ജീസ്സസ് യൂത്ത് മാര്‍ഗ്ഗരേഖകള്‍, അവ രൂപംകൊണ്ട വഴികൾ (MJYR009)
ജീസ്സസ് യൂത്ത് മാര്‍ഗ്ഗരേഖകള്‍, അവ രൂപംകൊണ്ട വഴികൾ
(By Dr. Edward Edezhath - Published in Kairos Malayalam in 2016)
മുന്നേറ്റത്തിന്റെ ഔചാരിക അംഗീകരത്തെക്കുറിച്ചാണ് ഇതിന് മുൻപ് ചര്‍ച്ചചെയ്തത്. സഭയിലാണെങ്കിലും പൊതു സമൂഹത്തിലാണെങ്കിലും ഇപ്രകാരമുള്ള അംഗീകരത്തിന്റെ ഏറ്റം പ്രധാന അടിസ്ഥാനരേഖ അതിന്റെ സ്റ്റാറ്റൂട്ട് (നിയമാവലി) അല്ലെങ്കില്‍ മാര്‍ഗ്ഗരേഖയാണ്. ഇപ്രാവശ്യം നാം പരിശോധിക്കുക എങ്ങനെയാണ് പടിപടിയായി ജീസ്സസ് യൂത്ത് മാര്‍ഗ്ഗരേഖ രൂപപ്പെട്ടത് എന്നതാണ്.
1976 മുതല്‍ കേരളത്തില്‍ യുവജന നവീകരണ പരിപാടികളും കൂട്ടായ്മകളും സജീവമായി, അങ്ങനെ ആ വര്‍ഷം മുതൽ ഈ മുന്നേറ്റം ബീജാവാപം നടത്തി എന്നു കരുതാം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കെഎസ്ടി (കേരള സേവന സമിതി) എന്ന പേരില്‍ നവീകരണ മുന്നേറ്റത്തിന് നേതൃസംവിധാനം ഉണ്ടായതിനൊപ്പം യുവജന മുന്നേറ്റത്തിനും ഒരു ടീം ഉണ്ടായി. സ്വാഭാവികമായും കേരള സേവന സമിതിയുടെ കീഴിലും നിര്‍ദ്ദേശമനുസരിച്ചുമാണ് യൂത്ത് ടീം പ്രവര്‍ത്തിച്ചു വന്നത്.
കേരള തല മാർഗ്ഗരേഖ
കെഎസ്‌ടിയിലാണ് വിവിധ നവീകരണ പ്രവര്‍ത്തനങ്ങൾക്കുള്ള മാര്‍ഗ്ഗരേഖകളുടെ ആദ്യരൂപം ഉണ്ടായത്. ഓരോ സമയങ്ങളിലും സമിതിയിലുണ്ടായ വിവിധ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ വിവിധ നിര്‍ദ്ദേശങ്ങളായിരുന്നു ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനം. സമിതിയുടെ കീഴിലുണ്ടായ ആദ്യത്തേതും ഏറ്റം ശകതവുമായ ശുശ്രൂഷ തീര്‍ച്ചയായും യുവജനങ്ങളെ സംബന്ധിക്കുന്നതായിരുന്നു. വര്‍ഷങ്ങളിലൂടെ കെഎസ്‌ടി ചര്‍ച്ചചെയ്തു തീരുമാനിച്ച വിവിധ വിഷയങ്ങള്‍ വൈസ് ചെയര്‍മാനായിരുന്ന മിസ്റ്റര്‍ ജെയിംസ് അബ്രഹാമിന്റെ പ്രത്യേക ശ്രമഫലമായാണ് 1988 ഓടെ ആദ്യത്തെ മാര്‍ഗ്ഗരേഖ എന്ന രൂപത്തില്‍ അംഗീകരിക്കപ്പെട്ടത്. അക്കാലഘട്ടത്തില്‍ കേരളത്തിൽ മുന്‍പറഞ്ഞ സംവിധാനത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്നേറ്റത്തിന് വേറൊരു മാര്‍ഗ്ഗരേഖയുടെ ആവശ്യം ഉണ്ടായിരുന്നില്ല.
