സേവന സന്നദ്ധമായ സ്നേഹം അഭ്യസിക്കാൻ ഒരു വേദി (MJYR107)

 സേവന സന്നദ്ധമായ സ്നേഹം അഭ്യസിക്കാൻ ഒരു വേദി. 

കരുണാർദ്ര ഹൃദയവും, തെളിവുള്ള ദൃഷ്ടിയും, ചടുലപാദങ്ങളുമായി  

(By Dr. Edward Edezhath - Published in Kairos Malayalam in 2024)

ചില ഓർമ്മകൾ മങ്ങാതെ നിൽക്കുമല്ലോ. 1978ൽ എസ്എച്ച് കോളേജിൽ എണ്ണൂറോളം ചെറുപ്പക്കാർ പങ്കെടുത്ത ആ ആദ്യ സമ്മേളനത്തിൻ്റെ ഉദ്ഘാടന വേദി അത്തരം ഓരോർമ്മയാണ്. മുഖ്യാതിഥി കൊച്ചി മെത്രാൻ, കൺവീനറായ ഞാൻ ആമുഖ പ്രഭാഷണം നടത്തി. എല്ലാവരും ഏറെ ഉത്സാഹത്തിൽ. ഞങ്ങളുടെ യുവജന പ്രവർത്തനത്തിലെ വലിയൊരു പടി. അപ്പോഴും എന്റെ ഉള്ളിൽ പങ്കുവയ്ക്കാൻ അൽപ്പം നാണക്കേടുള്ള ഒരു വിഷമം. 

ആ സമ്മേളനത്തിനുശേഷം രാത്രിതന്നെ പ്രധാന സംഘാടകർ കാര്യങ്ങൾ  വിലയിരുത്താനും ബാക്കി പരിപാടികൾ തയ്യാറാക്കാനും ഒത്തുകൂടി. പക്ഷേ എൻ്റെ ഉള്ളിലെ വിഷമം വർദ്ധിച്ചു: എൻ്റെ ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയാൽ, എന്റെ കയ്യിൽ ഓട്ടോ യാത്രയ്ക്ക് വേണ്ട പണമില്ല. അന്ന് ഞാൻ രണ്ടാം വർഷ കോളേജ് വിദ്യാർത്ഥി. സമ്പത്തിക ഞെരുക്കം ഏറെ ഉണ്ടെങ്കിലും വീട്ടിൽ പോലും അറിയിക്കാൻ അഭിമാനം അനുവദിക്കില്ല.  

നേരം വൈകുന്നു. അവസാന മീറ്റിങ്ങിനായി ഞങ്ങൾ ഒത്തുകൂടി. അപ്പോൾ പള്ളിവാതുക്കൽ അച്ചൻ അടുത്തുവന്ന് ഒരു കവർ തന്നിട്ട് പറഞ്ഞു ഒരു ചെക്കാണ്. ആരുടെയോ ഒരു സമ്മാനം. ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. പിന്നെ ഉള്ളിൽ കർത്താവിനോട് ഞാൻ നാർമഭാവത്തിൽ ചോദിച്ചു, “രാത്രി റിക്ഷാക്കാരന് ചെക്ക് കൊടുത്താൽ പറ്റുമോ?” ആമീറ്റിങ്ങും കഴിഞ്ഞപ്പോൾ ഞങ്ങളുടെ ആനിമേറ്റർ ആലീസ്കുട്ടി അടുത്ത് വന്ന് എൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ എന്തോ ഇട്ടു. അത് കുറച്ച് രൂപയാണെന്ന് ഞാൻ കണ്ടു, ഞാൻ ഒന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചു. “എനിക്ക് ഇതിൽ ഒരു പങ്കുമില്ല. കർത്താവ് പറഞ്ഞത് മാത്രം ഞാൻ ചെയ്യുന്നു.” പുഞ്ചിരിയോടെ എന്നെ യാത്രയാക്കി. ഞാൻ എൻ്റെ കണ്ണുനീർ നിയന്ത്രിക്കാൻ കുറച്ച് ബുദ്ധിമുട്ടി. 

