പ്രവചന സന്ദേശങ്ങളും ജീസസ് യൂത്തും (MJYR106)

 പ്രവചന സന്ദേശങ്ങളും ജീസസ് യൂത്തും   

ദൈവാത്മാവിനു ചെവിയോർക്കുന്ന തനത് ജെ-വൈ ശൈലി 

(By Dr. Edward Edezhath - Published in Kairos Malayalam in 2024)

പഴയ കുറിപ്പുകളും കടലാസ് കഷ്ണങ്ങളും കുറെ ഒക്കെ ഞാൻ സൂക്ഷിച്ചു വയ്ക്കാറുണ്ട്. അങ്ങനെ മുൻകാല മീറ്റിംഗുകളും ചർച്ചകളും ഒക്കെ ഓർക്കുക ഏറെ രസകരമാണ്. അതോടൊപ്പം ഒന്ന് തിരിഞ്ഞുനോക്കാനും ചെറിയ സംഭവങ്ങളിലൂടെയും സാധാരണക്കാരിലൂടെയും ദൈവം ഇടപെട്ട വഴികളും പലതും കെട്ടിപ്പടുത്ത രീതികളും കാണുന്നതും ഏറെ പ്രചോദനകരമാണ്. 

ജീസസ് യൂത്തിൽ,  സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന പതിവുണ്ട്.  ലഭിക്കുന്ന പ്രത്യേക പ്രചോദനങ്ങൾ അംഗങ്ങൾ പങ്കിടുകയും അവയിലൂടെ ദൈവം സംസാരിക്കുന്നു എന്ന ബോധ്യത്തോടെ സന്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഈ രീതി. മറ്റുള്ളവർക്ക് ഇത് ഏറെ വിചിത്രമായി തോന്നിയേക്കാം. എന്നിരുന്നാലും, മുന്നേറ്റത്തിൽ ഈ സന്ദേശങ്ങളോട് ഒരു തുറന്ന മനസ്സും അവയിലൂടെ ദൈവം എന്താണ് സംസാരിക്കുന്നതെന്ന് വിവേചിക്കാനുള്ള ഒരു സന്നദ്ധതയുമുണ്ട്. 

ഇവിടെ ഒരു ചോദ്യമുയരാം. ഇതിൽ കുറച്ച് ദുരുപയോഗ സാദ്ധ്യത ഇല്ലേ? പല പ്രശ്നങ്ങളെ കുറിച്ചും കേൾക്കാറുണ്ടല്ലോ. അതെ, വിവേകപൂർണ്ണവുമായ ഒരു സമീപനം ഇക്കാര്യത്തിൽ അത്യാവശ്യമാണ്. അപ്പോസ്തലൻ പക്വമായ ഒരു സമീപനമാണ് നിർദ്ദേശിക്കുന്നത്: "ആത്മാവിനെ നിർവീര്യമാക്കരുത്,   പ്രവചിക്കുന്നതിനെ നിന്ദിക്കരുത്, എല്ലാം പരിശോധിച്ചുനോക്കുവിൻ, നല്ലവയെ മുറുകെ പിടിക്കുവിൻ” (1 തെസ. 5:19-21). 

ആത്മാവിനോടുള്ള തുറവിയുള്ള സംസ്കാരം 

കഴിഞ്ഞദിവസം എൻ്റെ പഴയ ശേഖരത്തിലെ ഒരു കടലാസ് ശ്രദ്ധയിൽ പെട്ടു. 1985 നവംബറിൽ പ്രൊഫ. പി.സി. ജോസഫ് എനിക്കെഴുതിയ ഒരു കത്ത്, കോളേജ് കാമ്പസുകളിലെ യുവാക്കളെക്കുറിച്ച്. അവരുടെ അവസ്ഥയും ഒരു പുതു സമീപനത്തിന്റെ ആവശ്യകതയും ഒക്കെ സൂചിപ്പിച്ച് ഞങ്ങളുടെ ഫസ്റ്റ്-ലൈൻ ഗ്രൂപ്പ് മുൻകൈയെടുക്കണം, 1986 ജൂണിൽ എന്തെങ്കിലും തുടങ്ങണം ഇതൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ, എന്റെ വലിയ അതിശയം  ആ ജൂണിൽ തന്നെ നമ്മുടെ കാമ്പസ് മിനിസ്ട്രിക്ക് തുടക്കമായി എന്നതാണ്. 

