ശ്രവണം എങ്ങനെ ഒരു കലയാക്കി മാറ്റാം? (MJYR111)
ശ്രവണം എങ്ങനെ ഒരു കലയാക്കി മാറ്റാം? പുസ്തക അവലോകനം
ദി ആർട്ട് ഓഫ് ലിസണിങ്ങ് ടു യങ് പീപ്പിൾ. അമോറിസ് ക്രിസ്റ്റി.
(The Art of Listening to Young People: A Pastoral and Scientific Guide)
(By Dr. Edward Edezhath - Published in Kairos Malayalam in 2025)
ഒരു പുസ്തകത്തിന്റെ ജൈത്രയാത്ര എന്നു പറഞ്ഞാൽ ശരിയാകുമോ എന്നറിഞ്ഞു കൂടാ. ഇതായാലും അമോറിസ് ക്രിസ്റ്റിയുടെ ചെറുപ്പക്കാരെ ശ്രവിക്കേണ്ടതിനേക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ സഞ്ചാരവഴികൾ ഏറെ ശ്രദ്ധേയമാണ്. അത് രൂപപ്പെട്ട വഴികളും പുസ്തക പ്രകാശനത്തിനു ശേഷം മറ്റുള്ളവർ അതിനെ സ്വീകരിച്ച രീതിയും അതിന്റെ പ്രത്യേകതകളുടെ സൂചനയാണ്.
ആദ്യമേ ഈ പുസ്തകത്തിന്റെ എഴുത്തുകാരെ കുറിച്ച്: അമേരിക്കൻ ജീസസ് യൂത്ത് നേതൃത്വം രൂപം നൽകി ഫ്ളോറിഡയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അമോറിസ് ക്രിസ്റ്റി (amorischristi.org). അതിന്റെ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സലൻസ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചതാണ് ‘ലിസണിങ്ങ് ബുക്ക്’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ ഗ്രന്ഥം. മനശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ഐടി വിദഗ്ധരും കോളേജ് അധ്യാപകരും ഒക്കെ അടങ്ങുന്നതാണു ഈ ഗവേഷക സംഘം. ഏറെ ചർച്ചകളും പഠനങ്ങളും സർവ്വേയും ഒക്കെ ഈ ഗ്രന്ഥ രചനയ്ക്ക് പിന്നിലുണ്ട്.
പുസ്തകം തയ്യാറായതുമുതൽ ഇതിനെ അടിസ്ഥാനമാക്കി അനേക പരിശീലന ശില്പശാലകൾ നടന്നു. യുവജന പ്രവർത്തകർ, അദ്ധ്യാപകർ, വൈദികർ മാതാപിതാക്കൾ തുടങ്ങി വളരുന്ന തലമുറയുടെ മാർഗ്ഗനിർദ്ദേശ ഉത്തരവാദിത്വം പേറുന്ന വിവിധ ഗ്രൂപ്പുകൾക്കുള്ള ഇത്തരം പരിശീലനങ്ങൾ നന്നായി തന്നെ തുടരുന്നു. ചില രൂപതകൾ അവരുടെ യുവജന പരിശീലന സഹായിയായി ഈ പുസ്തകം സ്വീകരിചിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്-എഫ്-സി (SFC) എന്ന പേരിൽ അന്തർദ്ദേശീയ വൈദിക പരിശീലന സമിതി - പ്രധാനമായും സെമിനാരി റെക്ടർമാരുടെ സംഘടന - ഈ പുസ്തകത്തെ അവരുടെ ഒരു മാർഗ്ഗദർശക ഗ്രന്ഥമായി ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. 2024 ലെ കത്തോലിക്കാ മാധ്യമ അസോസിയേഷന്റെ (സിഎംഎ) അവാർഡ് ഇതിനൊക്കെ ഉപരിയായുള്ള ഒരു അംഗീകാരവും കൂടെയായി.
എന്താണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം?