പ്രായോഗിക സ്നേഹത്തിൻ്റെ അടയാളങ്ങൾ 

കരുതലും സ്നേഹം പങ്കിടലും ഒക്കെ പരിശീലിച്ച അനേക പാഠങ്ങളിൽ ഒന്നായിരുന്നു അത്. തീർച്ചയായും, നമ്മൾ നൽകാൻ തുടങ്ങുമ്പോൾ, അത് ഏറെ ആസ്വദ്യകരമാകും. ദൈവദത്തമായ ഒരു കൃപയാണ് പങ്കുവയ്ക്കാൻ തയ്യാറുള്ള ഒരു മനോഭാവം. സഹകരിച്ച് അത് നാം പരിപോഷിപ്പിച്ചാൽ നമ്മുടെ ജീവിതം ഒരാഘോഷമാകും, ഒപ്പം ചുറ്റും ഒരു പുതുലോകം വളരുന്നത് കാണാനും ആകും. നല്ല ഒരു കൂട്ടായ്മ വളരുന്നതും ഈ മനോഭാവമുള്ള കുറച്ചുപേർ ഒന്നിക്കുമ്പോഴാണല്ലോ.   

യേശു തന്നെ ഇതിന് ഏറ്റം നല്ല മാതൃകയും പ്രചോദനവും. ക്രിസ്തുനാഥൻ ഒരു പ്രഘോഷകനായി ഒതുങ്ങിയില്ല, മറിച്ച് എപ്പോഴും പ്രായോഗിക സഹായത്തിന് തയ്യാറായിരുന്നു. ആവശ്യം കണ്ടറിഞ്ഞ് സ്പർശിക്കാനും, വേണ്ട സഹായം കൊടുക്കാനും, പാചകം ചെയ്യാനും, വിളമ്പാനും, കാലുകഴുകാൻ പോലും അവിടുന്ന് മടിച്ചില്ല. ഇവിടുത്തെ വാക്കുകൾ മറ്റുള്ളവർ മറന്നില്ല,  "അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എൻ്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും" (യോഹന്നാൻ 13:35). അങ്ങനെ ഓരോ കാലത്തും, ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോഴും മറ്റുള്ളവർക്ക് എങ്ങനെ പ്രായോഗിക സഹായം നൽകാമെന്ന് അന്വേഷിച്ചു. ആദിമ ക്രൈസ്തവരെ കുറിച്ച് തെർത്തുല്യൻ എഴുതുന്നു, അവരുടെ ജീവിതം കണ്ട് “നോക്കൂ, ഈ ക്രിസ്ത്യാനികൾ എങ്ങനെ പരസ്പരം സ്നേഹിക്കുന്നു!” എന്ന് കാർത്തേജ് നിവാസികൾ പറയുമായിരുന്നത്രെ. 

അതിശയകരമെന്നു പറയട്ടെ, പല നല്ല ജെ-വൈകളെക്കുറിച്ചും ഇതേ അഭിപ്രായം ഞാൻ കേട്ടിട്ടുണ്ട്. മുന്നേറ്റം നന്നായി വളരുന്നിടത്തെല്ലാം കടന്നുചെന്ന് സേവാനോൽസുകാരായി സ്നേഹം പങ്കിടാൻ തയ്യാറാകുന്ന അനേകരെ കാണാനാകും. ചില ജീസസ് യൂത്ത് കൂട്ടായ്മകളിൽ ഞാൻ ചോദിക്കാറുണ്ട്, "നിങ്ങളുടെ ഗ്രൂപ്പിൻ്റെ പ്രത്യേകത എന്താണ്?" സാധാരണ പ്രതികരണം ഇതായിരിക്കും, “ഇവിടെ ഞങ്ങളെ സ്വാഗതം ചെയ്യുന്ന, കരുതലോടെ സ്നേഹം തരുന്ന അനേകരുണ്ട്. എന്ത് സഹായം ചെയ്യാനും അവർ എപ്പോഴും തയ്യാറാണ്.” പല ഒത്തുചേരലുകളിലും എന്തെങ്കിലും കുടിക്കാനും കഴിക്കാനും ഒക്കെ കാണും. എത്തിച്ചേരാൻ യാത്ര സൗകര്യം വേണ്ടപ്പോൾ ചോദിച്ചറിഞ്ഞു സഹായിക്കാൻ ആളുണ്ട്. എന്ത് രീതിയിലുള്ള ആവശ്യം വന്നാലും പകയ്ക്കേണ്ട ആവശ്യമില്ല, പ്രാർത്ഥനയും, പ്രോത്സാഹനവും, ധനസഹായവും, ആദ്ധ്വാനവും ഒക്കെ റെഡി. ഇത്തരം സ്നേഹം സ്വന്തക്കാർ പോലും നൽകുമോ?  

