പാവകളി ആദ്ധ്യാത്മികതയും ജീസസ് യൂത്തും (MJYR033)

പാവകളി ആദ്ധ്യാത്മികതയും ജീസസ്  യൂത്തും

(By Dr. Edward Edezhath - Published in Kairos Malayalam in 2018)

രംഗം, കോളേജ്‌ ക്ലാസ്മുറി. കഥാപാത്രങ്ങൾ, ജോസഫ്‌, ഓസ്റ്റിന്‍, ലേഖകന്‍, പിന്നെ ക്രൈസ്തവരും അല്ലാത്തവരുമായ കുറേപേര്‍. വിഷയം ആദ്ധ്യാത്മികത.

ജോസഫ്‌ രൂക്ഷഭാവത്തില്‍ തന്റെ വാദമുഖങ്ങളുമായി കത്തിക്കയറുന്നു. “ഈ മതവും പറഞ്ഞു നടക്കുന്നവരെ ഒക്കെ എനിക്കു പുച്ഛമാണ്‌. സ്വന്തം ചിന്തയും അഭിപ്രായങ്ങളുമെല്ലാം ഒന്നും നോക്കാതെ മറ്റുള്ളവര്‍ക്ക്‌ അടിയറവു വയ്ക്കുന്നവര്‍. അള്‍ത്താരയിലും പ്രസംഗപീഠത്തിലും നിന്ന്‌ എന്തുപറഞ്ഞാലും അതു മുഴുവന്‍ വിഴുങ്ങും. അവിടെ നില്ക്കുന്ന ചിലരോ കുരങ്ങുകളിപ്പിക്കാന്‍ വിദഗ്ദര്‍. കൈപൊക്കാനും പിന്നെ അലറാൻ പോലും പറഞ്ഞാല്‍ കുഞ്ഞാടുകള്‍ അതു പൂര്‍ണമായും ചെയ്യും എന്നറിയാവുന്നവര്‍. ഒരുതരം ഹിപ്‌നോട്ടിസം. അല്ല, നല്ലൊരു പാവകളി, അതാണ്‌ ഈ ആദ്ധ്യാത്മികത. പേടിയും അതിൽനിന്നു വരുന്ന അടിമത്തവുമാണ്‌ ഇവരുടെ സ്ഥായീഭാവം.”

കൂടിനില്‍ക്കുന്നവരില്‍ ചിലര്‍ ഇതുമായി പൂര്‍ണമായും യോജിക്കുന്നു എന്ന്‌ മുഖഭാവം വ്യക്തമാക്കുന്നു. ചിലര്‍ ഏറെ അസ്വസ്ഥരായി ഇതോട്‌ വിയോജിക്കുന്നെങ്കിലും എന്തുപറയണമെന്നറിയാതെ പരുങ്ങുന്നു. കൂട്ടത്തിൽ ഓസ്റ്റിന്‍ മാത്രം ഒരു പ്രതിഷേധമുയര്‍ത്തി. “ജോസഫേ, നിനക്ക്‌ ചെറുപ്പത്തിന്റെ തിളപ്പാണ്‌. ഒരു പ്രായമായി, പെണ്ണും പ്രാരബ്ധവും ഒക്കെയാകുമ്പോള്‍ നീ നല്ല ഭക്തനാകും, നോക്കിക്കോ." തുടര്ന്നുള്ള പൊട്ടിച്ചിരി എല്ലാവരുടേയും പിരിമുറുക്കത്തിന്‌ ഒരയവുവരുത്തി.

ജോസഫിനോട്‌ അപ്പോള്‍ പ്രതികരിക്കേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന സഭയും വിശ്വാസജീവിതവും അവന്‍ കാണുന്നില്ല. അവന്‌ പ്രാര്‍ത്ഥനയെന്നാല്‍ ഭീരുവിന്റെ ഒളിച്ചോട്ടമാണ്‌, പള്ളിയില്‍ കാണുന്നതെല്ലാം ചിന്താശക്തി നഷ്ടപ്പെട്ട മരപ്പാവകളുടെ ജീവനില്ലാത്ത ചേഷ്ടകളാണ്‌. ആദ്ധ്യാത്മിക വചകക്കസര്‍ത്തും ധ്യാനച്ചടങ്ങുകളുമെല്ലാം എവിടെകണ്ടാലും കൂടുതൽ അവജ്ഞയാണവന. എന്തിനു പറയുന്നു, ആദ്ധ്യാത്മികതയെ പുച്ഛിച്ചുതള്ളുന്ന വലിയൊരു ഗണം യുവാക്കളുടെ ഒരു പ്രതിനിധി മാത്രമല്ലെ ഇവന്‍.

