യുവജനങ്ങളുടെ ആന്തരിക യാത്ര അടുത്തറിഞ്ഞു കൂടെനിൽക്കണം (MJYR116)

 യുവജനങ്ങളുടെ ആന്തരിക യാത്ര അടുത്തറിഞ്ഞു കൂടെനിൽക്കണം 

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പൈതങ്ങളുടെ പേരിലുള്ള പള്ളിയിലാണ് ഞാൻ കുർബാനയിൽ പങ്കെടുത്തത്. തലേദിവസം ആദ്യ കുർബാന സ്വീകരിച്ച കുട്ടികളും ഏഴാം ക്ലാസുകാരും ദിവ്യബലിക്ക് നേതൃത്വം നൽകി. ആ കുട്ടികൾക്ക് വേണ്ട പരിഗണന നൽകി എല്ലാം ക്രമീകരിച്ചത് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അധ്യാപകരും മുതിർന്നവരും അവരെ ഊഷ്മളമായി സ്വാഗതം ചെയ്ത് ഒപ്പമിരുന്നു. കാർമ്മികനായ വൈദികന്റെ സംസാര രീതി സന്തോഷവും സ്നേഹവും നിറയുന്നതായിരുന്നു, എന്നാൽ ഒട്ടും നീട്ടാതെയും ബോറടിപ്പിക്കാതെയും. ബലിമധ്യേയുള്ള പ്രസംഗം കുട്ടികളുടെ പങ്കാളിത്തത്തോടെ ആയിരുന്നു. ചില ഭാഗങ്ങൾ കുട്ടികൾ വായിച്ചു. അത് അവർ ഇരുന്നു തന്നെ വായിച്ചതും നന്നായി. ആളുകൾ തിങ്ങിനിറഞ്ഞ ആ പള്ളിയിൽ മറ്റുള്ളവരുടെ മുന്നിൽ വന്നു വായിക്കുക പല കൗമാരക്കാർക്കും പ്രയാസമാകും. അവരുടെ ആ മാനസികാവസ്ഥ മനസിലാക്കി എല്ലാം ക്രമീകരിച്ചത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. യുവ മനസുകൾക്കൊപ്പമുള്ള ഏറെ  സുന്ദരമായ അനുയാത്ര!

അപക്വതയും കുറേയൊക്കെ അനുവദിക്കേണ്ടേ?

എന്റെ ക്ലാസ്സിലെ കുട്ടികളോട് ചിലപ്പോഴൊക്കെ ഞാൻ ചോദിക്കാറുണ്ട്: “മാതാപിതാക്കൾക്ക് എന്താണ് ഞാൻ പറഞ്ഞുകൊടുക്കേണ്ടത്?” അവരുടെ പല പ്രതികരണങ്ങളിൽ ഒന്ന്: “അവരുടെ വലിയ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ ഞങ്ങളെ ദയവായി നിർബന്ധിക്കാതിരിക്കുക.” എന്നിട്ട് അവർ അത് വിശദീകരിക്കും, മുതിർന്നവർ അവരുടെ ബാല്യകാലം മറക്കും, എന്നിട്ട് അവർക്ക് ആകാതിരുന്നതെല്ലാം എത്തിപ്പിടിക്കാൻ ഞങ്ങളോട് പറയും. “ദയവായി ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക!”

ഒരുകാര്യം പ്രത്യേകം ഓർക്കണം, നാമെല്ലാം ഒരു യാത്രയിലാണ്, പക്വതയിലെയുക്കുള്ള വളർച്ചയുടെ പാതയിൽ. എന്റെയോ മറ്റുള്ളവരുടെയോ ഒക്കെ അപൂർണതകൾ കാണുമ്പോൾ പ്രത്യേകം ഇത് ഓർക്കണം. എവിടെ അനുഭവപൂർവ്വം അനുയാത്ര ചെയ്യുകയാണ് നമ്മുടെ ദൗത്യം. ജപ്പാൻകാരുടെ ഒരു വാക്ക് - “ഡോജോ” അത് ആയോധനകലയുടെ പരിശീലന കളരിയാണ്. പക്ഷേ “വഴിയിൽ ഒരിടം” എന്നും അതിനർത്ഥമുണ്ട്. ക്രിസ്തു പൂർണതയിലേയുള്ള നീണ്ട യാത്രയുടെ ഒരു പ്രത്യേക ഘട്ടത്തിലാണ് നമോരൊരുത്തരും എന്നോർത്താൽ ആരുടെയും അപക്വത അംഗീകരിക്കാൻ എളുപ്പമാകും. വി. പൗലോസിന്റെ വാക്കുകൾ ഓർക്കുന്നത് നല്ലതാണ്: “എനിക്കത് ലഭിച്ചു കഴിഞ്ഞു എന്നോ ഞാൻ പൂർണ്ണനാണ് എന്നോ അല്ല. ക്രിസ്തു എന്നെ സ്വന്തമാക്കി കഴിഞ്ഞതിനാൽ ഞാനും അവനെ എന്റേതാക്കാൻ പ്രയാണം ചെയ്യുന്നു” (ഫിലി 3:12). നല്ലൊരു ജീസസ് യൂത്ത് രീതി എന്താകണം? പക്വത പോരാത്ത പെരുമാറ്റം കണ്ട് സമചിത്തത വെടിയാതെ അയാൾ “വഴിയിൽ ഒരിടത്ത്” മാത്രമാണ് എന്നോർത്ത് സന്തോഷപൂർവ്വം ബന്ധം സ്ഥാപിക്കുക, സൗഹൃദം പുലർത്തുക. 

കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ യുവസഹചമായ ചാപല്യങ്ങളുടെ മുന്നിൽ എന്റെ സംശയങ്ങൾക്കും എതിർപ്പിനും അപ്പുറം എന്നിൽ വലിയ പ്രതീക്ഷയർപ്പിച്ച് സഹയാത്രികരായ അനേകരെ ഓർക്കുന്നു. കോളേജ് ജീവിതത്തിന് മുൻപായിരുന്നു എന്റെ ആദ്യ നവീകരണ അനുഭവം. അത് നയിച്ച വൈദികനുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് വിശ്വാസമില്ല; പ്രാർത്ഥിക്കാറുമില്ല.” എന്നാൽ ഒട്ടും കുറ്റപ്പെടുത്താതെ ഏറെ പ്രോത്സാഹനം തരുന്ന അദ്ദേഹത്തിന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യ കരിസ്മാറ്റിക് നേതൃസംഘമത്തിൽ എന്റെ ഭാവവും വേഷവും ഒക്കെ ഏറെ വിചിത്രമായിരുന്നു. മറ്റുള്ളവരെ ഒന്ന് ചുമ്മാ വെല്ലുവിളിക്കാൻ. നൂറോളം വരുന്ന നേതാക്കളിൽ ആരും എന്നെ തിരുത്താൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല ആദ്യ സംസ്ഥാനതല ടീം (കെഎസ്ടി) രൂപീകരിച്ചപ്പോൾ യുവജന പ്രതിനിധിയായി ടീമിൽ ഉൾപ്പെടുത്തിയത് എന്നെയായിരുന്നു. നല്ലരീതിയിൽ പിടിച്ചുകുലുക്കി എന്നെ പ്രതിബദ്ധതയിൽ വളർത്തിയ അനേക അനുഭവങ്ങളിൽ ഒന്ന്.

പക്വതയിലേക്കുള്ള പരിണാമങ്ങൾ എന്നിൽ വരുത്തിയത് പ്രധാനമായും തിരുത്തലും വിമർശനവും ആയിരുന്നോ? തീർച്ചയായും അല്ല. മറിച്ച് പ്രധാനപ്പെട്ടവർ എന്ന് ഞാൻ കരുതിയ മുതിർന്നവർ നൽകിയ സീമാതീതമായ അംഗീകാരവും ഹൃദ്യമായ പ്രോത്സാഹനവും വിശ്വാസ ജീവിതത്തിലും നേതൃത്വത്തിലും പടിപടിയായി മുന്നേറാൻ എനിക്ക് ഇടവരുത്തി. ഒരുകാര്യം തീർച്ച, യുവാക്കളുടെ വ്യക്തിത്വ രൂപീകരണത്തിലെ ഏറ്റവും പ്രധാന കാര്യം അവർ ആദരിക്കുന്ന മുതിർന്നവരുടെ ഔദാര്യപൂർവമായ അംഗീകാരവും പ്രോത്സാഹനവും തന്നെയാണ്. 

യാത്രയുടെ ഘട്ടങ്ങൾ തിരിച്ചറിയാനാകുമോ? 

