സ്നേഹിക്കുന്ന സഹയാത്രികർ, നിർബന്ധിച്ച് മെരുക്കുന്നവരല്ല (MJYR105)
സ്നേഹിക്കുന്ന സഹയാത്രികർ, നിർബന്ധിച്ച് മെരുക്കുന്നവരല്ല
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
സോഫിയെ ഞാൻ കണ്ടത് ഒരു അന്താരാഷ്ട്ര ജീസസ് യൂത്ത് പരിശീലനത്തിനിടെയാണ്. ഒരു പൂർവേഷ്യൻ രാജ്യക്കാരി. "എൻ്റെ കോളേജ് കഴിഞ്ഞു. ഇനി ജോലിക്ക് പോകണം. എന്നാൽ യുവജന ശുശ്രൂഷയിൽ തുടരാനാണ് എന്റെ ആഗ്രഹം. പക്ഷേ എനിക്കറിയാവുന്ന പലരും യൂത്ത് ഗ്രൂപ്പുകളിൽ അധികം തുടർന്നില്ല.” അവരെ പോലെ താനും വിട്ടുപോകരുത്. സോഫിയുടെ ആഗ്രഹം അതാണ്. “എന്റെ നാട്ടിലെ ചെറുപ്പക്കാർക്ക് ജീസസ് യൂത്ത് ഏറെ പറ്റിയതാണ്. അനേകർ ആ നന്മ നുകരണം.” സോഫി വാചാലയായി.
അവളുടെ സുഹൃത്തുക്കൾ എന്തുകൊണ്ടാണ് വിട്ടുപോയതെന്ന് അറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. “നിങ്ങൾക്കറിയാമോ, പല യുവനേതാക്കളും കുറെ “പുഷ്ഷി” യാണ്. സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഈ നിർബന്ധിക്കൽ അവർ സഹിക്കില്ല. കുറച്ചുകഴിയുമ്പോൾ അവരെ കാണാതാകും.”
സ്വാതന്ത്ര്യവും ആദരവും വിലപ്പെട്ടതാണ്.
ആ പറഞ്ഞതിൽ കുറെ കാര്യമുണ്ട്. വാസ്‌തവത്തിൽ, തങ്ങളുടെ സ്വാതന്ത്ര്യം നഷ്‌ടപ്പെടുമോ അല്ലെങ്കിൽ അസ്വസ്ഥമാക്കുന്ന അനുഭവങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ഭയന്നാണ് അനേകം യുവാക്കൾ ആത്മീയതയിൽ നിന്ന് വിട്ടുനിൽക്കുന്നത്. നിർബന്ധിക്കുക, ബലമായി നല്ലതെന്നു കരുതുന്ന പലതും ചെയ്യിപ്പിക്കുക എന്നത് പല നേതാക്കളുടെയും സ്വതസിദ്ധ രീതിയാണ്. അവരുടെ ആവേശത്തിൽ ഇന്നത്തെ തലരുറയുടെ മൃദുല പ്രതികരണങ്ങൾ അവർ അവഗണിക്കുകയും ചെയ്യും. അത് ഇന്നത്തെ യുവാക്കൾക്ക് ഏറെ അരോചകവുമാണ്.
