യാത്ര ചെയ്യാൻ ഇഷ്ടമാണോ? അത് ചെറിയൊരു കാര്യമല്ല. (MJYR117)

 യാത്ര ചെയ്യാൻ ഇഷ്ടമാണോ? അത് ചെറിയൊരു കാര്യമല്ല.

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

ഡിഗ്രി പഠനം രണ്ടാം വർഷമായപ്പോൾ എനിക്ക് പുതിയൊരു ദൗത്യം കിട്ടി. കേരളത്തിലെ യുവജനങ്ങളെ ഒത്തുകൂട്ടുക. പിന്നെ തുടരെയുള്ള യാത്രയുടെ തിരക്കായി. കോളേജിലെ പ്രൊഫസർമാർക്കും സഹപാഠികൾക്കും എന്റെ യാത്രാ തിരക്ക് നന്നായി അറിയാമായിരുന്നു. ക്ലാസിലെ പല തമാശ കഥകളിലും എന്റെ യാത്രയുമുണ്ടാകും, എങ്കിലും ആരും ആ നല്ല കാര്യങ്ങൾക്ക് തടസ്സമായില്ല, വേണ്ട സഹായം നൽകുകയും ചെയ്തു. അന്നുമുതൽ ആ ശൈലി മാറാതെ തുടരുന്നു. 

മറ്റൊരു കാര്യം, എന്നെ ഏറെ പിന്തുണയ്ക്കാൻ ഒരു നല്ല പ്രാർത്ഥനാ കൂട്ടായ്മ ഉണ്ടായിരുന്നു. അവർ അഭിഷേകം ചെയ്തു പറഞ്ഞയയ്ക്കുന്നതു പോലെയായിരുന്നു എന്റെ യാത്രകൾ. ഇതിനിടെ ഈ യാത്രാ ജീവിതത്തിന് ഇണങ്ങിയ ചില പുത്തൻ കഴിവുകളും എന്നിൽ വളർന്നു. ഉദാഹരണത്തിന്, എന്റെ അധ്യാപന ജീവിതം ആരംഭിച്ച് പിഎച്ച്ഡി നേടാൻ ആഗ്രഹിച്ചപ്പോൾ, എന്നെ നന്നായി അറിയാവുന്ന പലരും എന്നെ കളിയാക്കി, ഈ തിരക്കും യാത്രയുമായി പഠനവും ഗവേഷണവും നടക്കില്ല. പക്ഷേ, എന്റെ യാത്രകൾ തുടർന്നു, ഒപ്പം ഗവേഷണവും. ധാരാളം വായനകൾ ട്രെയിനിലും ബസ്സിലും ഒക്കെ ആയിരുന്നു. അവസാനം, ആ വിമർശകരിൽ ചിലർ ഒരിക്കലും അവരുടെ പഠനം പൂർത്തിയാക്കിയില്ല, പക്ഷേ അതിശയകരമെന്നു പറയട്ടെ, ന്യായമായ സമയത്തിനുള്ളിൽ എനിക്ക് അത് തീർക്കാൻ കഴിഞ്ഞു. 

ഈ മുന്നേറ്റത്തിന്റെ തുടക്കം മുതൽ മിക്ക നേതാക്കളും, കൂട്ടായ്മ വളർത്തുന്നവർ ആയിരുന്നു, ഒപ്പം ഏറെ യാത്ര ചെയ്യുന്നവരും. സ്വന്തം ഇടങ്ങളിലും സംസ്കാരത്തിലും ഒതുങ്ങികൂടാതെ ആളുകളും കൂട്ടായ്മകളും ഒക്കെയായി ബന്ധപ്പെടാൻ അവർ ഇറങ്ങി പുറപ്പെട്ടു. പുതിയ കാര്യങ്ങളുമായി ഇടപഴകാൻ, അപരിചിത സാഹചര്യങ്ങളിൽ കടന്നു ചെല്ലാൻ, ഏത് അവസരവും കൈവിട്ടുപോകാതെ ഉപയോഗിക്കാൻ ഒക്കെയുള്ള ഈ ഈ ഉത്സാഹമാണ് ഒരു ജെ-വൈ മുഖമുദ്ര. 

ക്രിസ്ത്യാനി ഒരു തീർത്ഥാടകനാണ്. 

