ജീസസ്‌ യൂത്ത്‌ നേതൃസംവിധാനങ്ങൾ (MJYR013)

ജീസസ്‌ യൂത്ത്‌ നേതൃസംവിധാനങ്ങൾ 

ജീസ്സസ്‌ യൂത്ത്‌ മാര്‍ഗ്ഗരേഖ പരിചയപ്പെടാം - 4

(By Dr. Edward Edezhath - Published in Kairos Malayalam in 2016)

ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലെ നേതൃസംവിധാനങ്ങളുടെ ഘടനയേയും രൂപീകരണത്തേയും കുറിച്ചാകട്ടെ ഇപ്രാവശ്യത്തെ ചര്‍ച്ച. സഭാനേതൃത്വം  അംഗീകരിച്ച മാര്‍ഗ്ഗരേഖയില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഈ വിഷയത്തിലെ പ്രധാന കാര്യങ്ങള്‍ ഏവയെന്നുനോക്കാം. ഒരു ആദ്ധ്യാത്മിക മുന്നേറ്റമായതുകൊണ്ടുതന്നെ ജീസസ്‌ യൂത്തിലെ ലീഡര്‍ഷിപ്പ്‌ സംവിധാനങ്ങള്‍ ഏറെ ലളിതമാണ്‌. ഒരു സംഘടനയില്‍ നിന്നും വ്യത്യസ്ഥമായി ഒരു മുന്നേറ്റത്തിന്റെ പ്രധാന

ഊന്നല്‍ അതിന്റെ ദൗത്യത്തിനും നേടിയെടുക്കാനുള്ള ലക്ഷ്യങ്ങള്ക്കുമാണല്ലോ. അതുകൊണ്ടുതന്നെ ഒരു മുന്നേറ്റത്തിലെ നേതൃ സംവിധാനങ്ങൾ ദൗത്യനിര്‍വ്വഹണത്തിനു ചേര്‍ന്നരീതിയിൽ അയവും വഴക്കവും ഉള്ളതാകും. ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലും അധികം സങ്കീര്‍ണ്ണതകളൊന്നുമില്ലാത്ത ലളിതമായ നേതൃത്വ ഘടനയാണുള്ളത്‌.

അല്പം ചരിത്രം 

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യുവ നേതാക്കളെയും ഗ്രൂപ്പുകളെയും ബന്ധപ്പെടുത്തി ഒരു ശൃംഖല തീർക്കണം എന്ന ആശയം രൂപപ്പെട്ടത് 1970 കളുടെ അവസാനത്തിലാണ്. അങ്ങനെ 1978 ൽ മൂന്നുപേർ അടങ്ങുന്ന ആദ്യ ടീം രൂപീകൃതമായി, ഫാ. ജസ്റ്റിൻ പിൻഹീറോ, സി സി ആലിസ്കുട്ടി, എഡ്വേർഡ് എടേഴത്ത് (കൺവീനർ) എന്നിവരായിരുന്നു അംഗങ്ങൾ. ആ സമിതിയുടെ ഉദ്ദേശം യുവനേതാക്കളെ കണ്ടെത്തി അവരെ ഒന്നിച്ചു കൊണ്ടുവരുക എന്നതായിരുന്നു. ആ വർഷം പല ഒത്തുവരവുകളും പരിശീലനങ്ങളും സംഘടിപ്പിക്കുകയും ആ ഡിസംബറിൽ 800 പേരോളം ഒത്തു ചേർന്ന ഒരു യുവജന സമ്മേളനം നടത്തുകയും ഉണ്ടായി. ആ ടീമിന്റെ തുടർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു 1981 ൽ അടുത്തൊരു ടീം രൂപീകൃതമായി. അഞ്ചുപേർ അടങ്ങിയ ആ സമിതിയുടെയും കൺവീനർ എഡ്വേർഡ് ആയിരുന്നു. അടുത്തവർഷം കെ വൈ സി ടി (കേരള യൂത്ത് സെൻട്രൽ ടീം) എന്ന പേരോടെ പുതിയ സമിതി രൂപീകൃതമായി, ഫാ. എബ്രഹാം പള്ളിവാതുക്കൽ പാസ്റ്ററും, എഡ്വേർഡ് ഇടേഴത്ത് കൺവീനറും. ആ സമിതിയാണ് 'ജീസസ് യൂത്ത് 85' സംഘടിപ്പിച്ചത്.