അത് ജെ-വൈ ഗ്രൂപ്പിനുള്ളിൽ മാത്രമാണോ? അല്ല. മുന്നേറ്റത്തിലെ പലരും അവരുടെ അയൽപക്കത്തോ ജോലിസ്ഥലത്തോ അറിയപ്പെടുന്ന ‘നല്ല സമര്യക്കാർ’ ആണ്. ഈ ദിവസങ്ങളിൽ, ഒരു ജെവൈ നേതാവ്, പോലീസ് ഇൻസ്പെക്ടർ ബാബുവിന്, അദ്ദേഹത്തിൻ്റെ ഉദാരമായ സേവനത്തിന് ഒരു പൗര സംഘടനയുടെ പൊതു ബഹുമതി ലഭിച്ചപ്പോൾ, ആളുകൾക്ക് അദ്ദേഹം ചെയ്യുന്ന ദൈനംദിന സഹായങ്ങളെക്കുറിച്ച് ഏറെ പറയാനുണ്ടായിരുന്നു. ഏതെങ്കിലും പ്രകൃതിദുരന്തം എവിടെ ഉണ്ടായാലും നമ്മുടെ സ്വന്തം റൈജുവിന്റെ നേതൃത്വത്തിൽ കുറേപ്പേർ ഉടൻ സഹായത്തിനായി ഒരുങ്ങും. അനേക സ്ഥലങ്ങളിൽ നിന്ന് കുറേപേർ ഒത്തുകൂടി സമയം കളയാതെ രക്ഷാപ്രവർത്തനത്തിനും തുടർ സഹായങ്ങൾക്കും അവിടെ എത്തും.

അലിവാർന്ന ഹൃദയവും സന്നദ്ധമായ കരങ്ങളും 

ബൈബിളിൽ, വി. യാക്കോബ് സ്ലീഹ  പിതാവായ ദൈവം ആഗ്രഹിക്കുന്ന നല്ല ആത്മീയതയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്: "അനാഥരെയും വിധവകളെയും അവരുടെ കഷ്ടതയിൽ സന്ദർശിക്കുക, ലോകത്തിന്റെ കളങ്കമേൽക്കാതെ സ്വയം സൂക്ഷിക്കുക" (1:27). യേശുവിന്റെ വാക്കുകളും നമുക്ക് സുപരിചിതമാണ്, “എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നീ ചെയ്തതുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40) നിർഭാഗ്യവശാൽ, മിക്ക ആളുകൾക്കും അവരുടെ ആദ്ധ്യാത്മികത കർത്താവിൻ്റെ സ്വപ്നത്തിൽ നിന്ന് വളരെ അകലെയാണ്. 

ഓരോ ക്രിസ്ത്യാനിയിൽ നിന്നും കർത്താവ് ഏറെ പ്രതീക്ഷിക്കുന്ന ഈ പ്രായോഗിക സ്നേഹം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാനാകും? 

1. യേശുവിന്റെ സ്നേഹം വ്യക്തിപരമായി അറിഞ്ഞ്, സ്വയം ആ സ്നേഹത്താൽ നിറയുക എന്നതാണ് ആദ്യപടി. 