ഇന്ന്, ആളുകൾ പലപ്പോഴും ഉദാസീനമായ ജീവിതശൈലിയുടെ അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. നടക്കുക, ചലിക്കുക അത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ഒരുവിധത്തിൽ ആന്തരിക ജീവിതത്തെക്കുറിച്ചും ഇതു തന്നെ പറയാം. ആത്മാവിൽ നവീകരിക്കുന്നില്ലെങ്കിൽ, വചനത്തിന്റെ പുത്തൻ ആഴങ്ങൾ കാണുന്നില്ലെങ്കിൽ, പുതു സുഹൃത്തുക്കൾ, പുതു വഴികൾ, സംസ്കാരങ്ങൾ കാണുന്നില്ലെങ്കിൽ നമ്മിൽ എന്തൊക്കെയോ വാടിക്കരിഞ്ഞു പോകും. കഴിഞ്ഞകാല വൻപുപറഞ്ഞ് നമുക്ക് ദൈവരാജ്യം പണിയാനാകില്ല, മറിച്ച് ഇന്നിനെ പുണർന്ന് നാളേയ്ക്ക് നോക്കിയാലെ നാം കർത്താവിനൊപ്പം ചരിക്കൂ.

ബൈബിളിൽ യാത്രാ കഥകൾ ധാരാളമാണ്. അബ്രഹാം തന്റെ ജന്മദേശം വിട്ടു; ഇസ്രായേൽ മരുഭൂമിയിൽ അലഞ്ഞു. മോശ ഒരു ജനവുമായി വർഷങ്ങൾ നടന്നു. പിന്നെ പത്രോസും പൗലോസും ഒക്കെ സഞ്ചരിച്ചു. യേശു പോലും നിരന്തരം യാത്രയിലായിരുന്നു, ഒരിക്കലും ഒരിടത്തും താമസിച്ചില്ല. വീണ്ടും വീണ്ടും, ആവർത്തിക്കുന്ന ദൈവ കൽപ്പന ലളിതമാണ്: "പോകുവിൻ." സഭയും സ്വയം വിളിക്കുന്നത് ‘തീർത്ഥാടക’ എന്നാണ്. 

യാത്രയ്ക്കുള്ള ഈ ആഹ്വാനത്തോടുള്ള ഒരു പ്രധാന പ്രത്യുത്തരമാണ് തീർത്ഥാടനം. ഇതിന് ഏറെ പഴക്കമുണ്ട്. ബൈബിളിൽ തീർഥാടന വിവരണങ്ങൾ ഏറെയാണ്. മറ്റു മതങ്ങളിലും നമുക്കിത് കാണാം. യേശുവാകട്ടെ ജറൂസലേമിലേയ്ക്ക് മാത്രമല്ല യാത്ര ചെയ്തത്. കുടുംബങ്ങൾ സന്ദർശിക്കാനും ദരിദ്രരെയും ആവശ്യത്തിൽ ആയിരിക്കുന്നവരെയും ഒക്കെ കാണാനും അവിടുന്ന് എന്നും യാത്രയിലായിരുന്നു.

ഞങ്ങളുടെ പ്രാർത്ഥനാ സമൂഹത്തിൽ ഇടയ്ക്കിടെ ഒരുമിച്ച് തീർത്ഥാടനങ്ങൾ നടത്താൻ ഞങ്ങൾ പരിശ്രമിച്ചു. പിന്നീട് ഒരു ഘട്ടത്തിൽ, ഒരു പുതിയ ബോധ്യം ഞങ്ങൾക്ക് കിട്ടി, പുറത്തുപോകാൻ മടിക്കുന്ന ഒരു സമൂഹം നല്ലൊരു ക്രിസ്തീയ കൂട്ടായ്മയല്ല. അങ്ങനെ കുറച്ച് വ്യത്യസ്തമായ തീർത്ഥാടനങ്ങൾ ഞങ്ങൾ തുടങ്ങി. ആഴ്ചതോറുമുള്ള ചേരി സന്ദർശനമായിരുന്നു അതിൽ ഒന്ന്. ചിലർ യുവാക്കളെ തേടി മറ്റു പല യാത്രകളും തുടങ്ങി. ഏതായാലും, ഈ യാത്രപോക്കിന്റെയും തിരിച്ചു വരവിന്റെയും ശൈലി ഞങ്ങളുടെ സമൂഹ ജീവിതത്തെ അവിശ്വസനീയമാംവിധം ഊർജ്ജസ്വലമാക്കി.

