ഒരു സമൂഹത്തിൽ ഏറ്റവും ഫലപ്രദമായി സ്വീകരിക്കപ്പെടുന്നു. ജീവിതശൈലികള്‍ പരിശീലിപ്പിക്കുക എളുപ്പമല്ല, കുറെയെല്ലാം സ്വാംശീകരിച്ചു വളരണം. ഒരുപക്ഷേ, ശക്തമായ ക്ലാസുകള്‍ക്കും പ്രകോപിപ്പിക്കുന്ന ശകാരങ്ങള്‍ക്കും ഉപരി ഒരു ചെറു കൂട്ടായ്മയില്‍ സ്വസ്ഥമായിരുന്നു സംസാരിക്കാനുള്ള അവസരങ്ങളാകും യേശുവിന്‍റെ പ്രതിച്ഛായയില്‍ വളരുന്നതിനുള്ള ഏറ്റവും നല്ല സഹായം.

ഞാന്‍ ആരംഭിച്ചത് ഞങ്ങളുടെ ഗ്രൂപ്പില്‍ ലഭിച്ച ഒരു പ്രവചനവും തുടർന്നുള്ള ചർച്ചയും പരാമര്‍ശിച്ചു കൊണ്ടാണ്. ചര്‍ച്ചയുടെ സംഗ്രഹം ഇതായിരുന്നു: “പൂർണ്ണത ലക്ഷ്യമാക്കിയുള്ള ഒരു പ്രയാണത്തിന് കർത്താവ് നമ്മെ ക്ഷണിക്കുന്നു. ആനന്ദ പൂര്‍ണതയായ നിത്യജീവിതത്തിലേയ്ക്കുള്ള വിളിയുമാണത്. പക്വമായ ഒരു ക്രിസ്‌തീയ ജീവിതം നയിക്കുന്നതിനുതകുന്ന ശീലങ്ങൾ എങ്ങനെ വളർത്താം എന്ന്‌ പരിശോധിച്ചുകൊണ്ടാണ് നാം മുന്നേരേണ്ടത്.”

നാമെല്ലാം പാടുമായിരുന്ന ഒരു പഴയ ഇംഗ്ലീഷ് ഗാനം ഇത് സുന്ദരമായി അവതരിപ്പിക്കുന്നുണ്ട്: “ലിറ്റില്‍ ബൈ ലിറ്റില്‍ എവ്~രി ഡേ . . . ജീസസ് ഇസ് ചെയ്ഞ്ചിങ് മീ”  (മെല്ലെ, മെല്ലെ ദിനം തോറും . . . യേശു എന്നെ മാറ്റുന്നു). ഇത് പഴയനിയമത്തിലെ പ്രസിദ്ധമായ ഒരു വചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാം. “സകലത്തിലും അങ്ങയുടെ അക്ഷയ ചൈതന്യം കുടികൊള്ളുന്നു. പാപികള്‍ അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കാന്‍ അങ്ങ് അധര്‍മികളെ പടിപടിയായി തിരുത്തുന്നു.” (ജ്ഞാനം 12:1,2). സുന്ദരവും സഹായകവുമായ ശീലങ്ങൾ നമ്മില്‍ വളർത്തി യേശുവിന്റെ പ്രതിച്ഛായയിലേക്ക് നമ്മെ രൂപപ്പെടുത്താനുള്ള കർത്താവിന്‍റെ സുന്ദര പദ്ധതിയുമായി സഹകരിച്ചു നമുക്ക് മുന്നേറാം.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)