ജീസസ് യൂത്ത് സംസ്കാരത്തിൻ്റെ കാതലാണ് "സബ്‌സിഡിയാരിറ്റി” (MJYR103)

 ജീസസ് യൂത്ത് സംസ്കാരത്തിൻ്റെ കാതലാണ് "സബ്‌സിഡിയാരിറ്റി”

(By Dr. Edward Edezhath - Published in Kairos Malayalam in 2024)

ഫിയോ അച്ചന്റെ ഒരു എഴുത്തിനെ തുടർന്നുണ്ടായ ചർച്ച ഇടയ്ക്കിടെ ഞാൻ ഓർക്കും. 1978 മെയ് മാസത്തിൽ ദേശീയ കാരിസ്മാറ്റിക് ടീമിന്റെ ചെയർമാൻ ഫാ. ഫിയോ പുതുതായി രൂപംകൊണ്ട കേരളാ  ടീമിന് എഴുതി. ആലുവ  ലയോളയിലെ ചെറിയ ലൈബ്രറി ഹാളിൽ ഫാ. പോൾ ലന്തപറമ്പിലും ഫാ. ജോ കിഴക്കേടവും ഞാനും ഒത്തുകൂടി, കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്തു. "യുവാക്കളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാകട്ടെ നിങ്ങളുടെ ആദ്യ സംരംഭം.” പിറ്റേയാഴ്ച തൃശ്ശൂരിൽ കൂടിയ  ഉപദേശക സമിതിയിൽ  ഒരു ഇതു ചർച്ചാവിഷയമായി. യുവജന ഏകോപന പദ്ധതികൾക്ക് ആദി രൂപരേഖയുമായി. 

ഫിയോ അച്ചന്റെ എഴുത്തിന് ഒരു പശ്ചാതലമുണ്ടായിരുന്നു. ഒരു നല്ല കരിസ്മാറ്റിക് യുവജന സമ്മേളനം നേരത്തെ തന്നെ മുംബൈയിൽ നടന്നിരുന്നു. ബാംഗ്ലൂരിലും ചെന്നൈയിലും യുവജന കൂട്ടായ്മകൾ തഴച്ചുവളരുകയായിരുന്നു. ആ സാഹചര്യത്തിലാണ് കേരളത്തിനായി ഒരു യുവജന കൺവെൻഷൻ എന്ന ആശയം ഫാ.ഫിയോ നിർദ്ദേശിച്ചത്. 

ഇന്ന്, 46 വർഷത്തെ അവിശ്വസനീയമായ യാത്രയ്ക്ക് ശേഷം, തിരിഞ്ഞു നോക്കുമ്പോൾ, മറ്റു യുവജന ഏകോപന യാത്രകളിൽ നിന്ന് ആ കത്ത് തുടങ്ങിവച്ച യാത്ര എങ്ങനെ വ്യത്യസ്തമായി എന്ന് ആലോചിക്കുന്നത് നല്ലതാണ്. 

ആ വർഷാവസാന കോൺഫറൻസിനായി ചെന്നൈയിൽ നിന്ന് വന്ന മാനുവൽ പറഞ്ഞ ഒരു കാര്യം നല്ലൊരു സൂചനയാണ്: “നഗരത്തിലെ യുവജനങ്ങളും ഗ്രാമീണ തൊഴിലാളികളും, ഇംഗ്ലീഷ്, മലയാളം ശൈലികളും, വിദ്യാർത്ഥികളും പ്രൊഫഷണലുകളും, കുടുംബങ്ങൾ പോലും ഇവിടെ  ഒത്തുചേരുകയും കൈകോർത്ത് പ്രവർത്തിക്കുകയും ചെയ്യുന്നു. . ഞങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ല. ഈ വൈവിധ്യവും അടുത്ത ബന്ധവും മറ്റെവിടെയും കാണില്ല!” 

അതെ, ദൈവാത്മ പ്രചോദിതമായ ഒരു സമീപനം അത്ഭുതങ്ങൾ പ്രവർത്തിച്ചു, ജീസസ് യൂത്ത് പ്രസ്ഥാനത്തെ വളർത്തി. എന്നാൽ ഇതിനെല്ലാം അടിയിൽ, നമ്മുടെ മുന്നേറ്റത്തിൽ  ‘മാംസം ധരിക്കാൻ’ ദൈവം ഇടയാക്കിയ ഒരു പ്രധാന കത്തോലിക്കാ തത്വം ഉണ്ടായിരുന്നു: സബ്സിഡിയാരിറ്റി. 

എന്താണ് സബ്സിഡിയാരിറ്റി?  

