എളിയവർക്ക് പ്രത്യേക ശ്രദ്ധ നൽകിയാൽ കൂട്ടായ്മ വളരും (MJYR102)
എളിയവർക്ക് പ്രത്യേക ശ്രദ്ധ നൽകിയാൽ കൂട്ടായ്മ വളരും
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും ഒക്കെ ആയിരുന്നു അടപ്പൂർ അച്ചൻ. പൊതുസമൂഹത്തിൽ വിശ്വാസ പരമായ കാര്യങ്ങൾ സംസാരിക്കാൻ എല്ലാവരും അദ്ദേഹത്തെയാണ് വിളിക്കുക. ഏവർക്കും ഏറെ ആദരണീയൻ. അദ്ദേഹത്തെ സന്ദർശിക്കുക ഏറെ നല്ല അനുഭവമായിരുന്നു. കാലിക വിഷയങ്ങളെക്കുറിച്ച് പലപ്പോഴും സംസാരം തുടങ്ങും. സ്വന്തം ആശയം പറയുന്നതിലുപരി നമ്മോട് അദ്ദേഹം അഭിപ്രായം ആരായും, ശ്രദ്ധയോടെ കേൾക്കും. ഏറെ എളിയവരെയും ആദരവോടെ ശ്രവിക്കും. നമ്മുടെ ആശയങ്ങൾക്ക് ഇത്ര വിലയുണ്ടോ എന്ന് ഒരു നിമിഷം നാം ചിന്തിക്കും.
തേയ്സെയിലെ ബ്രദർ റോജറിനൊപ്പം വർഷങ്ങൾക്ക് മുൻപ് ഉണ്ടായ അനുഭവവും ഏതാണ്ട് സമാനമായിരുന്നു. നമ്മുടെ ചിന്തകളും ആശയങ്ങളും ശ്രദ്ധാപൂർവ്വം കേട്ട് വിശദാംശങ്ങൾ ആരായും. പിന്നീട് അത് നമ്മുടെ ചിന്തയാണെന്ന് എടുത്തുപറയുകയും ചെയ്യും. ജോൺ പോൾ രണ്ടാമൻ പാപ്പയെക്കുറിച്ചും ഇതുതന്നെ കേട്ടിട്ടുണ്ട്. അദ്ദേഹം പലരേയും അത്താഴ വിരുന്നിന് ക്ഷണിക്കുകയും, ആ സമയം അവരെ താൽപര്യപൂർവ്വം കേൾക്കുകയും ചെയ്യുമായിരുന്നത്രെ. തീർച്ചയായും സ്നേഹവും കൂട്ടായ്മയും വളരുന്നത് കണ്ണിലൂടെയും കാതിലൂടെയുമാണല്ലോ.എന്നാൽ അത്തരം നല്ല മാതൃകകൾ വിരളമല്ലേ?
ഒരു പ്രാർത്ഥനാ ഗ്രൂപ്പിൽ പോയതോർക്കുന്നു. അവിടെ എത്തിയപ്പോൾ വന്നവർ വന്നവർ ജപമാലയിൽ കൂടുന്നു. പിന്നെ പ്രധാന പ്രാർത്ഥന തുടങ്ങി. വചനം, മധ്യസ്ഥപ്രാർത്ഥന ഒക്കെകഴിഞ്ഞ് ചുറ്റുമുള്ളവരോട് ഒരു കുശലം പോലും പറയാതെ മിക്കവാറും പിരിഞ്ഞു പോയി.
ആ വരവും പോക്കും എല്ലാം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അവർ ദൈവത്തിന് സമയം നൽകി, പക്ഷേ ദൈവമക്കളെ അവഗണിച്ചു എന്നാണ് ഞാൻ ഉള്ളിൽ പറഞ്ഞത്. എന്തുപറയാൻ! ഇടവക പള്ളിയിലും മറ്റു ആരാധനാ വേളകളിലും ഒക്കെ അവർ കാണുന്ന മാതൃക വ്യത്യസ്തമല്ല. പരസ്പര സ്നേഹത്തിനും കൂടെ കുറച്ച് സമയം എടുത്തിരുന്നെങ്കിൽ എന്ന് ഒന്നാശിച്ചുപോയി.
