ചരിത്രം മെനയുമ്പോൾ നീ എവിടെയായിരുന്നു? ആ അഞ്ചിടങ്ങൾ! (MJYR101)
ചരിത്രം മെനയുമ്പോൾ നീ എവിടെയായിരുന്നു? ആ അഞ്ചിടങ്ങൾ!
(By Dr. Edward Edezhath - Published in Kairos Malayalam in 2024)
എൻ്റെ നഗരമായ കൊച്ചിയിൽ കൊച്ചി ബിനാലെ എന്ന പേരിൽ ഒരു വലിയ കലാ മാമാങ്കം നടക്കാറുണ്ട്. ലോകമെമ്പാടുമുള്ള സർഗ്ഗാത്മക മനസ്സുകൾ ഒത്തുകൂടി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന സമയം. എനിക്ക് കലയിൽ വലിയ പശ്ചാത്തലമൊന്നും ഇല്ലെങ്കിലും, ഈ ആഘോഷങ്ങളും പ്രദർശനങ്ങളും നഷ്ടപ്പെടുത്താതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കുറച്ച് തവണ, ഞാൻ ചില കലാകാരന്മാരെ വീട്ടിൽ സ്വാഗതം ചെയ്തു. പിന്നെ ഗ്രൂപ്പ് സന്ദർശനങ്ങളും സംഘടിപ്പിക്കും. "വെടിക്കെട്ട് നേരിൽ കാണണം അതേക്കുറിച്ച് കേട്ടാൽ പോര." ഉത്സാഹം ദൈവം നൽകിയ വലിയൊരു ദാനമാണെന്ന് ഞാൻ കരുതുന്നു, അതില്ലെങ്കിൽ പരിശുദ്ധാത്മാവിൻ്റെ യഥാർത്ഥ പ്രവർത്തനം നമുക്ക് നഷ്ടമാകും.
നിങ്ങളുടെ പങ്കും ഇടവും
ബൈബിളിലെ സംഭവങ്ങൾ വായിക്കുമ്പോൾ, അതിലെ അഭിനേതാക്കളെയും അവരുടെ സ്ഥാനങ്ങളെയും മനസ്സിൽ തെളിയീക്കാൻ ഞാൻ ശ്രമിക്കാറുണ്ട്, ഒരു നാടകത്തിലെന്നപോലെ. പത്രോസ് സുന്ദര കവാടത്തിലെ മുടന്തനായ യാചകനെ സുഖപ്പെടുത്തുമ്പോൾ (അപ്പ. പ്ര. 3), പ്രധാന നടൻ പത്രോസ്, പിന്നെ ജോൺ എന്ന ഒരു സഹനടനും. താമസിയാതെ, രോഗശാന്തി നേടിയ മനുഷ്യൻ ഉൾപ്പെടെ പങ്കാളികളുടെ ഒരു മൂന്നാം ഗണം തെളിയുന്നു.
രസകരമെന്നു പറയട്ടെ, മിക്ക സാമൂഹിക പരിപാടികളിലും, മൂന്ന് വിഭാഗങ്ങൾകൊണ്ട് ചിത്രം പൂർത്തിയാകുന്നു. എന്നാൽ, ബൈബിളിലെ മിക്ക കഥകളിലും അടുത്തൊരു വിഭാഗത്തെ കാണാം. ആവേശം കൊള്ളാൻ വിസമ്മതിക്കുക മാത്രമല്ല നിഷേധാത്മക വീക്ഷണത്തോടെ അമിതമായി വിമർശിക്കുകയും ചെയ്യുന്ന നാലാമത്തെ ഒരു കൂട്ടം. മുകളിൽ സൂചിപ്പിച്ച സംഭവത്തിൽ, ഇവരെ കാണാൻ നാലാം അധ്യായത്തിൻ്റെ തുടക്കത്തിലേയ്ക്ക് ഒന്ന് പോകുക. അവിടെ നടക്കുന്ന നല്ല കാര്യങ്ങളിൽ ഈ ഗ്രൂപ്പ് ഏറെ അസ്വസ്ഥരാകുന്നു. ഇനി ഇവർക്കും പുറമെ അഞ്ചാമത്തെ ഒരു ഗണമുണ്ട്. നാട്ടിൽ നടക്കുന്നതൊന്നും അറിയാതെ സ്വന്ത “വയറിന്റെ” കാര്യം മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നവർ. അവർക്ക് നാടും അയൽക്കാരും ഒക്കെ ഒന്നുമല്ല.