ഒരു പ്രോഗ്രാമിനിടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം ഓർക്കുന്നു. ഹാളിൽ യുവാക്കൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ടീം മുന്നിൽ നിന്ന് ഒരു ആക്ഷൻ സോങ് പരിശീലിപ്പിക്കുന്നു. കുറെ കുട്ടികൾ അതിൽ താല്പര്യത്തോടെ പങ്കെടുക്കുന്നു, മറ്റു ചിലർ അത്ര ഇഷ്ടമില്ലെങ്കിലും അതിൽ പങ്കുചേരുന്നു. പക്ഷേ കുറച്ചു യുവാക്കൾ ഒന്നിലും പങ്കുചേരാതെ അവിടെ കുത്തിയിരിക്കുന്നു. അതിനിടെ ഒരു സംഭവവികാസം. നയിക്കുന്ന ടീമിലെ ഒരാൾ പിറകിൽ മടിച്ചിരിക്കുന്ന ആ യുവാക്കളെ കളിയാക്കുന്ന രീതിയിൽ ഒരു പരാമർശം നടത്തുകയും പാട്ടിൽ പങ്കുചേരാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നു. ഇരിക്കുന്ന കുറച്ച് യുവാക്കൾ അത് അനുസരിക്കുന്നു. പക്ഷേ മൂന്നുപേർ പ്രതിഷേധിച്ചു ഇറങ്ങി പോകുന്നു.ഇതെല്ലാം കണ്ട് പുറകിൽ നിൽക്കുന്ന എനിക്ക് ഏറെ വിഷമം തോന്നി. അരോചകമായ ആ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഒരു കാര്യം തീർച്ച, ആ യുവാക്കൾ ഏറെ മുറിപ്പെട്ടതാണ് പോയിട്ടുള്ളത്. മാത്രമല്ല അവിടെ അവശേഷിച്ച ചെറുപ്പക്കാരെയെല്ലാം ആ അധിക്ഷേപിക്കൽ ഏറെ വിഷമിപ്പിച്ചിരിക്കും.
എന്റെ ചിന്തകൾ തുടർന്നത് ഇപ്രകാരമായിരുന്നു: പാവം കുട്ടികൾ! പൊതുവേദിയിൽ ഒരു ചളിപ്പോടെയാണ് അവർ കടന്നുവരുക. അത് മറികടക്കാൻ അവർക്ക് സമയവും ഏറെ സഹായവും വേണം. മറ്റുള്ളവർ, പ്രത്യേകിച്ച് കൂട്ടുകാർ എന്ത് ചിന്തിക്കും എന്നത് അവരുടെ വലിയ ആകുലതയാണ്. എല്ലാവരെയും ഭയഭക്തിയോടെ അനുസരിക്കുന്നവൻ എന്ന ഒരു പ്രതിഛായ അവർ വെറുക്കുന്നു. ഈ ആന്തരിക സംഘർഷങ്ങൾ മനസ്സിലാക്കാൻ തെല്ലും ശ്രമിക്കാതിരുന്ന ആ നേതാവിനോട് എനിക്ക് ഏറെ അമർഷം തോന്നി.
അന്ധമായി അനുസരിക്കാൻ ആ ചെറുപ്പക്കാരനെ നിർബന്ധിക്കുന്നത് ആ നേതാവിൻ്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യതയായിരുന്നു. അത് അവരെ മാത്രമല്ല അവരുടെ സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിച്ചു. അതുകൊണ്ട് മാത്രം അവിടെയുള്ള കുറേപ്പേർ ഭാവിയിൽ ആദ്ധ്യാത്മികതയിൽനിന്ന് വിട്ടു നിൽക്കും.
ഫ്രാൻസിസ് മാർപാപ്പ അത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്, “സാധാരണയായി ചെറുപ്പക്കാർ പലപ്പോഴും തങ്ങളുടെ ആശങ്കകൾ, ആവശ്യങ്ങൾ, പ്രശ്നങ്ങൾ, വേദനകൾ എന്നിവയ്ക്കു അനുയോജ്യ പ്രതികരണം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു. മുതിർന്നവരായ നമുക്ക് അവർ പറയുന്നത് ക്ഷമയോടെ കേൾക്കാനും അവരുടെ ആശങ്കകളും ആവശ്യങ്ങളും വിലമതിക്കാനും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവരോട് സംസാരിക്കാനും ഏറെ ബുദ്ധിമുട്ടാണ്.” (സുവി. സന്തോഷം, 105)
യുവജന ശുശ്രൂഷ കുറ്റപ്പെടുത്തലും ഭീഷണിയുമല്ല.