 കേരളത്തില്‍ ഒതുങ്ങിയിരുന്ന ഈ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങൾക്ക്‌ തുടർന്നും ചുക്കാന്‍ പിടിക്കാന്‍ കെവൈസിടി ആയിരുന്നു. ആദ്യമെല്ലാം ടീമിനു നേതൃത്വം നല്‍കുന്നത് ഒരു കണ്‍വീനറായിരുന്നു. പിന്നീട്‌ 1988 ൽ ടി സി ജോസഫ് നേതൃത്വം ഏറ്റെടുത്തതിനൊപ്പം  നേതൃസ്ഥാനത്തിന്‌ കോഓര്‍ഡിനേറ്റര്‍ എന്ന പേരായി. മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങൾ സജീവമായ പ്രദേശങ്ങളെ പിന്നീട്‌ സോണുകളായി തിരിച്ച്‌ അതിന്‌ സോണൽ ടീമുകളും ഉണ്ടാക്കി. കുറച്ചു വര്‍ഷങ്ങള്ക്കു ശേഷം മുന്നേറ്റത്തിന്‌ കൂടുതൽ വളര്‍ച്ച പ്രാപിച്ചപ്പോള്‍ 1998 ൽ ദേശീയ തലത്തിൽ ആദ്യ ഇന്ത്യാ ദേശീയ സമിതി (ജെ വൈ എൻ ടി) രൂപീകൃതമായി. മനോജ് സണ്ണി ആദ്യ ദേശീയ തല കോ ഓർഡിനേറ്റർ. തുടർന്ന്  വിവിധ രാജ്യങ്ങളിലും വിവിധ തലങ്ങളിലുള്ള ടീമുകളുമുണ്ടായി. 2002 ൽ അന്തര്‍ദ്ദേശിയ ടീമും രൂപംകൊണ്ടു. മനോജ് സണ്ണി തന്നെയായിരുന്നു ആദ്യ അന്തർദ്ദേശീയ (ജെ വൈ ഐ ടി) കോഓർഡിനേറ്റർ.  

അടുത്ത കാലത്തു വന്ന ഒരു പ്രധാന മാറ്റം തെരഞ്ഞെടുക്കപ്പെട്ട ഔചാരിക ജീസസ്‌ യൂത്ത്‌ നേതൃസംവിധാനങ്ങളെ കൗണ്‍സില്‍ എന്നും മറ്റുള്ളവയെ ടീം എന്നും വേര്‍തിരിച്ചു വിളിക്കാന്‍ തുടങ്ങി എന്നതാണ്‌. കൗൺസിൽ, ടീം നേതൃത്വത്തെ കോ ഓർഡിനേറ്റർ എന്നും സമിതിയിലെ പ്രധാന വൈദികനെ ചാപ്ലിൻ എന്നും വിളിക്കുന്നു. മുൻപ് പാസ്റ്റർ എന്ന പേരിലാണ് വൈദികൻ അറിയപ്പെട്ടിരുന്നത്.  

മുന്നേറ്റത്തിലെ നേതൃതലങ്ങള്‍ 

ഇന്ന്‌ ജീസസ്‌ യൂത്ത്‌ മുന്നേറ്റം അനേകരാജ്യങ്ങളില്‍ വേരുറച്ചു വളര്ന്നുകഴിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള രാജ്യങ്ങളിൽ ഒരു ദേശീയ കണ്‍സില്‍ മുന്നേറ്റത്തിനു നേതൃത്വം നല്കുന്നു. അതിനു കീഴില്‍ റീജ്യനുകള്‍. രാജ്യത്തിന്റെ വലുപ്പമനുസരിച്ചാകും റീജ്യനുകളുടെ എണ്ണം. മിക്ക വിദേശ രാജ്യങ്ങളിലും റീജ്യനുകള്ക്കു കിഴിൽ ജീസസ്‌ യൂത്ത്‌ ഹൌസ്‌ ഹോള്‍ഡുകളും ഗൂപ്പുകളും മറ്റു വിവിധ പ്രവര്‍ത്തനങ്ങളും ക്രമീകരിക്കപ്പെടുന്നു. റീജ്യനല്‍ തലത്തില്‍ ഒരു ജീസസ്‌ യൂത്ത്‌ റീജ്യനല്‍ കൗൺസില്‍. അങ്ങനെ കേരളവും കര്‍ണാടകയും എല്ലാം ഓരോ ജീസസ്‌ യൂത്ത്‌ റീജ്യനുകള്‍. കേരളത്തിലെ നേതൃസമിതിയെ കെജെവൈസി - കേരള ജീസസ്‌ യൂത്ത്‌ കണ്‍സില്‍ എന്നു വിളിക്കുന്നു. ഇന്ത്യയിലെ മിക്ക റീജ്യനുകളുടെ കീഴിലും സോണുകളും രൂപീകരിച്ചിട്ടുണ്ട്‌. കേരളത്തില്‍ കെജെവൈസിക്കുകീഴില്‍ ഇരുപതിലധികം സോണുകള്‍! സോണുകള്‍ക്ക്‌ സോണൽ കയൺണ്‍സിലുകളും. പലയിടങ്ങളിലും ഇതിനു കീഴില്‍ സബ്സോണുകളും ഉണ്ട്‌.

