സന്തോഷനിറവില്‍ ഒന്നിച്ചൊരു യാത്ര, അതാണ് ജെ-വൈ സ്പിരിറ്റ് - JY Synodal path: 1 (MJYR081)
സന്തോഷനിറവില്‍ ഒന്നിച്ചൊരു യാത്ര, അതാണ് ജെ-വൈ സ്പിരിറ്റ്
ജീസസ് യൂത്തും സിനഡൽ പാതയും - 1
(By Dr. Edward Edezhath - Published in Kairos Malayalam in 2022)
ഏറെ വർഷങ്ങൾക്ക് മുമ്പു നടന്ന ഒരു ജെ-വൈ ടീന്‍സ് നേതൃ പരിശീലനം ഓര്‍ക്കുന്നു. എനിക്ക് നല്‍കിയ വിഷയം 'യേശുവിനൊപ്പം ഒരു പുതിയ ജീവിതശൈലി'. “ഗ്രൂപ്പ് ഒന്നിച്ച് നടന്നുവേണം വിഷയം അവതരിപ്പിക്കാന്‍” ചാക്കോച്ചൻ നേരത്തേതന്നെ നിര്‍ദ്ദേശം തന്നു. “വരണ്ട നദീതടത്തിലൂടെ നടന്ന് നമ്മള്‍ മല കയറും. നമ്മള്‍ യാത്ര ചെയ്യുമ്പോൾ സംസാരിക്കണം. ഇടയ്ക്ക് വേണമെങ്കില്‍ വഴിയിലെ പാറയിൽ ഇരിക്കാം, ചുറ്റും കൂടി ചര്‍ച്ചയുമാകാം” ഏതായാലും ആ ക്ലാസ്സ് ഏറെ രസകരവും അവിസ്മരണീയവുമായി. ഒന്നോര്‍ത്താല്‍ ജീസസ് യൂത്ത് ശൈലി എന്താകണം എന്നതിന്‍റെ ഒരു ഉപമ പോലെ ആയി അത്. 'ഒരുമിച്ചുള്ള യാത്ര – പരസ്പര സംഭാഷണം - ദൗത്യ നിര്‍വ്വഹണം’.
എന്താണ് സിനഡല്‍ രീതി?
സമീപകാലത്ത്, സഭ ഒരു അസാധാരണ കാല്‍വയ്പ് നടത്തുകയാണ്, "സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ്" എന്നപേരില്‍ പരസ്പരം കേള്‍ക്കുകയു൦ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു ദ്വിവര്‍ഷ പ്രക്രിയ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. സിനഡുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ 'സിനഡാലിറ്റി' അല്ലെങ്കില്‍ സിനഡല്‍ രീതി എന്ന പ്രയോഗം നമുക്ക് വിചിത്രമായി തോന്നാം.
ദൈവജനമെന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയാണ് സിനഡാലിറ്റി. രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണത്, 'സീന്‍' ഒരുമിച്ച്, 'ഓദോസ്' – വഴി/യാത്ര, അങ്ങനെ, സിനഡ് - ഒരുമിച്ചുള്ള യാത്ര. ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയാന്‍ സഭാംഗങ്ങളെ ഓരോരുത്തരെയും ശ്രദ്ധിക്കുകയും അങ്ങനെ പൊതു ദൗത്യത്തിലേയ്ക്ക് മുന്നേറുകയും ചെയ്യുന്ന രീതി. ഓരോ വ്യക്തിയേയും ഉണര്‍ത്തുകയും കൂട്ടായ്മയില്‍ വളര്‍ത്തുകയും ദൈവരാജ്യ പ്രവര്ത്തനതിലെയ്ക് നയിക്കുകയും ചെയ്യുന്ന ദൈവത്മ പ്രവര്‍ത്തനത്തിന്‍റെ സൂചനമാണ് സിനഡാലിറ്റി.അടിസ്ഥാന ജെ-വൈ ശൈലി
മുന്നേറ്റത്തെ പരിചയപ്പെടുമ്പോള്‍ ചിലരെങ്കിലും ചോദിക്കുന്ന ഒരു കാര്യമുണ്ട്, “ഗ്രൂപ്പില്‍ ഇത്രയധികം പേര്‍ എങ്ങനെ ഏറെ തീക്ഷ്ണമതികളും മിഷനറി ചൈതന്യ൦ ഉള്ളവരും ആയി തീരുന്നു?” മറുപടിയായി ദൈവാത്മ പ്രവര്‍ത്തനത്തോടുള്ള തുറവിയോടെ വന്നുചേരുന്ന വലിയ മാറ്റമാണിത് എന്ന്‍ ഞാന്‍ സൂചിപ്പിക്കാറുണ്ട്. തീര്‍ച്ചയായും അതിന്‍റെ തുടര്‍ച്ചയായി നാം ചര്‍ച്ച ചെയ്യേണ്ടത് ജീസസ് യൂത്തിലുള്ള സിനഡാത്മക രീതിയെക്കുറിച്ച് കൂടെയാണ്.
