യുവാക്കളെ കൊണ്ടുവരേണ്ടത് യേശുവിലേയ്ക്കോ അതോ ജീസസ് യൂത്തിലേയ്ക്കോ? (MJYR114)

 യുവാക്കളെ കൊണ്ടുവരേണ്ടത് യേശുവിലേയ്ക്കോ  അതോ ജീസസ് യൂത്തിലേയ്ക്കോ?

(By Dr. Edward Edezhath - Published in Kairos Malayalam in 2025)

ജീസസ് യൂത്ത് നേതാക്കളുടെ ഒരു പ്രാദേശിക കൂട്ടായ്മയ്ക്കിടെ  മരിയ ഒരു ചോദ്യം ഉന്നയിച്ചു: "എന്റെ ഇടവകയിൽ ഞാൻ പ്രവർത്തിക്കുന്നു. അവിടെ യുവാക്കളോടൊത്തായിരിക്കുമ്പോൾ എന്തുവേണം, അവരെ യേശുവിന്റെ അടുക്കലേക്ക് കൊണ്ടുവന്നാൽ പോരെ, അതല്ലാതെ ജീസസ് യൂത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടോ? 

എല്ലാവരും കുറച്ചുനേരം നിശബ്ദരായിരുന്നു. തുടർന്ന്  മറ്റൊരാളും ഏതാണ്ട് ഇതേ ചോദ്യം തന്നെ ഉയർത്തി: “അതേ, യുവാക്കളോടൊത്തുള്ള പ്രവർത്തനത്തിൽ, അവരെ നമ്മുടെ മുന്നേറ്റത്തിലേയ്ക്ക് കൊണ്ടുവരിക എന്നൊരു ലക്ഷ്യത്തിന്റെ ആവശ്യമുണ്ടോ?“ 

ഈ ചോദ്യം എവിടെ നിന്നാണ് വരുന്നതെന്ന് ഞാൻ ആലോചിച്ചു. നമ്മുടെ കൂട്ടായ്മകളിൽ ആളുകളെ ചേർക്കാൻ  ആരെങ്കിലും അമിത തീക്ഷ്ണത കാട്ടുന്നത് കണ്ടിട്ടാണോ? അതോ, ഒരു ജീസസ് യൂത്ത് ആണെന്ന് മറ്റുള്ളവർ അറിയുന്നതിലുള്ള നാണക്കേടും അത് മറച്ചുവച്ച് പ്രവർത്തിക്കാനുള്ള തത്രപ്പാടും കാരണമാണോ ഇത്? 

ആ പ്രചോദനം എന്തുതന്നെ ആയാലും അതിനും അപ്പുറം ആ ചോദ്യം ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് ഞാൻ കരുതുന്നു. ഒന്നാമതായി, യേശുവിലേക്ക് വരുന്നതും ജീസസ് യൂത്തിൽ വരുന്നതും തമ്മിൽ ഒരു വൈരുദ്ധ്യമുണ്ടോ? പിന്നെ മറ്റുള്ളവരെ ജീസസ് യൂത്തിലേയ്ക്കു കൊണ്ടുവരുന്നതിന്റെ പ്രാധാന്യം എന്താണ്? 

രണ്ടും ഒത്തുപോകാൻ പ്രയാസമാണോ? 

ജോർജ്ജാണ് മരിയയുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. “അവരെ യേശുവിലേക്ക് കൊണ്ടുവരുന്നതും ജീസസ് യൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതും തമ്മിൽ ഒരു പൊരുത്തക്കേടുണ്ടോ? എന്റെ അഭിപ്രായത്തിൽ യേശുവുമായുള്ള ബന്ധത്തിൽ വളരാൻ യുവാക്കളെ നമ്മുടെ മുന്നേറ്റത്തിലേയ്ക്ക് കൊണ്ടുവരുന്നതല്ലേ ഏറ്റം നല്ലത്? അതുകൊണ്ടുതന്നെ എവിടെയെങ്കിലും നാം ജീസസ് യൂത്തിനെ പരിചയപ്പെടുത്തുമ്പോൾ ഇന്നത്തെക്കാലത്ത് യേശുവിൽ ജീവിക്കാൻ ഉചിതമായ ഒരു മാർഗമായിട്ടല്ലേ നമ്മൾ അതിനെ അവതരിപ്പിക്കാറ്? അത് ശരിയുമല്ലേ?“ 

എന്നാൽ മരിയ വിട്ടുകൊടുത്തില്ല: “വിശ്വാസത്തിൽ ആഴപ്പെടാൻ ഒരേയൊരു മാർഗം ജീസസ് യൂത്ത് ആണോ? കത്തോലിക്കാ സഭയിൽ വിശ്വാസ വളർച്ചയ്ക് എത്രയോ വഴികളുണ്ട്.”