യേശുവിൻ്റെ ജീവിതത്തിലെ സംഭവങ്ങളോ പഴയനിയമത്തിലെ പല രംഗങ്ങളോ ഒക്കെ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ, ദൈവരാജ്യ പ്രവർത്തനത്തോട് മുൻപേ സൂചിപ്പിച്ച നാലഞ്ച് രീതികളിൽ പ്രതികരിക്കുന്ന ആളുകളെ തിരിച്ചറിയാനാകും. മോശയുടെ ജീവിതം നോക്കിയാൽ, മിക്കവാറും നേതാവ് മോശ തന്നെ. ചുറ്റും സഹായിക്കാൻ കുറെ പേർ. ഒരു ഘട്ടത്തിൽ, 70 പേർ സഹകാരികളായി വിവിധ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു. പിന്നെ, യാത്രയിൽ പങ്കുചേരുന്ന വലിയൊരു ജനതതി. എന്നാൽ എപ്പോഴും കുറേപേർ പ്രശ്‌നങ്ങൾ കാണാനും വിമർശിക്കാനും മാത്രമായി അടുത്തുണ്ട്. അവസാനമായി, ഈ കാര്യങ്ങളിൽ താൽപ്പര്യമില്ലാത്ത അല്ലെങ്കിൽ എങ്ങോട്ടും ചായുന്ന കുറെ പേരും. ചുരുക്കത്തിൽ, ദൈവം നമ്മുടെ ചുറ്റും ചരിത്രം രചിക്കുമ്പോൾ അഞ്ചു തരം പ്രതികരണങ്ങളും അതിനൊത്ത മനുഷ്യരുമുണ്ട്.
അങ്ങനെ അഞ്ച് തരം ആളുകൾ: 1. പ്രധാന കളിക്കാർ, 2. സജീവ സഹകാരികൾ, 3. യാത്ര പങ്കിടുന്നവർ, 4. നിഷേധ മനോഭാവക്കാർ, 5. സ്വാർത്ഥ വഴിയിൽ ചരിക്കുന്നവർ. ഇത് കാണുമ്പോൾ ഞാൻ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, എൻ്റെ പരിസരത്ത് ദൈവരാജ്യം കെട്ടിപ്പടുക്കുമ്പോൾ ഇതിൽ ഏത് സ്ഥാനത്താണ് ഞാൻ? ഞാൻ അതറിയുന്നേയില്ലെങ്കിൽ നാലോ അഞ്ചോ ഇടങ്ങളിൽ തന്നെ.
എങ്ങനെയാണ് നമ്മൾ ഈ നിലപാടുകൾ സ്വീകരിക്കുന്നത്?
ഒരുപക്ഷേ ചിലർ സ്വഭാവേന യുവസഹജമായ ഉത്സാഹവുമുള്ളവരാകാം. ഒരു ചാൾസിനെയും അവൻ്റെ കുടുംബത്തെയും എനിക്കറിയാം, ഏറെ സന്തോഷ പ്രകൃതർ. നല്ലതെന്ത് നടന്നാലും അവരവിടെ കാണും, സജീവ പങ്കാളികളാകും. അവർ ജീവിതം ആസ്വദിക്കുന്നു, അനേകർക്ക് അനുഗ്രഹവുമാകുന്നു.
പല സമയങ്ങളിൽ എന്റെ നാട്ടിൽ വിവിധ പരിപാടികളും കൂട്ടായ്മകളും ഒരുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ചിലത് ആത്മീയം മറ്റുള്ളവ സാംസ്കാരികം. നല്ല ജോലിത്തിരക്കിനിടയിലും എൻ്റെ ഒട്ടുമിക്ക ഉദ്യമങ്ങൾക്കും മുടക്കം വരുത്താതെ ഓടിയെത്തുന്ന ഒരാളാണ് ബാബു. അവിടെയെല്ലാം ദൈവരാജ്യ വിത്ത് വിതറുന്നത് തിരിച്ചറിഞ്ഞ് അതിൽ പങ്കില്ലാതെ പോകരുതെന്ന് ശാഠ്യമുള്ള മുൻനിരക്കാരൻ.