കഴിഞ്ഞ മാസം ക്ലാസ്സിൽ, ബെനഡിക്ട് പാപ്പയുടെ "കാരിത്താസ് ഇൻ വെരിത്താത്തെ” സത്യത്തിൽ സ്നേഹം എന്ന ചാക്രിക ലേഖനം ഞങ്ങൾ ചർച്ച ചെയ്തു. പുതിയ സാമൂഹിക-സാമ്പത്തിക സമീപനങ്ങളുടെ ആവശ്യകതയെക്കുറിച്ച്, പ്രത്യേകിച്ച് ദരിദ്രരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനെ പറ്റിയാണ് ഇത് ചർച്ചചെയ്യുന്നത്.  കത്തോലിക്കാ സാമൂഹ്യ പ്രബോധനങ്ങളുമായി പപ്പയുടെ നിർദ്ദേശങ്ങൾ ഇപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എൻ്റെ വിദ്യാർത്ഥികൾ മനസ്സിലാക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ക്ലാസിലെ ചർച്ചകളും ആ വഴിക്കായിരുന്നു.

ക്ലാസ് കഴിഞ്ഞ് അത്താഴസമയത്ത് ആൽവിൻ അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ തുടർന്നു. “ഈ തത്വങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, പ്രത്യേകിച്ച് സബ്സിഡിയാരിറ്റി. എന്നാൽ ഇന്ന് ജീസസ് യൂത്തിന് അതിൻ്റെ പ്രാധാന്യം എന്താണ്?” സാധാരണ, സാമൂഹിക സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ തത്വം ചർച്ച ചെയ്യപ്പെടുക. വിയന്നയിലോ ന്യൂയോർക്കിലോ ഇരിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ എല്ലാ രാജ്യങ്ങൾക്കും വേണ്ടി തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ ഈ തീരുമാനങ്ങൾ ശ്രീലങ്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ പ്രാദേശിക യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്ര അകലെയാണ്!  ഏകീകൃത അധികാരങ്ങൾക്കും  കേന്ദ്രീകൃതമായ തീരുമാനങ്ങൾക്കും പകരം സാധ്യമായ ഏറ്റവും പ്രാദേശികമായ തലത്തിൽ പ്രവർത്തങ്ങളും തീരുമാനവും ഉണ്ടാകണമെന്ന് സബ്സിഡിയറിറ്റി എന്ന തത്വം സൂചിപ്പിക്കുന്നു. കേന്ദ്രീകൃത ഏകോപനത്തിൽ ഏറെ നന്മ  ഉണ്ടാകാം, എന്നാൽ അത് പ്രാദേശിക ജീവിതത്തെയും സംരംഭങ്ങളെയും മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. 

അപ്പോൾ, ആൽവിൻ്റെ ചോദ്യം ഇതായിരുന്നു.  ജീസസ് യൂത്തിലും സഭയിലും ഏകോപനത്തിനും കേന്ദ്രീകൃത പ്ലാനിങ്ങിനും നൽകുന്ന ഊന്നൽ അതുമായി എങ്ങനെ ഒത്തുപോകും? അമിത ആസൂത്രണവും ഏകീകരണ വ്യഗ്രതയും സബ്സിഡിയറിറ്റിക്കെതിരായ വലിയ പാപങ്ങളാകാം. അതിരുകടന്ന ഏകീകരണം എങ്ങനെയാകും?  ഒരു വ്യക്തി അല്ലെങ്കിൽ ടീം മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയും, എന്നിട്ട് മറ്റുള്ളവരോട് അനുസരണയാണ് ഏറ്റവും പ്രധാനപ്പെട്ട പുണ്യം എന്ന് പറയുകയും ചെയ്യുക. അത്തരം ശക്തമായ നേതൃത്വം പടിപടിയായി വൈവിധ്യത്തെയും പ്രാദേശിക സർഗ്ഗാത്മകതയെയും ഒടുവിൽ മുഴുവൻ സംഘടനയെയും അല്ലെങ്കിൽ ഒരു രാജ്യത്തെ പോലും ഇല്ലാതാക്കും. 