പക്ഷേ എനിക്ക് യാത്ര ചെയ്യാൻ പറ്റുന്നില്ലെങ്കിലോ? 

അപ്പോഴും നമുക്ക് ദൂരെ പോകാനും ബന്ധപ്പെടാനും സാധിക്കണം. വി. കൊച്ചുത്രേസ്യ ആയിരിക്കും ഇതിന് ഉത്തമ മാതൃക. അവളാണല്ലോ മിഷനറി യാത്രക്കാരുടെ മധ്യസ്ഥ. ചിലർ വിദൂര ദേശങ്ങളിലേക്ക് പോകുന്നു, ചിലർ അപരിചിതമായ ഭാഷകളിലും സംസ്കാരങ്ങളിലും ഉള്ള ആളുകളുമായി ഇടപഴകുന്നു, മറ്റുചിലരോ സ്നേഹ ചിന്തകളും പ്രാർത്ഥനയും കൊണ്ട് ദൂര യാത്ര ചെയ്യുന്നു. ഏതായാലും എല്ലാ ശിഷ്യരും അയക്കപ്പെട്ടവരാണ്, യാത്ര ചെയ്യേണ്ടവരും. 

ജീസസ് യൂത്തിൽ കടന്നുചെല്ലലിന്റെ ഒരു സമ്പന്ന സംസ്കാരമുണ്ട്. 

രണ്ടാം വത്തിക്കാൻ കൗൺസിൽ ക്രിസ്തുവിനെ ലോകസമക്ഷത്ത് അവതരിപ്പിക്കാൻ വിവിധ വഴികൾ വിഭാവനം ചെയ്തു. അൽമായാരോടു കൗൺസിൽ നിർദ്ദേശിച്ചു, “ദേശീയ, അന്തർദേശീയ തലങ്ങളിൽ സുവിശേഷ വേലയുടെ വിശാല മേഖലകളാണ് തുറന്നിരിക്കുന്നത്. അവിടെ പ്രത്യേകമായി അൽമയർ അവരുടെ ക്രിസ്തീയ ജ്ഞാനത്താൽ സഹായം നൽകണം.” 

നമ്മൾ ചെയ്യുന്നതെന്തും, ഒരു ചെറു മാറ്റത്തോടെ കൂടുതൽ നന്നായി ചെയ്യാനാണ് കൗൺസിൽ ഉദ്ബോധിപ്പിച്ചത്, “യാത്രചെയ്യുന്നവർ, അവരുടെ മേഖല അന്താരാഷ്ട്ര കാര്യങ്ങളോ, ബിസിനസ്സോ, വിനോദമോ, ഒക്കെ ആയാലും തങ്ങൾ ചെല്ലുന്നിടത്തെല്ലാം ക്രിസ്തുവിന്റെ സന്ദേശ വാഹകരാണെന്ന് ഓർത്ത് അതിനനുസരിച്ച് പ്രവർത്തിക്കണം. (വത്തിക്കാൻ II, അൽമായ ദൗത്യം, 14). 

കഴിഞ്ഞ വർഷം, ഞാൻ ഒരു ജി-വൈ പരിശീലനത്തിനായി ഉത്തരേന്ത്യയിലേക്ക് പോകാനിടവന്നു. വഴിക്ക് ഒരു നഗരത്തിൽ കുറച്ച് ദിവസങ്ങൾ ഉണ്ടായിരുന്നു, അവിടെ പലനേതാക്കളെയും കണ്ടു. പരിപാടി കഴിഞ്ഞ് ആ പ്രദേശത്തെ പല വീടുകൾ സന്ദർശിച്ചു, വൈദികരെയും മറ്റും കണ്ടു. ചുരുക്കത്തിൽ ഏറെ അനുഭവ സമ്പന്നമായ ഒരു യാത്ര. മറ്റു പല ജെ-വൈ നേതാക്കളുടെ സാധാരണ രീതികളുമായി തട്ടിച്ചു നോക്കുമ്പോൾ എന്റെ യാത്രകൾ ഒന്നുമല്ല. വ്യാപകമായ യാത്രകളും സന്ദർശനങ്ങളും അവരിൽ പലരുടെയും പതിവ് ജീവിതശൈലിയാണ്. 