മറ്റനേക്കർ അങ്ങനെയല്ല. ഒന്നുകിൽ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും നിഷേധാത്മക മനോഭാവം. അല്ലെങ്കിൽ എനിക്കെന്ത് ഗുണം എന്ന ചിന്ത. മറ്റൊന്നിനും അവരെ ആവേശം കൊള്ളിക്കാനാകില്ല. പിന്നെയും സൗജന്യമായി പാമോയിൽ ലഭിക്കാനുള്ള ക്യൂവിൽ മാത്രമേ അവരെ കാണൂ. അല്ലെങ്കിൽ, എന്തിനോ വേണ്ടി സ്വന്തം ഊർജ്ജമെല്ലാം സൂക്ഷിച്ചുവച്ച് അവർ ജീവിച്ചു പോകുന്നു.
ആളുകൾക്കിടയിൽ എന്തേ ഈ വ്യത്യാസം? മനുഷ്യരുടെ അടിസ്ഥാന സ്വഭാവവും പിന്നെ ജീവിത സാഹചര്യങ്ങളും പലതാണ് എന്നൊക്കെ നമുക്ക് ഒഴിവുകഴിവ് പറയാം. ശരിയാണ്, ചില ആളുകൾ നിശ്ശബ്ദരും പിൻവലിയുന്നവരുമാണ്. അടുത്ത കൂട്ടർ ജീവിത വ്യഗ്രതയും ഉത്തരവാദിത്തങ്ങളും മൂലം ഭാരപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും ജീവിത ഗതിയെ ശക്തമായി സ്വാധീനിക്കുന്ന ഒരു വിശ്വാസ കാഴ്ചപ്പാടാണ് വലിയൊരു വ്യത്യാസം നമ്മിലുണ്ടാകുന്നത്. ആഴമുള്ള ബോധ്യങ്ങൾ ഉണ്ടാവുകയും അതിനായി ജീവിതം ക്രമീകരിക്കാൻ സന്നദ്ധരാകുകയും ചെയ്താലെ നമ്മളും ദൈവരാജ്യ പ്രവർത്തന മുൻനിരക്കാരാകൂ.
ദൈവം തൻ്റെ രാജ്യം പണിയുന്നു
ഒരു പ്രശസ്ത ഇന്ത്യൻ ചിന്തകൻ്റെ ആത്മീയതയുടെ നിർവചനം എനിക്കിഷ്ടമാണ്, "ആഴത്തിൻ്റെ മാനത്തിൽ നിന്ന് ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളും വരുന്നെങ്കിൽ നമ്മൾ ആത്മീയരാണ്." ഒരപകടം ആത്മീയതയെ കുറെ ചൊല്ലിക്കൂട്ടലും അനുഷ്ഠാനങ്ങളും ഒക്കെയായി ഒതുക്കുക എന്നതാണ്. മറിച്ച്, ക്രിസ്തു ശിഷ്യരെ സംബന്ധിച്ചിടത്തോളം, ആത്മീയതയുടെ കാതൽ ദൈവരാജ്യവും നീതിയും തേടുകയാണ് (മത്താ. 6:33) ഞാൻ ചെയ്യേണ്ടത് ദൈവം ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു എന്ന അവബോധത്തോടെ ആ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് അതിൽ ഏറെ താല്പര്യത്തോടെ പങ്കാളിയാകുക എന്നതാണ്.
വീട്ടിൽ ഒത്തുചേരലുകൾ ഉണ്ടാകുമ്പോൾ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആവേശം പകരുന്ന ബഹളങ്ങളൊന്നും നഷ്ടപ്പെട്ടുപോകരുത്. ചിലപ്പോൾ മുതിർന്നവർ പറയും: “ഏറെ വൈകി; പോയി ഉറങ്ങു!” എന്നാൽ അവർ മടിക്കും; വിനോദമൊന്നും നഷ്ടപ്പെടരുതല്ലോ. ഒരു കാര്യം തീർച്ച അവരുടെ വരും കാലത്തെ എറ്റം നല്ല സമ്പത്ത് ഈ കൂട്ടായ്മകളുടെ ഓർമകളായിരിക്കും.