2. ക്രിസ്തു ദർശനത്തിൽ രൂപീകൃതമാകാൻ വചനവും സഭാ പഠനങ്ങളും സ്വാംശീകരിക്കുന്ന ശീലം വളർത്തുക 

3. സേവന സന്നദ്ധത ഒരു സംസ്കാരമാണ്. ആ രീതി ശീലമാക്കിയ ഒരു കൂട്ടായ്മയുടെ ഭാഗമാകുമ്പോഴാണ് ജീവിത പരിവർത്തനം സാധ്യമാകുക 

4. യേശുവിൻ്റെ കാൽക്കൽ ഇരുന്ന് അനുദിന സൗഖ്യം സ്വീകരിച്ച് സ്നേഹ സേവനത്തിനായി അയക്കപ്പെടണം.

5. മറ്റുള്ളവരുമായി കൈകോർത്തുള്ള ടീം ചുവടുവയ്പ്പുകൾ “സ്വയം കേന്ദ്രീകൃത ആദ്ധ്യാത്മികതയിൽ” നിന്ന് പരസ്നേഹ ശൈലിയിലേയ്ക്ക് നയിക്കും.

6. സ്വന്ത ജീവിത വേദികളിൽ അനുദിന സ്നേഹം പരിശീലിക്കുക വലിയൊരു കാൽവയ്പ്പും സാക്ഷ്യവുമാണ്.

7. ലോകത്തിന്റെ പൊതു വേദികളിൽ ഈ സ്നേഹ ശൈലി എത്തുമ്പോഴാണ് യേശുവിന്റെ സ്വപ്നമായ ദൈവരാജ്യം വ്യാപകമാകുക. അതിനായി എന്നാലാകാവുന്ന സഹായം ചുറ്റുമുള്ളവർക്ക് നൽകുക.

എന്റെ ഇപ്പോഴത്തെ സേവന സ്ഥലത്ത് പാചകം, താമസ സൗകര്യം തുടങ്ങി അനേക കാര്യങ്ങൾക്ക് സന്നദ്ധ സേവനം ആവശ്യമാണ്. സ്ഥാപനത്തിന്റെയും പല പദ്ധതികളുടെയും നടത്തിപ്പിനായി കാര്യമായ സമ്പത്തിക സഹായവും വേണം. ഇത്തരം പലകാര്യങ്ങൾക്കുമായി അനേകരുടെ ഔദാര്യം ആവശ്യപ്പെടുമ്പോൾ മിക്കവരും അതിനായി ഉൽസുകാരാണ്.  ചിലർ അവരുടെ വലിയ സന്തോഷം അറിയിക്കാറുണ്ട്. “ഈ നല്ല കാര്യങ്ങളിൽ പങ്കാളിത്തമുണ്ടാക്കാൻ ഞങ്ങളെക്കൂടെ അനുവദിച്ചതിന് ഏറെ നന്ദി!” നിസ്വാർത്ഥമായി വേണ്ട കാഴ്ചപ്പാടോടെ നന്മപ്രവർത്തികളിൽ വ്യാപൃതരാകുന്ന പല ക്രിസ്തീയ വേദികളും പലർക്കും പരിചയമില്ല. ഉള്ളവ പലരുടേയും ശ്രദ്ധയിൽ പെടുന്നില്ല. സ്നേഹത്തിന്റെ അധിപനായ യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടി വളരാൻ അനേകർക്ക് വഴിയൊരുക്കുന്ന ഒരു മാർഗ്ഗമാണ് പക്വമായ സേവന പങ്കാളിത്തത്തിനായി ആളുകളെ ക്ഷണിക്കുക എന്നത്. ഇപ്രകാരമുള്ള സേവന വേദികൾ കൂടുതലായി ഒരുക്കപ്പെടട്ടെ, അനേകർ ഇതിൽ പങ്കാളികളുമാകട്ടെ.

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)