കലുഷിതമായ സാഹചര്യങ്ങളിലെ സാക്ഷ്യ ജീവിതം (MJYR112)
കലുഷിതമായ സാഹചര്യങ്ങളിലെ സാക്ഷ്യ ജീവിതം
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
ഈ പുതു വർഷത്തെ ആദ്യ പ്രാർത്ഥനാ മീറ്റിംങ്ങിൽ വിചിന്തനത്തിന് എടുത്തത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗമാണ്. വി. യൗസേപ്പിതാവായിരുന്നു പ്രധാന ചർച്ച വിഷയം. ദൈവത്തിന്റെ വലിയ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തിന് അറിവും ഇതിൽ ഉറച്ച വിശ്വാസവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹവും കുടുംബവും കടന്നുപോയത് ഏറെ കലുഷിതമായ അവസ്ഥയിലൂടെ ആയിരുന്നു. എങ്ങനെയാകും യൗസേപ്പിതാവ് ഇതിനോട് പ്രതികരിച്ചത്?
പിന്നീടുള്ള ചർച്ച ഇന്നത്തെ യുവാക്കളുടെ രീതികളെ കുറിച്ച് ആയി. അടുത്തയിടെ വർദ്ധിച്ചുവരുന്ന യുവജന ആത്മഹത്യകളെ പറ്റി ഒരാൾ സൂചിപ്പിച്ചു. ഇടവകയിലെ നേതൃനിരയിലെ നല്ല ഒരു പെൺകുട്ടി ജീവനൊടുക്കിയത് അനേകരെ അമ്പരപ്പിച്ചു. മറ്റൊരാൾ പറഞ്ഞു: “വളരെയധികം പ്രാർത്ഥനയോടെയും തയ്യാറെടുപ്പോടെയും ഞങ്ങൾ ഒരു നല്ല വാരാന്ത്യ പരിപാടി ആസൂത്രണം ചെയ്തു. പക്ഷേ യുവാക്കളുടെ പ്രതികരണം പൂജ്യം. ടീം മുഴുവൻ ഏറെ അസ്വസ്ഥരായി.” അങ്ങനെ പല കഥകളും ഓരോരുത്തരായി പങ്കുവച്ചു. എല്ലാം ഇന്നത്തെ യുവജന സംസ്കാരത്തിന്റെ ഇരുണ്ട ചിത്രങ്ങൾ. മാത്രമല്ല സാഹചര്യങ്ങൾ വീണ്ടും പെട്ടെന്ന് മാറി മറിയുകയാണ്.
നാം തേടുന്നത് ചിട്ടയും സുരക്ഷിതത്വവും
ആകാശം ഇരുണ്ടു കാറ്റും മഴയും തുടങ്ങുമ്പോൾ നാമെല്ലാം സുരക്ഷിതമായ അഭയ ഇടങ്ങൾ തേടും. കാലാവസ്ഥയുടെ കാര്യത്തിൽ മാത്രമല്ല അനുദിന ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. ഒരു പുതിയ നാട്ടിൽ എത്തുമ്പോൾ നാം തേടുന്ന സുരക്ഷിത ഇടം കുറച്ച് സൗഹൃദങ്ങളും ഒരു കൂട്ടായ്മയും ഒക്കെയാകും. ഒരു പുതിയ സ്കൂളിലോജോലി സ്ഥലത്തോ ഒക്കെ യുവാക്കൾ ഹൃദ്യമായ കൂട്ടായ്മകൾ തേടും. ഏത് അവ്യക്തതയും നമുക്ക് അസഹ്യമാണ്.
രസകരമെന്നു പറയട്ടെ, ആത്മീയ മേഖലയിലും അവ്യക്തതയിൽ നിന്നുള്ള ഓടി അകലൽ സാധാരണമാണ്. അവ്യക്തതകളുടെ ലോകത്ത് ചിട്ടയും സുരക്ഷിതത്വം ഒരുക്കുന്ന ഒന്നാണ് നമ്മുടെ ആത്മീയത. അത് ഒട്ടും മോശമല്ല, ഒരു നല്ല കാര്യം തന്നെ. പക്ഷേ ചിലപ്പോഴെങ്കിലും നമ്മൾ അതിനപ്പുറം പോകുന്ന ഒരാദ്ധ്യാത്മികത സ്വീകരിക്കേണ്ടി വരും.