ഞങ്ങളുടെ സബ് സോണിലെ യൂത്ത് കുടുംബങ്ങള്‍ ഈയിടെ ഒത്തുകൂടി. ഓരോ കുടുംബവും സ്വയം പരിചയപ്പെടുത്തുകയും മറ്റുള്ളവര്‍ അവരുടെ നല്ല പ്രവർത്തനങ്ങളെപറ്റി കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഒത്തുചേരൽ ആരംഭിച്ചത്. ആഹ്ലാദകരമായ ആശയവിനിമയത്തിന്റെ ഉജ്ജ്വല സമയമായി അത് മാറി. പിന്നെ ജിബ്‌സനും ലിന്റനും പാട്ടുകള്‍ പഠിപ്പിച്ചും സ്തുതികള്‍ പങ്കുവച്ചും ഞങ്ങളെ പ്രാർത്ഥനയില്‍ നയിച്ചു. തുടര്‍ന്ന്‍ എല്ലാവരും അവരവരുടെ ജീവിതസാഹചര്യങ്ങളിൽ അവര്‍ ചെയ്യുന്ന ദൗത്യ സംരംഭങ്ങളെക്കുറിച്ച് പങ്കുവെച്ചു. അവയെല്ലാം ലളിതമെങ്കിലും ഇടുറ്റ നന്മയുടെയും സ്നേഹ ബന്ധങ്ങളുടെയും ക്രിയാത്മക കാല്‍വയ്പുകലായിരുന്നു. സഹപ്രവർത്തകര്‍ അയൽക്കാര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം മാർഗനിർദേശവും, സഹായവും, പിന്തുണയും ഒക്കെ നല്‍ക്കുന്ന വൈവിധ്യമാർന്ന സംരംഭങ്ങൾ. എല്ലാവരും വളരെ ആവേശത്തോടെ സംസാരിച്ചു, എല്ലാവരിൽ നിന്നും ഒരുപാട് പഠിക്കാനുമുണ്ടായിരുന്നു.
ഈ ചടുലത മിക്ക ജീസസ് യൂത്ത് കൂട്ടായ്മകളിലും കാണാനായിട്ടുണ്ട്. ഇതിനെയല്ലേ ഫ്രാൻസിസ് മാർപാപ്പ സിനഡല്‍ ശൈലി എന്ന്‍ വിശേഷിപ്പിക്കുന്നത്? മൂന്ന് ഘടകങ്ങളാണ് സഭ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിക്കാട്ടുന്നത് - കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം, ഇതെല്ലാം സാദ്ധ്യമാകുന്നതോ പരിശുദ്ധാത്മാവിന്‍റെ സജീവ സാന്നിധ്യത്താലും.