ഇത്രയുമായപ്പോൾ ഒന്ന് ഇടപെടാമെന്ന് ഞാനും കരുതി: “തീർച്ചയായും, സഭയിലെ മറ്റു മുന്നേറ്റങ്ങളുടെ പ്രത്യേകതകളും നന്മകളും തിരിച്ചറിഞ്ഞ് അവരുമായി നാം ബന്ധപ്പെടേണ്ടതും ഒന്നിച്ച് പ്രവർത്തിക്കേണ്ടതും അത്യാവശ്യമാണ്. അതോടൊപ്പം നമ്മുടെ  മുന്നേറ്റത്തെ അറിയുകയും ഇഷ്ടപ്പെടുകയും മറ്റുള്ളവർ അവിടെ വരാൻ ആഗ്രഹിക്കുകയും ചെയ്യേണ്ടതല്ലേ? അവിടെ കുറവുകൾ ഉണ്ടാകാം, പക്ഷേ, മറ്റൊരു കൂട്ടായ്മയിലും അനുഭവിക്കാത്ത എന്തോ പ്രത്യേകതകളാണല്ലോ ഇവിടെ താല്പര്യപൂർവ്വം പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ദൈവാത്മാവിന്റെ ഒരു പ്രത്യേക പ്രവർത്തനം നാം ഇവിടെ കാണുന്നു. അതുകൊണ്ട് തന്നെ ഏറെ സമയവും പരിശ്രമവും ഇതിനായി മാറ്റിവയ്ക്കുകയും ചെയ്യുന്നു.”

മറ്റുള്ളവരെ നാം ചെറുതായി കാണേണ്ട. ഒപ്പം സ്വന്തം കുടുംബത്തെ അംഗീകരിക്കാനും അതിനെ  ഇഷ്ടപ്പെട്ട് അതിന്റെ നന്മ മറ്റുള്ളവരുമായി പങ്കിടാനും ഒരു മടിയും വിചാരിക്കേണ്ടതുമില്ല. 

സന്തോഷ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യണം  

ഒരു ചെറുപ്പക്കാരന്റെ അനുഭവം ഞാൻ ഓർത്തു. ജീസസ് യൂത്തിൽ സജീവ പ്രവർത്തകനായിരുന്നു ജോൺ. ജോലിയ്ക്കായി വേറൊരു നാട്ടിലേയ്ക്ക് പോയി. അവിടെയും നല്ല ജീസസ് യൂത്ത് പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു, പക്ഷേ കുറച്ച് സമയത്തിന് ശേഷം ജോൺ അവിടെ സജീവമായിരുന്നു മറ്റൊരു കത്തോലിക്കാ ഗ്രൂപ്പിലേയ്ക്ക് മാറുകയും ജീസസ് യൂത്ത് ബന്ധങ്ങൾ ഏതാണ്ട് ഇല്ലാതാകുകയും ചെയ്തു. കുറെക്കൂടെ ആകർഷകമായ രീതികൾ അവിടെ കണ്ടതാണ് ആ മാറ്റത്തിന് കാരണമായത്. അതേക്കുറിച്ച് കേട്ടപ്പോൾ അതൊരു പ്രശ്നമായി എനിയ്ക്ക് തോന്നിയതുമില്ല.

