നമ്മുടെ പ്രാർത്ഥനാ ശൈലികൾ, ആകർഷകമോ അതോ വെറുപ്പിക്കുന്നതോ? (MJYR110)
നമ്മുടെ പ്രാർത്ഥനാ ശൈലികൾ, ആകർഷകമോ അതോ വെറുപ്പിക്കുന്നതോ?
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
വിശുദ്ധ അഗസ്റ്റിൻ്റെ മാനസാന്തരത്തെക്കുറിച്ച് പണ്ടേ കേട്ടിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിൻ്റെ മൂന്ന് മാനസാന്തരങ്ങളെക്കുറിച്ച് ഈയ്യിടെയാണ് ആദ്യം കേട്ടത്, ബെനഡിക്ട് പാപ്പയിൽ നിന്ന്. അഗസ്റ്റിൻ്റെ ആദ്യ മാനസാന്തരം തന്റെ ലൗകിക പാതയിൽ നിന്ന് യേശുവിനെ അറിഞ്ഞ് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിയുന്നതിലായിരുന്നു. തുടർന്ന്, അദ്ദേഹം ചില ക്രിസ്തീയ സമൂഹങ്ങളിൽ പോയെങ്കിലും അവരുടെ രീതികൾ ഏറെ അരോചകരായിരുന്നു. പ്രത്യേകിച്ച് അവരുടെ പ്രാർത്ഥന ശൈലികൾ വിരസവും വെറുപ്പുളവാക്കുന്നതുമായിരുന്നു, ആ കൂട്ടായ്മകളിൽ അദ്ദേഹം തുടർന്നതുമില്ല. എന്നാൽ പിന്നീട്, അദ്ദേഹം വി. ആംബ്രോസിൻ്റെ സഭാസമൂഹത്തെ കാണാനിടയായി. അത് ഏറെ സുന്ദരമായ ഒരനുഭവമായിരുന്നു. അവിടത്തെ പ്രാർത്ഥന സ്വർഗ്ഗീയം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാത്രമല്ല ആ പുത്തൻ അനുഭവം ക്രിസ്തീയ പ്രതിബദ്ധതയിൽ ആഴപ്പെടാനും ഒരു പുതു തുടക്കമാക്കാനും ഇടയാക്കി. ഇതായിരുന്നു അഗസ്റ്റിൻ്റെ രണ്ടാമത്തെ മാനസാന്തരം.
യേശുവിനെ അടുത്തറിയുന്ന മിക്കവരും ഒരു ക്രിസ്തീയ കൂട്ടായ്മ അന്വേഷിക്കും. പക്ഷേ, അവർ കാണാനിടവരുന്ന പല ഗ്രൂപ്പുകളിലേയും രീതികൾ പ്രത്യേകിച്ച് പ്രാർത്ഥനാ ശൈലികൾ തീരെ ആകർഷകമാകാറില്ല. ഇതിന് ഒരു പരിഹാരം ഇന്ന് അത്യാവശ്യമാണ്. ആളുകൾക്ക് ഒരു “രണ്ടാം മാനസാന്തരം” സാധ്യമാകുന്ന നല്ല സ്നേഹ സമൂഹങ്ങൾ നമ്മൾ ഒരുക്കേണ്ടിയിരിക്കുന്നു.
കൂട്ടായ്മകൾ വിരസമാക്കണമോ?
പൗലോസ് അപ്പസ്തോലന്റെ പ്രായോഗിക നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്, “നിങ്ങൾ സമ്മേളിക്കുമ്പോൾ ഓരോരുത്തർക്കും ഒരു സങ്കീർത്തനമോ, സാരോപദേശമോ, വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്മീയോത്കർഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ. (1 കോറി. 14:26) ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, എങ്ങനെ കൂട്ടായ്മകൾ മനോഹരമാക്കാം എന്നതിനെക്കുറിച്ച് പൗലോസ് ഏറെ ചിന്തിച്ചു. അത് ഒരു നേതാവിന്റെ ‘കസർത്ത്’ ആയിരുന്നില്ല. അങ്ങനെയെങ്കിൽ, നമ്മുടെ കൂട്ടായ്മകൾ നല്ല വിശ്വാസ രൂപീകരണ വേദികളാകാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണ്? 1) ദൈവസാന്നിദ്ധ്യ അനുഭവം, 2) ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള (ക്രിസ്തുഗാത്ര) ബന്ധം, 3) എല്ലാവരുടെയും നല്ല പങ്കാളിത്തം, 4) ‘കാലത്തിൻ്റെ അടയാളങ്ങൾ’ കണക്കിലെടുക്കുന്ന സാംസ്കാരിക അവബോധം. പൗലോസിന്റെ വിവരണങ്ങളിൽ ഇതൊക്കെ കാണാം.