കൂട്ടായ്മയും സ്നേഹ നിറവിന്‍റെ ശൈലിയുമാണ് ഓരോ ജീസസ് യൂത്ത് ഗ്രൂപ്പിന്റെയും സവിശേഷത. ഇത് ആത്മ സാന്നിധ്യത്തിന്റെ ദൃശ്യഫലമാണ്, അങ്ങനെ നാം ത്രിത്വൈക ജീവിതത്തിൽ പങ്കുചേരുന്നു. ഇതിന്‍റെ ഫലമോ, ക്രിസ്തുശരീരമാകുന്ന കൂട്ടായ്മയുടെ ഭാഗമാകാനും കർത്താവിനെയും മറ്റെല്ലാവരെയും കേള്‍ക്കാനും നാമുക്ക് ഏറെ താല്പര്യമുണ്ടാകുന്നു. ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗവുമാണ് ഈ ശ്രവിക്കൽ. സംവാദത്തിലും ചർച്ചയിലും എല്ലാവരും സജീവമാകുമ്പോൾ ആ ഗ്രൂപ്പ് എല്ലാവർക്കും ആസ്വാദ്യകരമാവുകയും അതിൽ നിന്ന് മിഷനറി സംരംഭങ്ങൾ മുളപൊട്ടുകയും ചെയ്യും. ഇതാണ് ഒരു സമൂഹത്തിലെ സിനഡൽ രീതി.
സിനഡൽ പാതയില്‍ മുന്നേറുന്നത് എങ്ങനെ?
സ്നേഹസമൂഹ രൂപീകരണവും അതിലെ മിഷനറി ഫലദായകത്വവു൦ ദൈവാത്മ പ്രവര്‍ത്തനത്തിന്‍റെ അത്ഭുത ഫലങ്ങളാണ്. ഒരു നല്ല ജീസസ് യൂത്ത് ഗ്രൂപ്പ് ഇത്തരം ദൈവാത്മ പ്രവര്‍ത്തനത്തിന്‍റെ ഉത്തമ അടയാളവുമാണ്. ആ സിനഡല്‍ പാതയുടെ പടികള്‍ ഏതെല്ലാമാണ്?
1. ആത്മാവില്‍ ചരിക്കുന്നവര്‍: ആത്മാവിന്‍റെ വഴിയില്‍ സജീവമായി മുന്നേറുന്നവരുറെ ഒത്തുവരവാണ് ഒരു നല്ല ജീസസ് യൂത്ത് കൂട്ടായ്മ. കർക്കശ പദ്ധതികളും അജണ്ടകളും നടപ്പിലാക്കുകയല്ല, മറിച്ച് ആത്മിയ സന്തോഷത്താൽ നയിക്കപ്പെട്ട് കർത്താവിന്‍റെ വഴി പിന്‍ചെല്ലുന്നവരാണ് അവര്‍. ആത്മാവിൽ നയിക്കപ്പെടുന്നു എന്ന ഈ അവബോധം ഒരു ജെ-വൈ ഗ്രൂപ്പിനെ ഏറെ വ്യത്യസ്തമാക്കുന്നു..
2. വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഒത്തുകൂടുന്നു: ഓരോ വ്യക്തിയും കൂട്ടായ്മയും 'കാലത്തിന്റെ അടയാളങ്ങൾ വായിക്കുന്നതില്‍ ജാഗരൂകരായാല്‍ ചുറ്റുപാടും ഉയരുന്ന വെല്ലുവിളികളെ കുറിച്ച് ആഴത്തിൽ ബോധമുള്ളവരാകും. ഈ അവബോധവും അവയെ നേരിടാനുള്ള സന്നദ്ധതയും ക്രിസ്തീയ പാതയിൽ ചരിക്കുന്നതിന്‍റെ സുപ്രധാന അടയാളങ്ങളാണ്.