ഇന്നിപ്പോള്‍ ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിലെ നേതൃശ്രേണികള്‍ ഇപ്രകാരമാണ്‌. അഗോളതലത്തിൽ ഒരു അന്തര്‍ദ്ദേശീയ കണ്‍സില്‍, അതിനു കീഴില്‍ ഒരോ രാജ്യത്തെയും മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാന്‍ ദേശീയ കണ്‍സില്‍, അതിനു കീഴില്‍ റീജ്യനല്‍ കയണ്‍സിലുകള്‍. മുന്‍പു പറഞ്ഞതുപോലെ പലയിടങ്ങളിലും ഇതാകും അപ്രദേശത്തെ അടിസ്ഥാന കോഓര്‍ഡിനേറ്റിങ്ങ്‌ സംവിധാനം.  

കൗണ്‍സിലുകളുടെ ഘടന

കോഓര്‍ഡിനേറ്ററാണ്‌ ഒരു കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങൾക്ക്‌ നേതൃത്വം നല്കുക. അയാളെ സഹായിക്കാന്‍ ഒരു അസിസ്റ്റന്റ്‌ കോഓര്‍ഡിനേറ്ററും. അന്തര്‍ദ്ദേശീയ കയൺസിലിൽ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാൻ ഒരു ഫിനാന്‍സ്‌ കോഓര്‍ഡിനേറ്ററുമുണ്ടാകും. വൈദികരുടേയും മുതിര്‍ന്നവരുടേയും സാന്നിദ്ധ്യമാണ്‌ ജീസസ്‌ യൂത്ത്‌ നേതൃസമിതികളുടെ ഒരു പ്രത്യേകത. എല്ലാ കൗണ്‍സിലുകളിലും ഒരു ചാപ്ലിന്‍ സഹായിക്കാനുണ്ടാകും. ഒരു കത്തോലിക്കാ വൈദികനാണ്‌ ജീസസ്‌ യൂത്ത്‌ ചാപ്ലിൻ. കയൺസിലില്‍ പങ്കുകൊള്ളൂന്ന മുതിർന്നവരെ അനിമേറ്റേഴ്‌സ്‌ എന്നാണുവിളിക്കുക. മുതിര്‍ന്ന അല്‍മായരോ, സന്യസ്ഥരോ, വൈദികരോ ആകാം ഈ ആനിമേറ്റേഴ്‌സ്‌.

അന്തര്‍ദ്ദേശീയ കയണ്‍സിലിലെ അംഗങ്ങളുടെ എണ്ണം എട്ടിനും പന്ത്രണ്ടിനും മധ്യേ ആയിരിക്കും. കൂടാതെ ഫോര്‍മേഷന്‍, മിഷന്‍, വൈദികരുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വമുള്ളവര്‍ എക്സ്ഒഫീഷ്യോ അംഗങ്ങളയി കയൺസിലില്‍ ഉണ്ടാകം. അന്തര്‍ദ്ദേശീയ തലത്തിൽ മുന്നേറ്റത്തെ സഹായിക്കാനായി കൗൺസിലിന്റെ നിര്‍ദ്ദേശ്രപകാരം നിയമിതനാകുന്ന ഒരു മെത്രാനും ഉണ്ടായിരിക്കും. പൊന്തിഫിക്കൽ അല്‍മായ കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അദ്ദേഹം എക്ലേസിയാസ്റ്റിക്കൽ അഡ്വൈസര്‍ എന്നാകും അറിയപ്പെടുക. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള അന്തര്‍ദ്ദേശീയ കണ്‍സില്‍ ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഒന്നിച്ചുവരേണ്ടതുണ്ട്‌.