എന്നാൽ ഒന്നോർക്കണം, ചിട്ടയും സുരക്ഷിതത്വവും തേടുന്നത് അമിത പ്രാധാന്യം നേടിയാൽ പിന്നെ അതിനുള്ള പ്രവർത്തന പരതയും പരക്കം പാച്ചിലും നമ്മെ ഗ്രസിക്കും. ജീവിതത്തിലും ചുറ്റുപാടുമുള്ള അവ്യക്തതകൾ അംഗീകരിക്കാൻ മടിക്കും. യൗസേപ്പിതാവും മാതാവുമെല്ലാം ജീവിതത്തിൽ വൻതിരകൾ പോലെ ഉയർന്ന ക്രമരാഹിത്യത്തിനു മുന്നിൽ ശാന്തമായി നിലകൊണ്ടു. വിശ്വാസത്തിന്റെ വലിയ അടയാളം അതുതന്നെ. പിന്നെ മറ്റൊന്നു കൂടെയുണ്ട്. ചിട്ടകളുടെ ശീലങ്ങളിലുളള ഊന്നൽ കൂടിയാൽ കുത്തഴിഞ്ഞ ഇന്നത്തെ സംസ്കാരത്തിൽ ജീവിക്കുന്നവരെ അവജ്ഞയോടെ കാണാനുള്ള സാധ്യത വർദ്ധിക്കും. മിക്കവാറും യുവജന പ്രവർത്തനങ്ങളുടെ വലിയ തടസ്സം ഇതാണ്. നമ്മുടെ ആദ്ധ്യാത്മികതയുടെ കേന്ദ്രം ക്രിസ്തുവും അവന്റെ ബന്ധങ്ങളുടെ ശൈലിയുമാണോ അതോ ക്രമവും ചിട്ടയും മാത്രമാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
നിയമങ്ങളുടെയും ആചാരങ്ങളുടെയും അതിരുകൾക്കുള്ളിൽ സുരക്ഷിതമായ ഈ ആത്മീയതയെ യേശുനാഥൻ വെല്ലുവിളിച്ചു. നഷ്ടപ്പെട്ട ആടുകളുടെ കുത്തഴിഞ്ഞ ലോകത്തേക്ക് കടന്നു ചെല്ലുകയും തന്റെ അനുയായികളെ ആ ലോകത്തേക്ക് അവിടുന്ന് അയയ്ക്കുകയും ചെയ്തു. മത്തായി 9-ാം അദ്ധ്യായം ഇത് നന്നായി വിവരിക്കുന്നു. യേശു നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടന്നു. ജനക്കൂട്ടത്തെ കാണുകയും അവരുമായി ഇടപഴകുകയും അവരോട് യേശുവിന് സഹതാപം തോന്നുകയും ചെയ്തു. അവർ നിസ്സഹായരും പരിഭ്രാന്തരുമായിരുന്നു. എന്നാൽ ഇത് വലിയൊരു അവസരമായും ഒരു വിളവെടുപ്പായും അദ്ദേഹം കണ്ടു. കുത്തഴിഞ്ഞ ഈ ലോകത്തിൽ നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് ആ കുഴപ്പം നിറഞ്ഞ ലോകത്ത് പ്രവർത്തിക്കാൻ വേലക്കാരെ അയക്കാൻ പ്രാർത്ഥിക്കാനാണ് യേശു ആവശ്യപ്പെട്ടത്.
രൂപരഹിതവും കലുഷിതവുമായ ലോകത്തിന് സമീപസ്ഥരാകാൻ
ഒരു യുവജന പരിശീലന പരിപാടിയുടെ പ്ലാനിങ് ചർച്ച മീറ്റിംഗ് ഓർക്കുന്നു. ക്ലാസ്സുകളും മറ്റു സെഷനുകളും എല്ലാം ഒരുങ്ങി. പക്ഷേ യുവാക്കൾക്ക് ഇത് എത്രമാത്രം സ്വീകാര്യമാകും? തുടർന്ന് അതായി ചർച്ച "ഒരു ലക്ഷ്യവുമില്ലാത്ത ഈ ചെറുപ്പക്കാർ. ആ ഉഴപ്പന്മാരൊന്നും കൃത്യസമയത്ത് എത്തുക പോലുമില്ല.”
ചുരുക്കത്തിൽ ആ വലിയ പദ്ധതികളും യുവാക്കളുടെ കുത്തഴിഞ്ഞ അവസ്ഥയും തമ്മിലുള്ള വലിയ അന്തരം ഏറെ വ്യക്തമായിരുന്നു. എന്നാൽ കുറ്റം ചെറുപ്പക്കാർക്ക്, അല്ലാതെ അവരിൽ നിന്ന് ഏറെ ദൂരെ നിൽക്കുന്ന നേതാക്കൾക്കല്ല. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളിൽ, "ആശയങ്ങളേക്കാൾ പ്രധാനം യാഥാർത്ഥ്യങ്ങളാണ്." ഞാൻ അവരോട് പറയാൻ ശ്രമിച്ചത് ഇതായിരുന്നു, മുൻകാലങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ നന്നായി പ്രവർത്തിച്ച ആശയങ്ങളും പദ്ധതികളും ഇവിടെ പ്രസക്തമാകണമെന്നില്ല. അവരുടെ ശ്രദ്ധ സുന്ദരമായ പരിപാടികൾ ഒരുക്കുന്നതിലായിരുന്നു. എന്നാൽ ക്രമരഹിതമായ സാഹചര്യങ്ങളിലെ യുവാക്കളുമായി അവർ ഏറെ അകലെ തന്നെ. അത് ഏറെ കഷ്ടവുമാണ്.