ദൈവരാജ്യം പ്രവർത്തനത്തിലുള്ള ആവേശവും ഇതുപോലെയാണ്. ഞങ്ങൾ പാടുമായിരുന്നു ഒരു ഗാനത്തിന്റെ വരികൾ ഇപ്രകാരമായിരുന്നു: “ദൈവം ഉറപ്പുള്ള ഒരു വീട് പണിയുന്നു. സ്വന്ത കരത്താൽ സജീവ ശിലകളായ മനുഷ്യരിലൂടെ അത് പണിയുന്നു.” ഓരോ ഒത്തുകൂടലും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും ആണെന്ന് തിരിച്ചറിയുന്നതാണ് മുൻപു സൂചിപ്പിച്ച “ആഴത്തിന്റെ മാനം.”
ഈ രാജ്യബോധം ഒരാളെ സജീവ ജീസസ് യൂത്ത് ആക്കുന്നു.
1978-ൽ, ഞങ്ങളുടെ പ്രവർത്തന ശ്രമങ്ങൾ ആരംഭിച്ചപ്പോൾ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉത്സാഹികളായ ചില യുവാക്കളെ ചിന്തകൾ പങ്കുവയ്ക്കാൻ ഞാൻ ക്ഷണിക്കുമായിരുന്നു. എറണാകുളത്തെ ബസിലിക്ക ഹാളിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾക്കായി ഞങ്ങൾ ഒത്തുകൂടും. ഞാൻ നന്നായി ഓർക്കുന്ന ഒരു വ്യക്തി വടക്കേ മലയോര പ്രദേശത്ത് നിന്നുള്ള ചാക്കോ, മുടങ്ങാതെ എത്തും. വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിൻ്റെ വീട് ഞാൻ സന്ദർശിച്ചു, ആ ലളിതമായ ചർച്ചകൾക്കായി, വലിയ ദൂരങ്ങൾ സഞ്ചരിച്ച് അദ്ദേഹം എടുത്ത ബുദ്ധിമുട്ടുകൾ ഓർത്ത് ഞാൻ അതിശയിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ കുറേപേർ “ഫസ്റ്റ് ലൈൻ” എന്ന കൂട്ടായ്മയിൽ പ്രതിമാസം കണ്ടുമുട്ടാൻ തുടങ്ങി. കർത്താവ് ഒരുക്കുന്ന വലിയ കാര്യത്തിൻ്റെ ഭാഗമാണെന്ന് തങ്ങൾ എന്ന് ഓരോ അംഗത്തിനും ബോധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ അവർ ഒരു കൂട്ടായ്മയും നഷ്ടപ്പെടുത്തിയില്ല, വൈകി വന്നില്ല, നേരത്തെ പോയതുമില്ല. ഇതിനെയാണ് ഞാൻ ദൈവരാജ്യബോധം എന്ന് വിളിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പ അത് മനോഹരമായി സംഗ്രഹിക്കുന്നു, “വിശ്വാസം എന്നാൽ അവൻ വിജയശ്രീലാളിതനായി താൻ തെരഞ്ഞെടുത്തു വിളിച്ചവർക്കൊപ്പം ചരിത്രത്തിലൂടെ മുന്നേറുന്നു എന്ന ബോധ്യമാണ് (വെളി 17:14). ദൈവരാജ്യം ഈ ലോകത്തിൽ അവിടെയും ഇവിടെയും ഉണ്ടെന്നും, വ്യസ്ത്യസ്തമായ രീതികളിൽ അത് വളരുന്നു എന്നും സുവിശേഷം പറയുമ്പോൾ നമുക്കത് വിശ്വസിക്കാം. ജീവനുള്ള പ്രത്യാശയുടെ ഈ വലിയ യാത്രയിൽനിന്ന് നമുക്ക് ഒരിക്കലും മാറി നിൽക്കാതിരിക്കാം” (സുവി. സന്തോഷം, 278)
Comments
Post a Comment