സ്നേഹ കൂട്ടായ്മകളോ പ്രവർത്തന ടീമുകളോ
മാത്യു അച്ചൻ ഞങ്ങളുടെ ഇടവക വികാരിയായിരിക്കുമ്പോൾ, ഇടവക പാസ്റ്ററൽ കൗൺസിൽ മീറ്റിംഗുകൾ ഏവർക്കും സന്തോഷ വേളകളായിരുന്നു. ആസ്വദ്യാകരമായ കുടുംബ കൂട്ടായ്മകൾ പോലെയായിരുന്നു അവ. എന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു, എന്റെ ചിന്തകൾ ആരായുന്നു, ഈ അനുഭവം എല്ലാവർക്കും ഉണ്ടാകാൻ അച്ചൻ ശ്രദ്ധിച്ചു. അതിനാൽ തന്നെ എല്ലാവരും ഇതിൽ താൽപര്യത്തോടെ പങ്കെടുത്തു. ചിരിയും കളിയും നിറയുന്ന കമൻ്റുകളും ചെറു ഭക്ഷണവും ഒക്കെയായി ആകെ ഒരു സന്തോഷാനുഭവം.
എന്നാൽ ഈ വിനോദവും കളിയും ആ ടീമിൻ്റെ പ്രവർത്തനത്തെ ബാധിച്ചോ? ഒട്ടും ഇല്ല. എല്ലാവരുടെയും ചിന്തകളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതിനാൽ, എല്ലാവർക്കും ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് നിരവധി നല്ല കാര്യങ്ങൾ ചെയ്തു. ഞങ്ങൾ സ്നേഹിച്ചു, ആസ്വദിച്ചു, ജോലി ചെയ്തു. തൽഫലമായി, ഞങ്ങൾക്ക് ആഴമായ കൂട്ടായ്മയും അനുഭവപ്പെട്ടു.
കുറച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് പുതിയ ഇടവകയിലേക്ക് പോകാനുള്ള സമയം വന്നു. ഞങ്ങളുടെ ഇടവക ബുള്ളറ്റിനിൽ അച്ചനെക്കുറിച്ച് ഞാൻ ലേഖനം തയ്യാറാക്കാൻ ഞാൻ അഭിമുഖം നടത്തി. അന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു, “എല്ലാ ഗ്രൂപ്പിലും എനിക്ക് രണ്ട് സാധ്യതകളുണ്ട്. ഒന്നുകിൽ അവരെ സ്‌നേഹവും സന്തോഷവുമുള്ള ഒരു കുടുംബമാക്കാം അല്ലെങ്കിൽ ചില ജോലികൾ ചെയ്യാനുള്ള പണിക്കാരുടെ ടീമാക്കാം. എന്റെ പരിശ്രമം എപ്പോഴും ആദ്യത്തേതിനാണ്, അവരെ ഒരു കുടുംബമാക്കി മാറ്റാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. ആളുകൾക്ക് അത് ഇഷ്ടമാണെന്ന് മാത്രമല്ല, ആ അനുഭവത്തിലൂടെ ഞാനും അവരും വളരുന്നുകയും ചെയ്യും.