വർഷങ്ങൾ കടന്നുപോയി. പിന്നീട് ഞാൻ ജോണിനെ കാണുമ്പോൾ ഒരു കാര്യം അയ്യാളെ അലട്ടുന്നത് കണ്ടു.  ജീസസ് യൂത്ത് അതിനിടെ അവിടെ ഏറെ വളരുകയും സുന്ദരമായ അനേകം കാര്യങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിലൊന്നും തനിക്ക് പങ്കില്ല എന്ന വിഷമം ആ ചെറുപ്പക്കാരനെ ഏറെ അസ്വസ്ഥനാക്കി. ഒരു കുടുംബത്തിന്റെ വളർച്ച കാണുമ്പോൾ അതിൽ എന്റെ പങ്ക് ഞാൻ നിർവഹിച്ചില്ലല്ലോ എന്ന് പരിതപിക്കുന്ന ഒരു നല്ല മകനെ പോലെ. 

പാഠം #1. കർത്താവിനെ കണ്ടുമുട്ടി ആ ബന്ധത്തിൽ വളരുക എന്നത് ഉള്ളിൽ ഒതുങ്ങുന്ന ആത്മീയതയല്ല. പൗലോസ് സ്ലീഹ പലപ്രാവശ്യം ഊന്നിപ്പറയുന്നതുപോലെ,  ഒരു വിശ്വാസ കൂട്ടായ്മയിൽ  സജീവമാകുന്നത് ആ യാത്രയുടെ അവിഭാജ്യ ഭാഗമാണ്. മറ്റുള്ളവരെ ഞാൻ യേശുവിൻ പക്കലേയ്ക്ക് കൊണ്ടുവരുമ്പോഴും അവരുടെ ചോദ്യങ്ങളും സംശയങ്ങളും പരിഹരിച്ച് ഈശോയെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യാൻ സഹായിക്കുക എന്നത് ആദ്യപടി മാത്രമാണ്. ഒപ്പം തുടരുന്ന ഒരു വിശ്വാസയാത്രയ്ക്ക് അവർ ഒരു സ്നേഹ കൂട്ടായ്മയുടെ ഭാഗമാകണം, അവിടെ വിശ്വാസ ജീവിതം പങ്കുവയ്ക്കപ്പെടുകയും വേണം. ഇത് എല്ലാ വിശ്വാസ യാത്രകൾക്കും ബാധകമാണ്, ഏറെ പ്രത്യേകമായി ജീസസ് യൂത്ത് പശ്ചാത്തലത്തിൽ. 

പാഠം #2. ഓരോ കുടുംബത്തിനും കൂട്ടായ്മയ്ക്കും നിരവധി ദാനങ്ങളും നന്മകളും ഉണ്ട്, അതോടൊപ്പംതന്നെ പല പോരായ്മകളും. എന്നാൽ ഒരു സമൂഹതോടൊപ്പം യാത്ര ചെയ്യാൻ തീരുമാനിച്ചാൽ അതിന്റെ ബലഹീനതകളും പരാജയങ്ങളും താഴ്മയോടെ സ്വീകരിക്കുന്നതിനൊപ്പം സൗന്ദര്യവും ശക്തിയും തിരിച്ചറിയുകയും വേണം. ഒരു കൂട്ടായ്മയുടെ ഭാഗമാകാൻ തീരുമാനിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതോടെ വന്നുചേരുന്ന ഒരു കടമ കൂട്ടായ്മയുടെ രീതികളെയും അതിലെ അംഗങ്ങളെയും അറിഞ്ഞു സ്നേഹിക്കുക എന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും അത് വേണ്ട രീതിയിൽ പ്രകടിപ്പിച്ച് എന്റെ വലിയ സംഭാവന നൽകണം. ഒപ്പം അഭിമാനപൂർവ്വം അതിനെ വളർത്തുകയും വേണം. 

പാഠം #3. യഥാർത്ഥ സുവിശേഷവൽക്കരണം എന്നാൽ ഞാൻ നന്നായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല കുടുംബത്തിന്റെ ഭാഗമാകാൻ മറ്റുള്ളവരെ ക്ഷണിക്കുക എന്നതാണ്. യേശുവിനെ സൈദ്ധാന്തികമായി പരിചയപ്പെടുത്തുക അതിലെ ഒരു വശം മാത്രം. ക്രിസ്തു ഗാത്രത്തെ പരിചയപ്പെടുത്തി മറ്റുള്ളവരെ അതിലേക്ക് ആനയിക്കുകയാണ് അതിന്റെ തുടർച്ച. ജീസസ് യൂത്ത് കൂട്ടായ്മ അത്തരം സുവിശേഷ വൽക്കരണത്തിനുള്ള സുന്ദരമായ ഒരു വേദിയാണ്.   

