ഉത്സാഹ നിറവാണ് ജീസസ് യൂത്തിന്റെ പ്രത്യേക വരദാനം (MJYR115)

 ഉത്സാഹ നിറവാണ് ജീസസ് യൂത്തിന്റെ പ്രത്യേക വരദാനം 

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

ജീസസ് യൂത്തിന്റെ തുടക്കകാല ഓർമ്മകളിൽ ഒന്ന് ഫസ്റ്റ് ലൈൻ അംഗമായ ജോണിയെ ചുറ്റിപ്പറ്റിയാണ്. 1982 ലാണ് ആ നേതൃ കൂട്ടായ്മയുടെ തുടക്കം. അക്കാലത്ത് എന്റെ താമസം എറണാകുളത്ത് വിദ്യാനികേതൻ കോളേജിൽ. അവിടെ ക്ലാസ്സെടുക്കലും പിന്നെ 17 ഹൈസ്കൂൾ കുട്ടികളുടെ പരിചരണ ഉത്തരവാദിത്വവും. ഞങ്ങളുടെ ഗ്രൂപ്പ്  മാസംതോറും മൂന്നാം വാരാന്ത്യം ഒത്തുകൂടും. ആദ്യ സമ്മേളനങ്ങൾ എന്റെ താമസ സ്ഥലത്തു തന്നെ.   

ജോണി ഒരു ബിസിനസുകാരനായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ മീറ്റിങ്ങിന്  നേരത്തെ എത്താൻ കഴിഞ്ഞില്ല. അർദ്ധരാത്രിക്ക് ശേഷം അദ്ദേഹം വിദ്യാനികേതനിൽ എത്തി ഡോർബെൽ അടിച്ചു, കോളേജ് ഡയറക്ടറായ മുതിർന്ന ജെസ്യൂട്ട് അച്ചനാണ് ആ അസമയത്ത് വാതിൽ തുറക്കാൻ എത്തിയത്. വാതിൽ തുറന്നതും  ജോണി തന്റെ സ്വതസിദ്ധമായ ഉത്സാഹത്തോടെ, ഉച്ചത്തിൽ "പ്രൈസ് ദ ലോർഡ്” എന്ന അഭിവാദ്യം മുഴക്കി. എന്നാൽ പ്രായമായ ഡയറക്ടർ അച്ചന്റെ പ്രതികരണം ഏറെ തണുപ്പനായിരുന്നു, പിന്നെ കർക്കശ സ്വരത്തിൽ നിർദ്ദേശവും, “എല്ലാവരും ഉറക്കമാണ്. ശാന്തമായി പോയി കിടക്കാൻ നോക്ക്.”

തീക്ഷ്ണത പരിശുദ്ധാത്മാവിന്റെ സുന്ദരമായ ഒരു ദാനമാണ്. മുന്നേറ്റത്തിന്റെ ആദ്യകാല പ്രവർത്തകരുടെ വലിയൊരു കൈമുതലും അതായിരുന്നു. അക്കൂട്ടത്തിൽ ജോണിയുടെ പ്രസരിപ്പ് എടുത്തു പറയേണ്ടതാണ്. മുന്നേറ്റത്തിൽ സംഗീതജ്ഞരുടെ ഒരു നിര തയ്യാറാക്കാൻ അദ്ദേഹം വലിയൊരു തുടക്കം കുറിച്ചു. 85 ലെ സമ്മേളനത്തിന്റെ ഉണർത്തുപാട്ടായ “യേശുവിൻ യുവാക്കൾ നാം” രചിച്ചതും ജോണി തന്നെ. ഞങ്ങളുടെ രസകരമായ ഒത്തുചേരലുകളിൽ ജോണിയുടെ ആവേശം കൂടുമ്പോൾ ഞങ്ങൾ ഇടയ്ക്കിടെ ആ വിദ്യാനികേതൻ അർദ്ധരാത്രി ഓർമ്മപ്പെടുത്തും. 