ഒരുതരം നിഷേധാത്മകമായ ഒരു യുവജന ശുശ്രൂഷയുണ്ട്. യുവാക്കളുടെ വീഴ്ചകൾ മാത്രം കാണുന്ന ഒരു സമീപനം: “അവരെല്ലാം മോശക്കാർ; എങ്ങനെയെങ്കിലും നമ്മൾ അവരെ നന്നാക്കണം." അതിന്റെ അടിസ്ഥാനമോ? "ഞാൻ ശരിയാണ് (അയാം ഓക്കെ), നിങ്ങളാരും ശരിയല്ല” എന്നൊരു വികല മനോഭാവമാണ്. (1967-ലെ തോമസ് ഹാരിസിൻ്റെ സമാന തലക്കെട്ടുള്ള പുസ്തകത്തിൻ്റെ പ്രതിധ്വനി നിങ്ങളിൽ ചിലർ ശ്രദ്ധിച്ചിരിക്കാം). ജീസസ് യൂത്ത് പോലെയുള്ള ഒരു പ്രസ്ഥാനം സ്വീകരിക്കുന്ന സമീപനത്തിൻ്റെ വശ്യതയും ശക്തിയും ക്രിയാത്മകവും ആഹ്ലാദകരവുമായ ഒരു ജീവിത നിലപാടാണ് "ഞാൻ ശരിയാണ്, ഒപ്പം നിങ്ങളും”. അവിടെ നമ്മുടെ ചിന്ത ഇതാണ്: നിങ്ങളുടെ വലിയ നന്മ അറിയാനും അനുഭവിക്കാനും എന്നെ അനുവദിക്കൂ, എനിക്കും നിങ്ങളുമായി ചിലത് പങ്കിടാന്നുണ്ട്. നമുക്ക് ഒരുമിച്ച് പരസ്പരം കണ്ടെത്താം, സന്തോഷിക്കാം. ഫ്രാൻസിസ് പാപ്പ മുകളിൽ ഉദ്ധരിച്ച ഭാഗം ഇങ്ങനെ തുടരുന്നു, “നല്ല യുവജന പങ്കാളിത്തമുള്ള സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഉയർച്ചയും വളർച്ചയും കൂടുതലും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമായി നാം കാണണം. അവിടുന്ന് അവരുടെ പ്രതീക്ഷകൾക്കും അന്വേഷണങ്ങൾക്കും പ്രത്യുത്തരമായി പുതിയ പാതകൾ തെളിക്കുന്നു. ആഴത്തിലുള്ള ആത്മീയതയും കൂട്ടായ്മയും അത് വളർത്തുകയും ചെയ്യും.”
പല വീടുകളും യുദ്ധക്കളങ്ങളാണ്. മാതാപിതാക്കൾ നിർബന്ധക്കും കുട്ടികൾ എതിർക്കും. ഗത്യന്തരമില്ലാതെ വരുമ്പോൾ മുതിർന്നവർ ഭീഷണി മുഴക്കും. ചിലപ്പോൾ അവരെ നാണം കെടുത്താൻ നോക്കും. ഈ കടുത്ത പോരാട്ടത്തിൽ ആര് ജയിക്കും? മാതാപിതാക്കളോ കുട്ടികളോ? നിർഭാഗ്യവശാൽ, നമ്മുടെ ഇടവക വേദികളിലും യുവജന മേഖലയിലും എല്ലാം നാമറിയാതെ സമാനമായ രീതികൾ നമുക്ക് കാണാനാകും. പല ചെറുപ്പക്കാരും നിർബന്ധത്തിനും ബലപ്രയോഗത്തിനും കീഴടങ്ങിയേക്കും. മറ്റുള്ളവരുടെ മുന്നിൽ നാണംകെടാൻ അവർക്ക് ഇഷ്ടമില്ല. ചിലരെങ്കിലും വഴങ്ങാതെ പൊരുതും. അവിടെയും ആരു ജയിക്കും? വീട്ടിലും ശുശ്രൂഷാവേദിയിലും ഒക്കെ നടക്കുന്ന ഈ പോരാട്ടത്തിൽ ആരും വിജയിക്കില്ല. മറിച്ച്, എല്ലാവരും പരിചയപ്പെടും.