ദൈവരാജ്യം വ്യാപിക്കുന്നത് എങ്ങനെയെന്നും സമൂഹങ്ങളും നേതൃത്വവും എങ്ങനെ രൂപപ്പെടുന്നുവെന്നതും ഇത് വ്യക്തമാക്കുന്നു. പിന്നെ മറ്റൊരു കാര്യം, ജീസസ് യൂത്തിന്, മിഷൻ യാത്രകൾ പരിപാടികൾക്ക് വേണ്ടി മാത്രമല്ല. മറിച്ച് മിക്കവാറും എല്ലാ യാത്രകളും ദൈവരാജ്യ വ്യാപനമായി മാറിത്തീർക്കും. കുറച്ച് വർഷം മുൻപ് എന്നെ എന്റെ കോളേജിൽ നിന്ന് ഒരു യൂറോപ്യൻ സർവകലാശാലയിൽ ഒരു സെമസ്റ്റർ പഠിപ്പിക്കാൻ നിയോഗിച്ചയച്ചു. എന്റെ വാരാന്ത്യങ്ങളും ഒഴിവുസമയങ്ങളും മിക്കവാറും സന്ദർശനങ്ങൾക്കാണ് ഉപയോഗിച്ചത്, നേതാക്കളെ കാണാനും കൂട്ടായ്മകളെ വളർത്താനും. അതുപോലെ തന്നെ, പല നല്ല ജീസസ് യൂത്ത് ബിസിനസുകാരും മറ്റു ജോലിക്കാരും ദീർഘ ദൂര യാത്രകൾ വരുമ്പോൾ ആദ്യം അന്വേഷിക്കുക അവിടെ ജീസസ് യൂത്ത് ഗ്രൂപ്പുണ്ടോ എന്നതാണ്. അങ്ങനെ അവ മിഷനറി ഉദ്യമങ്ങളായി മാറാൻ ഇടവരുകയും ചെയ്യുന്നു. 

പിന്നെ നമ്മുടെ ഇടയിൽ നിന്ന് പ്രവാസികളായി മറ്റിടങ്ങളിലേയ്ക്ക് പോയവർ കുറച്ചൊന്നുമല്ലലോ. ഈ യാത്രകളും അവർ ചെന്ന ആ പുത്തൻ സാഹചര്യങ്ങളും നമ്മുടെ കുറെ കൂട്ടുകാർ സുവിശേഷ വ്യാപന അവസരങ്ങളാക്കി എന്നതാണ് അതിശയകരമായ മറ്റൊരു കാര്യം. ഭാരതത്തിന്റെ ഒരു കൊച്ചു മൂലയിൽ ഉദയം കൊണ്ട ഈ ഒരു യുവജന വിസ്മയം ഇന്ന് ലോകത്തിലെ ഒട്ടുമുക്കാൽ രാജ്യങ്ങളിലും എത്തിയിരിക്കുന്നു. അതിന് വഴിയൊരുക്കിയതോ ഈ പ്രവാസീ യാത്രകളും. 

ജെ-വൈ യാത്രാ വഴികൾ ഇനിയുമുണ്ട്. അതിലൊന്നാണ് വിദ്യാഭ്യാസം. കഴിഞ്ഞയിടെ ഒരു ഗൾഫ് രാജ്യത്ത് ചെന്നപ്പോൾ അവരിൽ ചിലർ പങ്കുവച്ചു, “ഇവിടത്തെ ടീൻസ് മിനിസ്ട്രിയിൽ പരിശീലനം ലഭിച്ച കുട്ടികൾ അടുത്തിടെ പഠിക്കാനായി ഒരു കിഴക്കൻ യൂറോപ്യൻ രാജ്യത്ത് പോയിട്ടുണ്ട്. അവർ അവിടെ ജീസസ് യൂത്ത് കൂട്ടായ്മകൾ ആരംഭിച്ചു കഴിഞ്ഞു.’ 

യാത്രകൾ എങ്ങനെ സുവിശേഷ തീർത്ഥാടനങ്ങളാക്കാം? 