ഉത്സാഹ നിറവിന്റെ പുതു ജീവിതം 

ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ദൈവാനുഭവം ഉണ്ടായ ശേഷമാണ് പലരും ജീസസ് യൂത്ത് ഗ്രൂപ്പിലേക്ക് വരുന്നത്. എന്നാൽ ഏറെ പേർ അതിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ ഒരു യാത്ര ഗ്രൂപ്പിൽ തുടങ്ങുകയും പിന്നീട് ഒരു ധ്യാനത്തിലോ മറ്റോ ആത്മാവിൽ ഒരു പുതു ജീവൻ അനുഭവിക്കുകയും ചെയ്യും. എന്തായാലും, സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഒരു വേലിയേറ്റം ഈ പുതു ജീവന്റെ നല്ല പ്രകടനമാണ്. പൗലോസ് ശ്ലീഹയുടെ  വാക്കുകൾ കേൾക്കുക, "ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്; പഴയത് കടന്നുപോയി; ഇതാ, പുതിയത് വന്നു കഴിഞ്ഞു" (2 കോറി 5:17). ഈ 'സമൃദ്ധമായ ജീവന്റെയും’  പുതുമയുടെയും ഒരു അടയാളം, "കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ഗാനങ്ങളും ആത്മീയ ഗീതങ്ങളും പാടുക” എന്നതുമാണ് (കൊളോ 3:16). 

ഒരു കാര്യം ഉറപ്പാണ്: ഇത്തരം ഉത്സാഹികളുടെ സാന്നിധ്യമാണ് ജീസസ് യൂത്ത് ഗ്രൂപ്പുകളെ സജീവമാക്കുന്നത്. ആ പ്രസരിപ്പ് പോയാൽ കൂട്ടായ്മകൾ ക്ഷയിക്കും. ഒരു രാത്രിയിൽ ജോണിയുടെ കത്തിനിന്ന തീക്ഷ്ണതയ്ക്ക് തണുത്ത പ്രതികരണം നേരിടേണ്ടി വന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ ചർച്ച ആരംഭിച്ചതെങ്കിലും, ഒരു കാര്യം എടുത്തു പറയണം,  ഏതൊരു ഗ്രൂപ്പിലും ജോണിയുടെ സാന്നിധ്യം ഏറെ സന്തോഷവും പ്രസരിപ്പും പകർന്നിരുന്നു. തമ്മിൽ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം നിറയുന്ന അഭിവാദ്യങ്ങളും ഉത്സാഹം നിറയുന്ന സംഭാഷണവും പൊട്ടിച്ചിരികളും എല്ലാം ഭക്തിയുടെ മുഖം മൂടി മാറ്റിവച്ച് നല്ല ക്രിസ്തീയ സ്നേഹം വളർത്താൻ ഏറെ  സഹായിച്ചു. എന്നാൽ എല്ലാവരും ഉത്സാഹഭരിതരും ജോണിയെ പോലെ പൊട്ടിച്ചിരിക്കുന്നവരും ഉച്ചത്തിൽ സംസാരിക്കുന്നവരുമാണോ? തീർച്ചയായും അല്ല. 

ഞാൻ പരാമർശിച്ച ഗ്രൂപ്പിൽ, രവി എല്ലാ ഒരുക്കങ്ങളുടെയും ചുക്കാൻ പിടിച്ചു. ചർച്ചകൾ സംഗ്രഹിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും തുടർച്ച ഉറപ്പുവരുത്താനും ഒക്കെ ഏറെ ശ്രദ്ധിച്ച രവി പക്ഷേ ചർച്ചകളിൽ ഒരിക്കലും വാ തുറക്കുമായിരുന്നില്ല. ജോസ് ജേക്കബിന്റെ ശ്രദ്ധ പക്വമായ ദർശനത്തോടെ ഞങ്ങൾ പടിപടിയായി കെട്ടിപ്പടുത്തുവന്ന മുന്നേറ്റത്തിന്റെ ദിശാവ്യക്തത ഉറപ്പുവരുത്തുന്നതിലായിരുന്നു. അതിനു പറ്റിയ ലഘുലേഖകൾ തയ്യാറാക്കാനും ജോസ് ഏറെ ശ്രദ്ധിച്ചു. ആലീസ്കുട്ടിയുടെ പ്രത്യേക മികവ് ഓരോരുത്തരെയും പ്രത്യേകം ശ്രദ്ധിക്കാനും ശ്രവിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ആയിരുന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാനും, ഒത്തുകൂടുമ്പോൾ വിവിധ ജോലികൾ ചെയ്യാനും, ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയുടെ വ്യത്യസ്ത വശങ്ങൾ ശ്രദ്ധിക്കാനും ആഴത്തിൽ പ്രതിജ്ഞാബദ്ധരായ മറ്റുള്ള ഓരോരുത്തരും ഉണ്ടായതാണ് അത്ഭുതകരമായ ഫലങ്ങൾ പുറപ്പെടുവിക്കാൻ ഫസ്റ്റ് ലൈൻ ഗ്രൂപ്പിനെ സഹായിച്ചത്. 