ഇത്തരം സന്ദേശങ്ങളും പ്രവചന വചനങ്ങളും വ്യത്യസ്ത രൂപങ്ങളിൽ ലഭിക്കാറുണ്ട്. കത്തുകളെ കുറിച്ച് ഞാൻ സൂചിപ്പിച്ചു. പിന്നെ, ഒരാൾ ആഴത്തിൽ പ്രചോദിപ്പിച്ച ഒരു ചിന്തയോ ബൈബിൾ ഭാഗമോ പങ്കുവെച്ചെന്നിരിക്കും. കൂട്ടായ്മയിൽ ഒന്നിച്ചുവരുമ്പോൾ പലരും അവർക്ക് ലഭിക്കുന്ന ദർശനങ്ങളോ സന്ദേശങ്ങളോ ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഉദാഹരണത്തിന്, ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പിൽ, എല്ലാ ആഴ്‌ചയും, സ്തുതിയുടെയും നിശബ്ദ ശ്രവണത്തിൻ്റെയും ശേഷം സന്ദേശങ്ങളും പ്രചോദനവും പങ്കിടാൻ ഒരു സമയമുണ്ട്. പലരും ആ സമയത്ത് സംസാരിക്കും. മിക്കവാറും വളർച്ചയും പ്രോത്സാഹനവും ഉറപ്പുവരുത്തുന്നതാകും അവ (1 കോറി 14:3). ചിലപ്പോഴെങ്കിലും ഈ സന്ദേശങ്ങളിൽ ആവർത്തിച്ചുള്ള ചില നിർദ്ദേശങ്ങൾ കാണുമ്പോൾ, അതൊരു വിചിന്തനത്തിന്റെ അവസരമാകും, 'കർത്താവ് നമ്മോട് ഏതെങ്കിലും പുതു ദിശയിലേക്ക് നീങ്ങാൻ ആവശ്യപ്പെടുകയാണോ?” അങ്ങനെ പല തുടക്കങ്ങളും ഉണ്ടായിട്ടുമുണ്ട്; ഷെയറിംഗ് ഗ്രൂപ്പ്, മധ്യസ്ഥ കൂട്ടായ്മ, കോളനി സന്ദർശനം, പതിവ് ക്രിസ്മസ് ആഘോഷം, പിക്നിക്കുകൾ തുടങ്ങി പലതും അങ്ങനെ ഞങ്ങൾ ആരംഭിച്ചു.  

സന്ദേശം ഒരു ചെറു വിത്താണ് 

ജീസസ് യൂത്ത് കോൺഫറൻസുകൾ, സംഗീത വിരുന്നുകൾ, സ്കിറ്റുകൾ, ശുശ്രൂഷാ സംരംഭങ്ങൾ, സാമൂഹ്യ സേവന പരിപാടികൾ, എന്നുതുടങ്ങി പലതും അനേകരെ അതിശയിപ്പിക്കാറുണ്ട്. പക്ഷേ, ഈ സംരംഭങ്ങളിൽ മിക്കവാറും എല്ലാം തുടങ്ങിയത് ആർക്കെങ്കിലും ലഭിച്ച ചില സന്ദേശങ്ങളിൽ നിന്നാണ് എന്ന് ആരും തന്നെ അറിയാറില്ല. ചില സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെടുകയും മറ്റു പ്രചോദനങ്ങളും ചിന്തകളും ഒക്കെ കൂട്ടിച്ചേർത്ത് പ്ലാനുകൾ രൂപപ്പെട്ട് പദ്ധതികളായി മാറുകയും ചെയ്യും. നമ്മുടെ പദ്ധതികളുടെ തുടക്കത്തിൽ മാത്രമല്ല, അതിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ സന്ദേശങ്ങൾ പല ജീസസ് യൂത്ത്  പദ്ധതികളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

സന്ദേശങ്ങളെല്ലാംഅന്ധമായി അനുസരിക്കേണ്ടതുണ്ടോ? 