നമ്മിൽ മിക്കവർക്കും, സുവിശേഷ പ്രവർത്തനം എന്നാൽ പരിചിതമായ വിഷയങ്ങളും എല്ലാവരും പിന്തുടരുന്ന രീതികളുമാണ്. യുവജന പരിപാടികളും മിക്കവാറും പരിചിതമായ ക്ലാസുകളും പരിപാടികളുടെ ശൈലികളും ഒക്കെയാണ്. എന്നാൽ എങ്ങനെയോ, പുതിയ തലമുറയ്ക്ക്, ഇവ അത്ര ഫലപ്രദമല്ലെന്ന് തോന്നുന്നു. കാരണം ഇന്നലെകൾ കടന്നുപോയി, എന്നത്തെ ലോകം തികച്ചും വ്യത്യസ്തവും പുതിയതുമാണ്.
ഇവിടെ ഒരു നല്ലകാര്യം, ജീസസ് യൂത്തിന്റെ ചിട്ട കുറഞ്ഞ രീതികളാണ്. സംഘടിത പ്രവർത്തനത്തിൽ പിന്നോക്കമായ ജീസസ് യൂത്തിന്റെ ശൈലി ഇന്നത്തെ ദ്രുത മാറ്റങ്ങളുടെ നടുവിൽ ഏറെ നല്ലതാണ്. യുവാക്കളുടെ ഒരു ചെറിയ ഒത്തുചേരൽ ആസൂത്രണം ചെയ്യുമ്പോൾ പോലും, കുറെ ചോദ്യങ്ങളുമായി അവർ ഒരുമിച്ചു കൂടും: ആരാണ് വരാൻ പോകുന്നത്? കർത്താവ് എന്താണ് ആഗ്രഹിക്കുന്നത്? നാം എന്തുചെയ്യണം? സാധ്യമെങ്കിൽ, ഒരിക്കലും പരീക്ഷിക്കാത്ത ചില വിഷയങ്ങളും സമീപനങ്ങളും അവർ ശ്രമിച്ചു നോക്കും. പലപ്പോഴും, ദൈവാത്മാവ് അവിടെ നന്നായി പ്രവർത്തിക്കുകയും ചെയ്യും.
സൗഹൃദം, ആഘോഷം, കൂട്ടായ്മ, മിഷൻ
പ്രഭാതത്തിന് തൊട്ടുമുമ്പാണത്രെ രാത്രി ഏറ്റവും ഇരുളുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, പല പ്രശ്നങ്ങളും ദൈവം നൽകിയ അവസരമോ വിളവെടുപ്പോ ഓക്കെയാണ്. വെല്ലുവിളികൾ വർദ്ധിക്കുമ്പോൾ, ദൈവത്തിന്റെ ഇടപെടൽ വിദൂരത്തല്ല. ജീസസ് യൂത്ത് മുന്നേറ്റ യാത്രയിൽ ഇതിനെ പിന്തുണയ്ക്കുന്ന നിരവധി അനുഭവങ്ങളുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ക്യാമ്പസുകൾ ഏറെ കലുഷിതമായി വിദ്യാർഥികളുടെ ഇടയിലെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകും എന്ന അവ്യക്തത വളരുന്ന സമയത്താണ് ജീസസ് യൂത്ത് ക്യാമ്പസ് മിനിസ്ട്രി രൂപപ്പെട്ടത്. ഒരു പ്രശസ്ത സംഗീത ഗ്രൂപ്പിന് വലിയ സമ്മേളനങ്ങളിലൊന്നിൽ എത്താനാവാതെ വിഷമിച്ച സാഹചര്യത്തിലാണ് റെക്സ് ബാൻഡ് ജന്മമെടുത്തത്. മുന്നേറ്റത്തിന്റെ അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെട്ട ഒരു വഴിത്തിരിവിലാണ് ജീസസ് യൂത്തിന് സഭയുടെ കാനോനിക അംഗീകാരം ലഭിച്ചത്. പഴയ രീതികൾ ശരിയാകാതെ വരുമ്പോഴും, വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ആശയക്കുഴപ്പം കൂടുമ്പോഴുമാണ് പുതു പാതകളും സുപ്രധാന ശുശ്രൂഷകളും ജന്മമെടുക്കുന്നത്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഒരു പ്രധാന കാരിസം ഇത്തരം അവ്യക്ത സാഹചര്യങ്ങളിൽ ദൈവാശ്രയ ബോധത്തോടെ പുതുവഴികൾ കാണാനുള്ള കഴിവാണ്. പ്രതിസന്ധികളിലെ മനസാന്നിദ്ധ്യമാണല്ലോ ഇതിന് അത്യാവശ്യം.