ഇത് സുപ്രധാന ക്രൈസ്തവ ദർശനമല്ലേ? രണ്ട് തരം ഗ്രൂപ്പുകളുണ്ട്. ആദ്യത്തേതിൽ, കുടുംബങ്ങളിലും സൗഹൃദ ഗ്രൂപ്പുകളിലും ഉള്ളതുപോലെ ബന്ധങ്ങളിലാണ് പ്രധാന ശ്രദ്ധ. അവിടെ, അധികാരവും ജോലിയും പ്രധാനമല്ല. കൂടുതൽ പ്രതീക്ഷകളില്ലാത്തതിനാൽ അവിടെ നിങ്ങൾക്ക് നിങ്ങളാകാം. ഇതിൽ നിന്ന് വ്യത്യസ്തമായി, ജോലിസ്ഥലത്തോ സംഘടനാവേദികളിലോ കൃത്യമായ അധികാര സ്ഥാനങ്ങളും സംഘാടന ക്രമീകരണങ്ങളും ഉണ്ട്. കാരണം ചെയ്യേണ്ട ജോലിയാണ് വ്യക്തികളും ബന്ധങ്ങളുമല്ല പ്രധാനം. എന്തെങ്കിലും പ്രവർത്തനങ്ങൾക്കായി നാം അവിടെ പോകുന്നു. വേണ്ടത് ചെയ്തു കഴിഞ്ഞാണ് എന്റെ സ്വസ്ഥമേഖലയിലേക്ക് മടങ്ങുന്നു. ഇത് ഒരു മാനസിക അവസ്ഥയാണ്. നിർഭാഗ്യവശാൽ ചിലർക്ക് അവരുടെ വീട് പോലും ഒരു ‘വീട്’ അല്ല എന്നതാണ് ഒരു പ്രശ്നം. ഇപ്പോൾ, നമ്മുടെ ക്രിസ്തീയ ഒത്തുവരലുകൾ സ്നേഹ ഭവനങ്ങളോ അല്ലെങ്കിൽ ജോലി ഇടങ്ങളോ എന്നതാണ് വലിയൊരു ചോദ്യം. യേശുവിന്റെ മാതൃഹൃദയം ഉള്ളവർ വന്നാൽ ജോലിയിടങ്ങൾ പോലും സ്നേഹ ഭവനങ്ങളാകും, മനുഷ്യർ യന്ത്രങ്ങളല്ലാതെ മനുഷ്യരുമാകും.
എളിയവരെ ശ്രദ്ധിക്കണം, അവരെ ശ്രവിക്കണം.
നല്ല കുടുംബങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ എല്ലാം കൊച്ചുകുട്ടികളെ ചുറ്റിപ്പറ്റിയാകും. ദൈവം കുടുംബങ്ങളെ സൃഷ്ടിച്ചത്, കുട്ടികൾ അവരുടെ തനിമ നഷ്ടപ്പെടാതെ വളരാൻ സ്നേഹവും ആദരവും നിറയുന്ന സുരക്ഷിത ഇടങ്ങൾ ഉണ്ടാകാനാണ്. യേശുവിനെ സംബന്ധിച്ചിടത്തോളം, എളിയവർ പ്രധാനമാണ്: “ഏറ്റം എളിയ ഈ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്” (മത്താ 25:40)
നിങ്ങളുടെ ഗ്രൂപ്പിലെ എളിയവർ ആരൊക്കെയാണ്? ഒരു പുതുമുഖം, അവിടെ എന്തുചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അറിയാതെ പകച്ചു നിൽക്കുന്നയാൾ, അഭിപ്രായം പറയാൻ മടിക്കുന്ന അല്ലെങ്കിൽ പലർക്കും അംഗീകരിക്കാൻ പ്രയാസമുള്ള ചിന്തകൾ പറയുന്ന ഒരാൾ, ലിസ്റ്റ് അങ്ങനെ നീളും. എൻ്റെ ക്ലാസ്സിൽ, ഒരു പുതിയ വിദ്യാർത്ഥി ഉണ്ടെങ്കിൽ, അല്ലെങ്കിൽ പ്രാർത്ഥന ഗ്രൂപ്പിൽ, ആരെങ്കിലും ആദ്യമായി സന്ദർശിക്കുകയാണെങ്കിൽ, എന്റെ പരിശ്രമമെല്ലാം അയ്യാളെ ഗ്രൂപ്പിന്റെ ഭാഗമാക്കാൻ ആയിരിക്കും. പ്രായോഗികമായി, അത് എങ്ങനെ ചെയ്യും? അവർ അകത്തു വരുമ്പോൾ ചെന്ന് അഭിവാദ്യം ചെയ്യുക. എന്നിട്ട് അവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക. മീറ്റിംഗ് സമയത്ത്, അവർ കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. പാട്ടുകൾ പാടുമ്പോൾ, അവർക്ക് പങ്കുചേരാൻ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. പിരിയുന്നതിന് മുൻപ് എല്ലാം ഇങ്ങനെ പോയി എന്ന് അന്വേഷിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ എളിയവനെ രാജാവായി ആദരിക്കുക.
സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, വി. പൗലോസ് ഇത് അടിവരയിടുന്നു, ശരീരത്തിലെ “മാന്യങ്ങളല്ലെന്ന് കരുതുന്ന അവയവങ്ങൾക്ക് നമ്മൾ കൂടുതൽ മാന്യത കല്പിക്കുകയും. . . ഒരു അവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദന അനുഭവിക്കുകയും” ചെയ്യുന്ന (I കൊറി. 12:23, 26). ഞങ്ങളുടെ ഇടവകയിൽ ഒരു മേരിയുണ്ട്, വിദ്യാഭ്യാസമില്ലാത്ത ദരിദ്രയായ ഒരു സാധു സ്ത്രീ. ഫാ. മാത്യു അവളെ അഭിസംബോധന ചെയ്യുന്നത് രസമാണ്, "ഹായ്, ഗേൾ ഫ്രണ്ട്” എന്ന് കേൾക്കുമ്പോൾ മേരിയും മറ്റുള്ളവരും ആ സ്നേഹ പ്രകടനം ആസ്വദിക്കും. മിക്ക പ്രായമായ ആളുകൾക്കും അച്ചന്റെ സ്നേഹപ്രകടനം ഏറെ ഇഷ്ടമാണ്. ദരിദ്രരോട് കരുണ കാണിക്കുക എന്നത് സ്നേഹവും കരുതലും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ്.
ലോകത്തെ തലകീഴായി മാറ്റുന്നു
എല്ലാവരെയും എല്ലാ ഇടങ്ങളെയും യേശുവും അവന്റെ സ്നേഹവും വഴി രൂപാന്തരപ്പെടുത്തുക എന്നതാണ് ഒരു ക്രിസ്ത്യാനിയുടെ ദൗത്യം. ഫാ.മാത്യു ഓരോ ഗ്രൂപ്പിൻ്റെയും മൂന്ന് ഘടകങ്ങൾ എടുത്തുകാട്ടി: ചുമതലകൾ, ബന്ധങ്ങൾ, ഗ്രൂപ്പ് സംസ്കാരം. ആ കൂട്ടായ്മയിലെ ശൈലികളും അവിടെ വിവിധ കാര്യങ്ങൾ ചെയ്യുന്ന രീതിയുമൊക്കെയാണ് സംസ്കാരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആ സംസ്കാരം കേന്ദ്രം ചുമതലയിലോ ജോലിയിലോ ഓക്കെയാണെങ്കിൽ ഗ്രൂപ്പ് ക്രമേണ വിരസവും പരുഷവുമാകും. എന്നാൽ ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന ഒരു സംസ്കാരം ഏറെ ഹൃദ്യമാകും. എല്ലാവരേയും, പ്രത്യേകിച്ച് ദുർബലരായവരെ പരിപാലിക്കുന്നതിലാണ് ശ്രദ്ധയെങ്കിൽ അവിടെ സ്നേഹം വർദ്ധിക്കുകയും അത് സന്തോഷകരമായ ഒരു സമൂഹമായി വളരുകയും ചെയ്യും. പിന്നെ, ഒരു ബോണസായി ഗ്രൂപ്പിൽ നിന്ന് പ്രതീക്ഷിക്കുന്ന ജോലിയും ഭംഗിയായി നടക്കും. യേശു ചെയ്തത് അതാണ്, ദൈവരാജ്യത്തിൻ്റെ ശൈലിയും അതുതന്നെ.
Comments
Post a Comment