ഈ കാലത്ത് സാധാരണ ഒത്തുചേരലുകൾ പോലും രസകരമാക്കാൻ ഏവരും ശ്രമിക്കാറുണ്ട്. വീട്ടിൽ അതിഥികളെ ക്ഷണിച്ചാലും, ജന്മദിന ആഘോഷമോ, പിക്നിക്കോ ഒക്കെ ആയാലും വീടൊരുങ്ങും, ഭക്ഷണ മേശ മനോഹരമാക്കും, ആകർഷകമായ എന്തെങ്കിലുമൊക്കെ തയ്യാറാക്കും. അത് ഏറെ ആകർഷകമായി എന്ന് ഉറപ്പുവരുത്തും. അപ്പോൾ നാം പറയും ആദ്ധ്യാത്മിക ഒത്തുചേരലുകൾ അങ്ങനെയല്ലല്ലോ. മറിച്ച്, അവിടെ നവീകരണവും ശൈലികളെ കുറിച്ചുള്ള അവലോകനവും പാടില്ലെന്നുണ്ടോ? എങ്ങനെയൊക്കെയോ ആദ്ധ്യാത്മിക കൂട്ടായ്മകൾ ജീവിത ബന്ധിയാകാതെ പോകുകയും, പലർക്കും അത് ഒഴിവാക്കാൻ എളുപ്പമുള്ള ഒന്നായി തീരുകയും ചെയ്തിരിക്കുന്നു. ആധ്യാത്മിക ജീവിതത്തിന്റെ ഇന്നത്തെ ദുരന്തം ഇതാണെന്നു തോന്നുന്നു.
ആത്മീയതയും സംസ്കാരവും ഒരുമിച്ചുപോകണം.
നവീകരണതിലേക്കുള്ള വരവ് എന്നെ സംബന്ധിച്ചിടത്തോളം വലിയ തുറവിയുടെ അനുഭവമായിരുന്നു. പ്രാർഥനാ രീതികളിലെ മാറ്റമായിരുന്നു ഏറ്റവും പ്രധാനം. ഉരുവിടുന്ന പ്രാർത്ഥനകൾ, പ്രധാനമായും കുർബാനയും ജപമാലയും, നമ്മളെ മിക്കവാറും കേൾവിക്കാരും ചൊല്ലുന്നവരും ഒക്കെ ആക്കുമല്ലോ. എന്നാൽ നവീകരണ ശൈലികൾ ഒരു വിപ്ലവമായിരുന്നു. അവിടെ പുഞ്ചിരിക്കാനും, സ്വന്ത വാക്കുകളിൽ കാര്യങ്ങൾ പറയാനും, കൈയടിക്കാനും ഒക്കെയുള്ള സ്വാതന്ത്രവും അതൊക്കെ പ്രാർഥനയാക്കാനാകും എന്ന അറിവും ഒരു പുതു ചക്രവാളം തന്നെ മുന്നിൽ തുറന്നു.
ഞങ്ങളുടെ ബുധനാഴ്ച പ്രാർത്ഥനാ കൂട്ടായ്മയിൽ ഈ പുതുമ ഏറെ ആവേശത്തോടെ തന്നെ ഞങ്ങൾ തുടർന്നു. മാത്രമല്ല പ്രാർഥനാ രീതികളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്ന് ചോദിക്കാൻ മിക്ക വിശ്വാസികൾക്കും ഭയമാണെന്ന് തോന്നുന്നു. പ്രാർത്ഥനാ രീതികൾ, പ്രത്യേകിച്ച് സ്തുതിപ്പും, ഭാഷാവരവും ഒക്കെ എങ്ങനെയാകണം എന്നത് ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഇതിന്റെ ഒരു സദ്ഫലം സുന്ദരമായി ഭാഷാവരം ഉപയോഗിക്കാനും അരോചകമല്ലാതെ സ്വതന്ത്രമായി സ്തുതിക്കാനും ഗ്രൂപ്പിലുള്ളവർ പഠിച്ചു. അതുകൊണ്ടുതന്നെ പുതുമുഖങ്ങൾക്ക് പോലും ഇവയോട് വെറുപ്പ് തോന്നിയതുമില്ല.