3. ഒറ്റയ്‌ക്കല്ല, ഒരുമിച്ച്: ഒരുമിച്ചുവരുന്നതിന്‍റെ ആനന്ദവും സഹോദരങ്ങളുമായി ബന്ധപ്പെടാനുള്ള ആഗ്രഹവും ഒരു സ്‌നേഹ ശ്രുംഖല കെട്ടിപ്പടുക്കുന്നതിനുമുള്ള കർത്താവിന്റെ സുന്ദര പദ്ധതി നിറവേറ്റാൻ എന്നെ സഹായിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ഒരു ജെ-വൈ കൂട്ടായ്മ സജീവ ക്രൈസ്തവ ജീവിതത്തിന്‍റെ തുടർച്ചയും ഒപ്പം നല്ലോരു ആത്മീയ സംസ്കാരത്തിന്‍റെ വളര്‍ച്ചയും സാധ്യമാകുകയും ചെയ്യുന്നു.
4. ആരും നിസ്സാരരല്ല: സമൂഹത്തിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്, കാരണം ഓരോരുത്തരും ദൈവത്തിന്‍റെ വിലയേറിയ മക്കളും സുശക്തമായ ഉപകരണങ്ങളുമാണ്. ഈ ചെറിയവരെ ആദരവോടെ ശ്രവിക്കുന്നത് ആത്മാവിന്റെ യഥാർത്ഥ പ്രേരണകൾ കേൾക്കാനും ദൗത്യത്തിലേക്ക് കാര്യക്ഷമമായി നീങ്ങാനുമുള്ള സുനിശ്ചിത പാതയാണ്.
5. പോരാടാനും കെട്ടിപ്പടുക്കാനും: യേശുവിന്റെ ദൗത്യത്തിന്റെ രണ്ട് വശങ്ങൾ ചുറ്റുമുള്ള അഴിമതിക്കെതിരെ പോരാടുകയും ദൈവത്തിന്റെ സ്‌നേഹരാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നതാണ്. ജീസസ് യൂത്ത് കൂട്ടായ്മയിലെ ദൈവാത്മ പ്രവർത്തനം അത്തരം ക്രിയാത്മക സംരംഭങ്ങളുടെ ദൃശ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നു.
നമ്മുടെ ഇടയില്‍ ദൈവാത്മാവ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകള്‍ നമ്മെ സഹായിക്കും: “കൃത്യമായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് ഈ സിനഡലിറ്റിയുടെ പാതയാണ്. കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് ഒരർത്ഥത്തിൽ "സിനഡ്" എന്ന വാക്കിൽ തന്നെയുണ്ട്. ഒരുമിച്ചുള്ള യാത്ര എന്നത് വാക്കുകളിൽ അവതരിപ്പിക്കാൻ എളുപ്പമുള്ള ഒരു ആശയമാണ്, എന്നാൽ പ്രായോഗികമാക്കാൻ അത്ര എളുപ്പവുമല്ല. (17 ഒക്ടോബർ 2015 ലെ പ്രഭാഷണം).
ദൈവത്തിന് നന്ദി! ജീസസ് യൂത്ത് മുന്നേറ്റത്തില്‍ ഈ സിനഡൽ സമീപനം ഏറെ സജീവമാണ്. അതോടൊപ്പം കൂട്ടായ്മ, പങ്കാളിത്ത൦, ദൗത്യബോധം എന്നീ ഊന്നലുകളും സുവ്യക്തം. ഈ പാതയിലൂടെയാണ് നാം എന്നും സഞ്ചരിച്ചത്, ഈ ദിവസങ്ങളിൽ സഭ ഈ ശൈലിയെ സംബന്ധിച്ച് കൂടുതൽ വ്യക്തത നൽകുകയും അതേ ദിശയിൽ മുന്നോട്ട് പോകാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ആഗ്രഹവും പ്രാര്‍ഥനയും ഇതാകണം: സിനഡല്‍ ചൈതന്യത്തില്‍ കൂടുതൽ തീക്ഷ്ണതയുള്ളവരാകാന്‍ ദൈവാത്മാവ് നമ്മെ നയിക്കട്ടെ!
Comments
Post a Comment