നല്ല കൂട്ടായ്മയുടെ അഞ്ച് പടികൾ, എന്നാൽ മൂന്നാം പടിയിൽ പലതും മരിക്കുന്നു. (MJYR109)
നല്ല കൂട്ടായ്മയുടെ അഞ്ച് പടികൾ, എന്നാൽ മൂന്നാം പടിയിൽ പലതും മരിക്കുന്നു.
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
“നിങ്ങൾക്ക് ഒരു ഗ്രൂപ്പ് തുടങ്ങാൻ താൽപ്പര്യമുണ്ടോ? നമുക്ക് എല്ലാ ആഴ്ച്ചയും ഒന്നിച്ചുകൂടാം," മാർസെലീനോ അച്ചന്റെ ഈ ചോദ്യമായിരുന്ന ഞങ്ങളുടെ കൂട്ടായ്മയുടെ തുടക്കം. ഞാൻ ഉടൻ കൈ പൊക്കി. അടുത്ത ഞായറാഴ്ച, ആ കോളേജിലെ ഒരു ക്ലാസ് മുറിയിൽ ഞങ്ങൾ കുറെ പേർ ഒത്തുകൂടി. ഏറെ താത്പര്യത്തോടെ എന്നാൽ കുറച്ച് ആശങ്കയോടെയുമാണ് ഞാൻ അവിടെ എത്തിയത്. ചിരിക്കുന്ന ചില മുഖങ്ങൾ കുറച്ച് ആശ്വാസം പകർന്നു. അച്ചൻ ചില പാട്ടുകൾ പഠിപ്പിച്ചുകൊണ്ടു തുടങ്ങി, കൂടെപാടാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ സന്തോഷത്തോടെ പ്രതികരിച്ചു.
ആ തുടക്കം ഒരു പുതുമയായിരുന്നു. താമസിയാതെ ഞങ്ങൾ ഒരു മനസ്സായി. ഒരു ചെറിയ പ്രാർത്ഥന സമയം, പിന്നെ വചന പഠനം, ഗ്രൂപ്പ് ചർച്ച. അങ്ങനെ ആദ്യ ദിവസം നന്നായി പോയി, അതിനിടെ അര ഡസൻ സുഹൃത്തുക്കളും കുറെ പ്രതീക്ഷയും. കൂട്ടായ്മയുടെ നീണ്ട ഒരു യാത്രയുടെ തുടക്കമായി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ സംഭവബഹുലമായ ഒരു പ്രയാണത്തിന്റെ ആദ്യ പടി.
അഞ്ച് ഘട്ടങ്ങളിലൂടെ ഒരു യാത്ര
നമുക്കൊരുത്തർക്കും എത്രയോ കൂട്ടായ്മകൾ ഉണ്ടാകും!. കുടുംബം, അയൽപക്കം, ക്ലാസ്റൂമിൽ, ഇടവകയിൽ, ജീസസ് യൂത്തിൽ എന്നുതുടങ്ങി എവിടെയെല്ലാം. ചിലത് തുടരുന്നു, പലതും ഇല്ലാതാകും. അറിഞ്ഞോ അറിയാതെയോ, നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിരവധി ഗ്രൂപ്പുകൾ നിർണായക പങ്ക് വഹിക്കുന്നു. ഒരു ചോദ്യം രസകരമാകും, ഈ കൂട്ടായ്മകളുടെ പ്രയാണത്തിൽ എന്തെങ്കിലും പൊതു രീതികളുണ്ടോ? പ്രത്യേകിച്ച് അവയുടെ വളർച്ചാ ഘട്ടങ്ങളിൽ സമാനതകളുണ്ടോ?