ദൈവരാജ്യ നിർമിതി അപൂർവ്വമായേ സൂക്ഷ്മമായ പ്ലാനുകളോടെ ആരംഭിക്കൂ. മറിച്ച് പലപ്പോഴും അത് തുടങ്ങുന്നത് നമ്മുടെ വഴിയിൽ വരുന്ന അവസരങ്ങളോട് പ്രതികരിക്കാൻ തയ്യാറായ ഒരു ഹൃദയത്തോടെയാണ്. ഇക്കാലത്ത്, യാത്രയും സൗഹൃദവും എല്ലാം ദൈനംദിന അനുഭവങ്ങളാണ് – അവിടെ വെല്ലുവിളി ഇവയെല്ലാം തീർത്ഥാടനങ്ങളാക്കി മാറ്റുക എന്നതാണ്, പ്രത്യേകിച്ച് ദൗത്യ പ്രേരിതമായ ചലനങ്ങളുള്ള യാത്രകൾ. രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, നമ്മൾ എവിടെ പോയാലും “ക്രിസ്തുവിന്റെ സന്ദേശ വാഹകരാകാൻ” നാം വിളിക്കപ്പെട്ടിരിക്കുന്നു. 

നല്ല യാത്രീകരാകാൻ ഒരു വ്യത്യസ്ത ശൈലിയും സമീപനവും വേണം. 

1. ഒരു തീർത്ഥാടക മനോഭാവം സ്വീകരിക്കുക: സൗകര്യങ്ങൾ തേടുന്ന ശൈലിയും ആസക്തികളും ഒക്കെ വെടിയുക. നിഷ്ക്രിയത അകറ്റുക. 

2. അവസരങ്ങൾ പാഴാക്കരുത്: ദൗത്യ വിളികൾ വരുന്ന വഴികൾ പലതാകാം, ഒരു ജോലി സാധ്യത, പ്രത്യേക ക്ഷണം, ഒരു അത്യാഹിതം, ജോലി നഷ്ടപ്പെടൽ, പുതു ചിന്ത ഒക്കെയാകാം അത്. 

3. താല്പര്യത്തോടെ പുറപ്പെടുക: അതിരുകടന്ന പ്രതീക്ഷ വെടിയുക, ടീമുകളിൽ ചരിക്കുക, ദൈവാത്മ പ്രേരണകൾക്ക് കാതോർക്കുക. 

4. ചുമട് കുറക്കുക: സന്തോഷകരവും ആയാസ രഹിതവുമായ യാത്രയ്ക്ക് ലാളിത്യവും ദരിദ്ര മനോഭാവവും അത്യാവശ്യമാണ്. 

5. വഴിയിൽ ജോലിയിൽ മുഴുകണം: ചുറ്റിനടക്കാതെ ഒരു സ്ഥലത്ത് തുടരുക, സ്നേഹിക്കുക, കൂട്ടായ്മ കെട്ടിപ്പടുക്കുക.

 6. മുന്നോട്ടുതന്നെ പോകുക: സമയമാകുമ്പോൾ, ജോലി കൈമാറി യാത്ര തുടരുക. 

7. ബന്ധം നിലനിർത്തുക: വിജയകരവും നിലനിൽക്കുന്നതുമായ ഏതൊരു ദൗത്യ സംരംഭവും നല്ല അടിത്തറയിൽ പണിയണം. അത് സഭയുടെയും സ്വന്ത സമൂഹത്തിന്റെയും ദർശനവും ആ ബന്ധശൃംഖലയുമാണ്. 

യേശു പറയുന്നു, "പോകൂ!" 

ആ കല്പനയ്ക്ക് ചെവികൊടുത്ത് നമ്മുടെ അയൽപക്കങ്ങളിലേക്കും, അപരിചിതമായ സംസ്കാരങ്ങളിലേക്കും, വിദൂര സ്ഥലങ്ങളിലേക്കും നമ്മെ നയിക്കുന്ന ഒരു തീർത്ഥാടന ജീവിതശൈലി നമുക്ക് കെട്ടിപ്പടുക്കാം. ദൈവത്തിന്റെ വിളി കേൾക്കുന്ന, അത് വിവേചിച്ചറിഞ്ഞ് പ്രതികരിക്കുന്ന ഒരു യാത്രയിൽ നിരന്തരം മുഴുകേണ്ടവരല്ലേ നമ്മൾ? 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)