മിക്ക സ്ഥലങ്ങളിലും കമ്മ്യൂണിസം ചെയ്തത് ഈ വൈവിധ്യ നിഷേധമായിരുന്നു. ചൈനയിലെ മാവോ ഏറ്റം പറ്റിയ ഉദാഹരണം.  എല്ലാ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരേ നിറത്തിലും രൂപത്തിലും വസ്ത്രമണിഞ്ഞാൽ സമത്വവും ഐക്യവും എളുപ്പമാകും ഒപ്പം സമ്പത്തിക ലാഭവും. ഇതു പോലെ പല തീരുമാനങ്ങളും അവിടെ വൈവിധ്യവും അതോടൊപ്പം വളർച്ചയും ഇല്ലാതാക്കി. മറിച്ച്, സഭ പഠിപ്പിക്കുന്നത് കാതോലീക  അല്ലെങ്കിൽ സാർവത്രിക സമീപനമാണ്. യഹൂദന്മാരും ഗ്രീക്കുകാരും റോമാക്കാരും പുരുഷന്മാരും സ്ത്രീകളും കുട്ടികളും എല്ലാവരും ദൈവമക്കളാണ്, ക്രിസ്തുവിൽ ഒരുമിച്ചു ജീവിക്കാൻ പ്രാപ്തരും, അവരുടെ ദൈവദത്തമായ വ്യത്യാസങ്ങൾ കാത്തുസൂക്ഷിക്കുക. ഇതാണ് യഥാർത്ഥ കത്തോലിക്കാ ചൈതന്യത്തിൻ്റെ സൗന്ദര്യം, ഇത് ജീസസ് യൂത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമായിതീരുന്നു.

“ഗ്രാസ് റൂട്ട്” സമീപനം  

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളെ ഒരുമിച്ച് കൊണ്ടുവരാൻ തുടങ്ങിയ സമയത്ത്, ഞങ്ങളിൽ പലരും പട്ടണത്തിലെ ഒരു കോളേജിൽ ഒത്തുകൂടുന്ന ഇംഗ്ലീഷ് പാട്ടുകൾ ഉപയോഗിക്കുന്ന ഒരു പ്രാർത്ഥന ഗ്രൂപ്പിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഞങ്ങൾ ഇടപഴകിയ  ഇടുക്കിയിലും തലശ്ശേരിയിലും നിന്നുള്ള കർഷക തൊഴിലാളികളുടെ ജീവിതശൈലിയും രീതികളും ഏറെ വ്യത്യസ്തമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ചേർത്തലയിലെ മത്സ്യത്തൊഴിലാളി യുവാക്കൾ രാത്രി ഏറെ വൈകിയും കടൽത്തീരത്ത് പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നവർ. തൃശൂർ യുവാക്കൾക്ക് മറ്റൊരു രീതി. സാവധാനം ഈ  വൈവിധ്യത്തെ അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചു. 

പാട്ടുകൾ, മീറ്റിംഗ് ശൈലികൾ, വിശ്വാസ പഠന രീതികൾ എല്ലാം വിവിധ സ്ഥലങ്ങളിൽ തനത് രീതിയിൽ തുടരാനും പുതു മുളകൾ ഉണ്ടാവാനും അനുവദിച്ചു. ആസൂത്രണത്തിനും ചർച്ചയ്ക്കുമായി ഞങ്ങൾ ഒത്തുകൂടിയപ്പോൾ ആശയങ്ങളുടെയും സമീപനങ്ങളുടെയും വിശാലമായ ഒരു “സ്പെക്ട്രം” തന്നെ ഉണ്ടായിരുന്നു. വഴക്കുകൾ, തങ്ങളെ  പിന്തുണയ്ക്കുന്ന ഭാഗങ്ങൾ ഉദ്ധരിച്ച് വാഗ്വാദങ്ങൾ, ചൂടേറിയ ചർച്ചകൾ, യഥാർത്ഥ ആത്മീയതയെ കൊല്ലുന്നതിന് ഒരു വിഭാഗം മറ്റൊന്നിനെ കുറ്റപ്പെടുത്തുന്നത് ഇതൊക്കെ സാധാരണമായിരുന്നു. നല്ല വഴക്കിടലിന്റെ സുന്ദര ആദ്ധ്യാത്മികത ആരും ഞങ്ങൾക്ക് അറിയില്ലായിരുന്നു.  എങ്കിലും ഒടുവിൽ അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിച്ചു. അത് ഒരുമിച്ചുള്ള ഒരു പൊതു യാത്രയിൽ കലാശിച്ചു. കത്തോലിക്കാ തനിമയിൽ ക്രിസ്തീയ ഐക്യത്തിൻ്റെ മഹാത്ഭുതമാണിത്. 

പക്ഷേ അതെങ്ങനെ സംഭവിക്കും? 

സ്വന്ത ദാരിദ്ര്യത്തെക്കുറിച്ചുള്ള നേതാക്കളുടെ സ്വയാവബോധത്തിൽ ദൈവാത്മാവിൻ്റെ പ്രവർത്തനം  വേരൂന്നുമ്പോൾ ഇത് സംഭവിക്കും. സത്യത്തിൽ സ്നേഹം #57 ൽ ബെനഡിക്റ്റ് പാപ്പ സംക്ഷിപ്തമായി ഇത് ചർച്ചചെയ്യുന്നു, എന്തുകൊണ്ടാണ് സബ്സിഡിയറിറ്റിയുടെ ഈ സമീപനം ഓരോ വ്യക്തിക്കും ഗ്രൂപ്പിനും ലോകത്തിനും സുപ്രധാനകുന്നത്? 

വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ നല്ല ആവിഷ്കാരം. സ്വാതന്ത്ര്യം  ദൈവദത്തമാണ്, അനിഷേധ്യവും. 

ഓരോ സമൂഹത്തെയും ചെറു കൂട്ടാമയേയും ചർച്ച ചെയ്ത് തീരുമാനമേടുക്കാനും കാര്യങ്ങൾ ചെയ്യാനും പ്രോത്സാഹിപ്പിക്കുമ്പോൾ, എല്ലാവരും സജീവമായി വളരുന്നു

വ്യക്തിയുടെ അന്തസ്സിനെ മാനിക്കുക, ഓരോരുത്തർക്കും നന്മ ചെയ്യാനും മറ്റുള്ളവർക്ക് എന്തെങ്കിലും നൽകാനും കഴിവുണ്ടെന്ന് അറിഞ്ഞ് അവരെ അതിന് പ്രാപ്തരാക്കുക. 

ചെറിയ ഗ്രൂപ്പുകളുടെ സ്വയനിർണ്ണയം: എല്ലാ ഗ്രൂപ്പുകൾക്കും വളരാനും സമൃദ്ധമായി ഫലം കായ്ക്കാനുമുള്ള അത്ഭുത കഴിവുണ്ട്. അവരെ വിശ്വസിക്കുന്നതാണ് അതിനുള്ള ഏറ്റവും നല്ല സഹായം. 

സ്വേച്ഛാധിപത്യ ശൈലികൾക്കുള്ള മറുമരുന്ന്: ഇടുങ്ങിയ കാഴ്ചപ്പാടുള്ള നേതാക്കളുടെ അന്ധമായ തീക്ഷ്ണതയാണ് ദൈവത്തിൻ്റെ പ്രവൃത്തിയെ കൊല്ലുന്നത്. നമ്മൾ ചർച്ച ചെയ്യുന്ന ‘ഗ്രാസ് റൂട്ട്’ പ്രവർത്തന രീതികളുടെ തിരിച്ചറിവും  പ്രോത്സാഹനവും അതിന് നല്ല പരിഹാരമാകും. 

വിശാല വളർച്ചയ്‌ക്ക് ഉതകിയ നല്ല രീതി: ആഗോളവൽക്കരണം കാലഘട്ടത്തിൻ്റെ ആവശ്യമാണ്, ഒപ്പം ഒരോ സാഹചര്യങ്ങളും വേരുറപ്പുള്ള ഈ വിശാല വളർച്ചാ രീതി മാത്രം പല തലങ്ങളിൽ സമഗ്ര മുന്നേറ്റം  ഉറപ്പാക്കുന്ന ഒരു സമീപനം സാധ്യമാക്കൂ. 

സബ്സിഡിയാരിറ്റിയുടെ ഈ മനോഹര സമീപനം   ജീസസ് യൂത്ത് പഠിച്ചത് പ്രായോഗിക രീതിയിലാണ്.  നമ്മുടെ മുന്നേറ്റത്തിൽ നാം അതിനെ സാധാരണയായി അനൗപചാരികത രീതി, സൗഹൃദ ശൈലി എന്നൊക്കെ ലളിതമായി വിളിക്കുന്നു, അത് കൂട്ടായ്മയുടെയും പങ്കാളിത്ത നേതൃത്വത്തിൻ്റെയും ആത്മീയതയിൽ വേരൂന്നി വളരുന്നു. ഈ സമീപനം തന്നെയാണ് ചെറിയ ഗ്രൂപ്പുകൾക്കും വിവിധ  മിനിസ്ട്രികൾക്കും ഊന്നൽ നൽകുന്ന തനത് ജീസസ് യൂത്ത് ശൈലിക്ക് അടിസ്ഥാനമായത്. സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും ഈ യഥാർത്ഥ കത്തോലിക്കാ ചൈതന്യം സ്വീകരിച്ചു വളരാൻ  പരിശുദ്ധാത്മാവ് നമ്മെയെല്ലാം കൂടുതൽ കൂടുതലായി വെല്ലുവിളിക്കട്ടെ. 


Comments

Popular posts from this blog

മാറ്റത്തിന്റെ ചിറകിലേറി നവചൈതന്യം വിതയ്ക്കുന്നവര്‍ (MJYR022)

കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ (MJYR10*)

ജീസസ് യൂത്തും ദൈവാനുഭവവും ദരിദ്രന്റെ രോദനവും (MJYR026)