എന്നാൽ വിവിധ കഴിവുകളും നിറസ്നേഹവും ഉള്ള ആ മിഷനറി ഗ്രൂപ്പിലെ പ്രധാന ചാലക ശക്തി എന്തായിരുന്നു? അവരെല്ലാം ഉത്സാഹ നിറവിന്റെ നല്ല ചൈതന്യം പങ്കിട്ടു, തങ്ങൾ സുപ്രാധനവും മഹത്തരവുമായ ഒരു യജ്ഞത്തിന്റെ ഭാഗമാണെന്നും, തങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാൻ തയ്യാറാകണമെന്നും ഓരോ അംഗത്തിനും ആഴ്ത്തിലുള്ള ബോധ്യമുണ്ടായിരുന്നു. തീർച്ചയായും അത് പരിശുദ്ധാത്മാവിന്റെ വലിയ ദാനം തന്നെ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന ആ ആവേശ കൂട്ടായ്മയുടെ സ്വാധീനം കത്തിപടരുന്നതായിരുന്നു. ആ തീക്ഷ്ണതയിൽ നിന്ന്, ഒരു വിശാലമായ മുന്നേറ്റം ഉണർന്നെഴുന്നേറ്റു. വി. അഗസ്റ്റിന്റെ വാക്കുകളിൽ, "ഉള്ളിൽ തീയുള്ളവനേ മറ്റുള്ളവരെ ജ്വലിപ്പിക്കാനാകൂ.” 

ജീസസ് യൂത്തിൽ ഈ ആവേശത്തിന്റെ കാന്തിക ശക്തി വ്യക്തമായി  തുടരുന്നു. എന്റെ കോളേജിലെ ജെവൈ, 'യുവജ്യോതി' പരിശീലനത്തിനായി പ്രഭാഷകരെ തേടുന്നത് ഞാൻ ഓർക്കുന്നു. രണ്ടാഴ്ച നീണ്ടുനിന്ന വിദ്യാർത്ഥികൾക്കായുള്ള ഒരു രൂപീകരണ പദ്ധതി. ഏറെ കലുഷിതമായ അന്നത്തെ കോളേജ് അന്തരീക്ഷത്തിൽ പുറത്തുള്ളവർക്ക് അവിടെ വരാൻ ഭയമായിരുന്നു.  എന്നിരുന്നാലും, അവിടത്തെ ജെവൈ നേതാക്കൾ അടുത്ത കോളേജിൽ പഠിപ്പിക്കുന്ന ഡോ. ബീനയെ സമീപിച്ചപ്പോൾ, അവർ ക്ഷണം സ്വീകരിച്ചു. "ആ ചെറുക്കന്മാരുടെ തിളങ്ങുന്ന പുഞ്ചിരിയും വലിയ ഉത്സാഹവും കണ്ടപ്പോൾ, എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല." അതുപോലെ, സംസ്ഥാന മെത്രാൻ കൗൺസിൽ ഒരു മിഷൻ കോൺഗ്രസ് സംഘടിപ്പിച്ചപ്പോൾ, ക്ലാസുകൾക്കും പ്രാർഥനകൾക്കും അപ്പുറം മിഷനറി ആവേശം ഉണർത്താൻ പ്രോഗ്രാം കമ്മിറ്റി കണ്ടത് ജീസസ് യൂത്തിനെ ആയിരുന്നു. ഞങ്ങൾ അത് ഏറെ ഭംഗിയായി ക്രമീകരിക്കുകയും ചെയ്തു. അതിന്റെ തുടർച്ചയായി ആ സമ്മേളന ചൈതന്യം രൂപതയിലെ എല്ലാ ഇടവകകളിലും എത്തിക്കാൻ എന്റെ രൂപത ജീസസ് യൂത്തിനോട് തന്നെ ആവശ്യപ്പെട്ടു. സ്കിറ്റുകൾ, നൃത്തങ്ങൾ, ഗാനങ്ങൾ ഒക്കെ ഇടകലർത്തി ഏറെ സുന്ദരമായാണ് നമ്മുടെ കുട്ടികൾ അത് നിർവ്വഹിച്ചത്. ഉത്സാഹ നിറവിന്റെ ചില സാക്ഷ്യങ്ങൾ.