വിശ്വസമർപ്പിച്ച് കൂടെ നടക്കുക, അവരെ പ്രോത്സാഹിപ്പിക്കുക
എൻ്റെ കോളേജ് പഠനകാലത്ത്, എല്ലാ ഞായറാഴ്ചയും ഞങ്ങൾ കുറേപേർ നഗരത്തിലെ പാവങ്ങളുടെ ഒരു കോളനി സന്ദർശിക്കുമായിരുന്നു. അവിടെ എത്തിയാൽ പിന്നെ കൊച്ചു ഗ്രൂപ്പുകളായി സന്ദർശനം തുടരും. എന്റെ പതിവ് മുതിർന്ന ചെറുപ്പക്കാരുടെ കൂടെ ഇരുന്ന് ചർച്ചയിൽ പങ്കെടുക്കുകയാണ്. അവരുമായി ഇടപഴകുന്നതിൽ ജോയിയും കൊച്ചുവും പറ്റിയവരായിരുന്നു. ഹൃദ്യതയോടെ സ്വാഗതം ചെയ്ത്, ശ്രദ്ധയോടെ ചെവിയോർത്ത്, താൽപര്യപൂർവ്വം പ്രോത്സാഹനം നൽകുന്ന അവരുടെ വശ്യമായ രീതികൾ എന്നെ അത്ഭുതപ്പെടുത്തുമായിരുന്നു. ആ ചെറുപ്പക്കാർക്ക് അത്തരം ആദരവും ശ്രദ്ധയും ഇടവകയിലോ വീട്ടിലോ ജോലിസ്ഥലത്തോ അല്ല, ജീവിതത്തിൽ ഒരിടത്തും ലഭിക്കുമായിരുന്നില്ല. അതിൻ്റെ ഫലമോ? എല്ലാവർക്കും ഇത് അറിവിൻ്റെയും വളർച്ചയുടെയും ഒരു സുന്ദര യാത്രയായി, തിരിഞ്ഞു നോക്കുമ്പോൾ, അത് തികഞ്ഞ യുവജന ശുശ്രൂഷയുടെ ഏറ്റം നല്ല ദിനങ്ങളുമായിരുന്നു.
‘ക്രിസ്തു ജീവിക്കുന്നു’ എന്ന ഗ്രന്ഥത്തിൽ ഫ്രാൻസിസ് പാപ്പ ‘’ജനപ്രിയ യുവജന ശുശ്രൂഷ’’യെക്കുറിച്ച് സംസാരിക്കുന്നു. ഇത് ഏറെ കർക്കശമായതോ സുസംഘടിതമോ ഒന്നും അല്ല, മറിച്ച് ബന്ധങ്ങളിൽ ഊന്നിയ എല്ലാവരെയും ഒത്തുകൊണ്ടുവരുന്ന ഒരു സമീപനമാണ് അത് സ്വീകരിക്കുന്നത്. “വിശാല ചിന്തയോടെ യുവാക്കളുള്ള ഇടങ്ങളിലേയ്ക്ക് അത് കടന്നു ചെല്ലുന്നു. പരിശുദ്ധാത്മാവ് നൽകുന്ന സ്വാഭാവിക കഴിവുകളെയും വരദാനങ്ങളെയും അത് പരിപോഷിപ്പിക്കുന്നു. സ്വന്ത ചുറ്റുപാടുകളിൽ സ്വാഭാവിക നേതാക്കളായ ഈ യുവ വിശ്വാസികളുടെ മേലെ തടസ്സങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും നിർബന്ധിത ഘടനകളും അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാൻ ഈ സമീപനം പരിശ്രമിക്കുന്നു. നാം ചെയ്യേണ്ടത് ഇത് മാത്രമാണ്, തന്റെ ആഗ്രഹപ്രകാരം പ്രവർത്തിക്കുന്ന ദൈവാത്മാവിന്റെ ഉത്കൃഷ്ടബുദ്ധിയിൽ കുറച്ചുകൂടെ ആശ്രയമർപ്പിച്ച് യുവാക്കളുടെ കൂടെ നടക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും മാത്രം നാം ശ്രമിച്ചാൽ മതി.” (#230) ഇങ്ങനെ യുവാക്കളിൽ വിശ്വാസമർപ്പിച്ചു നമ്മളും അവരും “ഓക്കേ” എന്ന് കരുതുന്ന ഒരു ക്രിയാത്മക സമീപനത്തിന് മാത്രമേ ഇന്നത്തെ യുവാക്കൾക്കിടയിൽ സമ്പന്ന ഫലങ്ങൾ പുറപ്പെടുവിക്കാനാകൂ.
Comments
Post a Comment