ഒരു കാര്യം കൂടി: ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ആരോചകമല്ലാത്ത പ്രാർഥനാ ശൈലികൾ കണ്ടെത്താനും പരിശീലിക്കാനുമുള്ള ഞങ്ങളുടെ കൂട്ടായ്മയുടെ ശ്രമങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകാനും സഹായിക്കാനും പക്വതയുള്ള വൈദികർ ഉണ്ടായിരുന്നത് ഏറെ സഹായമായി. ആദ്യ കാലങ്ങളിൽ തന്നെ ഫാ. ഫിയോയുടെ പരിശീലനങ്ങൾ ലളിതവും വചനാധിഷ്ഠിതവുമായി പ്രാർത്ഥന സമ്മേളനങ്ങളുടെ പ്രധാന ഘടകങ്ങൾ പഠിക്കാൻ ഇടയാക്കി. ഫാ. മാർസെലിനോയുടെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു, "പ്രാർത്ഥിക്കുമ്പോഴും ഭാഷാവരത്തിൽ പാടുമ്പോഴും ഇരു ചെവികളും ഉപയോഗിക്കണം, ഒന്ന് ഉള്ളിലെ ആത്മാവിനെ കേൾക്കാൻ മറ്റേത് കൂട്ടായ്മയുള്ളവരുടെ പ്രാർത്ഥന ശ്രദ്ധിക്കാൻ.” ഫാ. ജിനോയുടെ നിർദ്ദേശം, പ്രാർത്ഥന അരോചകം ആക്കരുത് എന്നതായിരുന്നു, "കർത്താവിന് ആനന്ദ ഗീതം ഉതിർക്കുവിന്” (സങ്കീ. 100:1; 66:1). സ്തുതിപ്പ് ഒരിക്കലും കലപില ആക്കേണ്ടതില്ല.
പ്രാർത്ഥന ശൈലിയാണ് നമ്മുടെ വിശ്വാസനിലവാര സൂചിക
"നിങ്ങൾ എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതിൽ നിന്ന് നിങ്ങളുടെ ദൈവം ആരാണെന്ന് അറിയാം." കത്തോലിക്കാ പാരമ്പര്യം വൈവിധ്യവും ക്രിയാത്മകവുമായ പ്രാർഥനാ രീതികൾ കൊണ്ട് സമ്പന്നമാണ്. ദൈവത്തെ അഭിസംബോധന ചെയ്യുന്ന വാക്കുകൾ മാത്രമല്ല പ്രാർത്ഥന. "എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു" എന്ന് മാതാവ് ഉദ്ഘോഷിക്കുന്നത് ഒരു സംഭാഷണമാണ്, പക്ഷേ ഏറ്റം ഉദാത്തമായ പ്രാർത്ഥനയും. വിശുദ്ധ കുർബാനയിൽ, , "കർത്താവ് നിങ്ങളോടുകൂടെ!" എന്ന വൈദികന്റെ അഭിസംബോധനയ്ക്ക്, "അങ്ങേ ആത്മാവോടും കൂടെ” എന്ന പ്രതികരണവും പ്രാർത്ഥന തന്നെ. സഭ ദിവസവും മൂന്നു പ്രാവശ്യം ചൊല്ലാൻ നിർദ്ദേശിക്കുന്ന “കർത്താവിന്റെ മാലാഖ” കൂടുതലും ബൈബിൾ വാക്യങ്ങൾ ഏറ്റുപറയുന്നതാണ്. പിന്നെ, കുരിശിൻ്റെ വഴി കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു, കാരണം അത് നീണ്ട വിരസമായ പ്രാർഥനയല്ല, മറിച്ച് അവിടെ ചിത്രങ്ങളുണ്ട്, ചെറു ധ്യാനവും, പിന്നെ ഒരു ചുറ്റിനടപ്പുമാണ്. പക്ഷേ ചിലർ അത് വലിച്ചു നീട്ടി വിരസമാക്കി അതിന്റെ തനിമ കളയാറുമുണ്ട്. പ്രാർത്ഥനയുടെ കാര്യത്തിൽ “അതിഭാഷണം ചെയ്യരുത്” എന്ന യേശുനാഥന്റെ നിർദ്ദേശം സഭാ മാതാവ് അക്ഷരാർത്ഥത്തിൽ പാലിക്കാൻ നോക്കാറുണ്ടെന്ന് തോന്നുന്നു. പാരമ്പര്യ പ്രാർത്ഥനകളുടെ വൈവിധ്യവും ക്രിയാത്മകതയും ഇതാണ് സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റം മഹത്തരം ഒരു മേശയ്ക്ക് ചുറ്റും വിരുന്നിനായി ഒന്നിക്കുന്ന ഭക്ഷണ-പാനീയ ആരാധന തന്നെ.