യൗവന കാലം പലതും ശ്രമിച്ചു നോക്കുന്ന ഒരു സമയമാണ്, വിവിധ അനുഭവങ്ങളോ വൈകാരിക പ്രതികരണങ്ങളോ ഒക്കെ ആകാം അത്. നല്ല സന്തോഷത്തിൽ നിന്ന് വിഷാദത്തിലേക്കോ, വലിയ സ്നേഹത്തിൽ നിന്ന് ഏകാന്തതയിലേക്കോ, ആവേശത്തിൽ നിന്ന് തളർച്ചയിലേയ്ക്കോ ഒക്കെ പെട്ടെന്ന് ഇവർ മാറുകയാണെങ്കിൽ അതിൽ ഒട്ടും അതിശയിക്കാനില്ല. ഇത്രനാളും നന്നായി പെരുമാറിയ ഒരു കുട്ടി ഒരു ദിവസം പൊട്ടിത്തെറിക്കുന്നതും ഗ്രൂപ്പിൽ നല്ല നേതൃത്വം വഹിച്ച ഒരാൾ ഒരു പ്രധാന ഘട്ടത്തിൽ കാണാതാവുന്നതും ഒക്കെ അപ്രതീക്ഷിതമല്ല. കൂട്ടുകാരെ ഒക്കെ പ്രയാസപ്പെടുത്തുന്ന യുവജന പ്രണയങ്ങളും ചില ഗ്രൂപ്പ് സംഘർഷങ്ങളും എല്ലാം ഇത്തരം യുവസഹജ ചാഞ്ചാട്ടങ്ങളുടെ സൂചനകൾ തന്നെ. 

എപ്രകാരമാണ് യുവജന ശുശ്രൂഷകർ ഈ അപക്വതകളെ ആന്തരിക “വഴിയിലെ ഇടങ്ങൾ” ആയി തിരിച്ചറിഞ്ഞ് പറ്റിയ സഹയാത്രികരാകുന്നത്? ആദ്യമായിതന്നെ ഇതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല എന്നറിയുക. അനുകമ്പായാർന്ന ക്ഷമാപൂർവ്വമായ കൂടെനടപ്പാണ് അവർക്കുവേണ്ടത്. വിധിക്കുന്നതിലുപരി അവരെ ശ്രവിക്കാൻ, അംഗീകരിക്കാൻ, പ്രോത്സാഹിപ്പിക്കാൻ പിന്നെ സാവധാനം വെല്ലുവിളിക്കാൻ കൂടെയുണ്ടാകണം. 

നമ്മുടെ അടുത്തുവരുന്ന പലർക്കും കലുഷിതമായ ഒരു ജീവിത യാത്രയാകും പങ്കുവയ്ക്കാൻ ഉണ്ടാകുക. ഗ്രൂപ്പിൽ ഏറെ നന്നായി ഇടപെടുന്ന ജോൺ എന്നോട് സംസാരം തുടങ്ങിയത് തന്നെ ഇങ്ങനെയാണ്, “എന്താ പറയുക, എല്ലാം കുത്തഴിഞ്ഞ അവസ്ഥയിലാണ്.” ഞാൻ ചിന്തിച്ചു, ഇവനെ ഏറെ സ്നേഹിക്കുന്ന പിതാവ് ഇതല്ല കാണുന്നത് എന്ന് ഇങ്ങനെ ജോണിനെ പറഞ്ഞു മനസ്സിലാക്കും? ഈ ആന്തരിക തകർച്ചയിൽ നിന്ന് മുഖം തിരിക്കാൻ കർത്താവിൽ ആനന്ദിക്കാൻ, അതാണ് ദൈവേഷ്ടം. “നിരാശ തോന്നേണ്ട അവസ്ഥയിൽ ഒന്നും അല്ല നീ. ഇത് യാത്രയുടെ ഒരു ഘട്ടത്തിലെ നിന്റെ മാനസികാവസ്ഥ മാത്രമാണ്. കുറച്ചുകൂടെ നിന്റെ ജീവിതത്തിലെ സമൃദ്ധി കാണാനും സ്നേഹിക്കുന്ന ദൈവത്തിന്റെ അത്ഭുത കരം തിരിച്ചറിയാനും എങ്ങനെ സാധിക്കും?”

സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോൾ യേശു ചെയ്തതും ഇതുതന്നെ അല്ലേ? വിശ്വാസ യാത്രയുടെ ഒരു ഘട്ടത്തിൽ കണ്ടുമുട്ടിയ മനുഷ്യരെ യേശു അടുത്ത പടികളിലേയ്ക്ക് കരം പിടിച്ചു നയിച്ചു. അവിടെ കാണുന്ന ചില ഘട്ടങ്ങൾ: ആദ്യപടി, അന്വേഷകൻ അല്ലെങ്കിൽ സത്യവും സാന്ത്വനവും ഒക്കെ തിരയുന്നവർ, പിന്നെ തന്നിൽ വിശ്വാസമർപ്പിച്ചവർ, ഒരു പടികൂടെ കടന്ന് ഇവിടുത്തെ പിന്ചെന്ന ശിഷ്യർ, അതിനും അപ്പുറം ദൗത്യ ബോധ്യത്തോടെ അയക്കപ്പെട്ടവർ. ആന്തരിക യാത്രയുടെ ഇത്തരം നാലഞ്ച് ഘട്ടങ്ങൾ മനസിലാക്കി യുവാക്കളുടെ ആഗ്രഹങ്ങളുടേയും സംഘർഷങ്ങളുടെയും നടുവിൽ ചൂണ്ടുപലകകളാകുകയാണ് നമ്മുടെ മിഷനറി ദൗത്യം. ഞാൻ കണ്ടുമുട്ടുന്ന യുവതിയും യുവാവും ഇപ്പോൾ ഇതിൽ ഏതെങ്കിലും പടിയിൽ ആകും, മുന്നേറാൻ തീർച്ചയായും അറിഞ്ഞോ അറിയാതെയോ ഏറെ ശ്രമിക്കുന്നവരാണ് അവർ ഓരോരുത്തരും. ചിലപ്പോഴെങ്കിലും കളിക്കാരേക്കാൾ വിവേകമുള്ള കാഴ്ചക്കാർക്കാണ് കൃത്യമായി കാര്യങ്ങൾ മനസിലാക്കുക. 

അവിടെ ഒരു ചോദ്യമുയരാം, മേൽപറഞ്ഞ യാത്രാ ഘട്ടങ്ങളും ലേബലുകളും ആവശ്യമില്ലാത്ത ഒരു തരംതിരിവാണോ? മനുഷരെ ഇപ്രകാരം വിധിക്കാനും പിന്നെ പേരുവിളിക്കാനും ഒക്കെ തുടങ്ങിയാലോ? ഏതൊരു സഹായ സമീപനത്തിനും പ്രശങ്ങളുണ്ട്, ആ പോരായ്മകൾ കാണുന്നതും നല്ലതുതന്നെ. ഒപ്പം നമ്മെ സമീപിക്കുന്നവരുടെ ആന്ത്രീക യാത്ര അനുഭാവപൂർവ്വം മനസിലാക്കി അടുത്ത വളർച്ച ഘട്ടത്തിലേയ്ക്ക് മുന്നേറാൻ അവരെ പ്രോൽസാഹിപ്പിക്കുക നമ്മുടെ പ്രധാന സ്നേഹ ദൗത്യമാണ്. ഈ ഘട്ടങ്ങളെക്കുറിച്ച് ചർച്ചചെയ്തപ്പോൾ ഫാ. ജെയിംസ് സൂചിപ്പിച്ച ഒരുകാര്യം കൂടുതൽ ഉൾക്കാഴ്ച നൽകി: “അന്വേഷണ ഘട്ടത്തിൽ നിന്ന് ഒരാൾ ഒരു ചെറു സഹായം ലഭിച്ചാൽ വിശ്വാസ, ശിഷ്യത്വ ഘട്ടങ്ങളിലേയ്ക്ക് മുന്നേറും. പക്ഷേ, ഈ പടികൾ കയറുമ്പോഴും അയ്യാളുടെ അന്വേഷണം ഇല്ലാതാകുന്നില്ല.” യാത്ര തുടരുന്നു. പല ചാപല്യങ്ങളും തുടരുന്നു, ചിലപ്പോൾ അവ താലന്തുകളും ആകും. ഇത് യാത്രയിൽ ആയിരിക്കുന്നവരും സഹായിക്കുന്നവരും മനസ്സിൽ കരുതുന്നത് നല്ലത്.

യുവസഹജമായ ചാപല്യങ്ങളും അത്തരം കൂട്ടുകെട്ടുകളും ഉണർത്തുന്ന സാധാരണ പ്രതികരണം എന്താണ്? കുറ്റപ്പെടുത്തലും ശകാരവും തിരുത്തലും അകറ്റിനിർത്തലും ഒക്കെ. പക്ഷേ അവിടെ ആർക്കെങ്കിലുമൊക്കെ ഒരു ആന്തരിക യാത്രയുടെ അല്ലെങ്കിൽ എന്തൊക്കെയോ കണ്ടെത്താനുള്ള ശ്രമത്തിന്റെ സൂചനകൾ തിരിച്ചറിയാൻ പറ്റിയാൽ, അവരുമായി ബന്ധപ്പെടാൻ സാധിച്ചാൽ, സ്നേഹപൂർവ്വം കൂടെ നടക്കാൻ ശ്രമിച്ചാൽ എന്തൊക്കെയോ സംഭവിക്കും. മുന്നോട്ട് നോക്കുമ്പോൾ, വരും നാളുകളിൽ സുന്ദരമായ കുടുംബങ്ങളും ഊർജ്ജസ്വലമായ ഒരു മിഷനറി സഭയും കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ സംഭാവനയും കൂടെ ആകും അത്.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)