ഒരുകാര്യം നന്നായി, ഇവന്‌ കാര്യമായ ബൈബിൾ പരിജ്ഞാനമില്ല അല്ലെങ്കിൽ ഇതിനെല്ലാം പിന്തുണ നല്കുന്ന വചനഭാഗങ്ങള്‍ അവന്‍ ഉദ്ദരിച്ചേനേ. “ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തികൊണ്ട്‌ അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്ന (2 തിമോ. 3:5) വിശ്വാസികളെ യേശുനാഥന്‍ നിശിതമായി വിമര്‍ശിക്കുന്നത്‌ ധാരാളമായി ബൈബിളില്‍ കാണാം. **ഭയത്തിലേയ്ക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല്‌' മറിച്ച്‌ പുത്രസദൃശ്യമായ സ്വാത്രന്ത്യത്തിന്റെ ആദ്ധ്യാത്മികതയ്കുവേണ്ടി പൗലോസ്‌ ശ്ലീഹാ വാദിക്കുന്നതും (റോമ. 8:15) എല്ലാം ജോസഫിനു സുപരിചിതമല്ലാത്തത്‌ ആ ചര്‍ച്ച ബൈബിള്‍ അധിഷ്ടിതമായി മുന്നേറാതിരിക്കാന്‍ സഹായിച്ചു. പക്ഷേ ആ ചർച്ചയിൽ പൊങ്ങിവന്ന ഒരു രൂപകം അതിശക്തമെന്ന്‌ എനിക്കുതോന്നി. ആദ്ധ്യാത്മികത ഒരു പാവക്കൂത്താകാന്‍ സാദ്ധ്യതയുണ്ട്‌. എന്താണ്‌ പാവകളി? ജീവനും സ്വാത്രന്ത്യവുമില്ലാത്ത പാവകളെ ആരോ എന്തിനോവേണ്ടി ചരടുവലിക്കുന്നു, എന്തെക്കയോ ചെയ്യിപ്പിക്കുന്നു. നല്ല കഥയാകാം ആ കളിക്കാരന്‍ പാവകളെവച്ച്‌ അവതരിപ്പിക്കുന്നത്‌, പക്ഷേ ആ പാവകൾ ജീവന്‍ നിഷേധിക്കപ്പെട്ടവരാണ്‌, ബുദ്ധിയും ആലോചനയും പാടില്ലാത്തവരാണ്‌, സ്വന്തമെന്നൊന്ന്‌ അവര്‍ക്ക്‌ പാടില്ല. ഇപ്രകാരം ചിന്തപാടില്ലാത്ത പാവകളെ തേടുന്ന മതാചാര്യന്മാരെ ജോസഫ്‌ വെറുക്കുന്നതില്‍ ഓരോ മനുഷ്യനേയും തന്റെ ഛായയിലും സാദൃശ്യത്തിലും രൂപപ്പെടുത്തിയ പിതാവായ ദൈവം കുറ്റം കാണുമെന്നു തോന്നുന്നില്ല. യേശു ലക്ഷ്യം കണ്ട *ജീവന്റെ സമൃദ്ധിയും (യോഹ 10:10) ഈ പാവകളിയാകില്ലല്ലോ.

എന്നാല്‍ ജോസഫ്‌ കാണാതെപോകുന്ന ഒരു കാര്യമുണ്ട്‌. ബോധപൂര്‍വ്വം, കാര്യങ്ങള്‍ മനസിലാക്കി തീരുമാനമെടുത്ത്‌ ദൈവതിരുമുന്‍പിൽ ഒത്തുചേരുന്ന വിശ്വാസിയുണ്ട്‌. അവനും അവളും പാവയല്ല, മറിച്ച്‌ സുന്ദരമായ വലിയ ഓര്‍ക്കസ്ട്രായില്‍ സംഗീതവിരുന്നിനായി സ്വന്തഭാഗം പക്വമായി ചിട്ടയോടെ അവതരിപ്പിക്കാന്‍ പങ്കാളിത്തം പേറുന്നവര്‍. അറിവില്ലാതെ നോക്കുന്നവര്‍ക്ക്‌ നൂറുകണക്കിനു സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഒരു ഓര്‍ക്ക്സ്ത്റാ കണ്ടക്ടറുടെ ആംഗ്യങ്ങള്‍ക്കനുസരണം ഗാനശില്ലം തീര്‍ക്കുന്നത്‌ വെറും പാവകളിയായി തോന്നാം. പക്ഷേ അത്‌ അറിവില്ലായ്മയാണ്‌. ആദ്ധ്യാത്മികത ആന്തരീകമായതിനാല്‍ പുറത്തുനിന്ന്‌ അതിനെ വിധിക്കുക ഏറെ പ്രയാസമായിത്തീരുന്നു. എന്നാല്‍ ജോസഫും ഒപ്പം ഇന്നത്തെ ധാരാളം യുവജനങ്ങളും എന്നെ പഠിപ്പിക്കുന്ന പാഠം ഭക്താനുഷ്ടാനങ്ങള്‍ വെറും പാവക്കൂത്താകാന്‍ ഏറേ സാദ്ധ്യതയുണ്ട്‌ അത്‌ ദൈവേഷ്ടമല്ല, മറിച്ച്‌ അത്‌ ഒരു സുന്ദര സംഗീത ശില്ലമാകണം. അത്‌ അവിടുത്തെ തിരുമുന്‍പില്‍ പ്രീതികരമാണ്‌. 

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)