കേരളത്തിനു പുറത്ത് ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ജീസ്സസ് യൂത്ത് മുന്നേറ്റം വ്യാപിക്കന്‍ തുടങ്ങിയത് 1990 കളിലായിരുന്നു. കേരളത്തിലെ നേതൃസംവിധാനവുമായി ബന്ധപ്പെട്ട് ആദ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പക്ഷേ കൂട്ടായ്മകളും പ്രവർത്തനങ്ങളും വിപുലമായപ്പോൾ അതതു പ്രദേശങ്ങളിൽ നേതൃസംവിധാനങ്ങള്‍ ഒരുക്കേണ്ട ആവശ്യംവന്നു. ബാംഗളൂരും മുംബയിലും ഡെല്‍ഹിയിലുമെല്ലാം കേരളത്തില്‍ നിന്നും പഠനത്തിനും ജോലിക്കും ഒക്കെ വന്നുചേര്‍ന്ന ജീസ്സസ് യൂത്ത് ചെറിയ ഗ്രൂപ്പുകള്‍ തുടങ്ങി. പിന്നീട് പല കൂട്ടായ്മകളും അവയുടെ ഒന്നിച്ചു വരവും ഒക്കെ ആയപ്പോള്‍ അതെങ്ങനെ മുന്നോട്ടുപോകണം എന്ന ചിന്തയായി.
ദേശീയ എൻ എസ് ടി മാർഗ്ഗരേഖ
ദേശീയ യുവജന പാസ്റ്ററല്‍ ടീം - എന്‍വൈപിടി - എന്ന ഒരു സമിതി രൂപീകരിച്ച് ഭാരതത്തിലെ വിവിധ കരിസ്മാറ്റിക്ക് യുവജന പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ ഒരു സംവിധാനം ഉണ്ടാക്കി. ജീസ്സസ് യൂത്ത് നേതൃ നിരയിലുളളവര്‍ അതിനു മുന്‍ കൈ എടുക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീസ്സസ് യൂത്തിന് സജീവ സാന്നിദ്ധ്യമായി. കരിസ്മാറ്റിക്ക് നേതൃത്വത്തിനു കീഴില്‍ ജീസ്സസ് യൂത്ത് ദേശീയ ഏകോപന സംവിധാനം എന്ന ആശയവും ശക്തിപ്പെട്ടു.
ഫാദര്‍ ഫിയോ മസ്ക്കരേനാസ് ആയിരുന്നു അന്ന് ദേശീയ സേവന സമിതി - എന്‍എസ്ടി -- ചെയര്‍മാന്‍. ഞാന്‍ വൈസ് ചെയര്‍മാനും. 1998 ജനുവരി മാസത്തിലെ എന്‍എസ്ടി സമ്മേളനത്തില്‍ ജീസ്സസ് യൂത്തിനെ ഒരു ദേശീയ മുന്നേറ്റമായി അംഗീകരിക്കാനുള്ള എന്റെ നിര്‍ദ്ദേശത്തിന് ഏറെ താല്ലര്യത്തോടേയുള്ള പ്രോത്സാഹനമാണ് ലഭിച്ചത്. ഒരു മാര്‍ഗ്ഗരേഖ തയ്യാറക്കാനുള്ള ദയത്യം എന്നെതന്നെ ഏല്ലിച്ചു. ആ വര്‍ഷം ജൂലായ് 3ന് ബോംബെയില്‍ നടന്ന ദേശീയ സേവന സമിതി മാര്‍ഗ്ഗരേഖ അംഗീകരിച്ചു. എന്‍എസ്ടി യുടെ കീഴില്‍ ജീസ്സസ് യൂത്ത് മുന്നേറ്റത്തെ ദേശീയ തലത്തിൽ മുന്നോട്ടു നയിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അതായി മുന്നേറ്റത്തിന്റെ ആദ്യ മാര്‍ഗ്ഗരേഖ. ആ വര്‍ഷം തന്നെ ജെവൈഎന്‍ടി എന്ന പേരില്‍ ആദ്യത്തെ ദേശീയ നേതൃ സമിതി രൂപീകൃതമായി. മനോജ് സണ്ണി അതിന്റെ കോര്‍ഡിനേറ്ററും.