ജീസസ് യൂത്ത് 85 കോൺഫറൻസിനായി ഞങ്ങൾ തയ്യാറെടുക്കുമ്പോൾ, ക്രിയാത്മകമായ ആശയങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാൻ ഞങ്ങൾ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. ഇതിന്  ആവേശകരമായ പ്രതികരണവും ലഭിച്ചു. അങ്ങനെ,  സ്കിറ്റുകൾ, നൃത്തങ്ങൾ, സംഗീത പ്രകടനങ്ങൾ,  തുടങ്ങി പല നൂതന പരിപാടികളും ആസൂത്രണം ചെയ്തു. തുടർന്ന് ലഭിച്ച ചില സന്ദേശങ്ങൾ നമ്മൾ  നാടക പ്രകടനങ്ങളിൽ ഏർപ്പെടരുതെന്ന് നിർദ്ദേശിച്ചു. അവയുടെ അപകടങ്ങളെ കുറിച്ചും പല പരാമർശങ്ങൾ ഉണ്ടായി. എന്നാൽ, ശരിയായ വേദികളിൽ അവയെ കേൾക്കുകയും അവലോകനം ചെയ്യുകയും ചെയ്ത ശേഷം, ആ സന്ദേശങ്ങൾ അവഗണിച്ച് സ്റ്റേജ് പ്രകടനങ്ങളുമായി മുന്നോട്ട് പോകാനാണ് ഞങ്ങൾ തീരുമാനിച്ചത്. 

ചില സന്ദേശങ്ങൾ ആളുകളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയും ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്ത കഥകൾ കേട്ടുകാണും.  ചില പ്രചോദനങ്ങൾ അന്ധമായി പിന്തുടരുന്നത് കാരണം ഗ്രൂപ്പുകൾ പിളർപ്പുകളിലേക്ക് നീങ്ങിയ കഥകളും എന്റെ ഓർമ്മയിലുണ്ട്. 

എപ്രകാരമാണ് ഇത്തരം സന്ദേശങ്ങൾ പ്രശ്നമായി തീരുന്നത്?  തീർച്ചയായും ദൈവം മനുഷ്യരിലൂടെ സംസാരിക്കുന്നു. എന്നാൽ ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ കൈമാറുന്ന മനുഷ്യർ ബലഹീനതകളും മുൻകാല മുറിവുകളും സാംസ്കാരിക മുൻവിധികളും ഒക്കെയുള്ളവരാണ്. നല്ല നീരുറവയിൽ നിന്ന് ഒഴുകുന്ന സ്ഫടിക സമാനമായ ശുദ്ധജലം പോലെയാണ് സന്ദേശങ്ങൾ. പിന്നീട് അരുവിയിലെ മണ്ണോ ചെളിയോ ഒക്കെ കലർന്ന് അത് നിറം മാറിയേക്കാം. നമ്മൾ ഇത് എങ്ങനെ കൈകാര്യം ചെയ്യണം? വി. പൗലോസ് നൽകുന്ന ഉത്തരം നാം കേട്ടു. സന്ദേശങ്ങൾക്കും പ്രവചനങ്ങൾക്കും വേണ്ട പ്രാധാന്യം നൽകുക, എന്നാൽ "എല്ലാം പരീക്ഷിച്ച് നല്ലത് മുറുകെ പിടിക്കുക" (1 തെസ. 5:21). 

ആത്മാവു നയിക്കണം, നാം പിന്ചെല്ലണം   

"വിശ്വാസവും യുക്തിയും" എന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമാണ്. സഭ എന്നും  പഠിപ്പിക്കുന്നതുപോലെ ഇവ രണ്ടും ദൈവ ദാനവും അതിനാൽ തന്നെ  ഒന്നിച്ചു പോകേണ്ടതുമാണ്.  ശിരസും ഹൃദയവും ഒന്നിച്ചു തന്നെ സന്ദേശങ്ങളെ സമീപിക്കണം. ഒരു കൂട്ടായ്മായി വിവിധ വരദാനങ്ങൾ ഒന്നിച്ചാണ് ദൈവിക പ്രചോദനങ്ങളോട് പ്രതികരിക്കാൻ. അവിടെ  നമ്മുടെ ആത്മാവും മനസ്സും ശരീരവും അവികലവും പൂർണവും ആകണം.