കോളേജിലെ ആദ്യ വർഷം, ഒരു സുഹൃത്ത് അടുത്തുള്ള പട്ടണത്തിലെ ഒരു കത്തോലിക്കാ വിദ്യാർത്ഥി കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ചു. കുറെ നാളായി തുടരുന്ന ഒരു ഗ്രൂപ്പ്. ഒരു ശനിയാഴ്ചയാണ് ഞാൻ അവിടെ ചെന്നത്. അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഗ്രൂപ്പിലെ തുടക്കം. അടുത്തത് ബന്ധങ്ങളുടെ വളർച്ചയുടെ ഒരു രണ്ടാം ഘട്ടം. ഞാൻ പലരുമായും ചങ്ങാത്തം കൂടുകയും, പല പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും, സുഹൃത്തുക്കളുമായി ചേർന്ന് ചില പാവപ്പെട്ടവരെ സന്ദർശിക്കുകയും ഒക്കെ ചെയ്ത വളരെ സന്തോഷകരമായ ഒരു സമയം
കുറച്ച് മാസങ്ങൾക്ക് ശേഷം ആ ഗ്രൂപ്പിലെ എന്റെ മൂന്നാം ഘട്ടമായി. ഒരുപാട് ഭിന്നതകളും വഴക്കുകളും തർക്കങ്ങളും എല്ലാമായി അന്തരീക്ഷം കുറേ കലുഷിതമായി. ഇത് ഏറെ ആശയക്കുഴപ്പവുമുണ്ടാക്കി. ഭാഗ്യവശാൽ, അത് പൂർണ്ണമായ തകർച്ചയിലേക്ക് നയിച്ചില്ല. പക്ഷേ ഞങ്ങളിൽ ചിലർക്ക് അത് അങ്ങനെ തുടരരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ഞാനും ഒരു സുഹൃത്തും ചില സംഭാഷണങ്ങൾ ആരംഭിച്ചു, പിന്നീട് മറ്റുള്ളവരുമായി സൗമ്യമായി ബന്ധപ്പെടുകയും ചർച്ചകൾ തുടരുകയും ചെയ്തു. അത് പല നേതാക്കളുടെയും വ്യത്യസ്തമായ റോളുകൾ മനസ്സിലാക്കാൻ ഈ നാലാം ഘട്ടം ഞങ്ങളെ സഹായിച്ചു. ഞങ്ങളുടെ കൂട്ടായ്മയുടെ ഏറെ നിർണായകമായ വളർച്ചാ ഘട്ടമായിരുന്നു അത്. ഞങ്ങളെ അത് ഒരു പുതിയ പ്രവർത്തനരീതിയിലേക്ക് നയിച്ചു. ആ യുവജന കൂട്ടായ്മ കൂടുതൽ വ്യക്തതയോടെ വളരാൻ തുടങ്ങി, അത് അംഗങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പകർന്നു.
ഏതു കൂട്ടായ്മയും വളർച്ചയുടെ ഏതാണ്ട് സമാനമായ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരുപക്ഷേ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന ഭാഗം മൂന്നാം ഘട്ടമാകും. പ്രശ്ന കലുഷിതമായ ആ സമയത്ത് പല അംഗങ്ങളും ഏറെ നിരാശിതരാകും അവർ ഒരു പക്ഷേ പിന്നെ ഒരിക്കലും ഗ്രൂപ്പിലേക്ക് മടങ്ങില്ല. എന്നാൽ ക്ഷമാപൂർവ്വം ആ ഘട്ടം തരണം ചെയ്ത് ഗ്രൂപ്പിൽ തുടരുന്നവർ പക്വതയുടെയും സ്നേഹത്തിന്റെയും നല്ല വിളവ് കൊയ്യും.
ഈ യാത്രയിൽ ഞാൻ എവിടെയാണ്?