ജീസസ് യൂത്ത് മാനുവൽ 2003
ഇതിനിടെ മുന്നേറ്റം മറ്റു രാജ്യങ്ങളിലും സജീവ സാന്നിദ്ധ്യമായി. ആദ്യം ഗൾഫ് രാജ്യങ്ങളില്‍. പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും സിങ്കപ്പൂരും ഒക്കെ ജീസ്സസ് യൂത്ത് ഗ്രൂപ്പുകള്‍ തുടങ്ങി. നേതാക്കള്‍ മിക്കവരും കേരളത്തില്‍ നിന്ന് പോയവര്‍ ആയിരുന്നതുകൊണ്ടും ജീസ്സസ് യൂത്തില്‍ നല്ല വ്യക്തിബന്ധങ്ങള്‍ എന്നും ഉണ്ടായിരുന്നതിനാലും ഹൃദ്യമായ ഒരു അന്തര്‍ദ്ദേശീയ ഏകോപനം സ്വാഭാവീകമായി വളര്ന്നു വന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിളിച്ചുകൂട്ടിയ ആഗോള യുവജന സമ്മേളനങ്ങള്‍ - വേള്‍ഡ് യൂത്ത് ഡേ - മുന്നേറ്റത്തിന്റെ രാജ്യാന്തര കൂട്ടായ്മയ്ക്കും വേദിയായി. 2002 ല്‍ കാനഡയിലെ ടൊറോണ്ടോയിലെ വേൾഡ് യൂത്ത് ഡേ ആദ്യ ജേ വൈ അന്തര്‍ദ്ദേശീയ നേതൃസംഗമത്തിന് വേദിയായി. അവിടെ വച്ച് മനോജിന്റെ നേതൃത്വത്തില്‍ ആദ്യ അന്തര്‍ദ്ദേശീയ സമിതി - ജെവൈഐടി - രൂപീകൃതവുമായി.
പുതിയ രാജ്യങ്ങളിലേയ്ക്കുള്ള ജേ വൈ വ്യാപനം ദൃതഗതിയിലായിരുന്നു. പലരാജ്യങ്ങളില്‍ നിന്നും ജീസ്സസ് യൂത്ത് സാന്നിദ്ധ്യത്തെപറ്റി കേൾക്കാൻ തുടങ്ങി. പക്വമായ വളര്‍ച്ചയ്ക്ക് അവരെ സഹായിക്കുക എന്നതായി പുതിയ വെല്ലുവിളി. പലരും പുതുമുഖങ്ങൾ, അവര്‍ക്ക് മുന്നേറ്റത്തെക്കുറിച്ചു നേതൃതലത്തില്‍ ഓരൊകാര്യങ്ങൾ എപ്രകാരം ചെയ്യണം എന്നതിനേക്കുറിച്ചു ധാരാളം ചോദ്യങ്ങളും. ജീസ്സസ് യൂത്ത് മുന്നേറ്റത്തിന്റെ വിവിധ വശങ്ങളും നേതൃസമിതി രൂപീകരണം, മിനിസ്ട്രീ പ്രവര്‍ത്തനം, ഓരോ മീറ്റിംങ്ങുകളും നടത്തേണ്ടരീതി, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സെല്ലുകള്‍ എന്നിവ എങ്ങനെയാകണം, എന്നു തുടങ്ങി മുന്നേറ്റത്തിന്റെ വിശദമായ ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖ എന്ന ആശയം പ്രബലമായി. ഇതു തയ്യാറാക്കുന്നതിനുള്ള ആദ്യപടിയായി നേത്രു സമിതികളില്‍ വിശദമായ ചര്‍ച്ച നടന്നു. ബേബി ചാക്കോ, മനോജ് സണ്ണി എന്നിവരുടെ കാര്യക്ഷമമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടും സഹായത്തോടും കൂടെ അനേക വട്ട ചര്‍ച്ചകള്‍ക്കും പല ഡ്രാഫ്റ്റുകളിക്കും ശേഷം 2003 ല്‍ അതിന്റെ രൂപീകരണം ഞാന്‍ പൂർത്തിയാക്കി പ്രകാശനം ചെയ്തു.
"ജീസ്സസ് യൂത്ത്: അതിന്റെ കാരിസവും പ്രവർത്തന ശൈലിയും” എന്ന ശീര്‍ഷകത്തോടെ നാലു പ്രധാന ഭാഗങ്ങള്‍ ഉള്ളതാണ് ഏ-ഫോര്‍ സൈസില്‍ 32 പേജുള്ള ആ രേഖ. 1. മുന്നേറ്റം എന്ത്? 2. പ്രവര്‍ത്തന ശൈലികള്‍, 3. മാർഗ്ഗരേഖ, 4. പൊതു ചോദ്യങ്ങൾ (എഫ് എ ക്യു).