ഇന്നത്തെ പ്രതിസന്ധി: ആർക്കും ഒന്നിന്റെയും ഭാഗമാകേണ്ട  

മരിയയുടെ ചോദ്യവും തുടർന്നുള്ള ചർച്ചയും, ബന്ധങ്ങളും സ്നേഹ കൈമാറ്റവും ഇല്ലാത്ത ഒരു സൈദ്ധാന്തിക ക്രിസ്തീയ ജീവിതത്തിന്റെ  അപകടത്തെക്കുറിച്ച് ചിന്തിക്കാൻ ഇടനൽകി. “ഞാൻ യേശുവിനെ അനുഗമിക്കുന്നു, പ്രാർത്ഥിക്കുന്നു, നല്ല ജീവിതം നയിക്കുന്നു. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?” എന്നാൽ കർത്താവ് നമ്മെ ക്ഷണിക്കുന്നത് ആ ജീവിതത്തിലേക്കാണോ? ഇന്നത്തെ പഠന-കേന്ദ്രീകൃത ബൗദ്ധിക ആത്മീയ യാത്രയും സ്വന്ത യു-ട്യൂബ് പഠന  സംസ്കാര വളർച്ചയും  വർദ്ധിച്ചുവരുന്ന നഗരജീവിത ശൈലിയും ഒക്കെ കൂടെ ഒരു പ്രത്യേക ക്രൈസ്തവ ജീവിത രീതി വളർത്തുന്നുണ്ടോ? അവിടെ ഒരു യഥാർത്ഥ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ഞാൻ വിച്ഛേദിക്കപ്പെടുന്നു, ഒപ്പം സൗകര്യപ്രദവും ഞാനും ദൈവവും മാത്രമുള്ള  ഒരു ജീവിതത്തിലേയ്ക്കു ഞാൻ ഒതുങ്ങുകയും ചെയ്യുന്നു. 

പ്രതിബദ്ധതയിലേക്കുള്ള വിളി യേശുവിനെ എന്റെ ജീവിതത്തിന്റെ കർത്താവും നിയന്താവുമായി സ്വീകരിക്കാനാണ്. എന്നാൽ ഇത് സ്വാർത്ഥമായ ഒരു ആദ്ധ്യാത്മികതയിൽ ഒതുങ്ങില്ല. സമൂഹ പശ്ചാത്തലത്തിൽ സ്നേഹിക്കാനും ജീവിക്കാനുമുള്ള ഒരു ആഹ്വാനമാണ് അത്. യഥാർത്ഥ വചനം മാംസമാകൽ. അങ്ങനെ, യേശുവിനോടുള്ള എന്റെ പ്രതിബദ്ധത പരീക്ഷിക്കപ്പെടുന്നത് ഞാൻ ഇപ്പോൾ ഇവിടെ കാണുന്ന മനുഷ്യരുടെ  ഇടയിൽ എങ്ങനെ ജീവിക്കുന്നു എന്നതിലൂടെയാണ്. 

മരിയയോടും അവളുടെ സുഹൃത്തിനോടും ഞാൻ പറയാൻ ആഗ്രഹിച്ചത് ഇതാണ്, “നമ്മൾ എല്ലാവരെയും ജീസസ് യൂത്തിലേക്ക് കൊണ്ടുവരരുത്, എന്നാൽ  നമ്മൾ മറ്റു യുവാക്കളുമായി സജീവമായി ഇടപഴക്കുകയും, ഒപ്പം നമ്മുടെ സ്നേഹക്കൂട്ടായ്മയിൽ  അനുഭവിക്കുന്ന ക്രിസ്തീയ ജീവിതത്തിന്റെ ഭംഗി പങ്കിടാൻ തയ്യാറാകുകയും വേണം. ആ സൗന്ദര്യവും സ്നേഹവും ആരെയെങ്കിലും ഇങ്ങോട്ട് ആകർഷിക്കുകയാണെങ്കിൽ, നാം അവരെ തടയരുത്. നാം കണ്ടെത്തിയ വലിയ സന്തോഷം അവരും അനുഭവിക്കട്ടെ.


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR113)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)