യുവാക്കളുടെ ഇടയിലെ വെല്ലുവിളികൾ എന്നത്തേക്കാളും ഇന്ന് കൂടിവരുന്നു. അതോടൊപ്പം അവ്യതതകളെ അഭിമുഖീകരിക്കാൻ മടിക്കാത്ത ജീസസ് യൂത്ത് പോലുള്ള മുന്നേറ്റങ്ങളുടെ പ്രസക്തിയും. എന്നാൽ അവ്യക്തതകൾ നിറയുന്ന സാഹചര്യങ്ങളെ പ്രത്യാശയോടും ക്രിയാത്മകതയോടും കൂടെ സമീപിക്കുന്നതിനുള്ള പടികൾ ഏവയാണ്?
1. യാഥാർത്ഥ്യങ്ങളെ കണ്ട് അവിടേയ്ക്ക് കടന്നുചെല്ലുക. “ജനക്കൂട്ടത്തെ കണ്ടപ്പോൾ” യേശു ചെയ്തതാണ് ഏതൊരു മിഷനറിയുടേയും മാതൃക.
2. സന്തോഷം കൈവെടിയാത്ത പ്രതികരണം: ആകുലതയും ആവലാതിയുമാണ് ദൈവിക പദ്ധതികൾ സ്വീകരിക്കുന്നതിലുള്ള വലിയൊരു തടസ്സം. ദൈവസാന്നിധ്യം ആഘോഷിക്കുന്നിടത്താണ് കർത്താവിന് പ്രവർത്തിക്കാൻ എളുപ്പം.
3. സ്നേഹസമൂഹമാണ് പുതു മിഷനുകളുടെ വിളനിലം. ക്രിസ്തീയ സ്വപ്നങ്ങളുടെ സ്രോതസ്സും മാർഗ്ഗവും ലക്ഷ്യവും സ്നേഹ കൂട്ടായ്മ തന്നെ. കലുഷിതമായ സാഹചര്യങ്ങളിൽ ഒരു കൂട്ടായ്മയിലെ സിനഡൽ വിചിന്തനമാണ് പുത്തൻ ക്രിയാത്മക സമീപനങ്ങൾക്ക് രൂപം നൽകുന്നത്.
4. എല്ലാ മാറ്റങ്ങളെയും തരണം ചെയ്യുന്ന പ്രതിബദ്ധത. ക്രിസ്തുവാകുന്ന ഉറച്ച അടിത്തറയിൽ പണിതുയർത്തപ്പെട്ടവർ മാത്രമേ ഇളക്കി മറിയുന്ന സാംസ്കാരിക പശ്ചാത്തലത്തിൽ ഉറച്ച മാർഗ്ഗദർശികളായി നിലകൊള്ളൂ.
മുൻപേ ഞാൻ സൂചിപ്പിച്ച പ്ലാനിങ് ചർച്ചയ്ക്കിടയിൽ ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഗവേഷകർ നൽകുന്ന സൂചനകൾ ചർച്ചാ വിഷയമായി. വൂക്കാ (VUCA) എന്ന ചുരുക്കപ്പേരിൽ ഈ തലമുറയുടെ നാലു പ്രത്യേകതകൾ അവർ ചൂണ്ടിക്കാണിക്കുന്നു: വോളറ്റൈൽ (വേഗത്തിൽ മാറുന്നത്), അൺസേർട്ടൻ (പ്രവചനാതീതം), കോംപ്ലക്സ് (സങ്കീർണം), അമ്പിഗ്യുഅസ് (അവ്യക്തം) എന്നിങ്ങനെയാണ് അവ. യേശുവിന്റെ വാക്കുകളിൽ കാറ്റ് അതിന് ഇഷ്ടമുള്ളിടത്ത് വീശുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും നമ്മുടെ ചട്ടക്കൂടുകളിൽ കൃത്യമായി ഒതുങ്ങണമെന്നില്ല. ഇന്നത്തെ യുവാക്കളെ പോലെ!
അതിനാൽ തന്നെ ആത്മാവിനാൽ പ്രചോദിതനായ ഒരാൾക്ക് സന്തോഷം നിറഞ്ഞ ഒരു അവസരമായിരിക്കും ഇന്നത്തെ യുവലോകവും അതിന്റെ കുത്തഴിഞ്ഞ രീതികളും. നമ്മുടെ മുൻവിധികളിൽ നിന്ന് പുറത്തുവന്നാൽ ആ സാഹചര്യങ്ങളിൽ വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നാം തീർച്ചയായും വഴിയൊരുക്കും.
Comments
Post a Comment