യേശു പറഞ്ഞു, "സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ." “രമ്യതയുടെ ശുശ്രൂഷ” യേശു നമുക്ക് നൽകിയിട്ടുണ്ടെന്ന് വി. പൗലോസ് സൂചിപ്പിക്കുന്നു (2 കൊറി 5:18). പരസ്പര ധാരണയില്ലാതെ വിട്ടുനിൽക്കുന്ന രണ്ടു കൂട്ടരെ ഒരുമിപ്പിക്കുന്ന ഈ പ്രവർത്തനം സുവിശേഷവത്ക്കരണത്തിന്റെ നിർണായക പ്രവർത്തനമല്ലേ? ഈ രണ്ട് വശങ്ങളിൽ നിൽക്കുന്നവർ ഭാര്യാഭർത്താക്കന്മാരോ, മാതാപിതാക്കളോ, ജീസസ് യൂത്ത് ടീമിലുള്ളവരോ, രണ്ടു തലമുറകളോ ഒക്കെ ആകാം. ഇവരിൽ മിക്കവരും യാത്ര ഒരുമിച്ചു തുടങ്ങി എന്നാൽ ഒരു ഘട്ടത്തിൽ എത്തിയപ്പോൾ പരസ്പരം മനസിലാക്കാൻ സാധിക്കാതെ വന്നവരാണ്. അവർക്കിടയിൽ ഞാൻ അനുരഞ്ജനത്തിന്റെ ദൂതനായി എത്തിയാൽ അവിടെ എന്റെ ദൗത്യമെന്താണ്? ഒന്നിച്ച് പ്രവർത്തിക്കുക എന്ന ദൈവേഷ്ടം അവരെ ബോധ്യപ്പെടുത്തുകയും പരസ്പര പൂരകമായ വിവിധ വരദാനങ്ങൾ ഒന്നിച്ചു വരുന്നതിന്റെ മനോഹാരിത അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുക.
എന്നാൽ നിങ്ങൾ ആ വഴിത്തിരിവിൽ എത്തി നിൽക്കുമ്പോൾ മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്:
- പശ്ചാത്തലം ശ്രദ്ധിക്കാതെ സംഘർഷം മാത്രം കണ്ടാൽ,
- തെറ്റ് ഒരുവശത്ത് മാത്രമെന്ന് തോന്നിയാൽ
- നിരാശയിൽ ഈ വഴക്കാണ് അന്ത്യം എന്ന് കരുതിയാൽ
- തർക്കവും വഴക്കും സംഘർഷവും ആത്മീയതയ്ക്ക് പറ്റിയതല്ലെന്ന് തോന്നിയാൽ
- ഈ സംഘർഷത്തിൽ എനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞാൽ
- പിന്നെ, വഴക്കുകൾ വർദ്ധിക്കുന്നിടം വിട്ടുപോക്കാൻ തീരുമാനിച്ചാൽ
ഒന്നോർക്കുക സ്നേഹത്തിൽ സത്യം പറഞ്ഞ് ക്രിസ്തുവിന്റെ പൂർണതയിലേക്ക് വളരുന്നതിനുള്ള വിളിയാണ് നിങ്ങൾ ഉപേക്ഷിക്കുന്നത്.
സംഘർഷം വളർച്ചയുടെ ഒരു പടി മാത്രമാണെന്നത് നാം മറക്കരുത്. ഉദാഹരണത്തിന് പല കാര്യങ്ങളിലും ഒത്തുപോകാൻ ആവില്ലെന്ന് ഭാര്യാഭർത്താക്കന്മാർക്ക് തോന്നി തുടങ്ങുമ്പോൾ, അല്ലെങ്കിൽ മക്കളും മാതാപിതാക്കളും തമ്മിൽ ബന്ധങ്ങൾ വഷളാകുമ്പോൾ, ജീസസ് യൂത്ത് ഗ്രൂപ്പിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ, അതേ തുടർന്ന് ആളുകൾ അസ്വസ്ഥരാകുമ്പോൾ, ഓർക്കുക, നമ്മൾ വളർച്ചയുടെ മൂന്നാം ഘട്ടത്തിൽ എത്തി. അവിടെ അനുരഞ്ജന ശ്രമങ്ങളുടെ നാലാം ഘട്ടത്തിന് സമയമായി. മിക്ക തർക്കങ്ങളും വഴക്കുകളും നന്നായി കൈകാര്യം ചെയ്താൽ കൂടുതൽ ധാരണയിലേക്കും പുതിയ പാതകളിലേക്കും നാം മുന്നേറും. സഭയിൽ, നാം ഇതിനെ പങ്കാളിത്തത്തിൻ്റെയും കൂട്ടായ്മയുടെയും ദൗത്യവളർച്ചയുടെയും സിനഡൽ സമീപനം എന്നാണ് വിളിക്കുന്നത്.
ഈ മൂന്നാം ഘട്ടത്തിൽ എത്തുമ്പോൾ നാം എന്തു ചെയ്യണം?