ഒരു ക്രിസ്തീയ കൂട്ടായ്മയെ സംബന്ധിച്ച വി. പൗലോസിന്റെ ദർശനം വൈവിധ്യമാർന്നതും എന്നാൽ ഏകീകൃതവും പരസ്പര പൂരകവുമായ അവയവങ്ങളുള്ള ഒരു മനുഷ്യശരീരം പോലെയാണ് (1 കോറി. 12:12, 25). നൂറ്റാണ്ടുകളായി, സഭ എന്നും കൂട്ടായ്മയിലെ ഈ പാരസ്പര്യം പരിശീലിച്ചിട്ടുണ്ട്.  പിന്നീട് വിശുദ്ധ ഇഗ്നേഷ്യസ് ലയോളയും അദ്ദേഹത്തിൻ്റെ അനുയായികളും കൂട്ടായ്മയിലുള്ള വിവേചനത്തെ സംബന്ധിച്ച് വ്യക്തത നല്കി.  ഇന്ന്, ജീസസ് യൂത്ത് ഗ്രൂപ്പുകളിൽ അതേ സമീപനം നാം വളർത്തുന്നു. വെല്ലുവിളികളുടെ മുന്നിൽ ദൈവാത്മാവ് മനുഷ്യ ഹൃദയങ്ങളിൽ പുതു പ്രചോദനങ്ങൾ നൽകുന്നു. അവർ ആ സന്ദേശങ്ങൾ സമൂഹവുമായി പങ്കിടുന്നു. സമൂഹം ശ്രദ്ധയോടെ ശ്രവിക്കുകയും വിവേചിക്കുകയും ഒരുമിച്ച് പടിപടിയായി പ്രവർത്തനത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇതിലൂടെ നമ്മുടെ കൂട്ടായ്മകളിൽ വളരുന്ന സ്നേഹവും സന്തോഷവുമാണ് ഇതിലൂടെ ആത്മാവുണർത്തുന്ന സദ്ഫലം.

ഭൂരിഭാഗം ആളുകളും വളരുന്ന മരം കാണും പക്ഷേ ആദ്യ വിത്തുകൾ മറക്കും. ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ച സന്ദേശങ്ങൾ പലപ്പോഴും ചെറുതായിരിക്കും. പക്ഷേ ചില പ്രചോദനങ്ങളെങ്കിലും പലരും ഓർത്തുവയ്ക്കാറുണ്ട്. 1981 ഒക്‌ടോബർ 11ന് എറണാകുളത്തെ വിദ്യാനികേതനിൽ നടന്ന 175 പേരുടെ ഒരു സംഗമത്തെ കുറിച്ച് എൻ്റെ കൈയ്യിലുള്ള ഒരു കടലാസിൽ വിവരണമുണ്ട്. അന്നേ ദിവസം ചിലർ പങ്കുവെച്ച രണ്ട് ദർശനങ്ങളും തുടർന്നുള്ള സന്ദേശങ്ങളും പലരും മറന്നിട്ടില്ല. വലിയ ദേവാലയത്തിൽ കത്തിച്ചു വച്ചിരിക്കുന്ന ഒരു വിളക്ക്, ഒപ്പം പടിപടിയായി നീങ്ങാനുള്ള ഒരു പാത. ഇവ സൂചിപ്പിച്ചതോ, ദൈവം മുന്നേറ്റത്തെ നയിക്കാൻ പോകുന്ന വഴികൾ. അനേകർക്ക്  ഈ ചെറിയ സന്ദേശങ്ങൾ ആഴത്തിലുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി. അന്നും ഇന്നും ഇത്തരം സന്ദേശങ്ങൾ ഒരുക്കുന്ന സൂചനകൾ പ്രതീക്ഷയോടും വ്യക്തതയോടും കൂടെ ദൈവഹിതം തിരിച്ചറിഞ്ഞ് മുന്നേറാൻ വ്യക്തികൾക്കും കൂട്ടായ്മകൾക്കും സന്തോഷപാത ഒരുക്കുകയും ചെയ്യുന്നു.  

Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)