എവിടെ, എങ്ങനെ ഉത്സാഹം വിതറാം 

തീർച്ചയായും, ഉത്സാഹം ആത്മാവിന്റെ ഒരു വലിയ ദാനമാണ്. അത് ഹൃദയത്തിൽ ജനിക്കണം, പ്രത്യേകിച്ച് നമ്മുടെ ഉള്ളിലും ചുറ്റുപാടും ഒക്കെയുള്ള അന്ധകാരത്തോട് അത് പോരാടണം. ജീസസ് യൂത്തിലെ ആറ് അനുദിന ശീലങ്ങൾ, പ്രത്യേകിച്ച് പതിവായുള്ള പ്രശാന്ത നിമിഷങ്ങൾ, വചന ധ്യാനം, കൂദാശാ പങ്കാളിത്തം, ക്രിസ്തീയ സ്നേഹം എന്നിവ ഈ “ജീവൻ അതിന്റെ സമൃദ്ധിയിൽ” നിലനിർത്താൻ സഹായിക്കും. എന്നാൽ അത് ഹൃദയത്തിൽ മാത്രം ഒതുങ്ങിയാൽ സാവധാനും അത് എന്നിൽ നിന്ന് അപ്രത്യക്ഷമാകും. അതുമല്ലെങ്കിൽ അത് ഭക്തിയുടെ മുഖംമൂടിയായി പരിണമിക്കും. അതുകൊണ്ടുതന്നെ കെട്ടിക്കിടക്കാതെ ആ തെളിനീര് പുറത്തേക്കൊഴുകണം, ദൈനംദിന പ്രവൃത്തികളിൽ പ്രകാശിക്കണം. അതിന് ചില സൂചനകൾ:

പുഞ്ചിരിക്കാൻ പഠിക്കുക: ഹൃദയത്തിൽ സന്തോഷം നിറയുമ്പോൾ, മുഖത്തിലൂടെ അത് പുറത്തേക്ക് ചാടും. 

ഊഷ്മളമായ ആശംസകൾ: പ്രസരിപ്പും ആത്മാർത്ഥതയും തുളുമ്പുന്ന അഭിവാദ്യങ്ങളും ആചാര മര്യാദകളും ആത്മാവിന്റെ ഫലങ്ങളുടെ ഏറ്റവും നല്ല അടയാളമാകാം. ശ്ലീഹാ ആവർത്തിക്കുന്നു, "വിശുദ്ധ ചുംബനത്തോടെ അന്യോന്യം വന്ദനം പറയുവിൽ." 

ഒത്തുകൂടി സമയം കൊല്ലണം: ഭക്ഷണ കൂട്ടായ്മകൾ, സോറ പറച്ചിൽ, വിനോദം, ഇതൊക്കെയുള്ള ഊർജ്ജസ്വലമായ കൂട്ടായ്മകളിലേ ആത്മീയോത്സാഹം വളരൂ. 

പാടി പ്രാർഥിച്ച് ആത്മാവിന്റെ നയിക്കൽ നുകരണം: ഒത്തുകൂടി പാടുകയും സ്വരമുയർത്തി ആരെങ്കിലും ആവേശത്തോടെ പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് ആ തീ ആളിക്കത്തുന്നത്.  