ഏഴ് അധ്യായങ്ങളും ഒരു അനുബന്ധ ഭാഗവുമായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം അദ്ധ്യത്തിലെ വിക്ടർ എന്ന കോളേജ് വിദ്യാർത്ഥിയുടെ ജീവിതം ഏറെ സ്പർശിച്ചു എന്ന് അനേകർ പറഞ്ഞു കേട്ടു. തുടരുന്ന ശ്രവണ ശുശ്രൂഷയിലൂടെ ഒരു യുവജീവിതം മാറിമറിഞ്ഞ ഒരു കഥ. മറ്റുള്ളവർക്ക് കാതോർക്കുന്ന ആ സുന്ദര ശുശ്രൂഷ വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുക. തുടർന്ന് നമ്മെ ആദ്യമേ ശ്രവിച്ച ദൈവത്തെ കുറിച്ചാണ് സൂചിപ്പിക്കുക.
ഇന്നത്തെ യുവാക്കളുടെ പശ്ചാത്തലം മൂന്നാമത്തെ അദ്ധ്യായത്തിൽ മാത്രമല്ല പുസ്തകത്തിൽ ഉടനീളം ചർച്ചചെയ്യപ്പെടുന്നു. അവസാന അദ്ധ്യായം ഏതുരീതിയിൽ തങ്ങളെ കേൾക്കണമെന്നാണ് യുവാക്കൾ ആഗ്രഹിക്കുന്നത് എന്ന് ഒരു സർവ്വേ ഫലങ്ങളെ ആസ്പദമാക്കി വിവരിക്കുന്നു.
ആറാം അദ്ധ്യായത്തിൽ ശ്രവണ പ്രക്രിയയുടെ പ്രതിബന്ധങ്ങളെക്കുറിച്ച് പറയുമ്പോൾ, അഞ്ചും ഏഴും അദ്ധ്യായങ്ങൾ കാര്യക്ഷമമായ കേൾവിയുടെ വിവിധ വശങ്ങൾ അക്കമിട്ട് നിരത്തുന്നു. ചുരുക്കത്തിൽ ഓരോ അദ്ധ്യായവും കേൾവിയുടെ വിവിധ തലങ്ങളും ശ്രവണ രീതികളും കൈകാര്യം ചെയ്യുന്നെങ്കിലും പുസ്തകത്തിലെ മുഴുവൻ സമീപനവും പ്രായോഗികമായി കൂടുതൽ മെച്ചമായി ഇങ്ങനെ ശ്രവിക്കാം എന്നുള്ളതിന്റെ പറ്റിയാണ്.
ഫാ. ജോൺ ഹോൺ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും സഭാ നേതൃത്വത്തിലുള്ള അനേകരുടെ ആദ്ധ്യാത്മിക നിയന്താവുമാണ്. അദ്ദേഹത്തിന്റെ മുറിയിൽ അനേക പ്രാവശ്യം പോകാൻ ഇടവന്നിട്ടുണ്ട്. പഠന മേശയിൽ മുന്നിൽ തന്നെ ഈ പുസ്തകം എപ്പോഴും കാണാം. “എന്തേ ഈ പുസ്തകം എപ്പോഴും മുന്നിൽ?” ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “വീണ്ടും വീണ്ടും വായിക്കാനും സ്വാംശീകരിക്കാനും ഇതിൽ ഏറെയുണ്ട്. എന്റെ ശുശ്രൂഷയിൽ ഇത് ഏറെ സഹായകരമാണ്.” പുസ്തകത്തിന്റെ ആമുഖം കുറിച്ചിരിക്കുന്ന ബോമണ്ട് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ട്യൂബ്സിനും പറയാനുള്ളത് അതുതന്നെയാണ്.
ഈ പുസ്തകം അനേകർക്ക് ഉപകാരപ്രദമാകട്ടെ, അതോടൊപ്പം ശ്രവണത്തിന്റെയും സിനഡൽ രീതിയുടെയും ഒരു പുത്തൻ സംസ്കാരം ഇതിലൂടെ സാധ്യമാകട്ടെ എന്നുമാണ് എന്റെ ആശംസ.
Comments
Post a Comment