കൗണ്‍സിലുകളുടെ രൂപീകരണം

ജീസസ്‌ യൂത്ത്‌ മുന്നേറ്റത്തിൽ നേതൃടീം രൂപീകരണത്തിന്‌ തനതായ ഒരു ശൈലിയുണ്ട്‌, പ്രാരഭകാലം മുതൽ തുടങ്ങി അനേക വര്‍ഷങ്ങളിലൂടെ രൂപം പ്രാപിച്ച ഒന്നാണ്‌ അത്‌. കാലാകാലങ്ങളില്‍ മുന്നേറ്റത്തിന്റെ നേതൃത്വ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവരെ കണ്ടെത്തുന്ന ഈ തനതുരീതി ചെറിയ ചില പുനര്‍ക്രമീകരണത്തോടെ സ്റ്റാട്യൂട്ടിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌.

ഓരോ തലങ്ങളിലേയും ജീസസ്‌ യൂത്ത്‌ നേതൃ സംഗമങ്ങളിലാണ്‌ കൗൺസിലുകൾ തെരഞ്ഞെടുക്കപ്പെടുക. ഈ നേതൃ സംഗമങ്ങൾ ജീസസ് യൂത്ത് അസംബ്ലി എന്ന് അറിയപ്പെടുന്നു. അപ്രകാരം അന്തര്‍ദ്ദേശീയ കൗൺസിലിനെ അന്തര്‍ദ്ദേശീയ അസംബ്ലി തെരഞ്ഞെടുക്കും, സോണല്‍ അസംബ്ലി സോണൽ കൗൺസിലെനെ തെരഞ്ഞെടുക്കും. 

ആരായിരിക്കും ഈ നേതൃസംഗമങ്ങളിലെ അംഗങ്ങൾ? ഏറ്റം താഴെ വരുന്ന സോണൽ അസബ്ലിയില്‍ ആ മേഖലയിലെ എല്ലാ ജീസസ്‌ യൂത്ത്‌ അംഗങ്ങളും ഒന്നിച്ചുചേരും. ഈ അടിസ്ഥാന സംഗമത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഉപരി കൗണ്‍സിലുകളെ തെരഞ്ഞെടുക്കുന്ന അസംബ്ലികളില്‍ അംഗങ്ങളായിരിക്കും. അങ്ങനെ പുതിയ ക്രമീകരണമനുസരിച്ച്‌ ജീസസ്‌ യൂത്ത്‌ ശ്രേണിയിൽ ഏറ്റം താഴെ വരുന്ന പ്രാദേശിക നേതൃസംഗമം ആപ്രദേശത്തെ കൗണ്‍സിലിനെ കണ്ടെത്തുക മാത്രമല്ല ഉപരി കയണ്‍സിലുകളെ തെരഞ്ഞെടുക്കാനുള്ള നേതൃസംഗമങ്ങളില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെ തെരഞ്ഞെടുക്കുക കൂടി ചെയ്യണം.

നിലവിലുള്ള കൗണ്‍സിലാണ്‌ അടുത്ത കണ്‍സില്‍ തെരഞ്ഞെടുപ്പിനായുള്ള നേതൃ അസംബ്ലി വിളിച്ചുകൂട്ടുക. പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തെരഞ്ഞെടുപ്പു പ്രകിയ നയിക്കുന്ന ഡിസേണ്‍മന്റ്‌ ടീമിൽ ഇപ്പോഴത്തെ ചാപ്ലിനും കോഓര്‍ഡിനേറ്ററും മുതിര്‍ന്ന മൂന്ന്‌ അംഗങ്ങളും ഉണ്ടായിരിക്കും. വേണ്ട ചർച്ചകളിലൂടെ രൂപപ്പെടുന്ന ഒരു പാനൽ അവതരിപ്പിക്കപ്പെടുകയും അതിനു മേൽ അസംബ്ലിയിലുള്ളവർ  രഹസ്യ വോട്ടിങ്ങ്  നടത്തിയുമാണ് കൗണ്‍സില്‍ അംഗങ്ങളെ തീരുമാനിക്കുക. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കൗണ്‍സില്‍ ഒന്നിച്ചുചേര്‍ന്ന്‌ കോഓര്‍ഡിനേറ്ററേയും അസിസ്റ്റന്റ്‌ കോഓര്‍ഡിനേറ്ററേയും കണ്ടെത്തുകയും ചെയ്യും. പുതുതായി രൂപപ്പെടുന്ന കൗൺസിൽ തന്നെയാണ് ചാപ്ലിൻ, ആനിമേറ്റർമാർ, മറ്റു പ്രധാന ഉത്തരവാദിത്വങ്ങൾ എടുക്കേണ്ടവർ എന്നിവരെ തീരുമാനിക്കുകയും നിയമിക്കുകയും ചെയ്യുന്നത്.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)