സന്തോഷനിറവുള്ള സേവനം: മറിയയെപ്പോലെ, തുടിക്കുന്ന ഹൃദയമുള്ളവർ  ആവശ്യക്കാരെ സഹായിക്കാൻ ഉത്സാഹമുള്ളവരാണ്. 

കഴിവും സൗന്ദര്യബോധവും: ആത്മാവബോധത്തിന്റെ അഭാവം ഉത്സാഹക്കുറവിലേക്ക് നയിക്കുന്നു. ഞാൻ ആരാണെന്നും എന്റെ ഹൃദയാഭിലാഷം എന്തെന്നും തിരിച്ചറിയുന്നത് വർദ്ധിച്ച സന്തോഷത്തിലേക്കും ആധികാരികതയിലേക്കും നയിക്കുന്നു. 

ക്ഷമിക്കാനും ബന്ധങ്ങൾ പുനർസ്ഥാപിക്കാനും ഉള്ള സന്നദ്ധത: പ്രകാശ നിറവിലേക്കുള്ള യാത്ര സൗഖ്യവളർച്ചയുടെയും യാത്രയാണ്. 

കരുതലും പങ്കുവയ്ക്കലും ഉള്ള ഒരു സമൂഹത്തിൽ ഉൾച്ചേരുക: ഉത്സാഹ വളർച്ചയ്ക്ക് ഏറ്റവും മികച്ച രൂപീകരണ അന്തരീക്ഷം നൽകാൻ ഒരു നല്ല ജീസസ് യൂത്ത് കൂട്ടായ്മയ്ക്ക് സാധിക്കും. 

ഉജ്ജ്വലമായ ഉത്സാഹത്തോടെ നിഷേധാത്മകതയെ ചെറുക്കുക 

സുവിശേഷം പങ്കിടാൻ ആളുകൾ മടിക്കുന്നതിന്റെ കാരണങ്ങളെ പറ്റി പോൾ ആറാമൻ മാർപാപ്പ പറയുന്നു, "ആലസ്യം, നിരാശ, ഉപേക്ഷ, താൽപ്പര്യക്കുറവ്, എല്ലാറ്റിനുമുപരി സന്തോഷത്തിന്റെയും പ്രത്യാശയുടെയും അഭാവം എന്നിവയാണ് ഈ മടിയുടെ സൂചന. സുവിശേഷപ്രഘോഷകർ എവിടെയുള്ളവർ ആയാലും ഏത് ഉത്തരവാദിത്വം പേരുന്നവർ ആയാലും ആത്മീയ തീക്ഷ്ണതയിൽ മുന്നേറാൻ നാം ഉദ്ബോധിപ്പിക്കുന്നു.” (സുവിശേഷ പ്രഘോഷണം, 80). വിശുദ്ധ പൗലോസിന്റെ വാക്കുകളിൽ, "തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുക!" (റോമർ 12:11) 

പ്രാർത്ഥനാ കൂട്ടായ്മയ്ക്കിടെ, ചില ദിവസങ്ങളിൽ കുറേപ്പർ ഒരു മന്ദിപ്പിൽ ആണെന്ന് തോന്നിയാൽ എല്ലാവരെയും ഒന്ന് ഉഷാറാക്കാൻ ഞാൻ പറയാറുണ്ട്, “ഹലോ, എല്ലാവരും ഒന്ന് എഴുന്നേറ്റേ. മുറിയിൽ ചുറ്റിനടന്ന് കഴിയുന്നത്ര പേരോട് ഒന്ന് കുശലം പറഞ്ഞ് ഒരു പുഞ്ചിരി കൊടുത്തേ. എന്നിട്ട് നമുക്ക് പ്രാർത്ഥനയും സ്തുതിയും തുടങ്ങാം.” അതോടെ എല്ലാ മ്ലാനതയും മാറി എല്ലാവരും ഒരു പുത്തൻ ഉത്സാഹം കൊണ്ട് നിറയും. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)