ജീസസ് യൂത്ത് സ്റ്റാറ്റ്യൂട്ടുകൾ
ജീസ്സസ് യൂത്ത് മാനുവല്‍ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ രേഖ പിന്നീടുള്ള എല്ലാ സ്റ്റാറ്റ്യൂട്ട് ചര്‍ച്ചകളുടേയും അടിസ്ഥാനമായി. 2007 ലെ രൂപതാ തല അംഗീകാരത്തിനായി തയ്യാറാക്കിയ മാർഗ്ഗരേഖ (സ്റ്റാറ്റ്യൂട്ട്) ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു. ആദ്യം നാഗ്പൂരും പിന്നീട് വരാപ്പുഴയും അതിരൂപതകൾ 2007 ൽ ഇപ്രകാരം ജീസസ് യൂത്തിന് കാനോനിക അംഗീകാരം നൽകി. ഭാരത മെത്രാൻ സമിതി - സി ബി സി ഐ - 2008 ൽ മുന്നേറ്റത്തെ അംഗീകരിച്ചത് ഇതേ മാർഗ്ഗരേഖയെ അടിസ്ഥാനമാക്കിയാണ്.
വത്തിക്കാന്റെ അംഗീകാരമായിരുന്നു അടുത്ത പടി. മെത്രാന്‍ സമിതികളക്കുവേണ്ടി തയ്യാറാക്കിയ മുന്നേറ്റത്തിന്റെ സ്റ്റാറ്റട്ട് അനേക ഘട്ടങ്ങളിലൂടേയും ഒരു പതിറ്റാണ്ടോളം നീണ്ട രൂപീകരണത്തിലൂടേയും കടന്നുപോയി. മനോജ്, റൈജു, ഞാന്‍ എന്നിവരടങ്ങുന്ന സമിതി അനേകരുമായി എത്രയോവട്ടം വിശദമായ ചര്‍ച്ചകളും, രേഖപ്പെടുത്തിയ കാര്യങ്ങളുടെ തലനാരിഴകീറുന്ന പരിശോധനകളും നടന്നു. കാനോന്‍ വിദഗ്ദരായ വൈദികരുമായി പലവട്ടം കൊച്ചിയിലും റോമിലും പരിശോധനകളും കഴിഞ്ഞു. 2007 ൽ ലഭിച്ച വരാപ്പുഴ അതിരൂപതായുടേയും അതിനെ തുടര്‍ന്ന് 2008 ൽ ലഭിച്ച ദേശീയ മെത്രാന്‍ സമിതിയുടേയും (സി ബി സി ഐ) അംഗീകാരങ്ങള്‍ക്ക് മുന്നേറ്റം സമര്‍പ്പിച്ചത് ഒരേ രൂപത്തിലുള്ളനിയമാവലി തന്നെയായിരുന്നു. 2010 ല്‍ അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കൽ സമിതിക്ക് സമര്‍പ്പിച്ച നിയമാവലി അവിടെ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെന്നോണം കെട്ടിലും മട്ടിലും സമൂല മാറ്റത്തിന് വിധേയമായിട്ടുണ്ട്.
ഒരു ക്രിസ്തീയ മുന്നേറ്റത്തിന്റെ മാര്‍ഗ്ഗരേഖ പുറത്തുനിന്ന് നൽകപ്പെടുന്നതല്ല, മറിച്ച് ദൈവാത്മ പ്രചോദനത്താല്‍ ആ ഒരു കൂട്ടായ്മ ഏതുരീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു യഥാര്‍ത്ഥ പ്രതിഫലനമാകണം അത്. അതിന്റെ രൂപീകരണത്തിലെ വലിയ വെല്ലുവിളി മുന്നേറ്റത്തിന്റെ തനിമയും ചൈതന്യവും രീതികളും സഭയ്ക്കും സമൂഹത്തിനും തിരിച്ചറിയാന്‍ പോരുന്ന ഭാഷയിലും രൂപത്തിലും ലിഖിതമാകുക എന്നതു തന്നെ. അതിനാല്‍ തന്നെ ഈ ജീസ്സ് യൂത്ത് മാര്‍ഗ്ഗരേഖാ രൂപീകരണ തീര്‍ത്ഥാടനം മുന്നേറ്റത്തിന്റെ സ്വയാവബോധത്തിന്റെ സുപ്രധാന പസ്ഥാവായിത്തീർന്നു. മുന്നേറ്റത്തിന്റെ തനിമ തിരിച്ചറിഞ്ഞ് സ്ഥിരീകരിക്കാനും വേണ്ടിടങ്ങളില്‍ ഉപരിനന്മയിലേയ്ക്കുള്ള തിരുത്തലുകളക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനും ഈ ശ്രമങ്ങള്‍ ഇടവരുത്തിയിട്ടുണ്ട്.
Comments
Post a Comment