കഴിഞ്ഞ ദിവസം മധ്യസ്ഥ പ്രാർത്ഥന നയിക്കാൻ ഒരുക്കമായി ജോസ് എന്നെ വിളിച്ചു. “പ്രാർത്ഥന കൂടുതൽ സജീവവും ക്രിയാത്മകവും ആകണമെന്ന് പറഞ്ഞല്ലോ. ഇന്ന് വൈകുന്നേരം ഓൺലൈനായി ഞങ്ങൾ മധ്യസ്ഥ പ്രാർഥനയ്ക്ക് ഒന്നിച്ചു വരുന്നു. എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ?” ഏതായാലും ആ ചോദ്യം എനിക്ക് ഇഷ്ടമായി. ഈ അന്വേഷണം യഥാർത്ഥത്തിൽ “കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ!” എന്ന അപേക്ഷതന്നെയല്ലേ? അന്നു രാത്രി മനോജിന്റെ ശസ്ത്രക്രിയക്കു വേണ്ടിയുള്ള പ്രാർഥനയായിരുന്നു.
എന്റെ ചിന്തകൾ ഞാൻ പങ്കുവച്ചു: ദൈവത്തെ പറഞ്ഞു മനസിലാക്കാനും ഇവിടുത്തെ മനസ്സു മാറ്റാനും വേണ്ടിയല്ലല്ലോ പ്രാർത്ഥന. എണ്ണം തികയ്ക്കലും, നീണ്ട വാചകമടിയും ഒഴിവാക്കുന്നതാകും നല്ലത്. “ചോദിക്കുന്നതിന് മുൻപുതന്നെ പിതാവ് ആവശ്യം അറിയുന്നു” (മത്താ. 6:8). അതുകൊണ്ട്, ഒന്നിച്ചുവരുമ്പോൾ എങ്ങനെ പ്രാർത്ഥിക്കണം എന്ന് കർത്താവിന്റെ ഇഷ്ടം തേടുകയും, പലരും അത് പങ്കുവയ്ക്കുകയും, ആ പ്രാർത്ഥന ദൈവേഷ്ടം അറിഞ്ഞുള്ള ഒരു സന്തോഷ യാത്രയാക്കുകയും ചെയ്യുക നന്നായിരിക്കില്ല?
പിന്നെ എല്ലാം പരിചിതമായ “പ്രാർഥനാ സ്വരത്തിലാകാതെ” ഒരു സംഭാഷണ ശൈലിയിൽ ചെയ്താൽ നന്നായിരിക്കും. ഒരു പക്ഷേ, പലരും തങ്ങളുടെ ജീവിതത്തിൽ മനോജിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾ പങ്കുവച്ച് നന്ദിപറഞ്ഞ് ഒരു ചെറു പ്രാർത്ഥന അർപ്പിക്കുകയും ചെയ്താൽ അത് ഒരു കൂട്ടായ്മയിലുള്ള മധ്യസ്ഥ പ്രാർഥനയാകും. എന്നാൽ സംസാരങ്ങൾ നീളാതെ സൂക്ഷിക്കുകയും വേണം.
പ്രാർത്ഥന എങ്ങനെയായിരുന്നു? എല്ലാം നന്നായി പോയി, ഏവർക്കും ഒരു പുത്തൻ അനുഭവമായിരുന്നു. ജോസിന്റെ വാക്കുകളിൽ, “വന്നവരെല്ലാം സജീവമായി പങ്കെടുത്തു. ഒരു മണിക്കൂറായിരുന്നു പ്ലാൻ, പക്ഷേ മൂന്ന് മണിക്കൂർ ഒട്ടും വിരസതയില്ലാതെ പങ്കുവച്ച് പ്രാർത്ഥിച്ചു. ആദ്യമായി കടന്നുവന്ന ചിലർക്ക് പോലും ഇത് വലിയ ഒരനുഭവവുമായി.”
ഒരു കാര്യം ഞാൻ ഓർത്തു, ഒരുമിച്ച് പ്രാർത്ഥിക്കാൻ സുന്ദരമായ എത്രയോ വഴികൾ ആകാം. നല്ല രീതിയിൽ അത് ചെയ്താൽ കുറേപേർക്ക് ക്രിസ്തു ശരീരത്തിന്റെ സൗന്ദര്യം അനുഭവിച്ച് ഒരു “രണ്ടാം മാനസാന്തരം” ഉണ്ടാകാൻ അത് ഒരവസരവുമാകും.
Comments
Post a Comment