ഒരു കുട്ടി വളർച്ചയുടെ ഒരു ഘട്ടത്തിൽ മാതാപിതാക്കളോട് പറയാൻ തുടങ്ങും, “ഞാൻ വ്യത്യസ്തനാണ്; എന്നെ അംഗീകരിക്കുക!" ഇത് നിഷേധത്തിന്റെയോ അനുസരണക്കേടിൻ്റെയോ ചില വാക്കുകളോ പ്രവൃത്തികളോ ഒക്കെ ആകാം. ഞാൻ കണ്ട മറ്റൊരു മൂന്നാം ഘട്ടമായിരുന്നു ഒരു ടീമിൽ മൂന്നുപേർ പ്രവർത്തന തിരക്കിൽ മീറ്റിംഗുകൾ ഒഴിവാക്കുന്നു മറ്റു നാലുപേർ മുടക്കം കൂടാതെ കൂട്ടായ്മയിൽ തുടരുന്നു, മറ്റൊന്ന്, ആദിമ സഭയിൽ, പരിച്ഛേദനയുടെയും യഹൂദ ആചാരങ്ങളുടെയും പ്രശ്നത്തിൽ കടുത്ത ഭിന്നത ഉയർന്നു. ഇതെല്ലാം നാം പറഞ്ഞ മൂന്നാം ഘട്ടം. പക്ഷേ ചോദ്യം, നാം എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും?
i. തിരിച്ചറിയുക. അഭിപ്രായ വ്യത്യാസങ്ങൾ ഒരു ഗ്രൂപ്പിന്റെ മുന്നോട്ടുള്ള യാതയുടെ ഒരു ഘട്ടമാണെന്ന് തിരിച്ചറിയുക സുപ്രധാനമാണ്.
ii. അംഗീകരിക്കുക. ആദർശവാദമാണ് വളർച്ചയുടെ പ്രധാന ശത്രു. അടിസ്ഥാന യാഥാർത്ഥ്യം അംഗീകരിച്ച് അവിടെ നിന്ന് തുടങ്ങുക.
iii. ദൈവഹിതം അന്വേഷിക്കുക. പ്രാർത്ഥനാപൂർവ്വം ചോദിക്കുക, "കർത്താവേ, അങ്ങ് ഞങ്ങളെ എവിടേക്കാണ് നയിക്കുന്നത്?"
iv. എളിമയിൽ തുടങ്ങുക. താഴ്മയോടെ, ഞാൻ ചെറുതെന്ന് കരുതി, എന്നാൽ ആകാവുന്ന ആദ്യപടി വയ്ക്കുക.
v. പരസ്പര സംഭാഷണം. മറ്റുള്ളവരുമായി ബന്ധപ്പെട്ട് അനുരഞ്ജന ശ്രമങ്ങൾ നടത്തുക.
vi. ക്രിയാത്മക പടികൾ. പറ്റുന്ന രീതിയിൽ സഹകരിച്ച് കർത്താവ് നയിക്കുന്നത് തിരിച്ചറിഞ്ഞ് മുന്നേറുക.
vii. സാഘോഷം ഉണ്ടായ നേട്ടങ്ങളിൽ ഒന്നിച്ച് സന്തോഷിക്കുക.
തുടക്കത്തിൽ സൂചിപ്പിച്ചപോലെ ബന്ധങ്ങൾ ഒരു യാത്ര പോലെയാണ്, കൂട്ടായ്മകൾ പല പടികൾ കടന്നാണ് മുന്നേറുന്നത്. ഏതാണ്ട് മരങ്ങൾ വളരുന്ന പോലെ, വിത്ത്പാകി, തഴച്ചു വളർന്ന്, വെട്ടിയൊതുക്കി, ഭംഗിയാക്കി, ഫലമണിയും. മൂന്നാം ഘട്ടത്തിലെ വെട്ടിയൊരുക്കൽ നമുക്ക് ഒഴിവാക്കാനാകില്ല. കൂട്ടായ്മകളിൽ പരിശുദ്ധാത്മാവിന്റെ നയിക്കലിൽ നാം അത് ചെയ്താൽ വിശ്വാസവും പ്രത്യാശയും സ്നേഹവും നിറഞ്ഞ് ആ കൂട്ടായ്മ ഏറെ സുന്ദരമാകും.
Comments
Post a Comment